ശ്രീരാമനും മുഹമ്മദ് നബിക്കും തെറ്റുപറ്റും: എം എൻ കാരശ്ശേരി

സലീം ദേളി

ചടുലവും ചങ്കുറപ്പുള്ളതുമായ രാഷ്ട്രീയ നിലപാടുകൾകൊണ്ട്
കേരളത്തിന്റെ സാംസ്‌കാരികമുഖമായി മാറിയ വ്യക്തിയാണ് എം
എൻ കാരശ്ശേരി. സമകാലിക രാഷ്ട്രീയ പശ്ചാത്തലത്തിൽ മതം,
മാനവികത, ഗാന്ധിസം, സംസ്‌കാരം, ജനാധിപത്യം, സ്വത്വവാദം എന്നിവയെക്കുറിച്ച് അദ്ദേഹം മനസ്സുതുറക്കുകയാണ്. ‘കാക്കയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖം.

എഴുത്തും പ്രഭാഷണവും സംവാദങ്ങളുമായി കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മേഖലയിൽ അമ്പത് വർഷത്തോളമായി താങ്കൾ ഇടപെടുകയാണ്. ഈയൊരു സാഹചര്യത്തിൽ കഴിഞ്ഞ അമ്പതുവർഷത്തിൽ സാംസ്‌കാരിക സാമൂഹിക രംഗത്ത് എന്ത് മാറ്റമാണ്
സംഭവിച്ചിരിക്കുന്നത്?

കേരളത്തിൽ സമ്പത്ത് കൂടി. സാക്ഷരത കൂടി. സമൃദ്ധി കൂടി.
ഉന്നത വിദ്യഭ്യാസം കൂടി. വൃത്തി കൂടി. ആളുകളുടെ ആയുസ് കൂടി. അങ്ങനെ ഒരുപിടി നല്ല കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരുപിടി ചീ
ത്ത കാര്യങ്ങളും ഉണ്ടായിട്ടുണ്ട്. താരതമ്യേന പിന്നെപ്പിന്നെ യുക്തി
കുറഞ്ഞുവരികയാണ്. ശാസ്ത്രീയബോധം കുറഞ്ഞുവരികയാണ്. എല്ലാ മതവിഭാഗങ്ങളിലും എല്ലാ ജാതി സമുദായങ്ങളിലും ഭ
ക്തിയുടെ പ്രകടനപരത കൂടി. അത് എന്റെ കണക്കിൽ ആത്മീയതയല്ല. ഹജ്ജിന് പോകുന്നത് കൂടി. ശബരിമലയിൽ പോകുന്നത് കൂടി. ഇസ്രയേൽ യാത്ര കൂടി. ധ്യാനം കൂടുന്നത് കൂടി. പക്ഷെ, ഹിംസ വർധിച്ചു. മദ്യപാനം വർധിച്ചു. ആത്മഹത്യ വർധിച്ചു. ആളുകൾ തമ്മിലുള്ള ബന്ധം കുറഞ്ഞു. വൃദ്ധസദനങ്ങൾ കൂടി. സ്വന്തം അച്ഛനെയും അമ്മയെയും വീട്ടിൽ നിന്ന് ഇറക്കിവിടാൻ മടിയില്ലാത്ത മക്കളായി. അങ്ങനെ ഒറ്റവാക്കിൽ പറഞ്ഞാൽ ഭൗതിക
സൗകര്യങ്ങൾ വളരെ മെച്ചപ്പെടുകയും സാംസ്‌കാരികമായ പരി
സരം വളരെ മോശമാവുകയും ചെയ്തു. അതിന് പ്രധാന ഉത്തരവാദി രാഷ്ട്രീയക്കാരാണ്. അഴിമതി, സ്വജനപക്ഷപാതം, വർഗീയത, സ്ത്രീ വിരുദ്ധത, ദലിത് വിരുദ്ധത ഇവയൊക്കെ പടർന്നു പിടിക്കുന്നതിന് ഉത്തരം പറയേണ്ടത് രാഷ്ട്രീയക്കാരാണ്. നമ്മുടെ സംസ്ഥാനം രൂപം കൊണ്ടിട്ട് 60 കൊല്ലം കഴിഞ്ഞു. അപ്പോൾ 1990 മുതൽ 1950 വരെയുള്ള അരനൂറ്റാണ്ട്. 1950 മുതൽ 2000 വരെയുള്ള അരനൂറ്റാണ്ട് തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. ആ വ്യത്യാസത്തിന്റെ പ്രധാനപ്പെട്ട കാര്യങ്ങളാണ് ഞാനിപ്പോൾ പറഞ്ഞത്.

ബിഷപ്പിന്റെ പീഡന വിവാദവുമായി ബന്ധപ്പെട്ടുള്ള താങ്കളുടെ നിലപാടെന്താണ്? മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ മതനേതൃത്വത്തിന്റെ മുന്നിൽ അടിയറവു പറയുന്നത് ആദ്യമൊന്നുമല്ലല്ലോ?

ഞാൻ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണം എന്നുള്ള അഭിപ്രായക്കാരനാണ്. അറസ്റ്റ് ചെയ്യുക എന്ന് പറഞ്ഞാൽ കുറ്റം ചെയ്യുക എന്നർത്ഥമില്ല. അദ്ദേഹം കുറ്റം ചെയ്‌തോ ഇല്ലേ എന്ന്
പറയേണ്ടത് കോടതിയാണ്. അദ്ദേഹം കുറ്റാരോപിതനാണ്. കുറ്റാരോപിതനായാൽ അറസ്റ്റു ചെയ്യണം എന്നാണ് ഇന്ത്യയിലെ നിയമം. ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യാൻ പ്രേരണ കൊടുത്തു
എന്നുള്ളതിന് നടൻ ദിലീപിനെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇപ്പോൾ ബലാത്സംഗം തുടങ്ങിയുള്ള മലിനമായ കൃത്യങ്ങൾ അതിന്റെ നിയമവശം എന്താന്നു വച്ചാൽ ആ സ്ത്രീ പറഞ്ഞാൽ തന്നെ അറസ്റ്റു ചെയ്യാനുള്ള മതിയായ കാരണമാണ്. കന്യാസ്ത്രീ ഒറ്റയ്ക്കല്ല പറയുന്നത്. അവരുടെ മഠത്തിലെ മറ്റുള്ളവരും പറയുന്നുണ്ട്. അവർ തെളിവുകൾ സഹിതം പോലീസിൽ പരാതിപ്പെട്ടു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അപ്പോൾ എങ്ങനെയായാലും 24 മണിക്കൂറിനുള്ളിൽ അറസ്റ്റു ചെയ്യേണ്ടതാണ്. ഇപ്പോൾ മൂന്നു മാസമായി. അതിന്റെ അർത്ഥമെന്താന്നു വിചാരിച്ചാൽ മതമേലധികാരികളെ, പുരോഹിതന്മാരെ ഗവൺമെന്റിനും രാഷ്ട്രീയക്കാർക്കും പേടിയാണ്. ഇവരുടെ കാര്യങ്ങൾ മാത്രമല്ല, ഐസ്‌ക്രീം പാർലർ കേസിൽ, സൂര്യനെല്ലി കേസിലൊക്കെ രാഷ്ട്രീയ നേതാക്കന്മാർ അറസ്റ്റോ വിചാരണയോ കൂടാതെ രക്ഷപ്പെട്ടു പോയിട്ടുണ്ട്. അപ്പോൾ നമ്മുടെ നാട്ടുകാർക്ക്, വിശേഷിച്ച് ചെറുപ്പക്കാർക്ക് നീതിന്യായത്തിലും നിയമവാഴ്ചയിലും വിശ്വാസം നഷ്ടപ്പെടാൻ കാരണമാകും. അത് അരാഷ്ട്രീയത ഉണ്ടാക്കുന്ന കാര്യവുമാണ്. അതുകൊണ്ട് തീർച്ചയായും ഗവൺമെന്റ് ചെയ്യുന്നത് വലിയ അന്യായമാണ്. യാതൊരു സംശയവുമില്ല.

നമ്മുടെ രാജ്യത്ത് ഉഭയസമ്മതത്തോടു കൂടിയ സ്വവർഗലൈംഗി
കത കുറ്റകരമല്ലെന്ന് സുപ്രീംകോടതിയുടെ വിധി വന്നിരിക്കുന്നു. ഇവിടെ സദാചാര തത്വങ്ങളുടെയും ധാർമികതയുടെയും പേരിൽ മൗലികവകാശങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താമോ എന്നുള്ളത് ഭരണഘടനാ പ്രശ്‌നമാണ്. എന്നാൽ സ്വാഭാവിക ലൈംഗികതയിൽ
നിന്നുള്ള വ്യതിയാനങ്ങൾ ധാർമിക മൂല്യങ്ങൾ തകർക്കുന്നതായി അഭിപ്രായം ഉയരുന്നില്ലേ?

രാജ്യത്തിന്റെ സംസ്‌കാരവും മതപാരമ്പര്യവും സ്വവർഗലൈംഗികതയെ അംഗീകരിക്കുന്നില്ലല്ലോ? എന്തുതോന്നുന്നു?

സുപ്രീം കോടതി നിലപാടിനെ അനുകൂലിക്കുന്ന ഒരാളാണ് ഞാൻ. ഐ.പി.സി 377 എന്നു പറയുന്നത് ഒരു ന്യൂനപക്ഷത്തിന്റെ അവകാശ ലംഘനമാണ്. ഈ രാജ്യത്ത് മതന്യൂനപക്ഷങ്ങ
ളുണ്ട്, വംശീയ ന്യൂനപക്ഷങ്ങളുണ്ട്, ഭാഷാ ന്യൂനപക്ഷങ്ങളുണ്ട്. അതുപോലെ ലൈംഗിക ന്യൂനപക്ഷമാണ് സ്വവർഗരതിക്കാർ, എൽ.ജി.ബി.ടി (ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ) എന്നു പറയും. അവർക്ക് അവരുടെ അവകാശങ്ങളുണ്ട്. അവരുടെ ബെഡ്‌റൂമിൽ ഒളിഞ്ഞു നോക്കുക, അത് കുറ്റകൃത്യമാണെന്ന് പറയുകയൊക്കെ വലിയ അന്യായമാണ്. ഇതിനർത്ഥം നാളെ എല്ലാ ആളുകളും സ്വവർഗരതിയിൽ ഏർപ്പെട്ടുകൊള്ളണമെന്നല്ല.

സ്വവർഗരതി എന്ന് ഉപയോഗിക്കുന്ന വാക്ക് പ്രകൃതി വിരുദ്ധമെന്നാണ്. എത്രയോ നൂറ്റാണ്ടായിട്ട് അങ്ങനെയാണ്. ഇപ്പോൾ സയൻസ് അത് ചിലയാളുകളുടെ പ്രകൃതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ശാരീരികമായും മാനസികമായും അങ്ങനെ പ്രകൃതിയുള്ള ആളുകളാണ് സ്വന്തം ലിംഗത്തിൽ പെട്ടയാളുകളെ പ്രേമിക്കുകയോ കല്യാണം കഴിക്കുകയോ അവരോട് ഇണ ചേരുകയോ ചെയ്യുന്നത്. അതിനവർക്കവകാശമുണ്ട്. അതിനെന്തിനാണ് ബേജാറാവുന്നത്? ഇപ്പോൾ കേരളത്തിൽ ഏറ്റവും വലിയ ദൈവത്തിന്റെ പേര് ശബരിമല അയ്യപ്പൻ എന്നാണ്. അയ്യപ്പൻ പരമശിവന് വിഷ്ണുവിൽ പിറന്ന മകനാണ്. പരമശിവന് വിഷ്ണുവിന്റെ മോഹനവേഷം കണ്ട് പ്രേമം തോന്നിയിട്ടുണ്ടായ കുട്ടിയാണ് അയ്യപ്പൻ. അപ്പോൾ സ്വവർഗരതിയിലുണ്ടായ കുഞ്ഞിനെ ദൈവമായി ആരാധിക്കുന്ന രാജ്യമാണ് കേരളം! അപ്പോൾ എങ്ങനെയാണ് ഇവിടത്തെ പാരമ്പര്യത്തിൽ ഇല്ലാന്ന് പറയുക!

പിന്നെ എല്ലാ നാട്ടിലും ഈ ഏർപ്പാടുണ്ട്. മനുഷ്യരുടെ ഇടയിലുണ്ട്. എല്ലാ കാലത്തും. അത് മലിനകർമമാണെന്ന് ബൈബിളിലുണ്ട്. ഖുർആനിലുമുണ്ട്. പല രാജ്യങ്ങളും പറയുന്നുമുണ്ട്. ഇപ്പോൾ അതിനെതിരായ വാദം അതിൽ കുഞ്ഞുണ്ടാവില്ല എന്നാണ്. അവർക്ക് കുഞ്ഞ് വേണ്ടെങ്കിൽ വേണ്ട. കുഞ്ഞ് വേണ്ടാന്ന് തീരുമാനിച്ച ആണും പെണ്ണും നാട്ടിലില്ലെ. എന്റുമ്മ ഏഴു പെറ്റു. എന്റെ ഭാര്യ മൂന്നേ പെറ്റിട്ടുള്ളൂ. ഇനിയെന്റെ മകന്റെ ഭാര്യ ഒന്നായിരിക്കും പെറുക. വേറെ മകന്റെ ഭാര്യ പ്രസവിക്കണ്ട എന്ന് തീരുമാനിച്ചിട്ടുണ്ടാകും. അങ്ങനെ എത്ര ദമ്പതികളുണ്ട് നാട്ടിൽ. അതൊക്കെ പൗരാവകാശങ്ങളുടെ പ്രശ്‌നമാണ്. സാംസ്‌കാരികച്യുതിയും അധ:പതനവുമുള്ളവർ പോകണ്ട….. കഴിഞ്ഞല്ലോ? എല്ലാവരും നാളെ സ്വവർഗരതി നടത്തണം എന്നാണ് നിയമമെങ്കിൽ എതിർക്കാൻ പറ്റും. സ്വവർഗരതി അവനവന്റെ ഇഷ്ടമായിട്ട് സ്വീകരിക്കുന്നയാളുകൾക്ക് അതിനെ സ്വീകരിക്കാനുള്ള അവകാശമുണ്ട്. അവരെ പോലീസ് അറസ്റ്റു ചെയ്യാനും കോടതി ശിക്ഷിക്കാനും പാടില്ലെന്നാണ് ഇപ്പറഞ്ഞതിന്റെ അർത്ഥം. ഇപ്പോൾ ഇറാനിൽ സ്വവർഗരതിക്കാരെ എറിഞ്ഞുകൊല്ലും. അത് ഹീനകൃത്യമാണ്. എന്റെ അറിവ് ശരിയാണെങ്കിൽ ഹനഫി മദ്ഹബിൽ അത് വലിയ കുറ്റമായിട്ട് കാണുന്നില്ല. പിന്നെ ഈ നാട്ടിൽ എല്ലാ സമുദായക്കാർക്കിടയിലും ഇതുണ്ട്. ഇല്ലാത്ത കാര്യമല്ലല്ലോ? ഇവിടത്തെ വികാരിമാരുടെ വാസസ്ഥലങ്ങളിൽ, മൗലവിമാരുടെ, സന്യാസിമാരുടെ വാസസ്ഥലങ്ങളിൽ ഇങ്ങനെയുള്ളതിന്റെ വാർത്തകൾ നമ്മൾ കാണുന്നു. മദ്രസാദ്ധ്യാപകൻ, വികാരി, സ്‌കൂളദ്ധ്യാപകൻ, ഡ്രൈവർ; ഞാൻ ഏതെങ്കിലുമൊരാളെ കുറ്റം പറയുകയല്ല. ഇങ്ങനെയൊരു ചോയ്‌സുള്ള, ഇഷ്ടമുള്ള ആളുകളുണ്ട്. അതിനവർക്ക് ശാരീരികവും മാനസികവുമായ കാരണങ്ങളുണ്ട്. അതിപ്പോൾ 377 അനുവദിച്ചതു കൊണ്ട് ഏത് കുട്ടിയേയും അങ്ങനെ ചെയ്യണമെന്നല്ല.

മുതിർന്നയാളുകൾ പരസ്പരം അറിവോടും അനുവാദത്തോടും കൂടി സ്വന്തം ലിംഗത്തിൽ പെട്ടയാളുകളോട് ഇണചേരുക എന്നത് കുറ്റമല്ല എന്നാണ് പറഞ്ഞത്. ആരെയെങ്കിലും കേറിപ്പിടിക്കാമെന്ന് ഇതിനർത്ഥമില്ല. ഇവിടത്തെ ലൈംഗിക ന്യൂനപക്ഷത്തിന്റെ ലൈംഗികാവകാശങ്ങളുടെ ഒരു ആവിഷ്‌കാരമായിട്ടാണ് ഞാൻ കാണുന്നത്. ഞാൻ വിധിയെ സ്വാഗതം ചെയ്യുന്ന ഒരാളാണ്.

വായനയെയും എഴുത്തുകളെയും പുസ്തകങ്ങളെയും ഭയപ്പെടുന്നവരാണ് ഫാസിസ്റ്റുകളും മത രാഷ്ട്രവാദികളും. സാമൂഹിക ശാസ്ത്രങ്ങളിൽ പുതിയ ചിന്തകളെ മുന്നോട്ട് കൊണ്ടുവരുന്ന സ്ഥാപനങ്ങളെ തകർക്കുക എന്നത് ഇവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇപ്പോൾ കാസറഗോഡ് സ്ഥിതി ചെയ്യുന്ന കേന്ദ്ര സർവകലാശാലയിലും ഈ ഭീതി നിലനിൽക്കുകയാണ്. രാജ്യത്തെ ബൗദ്ധികകേന്ദ്രങ്ങളിലേക്ക് ഫാസിസത്തെ കടത്തിവിടുമ്പോൾ, അത് കേരളത്തിലുമെത്തി. അക്കാദമിക് മേഖല നേരിടുന്ന ഇത്തരം പ്രശ്‌നങ്ങളെ നമുക്ക് എങ്ങനെ നേരിടാം?

ഈ ഫാസിസ്റ്റുകൾക്ക് പുസ്തകം പറ്റില്ലാന്ന് ആരാ പറഞ്ഞത്? ഫാസിസ്റ്റാണ് ഹിറ്റ്‌ലർ. അദ്ദേഹമാണ് മെയിൻ കാഫ് എന്ന പുസ്തകമെഴുതിയത്. അത് ലക്ഷക്കണക്കിന് കോപ്പി ചെലവായിട്ടുണ്ട്. സവർക്കർ പുസ്തകമെഴുതിയില്ലേ? ഗോൾവാൾക്കറും എഴുതിയില്ലെ? അവർ അവരുടെ ആശയത്തെ അനുകൂലിക്കാത്ത പുസ്തകത്തിനാണ് എതിര്. പുസ്തകത്തിന് എതിരാണെന്ന് പറയരുത്.

ഇപ്പോൾ ഇസ്ലാമിക രാഷ്ട്രവാദം ഫാസിസമാണെന്ന് അഭിപ്രായമുള്ളവനാണ് ഞാൻ. ഹിന്ദു രാഷ്ട്രവാദം പോലെ. ഹിന്ദു രാഷ്ട്രവാദം ഫാസിസവും ഇസ്ലാമിക രാഷ്ട്രവാദം ഹ്യൂമനിസവുമാണെന്ന വാദം എനിക്ക് തിരിയുകയില്ല. മതരാഷ്ട്രീയവാദികൾക്ക് എത്രയോ പുസ്തകങ്ങളുണ്ട്. ഹിന്ദു രാഷ്ട്രവാദികളുടെ കയ്യിലും ധാരാളം പുസ്തകങ്ങളുണ്ട്. അപ്പോൾ ഹിന്ദുരാഷ്ട്രവാദികൾക്ക് അവരുടെ ആശയത്തെ എതിർക്കുന്നവരുടെ പുസ്തകങ്ങൾ
പറ്റുകയില്ല. ഇസ്ലാമിക രാഷ്ട്രവാദികൾക്കും അങ്ങനെ തന്നെ. കാസറഗോഡ് സർവകലാശാലയിലെ അദ്ധ്യാപകനെ പുറത്താക്കിയത് അന്യായമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

ദലിത് വിദ്യാർത്ഥിയുടെ കാര്യം എനിക്കറിയില്ല. എല്ലാ സാമൂഹിക പ്രശ്‌നങ്ങളിലും സാഹിത്യകാരന്മാരുടെ ഇടപെടൽ നിർബന്ധമാണോ? ഒരു എഴുത്തുകാരൻ തന്റെ എഴുത്തുകളിലൂടെ സോഷ്യൽ ആക്ടിവിസ്റ്റായി മാറുമല്ലോ. എഴുത്തുകാരൻ/എഴുത്തുകാരി പൊതു വിഷയങ്ങളിൽ പ്രതികരിക്കുമ്പോഴുള്ള പ്രശ്‌നങ്ങൾ എന്തെല്ലാമാണ്?

എല്ലാ പ്രശ്‌നങ്ങളിലും ഇടപെടാനുള്ള ഉത്തരവാദിത്വം എഴുത്തുകാർക്കുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നില്ല. എഴുത്തുകാരന്റെ ആക്ടിവിസം എന്നുപറയുന്നത് റോഡിലിറങ്ങി സിന്ദാബാദ് വിളിക്കുന്നതല്ല. എഴുത്തുകാരന്റെ ആക്ടിവിസം എഴുത്തിലാണ്. ചിലയാളുകൾ രണ്ടിലുമുണ്ടാവും. അതുകൊണ്ട് എല്ലാ ആളുകളും ഇങ്ങനെ ആയിക്കൊള്ളണമെന്നില്ല. കാരണം എഴുത്തുകാരന് തന്റെ ധാർമിക രോഷം അല്ലെങ്കിൽ പ്രതിഷേധം, നിർദേശം കഥയായിട്ടോ കവിതയായിട്ടോ നോവലായിട്ടോ എഴുതാം. എഴുത്തുകാരനെന്നു പറഞ്ഞാൽ എം.എൽ.എ ആയി തിരഞ്ഞെടുത്തയാളൊന്നുമല്ല. എം.എൽ.എയ്ക്ക് ഉത്തരവാദിത്വമുണ്ട്. അയാളുടെ
ഉത്തരവാദിത്വം എഴുത്തുകാരനില്ല. കാരണം നിങ്ങളൊരു ഉത്തരവാദിത്വം ഏൽപിച്ചയാളല്ല അയാൾ. അയാൾ ജയിലിൽ പോയിക്കൊള്ളണമെന്ന് പറയാൻ പറ്റില്ല. നിങ്ങൾക്ക് ചീത്തപറയാം, അത്രയേയുള്ളൂ. കാരണം ലോകത്തിൽ പല എഴുത്തുകാരും ആക്ടിവിസ്റ്റായിട്ടുണ്ട്. ഒരു ആക്ടിവിസവും ഇല്ലാത്ത എഴുത്തുകാരുമുണ്ട്. എഴുത്തുകാരന്റെ പണി എഴുത്താണ്. അല്ലാതെ സിന്ദാബാദ് വിളിക്കുകയല്ല.

ജനാധിപത്യത്തിൽ വിശ്വാസമുള്ള മുസ്ലിം/ജനാധിപത്യത്തിൽ വിശ്വാസമില്ലാത്ത മുസ്ലിം എന്നിങ്ങനെ താങ്കൾ വേർതിരിച്ചിട്ടുണ്ട്. കേരളത്തിൽ മുസ്ലിം ലേബലിലുള്ള പാർട്ടികൾ ഏത് ഗണത്തിൽ പെടും? അവർ ജനാധിപത്യപരമായി വിജയം നേടിയിട്ടുണ്ടോ?

ജനാധിപത്യത്തിൽ വിശ്വാസമുള്ള പാർട്ടിയാണ് മുസ്ലിം ലീഗ്. കാരണം അവർ ഇലക്ഷനിൽ മത്സരിക്കുന്നുണ്ട്. പിന്നെ മുസ്ലിം ലീഗ്, നാട് ഇസ്ലാമിക രാജ്യമാക്കണമെന്ന് പറയുന്ന പാർട്ടിയല്ല.
ഉദാഹരണം പറയാം. 1967-ൽ അവരാദ്യമായ് അധികാരത്തിൽ വന്നു. ലീഗിനൊരു കുറ്റമില്ല എന്നല്ല. നമ്മുടെ കുട്ടിക്കാലത്ത് മലബാറിൽ മദ്യമില്ല. 1967-ൽ രണ്ടാം ഇ.എം.എസ് മന്ത്രിസഭയാണ് മദ്യനിരോധനം എടുത്തുകളഞ്ഞത്. ലീഗന്ന് ഭരണത്തിലുണ്ട്. ഒരു ബഹളവും ഉണ്ടാക്കിയിട്ടില്ല. കാരണം കുടിക്കേണ്ടവർ കുടിക്കട്ടെ, എല്ലാവരും കുടിക്കണമെന്ന് അർത്ഥമില്ല. ജനാധിപത്യമെന്ന് പറഞ്ഞാലിതാണ്. നിങ്ങൾ കുടിക്കുകയില്ല. കുടിക്കുന്നവർക്ക് കുടിക്കാനുള്ള അവകാശമുണ്ട്. ഗുജറാത്തിൽ ഇപ്പോൾ മദ്യം നിരോധിച്ചിരിക്കുന്നു. അത് ഭൂരിപക്ഷമനുസരിച്ച് തീരുമാനിച്ചതാണ്. അതും ജനാധിപത്യമാണ്. എല്ലാവരും മദ്യം കുടിക്കണമെന്ന നിയമം കൊണ്ടുവരുമ്പോഴാണ് ജനാധിപത്യത്തിന് കോട്ടം വരുന്നത്.

മുസ്ലിം ലീഗിന്റെ വിശ്വാസമനുസരിച്ച് ലോട്ടറി നിഷിദ്ധമാണ്. പി.കെ കുഞ്ഞ് ധനകാര്യമന്ത്രിയായപ്പോഴാണ് ഇ.എം.എസിന്റെ രണ്ടാം മന്ത്രിസഭയിൽ ലോട്ടറിയെ ഗവൺമെന്റ് ലോട്ടറിയാക്കി ഏർപ്പാടാക്കിയത്. അത് ഇസ്ലാമിനെതിരാണെന്ന് പറഞ്ഞ് സമരമുണ്ടാക്കാൻ ലീഗുകാർ വന്നിട്ടില്ല. ലീഗ് മതനിയമങ്ങൾ രാഷ്ട്രനിയമങ്ങളാവണമെന്ന് വിചാരിക്കാത്ത കൂട്ടരാണ്. പക്ഷെ, ജമാഅത്ത് ഇസ്ലാമി, എസ്.ഡി.പി.ഐ അങ്ങനെയല്ല. കാരണം അവർ ഇപ്പോൾ പറയുകയില്ല. അപ്പോൾ മുസ്ലിം രാഷ്ട്രീയവും ഇസ്ലാമിക രാഷ്ട്രീയവും രണ്ടും രണ്ടാണ്. ഇത് സാമുദായിക രാഷ്ട്രീയമാണ്. മറ്റേത് മതരാഷ്ട്രീയമാണ്. ഈ സമുദായത്തിന്റെ ക്ഷേമത്തിന് പ്രവർത്തിക്കുക എന്നതാണ് ഇവരുടെ പണി. അവർ മതത്തെ പറ്റിയല്ല പറയുന്നത്. സമുദായത്തെ പറ്റിയാണ്. മറ്റവർ മതത്തെ പറ്റിയാണ് പറയുന്നത്. അതായത് 7-ാം നൂറ്റാണ്ടിൽ അറേബ്യൻ നാട്ടിൽ നിലനിന്ന നീതി ഇപ്പോൾ നടപ്പാക്കണമെന്ന് പറയുന്ന കൂട്ടരാണ് മതരാഷ്ട്രവാദികൾ. വ്യഭിചരിച്ചാൽ എറിഞ്ഞുകൊല്ലുക എന്നത് ഖുർആനിന് എതിരാണ്. ഖുർആനിൽ വ്യഭിച
രിച്ചാൽ 100 അടി അടിക്കണമെന്നാണ് പറഞ്ഞത്. ഇവർ എറിഞ്ഞുകൊല്ലും എന്നിട്ട് ഖുർആനെന്ന് പറയും. കളവു പറയുന്നതാണ്. അങ്ങനെ ഖുർആനിലുണ്ടായിരുന്നു എന്നാണ് പറയുന്നത്. നിഷ്ഠൂരമായ നിയമങ്ങളൊക്കെ 7-ാം നൂറ്റാണ്ടിലാണ്. ഇന്ന് 21-ാം നൂറ്റാണ്ടാണ്. ഇപ്പോഴും ഇറാനിൽ എറിഞ്ഞുകൊല്ലും. സഊദിയിൽ എറിഞ്ഞുകൊല്ലും. ഇതാണ് ജനാധിപത്യത്തിൽ ഇസ്ലാമിക രാഷ്ട്ര
ങ്ങൾക്ക് വിശ്വാസമില്ല എന്ന് പറയുന്നത്. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനിൽ ജനങ്ങൾ തിരഞ്ഞെടുത്ത പാർലമെന്റിന്റെ ഏത് തീരുമാനത്തെയും റദ്ദാക്കാൻ അധികാരമുള്ള പുരോഹിത സഭയുണ്ട്. ശൂറ എന്നു പറയും. കാരണം ആയത്തുല്ലയ്ക്ക് ദൈവവുമായി നേരിട്ട് ഹോട്ട്‌ലൈൻ ഉണ്ട് എന്നാണ്!! ദൈവത്തോട് സംസാരിക്കുന്നയാളാണ്. ശിയാക്കളുടെ വിശ്വാസമാണത്.

സംഗീതം കേൾക്കൽ ഹറാമാണെന്നാണ് മുജാഹിദുകളുടെ വാദം. ഹുസൈൻ സലഫി പ്രസംഗിക്കും. അല്ലെങ്കിൽ മുജാഹിദ് ബാലുശ്ശേരി പ്രസംഗിക്കും. എന്ത് അധമമായ ഏർപ്പാടാണത്. സംഗീതം ഹറാമാണെന്ന് ഏത് ഇസ്ലാമാണെന്ന് നോക്കിപ്പറഞ്ഞതെന്ന്
അറിയത്തില്ല. ഖുർആൻ തന്നെ സംഗീതാത്മകമായിട്ടാണ് എപ്പോഴും പറയുന്നത്. സംഗീതമില്ലാതെ ഖുർആനുണ്ടോ? ഇതറിയാത്തവരെയാണ് മതപ്രബോധകർ എന്ന് വിളിക്കുന്നത്. ഇവർക്കൊന്നും ഒരിക്കലും ജനാധിപത്യം തിരിയുകയില്ല. ഒപ്പന കളിക്കാൻ പാടില്ലെന്ന് ഇവർ പറയും. ഇവർക്ക് ഒപ്പന കളിക്കേണ്ടെങ്കിലും കാണേണ്ടെങ്കിലും കാണണ്ട, കളിക്കണ്ട. പശുവിനെ ആരാധിക്കേണ്ടവർ പോയി ആരാധിക്ക്. പശുവിനെ എനിക്ക് ആഹരിക്കണം. എനിക്ക് ആഹരിക്കാൻ പാടില്ലെന്ന് പറയാൻ പാടില്ല. നിങ്ങളാരാധിക്കരുതെന്ന് ഞാനും പറയാൻ പാടില്ല. ഇതാണ് ജനാധിപത്യം. സംഗീതം തനിക്ക് വേണ്ടെന്ന് പറയാൻ ഒരാൾക്കവകാശമുണ്ട്. അഹമ്മദിയാക്കകൾ കാഫിറാണെന്ന് പറയുന്നവരുണ്ട്. അഹമ്മദിയാക്കൾക്ക് സ്വയം മുസ്ലിമാണെന്ന് പറയാൻ അവകാശമില്ലെ? സുന്നികൾ മുശിരിക്കുകളാണെന്ന് മുജാഹിദുകൾ പറയുന്നില്ലേ? സുന്നികൾ സ്വയം മുസ്ലിമാണെന്ന് പറയുന്നില്ലേ? അഹമ്മദിയാക്കൾക്ക് സ്വയം മുസ്ലിംകളാണെന്ന് പറയാൻ അവകാശമില്ലെന്നാണ് സാമാന്യ മുസ്ലിംകൾ കരുതുന്നത്. പാകിസ്ഥാനിൽ അവർ കാഫിറുകളാണ്. അവർ മുസ്ലിംകളാണെന്ന് പറയാൻ അവർക്ക
വകാശമില്ലെന്ന് പറയുമ്പോഴാണ് ജനാധിപത്യ വിരുദ്ധമാവുന്നത്. എല്ലാ ഖാദിയാനികളും കാഫിറാണെന്ന് പറയാം. ഖാദിയാനികൾക്ക് നമ്മൾ മുസ്ലിമാണെന്ന് പറയാം. അതിനാണ് ലകും ദീനുകും വലിയ ദീൻ, നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം എന്ന് പറയുന്നത്. പാകിസ്ഥാനിൽ അവരെ അമുസ്ലിം ന്യൂനപക്ഷമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ പറയാത്തത് ജനാധിപത്യ രാജ്യമായതുകൊണ്ടാണ്. സഊദിയിൽ അവർ പറയും. ഹജ്ജിന് പോവാൻ സമ്മതിക്കൂല. ശിയാക്കളെ തന്നെ അടുപ്പിക്കാൻ പാടാണ്. ജനാധിപത്യമെന്ന് പറയുന്നത് നിങ്ങൾ എന്ത് മതത്തിലും വിശ്വസിച്ചോ വിശ്വസിച്ചില്ലേ രണ്ടും കണക്കാണ്. സ്വർഗം കിട്ടേണ്ട ആവശ്യക്കാർ ഉണ്ടാവും. വേണ്ടാത്ത ആൾക്കാരുമുണ്ടാകും.

നരകത്തിലേക്കും ആളുകൾ വേണ്ടേ. ഞങ്ങളൊക്കെ അതിൽ പെട്ടതാണ്. സ്വർഗം വേണമെന്ന് തീരുമാനിക്കാനാവില്ല. നരകം വേണമെന്ന് തീരുമാനിക്കാം. വലിയ ചോയ്‌സാണത്. നിസ്‌കരിക്കാതിരുന്നാൽ മതിയല്ലോ. ഇസ്ലാമിക വിശ്വാസമനുസരിച്ച് നരകത്തിൽ പോവാൻ തീരുമാനിച്ചാൽ നരകത്തിൽ പോവാൻ പറ്റും.ഞാൻ നരകത്തിൽ പോവാൻ തീരുമാനിച്ചു.

ഇടതുപക്ഷത്തിന് വലിയ വളക്കൂറുള്ള മണ്ണാണ് കേരളത്തിന്റേത്. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ദീർഘമായ ചരിത്രം അവർക്കുണ്ട്. ജാതി മത സമവാക്യങ്ങളെ നിരാകരിക്കുന്ന അപരവത്കരിക്കപ്പെടുന്നവരോടൊപ്പമാണെന്നാണ് അവരുടെ രാഷ്ട്രീയം. ഇപ്പോൾ ഉയർന്നു വരുന്ന ദലിത് മുസ്ലിം ഐക്യപ്പെടൽ ഇടതുപക്ഷ രാഷ്ട്രീയത്തിൽ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണോ?

നിങ്ങളീ ചോദ്യങ്ങളൊക്കെ ലളിതമാക്കി പറയുക. എല്ലാവർ
ക്കും മനസിലാവണമല്ലോ. നാട്ടുകാരെ ഭാഷ കൊണ്ട് പറ്റിക്കരുത്. ദലിത് എന്നു പറയുന്നത് ജാതിയാണ്. മുസ്ലിം എന്നു പറയുന്നത് മതമാണ്. അതു രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഒരു വ്യത്യാസം പറയാം. മുസ്ലിമല്ലാത്തയാൾക്ക് മുസ്ലിമാവാൻ വിചാരിച്ചാൽ മുസ്ലിമാവാൻ പറ്റും. മുസ്ലിമായ ഒരാൾക്ക് മുസ്ലിമല്ലാതാവാനും പറ്റും. ചെറുമൻ അല്ലാത്തയാൾക്ക് ചെറുമൻ ആവാൻ പറ്റുമോ? ചെറുമനായ ആൾക്ക് ചെറുമനല്ലാതാവാൻ പറ്റുമോ? മാറാൻ പറ്റുന്നതാണ് മതം. മാറാൻ പറ്റാത്തതാണ് ജാതി. ഇങ്ങനെ ഒരുപാട് വ്യത്യാസമുണ്ട്. മുസ്ലിംകൾക്കിടയിൽ ജാതിയുണ്ടോ? മുസ്ലിം മുക്കുവന്മാരെ പൂസിലാന്മാർ എന്ന് വിളിക്കും. പൂസിലാന്മാരുടെ വീട്ടീന്ന് സാധാരണ മുസ്ലിം ആഹാരം കഴിക്കുമോ? തങ്ങൾ എന്ന വിഭാഗക്കാരുണ്ടല്ലോ. തങ്ങൾ കുടുംബത്തിലെ 10 വയസുള്ള കുട്ടിയെ നീ എന്ന് വിളിക്ക്വോ? ഒരു സാധാരണ കുട്ടിക്ക് ഇല്ലാത്ത എന്ത് വ്യത്യാസമാണ് ഈ വീട്ടിലെ കുട്ടികൾക്കുള്ളത്? കൊയിലാണ്ടി, പൊന്നാനി, കണ്ണൂർ, തലശ്ശേരി തുടങ്ങിയ ഭാഗത്തുണ്ട്. ഇസ്ലാമിൽ മദ്യപാനം ഹറാമാണ്. മുസ്ലിംകൾ കള്ളുകുടിക്കുമോ? മുസ്ലിംകൾക്കിടയിൽ മദ്യപാനമുണ്ടെന്നോ ഇല്ലാ എന്നാണോ അർത്ഥം. ഖുർആനിലില്ലാത്തത് കൊണ്ട് മദ്യപാനമില്ലാതിരിക്കുമോ ഇവിടെ. അറേബ്യയിലെ മുസ്ലിംകളിൽ കള്ളുകുടിക്കുന്നവരുണ്ട്. ഒരു മതത്തിൽ ഒന്നുണ്ടോ എന്ന് നോക്കാൻ അതിന്റെ കിതാബുകൾ മാത്രം നോക്കിയാൽ പോര. അതിന്റെ പ്രാക്ടീസുകളും നോക്കണം. ഇവിടത്തെ മദ്യവിൽപനയുടെ കണക്കുപ്രകാരം ഏറ്റവും കുറഞ്ഞ അളവിൽ മദ്യം വിൽക്കുന്ന സ്ഥലം മലപ്പുറം ജില്ലയാണ്. പക്ഷെ, അതിലൊരു തമാശയുണ്ട്. റമളാൻ മാസം വിൽപന കുറയും. ഇവിടെ ഒസ്സാന്മാരോട് വല്ല വിവേചനമുണ്ടോ? നമ്പൂതിരിമാരും നായന്മാരും അമ്പട്ടമാർ തങ്ങളിൽ താഴെയുള്ളവരാണെന്ന് വിചാരിക്കുന്നു. ഇതുപോലെ മുസ്ലിംകൾ ഒസ്സാൻ എന്നു പറയുന്ന പാർട്ടി നമ്മുടെ താഴെയാണെന്ന് വിചാരിക്കുന്നുണ്ടോ? ഇവിടത്തെ മുക്കുവന്മാർക്ക് ഹിന്ദുക്കളുടെ ഇടയിൽ വിവേചനമുണ്ടോ? ഇതൊക്കെയറിയണം. അവനവന്മാരുടെ അസൗകര്യം വരുമ്പോൾ അറിയാതിരിക്കാൻ പറ്റില്ല.

തങ്ങൾ എന്നു പറയുന്നത് കേരള മുസ്ലിംകൾക്കിടയിലുള്ള ജാതിയാണ്. എന്തുകൊണ്ടെന്നു വച്ചാൽ ജന്മം കൊണ്ട് പവിത്രത വരുന്നതിനെയാണ് ജാതി എന്ന് പറയുക. കർമം കൊണ്ട് പലരും
വരും. നിങ്ങൾ പണ്ഡിതനാണ്, ബഹുമാനം കിട്ടും. നിങ്ങൾ കൊള്ളക്കാരനാണ്, നിങ്ങൾക്ക് നിന്ദ കിട്ടും. നിങ്ങൾ സുന്ദരനാണ്, ആളുകളുടെ സ്‌നേഹം കിട്ടും. ഇതൊക്കെ കർമം കൊണ്ടാണ്. ഒരാളുടെ ജാതിവാൽ നോക്കിയാണ് ഒരാൾ അയാളുടെ സ്റ്റാറ്റസ് മനസിലാക്കുക. ജാതിവാലില്ലെങ്കിലോ അയാൾ തിയ്യനോ പുലയനോ മറ്റോ ആണെന്ന് പറഞ്ഞാൽ ബുദ്ധി വൃത്തിയും കുറഞ്ഞയാളാണെന്ന് തോന്നും. ഇതിനെയാണ് ജാതി എന്നു പറയുന്നത്.
അറബിയിൽ തങ്ങൾ എന്നതുണ്ടോ? തങ്ങൾ എന്നത് ദ്രാവിഡ വാക്കാണ്. മധുസൂദൻ തങ്ങൾ എന്നു പറയുന്നത് പോലെയാണ് അബ്ദുറഹ്മാൻ തങ്ങൾ എന്നു പറയുന്നതും. അതൊക്കെ ഇവിടന്ന് ഉണ്ടാക്കിയ ജാതിയാണ്. തങ്ങൾ മേൽ ജാതിയാണ്. അമ്പട്ടാനും പൂസിലാനും കീഴ്ജാതിയാണെന്ന് ഇവിടെ ഒരു ധാരണയുണ്ട്. കടപ്പുറത്തുകാര് എന്നൊരു വാക്കു തന്നെയുണ്ട്. ഇപ്പോൾ
മനസിലായല്ലോ കേരളത്തിൽ ഏറ്റവും കൂടുതൽ മനുഷ്യത്വമുള്ളത് ഇവർക്കാണെന്ന്. അപ്പോഴും പറയും കടപ്പുറത്തുകാരനെന്ന്, പൂസിലാനെന്ന്, മുക്കുവനല്ലെന്ന് പറയും. കേരളത്തിൽ ഓഖി ദുരന്തമുണ്ടായിട്ട് കഷ്ടപ്പെട്ടത് മുഴുവനും മുക്കുവന്മാരാണ്. ആരും ഒന്നും ചെയ്തിട്ടില്ല. ഇവിടെയൊരു പ്രശ്‌നം വരുമ്പോൾ അവർ വന്നു. ആർക്ക് സംസ്‌കാരമില്ലെന്ന് പറഞ്ഞോ അവർക്കാണ് സംസ്‌കാരമുള്ളതെന്ന് തെളിഞ്ഞു. ഇനി മാറുമോ, മാറുകയില്ല. കാരണം ജാതിയാണിത്.

വിഴിഞ്ഞം, പെരുമാതുറ തുറമുഖമുണ്ട് തിരുവനന്തപുരത്ത്. അവിടൊക്കെ ഇതാണ് സ്ഥിതി. അപ്പോൾ നാം പറയുന്നത്, ദലിത് മുസ്ലിം ഐക്യപ്പെട്ടാൽ എന്നു പറയുമ്പോൾ മുസ്ലിംകൾക്കിടയിലുള്ള ജാതി അവർ അംഗീകരിക്കുകയോ ദുരീകരിക്കുകയോ ചെയ്യുമോ എന്നൊരു ചോദ്യമുണ്ട്. കാരണം ദലിത് പോലൊരു സാധനമല്ല മുസ്ലിം. മുസ്ലിം വേറൊരു മത സമൂഹമാണ്. മൊത്തത്തിൽ 120 കോടി ജനങ്ങളുള്ള മഹാ സമുദായമാണ്. ദലിത് കേരളത്തിൽ 9 ശതമാനം മാത്രമാണ് അവരുടെ ജനസംഖ്യ. അതിൽ പല പ്രശ്‌നങ്ങളുണ്ട്. വിചാരിച്ചത് പോലെ ലളിതമല്ല. സ്ത്രീ എന്നത്, ദലിത് എന്നത് മാറ്റാൻ പറ്റൂല. സ്ത്രീ വാദികളും, മുസ്ലിം വാദികളും ഒരുമിച്ചു കൂടാൻ പറ്റില്ല. ഇസ്ലാമിക വാദികൾ സ്ത്രീ വിരുദ്ധമായി പെരുമാറുന്നുണ്ട്. ഇതൊക്കെ ഒരുപാട് പറയാനുണ്ട്.

രാഷ്ട്രീയപരമായി സഹകരിക്കാൻ പറ്റില്ല എന്ന് ഞാൻ പറയുന്നില്ല. ഒരു സമരത്തിൽ സഹകരിച്ചു. പ്രളയകാലത്ത് സഹകരിച്ചു. ഒരു ഇലക്ഷനിൽ സഹകരിച്ചു. പക്ഷെ, ഇത് ഒരു സിദ്ധാന്തമാക്കാൻ പറ്റില്ല. കാരണം രണ്ടും രണ്ട് സാധനമാണ്. ദലിത്,
സ്ത്രീ, പരിസ്ഥിതി, ആദിവാസി, മുസ്ലിം എല്ലാം കൂടി കൂട്ടിക്കെട്ടി
യാൽ പരസ്പരം പൊരുതുന്ന താത്പര്യങ്ങളാണുള്ളത്. ബഹുഭാര്യത്വം അംഗീകരിക്കരുതെന്ന് പറഞ്ഞാൽ അത് സ്വീകരിക്കുകയില്ല. ഇത് സ്ത്രീ വാദത്തിന് പറ്റുന്നതല്ല. ഒരു സ്ത്രീക്ക് 2 ഭർത്താക്ക
ന്മാരാവാമെന്ന് സമ്മതിക്കുകയുമില്ല. ഒരു സ്ത്രീക്ക് ഒരു ഭർത്താവ് എന്ന കണക്കാണ് നല്ലത്. ആ തരത്തിൽ നിരോധിക്കുകയോ നിയന്ത്രിക്കുകയോ വേണമെന്നതാണ് സ്ത്രീ വാദം. ഇത് മുസ്ലിംകൾക്ക് പൊരുത്തപ്പെടാൻ ഒക്കുമോ? ഏതെങ്കിലും ഒരു സ്ഥലത്ത് സമരത്തിലോ, ഇലക്ഷനിലോ സഹകരിക്കാൻ പാടില്ല എന്നല്ല. അത് സിദ്ധാന്തമാക്കാൻ പറ്റില്ല എന്നതാണ് ഞാൻ പറഞ്ഞത്.

ഐഡന്റിറ്റി പൊളിറ്റിക്‌സിൽ താങ്കളുടെ നിലപാട് കണ്ടു (ദേശാഭിമാനി ഓണപ്പതിപ്പ് 2018). അപരവത്കരിക്കപ്പെടുന്ന വർഗത്തിന് ഐഡന്റിറ്റി ഉയർത്തേണ്ടത് നിലവിലെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് അനിവാര്യതയല്ലേ? ഇതിനെ എങ്ങനെ കാണുന്നു?

ഐഡന്റിറ്റി പൊളിറ്റിക്‌സ് എന്നൊക്കെ പറഞ്ഞാൽ ആളുകളെ വിഭ്രമിപ്പിക്കുന്ന ഓരോ വാക്കുകളാണ്. ഇപ്പോൾ പറഞ്ഞതിന്റെ തുടർച്ചയാണത്. മാറ്റാൻ പറ്റാത്തതിനെയാണ് സത്വം എന്നു പറയുക. ആദിവാസി, സ്ത്രീ, ദലിതനാണെന്നത് മാറ്റാൻ പറ്റില്ല. ക്രിസ്ത്യാനിയോ മുസ്ലിമോ ബൗദ്ധനോ ആണെന്നത് മാറ്റാൻ പറ്റും. മതം വളരെ പ്രധാനപ്പെട്ട ഐഡന്റിറ്റിയല്ല എന്നാണ് ഞാൻ
പറഞ്ഞത്. അത് ഒരാൾക്ക് മാറ്റാം. ഐഡന്റിറ്റി പൊളിറ്റിക്‌സ് ക്രിസ്ത്യാനികൾക്കിടയിൽ തുടങ്ങിയിട്ടില്ല. ഐഡന്റിറ്റി പൊളിറ്റിക്‌സിന്റെ ഭാഗമായാണ് സയണിസം ഉണ്ടാക്കിയത്. യഹൂദർ ലോകത്തെവിടെയുമുണ്ടെങ്കിൽ അവരൊരു രാഷ്ട്രമാണെന്നാണ്. അതിന്റെ തത്വം ജൂ ഐഡന്റിറ്റിയാണ്. അതിന് ഞാനെതിരാണ്. ആ ഐഡന്റിറ്റി പൊളിറ്റിക്‌സ് കൊണ്ട് ഫലസ്തീനിലെ അറബികളെ ദ്രോഹിച്ചു. അറബി സംസാരിക്കുന്ന ക്രിസ്ത്യാനിക്ക് യഹൂദനോട് ദ്രോഹം വന്നിട്ടുണ്ട്. 1948 മുതൽ ഇന്നുവരെ ആ ഗാസ കുന്നിലെയും വെസ്റ്റ് ബാങ്കിലെയുമൊക്കെ ആളുകളെ ദ്രോഹിക്കുകയും കൊല്ലുകയും ചെയ്യുന്ന പണിയാണവർക്ക്. സയണിസത്തിന് ഞാനെതിരാണെങ്കിൽ ഞാൻ ഇസ്ലാമിനുമെതിരാവും. കാരണം ജനാധിപത്യത്തിന് പറ്റുന്ന തത്വങ്ങളല്ലയത്. സ്ത്രീയുടെ സ്ത്രീ ഐഡന്റിറ്റി കൊണ്ട് ദുരിതത്തിനെതിരെ പൊരുതുന്നത് പോലെയല്ലയിത്. കാരണം ഏത് നാട്ടിൽ ജീവിച്ചാലും, ഏത് മതത്തിൽ പിറന്നാലും, ഏത് ജാതിയിൽ ജീവിച്ചാലും വിവേചനം നേരിടുന്നുണ്ട്.

ദലിത് സ്ത്രീക്ക് രണ്ടു വിവേചനമുണ്ട്. ഒന്നവൾ ദലിതാണെന്നും രണ്ട് സ്ത്രീയാണെന്നും. ഈ സ്ത്രീയാണെന്ന നിലക്ക് അവൾ അനുഭവിക്കുന്ന അതേ കഷ്ടം മേൽജാതിയെന്ന് സ്വയം വിളിക്കുന്ന കൂട്ടത്തിലെ നമ്പൂതിരി സ്ത്രീകൾക്ക് അനുഭവിക്കേണ്ടിവരും. മേൽ ജാതിക്കാരുടെ ഇടയിലുണ്ടായിരുന്നതാണ് സതി സമ്പ്രദായം.

സ്ത്രീവിരുദ്ധമാണത്. നമ്പൂതിരി വംശത്തിൽ പിറന്ന പെണ്ണിനും അക്ഷര വിദ്യാഭ്യാസം പാടില്ലെന്ന് പറഞ്ഞിരുന്നു. 1920 വരെ ഇതാണ് സ്ഥിതി. പെണ്ണുങ്ങൾ എഴുത്ത് പഠിക്കാൻ പാടില്ലെന്ന് സുന്നികൾ പറഞ്ഞിരുന്നു. ഞാൻ സമസ്തയുടെ 5-ാം ക്ലാസ് പരീക്ഷ 62-ൽ പാസായതാണ്. എന്റെ ക്ലാസിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് എഴുത്തുപരീക്ഷയുണ്ടായിരുന്നില്ല.

ഐഡന്റിറ്റി പൊളിറ്റിക്‌സ് എന്നു പറഞ്ഞ് ഐഡന്റിറ്റിയുടെ പ്രധാന ഭാഗമായി മതം വയ്ക്കുന്നതിന് ഞാനെതിരാണ്. അത് ഞാൻ മതവിരുദ്ധനായതു കൊണ്ടല്ല. മതവിരുദ്ധനല്ല ഗാന്ധി. അബ്ദുൽ കലാം ആസാദ്, മുഹമ്മദ് അബ്ദു റഹിമാൻ, മൊയ്തു മൗലവി എന്നിവരൊന്നും മതവിരുദ്ധനല്ല. ഐഡന്റിറ്റി പൊളിറ്റിക്‌സാണ് ഒരുകാലത്ത് ഇന്ത്യാ വിഭജനത്തിന് കാരണമായത്.
1910-ൽ ഹിന്ദു മഹാസഭ, 1925-ൽ ആർ.എസ്.എസ് അവർക്ക് ഹിന്ദുരാഷ്ട്രമാവണം. കാരണം പൗരത്വത്തിന്റെ പ്രധാനപ്പെട്ട ഭാഗം ഹൈന്ദവ ആചാരങ്ങളാണെന്നാണ് അവർ വാദിക്കുന്നത്. അവർ പുറത്തു പറയില്ലന്നേയുള്ളൂ. സംസ്‌കാരമാണെന്നാണ് പറയുക.

ഐഡന്റിറ്റി പൊളിറ്റിക്‌സ് ആരു പറഞ്ഞാലും, അതിൽ മതം ജാതി കീഴ്ജാതി എന്ന് വിളിക്കപ്പെട്ട ആളുകൾക്ക് വിദ്യയും ധനവും നീതിയും നിഷേധിക്കപ്പെട്ടവർക്ക് അങ്ങനെ പറയാം. നേരെ മറി
ച്ച് സവർണ വിഭാഗത്തിൽ പെട്ടവർക്കോ ഏതെങ്കിലും മതവിഭാഗത്തിൽ പെട്ടവർക്കോ രാഷ്ട്രീയമായി വന്നാൽ ആപത്താണ്. അതിന്റെ ഒരു തെളിവാണ് സയണിസം. വേറെ തെളിവാണ് ഇസ്ലാമിസം.

കെ പി രാമനുണ്ണിയെ താങ്കൾ നിരന്തരമായി വിമർശിക്കുന്നുണ്ടല്ലോ. അദ്ദേഹം ന്യൂനപക്ഷത്തോടൊപ്പമാണ് തന്റെ നിലപാടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാസങ്ങൾക്കു മുൻപ് കാശ്മീരിലെ ആസിഫ വധത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രത്തിൽ ശയനപ്രദക്ഷിണം നട
ത്തുകയുണ്ടായി. നല്ലൊരു മാതൃകയായിരുന്നില്ലേ അത്? കെ പി രാമനുണ്ണിയുടെ രാഷ്ട്രീയത്തെയാണ് നിങ്ങൾ വിമർശിക്കുന്നത് എങ്കിൽ
അതൊന്നു വ്യക്തമാക്കാമോ?

ഇത് വളരെ വ്യക്തിപരമായ ചോദ്യമാണ്. എനിക്ക് രാമനുണ്ണിയോട് ഒരു വിരോധവുമില്ല. രാമനുണ്ണി എനിക്കൊരു ദ്രോഹവും ചെയ്തിട്ടില്ല. രാമനുണ്ണിയെ വിമർശിക്കുന്നതിനപ്പുറം ഒരു ദ്രോഹവും ഞാൻ രാമനുണ്ണിയോട് ചെയ്തിട്ടില്ല. മതമൗലിക വാദം, മതഭീകരവാദം, മത രാഷ്ട്രവാദം തുടങ്ങിയവയോടുള്ള കാര്യങ്ങളെ അംഗീകരിക്കുകയോ മൗനം കൊണ്ട് അംഗീകരിക്കുകയോ അതിനുവേണ്ടി സംസാരിക്കുകയോ ചെയ്യുന്ന ഒരാളാണ് രാമനുണ്ണിയെന്ന് എനിക്കൊരു വിമർശനമുണ്ട്. വേറൊന്നുമില്ല. ഞാനതിനൊക്കെ എതിരാണ്. അതായത്, ഇസ്ലാമിക മൗലികവാദികളെയും ഇസ്ലാമിക രാഷ്ട്രീയ വാദികളെയും അംഗീകരിക്കുക, അവരോട് സഹകരിക്കുകയോ ചെയ്യുന്ന ഒരാളാണ് രാമനുണ്ണി. അത് ഞാൻ രാമനുണ്ണിയുടെ മുഖത്തു നോക്കി പറയുന്നതാണ്. ഞങ്ങൾ തമ്മിൽ വ്യക്തിപരമായിട്ടൊന്നുമില്ല.

നിങ്ങൾ രാമനുണ്ണിയെ മാത്രം ചോദിക്കാൻ കാരണമെന്താണ്?

ഞാൻ പലരെയും വിമർശിക്കാറുണ്ടല്ലോ? ഇതേ ന്യായം പറഞ്ഞ് സിവിക് ചന്ദ്രനെ വിമർശിച്ചിട്ടുണ്ട്. സി.ആർ നീലകണ്ഠനെ വിമർശിച്ചിട്ടുണ്ട്. എം. ഗംഗാധരനെ വിമർശിച്ചിട്ടുണ്ട്. നിങ്ങൾക്കൊരു ഹിഡൻ അജണ്ട അതിലുണ്ട് (ചിരിക്കുന്നു). എനിക്ക് ഇത് തിരിയാത്തതൊന്നുമല്ല. അയാളെ വിമർശിക്കുന്നതിൽ നിങ്ങൾക്ക് പ്രയാസമുണ്ട്. അയാളുടെ നിലപാടിനോട് ആനുകൂല്യമുണ്ട്. ഞാൻ ഇത്തരം നിലപാടെടുത്തവരെ വിമർശിക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. കൃത്യമായി പറഞ്ഞാൽ ശരീഅത്തിനെ
വിമർശിക്കുമ്പോൾ ശരീഅത്തിനെ അനുകൂലിക്കുന്ന മുസ്ലിംകളല്ലാത്തയാളുകളെ പ്രത്യേകം വിമർശിക്കും. ഉദാഹരണം പറഞ്ഞാൽ സച്ചിദാനന്ദൻ, സക്കറിയ, സിവിക് ചന്ദ്രൻ. ഇയാളെ നി
ങ്ങൾ പ്രത്യേകം പറഞ്ഞാൽ നിങ്ങൾക്ക് മുഹബ്ബത്തുണ്ടെന്ന് എനിക്ക് മനസിലാകും. എനിക്ക് തരക്കേടില്ല (ചിരിക്കുന്നു).

താങ്കൾ യുക്തിവാദിയല്ല, നിരീശ്വരവാദിയുമല്ല. ദൈവമുണ്ടോ എന്നും ഇല്ല എന്നും പറയുന്നില്ല. താങ്കളുടെ പ്രത്യയശാസ്ത്രം ഗാന്ധിസം മാത്രമാണോ?

അങ്ങനെ പറയാൻ പറ്റില്ല. എന്താന്നു വച്ചാൽ ഞാൻ എത്രയോ കാലം ഭക്തനായിരുന്നു. ഞാൻ ദൈവമുണ്ടെന്ന് വിചാരിച്ചു. പിന്നീട് അന്വേഷിച്ചപ്പോൾ എനിക്ക് തിരിയുന്നില്ല. ഉണ്ടേൽ ഉണ്ടായിക്കോട്ടെ, ഇല്ലേൽ വേണ്ട. അതിന് സന്ദേഹവാദം എന്നു പറയും (അജ്ഞയതാ വാദം).
പൊളിറ്റിക്കൽ ഐഡിയോളജിക്കാണ് പ്രത്യയ ശാസ്ത്രം എന്നു പറയുന്നത്. ഗാന്ധി ഒരു തെറ്റും പറ്റാത്ത ആളാണെന്ന് ഞാൻ വിചാരിക്കുന്നില്ല. ഗാന്ധി ജാതിയെ പറ്റി മനസിലാക്കിയതിൽ തെറ്റുണ്ടെന്നാണ് എന്റെ വിചാരം. ഗാന്ധി ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണ കൊടുത്തത് തെറ്റാണെന്നാണ് എന്റെ അഭിപ്രായം. അങ്ങനെ ഒരുപാട് കാര്യങ്ങൾ. ഗാന്ധി മക്കളെ സ്‌കൂളിൽ പറഞ്ഞയച്ചില്ല. അത് തെറ്റാണെന്നാണ് എന്റെ അഭിപ്രായം. പക്ഷെ, അദ്ദേഹത്തിന്റെ അഹിംസാ സിദ്ധാന്തത്തിൽ എനിക്ക് വിശ്വാസമുണ്ട്. അത് ഗാന്ധി കണ്ടുപിടിച്ചതല്ല.

ഇന്ത്യൻ സാഹചര്യത്തിൽ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രം പഠിക്കുമ്പോൾ ഗാന്ധിയുടെ പല നിലപാടുകളും ശരിയാണ്. ഇന്ത്യൻ ദേശീയത എന്നു പറയുന്നത് ഹിന്ദു ദേശീയതയല്ലായെന്ന്
നമ്മളെ തുടക്കം തൊട്ടേ ഒടുക്കം വരെ മനസിലാക്കി തന്നത് ഗാന്ധിയാണ്. ഞാൻ ഗാന്ധിയനാണോ എന്നു ചോദിച്ചാൽ അല്ല. ഗാന്ധിയൻ എന്നു പറഞ്ഞാൽ ഗാന്ധിയുടെ ജീവിത വിശുദ്ധിയൊക്കെ പാലിക്കുന്നയാൾക്കാണ് അത് പറയുന്നത്. ഞാനതൊന്നുമല്ല. എനിക്കങ്ങനെയൊരു അവകാശവാദവുമില്ല. പിന്നെ ഗാന്ധി തെറ്റുപറ്റാത്തയാളെന്നോ ദൈവമാണെന്നോ ദൈവത്തിന്റെ അവതാരമാണെന്നോ ഞാൻ വിചാരിക്കുന്നില്ല. ഇവിടെ ദൈവത്തിന്റെ അവതാരങ്ങളായി ഒരുപാട് പേരുണ്ട്. ശ്രീരാമനും മുഹമ്മദ് നബിക്കും തെറ്റുപറ്റുമെന്ന് ഞാൻ വിചാരിക്കുന്നു. കാരണം മനുഷ്യനാണ്, തെറ്റു പറ്റും.

ഗാന്ധി ഉദാഹരിച്ച അഹിംസാ സിദ്ധാന്തം, ഗാന്ധി ഉയർത്തിപ്പിടിച്ച ഇന്ത്യൻ ദേശീയത, മതേതര ജനാധിപത്യം അതിനൊക്കെ ഇന്ന് വലിയ പ്രസക്തിയുണ്ട്. അതുകൊണ്ട് ഇന്ന് ഏറ്റവും വലി
യ പ്രശ്‌നം ആർ.എസ്.എസിന്റെ ഹിന്ദു ഭീകരതയാണ്. ഇന്ത്യയിൽ പ്രധാനപ്പെട്ട പതിനെട്ടു സംസ്ഥാനങ്ങൾ അവർ ഭരിക്കുകയാണ്.

അതിനെ എതിർക്കാൻ പ്രാപ്തമായ ഒരു സാധനമേയുള്ളു. അത് ഗാന്ധിയാണ് എന്നതാണ് എന്റെ വിചാരം. എന്നാൽ ഇസ്ലാമിക മൗലികവാദം കൊണ്ടും ഇസ്ലാമിക രാഷ്ട്രവാദം കൊണ്ടും പറ്റില്ല.
വാദിക്കാം. ഐഹികമായ കാര്യങ്ങളാണ് ഞാൻ പറയുന്നത്. മനുഷ്യന് സമാധാനം വേണം, സമത്വം വേണം, നീതി വേണം തുടങ്ങിയുള്ള കാര്യങ്ങളുണ്ടെങ്കിൽ ഈ മതരാഷ്ട്രവാദം ക്രിസ്ത്യാനിയുടേതാണെങ്കിലും മുസ്ലിമിന്റെയാണെങ്കിലും യഹൂദന്റെയാണെങ്കിലും ഹിന്ദുവിന്റെയാണെങ്കിലും ആപത്താണ്. ആയുധമെടുത്തോ അപ്പോൾ തോൽക്കും. ഒരു സംശയവും വേണ്ട. ഒരു പ്രശ്‌നവും ആയുധം കൊണ്ട് പരിഹരിക്കാൻ പറ്റില്ലെന്നാണ് ഗാന്ധിയുടെ അടിസ്ഥാന നിലപാട്. ഈയൊരളവിൽ ഞാൻ ഗാന്ധിയെ അംഗീകരിക്കുന്ന ഒരാളാണ്. എനിക്ക് അദ്ദേഹത്തിന്റെ അനുയായി എന്നു പറയാൻ ധൈര്യമില്ല.

നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല. വിശ്വസിക്കാൻ കഴിയാത്ത മട്ടിൽ ശുദ്ധിയുള്ള മനുഷ്യനാണ് ഗാന്ധി. തെറ്റ് പറ്റില്ലെന്ന് അതിനർത്ഥമില്ല. അദ്ദേഹത്തിന് സമ്പത്ത് വേണ്ട, അധികാരം വേണ്ട, ഭോഗങ്ങൾ വേണ്ട, സെക്‌സ് വേണ്ട, വസ്ത്രം പോലും വേണ്ടാത്ത ഒരാളാണ്. പരലോകത്തെ ക്ഷേമം മോഹിച്ചു കൊണ്ട് സൽകർമം ചെയ്യണമെന്നാണ് പഠിച്ചിട്ടുള്ളത്. പരലോകത്തെ ക്ഷേമം പോലും കണക്കാക്കാതെ സൽകർമ്മം ചെയ്യുന്ന എത്രയോ ആൾക്കാർ ലോകത്തുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. ഇതിൽ തൃപ്തി എന്നൊരു സാധനമുണ്ട്. ഗാന്ധി ഒരു മതത്തെയും അനുഷ്ഠിച്ചിട്ടില്ല. ഗാന്ധി ഒരമ്പലത്തിലും പോയി പ്രാർത്ഥിച്ചിട്ടില്ല. ദൈവത്തോട് ഒന്നും ചോദിക്കുന്നില്ല ഗാന്ധി. അദ്ദേഹത്തിനൊന്നും വേണ്ട.

ഒരു കാര്യം കൂടി പറഞ്ഞ് നമുക്ക് അവസാനിപ്പിക്കാം. ഗാന്ധിയോട് ലണ്ടനിൽ വച്ച് സുഹൃത്തുക്കൾ ക്രിസ്തുമതവിശ്വാസിയാവണമെന്ന് പറഞ്ഞു. അപ്പോൾ ഗാന്ധി പറഞ്ഞു, ക്രിസ്തു പറഞ്ഞ കാര്യങ്ങളൊക്കെ അനുഷ്ഠിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ടല്ലോ. അപ്പോൾ അവർ പറഞ്ഞു, താങ്കൾ അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകൾ ദൈവം പൊറുക്കണമെങ്കിൽ ക്രിസ്ത്യാനി ആവണമെന്ന്. അപ്പോൾ ഗാന്ധി മറുപടി നൽകിയത്, ഞാനറിഞ്ഞോ അറിയാതെയോ തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ ദൈവം എന്നെ ശിക്ഷിക്കണമെന്നാണ് ഞാൻ വിചാരിക്കുന്നത്. അല്ലാതെ പൊറുക്കണമെന്നല്ല.

അബ്ദുൽ കലാം ആസാദ് മതവിശ്വാസിയായിരുന്നില്ലേ. മക്കയിലാണല്ലോ അദ്ദേഹം ജനിച്ചത്. വക്കം മൗലവിയും അങ്ങനെ തന്നെ. അബ്ദുറഹിമാന്റെ പോലെ മതം ആർക്കുണ്ട്. അബ്ദുറഹിമാൻ വിശ്വസിക്കുന്നത് കണ്ടിട്ട് ലോകത്ത് വിശ്വസിക്കുന്ന മതമുണ്ടെങ്കിൽ അത് അബ്ദുറഹിമാന്റെ മതമാണെന്ന് പറഞ്ഞ് മതംമാറിയവരുണ്ട്. അദ്ദേഹത്തിന്റെ ജീവിതം കണ്ടിട്ട്. മതമില്ലാത്ത പരിപാടിയല്ല പറയുന്നത്. മതം എവിടെ നിർത്തണമെന്ന് നിശ്ചയം വേണം. ആസാദിന് മതമില്ലെന്ന് ആര് പറയും? എല്ലാ വിഭാഗത്തിൽ പെട്ട മുസ്ലിം നേതാക്കന്മാർ കൂടിയാലോചിച്ച് ഉലമാ ഹിന്ദ് പട്ടം ആസാദിന് നൽകാൻ തീരുമാനിച്ചു. 14-ാമത്തെ വയസിൽ അൽ-ബലാഗ് എന്ന മാഗസിൻ ആരംഭിച്ചയാളാണ്. അയാളാണ് തർജമാനുൽ ഖുർആൻ എഴുതിയത്. ഉറുദു പാർസി ഭാഷകളിൽ ഗ്രന്ഥങ്ങളെഴുതി. അദ്ദേഹത്തിനെ ആര് കുറ്റം പറയും. അബ്ദുറഹിമാൻ ഒരു വഖ്ത്ത് നിസ്‌കാരം ഖളാഅ് ആക്കാത്തവനാണ്. ജയിലിൽ ഒരു ആവശ്യമേ ഉണ്ടായുള്ളൂ, മുട്ടു മറയ്ക്കുന്ന വസ്ത്രം വേണം. അഞ്ചു നേരം നിസ്‌കരിക്കാൻ വുളൂഇനുള്ള വെള്ളം വേണം. വേറെയൊന്നും ചോദിക്കൂല. നിങ്ങൾക്കറിയാമോ അബ്ദുറഹിമാന്റെ ഭാര്യ മരിച്ചത് ഒരു വ്യാഴാഴ്ചയാണ്. രണ്ടരക്കൊല്ലമാണ് ദാമ്പത്യമുണ്ടായത്. എല്ലാ വ്യാഴാഴ്ചയും നോമ്പു നോറ്റയാളാണ്. ഇത്തരം മതമുളള ഒരുത്തനാണ്. അബ്ദുറഹിമാന് ജനാധിപത്യം മനസിലാവുന്നു എന്നുള്ളതാണ് വ്യത്യാസം. അതിർത്തി ഗാന്ധി ഗഫാർഖാൻ ഒന്നാന്തരം വിശ്വാസിയാണ്. വക്കം മൗലവി മതം പഠിച്ചയാളാണ്. പ്രബോധകനാണ്. ഇവിടത്തെ മുജാഹിദ് പ്രസ്ഥാനത്തിന്റെ ചരിത്രമെഴുതിയത് മൗലവിയാണ്.