ഭരണകൂട തരവഴിക്ക് കാവൽ നായ്ക്കളുടെ കുരവ

വിജു വി. നായര്‍

ദോഷം പറയരുതല്ലോ, കുറഞ്ഞത് ഒരു കാര്യത്തിൽ മോദിയെ
സമ്മതിക്കണം – രാജ്യത്തെ മാധ്യമപ്പടയെ ഇസ്‌പേഡ് ഏഴാംകൂലിയാക്കുന്നതിൽ. ഭരണം പിടിക്കാൻ ഇടിവെട്ട് പ്രചരണം നടത്തി
മാധ്യമങ്ങളുടെ ഓമനയായി. അന്നു പൊട്ടിച്ച ബഡായികളുടെ
പുകയും പൊടിയും വകതിരിക്കാൻ ഒരു സ്വ.ലേ.യും മെനക്കെട്ടി
ല്ല. അങ്ങനെ വെറും 12 കൊല്ലം മുമ്പത്തെ കൂട്ട നരഹത്യയുടെ
ചോരക്കറ ഒറ്റയടിക്ക് തൂത്തുമായ്ച്ചു – സ്വച്ഛ് ഭാരത്! ചെങ്കോൽ
കയ്യിലായ പാടേ മാധ്യമങ്ങളെ തീണ്ടാപ്പാടകലെ നിർത്തി, പ്രസാ
ർഭാരതിയെ ശ്രീമതിയാക്കി. ചില്ലറ മുറുമുറുപ്പു കാട്ടിയതല്ലാതെ
ജനാധിപത്യത്തിന്റെ വിശുദ്ധ ഡോബർമാന്മാർ വാലാട്ടി പിന്നാലെതന്നെ മണ്ടുന്നു. ആസൂത്രണത്തെ പിള്ളേരുകളിയിലേക്ക്
വികസിപ്പിച്ച നീതി ആയോഗ്, ജി.ഡി.പി. തിട്ടപ്പെടുത്തുന്ന
സൂത്രത്തെ ആട്-തേക്ക്-മാഞ്ചിയമാക്കിയ ഒടിവിദ്യ, സർജിക്കൽ
സ്‌ട്രൈക്കിനെ ഉഡായിപ്പാക്കിയ കമ്പക്കെട്ട് എന്നുവേണ്ട അയൽ
ബന്ധങ്ങളാകെ കുളമാക്കുന്ന നയതന്ത്ര കോമാളിത്തം വരെ
ശുംഭത്തങ്ങൾ മെഗാപരമ്പരയായിട്ടും മാധ്യമങ്ങൾ വിടുപണി നിർ
ത്തിയില്ല. കാരണം മൂന്നുണ്ട്. ഒന്ന്, വൺമാൻ ആർമിപ്പൂതി. അത
ങ്ങനെ നിലനിൽക്കേണ്ടത് മാധ്യമഭീമന്മാരടക്കമുള്ള കോർപറേറ്റ്
വൃന്ദത്തിന്റെ ആവശ്യംകൂടിയാണ്. രണ്ട്, രാഷ്ട്രീയപ്രതിയോഗി
യുടെ ദാരുണമായ കിടപ്പുവശം. ദാ ഇപ്പോ വിരിഞ്ഞുകളയും
എന്നു സദാ ഭീഷണിപ്പെടുത്തുന്ന വിരിയാമുട്ടയാണ് പ്രതിയോഗി
മുഖ്യൻ – രാഹുലെന്നോ ഗാന്ധിയെന്നോ മറ്റോ പറയും. ശിഷ്ടമാകട്ടെ മായാവതി തൊട്ട് മാർക്‌സിസ്റ്റ് പാർട്ടി വരെയുള്ള ആനമയി
ലൊട്ടകം. മേല്പറഞ്ഞ കോർപറേറ്റ് വൃന്ദത്തിന് ലോബിപ്പണി
വേണ്ടത്ര സുസ്ഥിര ഉറപ്പില്ലാത്ത ചതുപ്പുനിലം. മൂന്ന്, ഇമ്മാതിരി
അമാവാസിയിൽ മാധ്യമങ്ങൾ പതിവായി അഭയമാക്കുന്ന കലാപരിപാടി – പൂഴിക്കടകൻ. നിരീക്ഷണ ജാഗ്രതയും അപഗ്രഥന
സൂക്ഷ്മതയും ഒഴിവാക്കുന്ന സുഖിയൻതന്ത്രം. ഉറുമി വീശുന്നുണ്ടോ എന്നു ചോദിച്ചാൽ, ഉണ്ട്. എങ്ങനെ എന്ന വസ്തുനിഷ്ഠ
ചോദ്യത്തെ ഒഴിച്ചുനിർത്തുകയുമാവാം. മിതമായി പറഞ്ഞാൽ
മാധ്യമങ്ങൾക്ക് ഗൃഹപാഠം ചെയ്യണ്ട, ഒഴുക്കിനൊത്തങ്ങ് നീങ്ങി
യാൽ മതി. രാജ്യചരിത്രത്തിലാദ്യമായി ഒരു ഭരണകൂടം ബോധപൂർവം സൃഷ്ടിച്ചെടുത്ത കറൻസി പ്രതിസന്ധിയോട് മാധ്യമങ്ങൾ
പുലർത്തുന്ന ബാലിശമായ സമീപനമാണ് ഈ പരമ്പരയിലെ
പുതിയ ഇനം.
ഇന്ത്യൻ റിപ്പബ്ലിക്കിൽ ഭരണകൂടവിവക്ഷപ്രകാരം മാധ്യമങ്ങൾ
ജനായത്തപ്രക്രിയയുടെ കാവൽനായ്ക്കളാണല്ലോ. എന്നുവച്ചാൽ
ഇന്ത്യക്കാർ പരീക്ഷിച്ചുനോക്കുന്ന പാർലമെന്ററി ജനാധിപത്യ
മാതൃകയിൽ ഭരണകൂടത്തിന്റെ മൂന്നു തൂണുകളുടെയും കർമവും
വികർമവും അകർമവും നിരീക്ഷിച്ചറിയാനും റിപ്പബ്ലിക്കിന്റെ ഉടമയായ പൗരാവലിയെ കാര്യമറിയിക്കാനുമുള്ള നാലാംതൂണ്.
ഇങ്ങനെ ചെയ്യുന്നത് പൗരാവലിക്ക് കാര്യബോധമുണ്ടാക്കാനും
റിപ്പബ്ലിക്കിന്റെ നടത്തിപ്പിൽ വേണ്ട നിലപാടുകൾ അവൻ യഥാസമയം അവലംബിക്കാനുമാണ്. നിർണായകമായ ഈ കാര്യ
ബോധ നിർമിതിയിലെ പ്രാഥമികാവശ്യം നാലാംതൂണിന്റെ നിരപേക്ഷവും നിരങ്കുശവുമായ കാര്യഗ്രഹണമാണ്. മോദിഭരണകൂടം
രായ്ക്കുരാമാനം പ്രഖ്യാപിച്ച നോട്ടുറദ്ദാക്കലിനോട് കാവൽനായ്ക്കൾ നടത്തിയ പ്രതികരണം നോക്കുക.
മുഖ്യധാരാ മാധ്യമങ്ങൾ ഒന്നടങ്കം പൊടുന്നനെ ഭരണകൂട
ത്തിന്റെ കാവൽപ്പട്ടികളായി. കള്ളപ്പണം പിടികൂടി സമ്പദ് വ്യവസ്ഥിതിയെ വെടിപ്പാക്കുകയും കള്ളനോട്ട് ഇല്ലാതാക്കി വിധ്വംസകപ്പണികൾക്ക് കർട്ടനിടുകയുമാണ് ഈ നടപടി വഴി ഉദ്ദേശിക്കുന്നത് എന്ന ഭരണകൂടവ്യാഖ്യാനം തുപ്പലു തൊടാതെ വിഴുങ്ങി.
രാജ്യത്ത് പ്രചാരത്തിലുള്ള മൊത്തം കറൻസിയുടെ 86% മൂല്യമുള്ള
500, 1000 രൂപ നോട്ടുകൾ അസാധുവാക്കുകയും മിച്ചമുള്ള വെറും
14% നോട്ടുകൾ കൊണ്ട് ഇത്ര വലിയ സമൂഹം സാമ്പത്തിക പ്രവ
ർത്തനം നടത്തണമെന്ന് കല്പിക്കുകയും ചെയ്തതിലെ കേവലം
പ്രായോഗികമായ അസംഭവ്യത കാവൽനായ്ക്കൾ തിരിച്ചറിഞ്ഞി
ല്ല. പകരം വേണ്ട നോട്ട് അച്ചടിച്ചു വച്ചിട്ടാണോ ഈ ബ്രഹ്മാണ്ഡ
വിദ്യ എന്ന ലളിതചോദ്യം പോലും ആരും ഉന്നയിച്ചില്ല. സ്വാഭാവികമായും അനന്തരപടിയായി ഉന്നയിക്കേണ്ട പ്രാഥമിക ചോദ്യ
ങ്ങൾ മൂന്നും അവരുടെ തലയെ ഒഴിഞ്ഞുപോയി. ഒന്ന്, കള്ളനോട്ടുകഥ. മൊത്തം കറൻസിയുടെ 0.007 ശതമാനമാണ് രാജ്യത്ത്
പ്രചാരത്തിലുള്ള കള്ളനോട്ടെന്നാണ് സർക്കാർകണക്ക്.
അതത്രയും അസാധുവാക്കിയാലുടൻ കള്ളക്കമ്മട്ടങ്ങൾ പൂട്ടുമെന്ന ഭോഷ്‌ക് മാധ്യമങ്ങൾ മുഖവിലയ്‌ക്കെടുത്തു. സാങ്കേതികവിദ്യ
ഇത്രകണ്ട് പുരോഗമിച്ച കാലത്ത് പുതിയ 2000 രൂപ നോട്ട് അച്ചടി
ക്കാൻ സംഗതി പുറത്തിറങ്ങി വെറും ഒരാഴ്ച പോരേ എന്ന
ചോദ്യം പത്രക്കാർക്കുണ്ടായില്ല, പിന്നല്ലേ അതെടുത്ത് മോദിക്ക്
നീട്ടാൻ? ഈ ചുണ്ടെലിയെ കൊല്ലാനാണോ ഇല്ലം ചുടുന്നതെന്ന
ചോദ്യം പിന്നെ ഉദിക്കുന്ന പ്രശ്‌നമേയില്ലല്ലോ.
രണ്ട്, കള്ളപ്പണപ്രശ്‌നം. മൊത്തം കള്ളപ്പണത്തിന്റെ വെറും 6%
മാത്രമാണ് ആഭ്യന്തരവേദിയിലുള്ളതെന്നാണ് റിസർവ് ബാങ്ക്
കണക്ക്. ആ ചുണ്ടെലിയെ കുടുക്കാൻ കൂടിയാണ് ഇല്ലം ചുടുന്നതെന്ന് ഭരണകൂടം പറഞ്ഞു, കാവൽപ്പട ഏറ്റുപാടി. വിദേശബാങ്കുകളിലും ഓഹരിവിപണിയിലും മറ്റുമായി സൈ്വരനിക്ഷേപം
ചെയ്തിരിക്കുന്ന 94% കള്ളപ്പണത്തിന്റെ കാര്യമോ? അതു വേ, ഇതു
റേ.
മൂന്ന്, ഈ ചുണ്ടെലികൾക്ക് വയ്ക്കാനുള്ള കെണി രാജ്യത്തെ
മൊത്തം പൗരാവലിക്കുമിട്ട് വയ്ക്കുന്നതെന്തിനെന്ന കാതലായ
ചോദ്യം വിഴുങ്ങിയിടത്താണ് ഗൃഹപാഠരാഹിത്യത്തിന്റെ ബാലി
ശതകളിൽ നിന്ന് മാധ്യമലോകം ഗൗരവാവഹമായ മൗലിക പ്രതി
സന്ധിയിലേക്ക് കടക്കുന്നത്. കാരണം, ജനസഭയുടെ സമ്മതിയോ സർക്കാരിന്റെ കേവലമായ വിജ്ഞാപന റൂട്ടോ കൂടാതെ
മൊത്തം പൗരാവലിയുടെയും കറൻസി സമ്പത്ത് സ്വേച്ഛാപരമായി കയ്യടക്കുകയാണ് ഭരണകൂടം ചെയ്തത്. ആ സമഗ്രാധിപത്യ
ചെയ്തിയുടെ പച്ചയായ ഭരണഘടനാലംഘനം കണ്ണടച്ചു വിടുന്ന
മാധ്യമങ്ങൾ നാലാംതൂണ് എന്ന വിവക്ഷ തൃണവത്ഗണിക്കുകയാണ്. അപ്പോൾപിന്നെ എന്താണ് തന്റെ പണി എന്ന ചോദ്യം
ഓരോ മാധ്യമപ്രവർത്തകനും നേരെ പരിഹാസപുരസ്സരം ഉയർ
ന്നുവരും. എന്തിനാണ് ഈ പണി എടുക്കുന്നതെന്നും.
കാതലായ ഈ സരള ചോദ്യങ്ങൾക്ക് നിലവിലുള്ള മാധ്യമപ്രവർത്തകർ കർമഗത്യാ നൽകുന്ന ചില ഉത്തരങ്ങളുണ്ട്. ചിരിച്ചു
മണ്ണു കപ്പിപ്പോകുന്ന ഉത്തരങ്ങൾ. ഉദാഹരണത്തിന്, കള്ളപ്പണം
തുടച്ചുനീക്കൽ എന്ന ഉഡായിപ്പ് കണക്കുകൾക്കു മുമ്പിൽ
ആവിയായതോടെ ഭരണകൂടം അവലംബിച്ച പുതിയ അടവാണ്
‘കാഷ്‌ലെസ് ഇക്കോണമി’. അക്കൗണ്ട് ട്രാൻസ്ഫർ തൊട്ട് കാർഡ്
സൈ്വപ്പിംഗ് വരെ കറൻസിരഹിതമായ ക്രയവിക്രയ പരിപാടി.
മേല്പറഞ്ഞ മൗലിക ചോദ്യങ്ങൾ മറന്നു നിൽക്കുന്ന മാധ്യമ കേസരികൾ പൊടുന്നനെ ആ വഴിക്ക് ഉദ്‌ബോധന പരമ്പരയിറക്കുകയായി. ‘കാഷ്‌ലെസ് കേരള’യുമായാണ് ഒരു മലയാളം ചാനൽ
ഈ ഉത്സാഹക്കമ്മിറ്റിയിൽ കയറിക്കൂടിയത്. തട്ടുകടയിൽ വരെ
പ്ലാസ്റ്റിക് മണി എന്ന ചിമുട്ടുഘോഷം കേട്ട് കേരളീയ പൗരാവലി
യുടെ രോമം അറ്റൻഷനടിച്ചു. 45% വരുന്ന അനൗപചാരിക സമ്പദ്‌മേഖലയിലാണ് രാജ്യത്തെ 80% തൊഴിലാളികളും ജീവിതമുന്തുന്നതെന്നും ടി ഉന്തലിന്റെ അച്ചുതണ്ട് പച്ചനോട്ടും നാണയത്തുട്ടുമാണെന്നുമുള്ള നേര് വികസനത്തിന്റെ ഐതിഹ്യമാലയ്ക്ക് കല്ലുകടിയായതുകൊണ്ട് സംഗതിയങ്ങ് വിഴുങ്ങി. 85% പൗരാവലിയും
ഇപ്പോഴും നെറ്റും വെബ്ബും തിരിച്ചറിയാത്ത പറുദീസയാണ് ‘ഡി
ജിറ്റൽ ഇന്ത്യ’ എന്ന കഥ ഇപ്പറഞ്ഞ വികസനമതത്തെ സംബന്ധിച്ച് ബ്ലാസ്‌ഫെമിയാകുന്നു. അതുകൊണ്ട് അതും ഗ്ലും. മാധ്യമ
ങ്ങളിലെ മധ്യവർഗ സൊറയന്മാരും ടി സൊറയ്ക്ക് വൈദഗ്ദ്ധ്യ
ത്തിന്റെ കൊഴുപ്പു പകരുന്ന പുകലോലുപരും അറിഞ്ഞോ അറി
യാതെയോ മറ്റൊരു വിടുപണി നിർവഹിക്കുന്നുണ്ട്. ചെറുകിട
സംരംഭകർ തൊട്ട് ദിവസക്കൂലിക്കാർ വരെയുള്ള ഭീമൻ സമൂഹത്തെ അതിവേഗം മണ്ടയടപ്പിക്കുക. റീടെയിൽ രംഗത്ത് 100%
വിദേശ പങ്കാളിത്തം പ്രഖ്യാപിച്ച മോദിസർക്കാരിന് ഇതില്പരമൊരു ഒത്താശ ചുളുവിൽ ഒത്തുകിട്ടാനുണ്ടോ? റീടെയ്ൽ ഭീമന്മാ
ർക്കെതിരെ കോമരം തുള്ളിയ വ്യാപാരി-വ്യവസായികൾ എത്ര
നിസ്സാരമായാണ് ഈ പ്ലാസ്റ്റിക് മണി സേവയാൽ വരിയുടയ്ക്കപ്പെട്ടത്!
ഈ വിടുപണിയുടെ മറ്റൊരു രൂപമാണ് എടിഎമ്മിനു മുമ്പിലെ
ക്യൂവിന് നൽകുന്ന ദേശീയന്യായം. രാജ്യരക്ഷയ്ക്കുവേണ്ടി
ഏതാനും ദിവസം ഇങ്ങനെ ‘അച്ചടക്കം’ പാലിക്കണമെന്ന് തുട
ക്കത്തിൽ പ്രധാനമന്ത്രി കല്പിച്ചു. പബ്ലിക് ഫിനാൻസിന്റെ കഖഗ
തിരിയാത്ത വക്കീൽ പ്രമാണിയായ ധനമന്ത്രി മൂന്നാഴ്ച എന്നാ
ക്കി. പിന്നാലെ പ്രധാനമന്ത്രി ഭാവാഭിനയ പ്രകടനം വഴി സംഗതി
50 ദിവസമെന്നാക്കി. ടി 50 ദിവസത്തിനകം റിസർവ് ബാങ്ക് 62
തവണ ഇണ്ടാസുകളിറക്കി. ഒടുവിൽ ദിവസം 50 കഴിഞ്ഞപ്പോൾ
പുതിയ അവതാകൾ മാത്രമല്ല പുതിയ ഭീഷണികൾ കൂടിയാണ്
ഭരണകൂടത്തിൽ നിന്നു വരുന്നത്. ഉദാഹരണത്തിന്, അസാധുവായ നോട്ടുകൾ കൈവശം വച്ചാൽ പിടിച്ചകത്താക്കുമെന്ന
വിജ്ഞാപനം. ഇതില്പരമൊരു ക്രൂരഫലിതമുണ്ടോ? ഒന്നാമത്,
അസാധുവായിക്കഴിഞ്ഞ നോട്ടുകൾക്ക് സാമ്പത്തിക ഇടപാടുകളിൽ ടോയ്‌ലറ്റ് പേപ്പറിന്റെ വില പോലുമില്ല – അവ കീശയിൽ
വച്ചാലും ഇല്ലെങ്കിലും. നനഞ്ഞ പടക്കം സ്‌ഫോടനമുണ്ടാക്കില്ലെന്നറിയാൻ കതിനാവെടിക്കാരനാവേണ്ടല്ലോ. അത്തരമൊരു കേവലബോധം പോലുമില്ലാത്തവരാണ് രാജ്യത്തിന്റെ സാമ്പത്തിക
കാര്യം തീരുമാനിക്കുന്നതെന്നു കരുതാനാവുമോ? അവിടെയാണ്
മേല്പടി വിജ്ഞാപനം ഒരു ദിശാസൂചിയാവുന്നത്. അസാധുവായ
നാലു നോട്ട് പിടിച്ചാൽ ആളെ അകത്തിടും എന്നത് അസാധുവല്ലാത്ത പുതിയ നോട്ട് കൈവശം വയ്ക്കുന്നതിൽ നിയന്ത്രണം
കൊണ്ടുവരാം എന്ന മനോഗതിയുടെ സൂചനയാണ്. കറൻസി
ക്ഷാമം മൂലം നോട്ട് പൂഴ്ത്തിവയ്ക്കുന്ന പ്രവണത ഇപ്പോഴേ പ്രകടമാണ്. ബാങ്കിൽ നിന്നു പുറത്തേക്ക് വരുന്ന നോട്ടുകൾ തിരികെ
ബാങ്കിലേക്ക് എത്തുന്നതിൽ ഗണനീയമായ കുറവുണ്ട്. പൗരാവലി ബാങ്കിലേക്ക് പണം നൽകുന്നതിൽ വിമുഖരാവുന്നു എന്ന
ർത്ഥം. ഈ പശ്ചാത്തലത്തിലാണ് പൗരന്റെ പക്കലുള്ള നോട്ടി
ന്മേൽ നിയന്ത്രണം വയ്ക്കാനുള്ള ത്വര കൂടുക. സാമ്പത്തിക അടിയന്തിരാവസ്ഥ പ്രകടമായി സംജാതമാവുക ഭരണകൂടത്തിന്റെ ഈ
മനോഭാവത്തിൽ നിന്നാണ്. സത്യത്തിൽ പൗരാവലിയുടെ
നിക്ഷേപങ്ങൾക്ക് വിലങ്ങു വയ്ക്കുകയും സ്വന്തം പണം ഇഷ്ടാനുസരണം കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം മരവിപ്പിക്കുകയും
ചെയ്തപ്പോൾതന്നെ സാമ്പത്തിക അടിയന്തിരാവസ്ഥ ഭംഗ്യന്തരേണ ആവിഷ്‌കരിക്കപ്പെട്ടതാണ്. അക്കാര്യം തിരിച്ചറിയാതെ ഭരണകൂടത്തിന്റെ റെട്ടറിക്കിന് ചോദ്യോത്തരങ്ങളില്ലാതെ അടിമപ്പെട്ടതിന്റെ പ്രത്യക്ഷ ഫലമാണ് എടിഎമ്മിനു മുമ്പിലെ ക്യൂനില്പും
അതിന്മേലുള്ള ന്യായീകരണങ്ങളും. ബെവ്‌റേജസ് ഷാപ്പിനും
സിനിമാകൊട്ടകയ്ക്കും മുന്നിൽ ക്യൂ നിൽക്കാൻ മടിയില്ലാത്ത മലയാളികളെ ഈ വഴിക്ക് ദേശാഭിമാനികളാക്കാൻ മോഹൻലാൽ
ഇറക്കിയ ഫേസ്ബുക്ക് പോസ്റ്റ് ഓർക്കുക. കള്ളു കുടിക്കാനും പടം
കാണാനും ആവശ്യമുള്ളവരാണ് അത്തരം വരികളിൽ നിന്ന് മെനക്കെടുക. എന്നാലിവിടെ സ്വന്തം പണത്തിനുമേൽ അധികാരം
നഷ്ടപ്പെട്ട് ആയതിൽ നിന്ന് റേഷൻ പോലെ ഭരണകൂടം കല്പി
ക്കുന്ന തുക മാത്രം കിട്ടാൻ ക്യൂ നിൽക്കേണ്ട ഗതികേട് പൗരജീവി
തത്തിന്മേൽ വയ്ക്കുന്ന വിലങ്ങാണെന്ന വകതിരിവ് ഒരു സിനി
മാക്കാരനിൽ നിന്നു പ്രതീക്ഷിക്കേണ്ടതില്ല. ടിക്കറ്റിനു ക്യൂ നിന്ന
പ്രേക്ഷകർ സൃഷ്ടിച്ചുകൊടുത്ത താരമൈലേജിൽ നിന്നാണ് ഇമ്മാതിരി ഊളത്തരം പറയാനുള്ള പൊതുമാർജിൻ ടിയാന് കിട്ടിയതെന്ന ലളിത നേരു പോലും വിഗണിച്ചാണ് താരം ജനവിരുദ്ധത
പ്രകടിപ്പിക്കുന്നതെന്നോർക്കണം. മാത്രമല്ല, ഇലക്‌ട്രോണിക്
വോളറ്റിന്റെ തിളപ്പിൽ കഴിയുന്ന ഒരാളെ സംബന്ധിച്ച് സാധാരണ
പൗരന്റെ നിത്യജീവിതായാസങ്ങൾ പ്രശ്‌നവുമല്ല. ഇപ്പറഞ്ഞ മോഹ
ൻലാൽ ഏത് എടിഎമ്മിൽ ക്യൂ നിന്നിട്ടാണ് വട്ടച്ചെലവിനുള്ള വക
സംഘടിപ്പിക്കുന്നത്?
കാര്യബോധമില്ലാത്ത ആത്മാരാമന്മാരെ അർഹിക്കുന്ന അവ
ജ്ഞയോടെ തള്ളി, നമുക്ക് കാര്യത്തിലേക്ക് വരാം. കള്ളനോട്ടും
കള്ളപ്പണവും ഇല്ലാതാക്കാൻ എന്ന പേരിൽ രാജ്യത്ത് പ്രഖ്യാപിച്ച
സാമ്പത്തിക അടിയന്തിരാവസ്ഥ, ഭരണകൂടംതന്നെ വിളംബരപ്പെടുത്തിയ 50 ദിന സഹന കാലാവധിക്കുശേഷം എവിടെ
എത്തി എന്നു കാണുക. അതിന് മറ്റെങ്ങും പോകണ്ട, സാക്ഷാൽ
പ്രധാനമന്ത്രിയുടെ സഹനാനന്തര വിളംബരം നോക്കിയാൽ മതി.
എത്ര കള്ളപ്പണം പിടിച്ചു, ഇനി എത്ര കാലം കൊണ്ട് പ്രശ്‌ന
ങ്ങൾ തീരും എന്നതൊക്കെയാണല്ലോ പ്രധാനമന്ത്രിയിൽ നിന്ന്
50-ാം നാളിൽ ജനത പ്രതീക്ഷിച്ച വിശദീകരണം. നമ്മുടെ 56
ഇഞ്ച് നെഞ്ചിന്റെ ഉടമ അക്കാര്യങ്ങൾ മിണ്ടിക്കൊടുത്തില്ല.
പകരം ഗോൾപോസ്റ്റ് വീണ്ടും മാറ്റുന്ന ഉഡായിപ്പായിരുന്നു അരങ്ങ
ത്ത്. നോട്ടുക്ഷാമത്താൽ പൊറുതിമുട്ടിയ ജനതയെ 49 ദിവസം
ദേശീയതയും രാജ്യസ്‌നേഹവും പറഞ്ഞാണ് മുൾമുനയിൽ നിർത്തി
യതെങ്കിലും പിറ്റേന്ന് പ്രധാനമന്ത്രി പൊടുന്നനെ മാനദണ്ഡം മാറ്റുകയായി. 10 ലക്ഷത്തിനുമേൽ വരുമാനമുള്ളതായി അറിയിച്ചത്
24 ലക്ഷം പേരാണെന്ന വാകീറൽ നടത്തുന്നു. 120 കോടിയിൽ 24
ലക്ഷം എത്രയോ തുച്ഛമാണെന്നോർക്കുക. നിങ്ങളുടെ ചുറ്റുവട്ടത്തു മാത്രം ഇപ്പറഞ്ഞ 10 ലക്ഷത്തിലധികം വരുമാനമുള്ളവരെ
ഒന്നെണ്ണിനോക്കുക. ഈ ’24 ലക്ഷ’ത്തെ കണ്ടുപിടിക്കാനായി
രുന്നോ ഈ പുകിലും വീർപ്പുമുട്ടിക്കലുമൊക്കെ?
നാലുലക്ഷം കോടിയോളം പഴയ നോട്ടുകൾ പുല്ലുവിലയുള്ള
കടലാസായി മാറുമെന്നു പ്രഖ്യാപിച്ച പുമാനും ഓശാനപ്പടയും
എത്ര നോട്ടുകൾ കടലാസാക്കി എന്നു മിണ്ടുന്നില്ല. കാരണം ഒരു
മാതിരിപ്പെട്ട പഴയ നോട്ടൊക്കെ ബാങ്കുകളിൽ കൂളായി തിരിച്ചെ
ത്തി. ആ കണക്ക് പുറത്തുവിടാതെ മറ്റൊരു അവതാപറച്ചിലാണ്
വീരവാണി-ആദായനികുതി വകുപ്പ് തിരിച്ചുകിട്ടിയ കാശിന്മേൽ
അന്വേഷണം നടത്തിവരികയാണെന്നത്. 120 കോടി പൗരാവലി
യിൽ 24 ലക്ഷം ഒഴികെയുള്ളവരെ മുഴുവൻ പരിശോധിച്ചുകളയുമെന്ന ഉഡായിപ്പ്. അതും വിടാം. സാമ്പത്തിക സാക്ഷരതയുടെ
എഞ്ചുവടി തിരിയാത്ത കഥാപാത്രമാണ് രാജ്യം വാഴുന്നതെന്ന്
സ്വയം തുറന്നുകാട്ടുന്ന വാഗ്‌ധോരണിയാണ് അടുത്തത്. കഴിഞ്ഞ
പത്തുപന്ത്രണ്ടു കൊല്ലമായി 500, 1000 രൂപ നോട്ടുകൾ മിക്കവാറും
ഉപയോഗിച്ചിരുന്നത് അനധികൃത ഇടപാടുകൾക്കും സമാന്തര
സമ്പദ്ഘടനയ്ക്കും വേണ്ടിയാണെന്നതാണ് ഒരു വിശുദ്ധ അരുൾ.
ഒടടപപട ഏടഭ 2017 ഛടളളണറ 08 7
പണത്തിന്റെ ആധിക്യം പണപ്പെരുപ്പവും കരിഞ്ചന്തയുമുണ്ടാക്കി
എന്നതാണ് അതിന്റെ ടിപ്പണി. കാശില്ലായ്മ പ്രയാസമുണ്ടാക്കുമെങ്കിലും പണാധിക്യം അതിലും വലിയ കുഴപ്പമുണ്ടാക്കും എന്ന
ഗീതോപദേശം വേറെയും. ഈ ജാതി അരുളപ്പാടിന് വല്ല തെളിവും
പിൻബലമായുണ്ടോ?
ഒന്നാമത്, മൊറാർജി സർക്കാർ 1978-ൽ നടത്തിയ കറൻസി
റദ്ദാക്കലിൽ ഉയർന്ന മൂല്യമുള്ള നോട്ടുകളിൽ 25 ശതമാനം ഇല്ലാതായെന്നും അതിലും കുറവേ ഇക്കുറിയുണ്ടാവൂ എന്നുമാണ് ധനമന്ത്രി ജയറ്റ്‌ലി പറയുന്നത്. പണാധിക്യത്തിന്റെ കഥ പറയുന്ന
മോദി ഈ വക്കീൽവാണി തള്ളുമോ കൊള്ളുമോ? ഇതിലും രസകരമാണ് പണാധിക്യത്തെപ്പറ്റിയുള്ള ഉപന്യാസം. ബാങ്കിൽ കൂടുതലായി നിക്ഷേപമുണ്ടാകുന്നതാണ് പണപ്പെരുപ്പത്തോത് കൂട്ടുന്നതെന്നും പൗരാവലിയുടെ കീശപ്പണമല്ല ആ സാമ്പത്തികക്കുഴപ്പം ഉണ്ടാക്കാറെന്നുമുള്ള വസ്തുത മോദിയെ ഒഴിഞ്ഞുപോകുന്നത്, സാമ്പത്തിക ശാസ്ര്തത്തിന്റെ സംശുദ്ധമായ അജ്ഞത
കൊണ്ടാണെന്ന നേര് ഒരു കാവൽനായും പറയില്ല. കാരണം,
മോദിപ്പേടി. ബാങ്കിൽ വരുന്ന നിക്ഷേപത്തിന്റെ ഒരു പങ്ക് (കരുത
ൽധനം) റിസർവ് ബാങ്കിൽ വച്ചിട്ട് ബാക്കി ഭൂരിപങ്കും വായ്പയായി വിന്യസിക്കുകയാണ് ബാങ്കിംഗ് രീതി. ബാങ്കിലെ കാശ്
പെരുകുന്തോറും ഈ കടംകൊടുപ്പ് വിപുലമാവുകയും നാട്ടിലിറ
ങ്ങുന്ന കാശിന്റെ തോത് ഭീമമാവുകയും ചെയ്യുന്നു. വ്യക്തിയുടെ
കീശപ്പണമുണ്ടാക്കുന്ന പണപ്പെരുപ്പത്തേക്കാൾ കൊടിയ പണപ്പെരുപ്പമാണ് ഈ ഇടപാടു വഴി സംഭവിക്കുന്നതെന്ന ലളിത നേര്
നമ്മുടെ ശൂലദണ്ഡപാണികൾക്ക് പിടിയില്ല. മറ്റൊരു ഹിമാലയൻ
അജ്ഞത പണത്തിനുള്ള ഡിമാൻഡ് സംബന്ധിച്ചാണ്. കാശ്
രൂപത്തിൽ പൗരന് കൈപ്പിടിയിൽ വയ്ക്കാനുള്ള ആസ്തിവകയാണ് ഈ ഡിമാൻഡിന്റെ മർമം. അതിൽ നാട്ടിലെ സാമ്പത്തിക
പ്രവർത്തനവും പലിശനിരക്കും മാത്രമല്ല, കാശിന്മേലുള്ള മുൻ
കരുതൽ സമീപനവും ഉൾപ്പെടുന്നു. കറൻസിക്കു ക്ഷാമമുണ്ടെങ്കിൽ മുൻകരുതൽ പ്രവണത പതിവിലേറെ ബലപ്പെടും. അഥവാ
കീശക്കാശ് കരുതിവയ്ക്കാനുള്ള ത്വര കലശലാവും. ബലപ്രയോഗ
ത്തിലൂടെ വരുത്തിയ ബാങ്ക് നിക്ഷേപത്തിന് ആയുസധികമുണ്ടാവില്ലെന്നർത്ഥം. അല്ലെങ്കിൽപ്പിന്നെ പണം പിൻവലിക്കുന്നതി

നുള്ള നിയന്ത്രണങ്ങൾ തുടരണം. എന്താണിതിനർത്ഥം? ഒന്നുകിൽ ഇപ്പോഴത്തെ കനത്ത ബാങ്കു നിക്ഷേപങ്ങൾ ഗണ്യമായി
പിൻവലിക്കപ്പെടും. അല്ലെങ്കിൽ നിയന്ത്രണം വിടാൻ ഭരണകൂടം
ഉടനെങ്ങും തയ്യാറല്ല.
രാജ്യത്തെ അനൗപചാരിക സമ്പദ്‌മേഖലയെയാണ് മോദി
സമാന്തര മേഖല എന്ന് ചാപ്പയടിക്കുന്നത്. 80% തൊഴിലാളികളും
ജീവിതം വച്ചുനടത്തുകയും 45% സാമ്പത്തിക പ്രവർത്തനം നിർ
വഹിക്കപ്പെടുകയും ചെയ്യുന്ന മേഖലയെ ഇത്തരത്തിൽ കണക്കാ
ക്കുന്നതുതന്നെ സമ്പദ്‌വ്യവസ്ഥ സംബന്ധിച്ച അജ്ഞത മാത്രമല്ല
വെളിപ്പെടുത്തുന്നത്; താൻ ഏതു ജനവിഭാഗത്തിന്റെ പക്ഷത്താണെന്ന യാഥാർത്ഥ്യം കൂടിയാണ്.
പ്രധാനമന്ത്രി ഈ ഉഡായിപ്പു പ്രസംഗം വഴി നാട്ടാരുടെ
കണ്ണിൽ വീണ്ടും പൊടിയിടുമ്പോൾ സാക്ഷാൽ റിസർവ് ബാങ്ക്
അനുഷ്ഠിക്കുന്ന വിടുപണി നോക്കാം. നോട്ട് അസാധുവാക്കൽ
ആര്, എങ്ങനെ തീരുമാനിച്ചു എന്ന അടിസ്ഥാന നേര് മറച്ചുവയ്ക്കലാണ് ഈ ദേശീയ സ്ഥാപനത്തിന്റെ പ്രാഥമിക ദൗത്യം. ടി തീരുമാനം പരാജയമല്ലെന്ന് വരുത്താനുള്ള ഗോപ്യതകൾ പരിപാലി
ക്കലാണ് അതിന്റെ അടുത്തപടി. പ്രഖ്യാപനം പരമരഹസ്യമായി
രുന്നു എന്ന പേരിൽ തുടക്കത്തിൽ ഈ നിലപാട് പ്രതീക്ഷിക്കാവുന്നതാണ്. എന്നാൽ അമ്മാതിരി മിന്നൽപ്പരിപാടിയൊക്കെ കഴി
യുകയും രാജ്യം 50 ദിവസത്തിലേറെയായി ദുരിതഫലം അനുഭവിക്കുകും ചെയ്തിരിക്കെ ഇനി ഒരുവിധ രഹസ്യതയുടെയും ആവശ്യമുള്ളതല്ല. പക്ഷെ ടി തീരുമാനത്തിന്റെ മിനുട്‌സ് ഇപ്പോഴും മുക്കി
ത്തന്നെ വച്ചിരിക്കുന്നു. ധനമന്ത്രിയോടോ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനോടോ ചോദിച്ചിട്ടാണോ ഈ മിന്നൽപ്പണി നടത്തിയതെന്ന ചോദ്യത്തിന് റിസർവ് ബാങ്ക് നൽകുന്ന മറുപടിയാണ്
ശ്രദ്ധേയം. ടി ചോദ്യത്തിന് ഉത്തരം തരാൻ വിവരാവകാശ നിയമ
പ്രകാരം സാദ്ധ്യമല്ല. കാരണം, അത് ‘വിവരം’ എന്നതിന്റെ നിർ
വചനത്തിൽപ്പെടുന്നില്ല, മറിച്ച് ‘അഭിപ്രായം’ തിരക്കലാണെന്ന്!
ഒരു ഔദ്യോഗിക പ്രഖ്യാപനത്തിനു മുമ്പു നടത്തിയ/നടത്താതി
രുന്ന ‘കൺസെൽറ്റിംഗി’നെപ്പറ്റിയാണു ചോദ്യം. വ്യക്തമായും
രേഖപ്പെടുത്തേണ്ടുന്ന ഒരു കാര്യം എന്ന നിലയിൽ അത് കേവലമായ വിവരമാണെന്നിരിക്കെ അഭിപ്രായത്തിന്റെ പട്ടികയിലേക്ക്
ഒഴുക്കിവിടുന്ന തരവഴിയാണ് കേന്ദ്രബാങ്ക് ചെയ്യുന്നത്. ഇത് ഒഴി
കഴിവു വകുപ്പുകൾ തരപ്പെടുത്തി ഈ ദേശീയപ്രശ്‌നത്തിന്റെ നിജാവസ്ഥ ജനങ്ങളിൽ നിന്നു മറച്ചുപിടിക്കുന്ന സ്ഥിരംതന്ത്രത്തിന്റെ
തുടർച്ച മാത്രമാണ്. ഉദാഹരണത്തിന്, രാജ്യരക്ഷയും ദേശീയ
സുരക്ഷിതത്വവും പറഞ്ഞ് മിനുട്‌സ് അടക്കം മുക്കിവച്ചിരിക്കുന്ന
റിസർവ് ബാങ്ക് 500, 1000 നോട്ടുകൾ റദ്ദാക്കുന്നതിനു മുമ്പ് ഭരണകൂടം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കൺസെൽറ്റ് ചെയ്തിരുന്നോ,
എങ്കിൽ ആരോടൊക്കെ എന്ന ചോദ്യത്തിന് മറുപടി കൊടുക്കാതിരിക്കാൻ എടുത്തണിഞ്ഞ പടച്ചട്ട നോക്കുക – വിവരാവകാശനിയമത്തിന്റെ 8(1) ജി വകുപ്പ്. വിവരം തരുന്നയാളിന്റെ ജീവരക്ഷയ്ക്കു വേണ്ടിയുള്ള കവചമാണീ വകുപ്പ്. ധനമന്ത്രാലയത്തിൽ/
റിസർവ് ബാങ്കിൽ പണിയെടുക്കുന്ന ഉദ്യോഗസ്ഥരുടെ പേരുവി
വരം പുറത്തുവിട്ടാൽ അവരെ കൊല്ലാൻ ആളിറങ്ങുമോ? നവംബർ 9-19 തീയതിക്കുള്ളിൽ ബാങ്കുകളിൽ വിതരണം ചെയ്യപ്പെട്ട
നോട്ടിന്റെ എണ്ണമെത്ര എന്ന ചോദ്യത്തിനും ഈ ‘ജീവരക്ഷാ’വകുപ്പാണ് റിസർവ് ബാങ്കിന്റെ പരിച. രണ്ടുമാസത്തിനകം 62 ഉത്ത
രവുകളിറക്കി സ്വന്തം വിശ്വാസ്യത പാടേ തകർത്ത ഈ ദേശീയ
സ്ഥാപനം ആരെയോ ഭയപ്പെടുന്നു എന്നല്ലേ ഈ ഗോപ്യതയുടെയെല്ലാം അർത്ഥാപേക്ഷ? അല്ലെങ്കിൽപ്പിന്നെ ഇത്ര വലിയ ഒരു
നടപടി ഭീമമായ പരാജയമാണെന്ന യാഥാർത്ഥ്യം മൂടിവയ്‌ക്കേണ്ട
ആവശ്യം റിസർവ് ബാങ്കിനുണ്ടായിരിക്കണം. അതിന് ഈ നടപടി
റിസർവ് ബാങ്കിന്റെ മാത്രമായിരിക്കണം. അഥവാ അവർക്ക് ഈ
കൃത്യത്തിലെ തുല്യപങ്കാളികളായിരിക്കണം. രാഷ്ട്രീയനേതൃത്വ
ത്തിന് രാഷ്ട്രീയപ്പേരിൽ പല ഗോപ്യതകളും ഉഡായിപ്പുകളുമിറ
ക്കാം. ഒരു ഭരണഘടനാസ്ഥാപനത്തിന് അതിനുള്ള അവകാശമില്ല. വിജയം വരിച്ച നടപടിയുടെ പേരിൽ ആരും ഇത്ര വലിയ
കവറപ്പ് നടത്താറുമില്ല. അപ്പോൾ ഒരു ഭരണഘടനാസ്ഥാപനം
ഒളിച്ചുകളിയും അതാര്യതയും നടത്തുന്നു എങ്കിൽ അർത്ഥം സരളമാണ് – അവരും ഒരു ബിഗ് ബ്രദറിന്റെ സമഗ്രാധിപത്യപരമായ
കല്പനക്കീഴിലാണ്. മോദിഭരണകൂടം ഇങ്ങനെ സകല സ്ഥാപന
ങ്ങളെയും ജനായത്ത പ്രക്രിയകളെയും ഇസ്‌പേഡാക്കി എന്തുകൊണ്ട് ഇമ്മാതിരി ഹിമാലയൻ മഠയത്തരങ്ങൾക്കു തുനിയുന്നു?
അവിടെയാണ് കാതലായ ഐറണി. നോട്ട് അസാധുവാ
ക്കലും തുടർന്നുണ്ടാക്കിയ പണം കയ്യടക്കൽ പരിപാടിയും ഒരു
പരാജയമാകുന്നത് അതിന്റെ ദുരന്തം അനുഭവിക്കുന്ന പൗരാവലിയുടെ കണ്ണിലാണ്. മറിച്ച്, ഈ ട്രാജികോമഡി ആവിഷ്‌കരിച്ച
വിരുതന്മാരുടെ പക്ഷത്തു നിന്നു നോക്കിയാൽ സംഗതി വിജയകരമായ അഭ്യാസമാണ്. വ്യക്തമായി ആസൂത്രണം ചെയ്തു കാർ
ക്കശ്യത്തോടെ നടപ്പാക്കിവരുന്ന ഗൂഢപദ്ധതിയുടെ വിജയം. ഓർ
ക്കുക, ഈ നടപടി തിടുക്കത്തിൽ എടുത്തതല്ല, വിശദമായ പര്യാലോചനകൾക്കു ശേഷം അവലംബിച്ചതാണെന്ന് മോദി നിയോഗിച്ച റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ തുടക്കത്തിലേ
ഒടടപപട ഏടഭ 2017 ഛടളളണറ 08 8
പറഞ്ഞിരുന്നു. എന്താണ് ആ ഗൂഢപദ്ധതി?
രാജ്യത്തെ ബാങ്കുകൾ കൊടിയ ധനക്ഷാമത്തിലായിരുന്നെന്നും കിട്ടാക്കടമാണ് പൊതുമേഖലാബാങ്കുകളുടെ ശരിയായ
‘ആസ്തി’ എന്നും കുറെക്കാലമായി പരസ്യമാണ്. 2016-ൽ ഐഎംഎഫ് റിപ്പോർട്ടുണ്ടായി, ഈ കിട്ടാക്കടവും ഘടന മാറ്റി എഴുതി
വച്ച ആസ്തിവകയും 12.9 ശതമാനത്തിൽ നിന്ന് 14.1 ശതമാനം
എന്ന ഭീമൻസ്ഥിതിയിലേക്ക് വളർന്നിരിക്കുന്നതായി. റിസർവ്
ബാങ്ക് ഡെപ്യൂട്ടി ഗവർണർ മുന്ദ്രയും സമാനമായ കുമ്പസാരം നട
ത്തിയിരുന്നു ബാങ്കുകളുടെ മൊത്തലാഭം മുൻകൊല്ലത്തിൽ
79,465 കോടിയായിരുന്നത് ഇക്കഴിഞ്ഞ കൊല്ലം 32,285 കോടിയായി
കുത്തനെ ഇടിഞ്ഞു. ഈ തകർച്ചയുടെ വ്യക്തമായ തെളിവായി
എല്ലാവരും പറഞ്ഞത് കഴിഞ്ഞ രണ്ടു കൊല്ലമായി ബാങ്കുകൾ
സ്വന്തം കിട്ടാക്കടത്തെ കണക്കുപുസ്തകത്തിലും പ്രവർത്തനശേഷിയിലും അംഗീകരിച്ചുതുടങ്ങി എന്ന വസ്തുതയെയാണ്. എഴുതി
ത്തള്ളൽ പോലുള്ള കണക്കൊപ്പിക്കൽ പരിപാടിയിലല്ലാതെ കുടി
ശ്ശികക്കാരെ പിടിക്കുന്നതിൽ ഭരണകൂടവും തല്പരരല്ല. അതുകൊണ്ടാണല്ലോ കഴിഞ്ഞ മാർച്ച് 28-ന് പുതിയ പാപ്പരത്ത കോഡിറക്കി
മോദിഭരണകൂടം നിലപാടറിയിച്ചതും. വമ്പൻ കുടിശ്ശികക്കാരെ
പിടിക്കില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് കള്ളപ്പണത്തിന്മേൽ വാചകമടി
നടത്തുന്നതായിരുന്നു തുടർനീക്കം. രാജ്യത്ത് ശക്തമായ കള്ളപ്പണപ്രവർത്തനമുണ്ട്. 94% കള്ളപ്പണവും വിദേശത്തോ കാശല്ലാത്ത നിക്ഷേപത്തിലോ ആയി കിടക്കുന്നു. ഇതേസമയം
ബാങ്കിനു പുറത്ത് പണം കിടന്നു കളിക്കുന്നു. അത് തിരികെപ്പി
ടിച്ച് ബാങ്കിനുള്ളിലാക്കണമെങ്കിൽ വിദേശത്തുള്ള കള്ളപ്പണം
പിടിക്കുകയേ വേണ്ടൂ. അതു ചെയ്യാൻ ഉദ്ദേശമില്ലാത്തത് ഭരണസംഘത്തിന് മാത്രമല്ല. മോദിഭരണകൂടം മുൻഭരണക്കാർ തയ്യാറാക്കിയ കള്ളപ്പണക്കാരുടെ പട്ടിക കവറിലൊട്ടിച്ച് സുപ്രീംകോടതിക്കു നൽകി. പേരുവിവരം പുറത്താക്കുന്നത് രാജ്യതാല്പര്യത്തിന്
ഹാനിയുണ്ടാക്കും എന്നു പറഞ്ഞത് സാക്ഷാൽ കോടതിയാണെന്നോർക്കണം! ഇംഗിതം വ്യക്തം. രാജ്യത്തിനകത്തെ പണം (കള്ളപ്പണവും അല്ലാത്തതും) പിടിച്ച് ബാങ്കിലാക്കുക. അങ്ങനെ സംഭരിച്ച പണം കുറെക്കാലത്തേക്ക് കാര്യമായി പുറത്തിറങ്ങാതെ
നോക്കുക. അതിനുവേണ്ടി ഡിജിറ്റൽ പേയ്‌മെന്റും നെറ്റ്ബാങ്കിംഗും വ്യാപിപ്പിക്കുക.
പണം കുന്നുകൂടുമ്പോൾ ബാങ്കുകളുടെ ലിക്വിഡിറ്റി ഗംഭീരതോതിലാവും. ചെറിയൊരു കരുതൽശേഖരം സൂക്ഷിച്ചിട്ട്
ബാക്കിയത്രയും വായ്പയായി വീശാം. നോട്ടുറദ്ദാക്കൽ സമ്പദ്ഘടനയ്ക്കു വരുത്തുന്ന ആഘാതത്തിൽ നിന്ന് അങ്ങനെയാണ് മോച
നമുണ്ടാക്കുക. ഈ തക്കത്തിന് ബാങ്കുകൾക്ക് കിട്ടാക്കടം മൂലമുണ്ടായ വൻതകർച്ച മറികടക്കാം. എന്നുകരുതി അത് എടുപിടീന്ന്
സാധിക്കുകയില്ല. കിട്ടാക്കടം വഴിയുണ്ടായ നഷ്ടം നികത്തിയ
ശേഷമേ ലാഭത്തകർച്ച പരിഹരിക്കാനാവൂ. 2017 സാമ്പത്തികവ
ർഷാവസാനം ഈ ലാഭനഷ്ടക്കണക്ക് ബാങ്കുകൾ തയ്യാറാക്കുമ്പോഴേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാവൂ. ഈ ധനകേന്ദ്രീകരണത്തോടൊപ്പം പലതരം ബാങ്ക്‌ലയനങ്ങളും നടത്തിക്കൊണ്ടേ
പരിഹാരമുണ്ടാക്കാനാവൂ. സ്റ്റേറ്റ്ബാങ്ക് ഇപ്പോൾതന്നെ ലയനനീക്കം നടത്തുന്ന കാര്യമോർക്കുക.
ബാങ്കുകളെ രക്ഷിക്കാൻ വേണ്ട ഈ മൂലധനം എവിടുന്നു
സമാഹരിക്കും എന്നതായിരുന്നു ആദ്യചോദ്യം. ബാങ്കുകളുടെ
ഓഹരിയുടമകൾക്കു നിക്ഷേപിക്കാം, സർക്കാരിനു നിക്ഷേപി
ക്കാം, ദുർബല ബാങ്കുകളുടെ ലയനം വഴി ഒപ്പിക്കാം. അറ്റകൈയ്ക്ക്
ബാങ്കിനെ പാപ്പരായും പ്രഖ്യാപിക്കാം. ഏതായാലും മുങ്ങുന്ന കപ്പലിൽ കാശിറക്കാൻ ആളെ കിട്ടില്ല. ലിക്വിഡേഷൻ പ്രഖ്യാപിക്കാൻ
ചില നിയമാനുസൃത വ്യവസ്ഥകൾ പാലിക്കയും വേണം. ഈ
കളിയിൽ മികച്ച ഡീൽ കിട്ടുക സുരക്ഷിത ക്രെഡിറ്റർമാർക്കു മാത്രമാവും. സാധാരണ നിക്ഷേപകർ സുരക്ഷിത ക്രെഡിറ്റർമാരല്ല
എന്നതാണ് വസ്തുത. ഉദാഹരണത്തിന്, സാദാ നിക്ഷേപകന്
ബാങ്ക് പൊട്ടിയാൽ പരമാവധി കിട്ടുക 1 ലക്ഷം രൂപ മാത്രമാണ്.
അതിനു മുകളിലുള്ള സമ്പാദ്യമത്രയും പൊയ്‌പ്പോവും. ഇന്ത്യ
യിലെ നിയമവ്യവസ്ഥയ്ക്ക് അക്കാര്യത്തിൽ ഒരു ചുക്കും ചെയ്യാനാവില്ല. അഥവാ, സുരക്ഷിതം എന്നു കരുതി പൊതുമേഖലാബാങ്കുകളിൽ നിക്ഷേപിക്കുന്ന പൗരന് ഇപ്പറഞ്ഞ ഒരു ലക്ഷത്തിന്റെ
സുരക്ഷയേ നിലവിലുള്ളൂ എന്നർത്ഥം. അതൊഴിച്ചാൽ ഏത്
ബ്ലേഡ് കമ്പനിക്കും തുല്യമായ നിലവാരത്തിലാണ് നമ്മുടെ ഘനഗംഭീര ബാങ്കുകൾ.
2008-ലെ ആഗോള ബാങ്കിംഗ് പ്രതിസന്ധി മൊത്തം ധനകാര്യ
വ്യവസ്ഥിതിക്കുതന്നെ ഭീഷണിയായല്ലോ. ഉടനെ പൊതുപണം
ഉപയോഗിച്ച് ബാങ്കുകളെ രക്ഷിക്കാനുള്ള മുറവിളിയാണ് ബാങ്ക
ർമാർ ഉയർത്തിയത്. നിരുത്തരവാദപരമായി, താന്തോന്നിത്തം
കാട്ടി തകരുന്ന ബാങ്കുകളെ രക്ഷിക്കാൻ വേണ്ടി നാട്ടാരുടെ കാശുപയോഗിക്കാൻ ആർക്കും അധികാരമില്ല. അന്നുമുതൽ ബാങ്കധി
കാരികളുടെ സംഘടിത ചിന്തയിൽ കാതലായ സമീപനമാറ്റമുണ്ടായി. ബാങ്കുകൾ പരാജയമടയില്ലെന്ന് ഉറപ്പാക്കാൻ ഒരു സംഘമുണ്ടാക്കി – ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോൾഡ് (എഫ്എസ്ബി). ജി 20 ഉച്ചകോടിയിൽ അംഗമെന്ന നിലയ്ക്ക് 2014-ൽ ഇന്ത്യ
ഈ ഏർപ്പാട് അംഗീകരിച്ചു. നാട്ടാരുടെ ചെലവിൽ ബാങ്കുകളെ
ശാശ്വതമായി രക്ഷിച്ചു പുലർത്തുന്ന ഈ പുതിയ അന്താരാഷ്ട്ര
ശൈലി നടപ്പാക്കാൻ വേണ്ട നിയമപരമായ വ്യവസ്ഥാഘടന
ഇന്ത്യയിലില്ല. അതുണ്ടാക്കാനുള്ള നീക്കമായി അടുത്തത് – ഫിനാ
ൻഷ്യൽ റെസൊല്യൂഷൻ ആന്റ് ഡെപ്പോസിറ്റ് ഇൻഷുറൻസ്
ബിൽ. ടി നിയമം ഉണ്ടാക്കാൻ വേണ്ട ശുപാർശ സമർപ്പിക്കാനായി
ധനമന്ത്രാലയം ഒരു സമിതിയെ വച്ചിരുന്നു. ഇക്കഴിഞ്ഞ സെപ്തംബർ 21-ന് സമിതി റിപ്പോർട്ട് നൽകി. പുതിയ അന്താരാഷ്ട്ര ശൈലി
പ്രകാരമുള്ള ഫിനാൻഷ്യൽ റെസൊല്യൂഷൻ ആന്റ് ഡെപ്പോസിറ്റ്
ഇൻഷുറൻസ് കോർപറേഷൻ (എഫ്ആർഡിഐസി) രൂപപ്പെടു
ത്താനാണ് സമിതിയുടെ പ്രാഥമിക ശുപാർശ. ടി കോർപറേഷന്റെ
അധികാരങ്ങൾ പരമ രസകരമാണ്. ഉദാഹരണമായി, ഒരു ബാങ്ക്
പൊട്ടുമെന്ന നില വന്നാലുടൻ കോർപറേഷന് ഇടപെടാം.
എന്നിട്ട് ബാങ്കിനെ മറ്റൊരു ധനസ്ഥാപനത്തിന് വിൽക്കുകയോ,
നിക്ഷേപകരുടെ കാശെടുത്ത് വിനിയോഗിക്കുകയോ എന്തും
ചെയ്യാം. പ്രത്യക്ഷത്തിൽ നിരുപദ്രവമെന്നു തോന്നിക്കുമെങ്കിലും,
ഫലത്തിൽ ഈ കോർപറേഷൻ റിസർവ് ബാങ്കിന്റെ മേൽനോട്ട
ച്ചുമതല കുറുകെ വെട്ടി സ്വയം പരമാധികാരിയാവുകയാണ്. റിസ
ർവ് ബാങ്ക് ചട്ടപ്രകാരം ഏത് സന്ദർഭത്തിലും നിക്ഷേപകനെ
സംരക്ഷിക്കേണ്ടതുണ്ട്. എന്നാൽ പുതിയ കോർപറേഷന്
ബാങ്കിനു വേണ്ടി അതിന്റെ നിക്ഷേപകനെ ബലി കൊടുക്കാം.
ഏറ്റവും നിർണായകമായ ഘടകം, ബാങ്ക് എങ്ങനെ പൊട്ടുന്നു,
അതിന്റെ പ്രവർത്തനവൈകല്യം എന്തുകൊണ്ടുണ്ടായി എന്നതൊന്നും ഈ പുതിയ സംവിധാനത്തിന് പ്രശ്‌നമല്ലെന്നതാണ്.
അഥവാ, ബാങ്ക് എന്ത് തരികിടയോ താന്തോന്നിത്തമോ കാട്ടി
അവതാളത്തിലായാലും ബലിയാടാവുക നിക്ഷേപകർ മാത്രം.
ഈ പുതിയ നിയമം പ്രാബല്യത്തിലാകണമെങ്കിൽ സംഗതി പാർ
ലമെന്റിൽ അവതരിപ്പിക്കണം, പാസാക്കിയെടുക്കണം. അതുവരെ
ബാങ്കുകളെ രക്ഷിക്കാൻ നാട്ടാരുടെ കാശിനു വിലങ്ങു വച്ചതിന്റെ
പൊരുൾ പറയാൻ ഭരണകൂടത്തിന് കഴിയില്ല. അതുകൊണ്ടാണ്
നരേന്ദ്ര മോദി പാർലമെന്റിൽ വാ തുറക്കാതിരുന്നത്. തെരുവിൽ
വീരവാദം മുഴക്കിയാൽ അവകാശലംഘനപ്രമേയം വരില്ലല്ലോ.
ആറുലക്ഷം ഇന്ത്യയിൽ ബാങ്കുകളുടെ കിട്ടാക്കടം. അത് അമു
ഒടടപപട ഏടഭ 2017 ഛടളളണറ 08 9
ക്കിയ കോർപറേറ്റുകൾക്ക് ഒത്താശ ചെയ്യുന്ന ദല്ലാൾസംഘമാണ്
രാജ്യസ്‌നേഹത്തിന്റെ മൈക്കു വച്ച് ഭരണകൂടത്തിൽ കയറിയിരിക്കുന്നത്. സ്വാഭാവികമായും സ്വന്തം യജമാനന്മാരെ സംരക്ഷിക്കാൻ
അവർ പദ്ധതിയിടുന്നു. ആയതിന്റെ ഭംഗിയായ നടത്തിപ്പിന് ജനതയെ ബന്ദിയാക്കുന്നു. ബന്ദിക്കു മുന്നിൽ ‘കള്ളപ്പണ’കഥകളുടെ
പുകമറ തീർക്കുന്നു. വിലങ്ങു വീണിരിക്കുന്നത് ദൈനംദിന സാമ്പ
ത്തിക പ്രവർത്തന സ്വാതന്ത്ര്യത്തിനാണെന്ന ലളിതമായ
നേരിനെ രാജ്യസ്‌നേഹത്തിന്റെ വ്യാജ റെട്ടറിക്കിൽ മുക്കിവയ്ക്കുന്ന
തന്ത്രത്തിന് പ്രമുഖ കാവൽനായ്ക്കൾ വാലാട്ടുന്നു. സാമ്പത്തിക
അടിയന്തിരാവസ്ഥയിൽ നിന്ന് രാഷ്ട്രീയ അടിയന്തിരാവസ്ഥയി
ലേക്ക് വലിയ ദൂരവും ടിക്കറ്റുകാശുമില്ലെന്ന നേര് ഈ കുശ്മാണ്ഡ
ങ്ങൾക്കെങ്ങനെ തിരിയാൻ.