ഒരു ചെമ്പനീർ പൂവ്

ആതിര രാജൻ

മഞ്ഞു കണങ്ങൾ വീണ എന്റെ ഇതളുകളിലേക്ക് സൂര്യരശ്മികൾ അരിച്ചിറങ്ങിയപ്പോൾ ആ
ചെറിയ കുമിളകളിൽ ഏഴുവർണങ്ങളാൽ തീർത്ത മഴവില്ലു വിരിഞ്ഞു. ഏഴഴക്, വെളിച്ചത്തിന്മേൽ കോർത്ത് തട്ടി തട്ടി നിന്നു. എന്റെ ശരീരത്തിന്റെ ചുവപ്പ് ഓരോ ദിനവും കൂടി വന്നു. ആ ചുവപ്പിൽ പ്രണയം തോന്നീട്ടാവാം സൂര്യനെന്നെ നോക്കി അധികച്ചൂട് നൽകുന്നതുപോലെ തോന്നി. ആ നോട്ടം കാണാതെ ഞാൻ ജനാലയിലൂടെ അകത്തെ മുറിയിലേക്ക് എത്തി നോക്കി.

”ഇല്ലാ… അവൻ എണീറ്റിട്ടില്ല… എന്നും നേരം വൈകിയേ എഴുന്നേൽക്കൂ”- അമ്മയെന്നും അവനെ ശകാരിക്കുന്നത് എനിക്കീവീടിന്റെ പുറത്തുവരെ കേൾക്കാം. എന്നാലും അവനതൊരു പുത്തരിയല്ല. മുറിയിലെ കിഴക്കേ ചുവരിൽ ക്ലോക്കിലെ സമയം ഞാൻ കണ്ടു.
8:45

ആഹാ, ഇപ്പൊ എഴുന്നേൽക്കും. ഒൻപതുമണിയാണ് അവന്റെ സാധാരണ സമയം. നാളേറെയായി ഞാൻ കാണുന്നതല്ലേ ഈ കിടപ്പ്. പക്ഷേ ഒന്നുണ്ട്. എത്ര വൈകി എണീറ്റാലും എന്നെ കഴിഞ്ഞേ അവനു വേറെയാളുള്ളൂ. രാവിലെയും വൈകിട്ടും എനിക്ക് ആഹാരം തരുന്നത് അവനാണ്. രാവും പകലും അവനെന്നെ കാണണം..എനിക്കവനെയും.
അതിനാണ് അവന്റെ മുറിയിലെ ജനാലയുടെ അടുത്ത് തന്നെ എന്നെ നിർത്തിയിരിക്കുന്നത്. ആ ജനലുകൾ അവൻ അടയ്ക്കാറേയില്ല. എനിക്കറിയാം, ജനലട
ച്ചുകഴിഞ്ഞാൽ ഞാൻ ഒറ്റയ്ക്കായാലോ
എന്നോർത്തിട്ടാവാം. അത്ര സ്‌നേഹമാണ് അവനെന്നോടും എനിക്കവനോടും.

ട്ർണിംഗ്…….. ട്ർണിംഗ്…….. ഒൻപതുമണിയുടെ അലാറം മുഴങ്ങിയത് കേട്ടു. ആളിപ്പോൾ എഴുന്നേൽക്കും. ഞാൻ
ജനാലയുടെ ഡോറിന്റെ സൈഡിലേ
ക്കു ഒളിച്ചു നിന്നു. അവൻ എഴുന്നേറ്റു.

”അമ്മേ….ചായാ….” എന്നുറക്കെ പറയുന്നത് ഞാൻ ഒളിച്ചിരുന്നു കേട്ടു. അവൻ കണ്ണുതിരുമ്മിയിട്ട് ജനാലയിലൂടെ എത്തി നോക്കി. ഡോറിന്റെ മറവിൽ ഒളിച്ചിരുന്ന എന്നെ, എന്റെ കവിളുകളിൽ രണ്ട് വിരലിനിടയിലമർത്തികൊണ്ട് അവന്റെ മുഖത്തേക്കടുപ്പിച്ചു. നാണം കൊണ്ട് എന്റെ ശരീരം ചുവക്കുന്നത് ഞാനറിഞ്ഞു. അത് അവനറിഞ്ഞോ ആവോ…
പെട്ടെന്ന് എന്റെ കവിളുകളിൽ നിന്നും കൈയെടുത്തു. പിന്നെ മുറിക്കു പുറത്തുപോയി. അവന്റെ കൈയിൽ നിന്നും ആഹാരം വാങ്ങാനായി ഞാനെന്റെ വിശപ്പിനെ അടക്കിപ്പിടിച്ചിരുത്തി. എന്നും അവനാണ് എനിക്ക് ആഹാരം തരുന്നത്. ഇന്നുവരെ അതിനു മുടക്കം വന്നിട്ടില്ല.എന്നും പല്ലുതേക്കാൻ മുറ്റത്തു വരുമ്പോൾ ഒരു കപ്പ് വെള്ളം എനിക്കായ്
കൊണ്ടുവരും. അതെന്റെ പാദത്തിലേക്ക് ഒഴിക്കുമ്പോൾ ഞാൻ അടി മുതൽ മുകൾ വരെ തണുക്കും…. പിന്നെ ചുവക്കും. എന്നെ ആരും ഉപദ്രവിക്കുന്നത് അവന് ഒട്ടും ഇഷ്ടമായിരുന്നില്ല. ഒരിക്കൽ അവന്റെ അനിയത്തി എന്റെ മേൽ പല്ലുതേച്ചിട്ട് കാർക്കിച്ചു തുപ്പിയപ്പോൾ അവൻ അന്നവളെ ധാരാളമായി വഴക്കുപറഞ്ഞു. പിന്നെ വെള്ളമൊഴിച്ച് അത് എന്നിൽനിന്നും വൃത്തിയാക്കിത്തന്നു. മറ്റൊരിക്കൽ എന്റെ ഇലകളിൽ ചെറിയ
പുഴുക്കുത്തു വന്നപ്പോൾ അത് മറ്റിലകളിലേക്ക് പടരാതിരിക്കാൻ ചീത്ത ഇലകളെ അവൻ അടർത്തിയെടുത്തു.

എനിക്കറിയാം, അവനെന്നോടും എനിക്കവനോടും അളക്കാൻ കഴിയാത്ത സ്‌നേഹമുണ്ട്… ബന്ധമുണ്ട്… മുൻജന്മ ത്തിലെവിടെയോ ബാക്കിവച്ചുപോയ എന്തോ ഒന്ന്…. അതെങ്ങനെ വിശദീകരിക്കാൻ… അങ്ങനെ എന്തോ ഒന്ന്….

കാൽച്ചെരുപ്പുകൾ മണ്ണിലമരുന്ന ശബ്ദം എന്റെയോർമകളെ തടസ്സപ്പെടുത്തി. പടിഞ്ഞാറെ നടയിലൂടെ അലക്ഷ്യമായിട്ട വസ്ത്രവും, ബാഗുമായി അവൻ ഓടുന്നു. ഞാൻ ആകെ വിഷമിച്ചു. എനിക്കിന്ന് ആഹാരം തരാൻ അവൻ മറന്നു. പോട്ടെ, എന്നെ ഒന്ന് നോക്കുകകൂടി ചെയ്തില്ല.

പൊട്ടിക്കരയണമെന്നു തോന്നി. മനസ്സിൽ വലിയ അഗ്‌നികുണ്ഡങ്ങൾ നിറഞ്ഞു. പൊള്ളിക്കുന്ന സൂര്യന്റെ ചൂട് എന്റെ ശരീരത്തെ തളർത്തി. ഇപ്പോൾ ശരീരവും മനസ്സും ചൂടുകൊണ്ട് വേവുകയാണ്. ഞാനാ ജനാലയുടെ അരികിലേക്കു തിരിഞ്ഞുനിന്നു. വെയിലിന്റെ ചൂടേറി വന്നു. അപ്പോഴേക്കും ഓടിക്കിതച്ചുകൊണ്ടാരോ എന്റെ അരികിലേക്ക് എത്തി. ഞാൻ തിരിഞ്ഞു നോക്കി.

അതെ! അവൻ തന്നെ! ബാഗിൽ നിന്നുമെടുത്ത കുപ്പിയിലെ വെള്ളം എന്റെ പാദത്തിലേക്ക് ഒഴിച്ചു.

അപ്പോൾ എന്റെ അടി മുതൽ മുകൾ വരെ തണുത്തു…. പിന്നെ ചുവന്നു…! മനസ്സും ശരീരവും തണുത്തു. എങ്കിലും രാവിലെ എനിക്ക് മുഖം തരാത്തതിന്റെ പിണക്കം എന്നിലുണ്ടായിരുന്നു. വെളുത്ത ശരീരത്തിൽ ഞാനെന്റെ മുള്ളുകൊണ്ട് പരിഭവത്തിൽ തൊട്ടു. അപ്പോഴേക്കും അവൻ കൈ പെട്ടെന്നു പിൻവലിച്ചു. കൈ എടുത്തപ്പോഴേക്കും മുള്ളി
ന്റെ സൂചി ശരീരത്തിൽ കോറി വരഞ്ഞു.

അതിനേക്കാൾ വേഗതയിൽ എന്റെയുള്ളു പിടഞ്ഞു. ചെറുതായി ആ കൈയിൽ ചോര പൊടിയുന്നത് ഞാൻ കണ്ടു. അതുകണ്ടപ്പോൾ ഹൃദയം നുറുങ്ങുന്ന വേദന എനിക്കുണ്ടായി. അവൻ എന്നിൽ നിന്നും കൈ പിൻവലിച്ചു മറ്റേ കൈകൊണ്ട് പൊത്തിപിടിച്ചു.

”എന്താടാ അവിടെ….” അമ്മ മുറ്റത്തുനിന്നു ചോദിച്ചു.

”ഒന്നൂലാ….. കൈയിൽ മുള്ളുകൊണ്ടതാ…”

”പസ്റ്റ്… റോസയുടെ മുള്ളിന് വെഷമുണ്ടെന്നാ നിക്ക് തോന്നണേ. മുള്ളുകുത്തിയ ഭാഗത്തെ ചോര നന്നായി ഞെക്കിക്കള…”

”സാരമില്ലമ്മേ”.

”പറയുന്നത് കേൾക്ക്… ഇങ്ങു കൊണ്ടുവാ അമ്മ ഞെക്കിക്കളയാം”.

”വേണ്ടാ….”ന്നു പറഞ്ഞ് അവൻ കൈയിൽ പൊടിഞ്ഞ ചോര നക്കിയെടുത്തു.

”ഇവന്റെയൊരു കാര്യം… തൊള്ളിപോലും പറഞ്ഞാകേക്കരുത്…” അമ്മ തുള്ളിെക്കാണ്ട് അകത്തേക്കു പോയി.

എന്റെ ഹൃദയം വീണ്ടും വീണ്ടും നുറുങ്ങുന്നതുപോലെ….അമ്മ എന്റെ മുള്ള് വിഷമാണെന്നു
പറഞ്ഞിട്ടും അവൻ എന്നെ നക്കിയെടുത്തു. ഞാൻ പറഞ്ഞില്ലേ… ആ ആത്മബന്ധമാണ്….
പരിഭവത്താൽ കുത്തിയ മുള്ളിനെ ഞാൻ തന്നെ ശപിച്ചു. അവൻ എഴുന്നേറ്റ് ഗേറ്റു തുറന്ന് പുറത്തേക്കു പോയി.

വൈകുന്നേരം ഞാനവനെ നോക്കിയിരുന്നു. സൂര്യൻ വായിനോട്ടം മതിയാക്കി പോയി. സന്ധ്യ മയങ്ങി. പക്ഷികളെല്ലാം കൂടണയുന്നു. എന്നാൽ ഈ വീട്ടിൽ കൂടണയേണ്ട എന്റെ ഇണയെ ഞാൻ കണ്ടില്ല. പിന്നെയും നോക്കി നോക്കിയിരുന്നു. ജനാലയിലൂടെ ഞാൻ അകത്തേ
ക്ക് നോക്കി. സമയം ഏറെ കഴിയുന്നു.

ട്ർണിംഗ്…….. ട്ർണിംഗ്…….. ഒൻപതുമണിക്കും, പത്തുമണിക്കും, പന്ത്രണ്ടുമണിക്കും അലാറം അടിച്ചുകൊണ്ടിരുന്നു. ജനാലയിലൂടെ മുറിയിലേക്കും, ചുവരിലെ ക്ലോക്കിലേക്കും, പുറത്തെ ഗേറ്റിലേക്കും ഞാൻ മാറി മാറി നോക്കിയിരുന്നു. അങ്ങനെ ആ രാത്രി മയങ്ങി, എപ്പോഴോ ഞാനും.

പിറ്റേന്ന് അതിരാവിലെ ഞാനുണർന്നു. അവൻ രാത്രി വൈകി വന്നിരിക്കുമെന്നോർത്തു ഞാൻ ജനാലയിലൂടെ അകത്തേക്ക് നോക്കി. കട്ടിലിൽ മടക്കിവച്ച ബ്ലാങ്കറ്റ് അങ്ങനെതന്നെ കിടക്കുന്നു. അപ്പോഴേക്കും ഗേറ്റ് തുറന്ന് ആരോ വരുന്ന ശബ്ദം കേട്ടു. ആഹ്ലാദത്തോടെ തിരി
ഞ്ഞുനോക്കിയെങ്കിലും ഞാൻ നിരാശയായി. അപ്പുറത്തെ വീട്ടിലെ രണ്ട് ചേട്ടന്മാരാണ്. അവർ അകത്തേക്ക് കേറിപ്പോകുന്നത് കണ്ടു. പിന്നെ വീട്ടിൽനിന്നു ഒരു നിലവിളിയും.

ട്ർണിംഗ്…….. ട്ർണിംഗ്…….. എട്ട് മണി, ഒൻപതു മണി അലാറം അടിച്ചു. ഗേറ്റിലൂടെ ആളുകൾ ഒഴുകിയെത്താൻ തുടങ്ങി. നിമിഷനേരം കൊണ്ട് വലിയൊരു ജനാവലി അവിടെ നിറഞ്ഞു.

ഞാൻ ഇടയ്ക്കിടയ്ക്ക് സമയം നോക്കിെക്കാണ്ടിരുന്നു. വലിയൊരു ഹോൺ മുഴ
ക്കി ഒരു ആംബുലൻസ് നിമിഷങ്ങൾക്കകം ആ വീടിന്റെ മുന്നിലെത്തി. നാലഞ്ചുപേർ അതിൽനിന്ന് ഒരാളെ എടുത്ത് മുറ്റത്തു വിരിച്ചിട്ട വാഴയിലേക്കു കിടത്തി. എല്ലാവരും അത് കാണുവാനായി ആ ശരീരത്തെ പൊതിഞ്ഞു. ഒരു വേള ഞാനും എത്തിനോക്കിയെങ്കിലും ആ ശ്രമം നടന്നില്ല. ഗേറ്റിലൂടെ പിന്നെയും ആളുകൾ ഒഴുകി. ശരീരം കാണുവാനുള്ള ആളുകളുടെ തിക്കും തിരക്കും ഒഴിഞ്ഞ പ്പോൾ ഞാൻ എത്തിനോക്കി.

അവൻ…! എന്റെ പ്രിയപ്പെട്ടവൻ….! എത്രയും പ്രിയപ്പെട്ട സ്‌നേഹിതൻ…!

എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാനായില്ല. എന്റെ ചെവികളെ എനിക്ക് വിശ്വ
സിക്കാനായില്ല. ജീവന്റെ മറ്റേതോ ലോകത്തേക്ക് എന്നെതനിച്ചാക്കി അവൻ പോയ് മറയുന്നു…. മറഞ്ഞു….

അവിടെ കൂടിനിന്ന ആരോ പറയുന്നത് കേട്ടു. ”ഇന്നലെ ഒരു കൂട്ടുകാരന്റെയൊപ്പം പോയതാണ്. ആക്‌സിഡന്റയിരുന്നു. ഒരു ലോറി…””ഇടിച്ചുതെറിപ്പിച്ചെന്നാ കേട്ടത്…”
”പിന്നെ, പിള്ളേരല്ലേ നല്ല സ്പീഡിൽ ഓടിച്ചും കാണും”. ”കൂട്ടുകാരൻ ചെക്കന് വെല്യ കുഴപ്പമില്ല. ഈ കൊച്ചൻ പുറകിലായിരുന്നേ. ലോറി ഇടിച്ചപ്പോ തെറിച്ചുപോയതാകാം”.

എന്റെ ഹൃദയം വലിയൊരു കത്തികൊണ്ട് കീറിമുറിക്കുന്നതുപോലെ തോന്നി. കണ്ണുകളിൽ ആരോ തൊടുത്തുവിട്ട അമ്പ് തറച്ചുകേറുന്നപോലെ. ഇപ്പോൾ ഞാൻ ചുറ്റുപാടൊന്നും കാണുന്നില്ല….കേൾക്കുന്നില്ല… പതിനൊന്നുമണിയുടെ അലാറം അടിച്ചപ്പോൾ ഞാൻ മുറിയി
ലെ ചുവരിലേക്കു നോക്കി. അപ്പൊ കൂടി നിന്ന ആരോ പറഞ്ഞു

”സമയം ഒന്നുകഴിഞ്ഞു. എപ്പോഴാണാവോ അടക്കുന്നത്”.

ഞാൻ വീണ്ടും ചുവരിലെ േക്ലാക്കിലേക്ക് നോക്കി. പതിനൊന്നുമണി! സമയം തെറ്റിയിരിക്കുന്നു. നേരാണ്. സമയം മാറിമറിയാൻ നിമിഷങ്ങൾ മതി. വീട്ടിലാകെ കരച്ചിലും ബഹളവും. അമ്മ ബോധമറ്റുകിടക്കുന്നു. കുറച്ചുപേർ അമ്മയുടെ അടുത്തിരിക്കുന്നു. അച്ഛൻ ഒരു കസേരയിൽ തളർന്നിരിക്കുന്നു. അച്ഛന്റെ മടിയിൽ അനിയത്തി തലചായ്ച്ചുകിടക്കുന്നു. അവനുചുറ്റും പ്രാർത്ഥനകളോടെ കുറച്ചുപേർ. മറ്റുചിലർ വിറകുവെട്ടുന്നു, പറമ്പിൽ കുഴിയെടുക്കുന്നു, കർമത്തിനുള്ള സാധനങ്ങൾ ഒരുക്കുന്നു. എനിക്ക് ഒരിക്കൽക്കൂടി അവനെ കാണണമെന്നുതോന്നി… അവനോടലിയാൻ തോന്നി…ഒട്ടിച്ചേർന്നുകിടക്കാൻ തോന്നി….
കർമത്തിന് സാധനങ്ങളെല്ലാം ഒരു ക്കുന്ന ഒരു യുവാവ് എന്റെ തൊട്ടടുത്തുനിന്ന തുളസിയും ചെത്തിയും പൊട്ടിച്ചെടുത്തു. എന്നാലെന്നെമാത്രം ഉതിർത്തില്ല.

എനിക്ക് വിഷമം അടക്കാൻ കഴിഞ്ഞില്ല. ഞാൻ ഈശ്വരനെ ശപിച്ചു. ദൈവം ഇത്രയ്ക്കു ക്രൂരനായോ…അവന്റെ സമീപത്ത് എനിക്ക് ഇരിക്കണമെന്നുതോന്നി. എന്നാൽ അതിനുള്ള അവസരമെല്ലാം ദൈവം എന്നിൽ നിന്ന് തട്ടിത്തെറിപ്പിച്ചു. അവസാനത്തെ പ്രതീക്ഷ കർമത്തിനുള്ള പൂക്കളായിരുന്നു. എന്നാൽ എന്നെ ആരും പൊട്ടിച്ചില്ല.

പ്രാർത്ഥനകൾക്കും ചടങ്ങുകൾക്കും ശേഷം അവന്റെ ശരീരമെടുത്തു. കൂടെ കരച്ചിലും ബഹളവും. സ്‌നേഹിതൻ ദൂരേക്ക് മായുന്നതുനോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു. കൂടെ പോകണമെങ്കിൽ എനിക്ക് ആരുടെയെങ്കിലും സഹായം വേണ്ടിയിരുന്നു. എന്നാൽ ആരും എന്നെ സഹായിച്ചില്ല.

പറമ്പിൽ നീളത്തിൽ തീർത്ത കുഴിയിലേക്ക് അവനെയെടുത്തപ്പോഴേക്കും ”ഒരു മിനിറ്റ്” എന്നുപറഞ്ഞു അവന്റെ അനിയത്തി എന്റെ അരികിലേക്ക് ഓടിവരുന്നത് ഞാൻ കണ്ടു. അവളുടെ പാകമൊക്കാത്ത കിന്നരിപല്ലുകൾകൊണ്ട് അവളെന്നെ അറുത്തെടുത്തു. ഞാൻ അവളെ മുള്ളുകൊണ്ട് വേദനിപ്പിച്ചില്ല. അവൾ എന്നെ ഉള്ളംകൈയിൽ ചേർത്തുപിടിച്ചുകൊണ്ട് അവന്റെ ഹൃദയത്തിലേക്ക് എന്നെ കിടത്തി. എന്നിട്ട് അവന്റെ നെറ്റിയിൽ ചുംബിച്ചു. എന്തെന്നില്ലാത്തൊരു സന്തോഷം എന്നിലുണർന്നു.

ഒരുപക്ഷേ, ആ മരണവീട്ടിൽ അത്രയധികം സന്തോഷിച്ചത് ഞാൻ മാത്രമാണ്. എന്റെ ആഗ്രഹം സഫലീകരിച്ചു. എന്റെ സ്‌നേഹിതനോടൊപ്പം ഞാനും യാത്രയായി. ഇനി ഞങ്ങൾ മാത്രം. ഞങ്ങളുടെ സ്‌നേഹവും പരിഭവവും മാത്രം….
ഞങ്ങളുടെ ഇണക്കങ്ങളും പിണക്കങ്ങളും മാത്രം. ഒരുപക്ഷേ, ലോകത്തിലെ
ഏറ്റവും ഭാഗ്യമുള്ള കാമുകി ഞാനാകാമെന്നു ഒരു ക്ഷണം ഞാൻ ചിന്തിച്ചു. തന്റെ പ്രിയനോടൊപ്പം ഉണരാത്ത നിദ്രയിലേക്ക് അവന്റെ ഹൃദയത്തോട് ഒട്ടിച്ചേർന്നു യാത്രയാവുന്നു….!

ലില്ലിപ്പൂക്കളാൽ അലങ്കരിച്ച പെട്ടിയടച്ചു. ആരൊക്കെയോ പെട്ടി താങ്ങിപ്പിടിച്ചു കുഴിയിലേക്ക് വയ്ക്കുകയാണ്. അപ്പോഴും ആ സമയം തെറ്റിയ ക്ലോക്ക് ചിലച്ചുകൊണ്ടിരിക്കുന്നത് അങ്ങകലെനിന്നും കേൾക്കാമായിരുന്നു…..’ട്ർണിംഗ്…ട്ർണിംഗ്…’

മൊബൈൽ: 9656208379