അരാജകത്വത്തിന്റെ വളർത്തുമൃഗങ്ങൾ

ഡോ. ആർ.ബി രാജലക്ഷ്മി

നാടിന്റെ അകമാണല്ലോ നാടകം. മാനവരാശിയുടെ ജീവിത സമസ്യകളെയും സങ്കടങ്ങളെയും ആവിഷ്‌കരിക്കുക എന്നത് ആ കലയുടെ ധർമവും. കഴിഞ്ഞ കുറെ കാലങ്ങളായി മനുഷ്യന്റെ
പൂർവാർജിത സാംസ്‌കാരിക നേട്ടങ്ങളെയും അവെന്റ എല്ലാവിധ സ്വാതന്ത്ര്യത്തെയും കൂച്ചുവിലങ്ങിടും വിധം ഭരണകൂട ഭീകരത ഫണം നിവർത്തിയാടിക്കൊണ്ടിരിക്കുകയാണ്. സത്യം വിളിച്ചുപറയുന്ന എഴുത്തുകാരനും അവന്റെ എഴുത്തുമാണ് ഭരണകൂടത്തെ അരിശം കൊള്ളിക്കുന്നത്. അതുകൊണ്ടുതന്നെ അവനെ നിഷ്‌കരുണം വെടിവച്ചു കൊല്ലുകയും മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടുകയും പത്രത്തിന്റെ പ്രസിദ്ധീകരണത്തെതന്നെ നിയമം വഴി നിരോധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങനെ മനുഷ്യ
ന്റെ അറിയാനുള്ള അവകാശത്തെയും ചോദ്യം ചെയ്യുന്നു. ഇത്തരത്തിൽ ഏതു മേഖലയെടുത്തു പരിശോധിച്ചാലും അവിടെയൊക്കെ സ്വേച്ഛാധിപത്യത്തിന്റെ കരാളഹസ്തങ്ങൾ മനുഷ്യജീവിതത്തെ ദുരിതപൂർണമാക്കി ശ്വാസം മുട്ടിച്ചു കൊല്ലുന്ന ഭീതിദമായ ഒരന്തരീക്ഷത്തിലാണ് ഇന്നു നാം ജീവിക്കുന്നത്.

ഫ്രാങ്ക് പാവ്‌ലോവ്
ഇന്ന് ഇന്ത്യ നേരിടുന്ന വലിയൊരു വിപത്ത് ദേശീയതാവാദമാണ്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ശബ്ദം എവിടെയും കേൾക്കരുത്. ഹിന്ദുദേശീയതയെ ഊട്ടിയുറപ്പിക്കാൻ ഭരണകൂടം അസത്യങ്ങൾ നിരന്തരം പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. നൂറ്റാണ്ടുകളായി നാം അംഗീകരിച്ചുപോരുന്ന ചരിത്രസത്യങ്ങളെയും അവ രേഖപ്പെടുത്തിയിട്ടുള്ള ചരിത്രഗ്രന്ഥങ്ങളെയും ചരിത്ര സ്മാരകങ്ങളെയും കുഴിച്ചുമൂടീടാനും അവർക്കു താത്പര്യമുള്ള പുതിയ ചരിത്രം സൃഷ്ടിക്കാനും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. വിദ്യാഭ്യാസമോ സാമ്പത്തികശേഷിയോ ഇല്ലാത്ത പാവപ്പെട്ട ജനതയ്ക്കു മുന്നിലേക്ക് പണസഞ്ചിയെറിഞ്ഞു കൊടുത്ത് നുണബോംബുകൾ സമൂഹത്തിലേക്ക് വലിച്ചെറിയാൻ അവരെ സജ്ജരാക്കുകയാണിവർ. തങ്ങളുടെ ലക്ഷ്യം സാക്ഷാത്കരിക്കാൻ ഏതു കുത്സിതമാർഗവും സ്വീകരിക്കാൻ അവർക്കു മടിയി
ല്ല. ഇത്തരക്കാർക്കു മുന്നിൽ ജീവഹാനി ഭയന്ന് ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം പോലും നഷ്ടപ്പെട്ടു ജീവിക്കുന്ന നിസ്സഹായതയുടെ ദുരന്തമുഖങ്ങളെയാണ് നമുക്കു ചുറ്റും കാണാൻ കഴിയുന്നത്.

കാലാകാലങ്ങളായി നാം സംരക്ഷിച്ചുപോരുന്ന നവോത്ഥാന മൂല്യങ്ങളെ തല്ലിക്കെടുത്തിക്കൊണ്ട് നൂറ്റാണ്ടുകൾക്കു പിന്നിലേക്കു നടക്കാൻ പ്രേരിപ്പിക്കുകയാണ് ജനാധിപത്യ വിരുദ്ധ ശക്തികൾ. നമ്മുടെ വേഷം, ഭാഷ, ആചാരം, വിശ്വാസം എല്ലാം എന്താവണമെന്ന് അവർ അവരുടെ ഇഷ്ടമനുസരിച്ച് പുനർനിർണയിക്കുകയാണ്. ഭരണഘടനയിൽ വിശ്വാസമില്ലാത്ത, ജനാധിപത്യത്തെ തള്ളിപ്പറയുന്ന, നിയമത്തെ വെല്ലുവിളിക്കുന്ന ധിക്കാരസമൂഹം രാജ്യത്ത് പടർന്നുപന്തലിച്ചുകൊണ്ടിരിക്കുന്ന അതിഭീകരമായ വർത്തമാനകാല പരിസരത്തിലാണ് Pets of Anarchy എന്ന ലഘുനാടകത്തിന്റെ പ്രസക്തി നിർണയിക്കപ്പെടുന്നത്.

മനുഷ്യൻ നേരിടുന്ന വെല്ലുവിളികളെ ചൂണ്ടിക്കാണിക്കാനും അതിനെതിരെ എങ്ങനെ പ്രതികരിക്കണമെന്ന് ബോധ്യപ്പെടുത്താനുമാണ് നാടകം ശ്രമിക്കുന്നത്. പ്രിയപ്പെട്ട രണ്ടു വളർത്തുമൃഗങ്ങളെ ബിംബമാക്കിക്കൊണ്ട് അവതരിപ്പിച്ച ൂPets of Anarchy ഫ്രാങ്ക് പാവ്‌ലോവിന്റെ Brown Morning എന്ന പ്രശസ്തമായ ചെറുകഥയുടെ സ്വതന്ത്രാവിഷ്‌കാരമാണ്. മനുഷ്യന്റെ ഉത്തരവാദിത്തബോധെത്തയും ജനാധിപത്യചിന്തയെയും സമത്വചിന്തയെയും അടിസ്ഥാനമാക്കിയുള്ളതാണ് പാവ്‌ലോവിന്റെ കഥ.

നാടക രചയിതാവ്: പ്രേംജിത് സുരേഷ് ബാബു.
ഉറ്റ ചങ്ങാതിമാരായ ജോണിനും പീറ്ററിനും ഓരോ ‘പെറ്റു’കളുണ്ട്. വെളുത്ത പൂച്ചയെ വളർത്തുന്ന ജോണിനും കറുത്ത പട്ടിയെ വളർത്തുന്ന പീറ്ററിനും അവരുടെ പെറ്റുകളുടെ നിറം തിരഞ്ഞെടുത്തതിന് അവരുടേതായ കാരണങ്ങളുണ്ട്. ‘പ്രതിഷേധങ്ങളുടെ പേമാരി പെയ്ത് മാലിന്യങ്ങൾ കുത്തിയൊലിച്ച് പോകാൻ മാത്രം പ്രതീക്ഷിച്ചിരുന്ന” തന്റെ ജ്യേഷ്ഠന്റെ ഓർമയ്ക്കായി ബ്ലാക്കിയെ പീറ്ററും ”എപ്പോഴും ചെറിയ ചെറിയ പരിഭവങ്ങളുമായി എന്റെ നെഞ്ചോട് ചേർന്ന് കാർമിഴികൾ കൊണ്ട് ചൂഴ്ന്ന് എന്നെ വലയം
ചെയ്തു നിന്ന” പ്രിയ എമീലിയായുടെ ഓർമയ്ക്കായി ‘വൈറ്റി’നെ ജോണും പെറ്റുകളാക്കി.
എന്നാൽ രണ്ടു പെറ്റുകളെക്കുറിച്ചുള്ള അഭിമാനം പരസ്പരം പങ്കുവയ്ക്കാൻ അതിനെച്ചൊല്ലി സുഹൃത്തുക്കൾ കലഹിച്ചുകൊണ്ടാണ് നാടകം ആരംഭിക്കുന്നത്. ഒരാൾക്ക് മറ്റൊരാളുടെ പെറ്റിനെ സഹിക്കാനാവുന്നില്ല. രണ്ടിന്റെയും ജീവിതരീതി, നിറം, യജമാനസ്‌നേഹം ഇവ പറഞ്ഞാണ് ഇരുവരും വഴക്കടിക്കുന്നത്.

കറുപ്പ് അന്ധകാരത്തിന്റെ നിറമാണെന്നൊരാൾ. വെളുപ്പ് നമ്മെ അടിമകളാക്കിയ വെള്ളക്കാരുടെ പ്രതീകവും. പരസ്പരം കലഹിക്കുന്നതിനിടയിൽ സർക്കാരിന്റെ അധികാരികൾ വിളംബരവുമായി വരുന്നു. മനുഷ്യർക്ക് അപകടം ചെയ്യുന്ന എല്ലാ നായ്ക്കളെയും തവിട്ടുനിറമുള്ളതൊഴിച്ച് നാട്ടിൽനിന്ന് ഉന്മൂലനം ചെയ്യേണ്ടതാകുന്നു. അതീവ രഹസ്യമായി ജോൺ പീറ്ററിന്റെ കറുത്ത പട്ടിയെ (ബ്ലാ
ക്കിയെ) ചൂണ്ടിക്കാണിച്ചു കൊടുക്കുന്നു. ഉദ്യോഗസ്ഥർ അതിനെ വെടിവച്ചുകൊല്ലുന്നു. പീറ്റർ ഉള്ളിൽ സന്തുഷ്ടനാകുന്നു. ഇതു കണ്ടു വന്ന് ദു:ഖിതനായിരിക്കുന്ന ജോണിനോട് ”നിന്റെ ബ്ലാക്കിയെ പിടിച്ചുകൊടുത്തില്ലായിരുന്നെങ്കനിൽ അവർ നിന്നെക്കൂടി ശിക്ഷിക്കുമായിരുന്നു” എന്നു പറഞ്ഞാശ്വസിപ്പിക്കുന്നു. മാത്രമല്ല ഭരണകൂടത്തിന്റെ നിയമങ്ങൾ പ്രജകൾ അനുസരിക്കഭണം.
അതാണ് രാജ്യസ്‌നേഹം. ഒടുവിൽ, ‘തന്റെ ബ്ലാക്കി’ രാജ്യസ്‌നേഹിയായിരുന്നു, രാജ്യത്തിനു വേണ്ടിയാണല്ലോ അവൻ ബലിയർപ്പിക്കപ്പെട്ടത് എന്നോർത്ത് പീറ്റർ ആശ്വസിക്കുന്നു.
എന്നാൽ ഉടനെ വന്നു അടുത്ത വിളംബരം. പച്ച, മഞ്ഞ,

സംവിധായകൻ സാം ജോർജ്
നീല, ചുവപ്പ്, കറുപ്പ്, വെളുപ്പ് തുടങ്ങി തവിട്ടുനിറമല്ലാത്ത എല്ലാ പൂച്ചകളെയും കൊന്നൊടുക്കാൻ ജനകീയ സർക്കാർ തീരുമാനിച്ചിരിക്കുന്നു. കിട്ടിയ അവസരം പീറ്ററും ഉപയോഗിച്ചു. ജോണിന്റെ വെള്ളപ്പൂച്ചയെ പീറ്ററും കാട്ടിക്കൊടുത്തു. ജോൺ ഉപയോഗിച്ച അതേ നാണയം ‘പാട്രിയോട്ടിസം’. അങ്ങനെ ഇരുവരും ജീവനു തുല്യം സ്‌നേഹിച്ച തങ്ങളുടെ പെറ്റുകളെ ആദ്യം രാജ്യസ്‌നേഹത്തിന്റെ പേരിൽ ബലി നൽകി രണ്ടുപേരും പരസ്പരം പെറ്റുകളായി.

സമാധാനത്തോടെ ജീവിക്കാൻ അവർക്കായില്ല. ‘ബ്രൗൺ മിറർ’ ഒഴികെയുള്ള എല്ലാ പത്രങ്ങളും നിരോധിച്ചിരിക്കുന്നു. ആദ്യമായി പീറ്റർ ഭരണകൂടത്തിന്റെ അനീതി തിരിച്ചറിയുന്നു. ദൈനംദിനം വാർത്തകൾ അറിയുന്ന സാധാരണക്കാരന്റെ പത്രം നിരോധിക്കുന്നു. ഭരണകൂടത്തിന്റെ വാർത്തകൾ മാത്രം നിറയ്ക്കുന്ന ‘ബ്രൗൺ മിറർ’ മാ്രതം ജനം വായിച്ചാൽ മതിയെന്ന ശാഠ്യം അംഗീകരിക്കാൻ അയാൾ തയ്യാറാകുന്നില്ല. അറിയാനുള്ള മൗലികാവകാശത്തെ നിഷേധിക്കുന്ന നിലപാട് പൊറുക്കാനാവില്ലെന്നു തീരുമാനിക്കുന്നു. വിലപ്പെട്ടതെല്ലാം നിരോധിക്കുന്നു. ജിദ്ദു കൃഷ്ണമൂർത്തിയുടെ ഫ്രീഡം ഫ്രം നോളെജ് പോലും നിരോധിക്കുന്നു.

മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് പരാതി നൽകാൻ തീരുമാനിക്കുന്നു. എന്നാൽ അവർ അത് വലിച്ചുകീറി കൊട്ടയിലിടുമെന്നറിയുന്നതുകൊണ്ട് അവർ കൂടുതൽ ആലോചിച്ച് ബ്രൗൺ മിറർ അല്ലാത്ത എല്ലാ പ്രസിദ്ധീകരണങ്ങളും കത്തിച്ചു കളയുന്നു. പുതിയതല്ല പഴയതെല്ലാം. എന്നിട്ട് ബ്രൗൺ മിററിന്റെ
കുറെ പഴയ ലക്കങ്ങൾ കൂടി തേടിപ്പിടിച്ചു സൂക്ഷിക്കുന്നു. കാരണം തങ്ങൾ കാലാകാലങ്ങളായി അതാണു വരുത്തുന്നത് എന്ന് ബോധ്യപ്പെടുത്താൻ. കുട്ടികളുടെ വാരിക, സിനിമാ കാസറ്റ് എന്നുവേണ്ട ഭക്തിഗാന കാസറ്റ് ഒഴിച്ചെല്ലാം നശിപ്പിച്ചു. ഭയപ്പെട്ട് കപ്പലണ്ടി പൊതിഞ്ഞുകൊണ്ടുവന്ന കടലാസ് വരെ. ബ്രൗൺ നിറമല്ലാത്ത പച്ചക്കറികൾ, പഴവർഗങ്ങൾ, മുട്ട, പാല്, തൈര്, എല്ലാംഎല്ലാം… ജീവിതത്തിൽ അനിവാര്യമായതും പ്രിയപ്പെട്ടതുമായ എല്ലാം നശിപ്പിച്ചുകഴിഞ്ഞപ്പോഴാണ് അവർക്ക് ബോധമുദിച്ചത്.
ഒടുവിൽ അവർ തിരിച്ചറിയുന്നു. ഇത് യഥാർത്ഥ രാജ്യസ്‌നേഹമല്ല. കപടസ്‌നേഹം. ഭീരുത്വം വെടിഞ്ഞ് പ്രതികരിക്കാൻ അവർ തീരുമാനിക്കുന്നു.

ആദ്യം ഭയപ്പെട്ടു പുറകോട്ടു മാറിയ പീറ്റർ സ്വയം തിരിച്ചറിയുന്നു. താൻ കറുത്തവൻ, പ്രാന്തവത്കരിക്കപ്പെട്ടവൻ. തവിട്ടുപടയോ പോലീസോ എപ്പോഴും തനിക്കു പുറകിലുണ്ടാവുമെന്ന്. പിന്തിരി
യണമെന്ന ജോണിന്റെ വാക്കിനെ ശ്രദ്ധിക്കാതെ സ്വാതന്ത്ര്യത്തിനു വേണ്ടി ഉറക്കെ ശബ്ദിക്കാൻ പീറ്റർ മുന്നോട്ടുവരുന്നു.

‘ശബ്ദിച്ചാലും ഇല്ലെങ്കിലും നമ്മൾ വേട്ടമൃഗങ്ങളാണ്. കെട്ടിയിറക്കിയ പഴങ്കഥകളുടെ സംസ്‌കാരം ഒരു രാജ്യത്തിന് ആവശ്യമില്ല’. അതുകൊണ്ട് ഭരണകൂടത്തിനെതിരെ ആഞ്ഞടിക്കാൻ തീരുമാനിച്ചുകൊണ്ട് ജനസാഗരത്തിന്റെ നടുവിലേക്ക് ലഘുലേഖകൾ വലിച്ചെറിഞ്ഞ് പീറ്റർ പ്രഖ്യാപിക്കുന്നു. ”ശബ്ദിച്ചാലും ഇല്ലെങ്കിലും നമ്മൾ വേട്ടമൃഗങ്ങളാണ്. ഞാനീ ഭരണകൂടത്തിനെതിരെ സംസാരിക്കും. ഒന്നുറക്കെ നിലവിളിച്ചിട്ടു മരിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും നമുക്കുണ്ട്. ആ ധൈര്യമെങ്കിലും നമ്മൾ കാണി
ക്കണം. പീറ്ററിന്റെ വാക്കുകൾ വെടിയൊച്ചകൾ വിഴുങ്ങി. ആറു പ്ലക്കാർഡുകൾ പിടിച്ച് യൂണിഫോം ധരിച്ച ആറുപേർ അരങ്ങിൽ പ്രത്യക്ഷപ്പെടുന്നു. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:

“Patriotism is the willingness to kill and be killed for a trivial reason”. ഭയചകിതനായ ജോൺ ‘ദേശഭാഷാ കീ ജയ്, ദേശഗാനം കീ ജയ്, ദേശമാതാ കീ ജയ്’ എന്നു വിളിച്ചുകൊടുക്കുന്നതോടു കൂടി
നാടകം അവസാനിക്കുന്നു.

വർത്തമാനകാല ഇന്ത്യൻ അവസ്ഥയുടെ നേർക്കാഴ്ചയാണ് ഈ ലഘുനാടകം നമുക്കു സമ്മാനിക്കുന്നത്. രംഗജംഗമങ്ങളുടെ ആധിക്യമില്ലാതെ, കഥാപാത്ര ബാഹുല്യമില്ലാതെ അവതരിപ്പിക്കപ്പെട്ട നാടകം കാണികളെ ഇരുത്തി ചിന്തിപ്പിക്കാൻ പര്യാപ്തമാണ്. ഭയമാണ് നമ്മുടെ ശത്രു. ജീവനെ ഭയന്ന് പ്രതികരണശേഷി നഷ്ടപ്പെട്ട സമൂഹത്തെ ഉണർത്തുകയാണ് നാടകത്തിന്റെ ലക്ഷ്യം. ഒന്നുറക്കെ ശബ്ദിച്ചിട്ടെങ്കിലും മരിക്കാൻ നാം സജ്ജരാകണം. അനുസരിക്കപ്പെടുന്നവരായി മാത്രം മാറുന്ന ജനതയെ
അനുസരിപ്പിക്കാൻ എളുപ്പമാണ്. രാജ്യസ്‌നേഹം ആരിലും അടിച്ചേല്പിക്കേണ്ടതല്ല. അതു താനേ ഉണ്ടാവേണ്ടതാണ്. ഭയചകിതരായി അനീതികൾക്കെതിരെ ഉച്ചത്തിൽ ശബ്ദിക്കാനും അധർമങ്ങൾക്കെ
തിരെ പോരാടാനും തയ്യാറാകുന്നിടത്താണ് രാജ്യസ്‌നേഹം. അല്ലാതെ കൊന്നൊടുക്കിക്കൊണ്ട് സൃഷ്ടിക്കാൻ പറ്റുന്നതല്ല. ഈ തിരിച്ചറിവ് ഉണ്ടാവേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നതാണ് നാടകം നൽകുന്ന സന്ദേശം.