കടൽത്തീരമാലയുടെ ഹുങ്കാരത്തിലേക്ക് നീളുന്ന …

രാജീവ് ജി. ഇടവ

അവൾ പറയുന്നതിനോടൊന്നും വ്യാസിന് ആദ്യം യോജിക്കാനായില്ല. മാനസികമായി അവൾ തളരുന്നുവെന്ന തോന്നലുണ്ടായപ്പോഴാണ് ആ വിഷയം ഗൗരവത്തിലെടുത്തത്. എന്നിട്ടും അവൾ പറഞ്ഞത് അംഗീകരിക്കാനാകാതെ തന്റെ മനസ്സിലുളളത് വ്യാസ് അവതരിപ്പിച്ചു.

പ്രതീക്ഷിക്കാത്തതാണ് പിന്നീടുണ്ടായത്. അവൾ സമ്മതം മൂളി. വിശ്വാസം വന്നില്ല. സന്തോഷാധിക്യത്തിൽ അവളുടെ ചുണ്ടിലൊന്നമർത്തി ചുംബിക്കണമെന്നു തോന്നി. സാഹചര്യം നനഞ്ഞതായതുകൊണ്ട് ആ ഉദ്യമത്തിനു മുതിർന്നില്ല. ആരോടും ഒന്നും പറഞ്ഞില്ല.

അല്ലെങ്കിലും പ്രത്യേകിച്ചാരും അങ്ങനെയില്ല. അവസാനമായി കണ്ട ഡോക്ടർ
ചന്ദ്രമോഹനെ അവർക്ക് വിശ്വാസമായിരുന്നു. അദ്ദേഹത്തിന്റെ പൂർണ പിന്തുണയുണ്ട്. സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റിട്ടാലോയെന്നായിരുന്നു ആദ്യവിചാരം. പിന്നീട് വേണ്ടെന്നുവച്ചു. അതൊരു ആഘോഷമാക്കും. ഒരു വിഷയം കിട്ടാനായി കാത്തിരിക്കുന്നവരാണ് ആ പ്രതലത്തിലെ പ്രാണികൾ. വിചാരിച്ചതു
പോലെ അനായാസമായിരുന്നില്ല ഏറ്റെടുത്ത ദൗത്യം. ഡോക്ടർ ചന്ദ്രമോഹൻ പറഞ്ഞതുപോലൊരു സ്ത്രീയെ കിട്ടാൻ കുറെ അലഞ്ഞു. ഒരു വെല്ലുവി
ളിതന്നെയായിരുന്നു. എല്ലാം രഹസ്യമായിതന്നെ വേണമെന്നുള്ളത് നടപ്പായി
ല്ല. കൂടെ ജോലി ചെയ്ത് റിട്ടയർമെന്റായി പോയവരെയും ട്രാൻസ്ഫറായി പോയവരെയുമൊക്കെ വിളിക്കേണ്ടി വന്നു.

എന്നിട്ടും വെളിപ്പെടുത്തിയില്ല തനിക്കുവേണ്ടിയിട്ടാണെന്ന്. ഒരു ഡോക്ടർ സുഹൃത്തിന്റെ നിർദേശപ്രകാരമാണ് ഈ അന്വേഷണം. വിശ്വസിപ്പിക്കാൻ കുറെ ബുദ്ധിമുട്ടി. ദിലിയോട് അതൊക്കെ പങ്കുവച്ചു. പക്ഷേ തെളിച്ചമില്ലാത്തൊരു ചിരി മാത്രമുണ്ടായി. നിരാശയിൽ ഒരു സിഗരറ്റിന് തീകൊടുത്തു. അവൾക്ക് എന്താണ് സംഭവിക്കുന്നത്. മനസ്സിലാക്കാനാകാതെ വ്യാസ് വിഷമിച്ചു. അതേക്കുറിച്ച് ചോദിച്ചപ്പോൾ, ”വ്യാസ് എന്താ എന്നെ മനസ്സിലാക്കാത്തത്. ഞാൻ അനുഭവിക്കുന്ന വേദന…” കൂടുതലൊന്നും ചോദിക്കാൻ പിന്നീട് മെനക്കെട്ടില്ല. ദിലിക്ക് പറ യണമെന്നുണ്ടായിരുന്നു ഒരു പുരുഷനും അത് മനസ്സിലാക്കാനാകില്ലെന്ന്. ഒരമ്മയാകാനുളള ത്വര അറിയണമെങ്കിൽ പെണ്ണായിതന്നെ ജനിക്കണം. അതൊരുതരം വികാരമാണ്. പത്തുമാസം ഉദരത്തിൽ ഒതുക്കി, അന്നേരം അനുഭവിക്കുന്ന വേദനയുള്ളൊരു സുഖവും പ്രസവും പ്രസവാനന്തര മുലയൂട്ടലും. അതൊക്കെ അനുഭവിച്ചുതന്നെ അറിയണം. ഒരു പുരുഷന് അതിനാകില്ല. ദിലി അങ്ങനെയൊന്നും അവനോട് പറഞ്ഞില്ല. കാരണം അവനെന്നും ദി ലിയുടെ ഉദരത്തിൽ ചലനങ്ങളുണ്ടാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഇന്നും അത് തുടരുന്നു. അതിനു വേണ്ടി ദിലിയും നിശബ്ദമായി അവനൊപ്പം സഞ്ചരിച്ചു. ഡോക്ടർമാർക്കു മുന്നിൽ പ്രതീക്ഷയുമായി ഇരുന്നു. നിരവധി ടെസ്റ്റുകൾ നടത്തി. എന്നിട്ടും അനക്കം മാത്രം അക
ന്നു നിന്നു.

മടുത്തപ്പോഴാണ് അവൾ ആ നിർദേശം മുന്നോട്ടു വച്ചത്. ഒരനാഥലയത്തിൽ നിന്ന് ദത്തെടുക്കാം.

വ്യാസിലൊരു ഞെട്ടലാണുണ്ടായത്. അന്നു രാത്രി ബെഡ്‌റൂമിൽ സിഗററ്റുകുറ്റികളുടെ എണ്ണം കൂടി. വിലക്കിയില്ല. പുകച്ച് തള്ളട്ടെ. എരിഞ്ഞു തീരുന്നത് ഉള്ളിലടക്കി വച്ച വിഷമമാകും. പറഞ്ഞത് തിരിച്ചെടുക്കാനാവില്ല. അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നൊരു തോന്ന
ലുണ്ടായപ്പോൾ വ്യാസിനെ ചേർത്തുപിടിച്ച് കുറ്റസമ്മതം നടത്തി.

അന്നേരമാണ് തന്റെ ഉള്ളിൽ മുറുകിയിരുന്ന കെട്ട് വ്യാസ് അഴിച്ചത്. എന്തു മിണ്ടാനാണ്.
വ്യാസ് പറഞ്ഞത് നേരാണ്. അംഗീകരിക്കാതിരിക്കാനാവില്ല. ഒരമ്മയാകാനുളള ദിലിയുടെ ആഗ്രഹം പോലെതന്നെയാണ് സ്വന്തം ബീജത്തിലൊരു കുഞ്ഞുമതിയെന്ന വ്യാസിന്റെ ആഗ്രഹവും. കാലമേറെയായി ഒരുമിച്ച ജീവിക്കാൻ തുടങ്ങിയിട്ട്. എന്നാൽ ഉദരചലനം മാത്രമുണ്ടായില്ല. ആ മോഹം ബാക്കിനിൽക്കുന്നതിൽ വ്യാസിന് തന്നോട് വെറുപ്പുണ്ടാകുമോ? അത്തരത്തിലാണ് ദിലിയുടെ ചിന്ത വളർന്നത്. അതേക്കുറിച്ചൊരു സൂചനപോലും വ്യാസ കൊടുത്തിട്ടില്ല. എന്നും, എന്തിനും ആശ്വാസവാക്കുകൾ മാത്രം. ദിലിയുടെ സങ്കടം കടലോളം വലുതാണ്. ഗർഭം താങ്ങാൻ ശേഷിയില്ലാത്തൊരു ഗർഭപാത്രമാണ് തനിക്കുളളതെന്നോർക്കുമ്പോൾ.

ഡോക്ടർ ചന്ദ്രമോഹനാണ് ആ വെളിപ്പെടുത്തൽ നടത്തിയത്. അതിനു ശേഷം ആത്മഹത്യയെ കുറിച്ചു വരെ ചിന്തിച്ചു. അതിനുവേണ്ടി തയ്യാറെടുപ്പുകൾ നടത്തി. അന്നേരം വ്യാസായിരുന്നു മുന്നിൽ. ഈ ലോകത്ത് അവൻ ഒറ്റപ്പെട്ടുപോകും. ഒരുപാട് കാലത്തെ പ്രണയാന്ത്യമാണ് വി
വാഹം. കൊട്ടും കുരവയും ആർഭാടങ്ങളൊന്നുമില്ലാതെ രജിസ്റ്ററോഫീസിന്റെ ഇടുങ്ങിയ മുറിയിൽ വ്യാസിന്റെ ഓഫീസ് സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ ജീവിതത്തിലേക്ക് ഇറങ്ങിത്തിരിച്ചു.

എതിർപ്പുകളെ നേരിടേണ്ടി വന്നു. വ്യാസിന്റെ ബന്ധുക്കൾക്കായിരുന്നു എതിർപ്പിൽ മുൻതൂക്കം. ദിലിക്കൊരു അനുജത്തിയുളളതു കാരണം അവരുടെ ഭാഗത്ത് നിന്ന് കൂടുതലൊന്നുമുണ്ടായില്ല.
നിനക്ക് നല്ലതെന്നു തോന്നുന്നത് ചെയ്യുക. അച്ഛൻ വെട്ടിത്തുറന്നു പറഞ്ഞു. ഈ ലോകത്ത് ആരും ആർക്കും സ്വന്തമല്ല. അത് നീതെളിയിച്ചു. ഒരു കാര്യം മാത്രം.
ഇനി ഈ വീട്ടിലേക്കുളള വഴി ഓർക്കാതിരിക്കുക.

കഥകളിലൊക്കെ വായിച്ചിട്ടുളളതുപോലെ പടിയടച്ച ് പിണ്ഡം വയ്ക്കുന്നതിനു സമം.
ആർഭാടങ്ങളൊന്നുമില്ലാത്തൊരു ജീവിതമാണ് അവർ ആഗ്രഹിച്ചത്. യാതൊരു തടസ്സങ്ങളുമില്ലാതെ അത്തരത്തിലൊരു ജീവിതവുമായി അവർ മുന്നേറി. ഒന്നരവർഷത്തിനു ശേഷമാണ് സംസാരത്തിനിടയിൽ ‘നമുക്കും വേണ്ടേടോ ഒരു കുഞ്ഞ്’ വ്യാസിൽ നിന്ന് അ
ത്തരമൊരു ചോദ്യമുണ്ടായത്.

സത്യത്തിൽ അങ്ങനെയൊരു ചിന്ത ദിലിയിൽ അതുവരെ ഉണ്ടായിരുന്നില്ല. ഒരു കുഞ്ഞ്. അത് ഏതൊരു ദമ്പതികളുടെയും മോഹമാണ്. പക്ഷേ തങ്ങളുടെ കാര്യത്തിൽ ഇത്രയേറെ വൈകിയതെന്തേയെന്ന ചോദ്യം ദിലിയിൽ അന്ന് ആദ്യമായി ഉണ്ടായി. വൈകി മതിയെന്നുളള തീരുമാനം അവരെടുത്തിരുന്നതുമില്ല. ഒന്നര വർഷം.

ദിലിയുടെ ചങ്ക് പിടച്ചു. ഒരു ഡോക്ടറെ കണ്ടാലോയെന്ന നിർദേശം മുന്നോട്ടു വച്ചത് അവളാണ്. കേൾക്കാൻ വേണ്ടി കാതോർത്ത് നിന്നവനെേപ്പാലെയായിരുന്നു വ്യാസിന്റെ തുടർ
ന്നുള്ള പെരുമാറ്റം പ്രശസ്ത ഗൈനക്കോളജിസ്റ്റിനെതന്നെ കണ്ടു. മൂന്നുമാസത്തെ ചികിത്സ.
എന്നാൽ അവർക്ക് തെറ്റി. മൂന്ന് എന്നത് ആറ് മാസത്തോളം നീണ്ടു. മറ്റൊരു ഡോക്ടറെ കണ്ടാലോയെന്ന നിർേദശം മുന്നാട്ടുവച്ചത് അവളാണ്. പിന്നീട് അത് തുടർന്നു. അവസാനമെത്തിയത് ഡോക്ടർ ചന്ദ്രമോഹനു മുന്നിൽ. അദ്ദേഹമാണ് ദിലിയുടെ ഗർഭപാത്രത്തിന്റെ പോരായ്മ കണ്ടെത്തിയത്. ആ നിമിഷം അവൾ ഒരപരാധബോധത്തിലേക്ക് കൂപ്പുകുത്തി.

വ്യാസ് ഓഫീസിലേക്ക് പോയിക്കഴിഞ്ഞാൽ അവശേഷിക്കുന്ന പകൽ വീട്ടുജോലികളിലും ബാക്കി സമയം ചാനലുകളിലായും ചെലവഴിക്കും. എന്നാൽ കുറച്ചു ദിവസങ്ങളായി തന്നോടുതന്നെ അവൾക്ക് നീരസം തോന്നി. വേണ്ടാത്ത ചിന്തകളിൽ ചെന്നു പെട്ടു പോകുന്നു.
അതേക്കുറിച്ച് പറഞ്ഞ് വ്യാസ് ശാസിച്ചു. മുഷിഞ്ഞു. അവൾക്ക് സങ്കടം തോന്നി;
അവനെയോർത്ത്. നേരത്തെയൊക്കെ വൈകുന്നേരങ്ങളിൽ ഓഫീസിൽ നിന്ന് ക്ഷീണിതനായി വരുന്ന വ്യാസിനെ ഊഷ്മളമായൊരു സ്വീകരണം നൽകിയാണ് സ്വീകരിക്കാറുള്ളത്. ഇന്ന് അതൊരു നനഞ്ഞ മന്ദഹാസത്തിൽ ഒതുങ്ങിേപ്പാകുന്നു. അതുകൊണ്ടാകും മുമ്പത്തെ
പോലെ ഓഫീസ് വിഷയങ്ങൾ അവൻ പറയാതിരുന്നത്. ദിലി തന്നെയാണ് അത് ഇല്ലാതാക്കിയത്. താത്പര്യമില്ലാതെ കേട്ടിരുന്ന ദിവസങ്ങളിലെവിടെയോ വച്ച് വ്യാസ് അത് ഉപേക്ഷിച്ചു.

ഡോക്ടർ ചന്ദ്രമോഹനുമായി അവർ തങ്ങളുടെ തീരുമാനം പങ്കുവച്ചു. വളരെ നല്ല കാര്യമെന്നു പറഞ്ഞ് അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു. മെഡിക്കൽ സയൻസ് ഇന്ന് വളരെ ദൂരം സഞ്ചരിച്ചിട്ടുണ്ടെന്നും ഇന്നും അത് ശരിയായ രീതിയിൽ ജനങ്ങളിലെത്തിയിട്ടില്ലെന്നുമൊക്കെ പറഞ്ഞ് ഡോക്ടർ വാചാലനായി.

ഡോക്ടറുടെ നിർദേശപ്രകാരമാണ് നടക്കുമെന്ന് ഉറപ്പില്ലാഞ്ഞിട്ടും വ്യാസ് ആ ദൗത്യം ഏറ്റെടുത്തത്. എന്നാൽ അത് വിജയകരമായിത്തന്നെ നടപ്പാക്കി. അക്ഷമയോടെ ഡോക്ടർ ചന്ദ്രമോഹന്റെ കൺസൾട്ടിംഗ് റൂമിലിരുന്ന ദിലിക്ക് മുന്നിലേക്ക് അവൾ കടന്നുവന്നപ്പോൾ
കൗതുകം കൊണ്ട് അവളുടെ കണ്ണുകൾ വിടർന്നു. പകരക്കാരി അമ്മ. അന്നേരം
ദിലിയുടെ ഉളളിൽ വേണ്ടാത്തൊരു ചിന്ത മുളപൊട്ടി. ഡോക്ടറുടെ നിർദേശപ്രകാരം തന്നെയാണോ ഈ യുവതിയെ വ്യാസ് കണ്ടെത്തിയത്?

പിന്നീട് എല്ലാം വളരെ വേഗം നടന്നു. പകരക്കാരിയായി വന്ന ശാലുവിന് ഒന്നും പറയാനുണ്ടായിരുന്നില്ല. അവൾ പറഞ്ഞതൊക്കെ വ്യാസ് നേരത്തേതന്നെ അംഗീകരിച്ചതാണ്. അതു പറയുമ്പോൾ ദിലി അവനെതന്നെ നോക്കി.

അവൾക്ക് എന്തോ ഒരു അസ്വസ്ഥത തോന്നി. ചർച്ചകൾക്കു ശേഷം അവർ കരാറിൽ ഒപ്പുവച്ചു. പിന്നീടുളള ഓരോ ചലനവും ഡോക്ടർ ചന്ദ്രമോഹന്റെ നിർദേശപ്രകാരമായിരുന്നു. അദ്ദേഹം ആദ്യം അവരെ മൂവരെയും കൗൺസിലിംഗിന് വിധേയമാക്കി. മന:ശാസ്ത്രജ്ഞൻ,
ഗൈനക്കോളജിസ്റ്റ്, അഡ്വക്കേറ്റ് എന്നിവരുമായി മാനസികമായും ശാരീരികമായും നിയമപരമായും ഉണ്ടാകാനിടയുളള വരും വരായ്കകളെ കുറിച്ച് ബോധ്യപ്പെടുത്തി. ശാലുവിനോട് വ്യാസ് എല്ലാം തുറന്നു പറഞ്ഞിരുന്നു. ദിലിയുടെ ഗർഭപാത്രത്തിന്റെ പോരായ്മവരെ. അതേക്കുറി
ച്ച് ദിലിയോട് പറഞ്ഞപ്പോൾ പൊടുന്നനെ അവൾ തന്റെ ശ്രദ്ധ അകലെ നിന്നു കേൾക്കുന്ന കടൽതിരമാലയുടെ ഹുങ്കാരത്തിലേക്ക് പറിച്ചു നട്ടു. പിന്നീട് അതു നന്നായി എന്നു പറഞ്ഞ് അവൾ ഒരു പക്വമതിയായി. ആ പക്വത തുടരട്ടെ. വ്യാസ് അങ്ങനെ ആഗ്രഹിച്ചു.

അവർക്കൊപ്പം കഴിയുന്ന ദിവസങ്ങളിൽ അവരുടെ മാനസിക സംഘർഷത്തെ കുറിച്ച് ബോധവതിയായ ശാലു അതനുസരിച്ച് പെരുമാറി. ഒരു കുഞ്ഞിന്റെ അമ്മയാണ് അവൾ. ഈ ദൗത്യമേറ്റെടുക്കാൻ കാരണം ആർ സി സി യിൽ രോഗിയായി കഴിയുന്ന തന്റെ ഭർത്താവിനു വേണ്ടിയും. ചികിത്സയ്ക്കാവശ്യമായ സാമ്പത്തിക സഹായം വ്യാസ് ചെയ്യാൻ തയ്യാറായി. തന്റെ ജീവിതം തിരികെ കിട്ടുമെങ്കിൽ അതിനെക്കാളേറെ മറ്റൊന്നുമില്ലെന്ന് വ്യാസിനോട് അവൾ പറഞ്ഞപ്പോൾ ഒരു കുഞ്ഞെന്ന തന്റെ ആഗ്രഹം വെറുമൊരു മണൽത്തരിക്ക് സമമാണെന്ന് വ്യാസിനു തോന്നി. അവരോട് അപ്പോൾ തോന്നിയത് ആരാധനയാണ്.

ആശുപത്രി അധികൃതരുമായി കരാറിൽ ഒപ്പുവയ്ക്കുമ്പോൾ വ്യാസിന്റെ മുഖത്തുണ്ടായ പ്രസരിപ്പ് അതിശയപ്പെടുത്തി. അത് ചിലപ്പോൽ മറ്റൊരു ഗർഭപാത്രമാണെങ്കിലും സ്വന്തം ബീജമാണല്ലോയെന്നോർത്തിട്ടാകും. അത്രയേറെ അവൻ ആഗ്രഹിക്കുന്നു, സ്വന്തം ബീജ
ത്തിലൊരു കുഞ്ഞ്.

പകർച്ചവ്യാധികളോ, മറ്റു രോഗങ്ങളോ ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം ഡോക്ടർ ചന്ദ്രമോഹൻ അവരുടെയും തന്റെ ടീംഗങ്ങളുടെയും അനുവാദത്തോടെ ചികിത്സ തുടങ്ങി. ഒരിക്കലും കേട്ടറിവുപോലുമില്ലാത്ത കാര്യങ്ങളിലേക്കാണ് അവർ പിന്നീട് ചെന്നെത്തിയത്. ഓപ്പറേഷൻ തിയേറ്ററിലേയും ലാബിലെയും പ്രത്യേകമായി അവർക്കൊരുക്കിയ മുറിയിലെയും മരുന്നുകളുടെ ഗന്ധത്തിനിടയിൽ ദിലിക്ക് പലപ്പോഴും ശ്വാസംമുട്ടി. പലവിധ മെഡിസിനുകൾ ഒരു പരീക്ഷണ വസ്തുവെന്നപോലെ തന്റെ ദേഹത്ത് ഡോക്ടർ പ്രയോഗിക്കുകയാണോ എന്ന് ദിലി
ക്കു തോന്നിയ ഘട്ടങ്ങളുണ്ട്. ഡോക്ടർ കുത്തിവയ്പുകളും മറ്റും നടത്തി ദിലിയുടെ ശരീരത്തിൽ അണ്ഡം ഉല്പാദിപ്പിക്കാനുളള ശ്രമമായിരുന്നു. ആ ദൗത്യം വിജയിച്ചു. ദിലിയിൽ നിന്നുണ്ടായ അണ്ഡം അൾട്രസൗണ്ട് മെഷീന്റെ സഹായത്തിൽ സിറിഞ്ചുപയോഗിച്ച് ഡോക്ടർ വലിച്ചെടുത്തു. വ്യാസിൽ നിന്ന് ബീജം സ്വീകരിച്ച്, അണ്ഡവും ബീജവും ടെസ്റ്റിയൂബിൽ ചില രാസമിശ്രങ്ങളുടെ സഹായത്തിൽ സംയോജിപ്പിച്ച് അതിൽ നിന്നും ഭ്രൂണം മൂന്നു മുതൽ അഞ്ചു ദിവസങ്ങൾക്കുളളിൽ പകരക്കാരി അമ്മയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു.

എല്ലാം കഴിഞ്ഞപ്പോൾ ദിലിയിലൊരുണർവുണ്ടായി. താനും ഒരമ്മയാകുന്നു. അതിമധുരമുെള്ളാരു ഹലുവ കഴിച്ചതിന്റെ സുഖം. ഒരിക്കലും സഫലമാകില്ലെന്നു കരുതിയത് സംഭവിച്ചിരിക്കുന്നു. ഒരു പെൺജീവിതം പൂർണമാകുന്നു. ആ ഒരു ആഹ്ലാദത്തിൽ വ്യാസിനെ നോക്കി. കുറെ ദിവസങ്ങളായി ഓടിനടന്നതിന്റെ ക്ഷീണമുണ്ടെങ്കിലും കണ്ണുകളിൽ അഭൂതപൂർവമായൊരു തിളക്കമുണ്ട്. ആ തിളക്കം ചില നേരങ്ങളിൽ വേണ്ടാത്ത ചിന്തകളിൽ കൊണ്ടെത്തിക്കുന്നതാണ് ദിലിയെ അലോസരപ്പെടുത്തിയത്.

ബാഹ്യമായ ചില പരിശോധനകൾക്കുശേഷം ഡോക്ടർ ശാലുവിനോടായി പറഞ്ഞു.

”ഒന്നുകൊണ്ടും ഭയക്കണ്ട. ശാലുവിനൊപ്പമാണ് ഞങ്ങളെല്ലാം. ഇങ്ങനെയൊരു മനസ്സ് എല്ലാവർക്കുമുണ്ടാകണമെന്നില്ല. മാനസികമായൊരു തയ്യാറെടുപ്പാണ് ശാലുവിന് ഇനി ആവശ്യം. കഴിഞ്ഞ പ്രസവം പോലെതന്നെയാണ് ഈ പ്രസവവും. അൾട്രാസൗണ്ട് മെഷീൻ വഴി രണ്ടു മൂന്നു ദിവസം ഭ്രൂണത്തിന്റെ വളർച്ച നീരീക്ഷിച്ച ശേഷം ശാലുവിന് വീട്ടിലേക്ക് മടങ്ങാം. മറ്റു കുഴപ്പങ്ങളൊന്നുമില്ലെങ്കിൽ സാധാരണയായുളള ചെക്കപ്പിന് കൃത്യമായെത്തിയാൽ മതി. ഇത്തരത്തിലൊക്കെ സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിൽനിന്ന് പാടെ മാറ്റി ഭർത്താവിന്റെ കാര്യങ്ങളിൽ ശ്രദ്ധിക്കുക. എല്ലാം ഭാഗിയായി നടക്കും”.

ഒപ്പമുണ്ടായിരുന്ന സിസ്റ്റ്‌റിന് ചില നിർദേശങ്ങൾ നൽകി ഡോക്ടർ തന്റെ കൗൺസിലിംഗ് റൂമിലേക്ക് മടങ്ങി. ഒപ്പം വ്യാസും ദിലിയും.

”രണ്ടുപേരും ഹാപ്പിയല്ലേ?”

ഡോക്ടർ അവരോട് ചോദിച്ചു. അവർ മന്ദഹസിച്ചു.

”നോക്കു വ്യാസ്, നിങ്ങൾക്ക് ചില സംശയങ്ങളുണ്ടെന്നറിയാം. അത് സ്വാഭാവികം. എന്നാൽ അതൊന്നും വേണ്ട. സന്തോഷമായിരിക്കുക. എന്നാലും നിങ്ങളുടെ സംശയങ്ങൾ ദുരീകരിക്കാനായി ചില കാര്യങ്ങൾ പറയേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. മറ്റൊരു ഗർഭപാത്രത്തിലൂടെയാണ് നിങ്ങൾക്ക് കുഞ്ഞ് പിറക്കുന്നത് എന്നതുകൊണ്ട് കുഞ്ഞിന്റെ
ആരോഗ്യത്തിന് യാതൊരുവിധ പ്രശ്‌നങ്ങളുമുണ്ടാകില്ല. മുലപ്പാൽ കുഞ്ഞിന്റെ
ആരോഗ്യത്തിന് ഉത്തമമാണ്. എന്നു കരുതി മുലപ്പാൽ കിട്ടാത്തതുകൊണ്ട് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന സംശയവും വേണ്ട. അതുപോലെതന്നെ പകരക്കാരി അമ്മയെ ശാരീരിക പരിശോധനകൾക്ക് വിധേയമാക്കിയ ശേഷമാണ് ഗർഭധാരണത്തിന് തയ്യാറാക്കി
യത്. അതുകൊണ്ട് കുഞ്ഞിന് അവരിൽ നിന്നും രോഗമുണ്ടാകുമെന്ന സംശയവും അസ്ഥാനത്താണ്. അവർക്ക് ജനിതകരോഗങ്ങളുണ്ടെങ്കിൽ കൂടി കുഞ്ഞിനെ ബാധിക്കില്ല.
ബീജവും അണ്ഡവുംനിങ്ങളുടേതായതുകൊണ്ട് ജനിതക ഗുണങ്ങളും നി ങ്ങളുടേതായ ിര ി ക്കും. അതുകൊണ്ട് വെറുതേ ഓരോന്ന് ചിന്തിച്ച ് മാനസിക സംഘർഷമുണ്ടാക്കാതെ കഴിയുക.

ഇപ്പോൾ നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ ഭ്രൂണം ഗർഭപാത്രത്തിൽ ചുമക്കുന്ന ആ വലിയ
മനസ്സിനുടമയായ ശാലുവിനുവേണ്ടി പ്രാർത്ഥിക്കുക. സാമ്പത്തിക പ്രശ്‌നം കൊണ്ടാണെങ്കിലും ഈ ദൗത്യം ഏറ്റെടുക്കാൻ അവൾ തയ്യാറായതാണ് നിങ്ങളുടെ ഭാഗ്യം. ഇക്കാര്യത്തിനു
വേണ്ടി ഒരു വർഷവും അറുപത് ദിവസവും നിങ്ങൾക്ക് കാത്തിരിക്കാമെങ്കിൽ ഇനി ഒരു പത്തുമാസം കൂടി ക്ഷമിക്കുക”.

ദിലി ഓർത്തത് അവൾ കടന്നു വന്ന ദിവസമാണ്. എത്ര വേഗമാണ് ഒരു വർഷവും ഒൻപത് മാസവും കടന്നുപോയത്. ചികിത്സയുടെ തുടക്കത്തിൽ ഡോക്ടർ പറഞ്ഞത് കുഞ്ഞിനെ ലഭിക്കാൻ രണ്ടു വർഷത്തെ കാലയളവ് വേണമെന്നാണ്. ഇനി മൂന്നുമാസത്തെ കാത്തിരി
പ്പുകൂടി. അതൊരു വലിയ കാലയളവായിട്ടാണ് ദിലിക്കു തോന്നിയത്. വ്യാസാണെങ്കിൽ ഉത്സാഹിതനും.

ശാലു വന്നതിനു ശേഷം വ്യാസിലുണ്ടായ മാറ്റങ്ങൾ അവളെ അതിശയപ്പെടുത്തി. ഓഫീസ്,
വീട് എന്ന ചിട്ടയിലേക്കു മാറി. മുമ്പൊക്കെ വല്ലപ്പോഴും ബാറിൽ കയറി വിരസതയകറ്റാറുണ്ടായിരുന്നു. അങ്ങനെയാണ് മദ്യപിക്കുന്നതിനെ അവൻ ന്യായീകരിക്കുന്നത്. ബാറുകൾ പൂട്ടിയ ശേഷം ചെലവ് കൂടിയെന്നാണ് വ്യാസിന്റെ പരാതി. ബീർപാർലറുകളിൽ പണമൊഴുകിപ്പോകുന്നു. എന്നിട്ടും ചിലപ്പോഴൊക്കെ ഒരവിഞ്ഞ ഗന്ധവുമായി വരാറുണ്ട്.

ശാലുവെത്തിയതിനു ശേഷം പതിവ് ശീലങ്ങളിൽ വ്യത്യാസം വന്നു. എന്തിനോ വേണ്ടി വ്യാസ് തയ്യാറെടുക്കുന്നതുപോലെ. തന്റെ ബീജത്തിലുണ്ടാകുന്ന കുഞ്ഞിനെയോർത്തിട്ടാകുമെന്ന് അവൾ ആദ്യം കരുതിയെങ്കിലും അവന്റെ പ്രവൃത്തിയിലെന്തോ അപാകതയുണ്ടെന്നു
തോന്നി. അങ്ങനെയൊരു തോന്നലിനെ സ്വയം പഴിച്ചിട്ടും ചില നേരങ്ങളിൽ കാടുകയറ്റം നടത്തി. ആദ്യമൊക്കെ തങ്ങളുടെ ജീവിതത്തിലേക്കുവരുന്ന കുഞ്ഞിനെക്കുറിച്ചായിരുന്നു. ആണോ, പെണ്ണോ? ആരായാലും വേണ്ടില്ല. ഇളം ചുവപ്പ് നിറത്തിൽ, കണ്ണുകൾ ഇറുകെയട
ച്ച്, കൈകാലിളക്കി, നാവ് നുണഞ്ഞ്. ഹോ… അത് കാണാൻ അവളുടെ ഉള്ള് ത്രസിച്ചു. ആരെപ്പോലെയാകും? വ്യാസിനെേപ്പാെലയാകും. അതു മതി. അവന്റെ ആ കുടപോലുളള ചുരുണ്ട മുടിയുണ്ടാകണം. കോളേജിൽ അതായിരുന്നല്ലോ താരം. ദേഷ്യം വരുമ്പോഴെല്ലാം ദിലി പറയും, ആ കാട് ഞാൻ കത്തിച്ചുകളയുമെന്ന്. എങ്കിൽ കത്തിക്കെടീ. തീപ്പെട്ടി തിരയുന്ന വ്യാസിനെ കാണാൻ അന്നേരം നല്ല രസമാണ്.

നിറവയറുമായി ചെക്കപ്പിനെത്തിയ ശാലുവിനെ കൗതുകത്തോടെ നോക്കിയിരുന്നതെന്താണെന്ന് അവൾക്ക് അറിയല്ല. അവസാന ചെക്കപ്പിനെത്തിയതാണ്. നേരത്തേതിനേക്കാൾ അവൾ തടി
ച്ചിട്ടുണ്ട്. നല്ല പോഷകാഹാരങ്ങൾ കൊടുക്കണമെന്ന ഡോക്ടറുടെ നിർേദശം വ്യാസ് പാലിക്കുന്നുണ്ട്. കൂടുകണക്കിന് ഫ്രൂട്‌സും പ്രോട്ടീൻ പൗഡറുമൊക്കെ അവളുടെ വീട്ടിലെത്തിക്കും. ഡോക്ടർ പറഞ്ഞ വ്യായാമമൊക്കെ അവൾ ചെയ്യുന്നുണ്ടാകുമോ? കാൽപാദങ്ങളിൽ നീരുണ്ട്. കണ്ണുകളിൽ ക്ഷീണമുണ്ടെങ്കിലും ഒരപൂർവ തിളക്കവും മുഖത്ത് ആഹ്ലാദവുമുണ്ട്. അവൾ എന്തിനാണ് സന്തോഷിക്കുന്നത്? അത്തരമൊരു ചോദ്യം പൊടുന്നനെ ദിലിയിലുണ്ടായി. താനല്ലേ കുഞ്ഞിന്റെ അമ്മ. ഞങ്ങളുടെ കുഞ്ഞല്ലേ പിറക്കാൻ പോകുന്നത്.

അവളുടെ ഉളളിലൊരു കലങ്ങിമറിയൽ നടന്നു. ഒരിക്കലും പാടില്ലാത്ത കലങ്ങിമറിയൽ. പ്രത്യാശയുമായി നിന്നവൾ ഒരു പഴുത്ത ഇലകൊഴിയുന്ന ലാഘവത്തിൽ നിലം പതി
ച്ചു. അതേ ആഹ്ലാദമാണ് വ്യാസിന്റെ മുഖത്തും. അപ്പോൾ തന്റെ ഉള്ള് പുലമ്പുന്നതൊക്കെ ശരിയായിരുന്നോ? എങ്ങനെയെങ്കിലുമാണ് വീടെത്തിയത്. തലയണയിൽ മുഖം പൂഴ്ത്തി കിടന്നു. എന്തോ നഷ്ടപ്പെടുന്നതുപോലൊരു തോന്നൽ. ഒന്നും വേണ്ടിയിരുന്നില്ല. വാടക
ഗർഭപാത്രത്തിൽ ജനിക്കുന്ന കുഞ്ഞ് എങ്ങനെയാണ് തന്റേതാവുകയെന്ന ചിന്ത അവളെ വല്ലാതെ പിടികൂടി.

ശാലുവല്ലേ കുഞ്ഞിന്റെ അമ്മ. അമ്മയല്ലേ കുഞ്ഞിനെ മുലയൂട്ടേണ്ടത്. അങ്ങനെയാകു
മ്പോൾ താൻ വളർത്തമ്മ മാത്രം. അവൾ നെഞ്ചുഴിഞ്ഞു.

കുഞ്ഞമ്മയുടെ അവസാന പേറ് വീട്ടിലായിരുന്നു. അന്ന് ദിലി ചെറുപ്പം. ദിലിയുടെ അച്ഛന്റേതാണ് വീടെങ്കിലും തന്റെ സഹോദരങ്ങളുടെ ഓഹരി കൂടി അച്ഛൻ വാങ്ങി ചേർത്തതുകാരണം ഇന്നും കുടുംബവീടെന്ന പേരിൽ അത് നിലകൊള്ളുന്നു. അച്ഛന് അക്കാര്യത്തിൽ അമർഷമുണ്ട്. ഗൾഫിലുളള ചിറ്റപ്പന്റെ ഫോൺ കോളും അമ്മയുടെ നിർബന്ധവും കൂടിയായപ്പോൾ ചിറ്റപ്പന്റെ അമ്മയുടെ മർക്കടമുഷ്ടിക്ക് ഫലം കണ്ടു. അന്ന്
ചില സംശയങ്ങളുമായി ദിലി പേറെടുത്ത നാണിത്തള്ളയ്ക്കരികിലെത്തി.

”യെന്റെ കുഞ്ഞേ പേറ്റുനോവെന്നുവച്ചാ എന്നതാന്നാ കുഞ്ഞിന്റെ വിചാരം. സഹിക്കാൻ പറ്റത്തില്ല. പക്ഷേങ്കിലൊരു കാര്യം. എല്ലാം കഴിഞ്ഞിട്ട് കൊച്ചിന്റെ ചോരമൊഖത്തൊന്ന് നോക്കുമ്പം അറിയാതെ എല്ലാ നോവും പമ്പകടക്കും. അതാണ് അമ്മ. പേറ്റുനോവ് അറിയാത്ത
വൾ അമ്മയാവില്ല കുഞ്ഞേ”.

ഇന്ന് അത് തന്റെ ജീവിതത്തിൽ സമാഗതമായപ്പോൾ അവൾ വല്ലാതെ ആകൂലപ്പെട്ടു. ശരിയാണ്. നാണിത്തള്ള പറഞ്ഞ ആ നോവ് അനുഭവിക്കാത്തവൾ എങ്ങനെയാണ് ഒരമ്മയാവുക. അമ്മയുടെ പേറ്റുനോവാണ് കുഞ്ഞുമായുള്ള ദൃഢബന്ധം. അമ്മയെന്ന നിലയിൽ എങ്ങനെയാണ് തനിക്ക് നീതി പുലർത്താനാവുക. വളർന്നുവരുമ്പോൾ ചോദിക്കില്ലേ താൻ ജനിച്ചതൊരു വാടക ഗർഭപാത്രത്തിലല്ലേയെന്ന്. അന്ന് എന്ത് മറുപടിയാണുളളത്.

അത്തരത്തിൽ ആലോചിച്ചു കൂട്ടുമ്പോഴും വ്യാസിന് ഇത്തരം ചിന്തകളൊന്നുമില്ലല്ലോയെന്നോർത്ത് അതിശയപ്പെട്ടു. ഇന്നുവരെയില്ലാത്തൊരു
സന്തോഷത്തിലാണ് വ്യാസ്. കൂടാതെ ശാലുവിനെ കുറിച്ച് വാതോരാതെ സംസാരവും. അന്നേരം തോന്നും ശാലുവാണോ അവന്റെ ഭാര്യയെന്ന്. ആ തോന്നൽ അവളെ പിടിച്ചുലയ്ക്കാറുണ്ട്.

പൊടുന്നനെയുളള ദിലിയുടെ നിശ്ശബ്ദത വ്യാസ് ശ്രദ്ധിക്കാതിരുന്നില്ല. അതേപ്പറ്റി ചോദിക്കുകയും ചെയ്തു. നനഞ്ഞൊരു ചിരിയായിരുന്നു മറുപടി.

”നീഎന്താണ് ദിലി ഇങ്ങനെ? നമ്മുടെ കുഞ്ഞ് വരാൻ നേരമായി. സന്തോഷിക്കുകല്ലേ വേണ്ടത്. എത്രകാലത്തെ പ്രാർത്ഥനയാണ് യാഥാർത്ഥ്യമാകുന്നത്” അവൻ ആവേശം കൊണ്ടു.
ദിലി താത്പര്യമില്ലാത്തൊരു വിഷയമാണെന്ന വിധം മുഖം തിരിച്ചു.

ആരുടെ കുഞ്ഞ്? നിങ്ങൾ എഴുതിയ നാടകത്തിലെ മികച്ചൊരു അഭിനേതാവ് കൂടിയല്ലേ നീ? എന്നെ നീചതിച്ചു. അവൾക്ക് വിളിച്ചു പറയണമെന്നു തോന്നി.

ദൈവമേ എന്താണ് ഇങ്ങനെ. വേണ്ടാതീനങ്ങളാണല്ലോ ചിന്തിച്ചുകൂട്ടുന്നത്. ഒറ്റപ്പെടുമ്പോൾ ഭ്രാന്ത് പിടിക്കുന്നു. ഉറക്കമില്ലാത്ത രാത്രികൾ. ഉച്ചമയക്കത്തിൽ പോലും ഞെട്ടി ഉണരുന്നു. അത്തരമൊരു ഉച്ചമയക്ക സ്വപ്‌നത്തിൽ നിന്ന് ഞെട്ടിയുണർന്ന അവൾ ഭീതിയിൽ ചുറ്റും നോക്കി. ഫാൻ ഫുൾസ്പീഡിൽ കറങ്ങിയിട്ടും വിയർത്തു.

ഇത്തരത്തിൽ അധ:പതിക്കാൻ പാടില്ലായിരുന്നു വ്യാസ്. നിനക്കൊപ്പം നടന്ന എന്നെ നീ ചതിച്ചു. അവളെ തേടിയുളള നിന്റെ യാത്ര ഒരു കെട്ടുകഥ മാത്രമല്ലേ. അതിനു മുമ്പേ നീ രംഗപടം ഒരുക്കിയിരുന്നു. തിശ്ശീലയുയർത്താൻ കാത്ത്. അതല്ലേ ശരി. നിനക്ക് അത് നിഷേധി
ക്കാനാകുമോ വ്യാസ്. എല്ലാം നീ രഹസ്യമായി സൂക്ഷിച്ചു. ഡോക്ടറുമായി ചേർന്ന് നീ എന്നെ കബളിപ്പിച്ചു. വിഡ്ഢിയാക്കി. അത്തരം ചിന്തകൾ അവളുടെ കണ്ണുകളിൽ ഇരുൾ നിറച്ചു. ഞരമ്പുകൾ വലിഞ്ഞുമുറുകി. ചതി. കൊടും ചതി.

അവൾക്കു മുന്നിൽ നിന്ന് മെല്ലെമെല്ലെ അവൾ പോലുമറിയാതെ എല്ലാം മാഞ്ഞുപോയി. പകരം കടൽത്തീരവും കടൽത്തീരത്തൊരു അബലയും. മണൽപ്പരപ്പിൽ സ്വന്തം ജീവിതചക്രം വരയ്
ക്കാൻ ശ്രമിക്കുന്ന അവൾ കരയുന്നുണ്ട്. അത് ചിലപ്പോൾ വരകൾക്കു മീതെ ഉഷ്ണക്കാറ്റ് മണൽ നിറച്ച് ചിത്രം വികൃതമാക്കുന്നതു കൊണ്ടാകും. നോക്കിയിരിക്കെ കടൽത്തിരമാലകളില്ലാതായി. വിദൂരതയിലെവിടെയോ നിന്നൊരു മുഴക്കമായി കടൽ മാറി. ദിലി നടന്നു; കടൽത്തീരം തേടി. രണ്ടാം നിലയിൽ നിന്ന് കോണി കയറി ടെറസിലേക്ക്. അവിടെ നിന്ന് അവൾ താഴേക്കു നോക്കി. നീലക്കടൽ. അവൾ അതിശയപ്പെട്ടു. തന്നെ തേടി കടൽ തന്റെ കാൽച്ചുവട്ടിൽ.

നോക്കിനിൽക്കെ കടലിന്റെ നിറം മാറി. നീലക്കടൽ മഞ്ഞക്കടലായി. കണ്ണുപുളിപ്പി
ക്കുന്ന മഞ്ഞ. പിന്നീടൊന്നും അവൾ ചിന്തിച്ചില്ല. ആ കടലിലേക്ക് അവൾ പറന്നിറങ്ങി.