നിരാശാഭരിതനായ സിസെക്

സജി എബ്രഹാം

ഹേഗേലിയൻ ആശയങ്ങളുടെ ആഴിയിൽ എല്ലായ്‌പോഴും നീന്തുന്ന സമകാലിക ലോക ചിന്തകനാണ് സ്ലാവോക് സിസെക്. ഹേഗേലിന്റെ ചിന്തകളിൽ പ്രത്യാശയുടെ മധുര ഗീതങ്ങളുണ്ട്. നല്ല നാളെയെ സ്വപ്‌നം കാണാൻ ലോകത്തെ പ്രേരിപ്പിച്ച മഹത്തായൊരു പ്രത്യയശാസ്ത്രത്തിന്റെ വേരുകൾ ഈ ചിന്തകളിലേക്ക് കൂടിയാണ് പടർന്നുകിടക്കുന്നത്. ഇത്തരം ചിന്തകളുടെ പ്രകാശലോകത്ത് ജീവിക്കുന്ന ഒരാൾ എന്തുകൊണ്ടാണ് ഒരു ശുഭപ്രതീ
ക്ഷയില്ലാത്ത ആളായി മാറുന്നത്? ഒന്നും ആശിക്കാനില്ലാത്ത ഒരു പെസിമിസ്റ്റ് ആണ് താനെന്ന് കഴിഞ്ഞ വർഷം പെൻഗ്വിൻ പുറത്തിറക്കിയ ൗTHE COURAGE OF HOPELESSNESS എന്ന പുസ്തകത്തിൽ അദ്ദേഹം പ്രഖ്യാപിക്കുന്നു. ഇതൊരു കറുത്ത പുസ്തകമാണെന്ന് തുടക്കത്തിലേ വിശേഷിപ്പിക്കുന്ന സിസെക് സമകാലിക ലോക സാഹചര്യത്തെ സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ട് താനെങ്ങനെ ഒരു പെസിമിസ്റ്റ് ആയി മാറിയെന്ന് വിശദീകരിക്കുന്നു.

ശുഭാപ്തിവിശ്വാസികളൊക്കെ തങ്ങളുടെ പ്രത്യാശകളെല്ലാം നഷ്ടപ്പെട്ട് കടുത്ത ഇച്ഛാഭംഗത്തിലേക്ക് പതിക്കുന്നതും, പ്രത്യയശാസ്ത്രങ്ങളുടെ നിഴലുകൾ മാത്രം ആടിത്തിമർക്കുന്ന നാട്യമണ്ഡപങ്ങളെല്ലാം സജീവമാകുന്നതും, വിപണി മുതലാളിത്തം അതി
ന്റെ കരാളമായ ദുഷ്ട് കൊണ്ട് ലോകത്തെ ഒരു ഭീകരതാവളമാക്കിക്കൊണ്ടിരിക്കുന്നതും, യുദ്ധരംഗത്ത് എന്ന പോലെ രഹസ്യധാരണകളും തീരുമാനങ്ങളും നിർണായക പങ്ക് വഹിക്കുന്ന സാമ്പത്തിക ശാസ്ത്രങ്ങളും ധനകാര്യ മീംമാംസകളും വാഴ്ച നടത്തുന്നതുമായ ലോകത്ത് എങ്ങനെ ഒരാൾക്ക് ശുഭപ്രതീക്ഷയോടെ ജീവിക്കാൻ കഴിയും. യുദ്ധങ്ങളും പ്രക്രുതിനാശവുമൊക്കെച്ചേർന്ന് ബഹുതല ദുരന്തങ്ങൾ മൊത്തമായും ചില്ലറയായും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവിൽ, ”യത്രവിശ്വം ഭവത്യേകനീഡം”
എന്നുച്ചരിക്കേണ്ട ഇടതുപക്ഷ ചിന്തകരൊക്കെ സങ്കുചിതമായ ദേശീയവാദത്തിലേക്ക് തിരിയുന്ന കാലത്ത്, ജനാധിപത്യ വ്യവസ്ഥാക്രമങ്ങൾക്ക് ബലം നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോൾ, കമ്യൂണിസ്റ്റ് ഭൂതങ്ങൾ വിട്ടൊഴിഞ്ഞുപോയ പൂർവയൂറോപ്പിനെ ഫാസിസമെന്ന മഹാദുർഭൂതം പിടികൂടുമ്പോൾ, മിഡിൽ ഈസ്റ്റിൽ നിന്നുള്ള അഭയാർത്ഥിപ്രവാഹങ്ങളാൽ അസ്വസ്ഥതയുടെ നിപ്പ വൈറസുകൾ പടരുമ്പോൾ, ഹിറ്റ്‌ലറുടെ ഫാസിസകാലത്തെ യൂദരെപ്പോലെ ലാറ്റിനോകളും കറുത്തവരും മുസ്ലീങ്ങളുമൊക്കെ മാറുമ്പോൾ, സ്വന്തം അശ്ലീല യാഥാർത്ഥ്യങ്ങളെ മനോഹരസ്വപ്‌നങ്ങളാക്കി ട്രംപ് വ്യാജ വില്പന നടത്തുമ്പോൾ, ആഗോള മുതലാളിത്ത വ്യവസ്ഥിതിതന്നെ നമ്മുടെ നിലനില്പിനെ അപകടത്തിലാക്കുമ്പോൾ,
ആഗോളരാഷ്ട്രീയത്തിൽ നിന്ന് മാനവികതയുടെ തുടിപ്പുകൾ ഒടുങ്ങുമ്പോൾ, മതങ്ങൾ ഹിംസയുടെ പ്രേരണാഗോപുരങ്ങൾ ആകുമ്പോൾ തനിക്കൊരു പെസിമിസ്റ്റ് മാത്രമായി മാറാനേ സാധ്യമാകൂ എന്ന് സിസെക് ഈ പുസ്തകത്തിലൂടെ വ്യക്തമാക്കുന്നു.

മൂല്യങ്ങൾ വേഗത്തിൽ കൊഴിഞ്ഞുപോകുന്നൊരു ലോകത്ത് പ്രത്യാശയ്ക്ക് വകയില്ലെന്നൊരു തീർപ്പിലേക്ക് സിസെക് സ്‌നിഗ്ധതകളൊന്നുമില്ലാതെ എത്തിച്ചേരുകയാണ്. നവ ഇടതുപക്ഷചിന്തകരും ലിബറൽ ഹ്യൂമനിസ്റ്റുകളും നിശിതമായി വിചാരണ ചെയ്യപ്പെടുന്ന ഈ ഗ്രന്ഥത്തിൽ സിസെക് ട്രംപിനെതിരെ രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. ട്രംപി
ന്റെ നിലപാടുകളും നയങ്ങളും നടപടികളും ലോകസമാധാനത്തിനും പുരോഗതിക്കും വലിയ ഭീഷണിയാണെന്ന് അദ്ദേഹത്തിന്റെ ഭരണത്തെ വിലയിരുത്തവേ വിമർശിക്കുന്നു. സിംഗപ്പൂരിൽ ഇക്കഴിഞ്ഞ ജൂൺ 12ന് ഉത്തരകൊറിയൻ ഭരണാധികാരിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലം വിലയിരുത്തുമ്പോഴും ജുൺ 15ന് കാനഡയിൽ സമാപിച്ച ജി-7 ഉച്ചകോടിയിൽ ലോകനേതാക്കളെ താഴ്ന്നതതരം ഭാഷയിൽ അധിക്ഷേപിച്ച് സംസാരിക്കുമ്പോഴും യു.എന്നിന്റെ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് ലൊട്ടുലൊടുക്ക് കാരണം പറഞ്ഞ് പിൻവാങ്ങുമ്പോഴും അരച്ചാൺ വയറിനു വേണ്ടി അമേരിക്കയിൽ കാൽ കുത്തുന്ന കുടിയേറ്റക്കാരായ അമ്മമാരിൽ നിന്ന് തങ്ങളുടെ കുഞ്ഞുങ്ങളെ അടർത്തിമാറ്റാൻ ശ്രമിക്കുമ്പോഴും ട്രംപിന്റെ ഭീഷണിയുടേയും താന്തോന്നിത്തത്തിന്റേയും ധാർഷ്ട്യത്തിന്റേയും ആഴം നാം അറിയുന്നുണ്ട്; ഒപ്പം സിസെക്കിന്റെ വിമർശനങ്ങളിലെ നേരും നെറിയും. ട്രംപിന്റെ പെരുമാറ്റത്തെപ്പോലും യാതൊരു ദാഷിണ്യവുമില്ലാതെയാണ് സിസെക് ആക്രമിക്കുന്നത്. സിസെക്കിന്റെ തുറന്നതും ധീരവുമായ ആക്രമണശൈലി നോക്കുക:

‘The dangers of a Trump presidency are obvious: he not only promised to nominate conservative judges to the supreme court, he not only mobilized the darkest white-supremacy circles and openly flirts with anti-immigrant racism; he not only flouts basic rules of decency and symbolizes the disintegration of basic ethical standards; while advocating concern for the misery of ordinary people, he effectively promotes a brutal neo-liberal agenda, including tax breaks for the rich, further deregulation, etc..” Trump is a vulgar opportunist, and he is
alos a vulgar specimen of humanity (in contrast to entities like Ted Cruz or Rick Santoro, whom I suspect of being aliens). What Trump is definitely not is a successful, productive and innovative capitalist-he excels in getting into bankruptcy and then making the taxpayers cover up his debts”. (Pages: 259-260)

സമകാലിക ലോകരാഷ്ട്രീയത്തിന് തത്വചിന്താപരമായ വ്യാഖ്യാനം നിർമിക്കുന്ന ഈ പുസ്തകത്തിൽ നാം ഉയർന്ന സാഹിത്യരചനകളുമായി നിരന്തരം സന്ധിക്കുന്നു. ആമുഖത്തിലെ ആദ്യ വാചകത്തിൽത്തന്നെ ഇറ്റാലൊ സ്വെവോയുടെ “Zeno’s Conscience” എന്ന മികച്ച നോവലിനെ കണ്ടുമുട്ടുന്നു. പിന്നെ, ഷേക്‌സ്പിയർ, ഓർവൽ, കഫ്ക, “Remembrance of Earth’s Past” എന്ന ഉജ്വലട്രിലജിയിലൂടെ പ്രസിദ്ധനായ ലിയു സിചിൻ (Liu Ssichin), അപ്ടൺ സിങ്ക്‌ളയർ, ഷുസെ സരമാഗോ, ടിം ലാ ഹായെ തുടങ്ങിയ നിരവധി എഴുത്തുകാരുടെ രചനകളെ, ആനുകാലിക രാഷ്ട്രീയാവസ്ഥയുടെ ആഴങ്ങളെ അപഗ്രഥിക്കുവാൻ തികച്ചും ഉചിതമായി സിസെക് ഉപയാഗിക്കുന്നു. സാഹിത്യം സാംസ്‌കാരിക മൂലധനമായി മാറുന്നതിനും അത് രാഷ്ട്രീയ തത്വജ്ഞാനത്തിന്റെ സിരകളിലേക്ക് ഇരമ്പിക്കയറുന്നതിനും നാമീ പുസ്തക
ത്തിൽ സാക്ഷ്യം വഹിക്കുന്നു.

റഫീക് ഒരുക്കുന്ന വസന്തോത്സവങ്ങൾ

റഫീക് അഹമ്മദിന്റെ കവിതകൾ ഞാനിഷ്ടപ്പെടുന്നു. സാധാരണ വാക്കുകൾ കൊണ്ടും പഴകിയ കല്പനകൾ കൊണ്ടും നിറം കെട്ട ബിംബങ്ങൾ കൊണ്ടും സമകാലിക കവിതകൾ ഭാവുകത്വ
ത്തെ രോഗാതുരമാക്കുമ്പോൾ റഫീക് ഒരു വസന്തത്തെ നമുക്കായി വീണ്ടെടുക്കുകയാണ്. സാധാരണ പദങ്ങൾ ഉപയോഗിച്ചാൽ കവിത നിസ്സാരതയിലേക്ക് വീണുപോകുമെന്ന് അരിസ്റ്റോട്ടിൽ പറഞ്ഞത് ഓർത്ത് പോകുന്നു. ലാളിത്യത്തിന്റെ മറവിൽ ഏതോ മഹാസംഭവം അവതരിപ്പിക്കുന്നുവെന്ന വ്യാജേന ചില്ലറക്കാര്യങ്ങളുടെ വക്താക്കളായി മാറിയിരിക്കുന്നു നമ്മുടെ മിക്ക കവികളും.

സെയിന്റ് പോൾ പറയുന്നതു പോലെ അവർ ഭാവിക്കേണ്ടതിനു മീതെ ഭാവിച്ചുയരുന്നു. എന്നാൽ, വികലമായ ഇലത്താളം പോലെ അവരുടെ രചനകൾ സമകാലികപ്രസിദ്ധീകരണങ്ങളുടെ താളുകളിൽ തണുത്തുകിടക്കുന്നു. ഭാഷാപോഷിണി വാർഷികപ്പതിപ്പിൽ (2018) റഫീക് എഴുതിയ ‘കടൽച്ചെറുപ്പം’ എന്ന കവിത നോ
ക്കുക. ആത്യന്തികമായി പ്രകൃതിക്ക് എപ്പോഴും യൗവനമാണെന്നും അഥവാ അത് അനശ്വരമാണെന്നും നമ്മൾ അതായത് ‘ഞാൻ ഞാൻ’ എന്നഹങ്കരിക്കുന്ന മനുഷ്യജീവികളുടെ ജന്മം ക്ഷണികമാണെന്നും റഫീക് കാവ്യാത്മകത തുള്ളിക്കളിക്കുന്ന വരി
കളിലൂടെ നമ്മെ ഉത്‌ബോധിപ്പിക്കുന്നു. നിറം കെട്ട തണുത്ത സന്ധ്യകളിലൂടെ വിളറിയ വെയിലിന്റെ കരം പിടിച്ച് ക്ഷണികമായ നരജന്മങ്ങൾ മാഞ്ഞുപോകുന്നത് വളരെ ഹൃദ്യമായി റഫീക് വരച്ചുകാട്ടുന്നു.

”…അതിപുരാതന പ്രണയികൾ വന്നു
ചിരിച്ചു കൈകോർത്തു നടന്ന തീരങ്ങൾ
കരകൾ, ദ്വീപുകൾ കടലെടുത്തൊരു
തടങ്ങൾ, ബോധത്തിലുയിർത്തു പൊന്തുമ്പോൾ
നിഴലുടുപ്പുകളെടുക്കുവാൻ വന്ന
വിളർത്ത വെയിലിന്റെ കരം വിറയ്ക്കുന്നു.
നരച്ച നിൻമുടി, തളർന്നൊരെൻ പാദം
നിറങ്ങൾ മങ്ങിയ തണുത്ത സന്ധ്യയും
കടലിനിപ്പോഴും ചെറുപ്പമെന്നു നീ
പറഞ്ഞില്ല, പക്ഷേ അറിഞ്ഞു നാം തമ്മിൽ.”
റഫീക്കിന്റെ കവിതകളിലെ ആസ്വാദ്യത അതിൽ ഒടുങ്ങാതെ
തുടിക്കുന്ന പ്രപഞ്ച ചൈതന്യവും ദാർശനികതയുടെ വിലോലമായ സുഭഗതയുമാണ്. ഈ നല്ല കവിയിൽ നിന്നും ഒരുപാട് കവി
തകൾ വന്ന് നമ്മുടെ കാവ്യലോകത്തെ അലങ്കരിക്കട്ടെ.

പാരമ്പര്യത്തിന്റെ ഊർജപ്രവാഹം

പൂർവികരായ എഴുത്തുകാർ സമകാലികരുടെ സർഗാത്മക രചനകളിൽ ആഘോഷിക്കപ്പെടുന്നത് സാഹിത്യത്തിലെ നല്ല കാഴ്ചയാണ്. ഫിക്ഷനിലേക്കാൾ കവിതയിലാണ് അപാര ഭംഗിയോടെ അവർ വന്നുനിറഞ്ഞത്. ചങ്ങമ്പുഴയിൽ ഇടപ്പള്ളിയും ഇടശ്ശേരിയിൽ പി.യും സച്ചിദാനന്ദനിൽ വൈലോപ്പിള്ളിയും വിജയലക്ഷ്മിയിൽ ബാലാമണിയമ്മയും ബാലചന്ദ്രൻ ചുള്ളിക്കാടിൽ സുഗതകുമാരിയും വന്നുപരന്നപ്പോൾ നമുക്ക് ലഭിച്ചത് ഗാംഭീര്യമുള്ള കാവ്യസൃഷ്ടികളായിരുന്നു. കെ.ജി.എസ്സിന്റെ കൊച്ചിയിലെ വൃക്ഷങ്ങളിൽ പൂർവസൂരികൾ സുഗന്ധപുഷ്പങ്ങളായി വിരിഞ്ഞപ്പോൾ കാവ്യലോകം തരളിതമായി.

അഭയത്തിന്റെ വിരൂപശിഖരത്തിൽ
ഇടപ്പള്ളി ദൈന്യത്തിന്റെ പതാകയായി.
മണ്ണിലും വിണ്ണിലും പക്ഷിക്കൂട്ടം പോലെ
ചങ്ങമ്പുഴ തഴച്ചു.
വേരിൽ നിന്ന് കനിയിലേക്കു മുറുകിയ
പുള്ളുവത്തന്തിയിൽ
വൈലോപ്പിള്ളി വൈദ്യുതിയായി,
വാക്കുകളിൽ വസന്തധ്വനിയായി
പൂത്തുയർന്ന
ഒരു പാതാള വൃക്ഷമായി, പി
വാക്കുകളുടെ മഹാബലി……

എന്നാൽ മലയാളഫിക്ഷനിൽ അവർ അങ്ങനെ കൊണ്ടാടപ്പെട്ടില്ല. ഓർമക്കുറിപ്പുകളിലും ആത്മകഥകളിലും അവർ സ്‌നേഹപുരസ്സരം സ്മരിക്കപ്പെട്ടു. ചില നോവലുകളിലും കഥകളിലും
അവർ ഓർത്തെടുക്കപ്പെട്ടു. ആശ്ചര്യമെന്നുപറയട്ടെ, ഈയിടെ ഞാൻ വായിച്ച മൂന്നു ചെറുകഥകളിൽ നമ്മുടെ ഭാഷയിലെ പൂർവസൂരികളായ മൂന്ന് എഴുത്തുകാർ

ഉഷ:കാലനക്ഷത്രങ്ങൾ പോലെ പുഞ്ചിരിച്ചു നിൽക്കുന്നതു കണ്ട് മനം വല്ലാതെ തരളിതമായി. അശോകൻ ചരുവിലിന്റെ ‘മൊയ്തു പടിയത്ത്’ (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2018 ഏപ്രിൽ 22-26),

ഉണ്ണി ആർ. എഴുതിയ ‘നന്തനാരുടെ ആട്ടിൻകുട്ടി’ (പച്ചക്കുതിര മാസിക 2018 ജൂൺ),

ബെന്യാമിൻ എഴുതിയ ‘പോസ്റ്റുമാൻ’ (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2018 ജൂൺ
10-16) എന്നിവയാണ് ആ കഥകൾ.

ആഖ്യാനത്തിന്റെ തനിമ കൊണ്ടും പ്രമേയങ്ങളിലെ വൈജാത്യം കൊണ്ടും ഭാഷയിലെ നിഷ്‌കപടതയുടെ ചാരുത കൊണ്ടും പ്രതീതിയാഥാർത്ഥ്യങ്ങളുടെ കാലത്ത് യാഥാർത്ഥ്യങ്ങളിലെ സത്തകൾ വീണ്ടെടുത്തുകൊണ്ടും മലയാളകഥയെ മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുന്നവരാണ് ഈ മൂവരും. ഒരു കാലയളവിൽ കഥയിൽ യൗവനം നിറച്ചവരായിരുന്നു മൊയ്തു പടിയത്തും നന്തനാരും സാക്ഷാൽ വൈക്കം മുഹമ്മദ്
ബഷീറും. ഇവർ ഈ കഥകളിലെ കേന്ദ്ര പ്രമേയങ്ങളല്ല. ഇവരുടെ ജീവിതമോ രചനകളോ കഥകളിൽ വിസ്താരമായി വർണിക്കപ്പെടുന്നില്ല. ഈ കഥകൾ സമകാലികലോകത്തിലെ സങ്കട
കാഴ്ചകളിലേക്കാണ് കണ്ണയയ്ക്കുന്നത്. എന്നാൽ, പൂർവികരായ ഈ മൂന്നു കഥയെഴുത്തുകാർ ജീവിച്ചിരുന്ന ഒരു ഗദ്യകാലയളവിന്റെ സംസ്‌കൃതി ഈ കഥകളുടെ ആന്തരികതയിൽ തുടിക്കുന്നു.

ഇവർ നിർമിച്ച ആ സംസ്‌കാരത്തികവിനെ അടിസ്ഥാനശിലകളാക്കി അശോകനും ഉണ്ണിയും ബെന്യാമിനും കഥകൾ നിർമിക്കുമ്പോൾ ശ്രേഷ്ഠമായൊരു പാരമ്പര്യത്തെ സമകാലിക കഥ വീണ്ടെടുക്കുകയാണ്. പാരമ്പര്യത്തിന്റെ ഊർജപ്രവാഹത്താൽ മലയാളകഥ സമ്പന്നമാവുകയാണ്.

ഓർമകളുടെ വിരുന്ന്

ഓർമകൾ ഉണ്ടായിരിക്കുക എന്നാൽ ജീവിതമുണ്ടായിരിക്കുക എന്നാണ്. ഓർമകൾ ഭൂതകാലത്തെ വർത്തമാന കാലത്തിന്റെ വരാന്തയിലേക്ക് ക്ഷണിച്ചിരുത്തി കാലവിഭജനത്തെ റദ്ദാക്കുക മാത്രമല്ല, ഉയർപ്പിന്റെ പ്രകാശം കൊണ്ട് പുതിയൊരു ലോകത്തെ
സൃഷ്ടിക്കുക കൂടിയാണ്. കലാകാരന്മാരും എഴുത്തുകാരും തങ്ങളുടെ സൃഷ്ടികളിലൂടെ പോയകാലത്തെ വീണ്ടെടുക്കുമ്പോൾ പുതിയ ലോകക്രമത്തിനായുള്ള നിർമാണ പ്രക്രിയയിൽ ഒരു പങ്ക് വഹിക്കുക കൂടിയാണ്. ഇത് കലയിലെ രാഷ്ട്രീയ മാനങ്ങളെക്കുറിച്ചുള്ള ചിന്തകളുടെ ഭാഗമാണ്. ഓർമകൾ ഉണ്ടായിരിക്കണം എന്ന വിനീതമായ അഭ്യർത്ഥന നാമിപ്പോൾ നിരന്തരം കേട്ടുകൊണ്ടിരിക്കുകയാണ്. വളരെ ശാന്തവും എന്നാൽ ഒരു കൊടുങ്കാറ്റിന്റെ
മാരകമായ പ്രചണ്ഡതയെ ഉള്ളിലേറ്റുന്നതുമായ വർത്തമാനകാല സാഹചര്യങ്ങളിൽ, ബഹുസ്വരതയുടെ എല്ലാത്തരം പാഠാവലികളെയും നിരാകരിക്കുകയും ഭൂതകാല വിശുദ്ധിയുടെയും ഗ്രാമീണ നന്മകളുടെയും എല്ലാവിധ ഓർമകളെയും റദ്ദ് ചെയ്തുകൊണ്ട് ഉപഭോഗത്തിന്റെയും ആർത്തിയുടെയും സാംസ്‌കാരിക വ്യവസായം സമഗ്രാധിപത്യം ചെലുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഈ കാലയളവിൽ തന്റെ ഏഴയായ ഗ്രാമത്തിന്റെ സാത്വികതയെയും നിഷ്‌കപടതയെയും അവിടുത്തെ നന്മയിൽ ഗോപാലൻമാരെയും വരകളിലൂടെ വീണ്ടെടുക്കാനുള്ള എളിയ കലാകാരന്റെ ചെറിയ ദൗത്യം പോലും പ്രാധാന്യമുള്ളതാണ്.

അതുകൊണ്ടാണ് തൃശൂരെ വലപ്പാട് ഗ്രാമത്തിൽ ജീവിക്കുന്ന ഇമ ബാബുവെന്ന ചി
ത്രകാരന്റെ ഓർമച്ചന്തയിലൂടെ ചുറ്റിയടിച്ചത് കൊട്ടിഘോഷിക്കപ്പെടേണ്ടതാണെന്ന് കരുതുന്നത്. ശീർഷകം സൂചിപ്പിക്കുന്നതു പോലെ ഇത് ഓർമകളുടെ നാടൻ ചന്തയാണ്. നിരാർദ്രവും ലാഭാധിഷ്ഠിതവും മാനുഷികതയുടെ അവസാന കണികയും നഷ്ടപ്പെട്ടുപോയതുമായ ആധുനികാനന്തര മോളുകളുടെ നാട്യലോകമല്ല ഇമയുടെ ചന്ത. അത് മുത്തുപോലെ തിളങ്ങുന്ന നന്മകൾ ഉള്ളിലേറ്റിയ നാട്ടുമനുഷ്യരുടെ സ്‌നേഹക്കൂടാരമാണ്. ഈ ചന്തയിൽ ഗ്രാമീണജീവിങ്ങൾ പൂത്ത് വിടരുകയാണ്. ഇവിടെ നാം കാണുന്ന മനുഷ്യർ നമ്മുടെയൊക്കെ ഒരുകാലത്തെ ഗ്രാമങ്ങളിലെ അന്തിച്ചന്തകളിൽ നാം തൊട്ടറിഞ്ഞവരാണ്. എന്നടീ റാക്കമ്മ…..
പാടി നമ്മെ രസിപ്പിച്ച സൈക്കിൾ റിക്ഷായജ്ഞക്കാരനും, നൃത്തം ചെയ്യുന്ന മിന്നാമിനുങ്ങുകൾക്കിടയിലിരുന്ന് കത്തി രാകിരാകിത്തരുന്ന ചാണക്കാരനും, മൺകുടങ്ങൾ തലയിലേറ്റി കുണുങ്ങിവരുന്ന ഉയരം കുറഞ്ഞ കുശവൻമാരും, പഴയ പത്രത്താളിൽ
പപ്പടം പരത്തിയിട്ട് വിൽക്കുന്ന പണ്ടാരങ്ങളും, പാണ്ടിലോറിയിൽ പലചരക്കുകൾ കയറ്റിയെത്തുന്ന തമിഴ്‌വണിക്കുകളും, കറുത്ത തുണി മൂടി ഫോട്ടം പിടിക്കുന്ന അത്ഭുതമനുഷ്യരും, പൂച്ചക്കണ്ണുകളുള്ള ഐസു വില്പനക്കാരും, ചപ്ലാംകൊട്ട കൊട്ടിപ്പാടി കൊലപാതക രഹസ്യങ്ങളുടെ ചുരുളഴിച്ചിടുന്ന അഞ്ചൽ ഗോപാലന്മാരും, ഇന്ദിരാഗാന്ധിക്ക് പ്രണയക്കത്തെഴുതുന്ന ഭ്രാന്തൻ കുമാരസ്വാമിമാരും, കണ്ണിനുള്ളിൽ ലെൻസൊട്ടിച്ചു വച്ച് വാച്ച് നന്നാക്കുന്ന സിംപ്ലന്മാരും ഈ ചന്തകളിലെയൊക്കെ ചന്തം നിറഞ്ഞ സാന്നി
ധ്യങ്ങളായിരുന്നു. ഇമ ബാബുവെന്ന ചിത്രകാരൻ അവരെയൊക്കെ തന്റെ ഋജുവും സരളവുമായ വരകളിലൂടെ നമുക്കായി വീണ്ടെടുക്കുകയാണ്. ഇതിലൂടെ പ്രാദേശിക സംസ്‌കാരത്തിന്റെ നന്മ നിറഞ്ഞ മൂല്യങ്ങളെ ആധുനികോത്തരതയിലേക്ക് പുനരുജീവിപ്പിക്കുകയും.

ഉൾവിളക്കിലെ തിരി തെളിയുമ്പോൾ

അരികുവത്കരിക്കപ്പെട്ടവരുടെ, നിരാലംബരുടെ, അപഹസിക്കപ്പെട്ടവരുടെ ദുരിതജന്മങ്ങൾ നമ്മുടെ മുഖ്യധാരാ സാഹിത്യത്തിലെ കേന്ദ്ര പ്രമേയങ്ങളായും സാമൂഹ്യചിന്തയിലെ പ്രധാന കോശങ്ങളായും മാറിയിട്ട് നാളേറെയായി. കീഴാള സ്വത്വബോധങ്ങളുടെ ഉണർച്ചകൾ നവരാഷ്ട്രീയ പ്രത്യയശാസ്ത്രനിർമിതികളെ ഉഷാറാക്കുന്നു. പരിസ്ഥിതി-ട്രാൻസ്‌ജെൻഡർ-ന്യൂനപക്ഷ-മറുനാടൻ തൊഴിലാളി സമസ്യകളൊക്കെ നമ്മുടെ ആലോചനയിലെ
സ്ഥിരഅജണ്ടകളിൽ പെടുന്നു. എന്നാൽ, ഇനിയും നമ്മുടെ പൊതുശ്രദ്ധയിൽ വന്നുപെടാത്ത നിരവധി മനുഷ്യജീവിതങ്ങളുണ്ടെന്നും അവയിലൊന്നാണ് അന്ധരുടേതെന്നും നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു ഗവേഷണ പ്രബന്ധം കോഴിക്കോട് ഫാറൂഖ് കോളേജിൽ അസി. പ്രൊഫസറും U Kerala Federation of the Blinds ന്റെ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. സി. ഹബീബ് രചിച്ചിരിക്കുന്നു. ”കാഴ്ചയില്ലാത്തവരുടെ പ്രാധിനിത്യവും നിർ
മിതിയും, തെരഞ്ഞെടുക്കപ്പെട്ടവരുടെ കൃതികളിൽ” എന്ന ഈ പ്രൗഢമായ പ്രബന്ധത്തിന്റെ സംക്ഷിപ്തരൂപം മാധ്യമം വാരികയുടെ 2018 ജൂൺ 18ന് പുറത്തിറങ്ങിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്ധത മുഖ്യപ്രമേയമായി വരുന്ന നാലു പ്രധാന നോവലുകളെ പഠനവിധേയമാക്കിയ ഈ പ്രബന്ധം നമ്മുടെ പൊതുസമൂഹം പൊതുവെ എങ്ങനെയാണ് കാഴ്ചയില്ലാത്തവരായ പാർശ്വവത്കൃതരെ നോക്കിക്കാണുന്നത് എന്ന് ആഴത്തിൽ പരിശോധിക്കുന്നു. വിൽക്കി കോളിൻസിന്റെ ‘ദ ഡെഡ് സീക്രട്ട്’, ‘ദ പുവർ മിസ് ഫിഞ്ച്’, സൂസി ഗ്ലാസ്‌പെലിന്റെ ‘ഗ്ലോറി ഓഫ് ദ കോൺക്വേർഡ്’, ലിൻഡ ജില്ലാർഡിന്റെ ‘സ്റ്റാർ ഗേസിങ്’ എന്നീ നോവലുകളാണ് ഹബീബ് തന്റെ കണ്ടെത്തലുകൾക്ക് ആധാരമാക്കുന്നത്.
തനിക്കാശ്രയിക്കാൻ മലയാളത്തിൽ ഒരു രചന പോലുമില്ലെന്ന് ഹബീബ് സങ്കടപ്പെടുന്നുണ്ട്. വാസ്തവമായും നിരൂപണമെന്നത് ഉൾക്കാഴ്ചയുടെ വിരുന്നൂട്ടലാണ്. ബാഹ്യത്തിൽ നിന്നും ആന്തരികതയിലേക്കത് നമ്മെ ആനയിക്കുന്നു. കാഴ്ചയുള്ള നമ്മുടെ പല നിരൂപകരേക്കാൾ കാഴ്ചയില്ലാത്ത ഡോ. ഹബീബിന്റെ പ്രബന്ധം എത്ര മികവുറ്റതെന്നറിയുമ്പോൾ ബാഹ്യനേത്രങ്ങളേക്കാൾ ആന്തരിക നേത്രങ്ങളാണ് പ്രധാനം എന്നുകൂടി നാം തിരിച്ചറിയുകയാണ്.

നോവൽ ചിന്താപരമാകുമ്പോൾ

ആധുനികാനന്തരകാലത്തുള്ള ഒരു മൈക്രോ ന്യൂക്ലിയർ ഫാമിലിയുടെ ദാരുണമായ ജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന നോവലാണ് കണക്കൂർ ആർ. സുരേഷ്‌കുമാർ എഴുതിയ ‘ദ്രവരാഷ്ട്രം’. സ്വീകരണമുറിയുടെ മൂലയിൽ സ്ഥാപിച്ച ഫിഷ് ടാങ്കിലെ നാലു മത്സ്യങ്ങളുടെ സംഭാഷണങ്ങളിലൂടെ ജീവിതത്തെ ക്കുറിച്ചുള്ള തത്വചിന്താപരമായ വിചാരങ്ങൾ സുരേഷ് ഈ നോവലിൽ ആവിഷ്‌കരിക്കുന്നു. ഗൗരവമിയന്ന ഭാഷയിൽ അതിഭാവുകത്വത്തിലേക്ക് വഴുതിപ്പോകാത്ത ഭാവന കൊണ്ട് നല്ലൊരു നോവൽ രചിച്ച സുരേഷിനു ഭാവുകങ്ങൾ നേരുന്നു!

നോവൽ വേഗത്തിലെഴുതുമ്പോൾ

വളരെ വേഗത്തിൽ നോവലുകളെഴുതുന്നതുകൊണ്ട് ആന്തരികശ്ലഥത്തിൽപ്പെട്ടുപോകുന്നവയാണ് ജയമോഹന്റെ പ്രതിഭയെന്ന് ഒരു പരാതി ഞാൻ വച്ചുപുലർത്തുന്നുണ്ട്. ഇരുപതിനായിരമോ മുപ്പതിനായിരമോ പുറങ്ങളുള്ള ബൃഹത്‌നോവലുകൾ അദ്ദേഹം എഴുതുന്നുവെന്നറിഞ്ഞപ്പോൾ വലിയ ആകാംക്ഷയൊന്നും തോന്നിയതുമില്ല. എന്നാൽ ഈ വർഷത്തെ ഭാഷാപോഷിണി
വാർഷികപ്പതിപ്പിൽ അദ്ദേഹമെഴുതിയ ‘മിണ്ടാച്ചെന്നായ്’ എന്ന നോവൽ സുന്ദരമായിരിക്കുന്നു എന്ന് എടുത്തുപറയേണ്ടതുണ്ട്. ആഹ്ലാദകരമാണ് ഈ നോവലിന്റെ വായന. ജയമോഹൻ താങ്കൾ
ക്കു നന്ദി.