അസംബന്ധങ്ങളുടെ രാഷ്ട്രീയപൂരം

വിജു വി. നായര്‍

ജീവിതംതന്നെയാണ് രാഷ്ട്രീയം. തെറ്റിദ്ധരിക്കേണ്ട – ഇതൊരു ആപ്തവാക്യമോ ഭംഗിവാക്കോ അല്ല. ഓരോ വ്യക്തിയുടെയും എല്ലാത്തരം പ്രവൃത്തികൾക്കുമുണ്ട്, അതാതിന്റെ രാഷ്ട്രീയം, കഴിക്കുന്ന ഭക്ഷണം, ധരിക്കുന്ന വേഷം, അണിയുന്ന ചമയങ്ങൾ അഥവാ അവയുടെ അഭാവം, കാഴ്ചപ്പാട്, അഭിരുചി, ചിന്താരീതി എന്നുവേണ്ട ആശയും ആവശ്യവും അവയുടെ നിവർത്തിക്കൽ രീതിയും വരെ വ്യക്തിയുടെ രാഷ്ട്രീയം വെളിവാക്കുന്നു. ‘രാഷ്ട്രീയം’ എന്ന പേരിൽ വ്യവഹരിക്കപ്പെടുന്ന കക്ഷിരാഷ്ട്രീയംതന്നെ ഈ നിത്യാഭ്യാസത്തിന്റെ ഭാഗമാണ്. വൈയക്തികാഭിരുചിയുടെ രാഷ്ട്രീയം ഒരേകദേശ പൊരുത്തമെങ്കിലും തോന്നിക്കുന്ന കക്ഷി
യോടങ്ങ് ചായുകയാണ്. ചുരുക്കിയാൽ, വ്യക്തിഗതമായ ജീവിതപ്രവർത്തനത്തിന്റെ ഒരു കേവല പ്രതിഫലനമാണ് കക്ഷിരാഷ്ട്രീയവും. പ്രവർത്തനം അസംബന്ധമോ അയുക്തികമോ ആയാൽ
ടി രാഷ്ട്രീയം അതേ പ്രകൃതങ്ങൾ പ്രതിഫലിപ്പിക്കും. അഥവാ കക്ഷിരാഷ്ട്രീയം തെളിമയുള്ള കണ്ണാടിയാണ്; പൗരാവലിയുടെ മുഖം കാട്ടാൻ.

ശക്തമായ ത്രികോണമത്സരം നടന്ന ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് കിട്ടിയ ഭൂരിപക്ഷം 20,956. അതോടെ മൂന്നുതരം പ്രതികരണങ്ങളിറങ്ങി. പിണറായി ഭരണത്തിനു കിട്ടിയ ഹുറേ വിളിയാണ് ഈ വൻഭൂരിപക്ഷമെന്ന് ജേതാക്കൾ. വർഗീയതയും ഭരണയന്ത്ര ദുരുപയോഗവും തൊട്ട് സ്വന്തം സംഘടനാപാളിച്ചവരെയാണ് കോൺഗ്രസിന്റെ വിലാപഗീതയിൽ. ഇതിൽ സംഘടനാപാളിച്ച ഒഴികെയുള്ള പല്ലവിയൊക്കെത്തന്നെ പാടി ബിജെപി. മാധ്യമങ്ങളാകട്ടെ ഈ പ്രതികരണങ്ങൾ ആസ്പദമാക്കിയുള്ള വെടിവട്ടത്തിലൊതുക്കി, തിരഞ്ഞെടുപ്പ് അപഗ്രഥനം. ‘ഇടതുതരംഗം’ എന്ന ലേബലൊട്ടിച്ച് അപഗ്രഥനച്ചുമതലയിൽ നിന്ന് തലയൂരുകയാണ് ഫോർത്ത് എസ്റ്റേറ്റ്
വിരുതന്മാർ ചെയ്തത്. രാഷ്ട്രീയം തൊഴിലാക്കിയവർ തൊട്ട് രാഷ്ട്രീയ നിരീക്ഷകർ എന്ന കുപ്പായമിട്ടവർ വരെ ഒരുപോലെ ഈ അസംബന്ധവേല ഇറക്കിയപ്പോൾ ചെങ്ങന്നൂർ ജനവിധി ഏതോ സങ്കീർണ പ്രതിഭാസത്തിന്റെ ഫലമാണെന്നു തോന്നാം. അഥവാ മിറാക്ക്ൾ!

സത്യത്തിൽ ഇപ്പറയുന്ന സങ്കീർണതയോ അതിശയമോ തൊട്ടുതീണ്ടാത്ത സാധാരണ ജനവിധിയാണ് ചെങ്ങന്നൂരിലുണ്ടായത് എന്നതാണ് ഫലിതം. ഇടതുപക്ഷത്തിന് ആകെ കിട്ടിയത്
67303 വോട്ട്. കോൺഗ്രസിന് 46347. ബിജെപിക്ക് 35270. കഴിഞ്ഞ കുറി ഇത് യഥാക്രമം 52880, 44890, 42682 എന്നിങ്ങനെയായിരുന്നു. അന്ന് ഇടതുപക്ഷത്തിനു കിട്ടിയ ഭൂരിപക്ഷം 7990. നാളതുവരെ ‘യുഡിഎഫ് കോട്ട’യായിരുന്നിടത്ത് ഇതാദ്യമായി ശക്തമായ ത്രികോണമത്സരമുണ്ടായപ്പോൾ വിധി നിർണയിച്ച പ്രമുഖ ഘടകം ബിഡിജെഎസിന്റെ പതിനായിരത്തോളം വോട്ടുകളാണ്.

അത് കോൺഗ്രസ് പാളയത്തിൽ നിന്ന് താമരക്കുളത്തിലേക്ക് കണിച്ചുകുളങ്ങര ദല്ലാൾ മറിച്ചുകൊടുത്തപ്പോൾ ബിജെപിയുടെ വോട്ട് കുത്തനെ ഉയർന്നു. കോൺഗ്രസിനാകട്ടെ സീറ്റ് നഷ്ടപ്പെടാൻ പാകത്തിൽ വോട്ടിടിഞ്ഞു. ഇടതുപക്ഷം മുൻകാലത്തെ അതേ വോട്ടുനില നിലനിർത്തി. കോൺഗ്രസിന് ക്ഷതം സംഭവിച്ച വകയിൽ ഇടതുസ്ഥാനാർത്ഥി ജയിച്ചുകയറുകയും ചെയ്തു.

ഇക്കുറി സംഭവിച്ചതും ഏതാണ്ട് ഇതൊക്കെത്തന്നെയാണ് – ചെറിയ രണ്ടു വ്യത്യാസങ്ങൾ മാത്രം. ഒന്ന്, ബിഡിജെഎസ് വോട്ട് ഇത്തവണ ദല്ലാൾ മറിച്ചുകൊടുത്തത് ഇടതുപക്ഷത്തേക്കാണ്.
അങ്ങനെ കഴിഞ്ഞതവണ കിട്ടിയ 52880ൽ നിന്ന് ഇടതുസ്ഥാനാർത്ഥിയുടെ വോട്ട് പതിനായിരം കൂടി 62880-ലെത്തുന്നു. ബിജെപിക്ക് ആ പതിനായിരം പോയ വകയിൽ 42682-ൽ നിന്ന് വോട്ട്
32682 ആകുന്നു. കോൺഗ്രസിന് ഈ ലാഭനഷ്ടങ്ങളില്ല – കഴിഞ്ഞ തവണത്തെ 44890 അതേപടി നിലനിന്നു. ഇനിയുള്ളത് മൂന്നുകൂട്ടരുടെയും ചില്ലറ വോട്ടുവർദ്ധനയാണ്. അതാണ് രണ്ടാംഘടകം
– പുതിയ വോട്ടർമാർ. ഇതിൽ 4423 വോട്ട് പുത്തൻകൂറ്റുകാരിൽ നിന്ന് കിട്ടിയ ഇടതുപക്ഷത്തിന്റെ മൊത്തം വോട്ട് 67303 ആയി (62880+4423). ബിഡിജെഎസ് വോട്ട് നഷ്ടപ്പെട്ട ബിജെപിക്ക് നവവോട്ടർമാർ വക 2518 പുതുതായി കിട്ടിയപ്പോൾ അവരുടെ മൊത്തം വോട്ട് 35270 ആയി (32682+2518). കോൺഗ്രസിന് പുതിയ വോട്ടർമാരിൽ നിന്ന് കിട്ടിയത് 1457 വോട്ട്. അങ്ങനെ അവരുടെ ആകെ വോട്ട് 44890+1457=46347. ചുരുക്കത്തിൽ, മൂന്നു കൂട്ടരും കഴിഞ്ഞതവണ കിട്ടിയ വോട്ടുകൾ നിലനിർത്തി; പുതിയ വോട്ടുകൾ വീതിച്ചെടുത്തു. വ്യത്യാസമുണ്ടായത് ബിഡിജെഎസ് വോട്ട് ചെന്നുചേർന്ന പെട്ടിയുടെ കാര്യത്തിൽ മാത്രം. അപ്പോൾ ബിഡി
ജെഎസ് അഥവാ നമ്മുടെ ദല്ലാളാണോ കിംഗ്‌മേക്കർ?

ഇപ്പറയുന്ന പതിനായിരം വോട്ട് ബിജെപിക്കുതന്നെ കിട്ടിയിരുന്നെങ്കിൽ അവരുടെ ആകെ വോട്ട് 45270 ആയേനേ. കോൺഗ്രസ് നിലയിൽ മാറ്റമില്ല; ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം പതിനായിരം
കുറഞ്ഞ് 10,956-ലെത്തും. അല്ലാതെ ജയപരാജയങ്ങളിൽ മാറ്റമേതുമില്ല. ഇനി, ബിഡിജെഎസ് വോട്ട് പണ്ടേപ്പോലെ കോൺഗ്രസിനു പോയിരുന്നെങ്കിലോ? അവരുടെ ആകെ വോട്ട് 56347 ആകുമായിരുന്നു. പതിനായിരം വോട്ട് നഷ്ടമാകുന്ന ഇടതുപക്ഷത്തിന്റെ ആകെ വോട്ട് 57303-ലേക്ക് താഴുകയും ഭൂരിപക്ഷം 956 ആയി ചുരുങ്ങുകയും ചെയ്‌തേനേ. അപ്പോഴും ജേതാവിന്റെ കാര്യത്തിൽ വ്യത്യാസമൊന്നുമില്ല.

ഇത്ര ലളിതമായിരുന്നു ചെങ്ങന്നൂർക്കഥ. എന്താണതിന്റെ പശ്ചാത്തലം? ബിജെപി ശക്തമായ സാന്നിധ്യമാകുന്നില്ലെങ്കിൽ ചെങ്ങന്നൂരിൽ നടക്കുക, പരമ്പരാഗത ഇടതു-വലതു പയറ്റാണ്.
അതിൽ കോൺഗ്രസിന് മുമ്പും ഇന്നും പ്രകടമായ മേൽക്കൈ.

ബിജെപിക്ക് പരമ്പരാഗതമായി ഈ മണ്ഡലത്തിൽ ഉണ്ടായിരുന്നത് ശരാശരി പതിനായിരം വോട്ടു മാത്രമാണ്. അത് കഴിഞ്ഞ അഞ്ചു കൊല്ലത്തിൽ 25000 കൂടി വർദ്ധിച്ച് 35000-ൽ ഉറച്ചിരിക്കുന്നു. ഈ വർദ്ധനയിൽ ബിഡിജെഎസിന് പങ്കൊന്നുമില്ല. കോൺഗ്രസിന്റെ പരമ്പരാഗത വർണ ഹിന്ദു വോട്ടിൽ നിന്നുള്ള സമീപകാല ഒലിച്ചുപോക്കാണ് ഇവിടെ പ്രകടമാവുന്നത്. ഈ ഒഴുക്ക്
ബിജെപിയിൽ കേന്ദ്രീകരിക്കുന്നു എന്നതിന്റെ തെളിവാണ് 2016ലെയും 18ലെയും വോട്ടുകണക്ക്. ഒപ്പം, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കും.

മറ്റൊരു മനോഭാവഭൃംശം ന്യൂനപക്ഷങ്ങളുടേതാണ്. ഇടതുപക്ഷ സ്ഥാനാർത്ഥി ക്രിസ്ത്യാനിയായതുകൊണ്ട് ചെങ്ങന്നൂരെ നസ്രാണികളെല്ലാം ടിയാന് വോട്ടു മറിച്ചെന്നാണ് തോറ്റവരുടെ ആക്ഷേപം. 26.5% വരുന്ന ക്രിസ്ത്യാനികൾ അങ്ങനെ ചെയ്തിരുന്നെങ്കിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് കെട്ടിവച്ച കാശ് കൂടി പോയിക്കിട്ടിയേനേ. സമാനകഥയാണ് കേവലം 4% മാത്രമുള്ള മുസ്ലിം വോട്ടിനെക്കുറിച്ചുള്ളതും. പരാജിതരുടെ ജല്പനങ്ങളെന്തായാലും
ന്യൂനപക്ഷങ്ങളുടെ ചിരപുരാതന കോൺഗ്രസ് കൂറിൽ വിള്ളലുണ്ടായിത്തുടങ്ങി എന്നത് ഒരു യാഥാർത്ഥ്യമാണ്. എന്നുവച്ചാൽ 21,000 വോട്ടിന്റെ മാർജിനല്ല ഗാന്ധിയന്മാരുടെ ‘കനത്ത’ പരാജ
യം; മറിച്ച് പരമ്പരാഗത പിന്തുണ രാശിയിലെ മാറ്റമാണെന്നർ ത്ഥം. വർണഹിന്ദുക്കളും ന്യൂനപക്ഷങ്ങളും ചേർന്ന ഈ പിന്തുണക്കൂട്ടത്തിൽ നിന്ന് വർണഹിന്ദുക്കൾ കാര്യമായിത്തന്നെ മാറിപ്പോകുന്നു. കാരണങ്ങൾ പ്രധാനമായും രണ്ടാണ്. ഒന്ന്, യുഡിഎഫ് കൂടാരത്തിൽ കുറെക്കാലമായി വ്യക്തമായ ആധിപത്യം ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കുമാണ്. രണ്ടുകൂട്ടരും പച്ചയായി ത്തന്നെ തൻകാര്യം നേടിയെടുക്കുന്നു; പലപ്പോഴും അവർ ഒരു
കുറുമുന്നണിയായി കോൺഗ്രസിനെ തളയ്ക്കുകയും ചെയ്യുന്നു.

ലീഗിന്റെ അഞ്ചാംമന്ത്രി പ്രഖ്യാപനം തൊട്ട് പണിക്കരുടെ മദ്യവിരുദ്ധ റാക്കറ്റിയറിംഗ് വരെ ഉദാഹരണങ്ങൾ എത്രയോ. ഏറ്റവുമൊടുവിലിപ്പോൾ രാജ്യസഭാ സീറ്റുകച്ചോടവും. ഇതെല്ലാം സാമാന്യവർണഹിന്ദുവിനെ ചൊടിപ്പിക്കുന്നു.

രണ്ട്, മുമ്പ് ഇമ്മാതിരി അമർഷമുള്ളവർക്ക് പോംവഴിയില്ലായിരുന്നു. ഇടതുപക്ഷത്തോട് ചരിത്രപരമായിത്തന്നെ വിപ്രതിപത്തിയുള്ള കൂട്ടരാണ് വർണഹിന്ദുക്കൾ. അവരുടെ പരമ്പരാഗത നിവൃത്തികേട് മാറ്റിക്കൊടുത്തത് ബിജെപിയുടെ ദേശീയമായ ശക്തിപ്പെടലാണ്. വിശേഷിച്ചും മോദിയുടെ തേരോട്ടം. കേന്ദ്രവും മുക്കാൽ പങ്ക് സംസ്ഥാനങ്ങളും പിടച്ചടക്കിയ പാർട്ടി എന്ന നിലയിൽ ബിജെപി ഇപ്പറഞ്ഞ ഹതാശർക്ക് സ്വാഭാവിക അഭയമാകുന്നു – വർഗീയമായും വർഗപരമായും. ബിജെപിയുടെ മുന്നേറ്റത്തെ നേരിടാൻ കോൺഗ്രസിന് സംഘടനാപരമായോ പ്രത്യയശാസ്ര്തപരമോ ആയ ശേഷി തത്കാലമില്ലതാനും.

ഈ പുതിയ പശ്ചാത്തലം ഉരുത്തിരിക്കുന്നത് പുതിയ ചില സമവാക്യങ്ങളാണ്: യുഡിഎഫ് സമം ന്യൂനപക്ഷമുന്നണി. എൽഡിഎഫ് സമം ബിജെപി വിരുദ്ധ, യുഡിഎഫ് വിരുദ്ധ മുന്നണി.
ബിജെപി പണ്ടേതന്നെ വർണഹിന്ദു കൂടാരമാണ്. അത് ശക്തിപ്പെടുകയും അവരുടെ തേർവാഴ്ച പൊതുവിൽ ഭീതി ജനിപ്പിക്കുകയും ചെയ്യുമ്പോൾ ന്യൂനപക്ഷസമുദായങ്ങൾ തേടുന്നത് വിശ്വാസയോഗ്യമായ ആലംബങ്ങളാണ്. സംഘടനാപരമായി ദുർബലവും പ്രത്യയശാസ്ര്തപരമായി പൊള്ളയുമായ കോൺഗ്രസിന്റെ നിലപാടുകൾ അഥവാ അവയുടെ അഭാവം ഈ ജനവിഭാഗങ്ങളെ
ചിന്താക്കുഴപ്പത്തിലാക്കുന്നു. ഖാദിയിൽ നിന്ന് കാവിയിലേക്കുള്ള മാറ്റത്തിന് പ്രത്യേകിച്ചൊരു വൈക്ലബ്യവുമില്ലെന്ന ഉത്തരേന്ത്യൻ കാഴ്ചകൾ അതിന്റെ ആക്കം കൂട്ടുന്നു. ഈ ത്രാസമാണ് മുസ്ലിങ്ങളിലെ ഒരു വിഭാഗത്തിന് ഇടതുപക്ഷാഭിമുഖ്യമുണ്ടാക്കുന്നത്. അറ്റകൈയ്ക്ക് ബിജെപി സഖ്യവുമാകാം എന്ന ചില ക്രിസ്ത്യൻസഭാനിലപാടുകളാകട്ടെ ക്രൈസ്തവരുടെ ചിന്താക്കുഴപ്പം വർദ്ധിപ്പിക്കുന്നതേയുള്ളൂ. ഇതിൽ, കോൺഗ്രസ് പഴയപടി തിരിച്ചുവരുമെന്ന പ്രതീക്ഷ വച്ചുപുലർത്തുന്നവരുണ്ട്. തിരിച്ചുവന്നാലും ബിജെപി എന്നത് ഇന്ത്യയിൽ ഏറെക്കുറെ ശക്തിസാന്നിധ്യമായിക്കഴിഞ്ഞു എന്ന യാഥാർത്ഥ്യം ഇപ്പറഞ്ഞവരെയെല്ലാം തുറിച്ചുനോക്കുന്നു.

അതുകൊണ്ടുതന്നെ രാഷ്ട്രീയാലംബങ്ങൾക്ക് പുതിയ പരീക്ഷണങ്ങൾ അവരെ സംബന്ധിച്ച് അനിവാര്യമാകുന്നു. വിശേഷിച്ചും കോൺഗ്രസ് ഇക്കാര്യത്തിൽ പഴഞ്ചൻ പല്ലവികളും അഴകൊഴമ്പൻ നിലപാടുകളും തുടരുന്നു എന്നിരിക്കെ. ഈ പുതിയ ചരിത്ര പശ്ചാത്തലത്തിലാണ് ന്യൂനപക്ഷങ്ങളുടെ കക്ഷിരാഷ്ട്രീയ സമവാക്യങ്ങളിൽ ഇളക്കം തട്ടുന്നത്.

അസ്തിത്വപരമായ ഈ ഭീഷണിയെ കോൺഗ്രസിന്റെ കേരളീയ നേതൃത്വം സമീപിക്കുന്ന രീതി നോക്കുക. മൂന്നു മുന്നണികൾക്കു മുന്നിലും സ്വയം വില്പനയ്ക്കു വച്ച് രണ്ടു കൊല്ലമായി വിലപേശിവന്ന കേരളാകോൺഗ്രസ് (എം). റോമൻ കത്തോലിക്കാസഭയുടെ കുഞ്ഞാടായ ഈ കക്ഷിക്ക് അതർഹിക്കാത്ത പ്രസക്തി കല്പിക്കുകയാണ് മൂന്നുകൂട്ടരും ചെയ്തുവരുന്നത് – മൂന്നുതരം
രാഷ്ട്രീയ കാരണങ്ങളാൽ. ബിജെപിയെ സംബന്ധിച്ച് ബിഡിജെഎസ് വഴി ഇടതുപക്ഷ വൊട്ടിൽ വിള്ളലിടാമെന്ന മോഹം ഏറെക്കുറെ അസ്ഥാനത്തായി. മധ്യതിരുവിതാംകൂർ ജില്ലകളിലെ
ക്രിസ്ത്യാനിവോട്ടിൽ കണ്ണുവച്ചുള്ളതായിരുന്നു മാണിപ്രേമം. ഇത് ആത്യന്തികമായി കേരളത്തിലെ ന്യൂനപക്ഷ ഐക്യമുന്നണിയെ ഭിന്നിപ്പിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമാണ് – ചില്ലറ മണ്ഡലങ്ങൾ പിടിക്കുക വഴി കേരളം തങ്ങൾക്ക് ഒരു ബാലികേറാമലയല്ലെന്നു വരുത്തുന്നതിനപ്പുറം. ഇടതുപക്ഷത്തിനാകട്ടെ, മാണിയെ അടർത്തിമാറ്റി യുഡിഎഫിൽ ശൈഥില്യമുണ്ടാക്കുക എന്ന ചേതോവികാരമാണ് പ്രാഥമികം. ഇപ്പറഞ്ഞ രണ്ടിനും
അതിന്റേതായ രാഷ്ട്രീയയുക്തിയുണ്ടുതാനും. മൂന്നാംകൂട്ടരിലാണ് യുക്തി അസംബന്ധത്തിന്റെ തലത്തിലേക്ക് പരിണമിക്കുന്നത്.

മാണിപ്പാർട്ടിക്ക് മനസാ വാചാ കർമണാ യോജിക്കുന്ന ലാവണമാണ് യുഡിഎഫ്. ഇടതുപക്ഷമോ വലതുപക്ഷ ഹിന്ദുത്വമോ ചേരാത്ത ഒരു പ്രാദേശിക കക്ഷിക്ക് പ്രത്യയശാസ്ര്ത ഭാരമേതുമി
ല്ലാതെ തൻകാര്യലബ്ധിക്ക് കൃത്യമായി നിരക്കുന്ന ലാവണം.അവിടെ തൻകാര്യത്തിന് ഭംഗം വരുമ്പോൾ ഇടയാം, വില പേശി വീണ്ടും ലാഭമുണ്ടാക്കാം. ഇത്തരമൊരു ഭംഗമായിരുന്നു ബാർ
കോഴക്കേസും. നേതാവിന് രാജിവച്ചൊഴിയേണ്ടിവന്നപ്പോൾ വിലപേശലിന്റെ ഭാഗമായി ലാവണം വിട്ടു. മറ്റു ലാവണങ്ങളിൽ കയറിക്കളയുമെന്ന ഭീഷണി മുഴക്കി പഴയ ലാവണത്തെ മുൾമുനയിൽ നിർത്തി; ഡീലുറപ്പിച്ചപ്പോൾ തിരികെ കയറി. ഈ ഡീലിലാണ്
അത്രകാലത്തെ രാഷ്ട്രീയയുക്തി പൊടുന്നനെ അസംബന്ധമായത്. രാജ്യസഭാസീറ്റ് താൻ ആവശ്യപ്പെട്ടതല്ലെന്ന് മാണിതന്നെ പറഞ്ഞു. കോൺഗ്രസാകട്ടെ സ്വന്തം സീറ്റ് മാണിക്ക് സമ്മാനിക്കുകയും ചെയ്തു. ഒരുൾപ്പാർട്ടി കലാപത്തിന്റെ വക്കോളമെത്തിയ ഈ
‘പരിത്യാഗ’ത്തിനു പിന്നിലെ യുക്തി രാഷ്ട്രീയപരമേയല്ല, തൻകാര്യസംബന്ധി മാത്രമായിരുന്നു എന്നതിലാണ് മർമം. കോട്ടയം എംപിയായി മാണിപുത്രന് ശേഷിച്ച് കഷ്ടി ഒരു കൊല്ലം. വീണ്ടും
അതേ മണ്ഡലത്തിൽ നിന്നു ജയിച്ചുകയറുക തത്കാലം ദുഷ്‌കരം. പകരം രാജ്യസഭാസീറ്റ് കിട്ടിയാൽ ജനവിധി കൂടാതെ വരുന്ന ആറുകൊല്ലം സുഭിക്ഷം. മാണിപോലും വയ്ക്കാത്ത ഈ
ഉപാധി മുന്നണിപ്രവേശനത്തിനു കല്പിച്ച പരിത്യാഗിയുടെ പേര് ഉമ്മൻചാണ്ടി. കെപിസിസി പോയിട്ട് ഹൈക്കമാൻഡ് പോലുമറിയാതെ ഈ ത്യാഗം അനുഷ്ഠിച്ചതിന്റെ ചേതോവികാരമാണ് ഇമ്മാതിരി രാഷ്ട്രീയപ്രവർത്തനത്തിന്റെ പ്രകൃതപ്പൊരുൾ. എഐസിസിയിലേക്ക് പൊക്കിമാറ്റപ്പെട്ട, ക്ഷമിക്കണം ഉയർത്തപ്പെട്ട, സ്ഥിതിക്ക് അടുത്ത കുറി പുതുപ്പള്ളി സീറ്റ് ഉറപ്പില്ല. കുടുംബസ്വ
ത്തായി കൊണ്ടുനടക്കുന്ന സീറ്റ് സ്വന്തം കുടുംബത്തിനുതന്നെ പോകണം. (അതാണല്ലോ പിന്തുടർച്ചാവകാശനിയമം). അതിനുവേണ്ട സഭാപരമായ ഐക്യം മുമ്പേറായി ഉറപ്പിക്കാനുള്ളതാണ് മേപ്പടി ത്യാഗം. എന്നുവച്ചാൽ പാർട്ടിയുടെ ചെലവിൽ നേതാവ് കൈവരുത്തുന്ന സ്വകാര്യ ലാഭം. ഈ അതിവിരുതിന് ചാണ്ടി കണ്ടെത്തിയ പരിചയാണ് കുഞ്ഞാലിക്കുട്ടി. ആയുധങ്ങളും ആസൂത്രണവും കണിശമായിരുന്നു. മുന്നണിയിലെ
ഏറ്റവും ശക്തനായ ഘടകകക്ഷിയുടെ മധ്യസ്ഥത, മുന്നണി ബലപ്പെടുത്താനെന്ന പേരിലുള്ള പരിത്യാഗം. പാർട്ടിക്കുള്ളിലെ എതിർപ്പുകളൊക്കെ ചായക്കോപ്പയിലെ ചുഴലിയായി കെട്ടടങ്ങിക്കൊള്ളും. അതിനല്ലേ മറ്റൊരു ചിരപുരാതന ആയുധം – ഗ്രൂപ്പ്?

ഇതാണ് പറയത്തക്ക പ്രത്യയശാസ്ര്തമോ ഉറപ്പുള്ള സംഘടനാതത്വങ്ങളോ ഇല്ലാത്തതിന്റെ ഗുണം. ഈ സൗകര്യം തൻകാര്യസാധ്യം നേടിത്തരും എന്നതാണ് കോൺഗ്രസ് എന്ന രാഷ്ട്രീയ
ബ്രാൻഡിന്റെ മുഖ്യാകർഷണം അഥവാ യുഎസ്പിതന്നെ. അതിന്റെ ഗുണഭോക്താക്കളല്ലാത്തവർ ഈ ആൾക്കൂട്ടത്തിലില്ല. അഥവാ, ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ ഓരോ കോൺ
ഗ്രസുകാരനും ഓരോ ഉമ്മൻചാണ്ടിയാണ്. പ്രശ്‌നവും അവിടെത്തന്നെയാണ്.

രാഷ്ട്രീയേതര യുക്തികൊണ്ട് പാർട്ടിക്കാര്യങ്ങൾ നിശ്ചയിക്കപ്പെടുന്നിടത്ത് രാഷ്ട്രീയചിന്തയ്ക്ക് പുതിയ യുക്തികൾ കടന്നുവന്നെരിക്കും; വിശേഷിച്ചും പ്രതികൂലസന്ധികളിൽ. അതാണിപ്പോൾ
പാർട്ടിയിലെ വർണഹിന്ദുക്കളിൽ ആവിഷ്‌കരിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നത്. മുസ്ലിങ്ങളുടെ ലീഗ്, കത്തോലിക്കരുടെ മാണി കോൺഗ്രസ്, സുറിയാനി ക്രിസ്ത്യാനികളുടെ എ-ഗ്രൂപ്പ്. ഈ മാപ്പിള-നസ്രാണി ശാക്തിക ചേരിയിൽ ചെന്നിത്തലയുടെ ഐ-ഗ്രൂപ്പിന് കറിവേപ്പിലത്തൂക്കം മാത്രം കാണുന്ന വർണഹിന്ദുതന്റേതായ രാഷ്ട്രീയയുക്തി അവലംബിക്കുന്നു – തനിക്ക്
പ്രകൃത്യാ കൂടുതൽ ചേരുന്ന ഹിന്ദുത്വക്യാമ്പിലേക്ക് ചേക്കേറുക.

എൻഎസ്എസ് വഴി ഇക്കൂട്ടരിലെ പ്രമുഖരായ നായന്മാരെ പിടിച്ചുനിർത്താമെന്ന പരമ്പരാഗത യുഡിഎഫ് യുക്തി ഇവിടെ അസ്ഥാനത്താണ്. കാരണം, ജനസംഖ്യയിൽ 8% വരുന്ന നായന്മാരിൽ കഷ്ടി ഒന്നര ശതമാനം മാത്രമാണ് കരയോഗം നായർ. മാത്രമല്ല, പെരുന്നയുടെ തീട്ടൂരങ്ങൾ ഇപ്പറഞ്ഞ ഒന്നരയ്ക്കപ്പുറം ചെലവാകുന്ന ജാതിയുമല്ല നായർ. യുഡിഎഫ് സമം ന്യൂനപക്ഷ മുന്നണി എന്ന പൊതു പ്രതിച്ഛായ മാറ്റിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഉമ്മൻചാണ്ടിയെ എഐസിസി വഴി ആന്ധ്രയ്ക്ക് റിക്രൂട്ട് ചെയ്ത ഹൈക്കമാൻഡ് നടപടി. അതിന് പാരവയ്ക്കുക കൂടിയാണ് ചാണ്ടി. അതോടെ മുന്നണി ലീഡർ എന്ന നിലയിൽ നിന്ന് കേവലമൊരു ഘടകകക്ഷിയായി പരിണമിക്കുകയായി, കോൺഗ്രസ്. താൻ കേരള
ത്തിന്റെ തലപ്പത്തില്ലെങ്കിൽ പാർട്ടിക്കും മൂപ്പൻസ്ഥാനമുണ്ടാവില്ലെന്നു വരുത്തുകയാണ് ചാണ്ടിയുടെ ചെയ്തിഫലം. തനിക്കുശേഷം പ്രളയം എന്ന കടൽക്കിഴവന്മാരുടെ പ്രകൃതവിശേഷം എഴുപതു കഴിഞ്ഞ ചാണ്ടി തുറന്നു പ്രകടിപ്പിക്കുന്നു. ഇത് 1970-കൾ തൊട്ട് ടിയാൻ നടത്തിവന്ന ഉൾപ്പാർട്ടിനീക്കങ്ങളുടെ യുക്തിസഹമായ പരിണതി മാത്രമാണ്. ആൾക്കൂട്ടങ്ങളെ താനെന്ന അധികാരത്തിലേക്ക് ആകർഷിച്ചു നിർത്തുന്ന പ്രത്യയശാസ്ര്തശൂന്യവും ജനാധിപത്യവിരുദ്ധവുമായ അധികാര രാഷ്ട്രീയത്തിന്റെ സ്വാഭാവികചേതം. ഉമ്മൻചാണ്ടിയുടെ കൊട്ടിഘോഷിക്കപ്പെടുന്ന ജനസമ്പർക്ക പരിപാടിയും ജനകീയ നേതാ പ്രതിച്ഛായയും ഈ
പ്രൈവറ്റ് ലിമിറ്റഡ് രാഷ്ട്രീയത്തിന്റെ കൊടിയടയാളമാണെന്നു തിരിച്ചറിയാനുള്ള രാഷ്ട്രീയവിവേകം കോൺഗ്രസുകാർക്കില്ലാതെ പോയി. പൊതുമാധ്യമങ്ങൾക്കാകട്ടെ അത്തരം സൂക്ഷ്മചിന്തയോ ആഴക്കാഴ്ചയോ തൊട്ടുതെറിച്ചിട്ടുമില്ല. ഈ സംഘടിത വകതിരി
വില്ലായ്മയുടെ ചേതം അനുഭവിക്കേണ്ടതോ – രാജ്യത്തെ മുത്തശ്ശിപ്പാർട്ടി. അതിന് അസ്തിത്വപരമായ വെല്ലുവിളി കലശലായ തുറുങ്കൻഘട്ടത്തിലാണ് ഈ കൂനിന്മേൽ കുരു എന്നതാണ് കൂടുതൽ പ്രസക്തം. അമാവാസിയിൽ ഞാഞ്ഞൂളിനും ഫണം വയ്ക്കുമെന്നി
രിക്കെ, പിന്നെ കുഞ്ഞൂഞ്ഞിനാണോ സംയമനമുണ്ടാവുക? ഒറ്റ ഞൊടിക്ക് ഹൈക്കമാൻഡിനെ ലോ-കമാൻഡും ഭംഗ്യന്തരേണ നോ കമാൻഡുമാക്കിയെടുത്തു.

കേരളത്തിലെ മുഖ്യപ്രതിയോഗി ഇവ്വിധം സ്വയം ജീർണിച്ച മാർക്‌സിസ്റ്റ് പാർട്ടിയുടെ നടപ്പുക്രിയകൾ നോക്കുക. യുഡിഎഫിനെ ന്യൂനപക്ഷതണ്ടിയായി മെലിയിച്ചെടുത്താൽ ഒട്ടുമിക്ക മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പു മത്സരം ത്രികോണമാവും.

അങ്ങനെ എതിർവോട്ട് നിഷ്പ്രയാസം ഭിന്നിപ്പിക്കാം. ഭിന്നിപ്പിച്ചു ജയിക്കുക, ഭരിക്കുക – അതാണ് മോഹപദം. ചെങ്ങന്നൂർജയത്തെ അതിന്റെ എമ്പിരിക്കൽ തെളിവായി കണക്കാക്കുകയാണിഷ്ടന്മാ
ർ. എല്ലാ മണ്ഡലവും ചെങ്ങന്നൂരല്ലെന്നും സാക്ഷാൽ ചെങ്ങന്നൂർ പോലും തനിയാവർത്തനം ചെയ്യില്ലെന്നുമുള്ള കഥ ഈ ആഗ്രഹചിന്താലഹരിയിൽ അവർ വിട്ടുകളയുന്നു. (ഉദാഹരണത്തിന്, യുഡിഎഫിന്റെയും ഇടതുപക്ഷത്തിന്റെയും സ്ഥാനാർത്ഥികൾ
ക്രിസ്ത്യാനികളാകുന്ന പക്ഷം ഇതേ ചെങ്ങന്നൂരിൽ ഇടതുപക്ഷത്തിന്റെ നില പരുങ്ങലിലാവും).
മറ്റൊന്ന്, പിണറായിസർക്കാരിന്റെ ഭരണരീതി. ഇക്കാര്യത്തിന്മേലുള്ള മാധ്യമവിചാരണ അധികപ്രസംഗത്തിന്റെ സീമകൾ പോലും കടന്ന് ഒരുമാതിരി പൂരപ്രബന്ധമായി മാറുന്നു എന്നത്
നേര്. നാലാംതൂണിന്റെ ഭരണഘടനാദൗത്യം എന്ത്, എങ്ങനെ, എത്രകണ്ട് ഇത്യാദിക്കുമേൽ വേണ്ടത്ര വകതിരിവില്ലാത്ത ബാലിസുഗ്രീവന്മാരുടെ കയ്യിലെ പൂമാലയാണ് ഇന്ന് ടെലിവിഷൻ നയിക്കുന്ന മുഖ്യധാരാ മാധ്യമവ്യവഹാരം. അച്ചടിമാധ്യമങ്ങൾ ചാനൽപ്പൂതിയിൽ നിന്ന് മോചനം നേടാൻ തുടങ്ങിയിരിക്കുന്നു എന്ന ആശ്വാസമുണ്ടെങ്കിലും രാഷ്ട്രീയവൃന്ദം ഇപ്പോഴും ചിന്താപരമായി ചാനലടിമകളായി തുടരുകയാണ്. ഈ വെടിവട്ടത്തിന് സൗകര്യ
പ്രദമായി ചമ്മാളിക്കാനുള്ള വൃത്താന്തവിഭവങ്ങൾ ഒരുക്കിക്കൊടുക്കുന്ന പണിയാണ് പിണറായി സർക്കാർ അറിഞ്ഞും അറിയാതെയും നിത്യേന എടുക്കുന്നത്. അസംബന്ധത്തിന്റെ അടുത്ത
എപ്പിസോഡ്.

ഒന്നാമത്, മുഖ്യമന്ത്രിയുടെ വിചിത്രമായ ഗ്രഹനില. സാധാരണഗതിയിൽ ഇടതുപക്ഷം ഭരിക്കുമ്പോൾ മന്ത്രിസഭയ്ക്കുമേൽ ഇടതുമുന്നണിയുടെ ഒരലിഖിത കടിഞ്ഞാണുണ്ടാവും. പ്രത്യേകിച്ചും, മാർക്‌സിസ്റ്റ് മന്ത്രിമാർക്കു മേൽ എകെജി സെന്ററിന്റെ പിടി.അതിന്റെ ജനായത്തപരമായ ശരിതെറ്റുകൾ എന്തുതന്നെയായാലും മുമ്പൊന്നും ഒരു മാർക്‌സിസ്റ്റ് മുഖ്യമന്ത്രിയും പാർട്ടിനേതൃത്വത്തിനു വിധേയനാകാതെ പ്രവർത്തിച്ച ചരിത്രമില്ല. വിജയന്റെ
കാര്യത്തിൽ ആ ചരിത്രം പിശകുന്നു. അസംബന്ധങ്ങളും അതിക്രമങ്ങളും കൊണ്ട് കഴിഞ്ഞ രണ്ടു കൊല്ലത്തെ ഭരണത്തിൽ ഏറ്റവുമധികം ആക്ഷേപം ക്ഷണിച്ചുവരുത്തിയ വകുപ്പാണ് ആഭ്യന്തരം. അതിന്റെ അമരക്കാരനായ മുഖ്യമന്ത്രിയെ ഒരൊറ്റ കേസിൽ പോലും ചോദ്യം ചെയ്യുന്ന നേതൃത്വമല്ല ഇപ്പോൾ പാർട്ടിക്കുള്ളത്. നിയമസഭയിൽപോലും അബദ്ധങ്ങളും എടുത്തുചാട്ടങ്ങളും വഴി ഈ മുഖ്യമന്ത്രി ഭരണപക്ഷത്തിനും സഭയ്ക്കുതന്നെയും അവമതി
യുണ്ടാക്കിയ സന്ദർഭങ്ങൾ പലതുണ്ട്. ബലാത്സംഗക്കേസിൽപ്പെട്ട നടൻ ദിലീപിനെ അന്വേഷണത്തുടക്കത്തിലേ കുറ്റമുക്തനാക്കിയ പ്രഖ്യാപനം തൊട്ട് സാമാജികർ എഴുതിക്കൊടുത്ത ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാതെ ഗുരുതരമായ സഭാനിന്ദ വരെ ഈ
പട്ടിക ഒട്ടും എളുതല്ല. സഭാചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ശീലമില്ലാത്ത ഒരാളല്ലേ ഇത് ചെയ്യുന്നതെന്നോർക്കണം. പാർട്ടിനേതൃത്വം അതിനൊക്കെ കണ്ണടച്ചുപിടിച്ചപ്പോൾ പാർട്ടിക്കാരൻ കൂടിയായ സ്പീക്കർക്ക് ഇതിനെതിരെ റൂളിംഗ് നൽകേണ്ടിവന്നു.

എന്നിട്ടും മുഖ്യമന്ത്രി എന്തെങ്കിലും പഠിച്ചതായല്ല തുടരനുഭവം. ആഭ്യന്തരവകുപ്പിന്റെ പ്രശ്‌നം മാധ്യമങ്ങൾ വിസ്തരിക്കുമ്പോലെ കേവലം പോലീസുകാരുടെ അക്രമങ്ങളും അത് നിയന്ത്രിക്കാൻ
കഴിയാത്ത ഒരു വകുപ്പുമന്ത്രിയും എന്ന ലളിതവായ്പല്ല. ഇനി മുഖ്യമന്ത്രിയും പാർട്ടിയും പറയുമ്പോലെ, ”ഒറ്റപ്പെട്ട” സംഭവങ്ങളും പോലീസിലെ ചില വ്യക്തികളുടെ സ്വഭാവദൂഷ്യവുമല്ല.

മുൻസർക്കാരുകളുടെ കാലത്തും കഥയിങ്ങനെയായിരുന്നു എന്ന ന്യായവാദവും അസംബന്ധമാണ്. കാരണം, ഇമ്മാതിരി പ്രശ്‌നങ്ങൾ അടിസ്ഥാനപരമായി പരിഹരിക്കുക എന്നതും സർക്കാരിന്റെ ഉത്തരവാദിത്തങ്ങളിൽപ്പെടുന്നു. നയിക്കുന്നത് ഇടതുപക്ഷമാവുമ്പോൾ വിശേഷിച്ചും. പോലീസിന്റെ കേസുകെട്ടിൽ ആധാരമായുള്ളത് പ്രധാനമായും പരസ്പരബന്ധിതമായ രണ്ടു ഘടകങ്ങളാണ്. ഒന്ന്, പോലീസ് എന്ന ഭരണകൂട ചട്ടുകത്തിന്റെ പ്രകൃതവും നാട്ടിലെ നിയമങ്ങളും. രണ്ട്, അമിതമായി മധ്യവർഗവത്കരിക്കപ്പെട്ട ഒരു പൊതുസമൂഹത്തിന്റെ പ്രകൃതവും സമീപനരീതിയും. ഒപ്പം, അതേ പ്രകൃതവും സെൻസിബിലിറ്റിയും പേറുന്ന മാധ്യമങ്ങളുടെ കാഴ്ചപ്പാടും.

പോലീസിംഗിന്റെ ഇന്നത്തെ ഇന്ത്യൻ രൂപം ഉടലെടുക്കുന്നത് കോളനിവാഴ്ചയിൽ സായ്പിന്റെ ആവശ്യങ്ങളിൽ നിന്നാണ്. വിഭവചൂഷണത്തിനെത്തിയ വിദേശിക്ക് നാടുകൾക്കുമേൽ സമ്പൂർ
ണാധിപത്യം വേണ്ടിയിരുന്നു. സ്വാഭാവികമായും അതിന് തദ്ദേശീയമായ ഒരിടനിലസംഘത്തെ വേണം. മൂന്ന് അടിസ്ഥാന തൂണുകൾക്കു മേൽ കെട്ടിപ്പൊക്കിയതായിരുന്നു ഈ പിണിയാൾപ്പട.
സിവിൽ സർവീസ്, പട്ടാളം, പോലീസ്. ഇതിൽ പോലീസിനെക്കൊണ്ട് ഉദ്ദേശിച്ചിരുന്നത്, നാട്ടുരാജ്യങ്ങൾക്കുമേൽ ബ്രിട്ടീഷ് രാജിന് സാംസ്‌കാരികാധിപത്യം ഉറപ്പിച്ചെടുക്കുക എന്നതാണ്.
പല നാട്ടുരാജ്യങ്ങളും ഇടയ്ക്കിടെ ബ്രിട്ടീഷുകാർക്കെതിരെ തിരിയും.

അതുകൊണ്ട് അവരെ പരസ്പരം തമ്മിൽ തല്ലിച്ച് തങ്ങൾക്കു നേരെയുള്ള ആക്രമണത്തിന്റെ ദിശയും മുനയും തെറ്റിക്കുക. അതാണ് കുപ്രസിദ്ധമായ ഭിന്നിച്ചു ഭരിക്കൽ നയം. ഈ നയ
ത്തിന്റെ നടത്തിപ്പു ചട്ടുകമായിട്ടാണ് പോലീസ് സേനയുടെ അവതരണം. ക്രമസമാധാനമുണ്ടാക്കുകയോ പാലിക്കുകയോ ആ സേനയുടെ ചുമതലയേ ആയിരുന്നില്ല. തമ്മിൽതല്ലിക്കലാണല്ലോ ഇംഗിതം. നാട്ടുപ്രമാണിയുടെ ചട്ടുകങ്ങളായി പ്രവർത്തിച്ചും ഏമാന്മാർ ടി കാര്യസ്ഥവും നടത്തി. കൂറ് യഥാർത്ഥ ഭരണകൂടമായ ബ്രിട്ടീഷുകാരോടു മാത്രം. കോളനി ഭരണക്കാരോട് നാട്ടാരിൽ ഭയം ജനിപ്പിക്കുക എന്നതാണ് അജണ്ടതന്നെ. സ്വാഭാവികമായും
സർവം തികഞ്ഞ ക്രിമിനലുകളുടെ സംഘമായി പോലീസ്. അവിടെയാണ് പോലീസീക്രമത്തിന്റെയും അഴിമതിയുടെയും നാന്ദി.

1948-ൽ ഈ മൃഗയാവിനോദക്കാരെ ഇന്ത്യൻ പോലീസ് ഫോഴ്‌സ് എന്ന പേരിൽ സ്വതന്ത്ര ഇന്ത്യ അതേപടി ഏറ്റെടുത്തു. അന്നേ സർദാർ പട്ടേൽ പറഞ്ഞു, ”പോയത് ബ്രിട്ടീഷുകാർ മാത്രമാണ്; അവരുടെ ദുഷ്ടുകൾ ഇവിടെ കിടക്കുന്നു”. അതേ ദുഷ്ട്പ ല രൂപഘടനകളിലായി തുടർന്നു. ഐസിഎസ് എന്ന ഗുമസ്തധ്വര സംഘം സിവിൽ സർവീസിൽ ഐഎഎസ് ആദിയായ ക്രിമി
ലെയറായി. പഴയ ഇംപീരിയൽ പോലീസ് പഴയ വ്യവസ്ഥകളുടെ പുതിയ പതിപ്പുകളിൽ സുഖമായി ഇന്ത്യൻ പോലീസായി. പരിഷ്‌കരണങ്ങൾക്കായുള്ള മുറവിളികൾ തലമുറതലമുറയായി ഉയർന്നുവന്നിട്ടും കാര്യമായ അടിസ്ഥാന മാറ്റമൊന്നും ഇന്നും ഈ
സേനയ്ക്കുമേൽ ഉണ്ടായിട്ടില്ല. എന്തിനേറെ, 1861-ലെ പോലീസ് ചട്ടം തന്നെയാണ് 21-ാം നൂറ്റാണ്ടിലും നമ്മുടെ പോലീസിന്റെ അടിസ്ഥാനപ്രമാണം. ഫലമോ? ചട്ടുകത്തിന്റെ കൂറും ആഭിമുഖ്യവും ഇന്നും ഭരണകൂടത്തോടു മാത്രം. ആ കൂറിന്റെ പരമ്പരാഗത ഫലമായ ക്രൂരതയും അഴിമതിയും അവരെ ഭരിക്കുന്നു. അതൊന്നും സ്ഥായിയായി മാറ്റിയെടുക്കാൻ നമ്മുടെ രാഷ്ട്രീയവൃന്ദത്തിന് താത്പര്യമില്ലെന്നതാണ് മറ്റൊരു വൈപരീത്യം. ജനാധിപത്യത്തിൽ പബ്ലിക്കാണ് റിപ്പബ്ലിക്കിന്റെ യജമാനനെന്നു ഭംഗിവാക്ക് പറയും. അധികാരത്തിലെത്തിയാൽപ്പിന്നെ ഏതു രാഷ്ട്രീയകക്ഷിയും തനി ഭരണകൂടമാകുന്നു. അധികാരത്തിന് അങ്ങനെയൊരു പ്രകൃതമുണ്ട്. അത് നുകരുന്നവരെയൊക്കെ ഭരണകൂടപ്രകൃതമുള്ളവരായി മാറ്റുകയല്ല, അവരിൽ അന്തർലീനമായ ഈ ആധിപത്യപ്രകൃതത്തെ വിരിയിച്ചെടുക്കുകയാണ്. ഇവിടെയാണ്
പാർട്ടിനേതൃത്വം തൊട്ട് ജുഡീഷ്യറിയും ജനായത്ത ഘടനകളും ചേർന്ന് അവരെ നിയന്ത്രിക്കേണ്ടത്. അഥവാ ഭരണകൂട പ്രകൃതത്തിൽ പൂണ്ടുപോകാതെ ജനാഭിമുഖ്യത്തിലേക്ക് വഴറ്റിയെടുക്കേണ്ടത്. അപ്പോൾപോലും ഭരണകൂടവ്യവസ്ഥിതി പ്രതിബന്ധമായി
പ്രവർത്തിക്കും. അത് പ്രതിജ്ഞാവാക്യം തൊട്ട് നിയമസംഹിതകളുടെ ബാലറ്റതികത്വം വരെ ചൂണ്ടിക്കാട്ടി അധികാരമേറിയ മനുഷ്യരെ ഭരണകൂടദാസന്മാരായി നിർത്താൻ ഈ വർഗം ഒന്നടങ്കം അദ്ധ്വാനിച്ചുകളയും.

ഉദാഹരണത്തിന്, തിരുവഞ്ചൂർ രാധാകൃഷ്ണൻ. മാന്യനും ജനതത്പരനും തരക്കേടില്ലാത്ത രാഷ്ട്രീയമിടുക്കുമുള്ള വ്യക്തിയാണ്. എന്നാൽ, എപ്പോഴൊക്കെ മന്ത്രിയായിട്ടുണ്ടോ അപ്പോഴൊക്കെ ടിയാൻ ഒന്നാംക്ലാസ് ഭരണകൂടമായി മാറും. ജനകീയപ്രശ്‌നങ്ങൾ ഉന്നയിക്കപ്പെട്ടയുടൻ വകുപ്പും റൂളും പറഞ്ഞ് ഭരണകൂടത്തെ സദാ ന്യായീകരിക്കും. ‘മികച്ച മന്ത്രി’എന്ന പട്ടമാണ് ഈ ജനവിരുദ്ധതയ്ക്ക് മാധ്യമങ്ങൾ ചാർത്തിക്കൊടുക്കാറ്. ഭരണസംഹിതയുടെ പക്ഷത്തുനിന്ന് നോക്കിയാൽ ടിയാന്റെ ന്യായവാദങ്ങളൊക്കെ ന്യായംതന്നെ. പ്രശ്‌നം, ടി കടലാസിനപ്പുറം വിശാലമായ കാൻവാസിൽ ജനായത്തരാഷ്ട്രീയം കാണുന്നില്ല എന്നതാണ്. അഥവാ ബുദ്ധിക്കും യുക്തിക്കുമപ്പുറമുള്ള വിവേകം എന്ന ചരക്ക് പാടേ അവശ്യം. ഈ വിവേകമാണ് പോലീസടക്കം പരമ്പരാഗത വ്യവസ്ഥിതികളെ ജനായത്ത വ്യവസ്ഥിതിയിലേക്ക് തർജമ ചെയ്യാൻ അവശ്യം വേണ്ട ഉപകരണം.

അത് സർവപ്രകാരേണയും മരവിപ്പിച്ചു വയ്ക്കുന്ന പണി ഭരണകൂടഘടകങ്ങൾ കാലാകാലം നിർവഹിച്ചുകൊണ്ടിരിക്കും. ജനാധിപത്യ രാഷ്ട്രീയക്കാർ അത് തിരിച്ചറിയുന്നില്ലെന്നു മാത്രമല്ല ആ തുരപ്പൻ പണിക്ക് സാഷ്ടാംഗം വീണുകൊടുക്കുകയും ചെയ്യുന്നു.

മികച്ച ഉദാഹരണം നമ്മുടെ പോലീസ് കംപ്ലയ്ന്റ് അതോറിറ്റി. രാഷ്ട്രീയാധികാരികൾ പോലീസിനെ പരിഷ്‌കരണമൊന്നും ഉണ്ടാക്കാതെ സ്വന്തം ചട്ടുകങ്ങളായി നിലനിർത്തിപ്പോരുമ്പോഴാണ് 2006-ൽ സുപ്രീംകോടതി ഇടപെടുന്നത്. പ്രകാശ് സിംഗ് ്‌ല
യൂണിയൻ ഓഫ് ഇന്ത്യ കേസിൽ കോടതി ഏഴു സെറ്റ് ഉത്തരവുകൾ നൽകി. അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ പ്രധാനമായും രണ്ടായിരുന്നു. ഒന്ന്, പോലീസിന്റെ പ്രവർത്തനവും ചുമതലാബോധവും മെച്ചപ്പെടുത്താൻ വേണ്ടി സ്ഥലംമാറ്റം തൊട്ട് സ്ഥാനക്കയറ്റവും നിയമനവും വരെയുള്ള കാര്യങ്ങളിൽ വ്യക്തമായ മാനദണ്ഡകല്പന. രണ്ട്, പോലീസിന്റെ പെരുമാറ്റവും പ്രവൃത്തിയും ജനായത്തപരമാക്കാൻ സർക്കാരിനും പോലീസിനുമിടയിൽ ഒരു പുതിയ
സ്ഥാപനമുണ്ടാക്കുക. എന്നുവച്ചാൽ പോലീസിനെ നിരീക്ഷിക്കാനും വേണ്ട നടപടിയെടുക്കാനും പ്രാപ്തിയുള്ളഒരു മറുഘടന.

ഇതു രണ്ടും ചെയ്യാൻ കോടതി സമയപരിധി വച്ചു. പല സംസ്ഥാനങ്ങളുടെയും എതിർപ്പും അവതാ പറച്ചിലും ഏശിയില്ല; കോടതി നിബന്ധനയിലുറച്ചുനിന്നു. കോടിയേരി ബാലകൃഷ്ണനാണ് അന്ന് കേരളത്തിന്റെ ആഭ്യന്തരമന്ത്രി. പോലീസിനെ ജനായത്ത
പരമാക്കാൻ ഒരിടതുപക്ഷക്കാരനെ സംബന്ധിച്ച് ഇതില്പരമൊരു സുവർണാവസരമില്ല. എന്നിട്ടോ?
പരിഷ്‌കരണ ഉത്തരവു നടപ്പാക്കഫാൻ വേണ്ടി രൂപരേഖയുണ്ടാക്കാൻ മന്ത്രി കണ്ടെത്തിയ പുമാന്റെ പേര് ജേക്കബ് പുന്നൂസ്.

അന്ന് ടിയാൻ ഡിജിപി. അതിനുമുമ്പ് ഏഴ് കൊല്ലമായി ഇടതു-വലത് സർക്കാരുകളുടെ ഇന്റലിജൻസ് മേധാവി. (അത്രയ്ക്കാണ് മെയ്‌വഴക്കം!) പോലീസിന് മൂക്കുകയറിടാൻ കണ്ടെത്തിയത് ഒരു പോലീസുകാരനെ. ഫലം: കോടതിവിവക്ഷയെ ഇസ്‌പേഡാ
ക്കുന്ന കംപ്ലയ്ന്റ് അതോറിറ്റി സെറ്റപ്പ്. ഒരൊറ്റ പോലീസുകാരനെയും നേരെയാക്കാൻ ത്രാണിയില്ലെന്നു മാത്രമല്ല, പോലീസുകാർക്കുതന്നെ ചിരി വരുത്തുന്ന ഒരു കടലാസുപുലി. ഇങ്ങനെയാണ് പുന്നൂസേമാൻ കോടിയേരിസഖാവിനെ ഓച്ചനാക്കിയത്.
അതുവഴി പൗരാവലിയെയും.

ഇനി നിയമങ്ങളുടെ കഥ – ക്രിമിനൽ നടപടിച്ചട്ടവും പിൻകോഡും. രണ്ടും സ്വന്തം ആവശ്യപ്രകാരം ബ്രിട്ടീഷ്‌രാജ് ചുട്ടെടുത്ത ഉരുപ്പടികൾ. അവയ്ക്ക് പിൽക്കാലത്തുണ്ടാക്കിയ ദേദഗതികളും കൂട്ടി ച്ചേർക്കലുപോലും ടി നിയമസംഹിതകളെ അവയുടെ സ്ഥായീപ്രകൃതത്തിൽ ഊട്ടിയുറപ്പിക്കാനുള്ളതാണ്. എന്നുവച്ചാൽ ഭരണകൂടത്തിനു പുഷ്ടിബലമുണ്ടാക്കാൻ. ചട്ടുകങ്ങൾ സ്വാഭാവികമായും ഇവയുടെ നടത്തിപ്പിൽ അഥവാ ഭരണകൂടത്തിന്റെ ആവശ്യം നിവർത്തിക്കലിൽ വിശേഷവിരുദ്ധരാകും. നിയമത്തെ അതിന്റെ സത്തയിലും മാറ്റിലും പ്രയോഗിക്കണമെന്ന് സകലരും ഭംഗി വാക്കു പറയും. പ്രയോഗത്തിൽ കഥ മറിച്ചാണ് – വകുപ്പും ഞായവും. നാരിഴ കീറിയ സാങ്കേതികത്വം കിരീടം വയ്ക്കുന്ന പ്രയോഗമാണ് മിക്കവാറും. ഈ വ്യാഖ്യാനവിരുത് ഒരു മഹാസാമർത്ഥ്യമാണെന്ന മട്ടിലാണ് വ്യവഹാരികളും പോലീസുകാരും ജനപ്രതിനിധികളും വരെ കൊണ്ടുനടക്കുന്നത്. വക്രതയെ വിവേകമായി കാണുന്ന പരമ്പരാഗത പ്രവണത അഭംഗുരം പുലരുന്നു എന്നു ചുരുക്കം.

ജനാധിപത്യത്തിൽ മേല്പറഞ്ഞ ഭരണകൂട ഉപാധികളെല്ലാം അസ്ഥാനത്താണെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ. പ്രശ്‌നവും അവിടെത്തന്നെയാണ്. ‘പ്രത്യേകിച്ച്’ പറയേണ്ടാത്തതുകൊണ്ട്
ആരും അത് വിളിച്ചുപറയുന്നില്ല. കമാന്ന് ഉരിയാടാതെ ഈ ആസ്ഥാന പ്രതിഷ്ഠകളെയങ്ങ് ചുമക്കുകയാണ്. ജനതയ്ക്കു വേണ്ടി യാണിവ എന്ന മട്ടിലാണ് പ്രചരണം. സത്യത്തിൽ, കോളനിവത്കരണത്തിന്റെ നവീന പതിപ്പു മാത്രമാണ് നടപ്പു ജനാധിപത്യം എന്ന നേര് ഈ വായ്ത്താരിയിൽ മുക്കിക്കളയുകയാണ്. നാമമാത്രമാണ് ജനങ്ങൾക്ക് അധികാരം.

ഭരണകൂടത്തിന്റെ സന്നാഹങ്ങളും പ്രയോഗവും പഴയപടി. ഡ്രൈവിങ് സീറ്റിൽ ആളു മാറി
യെന്നു വച്ച് ശകടം മാറുമോ? ഈ അസംബന്ധങ്ങൾക്ക് കുട ചൂടിക്കൊടുക്കുന്ന ഘടകമാണ്
ജനതയുടെ മധ്യവർഗവത്കരണം. കേരളം പോലെ 90% പൗരന്മാരും മധ്യവർഗപ്പെട്ടിരിക്കുന്ന ഒരിടത്ത്, പ്രാമാണിക വ്യവഹാരങ്ങൾ മധ്യവർഗ മനോഭാവത്തിന്റെ ഉല്പന്നങ്ങളാണ്. രാഷ്ട്രീയം
തൊട്ട് സാമ്പത്തിക ചിന്ത വരെ, സാഹിത്യം തൊട്ട് സിനിമ വരെ ഏതു മണ്ഡലത്തിലും ഈ മനോഭാവത്തിന്റെ പച്ചയായ ആധിപത്യമാണ്. തെറ്റ്-ശരി, കുറ്റം-ശിക്ഷ, നന്മ-തിന്മ, സദാചാരം-ദുരാചാരം എന്നിങ്ങനെ കേവലമായ ദ്വന്ദ്വങ്ങൾ വച്ചുള്ള വിധിയെഴുത്താണിതിന്റെ രീതി. ഈ മധ്യവർഗ മനോഭാവത്തിന്റെ ചട്ടുകമാണ് മുഖ്യധാരാ മാധ്യമങ്ങൾ. അതിന്റെ ധാർമികക്കുരയാണ് ചാനൽബെൽറ്റിട്ട് കാവൽനായ്ക്കൾ നിത്യവും കുരയ്ക്കുന്നത്. ചിരിച്ചു മണ്ണു കപ്പിപ്പോവും, ഈ കുരയുടെ അന്തസ്സാരശൂന്യത കണ്ടാൽ, വൈരുദ്ധ്യാത്മകത കേട്ടാൽ.

ഉദാഹരണമായി, ആലുവയിൽ പോലീസുകാർ തല്ലിയ മുസ്ലിം യുവാവിന്റെ കഥ. ടിയാൻ എഴുന്നള്ളിച്ചപോലെയല്ല കഥയെന്നും, ആളത്ര നല്ലനടപ്പുകാരനല്ലെന്നും വേഗംതന്നെ വ്യക്തമായി. ആലുവയിൽ ഈ മർദനത്തിൽ പ്രതിഷേധിച്ചത് തീവ്രവാദ ബന്ധമുള്ളവരാണെന്ന് ആഭ്യന്തരമന്ത്രി പറയുന്നു. ഉടനെ വരുന്നു ചാനൽഗർജനം: ”നൊയമ്പുകാലേ പിണറായി മുസ്ലിങ്ങളെ വേട്ടയാടുന്നു”.

മധ്യവർഗവത്കരണം സംഭവിച്ച സമൂഹത്തിൽ മാധ്യമങ്ങൾ ഇങ്ങനെയായില്ലെങ്കിലേ അതിശയിക്കേണ്ടൂ. അവയുടെ അസംബന്ധ യുക്തികൾ പക്ഷെ അന്തർലീനമായ പ്രകൃതവിശേഷം അനാവരണം ചെയ്യുന്നു എന്നൊരു ഗുണം കൂടിയുണ്ട്. ഉദാഹരണമായി കോട്ടയത്തെ കെവിൻ കൊലക്കേസ്. കാമുകനെ പെണ്ണിന്റെ കുടുംബക്കാർ കൊല്ലുന്നതു കണ്ടതും മാധ്യമങ്ങൾ ഊന്നാൻ കണ്ടെത്തിയ വടിയുടെ പേര് പ്രണയം. മധ്യവർഗ മതേതരത്വത്തിന്റെ പ്രിയബിംബം. ഇവിടെ ബന്ധപ്പെട്ട പെൺകുട്ടിതന്നെ പറയുന്നു, ജാതിയും പണവുമാണ് പ്രശ്‌നമെന്ന്. ഇന്ത്യയിൽ സാമ്പത്തികാന്തരം എന്നത് സാങ്കേതികമൂലധനമായ ജാതിമതാധിപത്യങ്ങളുടെ വിത്തുകൂടിയാണ്. അഥവാ സ്വത്തുവിതരണത്തിന്റെയും സാമ്പത്തികാവസരങ്ങളുടെയും പ്രാകൃതാവസ്ഥയ്ക്കുള്ള പ്രാഥമിക കാരണം ഈ ‘സാംസ്‌കാരികത’യാണ്.അപ്പോൾ കെവിന്റെ ജീവനെടുത്തതത് ഈ സാമൂഹികഭീകരതയാണെന്നു സാരം. എന്നാൽ, അതിന്മേലുള്ള ഒരു ചർച്ചയ്ക്കും തയ്യാറല്ല നമ്മുടെ വൃത്താന്തമുതലാളിമാർ. അമ്മാതിരി മർമങ്ങളിൽ തൊടാതെ തൊലിപ്പുറത്തെ കമ്പക്കെട്ടിനാണ് സൗകര്യപ്രദം.

ചുരുക്കിയാൽ, പഴയ സുരേഷ്‌ഗോപിപ്പടം പോലായിട്ടുണ്ട് മാധ്യമവിചാരണ. ഈ പൈങ്കിളി സോദ്ദേശ്യ സാഹിത്യ പരിവട്ടത്ത് ജനാധിപത്യം എന്നത് ഭരണകൂടത്തിന് ആകാശവെടിയും പുകമറയുമാണ്. പൗരാവലിക്കോ – ആനമയിലൊട്ടകം. ഒന്നിന്റെയും കാതലിലേക്ക് കടക്കാൻ കണ്ണുറപ്പില്ലാത്ത മാധ്യമങ്ങൾ പഴയ ആനക്കഥയിലെ കുരുടന്മാരുടെ റോൾ നടിച്ചു ഞെളിയുന്നു. അവർ നെറ്റിപ്പട്ടം കെട്ടിക്കൊടുത്ത കുഴിയാനകൾ രാഷ്ട്രീയേതര യുക്തികൊണ്ട് കാര്യലാഭം കൊയ്യുന്നു. അതാണ് കേരളത്തിനു പറ്റിയ രാഷ്ട്രീയയുക്തി എന്ന് ആവർത്തിച്ചുതെളിയിച്ചുകൊണ്ട്. അഥവാ, ഇതാണ് കേരളീയരുടെ യഥാർത്ഥ രാഷ്ട്രീയജീവിതം.