പി.ആർ. സതീഷിന്റെ ചിത്രങ്ങൾ: ജൈവസ്പന്ദനങ്ങളുടെ ഗാഥ

ദേവൻ മടങ്ങർളി

(പി.ആർ. സതീഷിന്റെ ചിത്രങ്ങളിലൂടെ ഒരു യാത്ര)

‘പെരുവഴി കൺമുന്നിലിരിക്കേ
പുതുവഴി നീ വെട്ടുന്നാകിൽ
പലതുണ്ടേ ദുരിതങ്ങൾ
വഴി വെട്ടാൻ പോകുന്നവനോ
പല നോമ്പുകൾ നോൽക്കേണം
പല കാലം തപസ്സു ചെയ്ത്
പല പീഡകളേൽക്കേണം’

സതീഷിന്റെ ചിത്രജീവിതത്തെ കുറിച്ച് അറിഞ്ഞപ്പേൾ എനിക്കാദ്യം ഓർമവന്നത് എൻ.എൻ. കക്കാടിന്റെ ‘വഴി വെട്ടുന്നവരോട്’ എന്ന കവിതയിലെ ഈ ഭാഗമാണ്. ദുരിതങ്ങളും പീഡനങ്ങളുമേറ്റുവാങ്ങി ഒരു പുതിയ വഴി വെട്ടിത്തന്നെയാണ് സതീഷിന്റെ
ചിത്രങ്ങളുടെ വരവ്. പ്രകൃതിയിലുള്ള രൂപഘടനാപരിധികളെ ലംഘിച്ചുകൊണ്ട്, തന്റേതായ ചില അന്വേഷണ കുതൂഹലത്തോടെ
ചിത്രീകരണപ്രതലത്തിൽ അനവധി ബിംബങ്ങളുടെ ഒരു സംഘാതത്തെ അണിനിരത്തിക്കൊണ്ട് സതീഷ്, തന്റെ ചിത്രങ്ങളിലൂടെ
ഒരു പുതിയ ഗാഥ രചിച്ചു കൊണ്ടിരിക്കുന്നു.

1970-ൽ ഇടുക്കി ജില്ലയിലെ മൂന്നാറിനടുത്തുള്ള ബൈസൺ വാലിയിലെ ഒരു കുടിയേറ്റ കർഷക കുടുംബത്തിലാണ് സതീഷ്
ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസമെല്ലാം നാട്ടിൽത്തന്നെയായിരുന്നു. സതീഷിന്റെ അച്ഛന് ചെറിയ തോതിൽ വരയും എഴുത്തും
നാടകപ്രവർത്തനങ്ങളും ഉണ്ടായിരുന്നു. സ്‌കൂൾ പഠനകാലത്ത് ചില്ലറ വരകളും മരത്തടിയിൽ കൊത്തുപണികളും ചെയ്യുവാൻ
സതീഷിനെ അച്ഛന്റെ സാമീപ്യം സഹായിച്ചിട്ടുണ്ടാകാം. അതാണ് പിന്നീട് തിരുവനന്തപുരത്തെ കോളേജ് ഓഫ് ഫൈൻ ആർട്ടിൽ
ചേരുവാൻ പ്രചോദനമായത്. 1994-ൽ അവിടെ നിന്നു ബിരുദം പൂർത്തിയാക്കിയതിനു ശേഷം ചെന്നൈയിലും അഹമ്മദാബാദി
ലും സ്‌കോളർഷിപ്പ് പ്രൊജക്റ്റുകളുമായി കുറച്ചു നാൾ ചെലവഴിച്ചു. പിന്നീട് ബാംഗ്ലൂരിലേക്ക് വന്നുവെങ്കിലും നഗരജീവിതത്തി
രക്കുകളോട് താദാത്മ്യം പ്രാപിക്കുവാൻ സാധിക്കാതെ വന്നതിനാലും നിലനില്പിന്റെ പ്രശ്‌നങ്ങളാലും സതീഷ് തന്റെ കുടിയേറ്റ
ഗ്രാമത്തിലേക്കുതന്നെ വീണ്ടും ചേക്കേറി. കുറച്ചു കാലം ഒരു കൃഷിക്കാരനായി മാറിയ സതീഷ് ആ കാലമെല്ലാം തന്നെ വിട്ടുപിരി
യാതിരിക്കുന്ന ചിത്രവരകളെ കൂട്ടുപിടിക്കുകയും ചെയ്തു. ഒരു കുടിയേറ്റ കർഷകന്റെ അനുഭവ ലോകത്തിലേക്ക് ആഴ്ന്നിറങ്ങി
യ സതീഷ് തന്റെ അതിജീവനത്തിനായുള്ള അദ്ധ്വാനത്തിന്റെ കൂടെ ഒരു പുതിയ ചിത്രീകരണ ശൈലിയിലേക്കെത്തി. അതിനു സതീഷിനെ സഹായിച്ചത് അനവധി വെട്ടും തിരുത്തും ചെയ്തു കൊണ്ട് ചെയ്തു തീർത്ത രേഖാചിത്രങ്ങളുടെ കരുത്തായിരുന്നു. ഒരു
കാലത്ത് നഗരകേന്ദ്രിതമായ കലയുടെ മുഖ്യധാരയിൽ നിന്നും ദൂരം പാലിച്ച് നിൽക്കുവാൻ കാണിച്ച ധൈര്യം പിന്നീട് നഗരത്തി
ന്റെ ഭാഗമാകാനും കാണിക്കുന്നുണ്ട്. 2018-2019 ലെ കൊച്ചി-മുസിരിസ് ബിനാലെയാണ് സതീഷിനെ നഗരത്തിലേക്ക് വിളിച്ചത്.
പിന്നീട് അതിന്റെ ഭാഗമായി തന്റെ പുതിയ ചിത്രങ്ങൾ അവിടെ പ്രദർശിപ്പിച്ചു. മൂന്നാറിലെ മലയോര ജീവിതവും കോട്ടയത്തെ കുടുംബ ജീവിതവും കൊച്ചിയിലെ കലാജീവിതവും ചേർന്നതാണ് സതീഷിന്റെ ഇന്ന്.

ടി. പത്മനാഭന്റെ ഒരു കഥയിലെ വാക്യത്തിലൂടെ നമുക്ക് സതീഷിന്റെ ചിത്രങ്ങളിലേക്കൊന്നു കടക്കാം. ‘മനസ്സിന്റെ ദൂരസ്ഥവും അപ്രാപ്യവുമായ ഒരു കൊച്ചു ദ്വീപിൽ അയാൾ തനിച്ചിരുന്നു’. ഇങ്ങിനെയൊരു ദ്വീപ് കുടിയേറ്റഗ്രാമത്തിലുണ്ടാക്കി അതിലിരുന്ന്
തന്റെ അനുഭവങ്ങളുടെ ഗാഥ രചിക്കുകയാണ് ചിത്രകാരൻ. കല ഒരു നേർരേഖ ആണെന്നു പറഞ്ഞാൽ തെറ്റില്ലെന്നു തോന്നുന്നു. ഇടയ്ക്കിടെ മുറിയാറുണ്ടെങ്കിൽ പോലും. സതീഷിന്റെ കലാപ്രവർത്തനവും അങ്ങിനെയാണെന്ന് നിരീക്ഷിക്കുന്നതിൽ തെറ്റില്ല. കാരണം, ഇടയ്‌ക്കെല്ലാം സതീഷ് പിന്മാറാറുണ്ടു്. ഈ പിൻമാറ്റങ്ങൾ പിന്നീട് വലിയൊരു ഊർജപ്രവാഹമായി ചിത്രങ്ങളിലൂടെ പുറത്തുവരുന്നുണ്ട്. സ്വന്തം ജീവിതാനുഭവങ്ങളും പ്രകൃതിയുമായി ചേർന്ന പാരസ്പര്യത്തിന്റേയും ഉൾക്കാഴ്ചകളാണ് സതീഷിന്റെ ചിത്രങ്ങളിൽ നമ്മൾ കാണുന്നത്. അതിൽ കാടിന്റെ വന്യതയുണ്ട്. മനുഷ്യരും, മൃഗങ്ങളും, പക്ഷികളും, വൃക്ഷങ്ങളും, പറഞ്ഞറിയിക്കുവാൻ പറ്റാത്ത അനേകം ബിംബങ്ങളുമുണ്ട്, ചി
ത്രത്തിൽ. കൂടെ ആകാശത്തിന്റെ ശകലങ്ങളുമുണ്ട്. കറുത്ത രേഖകളിലൂടെയും നിരവധി വർണത്തേപ്പുകളിലൂടെയും കാഴ്ചക്കാരനെ വശീകരിക്കുന്ന ചിത്രരചനാരീതിയാണ് സതീഷിന്റേത്. രേഖാചിത്രരചനയിലുള്ള നൈപുണ്യം അല്ലെങ്കിൽ തഴക്കം വർണ
ചിത്രങ്ങൾ അതീവരസകരമായി ചെയ്യുവാൻ സതീഷിനെ സഹായിക്കുന്നുണ്ട്. ചിത്രങ്ങളിൽ പല കേന്ദ്രരൂപങ്ങളുണ്ട്. നമ്മുടെ ശ്രദ്ധയെ അവിടേക്കെല്ലാം ക്ഷണിക്കുന്നുമുണ്ട്. ഈ രൂപങ്ങളെല്ലാം ചേർന്ന് പരസ്പരം തിങ്ങി ചേർന്നുണ്ടാകുന്ന സംഘാതങ്ങളുടെ
ഗാഥയാണ് ചിത്രങ്ങളെന്ന് പറയാം. അവയ്ക്കിടയിലെ ചില ശൂന്യസ്ഥലങ്ങൾ ചിത്രങ്ങൾക്ക് ആഴത്തിന്റേയും പരിധിയുടേയും സൂ
ചനകൾ നൽകുന്നുണ്ട്. അതിനു വേണ്ടിയെന്നോണം നീല നിറത്തിന്റെ ചായത്തേപ്പുകൾ ചെയ്തിരിക്കുന്നതായി കാണാം. ദ്വി
മാന ആവിഷ്‌കാരമാണെന്ന് തോന്നുമെങ്കിലും ഈ നീല നിറത്തിന്റെ പ്രയോഗസവിശേഷത കാരണം ചിത്രങ്ങൾക്ക് ഒരു ത്രിമാന
സൂചന കിട്ടിയിട്ടുണ്ട്.

സതീഷിന്റെ ചിത്രങ്ങളെല്ലാം അവ്യവസ്ഥകളുടെ ചിത്രങ്ങളാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. രൂപഘടനാപരിധികളെ മുഴുവൻ നിരാകരിച്ചുകൊണ്ടുള്ള ശൈലിയാണെന്ന് മുന്നേ സൂചിപ്പിച്ചിരുന്നുവല്ലോ. കുടിയേറ്റ കൃഷിക്കാരനായുള്ള ജീവിതമായി
രിക്കാം, പ്രത്യേകിച്ചും പ്രകൃതിയുമായുള്ള മൽപിടിത്തത്തിന്റെ അനുഭവങ്ങളായിരിക്കാം ഈ രീതിയിൽ ചിത്രങ്ങൾ ചെയ്യുവാനുള്ള ധൈര്യം സതീഷിന് കൊടുത്തത്. ചിത്രങ്ങളിൽ ചില മാസ്റ്റേഴ്‌സിന്റെ സ്വാധീനങ്ങൾ കാണുന്നുണ്ട്. പക്ഷേ അതിന്റെ വി
ശദീകരണങ്ങളിലേക്കൊന്നും ഞാനിപ്പോൾ കടക്കുന്നില്ല. കാരണം, അത്തരം സ്വാധീനങ്ങളാണ് ഒരു പരിധി വരെ ചിത്രകാരന്മാരെ പരുവപ്പെടുത്തുന്നതെന്ന് പറയുവാൻ ഞാനാഗ്രഹിക്കുന്നു.

ചിത്രങ്ങളിൽ വരുന്ന ചില രൂപങ്ങൾ, മനുഷ്യരുടേതായാലും മൃഗങ്ങളുടേതായാലും പകുതി വരച്ചുപേക്ഷിക്കപ്പെട്ട നിലയിൽ കാണാം. അതിനു തുടർച്ചകളായി അനവധി മറ്റു ബിംബങ്ങളാൽ സമൃദ്ധമാണ് ചിത്ര പ്രതലം. നിബിഡമായ വനത്തിനുള്ളിൽ നിന്ന് തല നീട്ടുന്ന പോലുള്ള രൂപങ്ങൾ. മനുഷ്യരും മൃഗങ്ങളും പ്രകൃതിയും കൂടി ചേർന്ന ഒരു പാരസ്പര്യത്തിലൂടെ രൂപഘടനയുടെ നിയതയുക്തിയെ സതീഷ് നിരാകരിക്കുന്നു. ബാധ്യതകളേതുമില്ലാതെ നിർഭയം തന്റെ ചിത്രീകരണപ്രതലത്തിലേക്ക് സതീഷ് ആഴ്ന്നിറങ്ങുന്നു. പലവിധ അർത്ഥതലങ്ങളാൽ സമ്പുഷ്ടമാണീ
ചിത്രങ്ങൾ. ഒരു മിസ്റ്ററി – നിഗൂഢത – തന്റെ ചിത്രങ്ങൾക്കു ചുറ്റും സതീഷ് നിക്ഷേപിക്കുന്നുണ്ട്. ആ നിഗൂഢതയ്ക്ക് ഒരു ഭംഗി
യുണ്ട്. അതിലൂടെ നടന്നിറങ്ങി വരുമ്പോൾ അത് നമ്മോട് സംവദിക്കുവാൻ തുടങ്ങുന്നു

ടി. പത്മനാഭന്റെ ‘വനസ്ഥലി’ എന്ന കഥയിലെ ഒരു വാചകമെടുത്ത് ഞാനെന്റെ ഈ എഴുത്ത് ഉപസംഹരിക്കട്ടെ: ‘ആ വനസ്ഥലിയിലെ പരിചിതവും അപരിചിതവുമായ വഴികളിലൂടെ ഏറെ നേരം ഞാൻ പിന്നെയും അലഞ്ഞു നടന്നു’.