അനുപമ എലിയാസ്: ആത്മാന്വേഷണത്തിന്റെ ചിത്രങ്ങൾ

ദേവൻ മടങ്ങർളി

”കണ്ണാടി
ഏറ്റവും കൂടുതൽ
പതിപ്പുകളിറങ്ങിയ
ബെസ്റ്റ് സെല്ലർ
ഓരോ വീട്ടിലും
ഒന്നിലധികം കോപ്പികളുള്ള
നിത്യപാരായണ ഗ്രന്ഥം
ബൈബിളിനേക്കാൾ
സ്‌തോത്രം ചെയ്യപ്പെട്ട
ഉത്തമ ഗ്രന്ഥം.”

കൽപറ്റ നാരായണന്റെ ‘ഛായാഗ്രഹിണി’ എന്ന കവിതയിലെ
ഈ വരികളിലൂടെ അനുപമ എലിയാസ് എന്ന ചിത്രകാരിയുടെ
ചിത്രങ്ങളിൽ പ്രവേശിക്കുമ്പോൾ കണ്ണാടിയിൽ തന്റെതന്നെ ഛായയിൽ കാണുന്ന സ്ത്രീജീവിതത്തിന്റെ ആന്തരികവ്യഥകളുടേയും ആത്മാന്വേഷണങ്ങളുടേയും ചിത്രദൃശ്യങ്ങളാണ് നമ്മൾ കാണുന്നത്. നമ്മെ നിരന്തരം നവീകരിക്കുവാൻ പ്രാപ്തമായ കണ്ണാടി എന്ന രൂപകത്തിൽ കാണുന്ന സ്വന്തം ഛായാചിത്രങ്ങളിലൂടെ
അവനവനിലേക്ക് നോട്ടമെറിഞ്ഞ് അതിലൂടെ തിരിച്ചറിവു നേടി,
കണ്ടുകിട്ടുന്ന അപൂർവ നിമിഷങ്ങളെ അനുപമ ചിത്രങ്ങളാക്കി
മാറ്റുന്നു.

1990-ൽ അങ്കമാലിയിൽ ജനിച്ച അനുപമ എലിയാസ്, അമ്മയുടെ കൈവേലകളും അച്ഛന്റെ ചിത്രംവരകളും കണ്ടാണ് വളർ
ന്നത്. പ്രാഥമിക വിദ്യാഭ്യാസാനന്തരം തൃപ്പുണിത്തുറ
ആർ.എൽ.വി. കോളേജ് ഓഫ് ആർട്ടിൽ നിന്ന് 2014-ൽ അപ്ലൈഡ് ആർട്ടിൽ ബിരുദാനന്തരബിരുദമെടുത്ത് പുറത്തിറങ്ങി. പിന്നീ
ട് തന്റെ ഉള്ളിൽ ഉറങ്ങിക്കിടന്നിരുന്ന ചിത്രങ്ങളുടെ വിളി കേട്ട്,
2016-ൽ ഹൈദരാബാദിലെ എസ്.എൻ. സ്‌കൂൾ ഓഫ് ആർട്ട്
ആൻഡ് കമ്മ്യൂണിക്കേഷനിൽ നിന്ന് ചിത്രകലയിൽ മാസ്റ്റേഴ്‌സ്
എടുത്തു. ഇപ്പോൾ അങ്കമാലിയിൽ, തന്റെ സ്റ്റുഡിയോവിൽ ചി
ത്രരചനയുമായി കഴിയുന്നു.

അനുപമയുടെ ചിത്രങ്ങളെല്ലാം ആത്മസംഘർഷങ്ങളുടെ ആവിഷ്‌കാരങ്ങളാണ്. ചിത്രങ്ങളിൽ വരുന്ന കഥാപാത്രങ്ങളെല്ലാം
അനുപമതന്നെയാണ്. അല്ലെങ്കിൽ തന്റെ അനുഭവപരിസരത്തുവരുന്ന മറ്റു സ്ത്രീകളുടെ വേദനകളും വ്യഥകളും തന്നിലൂടെ പ്രകടിപ്പിക്കുകയുമാവാം. വാച്യാർത്ഥം ധ്വനിപ്പിക്കുന്ന ചിത്രങ്ങൾ
ക്കുള്ളിലേക്ക് യാത്ര ചെയ്യുമ്പോൾ അത് വ്യംഗ്യാർത്ഥമായി മാറുന്നതായി കാണാം. കാഴ്ചക്കാരനെ ചില പ്രത്യേക വഴികളിലൂടെ
നടത്തിച്ച് ചില ദൃശ്യങ്ങളിലൂടെ അവരെ ഉള്ളിലേക്ക് നോക്കുവാൻ
പ്രേരിപ്പിക്കുന്നു, ചിത്രകാരി തന്റെ ചിത്രങ്ങളിലൂടെ.
രോഹിത് വെമുലയുടെ പോലുള്ള ചില അനുഭവങ്ങളിൽ ഇടപെട്ടുകൊണ്ട് പ്രകടനകലകളും ചെയ്തിട്ടുണ്ടെങ്കിലും, അതല്ല വഴി എന്നു തിരിച്ചറിഞ്ഞുകൊണ്ട് പറയാനുള്ളത് ചിത്രങ്ങളിലൂടെ
ത്തന്നെ പ്രകടിപ്പിക്കുന്നു. ക്രിസ്ത്യൻ മതചിഹ്നങ്ങളിലൂടെയും മറ്റു ചില ചിഹ്നസൂചകങ്ങളിലൂടെയും താനടങ്ങുന്ന സ്ത്രീസമൂഹം
അനുഭവിക്കുന്ന സഹനങ്ങളുടെ ചിത്രങ്ങൾ ജലച്ചായത്തിലൂടെ,
നനുത്ത ജലസ്പർശത്താലെന്ന പോലെ, കടലാസിൽ ചിത്രങ്ങൾ
നെയ്‌തെടുക്കുന്നു.

നെയ്‌തെടുക്കുന്നു എന്നു പറയുവാൻ കാരണം, അത്രയധി
കം സൂക്ഷ്മതയോടെയാണ് അനുപമ ചിത്രങ്ങളോരോന്നും ചെ
യ്യുന്നത്. ജലച്ചായത്തിന്റെ നേർമയേറിയ ചായത്തേപ്പിലൂടെ വളരെ സൂക്ഷ്മമായി, സവിസ്തരമായി, വസ്ത്രങ്ങളുടെ ചുളിവുകൾ
പോലും ഇങ്ങനെയാണല്ലോ എന്നു തോന്നിപ്പിക്കുമാറ് ചിത്രത്തി
ലെ വിശദാംശങ്ങൾ അതിഗംഭീരമായാണ് അനുപമ വരച്ചിടുന്നത്. നിലത്തു വിരിച്ചിട്ടിരിക്കുന്ന കടലാസിനു മുന്നിൽ കുന്തിച്ചിരുന്ന് വരയ്ക്കുന്ന ചിത്രകാരി സ്ഥലകാല വിസ്മൃതിയിൽ ലയിച്ചുപോകാറുണ്ട്. ഒറ്റയ്ക്കിരുന്ന് ഇങ്ങനെ വരയ്ക്കുന്ന അനുപമ തന്റെ മനസ്സിനേയും അതിൽ ഉൾപ്പെടുത്തുന്നു. ഇങ്ങിനെ ചെയ്യുന്ന ഓരോ ചിത്രങ്ങളിലൂടെയും ആത്മബോധത്തിലേക്കും ധ്യാന
ത്തിലേക്കും നടന്നുനീങ്ങുകയാണ്, അനുപമ. സ്വാനുഭവനിഷ്ഠമായ ആത്മകഥനങ്ങളാണ് പൊതുവെ ചിത്രങ്ങളെല്ലാം. ചെടികളും മരങ്ങളും വള്ളികളും പൂക്കളും മൃഗങ്ങളും മറ്റ് അനേകം
സൂക്ഷ്മജീവികളും വ്യത്യസ്തങ്ങളായ അർത്ഥതലങ്ങളിൽ ചിത്ര
ങ്ങളിൽ അണിനിരക്കുന്നു.
അനുപമയുടെ ഓരോ ചിത്രങ്ങളെടുത്തും ഞാൻ വിശകലനം
ചെയ്യുന്നില്ല. കാരണം, ചിത്രങ്ങളോരോന്നും ഒന്നിനോടൊന്നു തുടർച്ചകളാണ്, ചേർന്നുനിൽക്കുന്നവയാണ്. ചില ചിത്രങ്ങൾക്ക് തലവാചകങ്ങൾ കൊടുത്ത് വിശദീകരിച്ചിട്ടുണ്ടെങ്കിൽ പോലും വി
ശകലനങ്ങൾക്കതീതമല്ല എന്നല്ല ഞാൻ പറയുന്നത്. ചിത്രംതന്നെ
സ്വയം വിശദീകരിക്കുകയാണല്ലോ ചെയ്യുന്നത്. ഇടയ്‌ക്കൊന്നു
പറയട്ടെ, സ്വയം ഒരു വൃക്ഷമായി നിൽക്കുന്നൊരു ചിത്രമുണ്ട്. പടർന്നു പന്തലിച്ച് നിൽക്കുന്നൊരു ചിത്രം. ചിത്രകാരിയുടെ സ്റ്റുഡി
യോയ്ക്ക് പുറത്തുള്ള ഒരു വലിയ മാവിനെ ഓർമിപ്പിക്കുന്നത്.
വൃക്ഷച്ചുവടുകൾ ധ്യാനകേന്ദ്രങ്ങളാണ്. ധാരാളം പക്ഷിമൃഗാദി
കളുടെ ആവാസകേന്ദ്രം കൂടിയാണ് വൃക്ഷചുവടുകൾ. പ്രകൃതി
യും മനുഷ്യനും തമ്മിൽ അഭേദ്യമായൊരു കൊടുക്കൽ വാങ്ങൽ
നടക്കുന്നുണ്ടെന്നു കാണുന്നതാണതിന്റെ സൗന്ദര്യം. അനുപമയ്ക്ക് ചിത്രംവര ഒരു ധ്യാനംതന്നെയാണ്. ബുദ്ധപഥങ്ങളിലേ
ക്കുള്ള യാത്രകളും ഇത്തരം ധ്യാനങ്ങളിൽ നിന്നാണ് ഉരുവം കൊള്ളുന്നത്.
അനുപമയുടെ ചിത്രങ്ങളുടെ മറ്റൊരു പ്രത്യേകത, ചുറ്റും നട
ക്കുന്ന സംഭവവികാസങ്ങളോട് തന്റെ ചിത്രങ്ങളിലൂടെ പ്രതികരിച്ചു കൊണ്ട് ബോഡി – പൊളിറ്റിക്‌സിന്റെ (ഠമഢസയമഫധളധഡല) തല
ത്തിലേയ്ക്ക് ചിത്രങ്ങളെ മാറ്റുന്നു എന്നുള്ളതാണ്. നേർമയേറി
യ വസ്ത്രത്തിനുള്ളിലൂടെ കാണുന്ന ശരീരഭാഗങ്ങൾ ജലച്ചായ
ത്തിന്റെ നേർത്ത ചായത്തേപ്പിലൂടെ ദൃശ്യവത്കരിച്ച്, അതിലൂടെ
തന്റെ ശരീരത്തെ രാഷ്ട്രീയവത്കരിച്ചിരിക്കുന്നു. അതേസമയം വ
സ്ര്തങ്ങൾക്കുള്ളിലൂടെയുള്ള ഈ ശരീരവർണനകൾ നമ്മുടെ എല്ലിനും തോലിനും കീഴെ ആഴത്തിലുള്ള ആന്തരികജീവിതത്തെ
അന്വേഷിക്കുവാനുള്ള ശ്രമങ്ങൾ കൂടിയാണ്.
മറ്റു മാധ്യമങ്ങൾ ഉപയോഗിച്ചും അനുപമ ചിത്രങ്ങൾ ചെയ്യാറുണ്ട്. പൂവ്, ഇല, കായ, പഞ്ഞി, മുള്ളുകൾ, കടലാസുകഷ്ണ
ങ്ങൾ, അലങ്കാര തുണികൾ, തുടങ്ങി തന്റെ ചിത്രങ്ങൾക്കാവശ്യ
മുള്ളതെല്ലാം ചിത്രകാരി കണ്ടെത്തുന്നു. ചില ചിത്രങ്ങളിൽ വാ
ക്കുകൾ വാചകങ്ങളായി, കവിതകളായി, രൂപാന്തരം പ്രാപിച്ച് ചി
ത്രങ്ങളോട് ചേർന്നുനിൽക്കുന്നതായി കാണാം. ചിലപ്പോൾ അത് സ്വന്തം വ്യക്തി ജീവിതാനുഭവങ്ങൾ വാക്കുകളാക്കി ചിത്രങ്ങ
ളിൽ ചേർത്തുവയ്ക്കുന്നതാവാം. എന്നാൽ താനെന്ന ഒറ്റ വ്യക്തി
യെ കുറിച്ചല്ല, സ്ത്രീ എന്ന സമഷ്ടിസ്വത്വത്തെക്കുറിച്ചാണ് തന്റെ
ഈ പരീക്ഷണാത്മക ചിത്രങ്ങളിലൂടെയും അനുപമ സംസാരിക്കുന്നത്.
തുടർച്ചയായ വരധ്യാനത്തിലൂടെ, അനുശീലനത്തിലൂടെ, വായനയിലൂടെ, നിരന്തരം പുതുക്കിക്കൊണ്ടിരിക്കുകയാണ്, അനുപമ. ഭൂതകാലത്തിൽ വേരുകൾ താഴ്ത്തികൊണ്ട് ശിഖരങ്ങൾ മാനത്തേയ്ക്കുയർത്തിക്കൊണ്ട്, ആറ്റൂർ രവിവർമ ‘പിറവി’യിൽ എഴുതിയതു പോലെ, ‘ചില്ലകൾ കൊണ്ട് തപ്പുകയും വേരുകൾ കൊണ്ട് തേടുകയും’ ചെയ്യുന്നു.