ജോജോ തോമസ് എം.പി.സി.സി. സെക്രട്ടറി

മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എം.പി.സി.സി.) സെക്രട്ടറിയായി മുംബയിലെ സാമൂഹ്യ പ്രവർത്തകൻ ജോജോ തോമസിനെ തിരഞ്ഞെടുത്തു. എം.പി.സി.സിയിലെ ഏക മലയാളി അംഗമാണ് പയ്യന്നൂർ സ്വദേശിയായ ജോജോ തോമസ്.

എം.പി.സി.സി പ്രസിഡന്റും മുൻ മഹാരാഷ്ട്ര മുഘ്യമന്ത്രിയുമായ അശോക് ചാവാനാണ് എ.ഐ.സി.സി. അംഗീകാരത്തോടെ ജോജോയെ നിയമിച്ചത്.

സ്കൂൾ പഠനകാലം മുതൽ കെ.എസ.യുവിന്റെ സജീവ പ്രവർത്തകനായിരുന്ന ജോജോ തോമസ്, യൂണിറ്റ് ജനറൽ സെക്രട്ടറി, പയ്യന്നൂർ കോളേജ് യൂണിറ്റ് പ്രസിഡന്റ്, യൂണിയൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ദക്ഷിണ മുംബൈ ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചുവരുന്നതിനിടയിലാണ് അദ്ദേഹത്തെ ഇപ്പോൾ എം.പി.സി.സി. സെക്രട്ടറിയായി തിരഞ്ഞെടുത്തിട്ടുള്ളത്.

2011 -മുതൽ ഓൾ മുംബൈ മലയാളീ അസോസിയേഷൻ എന്ന സംഘടനയുടെ സാരഥിയായി മുംബൈ സാമൂഹ്യ രംഗത്ത് സജീവ സാന്നിധ്യമാണ് ജോജോ തോമസ്. മുംബൈ മലയാളം മിഷൻ, കേരള സംഗീത നാടക അക്കാഡമി പശ്ചിമ മേഖല കമ്മിറ്റി എന്നീ സംഘടനകളിലും അംഗമാണ്.

എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മഹാരാഷ്ട്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മല്ലികാർജുൻ ഖാർഗെ, അശോക് ചവാൻ എന്നിവരോട് പ്രത്യേകം നന്ദി പറയുന്നതായി ജോജോ തോമസ് അറിയിച്ചു.