കറുത്ത പാലായി കുറുകുന്ന കവിത

ഡോ: ഇ. എം. സുരജ

ഏറെക്കാഴ്ചകൾ കണ്ടു കണ്ണുമങ്ങിത്തുടങ്ങിയ ചില മനുഷ്യർ, വാതിലിനു പകരം ചുമരിലൂടെ അകത്തു കടക്കാൻ ശ്രമിക്കുമ്പോൾ, നേർവഴിയെ മാത്രം നടന്നു ശീലിച്ച ലോകം ഈർഷ്യയോടെ തിരുത്തും, അവിടെ വാതിലില്ല. പക്ഷെ, അവർക്ക് മുന്നിലുള്ള ചുമരും വാതിലുകളും ഭേദമില്ലാതായിക്കഴിഞ്ഞുവല്ലോ! അവരിൽച്ചിലർ, ഞെട്ടറ്റുവീണ പൂവിനെപ്പറ്റി, ഭ്രാന്തിൻ നിലാവോലും മസ്തകമുയർത്തുന്ന ആനയെപ്പറ്റിയൊക്കെ എഴുതിയിട്ടുണ്ട്. അവരുടെ കൂട്ടത്തിലൊരാൾ ഇപ്പോൾ, മനുഷ്യവംശത്തിന്റെ പാപങ്ങളെ കറുത്ത പാലാക്കി കുറുക്കുകയും ചെയ്യുന്നു. ശ്രീ കൽപറ്റ നാരായണന്റെ കറുത്ത പാൽ എന്ന സമാഹാരത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

സാധാരണ മനുഷ്യർ ചിന്തിക്കാൻ മടിക്കുന്ന, മറുപുറങ്ങളിൽ മറഞ്ഞിരിക്കുന്ന ബീഭത്സതകളെ വിചാരം കൊണ്ട് തോണ്ടിപ്പുറത്തിടുക എന്നത് കൽപറ്റക്കവിതയുടെ ഒരു രീതിയാണ്. പൂച്ചയുടെ മുമ്പിൽ എലിയെന്ന പോലെ ഈ കാഴ്ചകകൾക്കുമുമ്പിൽ നമ്മൾ ചകിതരാകും. ഒരിക്കലും നേരിടേണ്ടിവരില്ലെന്ന് ഒളിച്ചോടുന്ന ഭയങ്ങളെ, ലോകവസാനംത്തോളം സുരക്ഷിതരരും സുഭിക്ഷതയിൽ പുലരുന്നവരുമായിരിക്കുമെന്ന മിഥ്യാധാരണകളെ മിന്നൽ
പോലെ നമ്മളിലേക്കെത്തിക്കുന്ന കവിതയാണ് കറുത്ത പാൽ.

എല്ലാ വേദനകളും, പാപത്തിന്റെ ഉപകാരസ്മരണകളാകുന്നു, അവ വേദനയുടെ ഏകാന്തതയെ ശിഥിലീകരിക്കുകയും ചെയ്യുന്നു. അതിനാൽ എന്തു ചെയ്തിട്ടാണ് എനിക്ക് ഈ ശിക്ഷയെന്ന് ചോദിക്കേണ്ടതില്ല, ഒരിക്കലും ഒറ്റപ്പെടേണ്ടതുമില്ല. വെറുതെ പാപം ചെയ്യുകയല്ല പാപമാണെന്നറിഞ്ഞ് പാപം ചെയ്യണം. പറ്റുമ്പോൾ പറ്റുമ്പോൾ തെറ്റുകൾ ചെയ്തുകൂട്ടുക. അവയെ അനുഭവങ്ങളുടെ സഞ്ചയികയിലേക്ക് നിക്ഷേപിക്കുക. പിന്നീട്, കടുത്ത വേദനയുടെ കാലത്ത്, പാപത്തിന്റെ ഉപകാരസ്മരണകളായി പലിശ സഹിതം തിരിച്ചെടുക്കുക /അപ്പോൾ ഏകാന്തത ആ/ പാപങ്ങളുടെ അയവെട്ടലിനാൽ മധുരിക്കും. മറ്റൊരാളിലേക്ക് കുറ്റപത്രം നീട്ടാതെ അവനവനിലേക്ക് മിഴി പായിക്കും; ആത്മ വിചാരണ നടത്തും. – തെറ്റുകൾ ശരികളെപ്പോലെ നന്ദികെട്ടവരല്ലടോ.

ജ്ഞാനോദയത്തിന്റെ അപൂർവ സുന്ദരമായ മാതൃകയാണിത്, ഒരപരബുദ്ധൻ. അത്ര മഹത്തായ ചിന്തയ്ക്കു മാത്രമേ ദയയിൽ നിന്ന് ഇത്തരമൊരു നിർദയത്വമുദിക്കൂ. അതിനാൽത്തന്നെ, ഈ സമാഹാരത്തിലെ ഏതു കവിതയ്ക്കും ഉചിതമായ പേരാകുന്നു കറുത്ത പാൽ എന്നത്. അങ്ങനെ വിഷം ചേർത്ത പാലു കുടിക്കുമ്പോൾ പുതിയ ജ്ഞാനോദയങ്ങൾ ഉണ്ടാകും.

വാവിട്ടു കരയുന്ന കുഞ്ഞിനെ ശാന്തയാക്കാൻ രാക്ഷസനെന്ന് അമ്മ ചൂണ്ടിക്കാണിച്ചു കൊടുക്കുമ്പോൾ, രാക്ഷസനെ ആദ്യമായിക്കാണുന്ന അവളെപ്പോലെ വായനക്കാരും ഒരു നിമിഷം സൂക്ഷിച്ചു നോക്കും. പ്രതീക്ഷിച്ചതല്ല കാണുക. നരച്ച കനത്ത മീശ, ചോരച്ച കണ്ണുകൾ, അസ്വസ്ഥ ദിനങ്ങളിലെ വൈരൂപ്യം, ഇരിപ്പിടം കിട്ടാതെ ഏറെ നേരമായി നിൽക്കുന്ന ഒരറുപതുകാരന്റെ പൊറുതികേട്. അവിടെ നിന്ന്, നേരെ അവനവനിലേക്ക് പായും കണ്ണ്. ചെയ്യാനാലോചിച്ചതൊക്കെ ചെയ്തിരുന്നെങ്കിൽ പുറത്തുചാടിയേക്കാവുന്ന രാക്ഷസൻ/രാക്ഷസി പ്രത്യക്ഷപ്പെടും. അമ്മയ്ക്ക് അതൊരു രക്ഷപ്പെടലായിരിക്കാം. കുട്ടിക്കരച്ചിൽ മാറ്റാൻ അമ്മമാർ എന്തൊക്കെപ്പറയും! അങ്ങനെയാവാം ആദ്യത്തെ കഥകളുണ്ടായിട്ടുണ്ടാവുക.

വളരെ യാദൃച്ഛികമായിട്ടാണെങ്കിലും മറ്റൊരാളുടെ വാക്കിലൂടെ ഉള്ളിലെ രാക്ഷസനെ തിരിച്ചറിയുന്നതും ഒരു ജ്ഞാനമാണ്. അഥവാ അങ്ങനെ തിരിച്ചറിഞ്ഞപ്പോഴാണ്, ഈ രാക്ഷസൻ എത്ര പാവമാണ് എന്നും ദുർബലനാണെന്നും മനസ്സിലായത്. അങ്ങനെ ആർദ്രനാകാൻ സാധിക്കുന്ന ഒരാളെത്തന്നെ ആൾക്കൂട്ടത്തിൽ നിന്ന് കൃത്യമായി തെരെഞ്ഞെടുത്ത ആ അമ്മ മനുഷ്യനെ തിരിച്ചറിയാത്തത്ര അന്ധയോ, അതോ ആരും കാണാതെ ഒളിപ്പിച്ച രാക്ഷസനെ തിരിച്ചറിഞ്ഞ ജ്ഞാനിയോ? കാരണം ഒരു വേള ഉള്ളിലൊരു രാക്ഷസൻ ഉണ്ടല്ലോ എന്നതും ഉള്ളിലെ ബുദ്ധനെ മാത്രമല്ല ഒരു ജ്ഞാനോദയമാണ്. സുന്ദരമെന്നതിനൊപ്പം വിരൂപവും തന്റെ ഭാഗമാണ് എന്ന് ഈ കവി തിരിച്ചറിഞ്ഞിട്ടുണ്ട്. എന്റെ മൂക്കാണ് എനിക്ക് ഒട്ടും ഇഷ്ടമില്ലാത്തത് – പക്ഷെ ആ മൂക്കും കൂടി ചേർന്നതാണ് താൻ. ഒരു തരത്തിൽ പാലിനെ കറുപ്പിക്കുന്ന വിദ്യ. ഈ വൈരൂപ്യം കൂടി ചേർന്നതാണ്, ഈ രാക്ഷസൻ കൂടി ചേർന്നതാണ് താൻ –

പിറന്നാൾ ദിവസം പുലർച്ചെ വിരലുകൾ വിടർത്തിക്കാട്ടി മകൾ ഓടി വരുന്നു, അച്ഛാ ഈ വിരലുകൾക്കും മൂന്നു വയസ്സായോ? കവിളിലെ കാക്കാപ്പുള്ളിയ്ക്ക്, കാലിന്, കുഞ്ഞിപ്പല്ലിന്, കാതിന്, കണ്ണിന് വയസ്സെത്രയായി? (പിറന്നാൾ) വാക്കിന്റേയും കാഴ്ചയുടേയും പ്രായം നമ്മൾ അറിയുന്നേടത്തോളമല്ല. ഒരു കണ്ണ്, മാനുഷികനേത്രമാകുന്നതിനെപ്പറ്റി മാർക്‌സ് എഴുതിയിട്ടുണ്ട്. അപ്പോൾ അത് ചരിത്രത്തിന്റെ തുടർച്ചയാകുന്നു. ആയിരത്താണ്ടുകൊണ്ട് മനുഷ്യരാശി ആർജിച്ച അറിവും അനുഭൂതിയും സമാഹരിച്ച്, വാക്കും കാഴ്ചയും പുതുക്കപ്പെടുന്നു. അതിലേക്ക് അർത്ഥത്തിന്റെ പുതിയ പുതിയ ആകാശങ്ങൾ ലയിച്ചു ചേരുന്നു. അത്, സാമൂഹികമായ ഒരസ്തിത്വത്തിന്റെ സൃഷ്ടിയാണ്. ഇനി ഇതേ കണ്ണ് അകത്തേക്ക് തുറന്നാലോ? അർക്കാനലാദി വെളിവൊക്കെഗ്രഹിക്കുന്ന കണ്ണിനു കണ്ണ്, മനമാകുന്ന കണ്ണതിനും കണ്ണ് ആയിരുന്ന ആപൊരുളിലേക്ക്, ആനന്ദത്തിലേക്ക് ഉണരും. അപ്പോഴും അതിന്റെ അപ്പോൾ അകത്തേക്കും പുറത്തേക്കും തുറക്കാൻ സാധ്യതകളുള്ള ഒരു കണ്ണുമായിട്ടാണ് കൽപറ്റക്കവിത പിറന്നു വീഴുന്നത്. നമുക്കെല്ലാവർക്കും അവകാശമുള്ള ഒരു പൊതു വിഭവത്തിൽനിന്നാണ്, കൽപറ്റക്കവിത ഉണ്ടാകുന്നത്. ഏറ്റവും സമകാലികമായ ഒരാശയമോ സംഭാഷണത്തിൽ നിന്നടർന്നു വീഴുന്ന വാക്കുകളോ പുതിയ വിശ്വാസങ്ങളോ പരക്കെ കേട്ടുകൊണ്ടിരിക്കുന്ന കഥകളോ പരക്കുന്ന ഭീതിയോ ഇതാ നഷ്ടപ്പെടുന്നല്ലോ എന്ന് ആധികൊള്ളുന്ന അനുഭവങ്ങളോ ആകാം.

നമ്മുടെ സഞ്ചിതാബോധത്തിന്റെയോ, സഞ്ചിതബോധത്തിന്റെതന്നെയോ മണ്ഡലത്തിൽ നിന്നാണ് പലപ്പോഴും കൽപറ്റക്കവിത അതിന്റെ ജീവൻ കണ്ടെടുക്കുന്നത്. ഈ സവിശേഷത കറുത്ത പാലിൽ എത്തുമ്പോൾ ഏറെക്കുറെ സ്ഥാപിതംതന്നെയാകുന്നതുകാണാം. എന്നാൽ ആ ബോധത്തെയോ അബോധത്തെയോ കണ്ടാലറിയാത്ത മാതിരി രൂപം മാറ്റുന്നുമുണ്ട്. ജലത്തിൽ കാൽ വയ്ക്കുമ്പോൾ മുങ്ങിപ്പോകുമെന്നു പറയുമ്പോഴും മുങ്ങി നിവരുമ്പോൾ ജലത്തെത്തന്നെ
അതൊരു ശില്പമാക്കി മാറ്റിയിട്ടുണ്ടാകും. ഉദാഹരണത്തിന് കറ എന്ന കവിതയിൽ കൈയിൽ പറ്റിയ കറ വയറുകൊണ്ടും, വീട്ടാനാവാത്ത പ്രതികാരങ്ങൾ ചലച്ചിത്രങ്ങൾ കൊണ്ടും കഴുകി മതിയാവാഞ്ഞിട്ട്, മറവി കൊണ്ടു മാത്രം കഴുകിയാൽ മാത്രം പോകുന്ന മനസ്സിലെ കറ നീക്കാൻ, മരുന്നിന് അച്ചടക്കത്തോടെ വരിനിൽക്കുന്നു. വരി നിന്നു വാങ്ങുന്ന പലതരം ലഹരികൾ കൊണ്ട്, നമ്മൾ മായ്ച്ചു നോക്കാറില്ലേ, മുഖത്ത് അടയാളം വെക്കുന്ന സങ്കടക്കറകളെ ചിലപ്പോഴെങ്കിലും അങ്ങനെ മായിച്ചു മായിച്ചു ഓർമ്മകൾ കൂടി മറയും.ഓർമയുടെ ജഡങ്ങൾ ബാക്കിയാവും. ശൗചം ചെയ്യാൻ ഇടംകൈ തന്നെ ഉപയോഗിക്കണമെന്നും ഉറങ്ങാൻ നേരം കിടക്കണമെന്നും വാതിലിലൂടെത്തന്നെ പുറത്തിറങ്ങണമെന്നുമൊക്കെ യാന്ത്രികമായി ചലിപ്പിക്കുന്ന ഓർമകൾ. കറയില്ലാത്ത പ്രതിച്ഛായ ഉയർത്തിപ്പിടിക്കാൻ വേണ്ടി നമ്മൾ തന്നെ കഴുകി കളഞ്ഞതാണല്ലോ ഓർമയുടെ ജീവനെ.

സമാനമായൊരു സന്ദർഭത്തിൽ, ഉദാത്തതയിലേക്കുയരാൻ കഴിഞ്ഞാൽ ഇങ്ങനെയൊക്കെത്തന്നെ നമ്മളും ചിന്തിക്കുമായിരുന്നല്ലോ എന്നു തോന്നിപ്പിക്കുന്ന കവിതകളാണ് കൽപറ്റയുടേത്. കവിയുടെ ഭാഷയിൽ പറഞ്ഞാൽ, എന്നെ കുറക്കൂടി ശരിയായി പ്രതിനിധാനം ചെയ്യുന്ന ഒരു പകരത്തിനായിക്കൂടിയാണോ ഞാൻ കവിതയിലെത്തിയത് അതിലൂടെ ചിലപ്പോഴത്തെ നിങ്ങളേയും അതുകൊണ്ട്തന്നെ ഏറ്റവും സമകാലികമാണെന്നു തോന്നിപ്പിക്കുന്ന ഈ കവിതകൾക്ക്, പല കാലങ്ങളിലുമുള്ള മനുഷ്യന്റെ സംഘർഷങ്ങളെ പ്രതിനിധാനം ചെയ്യാൻ സാധിക്കുന്നുണ്ട്.

ടച്ച് സ്‌ക്രീൻ എന്ന കവിതയിൽ ഏറ്റവും പുതിയ കാലത്തിന്റെ പ്രതിനിധാനകമായ സ്മാർട് ഫോണാണ് വിഷയം. തഴമ്പുള്ള വിരലുകൊണ്ട് എത്ര ഞെക്കിയിട്ടും അത് പ്രവർത്തിക്കുന്നില്ല.

ടച്ച് സ്‌ക്രീനാണച്ഛാ
മെല്ലെ അമർത്തിയാൽമതി
അമർത്തുകയും വേണ്ട.
ഒന്നുതൊട്ടാൽ മതി
ശരിയ്ക്കുപറഞ്ഞാൽ തൊടുകയും വേണ്ട
ഇതാ ഇങ്ങനെ
അവന്റെ വിരൽ
ജലത്തിന്റെ മീതെ ക്രിസ്തുവിനെപ്പോലെ ചരിച്ചു
ഇച്ഛയ്‌ക്കൊപ്പം ലോകം പരിവർത്തിക്കുന്നു.

എന്നാൽ പരുക്കത്തരത്തിന്റെ പഴയ കൈ തൊടുമ്പോൾ, തോറ്റു പോകുന്നു. ജീവിതത്തിനുമേൽ അനാവശ്യമായി ബലം പ്രയോഗിക്കുകയാണോ അങ്ങനെ തോറ്റു പോകുന്നവർ, അധ്വാനത്തിന്റെ, വിശ്വാസത്തിന്റെ സ്‌നേഹത്തിന്റെ ബലം? അതുകൊണ്ടാണോ ലോകം വഴങ്ങാത്തത്?

പക്ഷെ, വേദനകളെപ്പോലെ
മഴയ്ക്കുമറിഞ്ഞുകൂടാ
ഇഷ്ടക്കൂടുതലുണ്ടാക്കുന്ന പ്രശ്‌നങ്ങൾ
(ഇഷ്ടം കൂടൽ)

എന്ന് ഒരു പഴയ കവിതയിലെഴുതിയതിന്റെ വിടർച്ചയാണ് ഒരർത്ഥത്തിൽ ടച്ച് സ്‌ക്രീൻ. ഈ കൂടൽതന്നെയാണ്, അമിത ബലമായി ചുവടുകളെ വെള്ളത്തിൽ താഴ്ത്തുന്ന, പൊസസ്സീവ്‌നെസ്സ്, അസൂയ സംശയം, പക, സ്‌നേഹവൈകൃതം എന്ന് വൈലോപ്പിള്ളി

ഞാൻ ആവശ്യത്തിലധികം ബലം പ്രയോഗിച്ചോ-
എന്നോളം ബുദ്ധിയോ ബലമോ ഇല്ലാത്തവരെ
ഞാൻ മോഹിച്ചത്
മോഹിയ്ക്കുന്നതു കണ്ട്
വെറുതെ സങ്കടം കൊണ്ടു-
ശത്രുക്കൾക്ക്.
എന്തേ എല്ലാം അനായാസമാക്കിയതെന്ന്
ദൈവത്തോട് പരിഭവിച്ചു
വരികയോ പോകുകയോ ചെയ്യട്ടെ എന്നു വിചാരിച്ചിരുന്നെങ്കിൽ അനായാസമായി വരുമായിരുന്നത്. അമിത ബലം പ്രയോഗിച്ചതുകൊണ്ടു മാത്രം വരാതിരുന്നിട്ടില്ല എന്ന്, ആവശ്യത്തിലധികം സഹിക്കുകയും കേടുവന്ന ഫാനിനെപ്പോലെ ഒച്ചയുണ്ടാക്കുകയും ഒരു നിർണായക സന്ധിയിൽ കർണനെപ്പോലെ ആവശ്യമുള്ളത് മറന്നുപോകുകയും ചെയ്യുന്ന ഏതൊരാൾക്കും തോന്നും.

അവിടെനിന്നാണ് കവിതയുണ്ടാകുന്നത്. അഥവാ ആ ബിന്ദുവിൽ വച്ച് കവിതയല്ലാത്തതൊക്കെ ഉരുകിപ്പോകുന്നു. എന്നാൽ, മറിച്ചൊരാലോചനയ്ക്കും വകയുണ്ട്. ഈ അമിതബലം ആത്മാർത്ഥതയുടേയും സത്യസന്ധതയുടേയും കൂടിയാണ്. കൂടൽ ആണ്. ഇല്ലാത്തത് ഉണ്ടെന്ന്, ആരൊക്കെയോ ആണെന്ന്, ലോകത്തേക്കാൾ ഭാരരഹിതരാണെന്ന് ആത്മത്തെ ഉദ്‌ഘോഷി
ക്കുന്നവരുടേതായിരിക്കുന്നു ലോകം. നവ നമാധ്യമങ്ങൾ അതിന് ഇഷ്ടം പോലെ അവസരങ്ങളും നൽകുന്നുണ്ട്. ആത്മത്തെ പലതായി പിരിച്ച്, വിപുലീകരിച്ചും മഹത്വവത്കരിച്ചും പല ഫ്രീക്വൻസികളിൽ സംപ്രേഷണം ചെയ്യുന്നവരുടെ ലോകത്ത്, ഉള്ളതുപോലും ഉണ്ടെന്നു തോന്നിക്കാനാവാത്തവരല്ലേ തോറ്റു പോകുന്നവർ? അപ്പോൾ പരാജയപ്പെടുന്നവരുടെ സത്യമല്ലേ കവിത?

സത്യത്തിൽ കവിതയെ അറിയാനും അത്ര ബലം പ്രയോഗി്ക്കേണ്ടതില്ല. അതിന്റെ ഹൃദയത്തിൽ ഒന്നു തൊട്ടാൽ മതി, ശരിക്കു പറഞ്ഞാൽ തൊടുകയും വേണ്ട. ഇതൊരു കണ്ണുതുറക്കലാണ്, ജ്ഞാനോദയം. കറുത്ത പാല് പിറന്നാൾ ഈ തുടർച്ച കാവ്യപാരമ്പര്യത്തിലേക്ക് കവിത വായിച്ചു പോകുന്നതിനിടെ, അപരിചിതമായ ചില വരികളുമായി പൊടുന്നനെ വായനക്കാർ കണ്ടുമുട്ടാനിടയാകും.

ഇടിവെട്ടീടും വണ്ണം സാക്ഷയും വീണു
രണ്ടു പേരെക്കുറിച്ചുള്ള
ആധിയെങ്കിലും മാറി
ലോകവും സന്തോഷിച്ചു
എന്നമട്ടിൽ എഴുത്തച്ഛനെ,
എന്ന് വൈലോപ്പിള്ളിയെ
സന്തതം സുഖിക്കുന്നിതെല്ലാവരും
എന്തു ഞാനൊന്നു വേറെ പിഴച്ചു
എന്ന് പൂന്താനത്തെ, ഒക്കെ ഓർമിപ്പിക്കുന്ന വരികൾ ഉത്തരാധുനികതയുടെ സവിശേഷതയായ പാരഡി എന്നു തോന്നിച്ചാലും
അതിൽ നിന്ന് വ്യത്യസ്തമാണ്. ഒരു നാട്ടു വർത്തമാനത്തിൽ വളരെ സ്വാഭാവികമായിക്കടന്നുവരുന്ന പഴഞ്ചൊല്ലു പോലെയാണ് ഇത്തരം വരികൾ/ശൈലികൾ ഇവിടെക്കാണുക. അഥവാ അങ്ങനെ കയറിവരാൻ മാത്രം സ്ഥിരതയാർജിച്ച ചിഹ്നങ്ങളെ മാത്രമേ ഈ കവിത സ്വീകരിക്കുന്നുള്ളൂ.

മതിലുകൾ എന്ന കവിത പ്രത്യക്ഷത്തിൽ ഗാന്ധിജിയേയും ബഷീറിനേയും ഓർമിച്ചുകൊണ്ട് വിവാഹാനന്തരം പ്രണയത്തി
നെന്തു സംഭവിക്കും എന്ന് ആകുലപ്പെടുന്നു.

മതിലിന്റെ ഇരുവശത്തുംനിന്നുള്ള
അന്ധമായ സല്ലാപം അന്ന് തീർന്നു
ഭുവനത്തിലെ
എല്ലാ പനിനീർച്ചെടികളുമായിരുന്ന
ആ പനിനീർക്കമ്പ്,
ഉള്ളം കൈയിൽ കുത്തിക്കയറുന്ന
ഒരു വെറും മുൾക്കമ്പായി അന്ന്

മിക്കതും മുൾക്കാടായ ദാമ്പത്യത്തിന്റെ പനിനീർപ്പൂന്തോട്ടത്തിൽ നാമെത്രയാണ് അഭിനയമെത്രയാണെന്ന് തിരിച്ചറിയാത്ത
നിസ്സഹായർ. ഷൂട്ടിങ് കഴിഞ്ഞിട്ടും അഭിനയിക്കാൻ വിധിക്കപ്പെട്ടവർ. വിവാഹാനന്തരം പ്രണയം ഏറ്റവും ഊഷരമായ ഒരെസ്റ്റാബ്ലിഷ്‌മെന്റായി വ്യവസ്ഥപ്പെട്ടേക്കാമെന്നും ടിക്കറ്റെടുക്കാതെ കള്ളവണ്ടി കയറി പ്രണയം ആഘോഷിച്ചവർ, വന്നു പോകുന്ന തീവണ്ടികളേയും വരാനിരിക്കുന്ന തീവണ്ടികളേയും കൂവിത്തോല്പിക്കുന്നവരാകുന്നതിലെ കുഴമറിച്ചിൽ (പാസഞ്ചർ, മോഹനകൃഷ്ണൻ കാലടി) ഇവടെയും കാണാം.

പ്രത്യക്ഷത്തോളം പ്രകടമല്ലാത്ത ചില സാന്നിദ്ധ്യങ്ങളിൽ നിന്നും പാരമ്പര്യത്തിന്റെ ചില വേരുകൾ പുറപ്പെടുന്നതുകാണാം.
ബസ്സിൽ എന്ന കവിതയിൽ, തുപ്പാനെഴുന്നേറ്റ് തിരിച്ചിരിക്കുമ്പോഴേയ്ക്ക് അവിടെ മറ്റൊരാൾ ഇരുന്നു, പോരാത്തതിന് മടിയിലിരിക്കുന്നോ എന്ന് ചൂടാവുകയും ചെയ്തു.

ഇത്ര കുടിലത്വമുണ്ടായൊരുത്തനെ
പൃഥ്വിയിങ്ങനെ കണ്ടീല ഭൂപതേ
സീറ്റ് വെടിഞ്ഞു
കമ്പിയിൽ പിടിച്ചായീ യാത്ര –

എഴുത്തച്ഛനേയും ഗാന്ധാരി വിലാപത്തേയും ഓർമിപ്പിക്കുന്നത്ര തന്നെ, ആശാനേയും ഈ വരികൾ ഓർമ്മിപ്പിക്കുന്നു. വെടിയുക എന്ന വാക്ക് നിഘണ്ടുവിലുള്ളതാണെങ്കിലും, അന്നിലയിലീലോകം വെടിഞ്ഞാൾ സതി എന്നും വിരവിൽ വണ്ടവിടം വെടിഞ്ഞു എന്നുമൊക്കെ എഴുതപ്പെട്ടതിന്റെശേഷം അതിന്മേൽ ഒരു ആശാൻ മുദ്ര പതിഞ്ഞു പോയി. കവി ബോധപൂർവം നടത്തുന്നതാവണമെന്നില്ല, വരികളുപയോഗിക്കുന്നതിൽ പ്രവർത്തിക്കുന്ന നിരൂപണബുദ്ധി അബോധത്തിൽ പ്രവർത്തിച്ച് പുറത്തുചാടുകയാണ്, ഇത്തരം പ്രയോഗങ്ങളിൽ. പാരമ്പര്യവും സമകാലികതയും അനുഭവങ്ങളുടെ എന്നതുപോലെ ആഖ്യാനങ്ങളുടേയും മറുപുറങ്ങൾ അന്വേഷിക്കുന്നുണ്ട് കൽപറ്റക്കവിത. രാമായണത്തെ ഇരുട്ടിലേക്ക് അയച്ച ഒരസ്ത്രമാക്കുമ്പോൾ ശകുന്തളയെ കൊട്ടാരമുറ്റത്ത് നിലയില്ലാത്ത നില്പു നിൽക്കുന്ന ഒരുവളാക്കുമ്പോൾ, നളനെ, ഭയം നഷ്ടപ്പെട്ട ഭീരുവാക്കുമ്പോൾ ഇതിഹാസ സന്ദർഭങ്ങൾ സമകാലികതയെ മുഖാമുഖം കാണും. രാമായണം ഒരമ്പായപ്പോൾ അതിന് രാമനു മുമ്പും പിമ്പും ജീവിതമുണ്ടാകുന്നു. ദശരഥൻ ശബ്ദവേധി ബാണം കൊണ്ട് വധിച്ച മുനികുമാരൻ മുതൽ, ഗാന്ധിജി വരെ അതിന്റെ സംഹാരപരിധിയിൽപെട്ടു. അസ്ത്രവും ശൂലവുമൊന്നും മനുഷ്യന്റെ ആയോധന മാർഗങ്ങളല്ലാതായിട്ടും അവ ഇപ്പോഴും ആളുകളെ പരിക്കേല്പിക്കുന്നുണ്ട്; വധിക്കുന്നുണ്ട്. അസ്ത്രമായിട്ട് എന്നതിനേക്കാൾ ആശയമായിട്ട് നിൽക്കുന്നുണ്ട്. ഒരമ്പുകൊണ്ട്, ഭഗദത്തന്റെ തേരും കിരീടവും ശിരസ്സും തകർത്ത് നാലാമതാനതൻ വാലുമരിഞ്ഞിട്ട് പോയ അമ്പിനെപ്പോലെ, അല്ലങ്കിൽ ജയദ്രഥന്റെ ശിരസ്സറുത്ത് പിതാവിന്റെ മടിയിൽ കൊണ്ടുപോയിട്ടതുപോലെ ഒരമ്പ്.

അതിന്റെ യാത്ര വെളിച്ചത്തിലൂടെയല്ല, നിശ്ശബ്ദതയ്ക്കും അടിയിൽ ഒളിപ്പിച്ച ശബ്ദം തൊട്ടടുത്തു നിൽക്കുന്നതല്ലാതെ കേൾ
ക്കാനുമാകില്ല. ഗാന്ധിജി പോലും വീഴുന്നതിന്റെ തൊട്ടുമുമ്പാണത് കേട്ടത്. ഹേ റാം ഒരു തെറ്റും ചെയ്യാത്ത അന്ധരായ മാതാപിതാക്കൾ, രാക്ഷസി എന്നു പേരിട്ടു വിളിച്ച താടക, രാമനെ നേരിട്ടെതിർക്കാത്ത ബാലി, മണ്ഡോദരിയുടെ പുടവത്തുമ്പ് – വായിച്ചു വായിച്ചു പോകെ മനസ്സിലാകും രാവണനെ തോല്പിച്ചത് സീതയെ വീണ്ടെടുക്കാനല്ല, അപര പ്രതാപത്തെ ഇല്ലാതാക്കാനാണ്. സീതയെ വീണ്ടെടുത്തത് മാനം സംരക്ഷിക്കാനും കാട്ടിൽ ഉപേക്ഷിക്കാനുമാണ്. അധികാരത്തെ ചോദ്യം ചെയ്യുന്ന ഏതു ശിരസ്സിനു നേരെയും എത്താൻ പാകത്തിൽ.

ഇന്നും
ഇരുട്ടിലൂടെ
അതിന്റെ ഗതി തുടരുന്നു –
ഗാന്ധിജിക്ക് ശേഷവും വിരമിയ്ക്കാതെ, ഇങ്ങേയറ്റത്ത് ഗൗരി
ലങ്കേഷ് വരെ.

കുട്ടികൃഷ്ണമാരാർക്കുശേഷം മഹാഭാരതത്തിന്റെ ഹൃദയം തൊടുന്ന പല സന്ദർഭങ്ങളും നമ്മൾ കാണുക കൽപറ്റക്കവിതയിലാണ്. നില്പ്, നളചരിതം എന്നീ കവിതകൾ പ്രത്യേകം എടുത്തുപറയേണ്ടവയാണ്. പഴകി മഞ്ഞച്ച ചേല ചുറ്റി മഴ നനഞ്ഞ് കൊട്ടാര മുറ്റത്ത് നിൽക്കുന്ന ശകുന്തളയോട് കവി ചോദിക്കുന്നു:

അദ്ദേഹം നിന്നെ ഇനിയും തിരിച്ചറിഞ്ഞില്ലേ
ഞാൻ കേട്ടല്ലോ
നീ രാജ്ഞിയായെന്നും
നിന്റെ മകൻ യുവരാജാവായെന്നും
ഇപ്പോഴീ രാജ്യം അവന്റെ പേരിലാണെന്നും
എന്നാൽ അതെല്ലാം മഹത്വവത്കരിച്ച നുണകളാണ്. ശകുന്തള എന്ന ആദിവാസിപ്പെണ്ണ്, നിസ്സഹായയായി, ഇന്നും രാജ
കൊട്ടാരത്തിന്റെ മുറ്റത്തു തന്നെ നിൽക്കുകയാണ്. സെക്രട്ടറിയേറ്റിനുമുന്നിൽ നില്പുസമരം നടത്തുന്ന ആദിവാസികളിലേക്കു വരെ ഈ കഥ നീളും.
പേരില്ലാ ഊരിലെ
പെണ്ണെല്ലാം ശകുന്തള
(നില്പ്)

നളചിരിതത്തിലുമതേ പണ്ട് നിത്യത വെടിഞ്ഞ്, ചളിക്കുഴമ്പുവരമ്പു വരിച്ച ദമയന്തി, ഇപ്പോൾ മാങ്ങയില്ലാത്ത മാമ്പഴസത്തുമായി ഒബാമയെ സൽക്കരിക്കുന്നതു കാണാം. ഭൂമിയിലെ ദേവാലയങ്ങൾക്കൊപ്പം, അന്യമതങ്ങളുടെ ദൈവങ്ങളെ വെല്ലുവിളിക്കാൻ സ്വർഗവും മാറ്റിപ്പണിയുമ്പോൾ ഇത്തിരി മിനുക്കുപണികളൊക്കെച്ചെയ്താൽ നരകമായും ഉപയോഗിക്കാം. ഇപ്പോഴത്തെ സ്വർഗത്തെ ഭയം നഷ്ടപ്പെട്ട ഭീരുവിനെപ്പോലെ കുഴങ്ങുന്ന നളനെക്കാണാം. അപ്രാപ്യമായതൊക്കെ അനായാസം കൈക്കലാക്കിയിട്ട്, അതുകൊണ്ടൊക്കെ എന്തു നേട്ടമെന്ന് തിരിച്ചറിയാൻ കഴിയാത്ത നിസ്സഹായതയുടെ മുഴക്കമുണ്ട്, നളന്റെ കുഴക്കത്തിൽ.

കൽപറ്റക്കവിതയിൽ പലപ്പോഴും കടന്നുവരുന്ന നിഗൂഢമായ ഒരു സ്ത്രീസത്തയെക്കുറിച്ചു കൂടി സൂചിപ്പിച്ചിട്ട് ആലോചനകൾ
ചുരുക്കാം എന്ന് വിചാരിക്കുന്നു. അനുഭവിച്ചാൽ മാത്രമറിയുന്നതിനെ, ഉള്ളിലെ പാതിയുടെ കരുത്തുകൊണ്ട് അനുഭവിക്കാതെ ത്തന്നെ അറിയുകയാണ് കൽപറ്റക്കവിത. അല്ലെങ്കിൽ
ഒന്നും സംഭവിക്കില്ലെന്നുറപ്പുള്ള ഒരുച്ചയിൽ
ദൂരെ നിന്നു പൊട്ടുപോലെ വന്ന്
അതിവേഗത്തിൽ വളർന്ന്
പിൻകഴുത്തിനെ വിയർപ്പിച്ച്
നട്ടെല്ലിനെ കിടിലം കൊള്ളിച്ച് –
(വേദന)

ഉപയോഗം കഴിഞ്ഞ പണിയായുധങ്ങളെ നിർന്നിമേഷമായി ഒന്നു നോക്കി, നിഗൂഢമായ വാസസ്ഥലത്തേക്ക് തിരിച്ചു പോകുന്ന മൂപ്പരെ തിരിച്ചറിയാൻ പറ്റുകയില്ല.

ഇഷ്ടമുള്ളവന്റെ മുമ്പിലെ നഗ്നതയും
ഇഷ്ടമില്ലാത്തവന്റെ മുമ്പിലെ നഗ്നതയും
രണ്ടല്ലേ
കൃഷ്ണ കൃഷ്ണാ
(കൃഷ്ണഗാഥ)
എന്നു ചോദിക്കാനും പറ്റില്ല. പ്രണയത്തിന്റെ കാലാതീതമായൊരു മനശ്ശാസ്ത്രത്തിലേക്ക് എത്തിച്ചേരുന്നുണ്ട്, ഈ കവിത.
ഇന്ത്യൻ പ്രണയത്തിന്റെ നിതാന്ത പ്രതീകമാണ് കൃഷ്ണൻ. കൃഷ്ണബിംബം, സ്ത്രീയുടേയും പുരുഷന്റേയും മനസ്സിൽ രണ്ടു വി
ധത്തിലാണ് പ്രവർത്തിച്ചിട്ടുണ്ടാകുക. ആയിരം കാമുകിമാരുണ്ടെന്നറിഞ്ഞാലും ഒരു രാധ പിന്നെയും കാത്തിരിക്കുന്നില്ലേ? എത്ര വേദനിപ്പിച്ചിട്ടും, ഒരിക്കലും തിരിച്ചുവരില്ലെന്നറിഞ്ഞിട്ടും കൃഷ്ണനെയല്ലാതെ മറ്റൊരാളെ സ്‌നേഹിക്കാൻ സാധിക്കാത്ത ആർദ്രവും കഠിനവുമായ ഹൃദയത്തോടെ ഒരു രാധ ഏതുകാലത്തും സാധ്യതയാണ്. ആ രാധയുള്ളിൽ പ്രതിഷ്ഠിതയാകയാൽ തീരാത്ത തേടലാകുന്നു ജന്മം എന്ന് സുഗതകുമാരി. സ്വയം വേദനിക്കുന്നതിൽ സന്തോഷിക്കുന്ന അങ്ങനെയൊരു രാധ ഉള്ളിലുള്ളതുകൊണ്ടാകുമോ അത്രമേൽ സ്‌നേഹിക്കയാൽ എന്ന കവിതയിലെ നായിക

ഒരു രാത്രിയിൽ
മഴു കയ്യിലെടുത്ത്
ഞാനയാളോടു പറഞ്ഞു
പുലരും മുന്നെ എന്നെ മുഴുവനായി കീറിയിടണം
ചെറിയ ചെറിയ കഷണങ്ങളായി
എന്നു പറയുന്നത്. അയാൾ ചന്തയിൽ നിന്നു വാങ്ങിക്കൊണ്ടു
വന്ന പനിനീർപൂക്കൾ ഇതൾ കൊഴിച്ചിട്ടപ്പോൾ പിരിയാൻ ആഗ്രഹിച്ചത് സ്‌നേഹത്തിന്റെ തീവ്രതയിൽ വേദനകൊണ്ടു ചിതറുന്നതിൽ ഒരു സുഖമുണ്ട്. ലഹരി പിടിപ്പിക്കുന്ന സുഖം, (വേദന വേദന ലഹരി പിടിപ്പിക്കും വേദന ഞാനതിൽ മുഴുകട്ടെ)

അതിനാൽ അവൾ തിരിച്ചറിയുന്നു
സ്‌നേഹിയ്ക്കപ്പെടുന്നതിൽ ഒരു സുഖവുമില്ല
സ്‌നേഹിയ്ക്കുന്നതിലേയുള്ളൂ
സ്‌നേഹമല്ലാതെ മറ്റൊന്നും പകരമില്ലാത്ത സ്‌നേഹം, പഴയ
സൂര്യകാന്തിപ്പൂവിനെ കൂടി ഓർമിപ്പിക്കുന്നു. മൂത്താര് പാകം നോ
ക്കി, രുചി അറിഞ്ഞ് എഴുതുമ്പോൾ
ഞാനെന്റെ രുചി അറിയുകയാണ്
പാകം ആകുകയാണ്
അയാൾ തലോടുമ്പോൾ
കണ്ണും മൂക്കും മുലയും മുളയ്ക്കുകയാണ്
എന്ന സരസ്വതീദേവി.

പരിക്കുപറ്റിയവരോടും രോഗികളോടും മുടന്തരോടും ദുർബലരോടുമൊക്കെ സമൂഹത്തിനുള്ള കപടമായ സഹതാപത്തിനു മീ
തെ, വറ്റാത്ത ദയയും കരുണയും കാണിക്കാൻ വിരുദ്ധോക്തിയും ഹാസ്യവും നിറഞ്ഞ ഒരു ഭാഷ കണ്ടെത്തുന്നുണ്ട് കൽപറ്റക്കവിത. സത്യം പോലെ നിരാർഭാടമായ, ഗാന്ധിജിയെപ്പോലെ കെട്ടിയ വേഷങ്ങൾ അഴിച്ചുകളഞ്ഞ കവിത. വാക്കല്ലാതെ മറ്റൊരു വാക്കിലും ഇല്ലാത്ത തടവറയിൽപ്പെട്ടുപോയ മനുഷ്യൻ ഏതനുഭവത്തേയും വാക്കാക്കി കുതറിച്ചിടാൻ ശ്രമിക്കുന്നതുപോലെ, കവി അകത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്നു, വാക്കിൽ കവിത
നിറച്ച് ഭൂമിയെ ലോകമാക്കുന്ന കറ. ഇണങ്ങാതെ, വണങ്ങാതെ, ഒതുങ്ങാതെ, വളയാതെ, വാലാട്ടാതെ, മനുഷ്യന്റെ കൂടുകളിലേക്കൊതുങ്ങാതെ നിൽക്കുന്ന കുറുക്കൻ. പാലക്കൊമ്പിൽ ആരോ ആണിയടിച്ചൊതുക്കിയ യക്ഷി ഒരു സ്പർശനത്താൽ ദേഹത്താവേശിക്കുന്നതുപോലെ, തീവണ്ടി സീറ്റിനു പുറകിൽ ആരോ എഴുതിയിട്ട ലളിത എന്ന പേര് അതി
പ്രാചീനമായ ഒരു ആഭിചാരക്രിയയാലെന്നപോലെ, ബാധിക്കുന്ന കൂടോത്രം ജീവിക്കുകയല്ല വല്ല വിധേനെയും അതിജീവിക്കുകയാണ് മനുഷ്യരും എന്ന് ഓർമ്മിപ്പിക്കുന്ന ചരിത്രം. വംശമുദ്രയോ ജാതിമുദ്രയോ ഇല്ലാത്ത പേരു കിട്ടിയെങ്കിലും മഴയെന്ന പെൺകുട്ടിക്കുണ്ടാകാവുന്ന സൈ്വരക്കേടുകളിൽ തടയുന്ന ആകാശമിഠായി, നീയാണു കാരണം എന്നെഴുതി വച്ചതിലൂടെ ഒന്നുമെഴുതാതെ തൂങ്ങിമരിച്ചാലുണ്ടാകുന്ന എല്ലാ അവ്യക്തതകളും നിലനിർത്താൻ കഴിഞ്ഞതിന്റെ കനത്തിൽ കുനിയുന്ന നീ, ദൈവത്തോട് എഴുതാത്തത് വായിക്കാനും പറയാത്തതു കേൾക്കാനുമുള്ള ത്രാണി ചോദിച്ചുവാങ്ങുന്ന സോളമൻ മരണവും ആശുപത്രിയും ജയിലുമൊക്കെ നേർരേഖയിൽ വരുന്ന കുറ്റപത്രം അന്തസ്സ് ഒരാൾ വിനാശ
ത്തിന്റെ വിരുന്നുമുറിയിലെ സുഖം മുറ്റിയ ഒരിരുപ്പുമായി ചേട്ടയുടെ മുല, സർവംസഹയായ മണ്ണ്, പല്ലിളിച്ചു കടിച്ചു കീറാൻ വരുന്നതിന്റെ ഭീകരത പങ്കുവയ്ക്കുന്ന നായയുണ്ട് സൂക്ഷിക്കുക, ഒറ്റ രാജ്യദ്രോഹിയുമില്ലാത്ത എല്ലാവരുടെ ചുമതലയും രാജ്യപാലകർ നിർവഹിക്കുന്ന, സർവത്ര നിശ്ശബ്ദമായ ഒരു പഴയ രാഷ്ട്രത്തെക്കുറിച്ചുള്ള തെളിഞ്ഞ ആകാശം, എന്തിനും കുറ്റം മാത്രം പറയുന്ന അമ്മാവൻ പെട്ടെന്നു മരിച്ചു പോയപ്പോൾ നാലഞ്ചു ദിവസം ഭക്ഷണം കഴിക്കാൻ പോലുമാകാതെ വീർപ്പുമുട്ടിയ അമ്മയെ കാണിച്ചു തരുന്ന മരുമക്കത്തായം, ഒരു നാടോടിക്കഥ, സെൽഫി, പാതിദൂരം, രക്തസാക്ഷി ഭൂതം, ഡ്രാക്കുള, കലികാലം തുടങ്ങിയ കവിതകളും കറുത്തപാൽ എന്ന സമാഹാരത്തിലുണ്ട്.

പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാവാതെ കവിയോട് നമ്മളും ചോദിക്കുന്നു, നിങ്ങൾ എന്തിന് എഴുതുന്നു പറയൂ ടു ഔട്ട് ലിവ്
യൂ. ശരിക്കും അകത്തോ, പുറത്തോ ഉള്ള ഒരു അപരത്തെ അതിവർത്തിക്കാനുള്ളതാകുന്നു എഴുത്ത്.

ഫോൺ 9446153629