വി കെ ജോസഫ്: രാജേഷ് കെ എരുമേലി/ രാജേഷ് ചിറപ്പാട്

രാജേഷ് കെ എരുമേലി

മലയാള ചലച്ചിത്ര നിരൂപണരംഗത്ത് മൗലികമായ കാഴ്ചപ്പാടുകൾ അവതരിപ്പിച്ച എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമാണ് വി കെ ജോസഫ്. ഈ മേഖലയിൽ ശ്രദ്ധേയമായ നിരവധി കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ദേശീയ പുരസ്‌കാരങ്ങൾ ഉൾപെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരികയും നല്ല ചലച്ചിത്രങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുവാൻ പരിശ്രമിക്കുകയും ചെയ്യുന്ന ഒരാൾ. സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള കേരള ചലച്ചിത്ര അക്കാദമി രൂപീകരിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിക്കുകയും അക്കാദമിയുടെ വൈസ് ചെയർമാനായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ചലച്ചിത്രനിരൂപകരുടെ അന്താരാഷ്ട്രസംഘടനയായ ‘ഫിപ്രസി’യുടെ ഇന്ത്യൻ ചാപ്റ്റർ പ്രസിഡന്റായും കേരളചലച്ചിത്ര അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമായും പ്രവർത്തിച്ചുവരുന്ന വി കെ. ജോസഫ് തന്റെ ചലച്ചിത്ര നിരൂപണ പദ്ധതികളെക്കുറിച്ചും സാംസ്‌കാരിക ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു.

ചലച്ചിത്ര പ്രവർത്തനത്തിലേക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു?
ആദ്യകാലത്ത് കണ്ണൂരിലായിരുന്നപ്പോൾ സിനിമ കാണാനുള്ള സൗകര്യം അങ്ങനെ ഉണ്ടായിരുന്നില്ല. ഇരിട്ടിയിലാണ് ആകെ
ഒരു തിയേറ്റർ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ വളരെ അപൂർവമായി മാത്രമേ സിനിമ കണ്ടിരുന്നുള്ളൂ. 1972ൽ തിരുവനന്തപുരത്ത് ഐ എസ് ആർ ഒ യിൽ ജോലിക്ക് ചേർന്നതോടെയാണ് സിനിമകൾ ധാരാളമായി കണ്ട് തുടങ്ങുന്നത്. അവിടുത്തെ
ട്രേഡ് യൂണിയൻ പ്രവർത്തനത്തിൽ സജീവമായിരുന്നു. അതോടൊപ്പം തന്നെ സാംസ്‌കാരിക പ്രവർത്തനങ്ങളിലും സജീവമായി.
ചിത്രലേഖ ഫിലിം സൊസൈറ്റിയിലൂടെ നിരവധി സിനിമകൾ കണ്ടു. ഇങ്ങനെയാണ് വ്യത്യസ്തമായ സിനിമകൾ ഉണ്ടെന്നുള്ള
കാര്യം മനസ്സിലാക്കുന്നത്. ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെയാണ് രാഷ്ട്രീയമായ ഒരു ഉൾക്കാഴ്ച ലഭിക്കുന്നത്. എന്റേ
ത് ഒരു കോൺഗ്രസ്സ് കുടുംബമായിരുന്നു. അത്തരം ഒരു പാരമ്പര്യത്തിലാണ് ജനിച്ചുവളർന്നത്. അക്കാലത്ത് ധാരാളം വായിക്കുമായിരുന്നെങ്കിലും എഴുത്തിലേക്ക് കടന്നിരുന്നില്ല.

സിനിമ കാണുന്നതും അതിനെക്കുറിച്ച് എഴുതുന്നതും വ്യത്യസ്തമായ അനുഭവമായിരിക്കുമല്ലോ? ഫിലിം സൊസൈറ്റികളിലൂടെ നിരവധി സിനിമകൾ പരിചയപ്പെടുന്നുണ്ടെങ്കിലും അതിനെ ക്കുറിച്ചുള്ള എഴുത്ത് ആരംഭിക്കുന്നത് എപ്പോഴായിരുന്നു?

സിനിമയെക്കുറിച്ച് ഗൗരവമായി എഴുതിത്തുടങ്ങുന്നത് പി ഗോവിന്ദപ്പിള്ള പറഞ്ഞിട്ടാണ്. പി ജി ഇത് പറയാൻ കാരണം
കടമ്മിനട്ടയെക്കുറിച്ച് പി നാരായണൻ ഒരു ലേഖനം എഴുതി. കടമ്മനിട്ട വളരെ പ്രതിലോമകാരിയും വിപ്ലവവിരുദ്ധകവിയുമാണെന്നുമായിരുന്നു അദ്ദേഹം ആ ലേഖനത്തിൽ സമർത്ഥിക്കാൻ ശ്രമിച്ചത്. രണ്ട് ലക്കങ്ങളിലായാണ് ഇത് പ്രസിദ്ധീകരിച്ചുവന്നത്. ഇത് വലിയ കോളിളക്കമുണ്ടാക്കുകയും ചെയ്തു. ഇതിനു മുമ്പ് ദേശാഭിമാനിയുടെ അന്നത്തെ പത്രാധിപരായിരുന്ന തായാട്ട് ശങ്കരൻ അയ്യപ്പപ്പണിക്കരെ വിമർശിച്ച് ഒരു ലേഖനം എഴുതിയിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് പി നാരായണന്റെ ലേഖനം വരുന്നത്. ഈ ലേഖനം എനിക്ക് വളരെ അസ്വസ്ഥതയുണ്ടാക്കി. എന്തൊക്കെ വിമർശനങ്ങൾ ഉള്ളപ്പോളും കടമ്മനിട്ടയെ വിപ്ലവ വിരുദ്ധനായോ കമ്യൂണിസ്റ്റ് വിരുദ്ധനായോ കാണാൻ കഴിയില്ല. പിനാരായണന്റെ ലേഖനം മാർക്‌സിസ്റ്റ് വിരുദ്ധമാണെന്നും ഇതിനോട് വിയോജിപ്പുള്ളവർ നിരവധി ഉണ്ടെന്നും കാണിച്ചുകൊണ്ട് കെതായാട്ടിന് ഞനൊരു കത്തെഴുതി. ദേശാഭിമാനിയിൽ ഇത്തരം ലേഖനങ്ങൾ വരുമ്പോൾ അത് മാർക്‌സിസ്റ്റ് നിലപാടായി തെറ്റിദ്ധരിക്കാനിടയുള്ളതുകൊണ്ടാണ് ഞാനങ്ങനെ ഒരു കത്തെഴുതുന്നത്.
‘അത് നാരായണന്റെ അഭിപ്രായം മാത്രമാണ്. നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായം എഴുതി അയയ്ക്കാമല്ലോ’ എന്ന് തായാട്ട് മറുപടി തന്നു. അദ്ദേഹം പ്രഗത്ഭനായ ഒരു പത്രാധിപരായിരുന്നു.

അങ്ങനെ പി നാരായണന്റെ നിലപാടുകളോട് വിയോജിച്ചുകൊണ്ട് ദേശാഭിമാനിയിൽ ഒരു ലേഖനമെഴുതി. അതായിരുന്നു എന്റെ
ആദ്യത്തെ എഴുത്ത്. എന്റെ ഈ ലേഖനം വലിയ ചർച്ചയായി. പി നാരായണൻ അന്ന് കോൺഫഡറേഷൻ ഓഫ് സെൻട്രൽ എംപ്ലോയ്‌സ് ഫെഡറേഷന്റെ നേതാവും പുരോഗമന കലാസാഹിത്യസംഘത്തിന്റെ പ്രവർത്തകനുമാണ്. ഞാനന്ന് ട്രേഡ് യൂണിയന്റെയും സ്പാർക്ക് എന്ന കലാസംഘടനയുടെയും പ്രവർത്തകനാണ്.

ദേശാഭിമാനിയിൽ വന്ന ഈ ലേഖനം വായിച്ചതിനുശേഷമാണ് പി ജി എന്നോട് സിനിമയെക്കുറിച്ച് എഴുതാൻ ആവശ്യപ്പെട്ടത്. അങ്ങനെ ഞാൻ തോമസ്സ് ഏലിയ സംവിധാനം ചെയ്ത ‘ലാസ്റ്റ് സപ്പർ’ എന്ന സിനിമയെക്കുറിച്ച് ചിന്താവാരികയിൽ ഒരു ലേഖനം എഴുതി. സിനിമാ സംബന്ധിയായ എന്റെ ആദ്യ ലേഖനം അതാണ് എന്നാണ് എന്റെ ഓർമ. അന്ന് ചിന്ത പത്രാധിപരായിരുന്ന പി ജി ഇടയ്ക്കിടയ്ക്ക് ചലച്ചിത്രങ്ങളെക്കുറിച്ച് എഴുതാൻ നിർബന്ധിക്കും. അങ്ങനെയാണ് ചലച്ചിത്രനിരൂപണത്തിന്റെ ഒരു വഴി തെളിഞ്ഞുവരുന്നത്.

സിനിമയും പ്രത്യയശാസ്ത്രവും ആണല്ലോ ആദ്യത്തെ കൃതി. ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്ന സമയത്ത് കേരളത്തിലെ
സിനിമാനിരൂപണം കേവലമായ കഥപറച്ചിലിന്റെ രീതിയാണ് അവലംബിച്ചിരുന്നത്. എന്നാൽ താങ്കളുടെ പുസ്തകം അതിൽ നി
ന്ന് വ്യത്യസ്തമാണ്. അന്നത്തെ കാലത്തെ ചലച്ചിത്രനിരൂപകർ ആരൊക്കെയായിരുന്നു?

അന്ന് വിജയകൃഷ്ണനായിരുന്നു പ്രധാനപ്പെട്ട ഒരു ചലച്ചിത്ര നിരൂപകൻ. പക്ഷേ അദ്ദേഹത്തിന്റെ നിരൂപണങ്ങൾ പൊളിറ്റിക്ക
ലായിരുന്നില്ല. മറിച്ച് സിനിമയുടെ ചരിത്രവും ആഖ്യാനത്തിന്റെ സവിശേഷതകളുമൊക്കെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
ഇത് സിനിമയെക്കുറിച്ച് ആഴത്തിൽ അറിയാൻ സഹായിക്കും എന്നതിൽ തർക്കമില്ല. എനിക്ക് ഏറ്റവും മാതൃകയായി തോന്നിയി
ട്ടുള്ളത് ചിന്ത രവിയുടെ ചലച്ചിത്ര നിരൂപണങ്ങളായിരുന്നു. അദ്ദേഹത്തിന്റെ നിരൂപണ രീതി സിനിമയെ രാഷ്ട്രീയവും സാംസ്‌കാരികവുമായി വായിക്കുക എന്നതായിരുന്നു. സിനിമ രൂപപരമായും പ്രമേയപരമായും ജീവിതത്തിന്റെ അനുഭവങ്ങളോട് എങ്ങനെയാണ് ബന്ധപ്പെട്ട് നിൽക്കുന്നത് എന്ന അന്വേഷണമായിരുന്നു അത്. വ്യക്തിയും സമൂഹവും, സംസ്‌കാരവും സാമൂഹിക ബന്ധങ്ങളും, പ്രത്യയശാസ്ത്രവും സമൂഹഘടനയും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധങ്ങളുടെയും പ്രവർത്തനങ്ങളുടെയും അടയാളങ്ങൾ മറ്റേതൊരു കലാരൂപത്തേക്കാൾ കൂടുതൽ സിനിമയിലുണ്ട്. അതുകൊണ്ടുതന്നെ ദൃശ്യങ്ങളുടെ വായനയിൽ പ്രത്യയശാസ്ത്ര നിലപാടുകൾ ആവശ്യമായിവരും. നിലനിൽക്കുന്ന യഥാർത്ഥ വ്യവസ്ഥയുമായുള്ള ബന്ധത്തിനുപരി ആ സാഹചര്യങ്ങളെയും അവസ്ഥാവിശേഷങ്ങളെയും എങ്ങനെ മനസ്സിലാക്കുന്നു എന്നും തങ്ങൾ എങ്ങനെ ജീവിക്കുന്നുമെന്നുമാണ് മനുഷ്യർ പ്രത്യയശാസ്ത്രങ്ങളിലൂടെ ആവിഷ്‌കരിക്കുന്നത്. ‘സാഹചര്യങ്ങളെക്കുറിച്ചുള്ള മിഥ്യാബോധം ഉപേക്ഷിക്കുകയെന്ന് പറഞ്ഞാൽ, മിഥ്യാബോധം ആവശ്യമുള്ള ഒരു സാഹചര്യത്തെ ഉപേക്ഷിക്കുകയെന്നാണ്’ എന്ന് മാർക്‌സ് പറയുന്നത് സിനിമയുടെ പ്രത്യയശാസ്ത്രാടിത്തറയും അത് തീർക്കുന്ന അയഥാർത്ഥതയുടെ രാഷ്ട്രീയവും പരിശോധിക്കപ്പെടുമ്പോൾ വളരെ പ്രധാനപ്പെട്ടതായി വരും. മുഖ്യധാരാസിനിമകളുടെ പ്രത്യയശാസ്ത്ര വായന ആഴത്തിൽ നടത്തിയത് രവീന്ദ്രനാണ്.

സിനിമയെന്നത് ഒരു സാംസ്‌കാരിക ഉല്പന്നം ആയതുകൊണ്ടുതന്നെ ഇമേജുകൾക്കും സംഭാഷണങ്ങൾക്കും അതിന്റേതായ
രാഷ്ട്രീയമുണ്ടായിരിക്കും. ഇത് ഒരു പ്രത്യയശാസ്ത്രത്തെ പ്രതിനിധാനം ചെയ്യുന്നത് എങ്ങനെയെന്നതാണ് ആ പുസ്തകത്തിലൂടെ ഞാൻ പരിശോധിക്കുന്നത്.

ചിന്ത രവിക്കുശേഷം അത്തരം സിനിമയെ സംബന്ധിച്ചുള്ള ഒരു നിരൂപണപദ്ധതി വികസിക്കുന്നത് താങ്കളുടെ എഴുത്തിലൂടെയാണെന്ന് തോന്നുന്നു?

രവീന്ദ്രന് അദ്ദേഹത്തിന്റേതായ ഒരു വഴിയുണ്ടായിരുന്നു. പിന്നീട് ആ വഴിയെ വികസിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. പക്ഷേ ഇപ്പോൾ ധാരാളം പേർ ഈ വഴിയിലുണ്ട്. ജി പി രാമചന്ദ്രൻ, കെ പി ജയകുമാർ, എൻ പി സജീഷ് എന്നിവരൊക്കെ
അതിൽ പ്രധാനപ്പെട്ടവരാണ്. ഇതിൽ ജി പി രാമചന്ദ്രനാണ് ഈ മേഖലയിൽ കൂടുതൽ പഠനങ്ങൾ നടത്തിയത്. ഇവരെ ചലച്ചി
ത്ര നിരൂപണത്തിലെ രണ്ടാം തലമുറയായി പരിഗണിക്കാവുന്നതാണ്. ഐ ഷൺമുഖദാസിനെപ്പോലുള്ളവർ മുന്നോട്ട് വച്ച ഒരു
ധാരയുണ്ട്. അത് പൊളിറ്റിക്കൽ തന്നെയാണ്. എന്നാൽ മനുഷ്യന്റെ വൈകാരികതയ്ക്കും മനുഷ്യന്റെ ആന്തരിക സംഘർഷങ്ങൾ
ക്കുമാണ് അവർ പ്രാധാന്യം നൽകുന്നത്. സി എസ് വെങ്കിടേശ്വരൻ വളരെ പ്രത്യക്ഷത്തിലുള്ള ഒരു രാഷ്ട്രീയ വായന നടത്തുന്നില്ല. പക്ഷേ എന്നാൽ വളരെ അനലെറ്റിക്കലായി സൗന്ദര്യശാസ്ത്രവും സാംസ്‌കാരികവുമായ സൂക്ഷ്മവ്യാഖ്യാനങ്ങളിലാണ് ശ്രദ്ധ ചെലുത്തുന്നത്. ഇതിന് സവിശേഷമായ സ്ഥാനമുണ്ട്. അങ്ങിനെ മലയാളത്തിലെ ചലച്ചിത്ര നിരൂപണം വ്യത്യസ്ത ശാഖകളായി വളരുന്നുണ്ട്.

മലയാള സിനിമയിൽ സവർണതയുടേതായ ഒരു പ്രത്യയശാസ്ത്രം പ്രവർത്തിക്കുന്നുണ്ട്. അത് സമീപകാലത്ത് മറനീക്കി
പുറത്തുവന്നിട്ടുണ്ട്. താങ്കൾ ഇതിനെ എങ്ങനെ കാണുന്നു?

മുഖ്യാധാരാ സിനിമകൾ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തെക്കുറിച്ചും അതിന്റെ സാംസ്‌കാരിക അധീശത്വത്തെതക്കുറിച്ചും
പഠിക്കാൻ തുടങ്ങിയത് പുതിയ നിരൂപകരാണ്. ഞങ്ങളെപ്പോലുള്ളവർ വന്നതോടെയാണ് മലയാള സിനിമയിൽ ജാതി, വർഗം,
മതം എന്നിവയൊക്കെ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന അന്വേഷണം ആരംഭിക്കുന്നത്. ഇതോടെയാണ് സവർണതയ്‌ക്കെതിരായ വിമർശങ്ങൾ ഉയർന്നുവരുന്നത്. അതുവരെ സവർണത ഒളിച്ചുവയ്ക്കപ്പെട്ട ഒരാശയമാണെന്ന് തിരിച്ചറിയാൻ പഴയ നിരൂപകർക്ക് കഴിഞ്ഞില്ല. സിനിമയുടെ ആദ്യകാലം മുതൽ സവർണതയുടെ അടയാളങ്ങൾ കണ്ടെത്താമെങ്കിലും അത് പ്രത്യക്ഷമാകുന്നത് ജോഷിയുടെ ധ്രുവം എന്ന സിനിമയിലൂടെയാണെന്നാണ് എനിക്ക് തോന്നുന്നത്. ആരാണ് ശത്രു, ആരാണ് രക്ഷകൻ എന്ന ആശയത്തെയാണ് ഇത്തരം സിനിമയിലൂടെ സവർണത നിർമിച്ചെടുക്കുന്നത്. അങ്ങനെ തമ്പുരാക്കന്മാരും നാട്ടുരാജാക്കന്മാരും രക്ഷകരായി രംഗത്തുവരാൻ തുടങ്ങി. അതുവരെ വില്ലന്മാരും നായകന്മാരും ഉണ്ടെങ്കിലും മതത്തിന്റെ ധ്രൂവീകരണം എന്ന നിലയ്ക്ക് അതിനെ കാണുന്നത് ‘ധ്രുവ’ ത്തിലൂടെയാണ്. കേരളം നീണ്ട പോരാട്ടങ്ങളിലൂടെ പരാജയപ്പെടുത്തി പടിയിറക്കിയ ഫ്യൂഡൽ നാടുവാഴി പ്രമാണിത്തവും അധികാരവും ആഘോഷവും പ്രച്ഛന്നമായി സിനിമകളിലൂടെ എൺപതുകൾ മുതൽ കടന്നുവന്നതായി കാണാം. ഫ്യൂഡൽ-മാടമ്പി ചിഹ്നങ്ങൾ ശോഭയോടെ സിനിമയുടെ സാങ്കല്പിക സ്ഥലകാലങ്ങളിലേയ്ക്ക് തിക്കിത്തിരക്കി വന്നുകൊണ്ടിരുന്നു. ദേവാസുരം മുതൽ രഞ്ജിത് അതിനെ ഒരു മാതൃകയും കീഴ്‌വഴക്കവുമാക്കി മാറ്റിക്കൊണ്ട് വലിയ സ്വീകാര്യത നൽകി. മലയാളി മറന്നുകിടന്ന അല്ലെങ്കിൽ മറക്കാൻ നിർബന്ധിക്കപ്പെട്ടിരുന്ന തറവാട്, തറവാടിത്തം, തറവാട്ടു മഹിമ, കുടുംബപാരമ്പര്യം, ജാതിമാഹാത്മ്യം, ഉത്സവപ്പൊലിമ, മന്ത്രങ്ങൾ, ഹോമങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ
ഒക്കെ സിനിമകളിലൂടെ മസിൽ നിവർത്തി നിന്നു.

അതിനു മുമ്പ് അങ്ങനെയൊന്നില്ല?

ഉണ്ട്. ഇതിന് മുമ്പും ഫ്യൂഡൽ ബിംബങ്ങളെ ആഘോഷമാക്കുന്ന നിരവധി സിനിമകൾ വന്നിട്ടുണ്ടെന്നത് കാണാതെ പോകുന്നില്ല. ആര്യൻ എന്ന സിനിമ ഇതിന് ഉദാഹരണമാണ്. തുടർന്ന് സവർണത ആഘോഷിക്കപ്പെടേണ്ടതാണെന്നും മഹത്വവത്കരിക്കപ്പടേണ്ടതാണേന്നുമുള്ള ആശയമാണ് ഇത്തരം സിനിമകൾ മുന്നോട്ടവയ്ക്കുന്നത്.

പത്മരാജന്റെ തൂവാനത്തുമ്പികൾ എന്ന സിനിമ ഇത്തരത്തിൽ വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. ഇതിൽ മോഹൻലാൽ
അവതരിപ്പിക്കുന്ന കഥാപാത്രം പിൽക്കാല മോഹൻലാൽ കഥാപാത്രങ്ങളുടെ ആദിരൂപമാണ്. മോഹൻലാൽ കഥാപാത്രങ്ങൾ പലതും വീട്ടിനകത്ത് വളരെ മാന്യനായിരിക്കും. എന്നാൽ നഗരത്തിലേക്കും മറ്റും പ്രവേശിക്കുമ്പോൾ അയാൾ മറ്റൊരാളായി മാറുന്നു. തൂവാനത്തുമ്പികൾ എന്ന സിനിമയിൽ നാട്ടുപ്രമാണിയായ ജയകൃഷ്ണന്റെ (മോഹൻലാൽ) കുടികിടപ്പുകാരനായി ജഗതി അവതരിപ്പിക്കുന്ന ഒരു കഥാപാത്രമുണ്ട്. അയാൾ കുടിയൊഴിഞ്ഞുപോകാത്തതിനാൽ ജയകൃഷ്ണനും കൂട്ടുകാരും ജഗതിയെ കാറിന്റെ ഡിക്കിയിൽ കെട്ടിയിട്ട് കൊണ്ടുപോവുകയാണ്. ഇതെല്ലാം വളരെ ഹാസ്യാത്മകമായിട്ടാണ് അവതരിപ്പിക്കുന്നത്.

ഈ സമയത്തൊക്കെ പ്രേക്ഷകർ ഫ്യൂഡൽ നായകന്റെ പക്ഷത്ത് നിന്ന് ഇതൊക്കെ ആസ്വദിക്കുകയാണ്. അമ്പതുകളിലെ ജന്മി കുടിയാൻ സംഘർഷങ്ങളിലെ കുടിയാൻ എന്ന സമരനായകൻ എൺപതുകളിൽ ഒരു കോമാളിവേഷമായി അവതരിപ്പിക്കപ്പെടുകയാണ്. ഈ ജന്മി/തമ്പുരാൻ സങ്കല്പ സിനിമകളിൽ മോഹൻലാലിന്റെ ശരീരത്തിലൂടെ ഒരു സമൂഹത്തെ കീഴ്‌പ്പെടുത്തുകയാണ് ചെയ്യുന്നത്. ഈ ജയകൃഷ്ണനാണ് ജഗന്നാഥനായും മംഗലശ്ശേരി നീലകണ്ഠനായുമൊക്കെ വികസിച്ചത്.

സംവരണ വിരുദ്ധ നിലപാടുകളെ സാധൂകരിക്കുന്ന നിരവധി സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. മണ്ഡൽ വിരുദ്ധ പൊതുബോധത്തെ മലയാളികളിൽ ഊട്ടിയുറപ്പിക്കാൻ ഇത്തരം സിനിമകൾ സഹായിച്ചെന്നു പറയാം. താങ്കൾക്ക് എന്തുതോന്നുന്നു?

എൺപതുകളോടെ ഇന്ത്യയിൽ നെഹ്‌റുവിയൻ കോൺഗ്രസിന്റെ ആശയങ്ങൾക്ക് സ്വീകാര്യത നഷ്ടപ്പെടുകയാണ്. ശാസ്ത്ര
ത്തിന്റെയും യുക്തിബോധത്തിന്റെയും അടിസ്ഥാനത്തിൽ പാരമ്പര്യത്തെയും മതത്തെയും ജാതിയെയുമൊക്കെ പഠിക്കണമെന്ന ധാരണ അട്ടിമറിക്കപ്പെടുകയാണ്. വലതുപക്ഷവത്കരണം ശക്തമാവുകയും സവർണതയെ മുൻനിർത്തിയുള്ള ആവിഷ്‌കാരങ്ങൾ കലയിലും സാഹിത്യത്തിലും സിനിമയിലും ശക്തമാക്കുകയും ചെയ്തു. കേരളത്തിലും ഈ മാറ്റങ്ങൾ പ്രകടമായി. ഇവിടെയാണ് സംവരണം വലിയ പ്രശ്‌നമാണെന്നും അതുകൊണ്ടാണ് തങ്ങൾക്ക് ജോലി ലഭിക്കാത്തതെന്നും വിലപിക്കുന്ന സവർണ നായകന്മാരുടെ ഒരു നിരതന്നെ ഉണ്ടാകുന്നത്. 1987ൽ ഇറങ്ങിയ അനിൽ സംവിധാനം ചെയ്ത അടിവേരുകൾ എന്ന സിനിമയിൽ മോഹൻലാൽ കഥാപാത്രം സവർണനും മുകേഷ് അവതരിപ്പിക്കുന്ന കഥാപാത്രം ദലിത് ക്രിസ്ത്യനുമാണ്. സംവരണത്തിലൂടെ ഫോറസ്റ്റ് ഓഫീസറായി ജോലി ലഭിച്ചെങ്കിലും ഭയം മൂലം
അയാൾക്ക് വനംകൊള്ളക്കാരെ നേരിടാനാവുന്നില്ല. മോഹൻലാൽ കഥാപാത്രത്തിന് വിദ്യാഭ്യാസമുണ്ടെങ്കിലും സംവരണമി
ല്ലാത്തതിനാൽ ജോലി കിട്ടുന്നില്ലത്രേ. മുകേഷിന്റെ സഹപാഠിയും സുഹൃത്തുമായിരുന്ന മോഹൻലാൽ അവസാനം ആനയെയും
കൊണ്ട് തടിപിടിപ്പിക്കുന്ന ജോലിയുമായി കാട്ടിലെത്തുകയാണ്.

മുകേഷ് ദളിതനായതുകൊണ്ട് ഭീരുവായ, വനംകൊള്ളക്കാരെ നേരിടാൻ കഴിവും ധൈര്യവും ഇല്ലാത്ത ഒഫീസറാണ്. മോഹൻലാൽ
സവർണനായതുകൊണ്ട് അയാൾക്ക് വനംകൊള്ളക്കാരെ നേരിടാനുള്ള ധൈര്യവും ശേഷിയുമുണ്ട്. ഇതാണ് ഈ സിനിമ പറ
ഞ്ഞുവയ്ക്കുന്നത്. ഈ സിനിമ അക്കാലത്ത് വളരെ ആഘോഷിക്കപ്പെട്ടതാണ്. ഇത്തരം സിനിമകളിലൂടെയാണ് മണ്ഡൽവിരുദ്ധ/സംവരണ വിരുദ്ധ ആശയങ്ങൾ പ്രക്ഷേപിക്കപ്പെട്ടത്. ഇന്നത് ശബരിമല വിഷയത്തിൽ വരെ എത്തിനിൽക്കുന്നു. നരസിംഹം, ആറാംതമ്പുരാൻ, ദേവാസുരം, രാവണപ്രഭു, ഉസ്താദ് എന്നിങ്ങനെ പല സിനിമകളിലും ഇന്ദുചൂഡൻ, നീലകണ്ഠൻ, പരമേശ്വരൻ, ജഗന്നാഥൻ എന്നിങ്ങനെ സിനിമയുടെയും നായകന്റെയും പേരുകൾ ഹിന്ദു ദൈവങ്ങളുടേതായി മാറുന്നു. ഹിംസയെയും ഭയത്തെയുമാണ് ഇത് ഉല്പാദിപ്പിക്കുന്നത്. നായകന്മാർ
ഹിംസയുടെയും അധികാരത്തിന്റെയും അവതാരപുരുഷന്മാരാണ് ഇവിടെ. മാത്രമല്ല, ഇന്ന് കാണുന്ന കോർപറേറ്റ് മുതലാളി
ത്തവും സംഘപരിവാർ സംഘടനകളുമായുള്ള ബന്ധത്തിന്റെ സൂചനകളും ഇത്തരം സനിമികളിൽ കണ്ടെത്താനാവും.

ഹിന്ദുത്വ ഫാസിസത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുകയും തിരിച്ചറിയുകയും ചെയ്യുന്ന ഇത്തരത്തിലുള്ള ഒരു ചലച്ചിത്ര
നിരൂപണരീതി, ഇന്ത്യയിലെ മറ്റ് ഭാഷകളിൽ ഉണ്ടാകുന്നുണ്ടോ?

തമിഴ്‌നാട്ടിൽ അതുണ്ട്. ഒരു സംസ്‌കാരിക വായന എല്ലാ ഭാഷകളിലും നടക്കുന്നുണ്ട് എന്നുതന്നെയാണ് ഞാൻ വിചാരിക്കുന്നത്. എന്നാൽ കൃത്യമായ രാഷ്ട്രീയ വായന കൂടുതലും കേരളത്തിലാണുണ്ടാകുന്നത്. ചിലരൊക്കെ ഹിന്ദി സിനിമകളിൽ എങ്ങ
നെയാണ് മുസ്ലിം വിരുദ്ധത പ്രവർത്തിക്കുന്നത് എന്ന് അന്വേഷണം നടത്തിയിട്ടുണ്ട്.

സാമൂഹിക മുന്നേറ്റങ്ങളെ എങ്ങനെയാണ് മലയാള സിനിമ അടയാളപ്പെടുത്തിയിട്ടുള്ളത്. അതായത് ദേശീയപ്രസ്ഥാനം, കമ്യൂണി
സ്റ്റ് പ്രസ്ഥാനം, പുരോഗമന പ്രസ്ഥാനങ്ങൾ തുടങ്ങിയവ നടത്തി
യിട്ടുള്ള മുന്നേറ്റങ്ങളെ ആവിഷ്‌കരിക്കുന്ന സിനിമകൾ ഉണ്ടായിട്ടി
ല്ലേ?

സാമൂഹിക മാറ്റങ്ങൾ എല്ലാക്കാലത്തും സിനിമകൾ അടയാളപ്പെടുത്തിയിട്ടുണ്ട്. വിഗതകുമാരൻ മുതൽ ഇത് കാണാൻ കഴിയും. മറ്റ് ഭാഷകൾ പുരാണങ്ങളെ ഇതിവൃത്തമാക്കിയിരുന്ന സന്ദർഭത്തിലും മലയാള സിനിമ സാമൂഹിക പ്രശ്‌നങ്ങളെയാണ് ആവിഷ്‌കരിച്ചത്. ദാരിദ്ര്യവും ചൂഷണവും ജാതിയുമെല്ലാം ഇത്തരത്തിൽ മലയാളത്തിൽ ആവിഷ്‌കരിക്കപ്പെടുന്നുണ്ട്. നാല്പതുകളിലെയും അമ്പതുകളിലെയും കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളുമൊക്കെ നമ്മുടെ സിനിമയിൽ വരുന്നുണ്ട്. എന്നാൽ അക്കാലത്ത് സിനിമയെന്ന നിലയിൽ മികച്ച സൃഷ്ടികൾ ഒന്നും ഉണ്ടായിട്ടില്ല. പക്ഷേ, സോഷ്യൽ ഡോക്യുമെന്റ് എന്ന നിലയിൽ അതിന് പ്രാധാന്യമുണ്ട്. എന്നാൽ എൺപതുകളോടെ കാര്യങ്ങൾ അട്ടിമറിക്കപ്പെടുന്നു. സിനിമയുടെ പരിസരങ്ങൾ മാറുന്നു. എന്നാൽ ഞാൻ നേരത്തെ പറഞ്ഞതുപോലുള്ള തമ്പുരാൻ സിനിമകളിൽ ഏത് പരിസരത്താണ്, ഏത് കാലത്താണ് സിനിമ നടക്കുന്നത് എന്ന് തിരിച്ചറിയാൻ കഴിയില്ല. സമൂഹത്തിന്റെ പൊതുധാരയിൽനിന്ന് നിഷ്‌കാസനം ചെയ്യപ്പെട്ടതെന്ന് നാം കരുതിയ പല പ്രതിലോമ ആശയങ്ങളുമാണ് ഈ സിനിമകളിൽ പുനരുജ്ജീവിപ്പിക്കപ്പെടുന്നത്. യഥാർത്ഥത്തിൽ അത്തരം ആശയങ്ങൾ പരാജയപ്പെട്ടതായിരുന്നില്ല. ഏതോ മാളങ്ങളിൽ ഒളിച്ചിരിക്കുകയായിരുന്നു. അതാണ് ഇന്ന് ഉയിർത്തെഴുന്നേറ്റത്. പക്ഷേ അറുപതുകളിലും എഴുപതുകളിലും മറ്റും രാഷ്ട്രീയ പ്രവർത്തനവും കലാപ്രവർത്തനവും ഇഴ ചേർന്നാണ് നീങ്ങിയിരുന്നത്. അത് അക്കാലത്ത് സിനി
മകളിലും പ്രതിഫലിച്ചു. ഇത് ഇടതുപക്ഷത്തിന് അനുകൂലമായ ഒരു മാനസികാവസ്ഥയുണ്ടാക്കി. ഇന്ന് ഇടതുപക്ഷത്തിന് വോട്ട് ചെയ്യുമ്പോൾ തന്നെ പലരും സാംസ്‌കാരികമായി വലതുപക്ഷത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിന് ഇക്കാലത്തെ സിനിമകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

ഫിലിം സൊസൈറ്റിപ്രസ്ഥാനത്തിന്റെ പ്രവർത്തകൻ കൂടിയാണ് താങ്കൾ. കേരളത്തിലെ ഫിലിം സൊസൈറ്റിപ്രസ്ഥാനത്തെക്കുറിച്ച് പറയാമോ?

1965ലാണ് കേരളത്തിൽ ആദ്യത്തെ ഫിലിം സൊസൈറ്റി പ്രസ്ഥാനം രൂപം കൊള്ളുന്നത്. തിരുവനന്തപുരത്ത് അടൂർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ രൂപീകരിച്ച ചിത്രലേഖാ ഫിലിം സൊസൈറ്റിയായിരുന്നു അത്. അതിനുശേഷം എം ഗോവിന്ദന്റെ നേതൃത്വത്തിൽ എറണാകുളത്ത് ഒരു ഫിലിം ഫെസ്റ്റിവൽ ആസൂത്രണം ചെയ്യപ്പെട്ടു. അടൂർ ഗോപാലകൃഷ്ണനായിരുന്നു അതിന്റെ ചുമതല. അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട ഏതാനും ലോക സിനിമകൾ ഒമ്പതു ജില്ലകളിൽ പ്രദർശിപ്പിച്ചു. ഇത് കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിൽ പുതിയ ഉണർവുണ്ടാക്കി. ഫിലിം സൊസൈറ്റിയുടെ ഈ പ്രവർത്തനമാണ് സിനിമയെ സംബന്ധിച്ചുള്ള പുതിയൊരു അവബോധം ഞങ്ങൾക്കൊക്കെ നൽകിയത്. ഈ ചലച്ചിത്രമേളയോടുകൂടിയാണ് കേരളത്തിലെ എഴുത്തുകാരും വായനക്കാരും അടക്കമുള്ളവർ സിനിമയുടെ പുതിയ ഭാവുകത്വം തിരിച്ചറിയുന്നത്. അതിന്റെ ഊർജത്തിൽനിന്നാണ് അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളൊക്കെ വരുന്നത്.

അടൂരിന്റെ സ്വയംവരമാണോ സമാന്തര സിനിമകളിൽ ആദ്യ സിനിമയായി അടയാളപ്പെടുത്താൻ കഴിയുന്നത്?

അടൂരിന്റെ ആദ്യ സിനിമയാണ് സ്വയംവരം. പി എൻ മേനോന്റെ ഓളവും തീരവുമാണ് ഈ ധാരയിലെ ആദ്യ സിനിമയെന്നാണ് ഞാൻ കരുതുന്നത്. ന്യൂവേവ് എന്ന് പറയാവുന്ന ആദ്യത്തെ സിനിമ.

എൺപതുകളിൽ സമാന്തരമെന്നും മുഖ്യധാരയെന്നും വിളിക്കപ്പെടുന്ന സിനിമകൾക്ക് ഇടയിൽ നിൽക്കുന്ന മധ്യവർത്തി സിനി
കളുമുണ്ടാവുന്നുണ്ടല്ലോ? ഭരതൻ, പത്മരാജൻ, കെ ജി ജോർജ് തുടങ്ങിയവരുടെ സിനിമകൾ?

കെ ജി ജോർജിന്റെ സിനിമകൾ ഞാൻ ഈ ഗണത്തിൽപ്പെടുത്തില്ല. അദ്ദേഹത്തെ മധ്യവർത്തിയിൽ നിർത്തേണ്ടയാളല്ല. മലയാളത്തിലെ ഏറ്റവും മികച്ച ചലച്ചിത്രകാരനാണ് അദ്ദേഹം. കെ പി കുമാരൻ, പി എ ബക്കർ, പവിത്രൻ, ടി വി ചന്ദ്രൻ, ജോൺ എബ്രഹാം, കെ ആർ മോഹൻ അങ്ങനെ നിരവധിപേർ അടൂരിന് ശേഷം പുതിയൊരു ചലച്ചിത്ര ഭാവുകത്വത്തെ നിർമിച്ചവരാണ്.

ഇവരുടെ സിനിമകളിലൂടെയാണ് ഫിലിം സൊസൈറ്റി പ്രസ്ഥാനവും മറ്റും സജീവമാകുന്നത്. ലോക സിനിമയെ മലയാളത്തി
ന് പരിചയപ്പെടുത്തുന്നത് ഫിലിം സൊസൈറ്റി പ്രസ്ഥാനമാണ്. ഇന്ന് ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങൾ എത്രമാത്രം സജീവമാണ്?

കേരളത്തിൽ ഫിലിം സൊസൈറ്റി പ്രസ്ഥാനം ഇന്നും വളരെ സജീവമാണ്. എഴുപതുകളിലും എൺപതുകളിലും മാത്രമാണ്
ഫിലിം സൊസൈറ്റി പ്രസ്ഥാനം സജീവമായിരുന്നത് എന്നത് പൊതുബോധം മാത്രമാണ്. അന്ന് ലോക സിനിമകൾ കാണണമെങ്കിൽ ഫിലിം സൊസൈറ്റി അല്ലാതെ മറ്റൊരു മാർഗമില്ല. അന്നത്തെ മാധ്യമങ്ങളുടെ ഇടപെടൽ ഇന്നത്തേതിൽനിന്ന് വ്യത്യസ്തമാണ്. തിരുവനന്തപുരത്ത് നടക്കുന്ന ഫിലിം സൊസൈറ്റിയുടെ ഒരു ചലച്ചിത്ര പ്രദർശനത്തിന്റെ വാർത്തപോലും കാസർകോട് ഉള്ളയാൾക്ക് അറിയാൻ സാധിക്കും. അതായത് ഈ വാർത്ത ജില്ലാ പേജിലോ പ്രാദേശിക പേജിലോ ഒതുങ്ങിയിരുന്നില്ല. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് കേരളത്തിൽ പ്രത്യേക റീജിയൻ
നൽകണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾ ഉയർന്നു വരുന്നതോടെ അതിന് പുതിയ അമരക്കാർ ഉണ്ടാകുന്നു. ഇത്തരം പ്രവർത്ത
നങ്ങളുടെ തുടർച്ചയായാണ് ചലച്ചിത്ര അക്കാദമി രൂപീകരിക്കുന്നത്. അക്കാദമിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് അതിന്റെ പ്രാരംഭ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. സഖാവ് ടി.കെ. രാമകൃഷ്ണൻ സാംസ്‌കാരിക
വകുപ്പ് മന്ത്രിയായിരുന്ന സമയത്ത് പുതിയ ഒരു സാംസ്‌കാരിക നയം രൂപീകരിക്കുക എന്ന നിലപാടിൽനിന്നാണ് ഇത്തരം ആശയങ്ങൾ ഉയർന്നു വന്നത്. അക്കാദമി തുടങ്ങിവച്ച രാജ്യാന്തര ചലച്ചിത്രമേളകൾ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെകൂടെ സംഭാവനയാണ്. ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളുള്ള സിനിമകളെ മലയാളം സബ് ടൈറ്റിലുകളിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങൾ ഇപ്പോൾ ഫിലിം സൊസൈറ്റി പ്രസ്ഥാനം ചെയ്തുകൊണ്ടിരിക്കുന്നു. ഈ പ്രവർത്തനം കൊണ്ട് നല്ല സിനിമകൾ കൂടുതൽ സാധാരണക്കാരിലേക്ക് എത്തുന്നുണ്ട്.

എഫ് എഫ് എസ് ഐ (എഎഎേ) പ്രവർത്തനങ്ങൾ എന്തൊക്കെ
യാണ്?

ഇന്ത്യയിൽ ആദ്യത്തെ ഫിലിം സൊസൈറ്റി പ്രസ്ഥാനം ഉണ്ടാകുന്നത് 1947ൽ സത്യജിത്ത് റായിയുടെ നേതൃത്വത്തിലാണ്. പി
ന്നീട് ആറിടങ്ങളിലായി ഫിലിം സൊസൈറ്റി രൂപീകരിക്കുന്നുണ്ട്.ഇതിനൊരു ഫെഡറേഷൻ വേണമെന്ന ആവശ്യമുയർന്നു വന്നു.
1959ലാണ് ഫിലിം സൊസൈറ്റി ഫെഡറേഷൻ രൂപീകരിക്കുന്നത്. അടുത്തകാലത്ത് അന്തരിച്ച വിജയ മുലെ, ചിദാനന്ദദാസ്
ഗുപ്ത, അമ്മു സ്വാമിനാഥൻ എന്നിവരായിരുന്നു ഫെഡറേഷന്റെ രൂപീകരണത്തിന് നേതൃത്വം വഹിച്ചത്. സത്യജിത്ത് റായ് ആയി
രുന്നു ഫെഡറേഷന്റെ ദേശീയ പ്രസിഡന്റ്. സൊസൈറ്റികളുടെ എണ്ണം കൂടിയപ്പോൾ നാല് മേഖലകളായി തിരിച്ചു. കിഴക്കൻ മേഖല, തെക്കൻ മേഖല, വടക്കൻ മേഖല, പടിഞ്ഞാറൻ മേഖല എന്നിവയാണത്. ഇതിൽ തെക്കൻ മേഖലയിലാണ് കേരളം ഉൾപ്പെടുന്നത്. ഈ മേഖലയിൽ നിന്ന് വേറിട്ടുകൊണ്ട് കേരളത്തിന് പ്രത്യേകം പ്രവർത്തന സ്വാതന്ത്ര്യം വേണമെന്ന ആവശ്യം ഉയർന്നു വന്നു. കുറെക്കാലത്തെ പോരാട്ടത്തിന് ശേഷമാണ് ഈ ആവശ്യം അംഗീകരിച്ചു കിട്ടുന്നത്. കേരളത്തെ ഒരു സബ് റീജിയണായി അംഗീകരിക്കുന്നത് രണ്ടായിരത്തിനുശേഷമാണ്. ഇപ്പോൾmഇതൊരു സ്വതന്ത്ര റീജിയനാണ്. ഇന്ന് ഇന്ത്യയിലെ അഞ്ചാമത്തെ റീജിയനായി കേരളം മാറാൻ പോവുകയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫിലിം സൊസൈറ്റി പ്രവർത്തിക്കുന്നത് കേരളത്തിലാണ്. 150 ഫിലിം സൊസൈറ്റികൾ ഇന്ന് കേരളത്തിലുണ്ട്. ഇന്ത്യയിലാകെയുള്ള സൊസൈറ്റികളുടെ പകുതിയോളം വരുമിത്. കേരള സർക്കാർ അമ്പത് ലക്ഷം രൂപയാണ് ഫെഡറേഷന് ഇപ്പോൾ ഗ്രാന്റായി നൽകുന്നത്. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇങ്ങനെ ഗ്രാന്റ് നൽകുന്നില്ല. വി.എസ്. അച്യുതാനന്ദൻ
മന്ത്രിസഭയുടെ കാലത്ത് ഡോ. തോമസ് ഐസക്കാണ് ബഡ്ജറ്റിൽ ആദ്യമായി ഗ്രാന്റ് അനുവദിച്ചത്.

താങ്കൾ കേരള ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാനായി പ്രവർത്തിക്കുന്ന ഘട്ടത്തിൽ നിരവധി പ്രവർത്തനം നട
ത്തിയിരുന്നല്ലോ. അന്ന് കെ ആർ മോഹനായിരുന്നു ചെയർമാൻ. ഇന്ന് അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗവുമാണ്. ചല
ച്ചിത്ര അക്കാദമിയുട ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് വിശദമാക്കുമോ?

ഐ എഫ് എഫ് കെ, ഐ ഡി എസ് എഫ് എഫ് കെ തുടങ്ങിയവയാണ് അക്കാദമിയുടെ പ്രധാനപ്പെട്ട പ്രവർത്തനം. ചലച്ചിത്ര
സമീക്ഷ എന്ന പേരിൽ ഒരു പ്രസിദ്ധീകരണവും അക്കാദമി മാസംതോറും പുറത്തിറക്കുന്നുണ്ട്. ചെയർമാനായി കമലും വൈസ് ചെയർപേഴ്‌സണായി ബീന പോളും സെക്രട്ടറിയായി മഹേഷ് പഞ്ചുവും ഇപ്പോൾ പ്രവർത്തിച്ചു വരുന്നു. ഫിലിം ഫെഡറേഷൻ
നേരത്തെ നടത്തി വരുന്ന സൈൻസ് അന്താരാഷ്ട്ര ഡോക്യുമെന്റ റി ഹ്രസ്വചിത്ര ചലച്ചിത്രമേളയുടെ ചുവടു പിടിച്ചാണ് അക്കാദമി
നേരിട്ടുതന്നെ വിപുലമായ അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള നടത്തുന്നത്.
ചലച്ചിത്ര അക്കാദമി കുട്ടികൾക്കുവേണ്ടി എല്ലാ വർഷവും ക്യാമ്പുകൾ നടത്താറുണ്ട്. അധ്യാപർക്കായും ക്യാമ്പുകൾ നടത്തുന്നുണ്ട്. കെ ആർ മോഹനൻ ചെയർമാനായിരിക്കുമ്പോഴാണ് ഇതെല്ലാം ആരംഭിക്കുന്നത്. ഇപ്പോൾ സിലബസുകളിൽതന്നെ ഞാൻ ഉൾപ്പെടെ എഴുതിയവരുടെ പാഠങ്ങൾ പഠിക്കാനുണ്ട്. അക്കാദമി സ്വന്തം ആഫീസ് കെട്ടിടം കിൻഫ്രാ പാർക്കിൽ ആരംഭിച്ച് വിപുലമായ പഠന ഗവേഷണ സൗകര്യങ്ങൾക്ക് വേണ്ടിയുള്ള ഡിജിറ്റൽ ആർക്കൈവ്‌സും ലൈബ്രറിയും ഉണ്ടാക്കിയിട്ടുണ്ട്. മിനി തിയേറ്ററും ഉണ്ട്. ആർക്ക് വേണമെങ്കിലും അവിടെ വന്ന് ഈ
സൗകര്യങ്ങൾ ഉപയോഗിക്കാനാകും. കൂടാതെ കേരളത്തിൽ 5 മേഖലാ കേന്ദ്രങ്ങൾ ഉണ്ടാക്കി സഞ്ചരിക്കുന്ന ചലച്ചിത്രമേളകളും
സ്ഥിരം പ്രദർശനങ്ങളും നടത്തുന്നുണ്ട്. കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, കോട്ടയം, തിരുവനന്തപുരം എന്നിങ്ങനെയാണ് ടൂറിംഗ്
ടാക്കീസുകൾ പ്രവർത്തിക്കുന്നത്.


ഡബ്ലിയു സി സി പോലെയുള്ള സ്ത്രീ സംഘടനയുടെ രൂപീകരണം സ്ത്രീകളുടെ കർതൃത്വത്തെ അടയാളപ്പെടുത്താൻ കാരണമാകുന്നില്ലേ. സ്ത്രീകൾ വലിയ ചൂഷണമാണ് ഈ രംഗത്ത് നേരിടുന്നത് എന്ന് ഇവരുടെ വെളിപ്പെടുത്തലുകളിലൂടെ തിരിച്ചറിയാൻ കഴിയുമല്ലോ?

വളരെ പ്രധാനപ്പെട്ട പ്രവർത്തനമായാണ് ഞാൻ ഇതിനെ കാണുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഒരു
കാരണം അതിനുണ്ടെങ്കിലും സ്വാഭാവികമായി ഉയർന്നു വന്ന ഒരു പ്രതിരോധമാണത്. സമൂഹം പൊതുവെ ആണധികാര സ്വഭാവമുള്ളതാണ്. പ്രത്യേകിച്ചും സിനിമയിൽ അത് ശക്തവുമാണ്.

ലൂമിയറിന് ശേഷമുള്ള ലോകത്തിലെ ആദ്യ ഫിലിം മേക്കർ സ്ത്രീയാണ്. പക്ഷേ അവർ ചരിത്രത്തിലില്ല. ഈ അടുത്ത കാലത്താണ് അവരുടെ പേര് ഉയർന്നു വന്നത്. ആലീസ് ഗൈ എന്നായിരുന്നു അവരുടെ പേര്. സ്ത്രീകൾക്ക് അന്നുപോലും സിനിമ സാധ്യമായിരുന്നു എന്നാണ് അത് തെളിയിക്കുന്നത്. മലയാളത്തിലെ സിനിമാസംഘടനകളെല്ലാം പുരുഷന്റെ കൈകളിലാണ്. അതിനെതിരായുള്ള ആദ്യ ചെറുത്തുനിൽപ്പാണ് സ്ത്രീകളുടെ ഈ കൂട്ടായ്മ. ഇത് പലരെയും അസ്വസ്ഥപ്പെടുത്തുന്നുണ്ട്. പക്ഷെ ഈ സംഘടന ഒരു ഭീഷണിക്കും വഴങ്ങാതെ ശക്തമായിക്കൊണ്ടിരിക്കുകയാണ്.