ഓർമ: പത്മരാജന്റെ മരണം

ഗൂഡ്‌നൈറ്റ് മോഹൻ

ഗുഡ്‌നൈറ്റ് മോഹന്റെ ഓർമക്കുറിപ്പുകളുടെ സമാഹരണമാണ് മോഹനം. മലയാളത്തിലെ പ്രമുഖ നടീനടന്മാരും സംവിധായകരും എഴുത്തുകാരുമായും തനിക്കുള്ള സൗഹൃദം ഈ പുസ്തകത്തിൽ കടന്നു വരുന്നു.

മലയാളം വായന വളരെ മോശമാെണങ്കിലും മൂന്ന് എഴുത്തുകാരെ ഞാൻ കൈവിട്ടിരുന്നില്ല. വൈക്കം മുഹമ്മദ് ബഷീർ, എം.ടി. വാസുദേവൻ നായർ, പിന്നെ പത്മരാജൻ. വായനയുടെ മൂന്നു പ്രത്യേക ലോകങ്ങളായിരുന്നു എനിക്കിവർ നൽകിയത്. എഴുപതുകളുടെ സിനിമകൾ എടുത്തു പരിശോധിച്ചാൽ ഭൂരിപക്ഷം സിനിമകൾക്കും തിരനാടകം എഴുതിയിരുന്നത് രണ്ടു പേരായിരുന്നു എന്നു കാണാം. ഒന്ന് തോപ്പിൽ ഭാസിയും മറ്റൊരാൾ എസ്.എൽ. പുരം സദാനന്ദനുമായിരുന്നു. നാടകത്തിൽനിന്ന് വന്നവരായിരുന്നു ഇവർ. അക്കാരണത്താൽ തിരനാടകങ്ങളായിരുന്നു ഇവർ സിനിമയ്ക്ക് എഴുതിയത്. സംഭാഷണപ്രധാനങ്ങളായിരുന്നു ഇവരുടെ സിനിമാ സ്‌ക്രിപ്റ്റുകൾ, അതുകൊണ്ട്. മലയാളസിനിമയിൽ തിരക്കഥയുടെ സ്ഥാനം കൊണ്ടുവന്നത് മഹാരഥനായ എം.ടി. വാസുദേവൻ നായർ ആയിരുന്നു. ദൃശ്യവത്കരണത്തിന്റെ ചാരുത അങ്ങനെ നമ്മുടെ സിനിമയിൽ സംജാതമായി. സംഭാഷണങ്ങൾ നാടകമല്ലാതെയായി. കഥാപാത്രങ്ങൾ ജീവിതത്തിൽ സാധാരണ സംസാരിക്കുന്നപോലെ സംസാരിച്ചുതുടങ്ങി. നാടകീയത അല്ലെങ്കിൽ കൃത്രിമത്വം പാടേ തുടച്ചുനീക്കപ്പെട്ടു.

നമ്മുടെ സിനിമയെ സംബന്ധിച്ച് ഇതൊരു വലിയ മാറ്റമായിരുന്നു. എം.ടി. മാറ്റത്തിന്റെ തുടക്കക്കാരനും. പിന്നെ വന്ന സിനിമയുടെ എല്ലാ ഘടകങ്ങളിലും ഇതിന്റെ പിന്തുടർച്ചയാണ് വന്നത്. പക്കാകച്ചവടസിനിമയിൽപ്പോലും ഈ നീതിയാണ് പാലിക്കപ്പെട്ടത്. എം.ടിക്കു ശേഷം ധാരാളം പേർ തിരക്കഥയുടെ രംഗത്ത് കടന്നുവന്നു. അതിൽ ഏറ്റവും മികച്ച തിരക്കഥാകൃത്ത് പി. പത്മരാജൻ തന്നെയായിരുന്നു. ഓരോ തിരക്കഥകളും ഒന്നിൽനിന്നൊന്ന് വ്യത്യസ്തമായിരുന്നു, അദ്ദേഹത്തിന്റെത്.

വിഷയങ്ങളിലെ അത്ഭുതകരമായ വൈവിധ്യമായിരുന്നു പത്മരാജൻ തിരക്കഥകൾക്ക്. ഒരിക്കൽ മദ്രാസിൽ വച്ചായിരുന്നു, അവിചാരിതമായി ഞാൻ പത്മരാജനെ പരിചയപ്പെട്ടത്. ഒരു സിനിമാനടനെക്കാൾ സുന്ദരനായിരുന്നു പത്മരാജൻ. നല്ല തിളങ്ങുന്ന കണ്ണുകൾ. സുകുമാരമായ ശബ്ദം. നല്ല പെരുമാറ്റവും. ഒരുപാടുകാലത്തെ പരിചയമുള്ളതുപോലെയായിരുന്നു സംസാരവും പെരുമാറ്റവും. പരിചയപ്പെട്ട അന്നുമുതൽ എന്നെ സ്‌നേഹത്തോടെ വിളിച്ചത് സ്വാമീ എന്നാണ്. ഞാൻ ഒരു പട്ടരായതുകൊണ്ടാവാം അങ്ങനെ വിളിച്ചത്. ഞാൻ അദ്ദേഹത്തെ പപ്പേട്ടൻ എന്നും വിളിച്ചു. ഈ പപ്പേട്ടൻവിളി മോഹൻലാലിൽനിന്നായിരുന്നു തുടങ്ങിയത്. ഞാൻ അന്ന് മദിരാശിയിൽ വച്ച് കാണുമ്പോൾ പുള്ളി സിനിമകളുടെ വലിയ തിരക്കുകളിലായിരുന്നു. എന്നിട്ടും ഗുഡ്‌നൈറ്റ് ഫിലിംസിനു വേണ്ടി ഒരു സിനിമ ചെയ്യണമെന്ന് ഞാനന്ന് ആവശ്യപ്പെട്ടു.

‘തീർച്ചയായും സ്വാമിക്കു വേണ്ടി ഞാനൊരു പടം ചെയ്യും’ എന്നു പറഞ്ഞാണ് പിരിഞ്ഞത്. പിന്നെ കാണാനൊന്നും ഒരവസരവും അടുത്തകാലത്തൊന്നും ഉണ്ടായതുമില്ല.

കുറെ വർഷങ്ങൾ കഴിഞ്ഞു, പുള്ളി തിരക്കഥാകാരനിൽനിന്ന് സംവിധാനപ്പട്ടമൊക്കെ ഏറ്റെടുത്തു നിൽക്കുന്ന കാലത്ത് ഒരിക്കൽ ബോംബെയിൽ വന്നു. കൂടെ അദ്ദേഹത്തിന്റെ പുതിയ സിനിമ എടുക്കാൻ പോവുന്ന മണ്ണിൽ മുഹമ്മദ് എന്ന നിർമാതാവും ഉണ്ട്.

‘സ്വാമീ, ഞാൻ ബോംബെയിലുണ്ട്,’ എന്നെ ഫോണിൽ പത്മരാജൻ വിളിച്ചു.

ഞാൻ പറഞ്ഞു, ‘വൈകീട്ട് സമയമുണ്ടെങ്കിൽ വീട്ടിലേക്കു വാ. പച്ചക്കറി ഊണ് തരാം’.

അതിനു സമ്മതം മൂളി അദ്ദേഹം വന്നു. കൂടെ മണ്ണിൽ മുഹമ്മദ് എന്ന നിർമാതാവും ഉണ്ട്.

പത്മരാജന്റെ ആഗമനത്തിന്റെ ഉദ്ദേശ്യം പുതിയ പടത്തിൽ നായകനായി നിതീഷ് ഭരദ്വാജിനെ വേണം. അതിന് എന്റെ സഹായം വേണം.
‘സ്വാമീ, ആ പച്ചക്കുപ്പിയിൽ നിറച്ചുവരുന്ന ഫ്രഞ്ച് ബ്രാണ്ടി ഉണ്ടോ?’ സംസാരിച്ചിരിക്കെ, പുറത്തു ഇരുൾ വീഴുന്നതും നോക്കി പപ്പേട്ടൻ എന്നോടു ചോദിച്ചു.

ഞാൻ ബ്രാണ്ടിയുടെ പത്ത് അവതാരങ്ങളെ നിരത്തി. അതിലൊരു അവതാരത്തെ വഹിച്ചുകൊണ്ട് രസകരമായി തന്റെ പുതിയ സിനിമയുടെ കഥ പറയാൻ തുടങ്ങി:

ഒരു ഗന്ധർവന്റെ കഥ. അതിൽ ഗന്ധർവന്റെ വേഷം ചെയ്യാനാണ് നിതീഷിനെ കാണാൻ വന്നിരിക്കുന്നത്. കഥ പറയുന്നതിലും ഗന്ധർവൻ ആയിരുന്നു പപ്പേട്ടൻ. ഞാൻ ആ കഥയിൽ ശരി
ക്കും മോഹിതനായിപ്പോയി. എന്റെ ഉള്ളിൽ അമർഷം തലപൊക്കാതിരുന്നില്ല. മുഹമ്മദ് ബാത്‌റൂമിൽ പോയപ്പോൾ ഞാനത് വാക്കുകളിൽ പപ്പേട്ടനോട് പ്രകടിപ്പിച്ചു. പപ്പേട്ടൻ ഈ കഥ എനിക്കല്ലേ തരേണ്ടത്. നിങ്ങളോട് ഒരു സിനിമ ചെയ്യാൻ പലപ്പോഴും ഞാൻ  ആവശ്യപ്പെട്ടിരുന്നതുമാണ്. പപ്പേട്ടൻ ശരിക്കും വിഷമിക്കുന്നത് കാണാമായിരുന്നു.

‘ഞാൻ സ്വാമിക്കുവേണ്ടി ഉടനെ ഒരു സിനിമ ചെയ്യും’. അപ്പോഴേക്കും മുഹമ്മദ് മടങ്ങിവന്നു.

ഞങ്ങളുടെ സംസാരം മറ്റെന്തൊക്കെയോ വിഷയങ്ങളിലേക്ക് വഴുതി മാറി. രാത്രി, പിരിയാൻ നേരം വാതിലിൽ കുറച്ചു നേരം താടിയും ചൊറിഞ്ഞുനിന്ന് എന്തോ ആലോചിച്ചിട്ട്, എന്റെ മുഖത്തേക്കു നോക്കി എന്തോ പറയാനാഞ്ഞു, പറഞ്ഞില്ല. പിന്നെയും ഒരു വർഷം കഴിഞ്ഞ് പപ്പേട്ടന്റെ അസിസ്റ്റന്റ് ജോഷി എന്നെ വിളിച്ചു. മദ്രാസിൽ ഒരു ഹോട്ടലിൽ താമസിച്ചതിന്റെ ഒരു ബില്ല് സെറ്റിൽ ചെയ്യണം എന്നായിരുന്നു സന്ദേശം. ഞാനുടനെ എന്റെ മദ്രാസ് ഓഫീസിൽ വിളിച്ച് ആ ബില്ല് കൊടുപ്പിച്ചു. പപ്പേട്ടൻ അതിനു നന്ദി പറഞ്ഞുകൊണ്ട് വിളിച്ചപ്പോൾ, എറണാകുളത്ത് രണ്ടു ദിവസം കഴിഞ്ഞ് അത്യാവശ്യമായി ഒന്ന് കാണണം എന്ന് പറഞ്ഞു. ഞാനങ്ങനെ എറണാകുളത്ത് പോയപ്പോൾ പപ്പേട്ടൻ തിരഞ്ഞുപിടിച്ചു വന്നു. വലിയ സന്തോഷം തിരതല്ലുന്ന മൂഡിലാണ്.

‘സ്വാമീ, നിങ്ങൾക്ക് വിധിച്ചത് നിങ്ങൾക്കുതന്നെ കിട്ടണം’.

‘എന്താ പപ്പേട്ടാ?’ ഞാൻ ചോദിച്ചു.

‘അല്ല സ്വാമീ, ആ ഗന്ധർവന്റെ കഥ ദാ നിങ്ങൾക്ക് ഞാൻ തരുന്നു. എന്റെ കുറെ അഭ്യുദയകാംക്ഷികൾ ഈ സബ്ജക്റ്റ് ചെയ്യരുതെന്ന് പല തവണ എന്നോട് പറഞ്ഞു. ഞാൻ അതൊന്നും വകവയ്ക്കാതെയാണ് അതിനു തുനിഞ്ഞത്’.

ഞാൻ അപ്പോൾ മണ്ണിൽ മുഹമ്മദിനെപ്പറ്റിയായിരുന്നു ആലോചിച്ചത്. എന്ത് പറ്റിയിരിക്കാം അയാൾക്ക്?

സ്‌ക്രിപ്റ്റ് വായിച്ചപ്പോൾ ചില ഭാഗങ്ങളിൽ ഒരു ഇഴച്ചിൽ വരുന്നുവെന്ന് ഞാൻ പപ്പേട്ടനോട് സൂചിപ്പിച്ചു. ‘അതൊക്കെ വിഷ്വലൈസ് ചെയ്യുമ്പോൾ ശരിയായിക്കൊള്ളും. സ്വാമി അതിലൊന്നും വിഷമിക്കണ്ട’.

പത്മരാജൻ വലിയ എഴുത്തുകാരനാണ്. ഞാനോ വെറുമൊരു സിനിമാനിർമാണക്കാരൻ. ഞാൻ എന്ത് അദ്ദേഹത്തെ പഠിപ്പിക്കാനാണ്?

പഴയപോലെ ഞാൻ ബോംബെയിൽ എന്റെ ജോലിത്തിരക്കുമായി അങ്ങനെ പോയി.

താമസിയാതെ ഞാൻ ഗന്ധർവൻ ഗുഡ്‌നൈറ്റ് ഫിലിംസിന്റെ ബാനറിൽ തുടങ്ങി. രണ്ടോ മൂന്നോ
തവണ മാത്രമേ ഞാൻ ലൊക്കേഷനിൽ പോയുള്ളൂ. ഇടയ്ക്ക് പ്രൊഡക്ഷൻ മാനേജരാണ് വിളിച്ചുപറഞ്ഞത്, നായികയായി അഭിനയിക്കുന്ന സുപർണ ഷൂട്ടിങ് വിട്ടു പോയെന്ന്. അന്വേഷിച്ചപ്പോൾ പപ്പേട്ടനുമായാണ് ഇടച്ചിൽ. സുപർണ വെറുമൊരു നടിയാണ്. ആ കുട്ടിക്കറിയില്ലല്ലോ പത്മരാജൻ മലയാളത്തിലെ പ്രശസ്തനായ ഒരു എഴുത്തുകാരൻകൂടിയാണെന്ന്.
ഞാൻ വിഷമത്തിലായി. അന്വേഷിച്ചപ്പോൾ, പപ്പേട്ടനെ അനുസരിക്കാഞ്ഞതാണ് പ്രശ്‌നമെന്ന് അറിഞ്ഞു. ഞാൻ പെട്ടെന്നുതന്നെ ആ കുട്ടിയുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചു. പിന്നെയും വഴക്കൊന്നും ഉണ്ടാവാതെ നോക്കാൻ ഞാനും ലൊക്കേഷനിൽ കൂടി.

ഇനിയാണ് ഗന്ധർവസംഭവങ്ങൾ. പടത്തിന്റെ പ്രിന്റ് കണ്ടപ്പോൾ യുക്തമായ ചില അഭിപ്രായങ്ങൾ ഞാൻ പപ്പേട്ടനോട് പറഞ്ഞു. ഒന്ന്, ഒരു പാട്ട് വല്ലാതെ ബോറാവുന്നു; കേൾക്കാൻ നല്ല പാട്ടാണെങ്കിലും. മറ്റൊന്ന്, ഗന്ധർവൻ അവസാന സീനുകളിൽ പറയുന്ന ദീർഘമായ സംഭാഷണങ്ങൾ വല്ലാതെ ഇഴയുന്നു.

എന്റെ വാദം രണ്ടും പുള്ളി വകവച്ചില്ല:

‘സ്വാമീ ഞാൻ പത്മരാജനാണ്, സിനിമ എന്തെന്നും പ്രേക്ഷകർക്ക് എന്ത് കൊടുക്കണമെന്നും അറിയാവുന്നവൻ. ഞാൻ എടുത്തതൊന്നും, എഴുതിയതൊന്നും ആരും കട്ട് ചെയ്തിട്ടില്ല ഇതുവരെ. സ്വാമി പേടിക്കാതിരി. പത്മരാജനെ നല്ലോണം അറിയാവുന്നവരാണ് ഇവിടുത്തെ പ്രേക്ഷകർ’.

ഓ, ഞാൻ വെറുമൊരു നിർമാതാവ് മാത്രമല്ലേ? പത്മരാജനെ തിരുത്താനായിട്ടില്ലല്ലോ ഞാൻ?
പത്മരാജൻ എടുത്ത സിനിമ അതുപോലെതന്നെ റിലീസ് ചെയ്തു.

എന്റെ വിവരക്കേട് സത്യമായി. ആ പാട്ടുസീൻ വരുമ്പോൾ ആൾക്കാർ കോട്ടുവായിടാൻ തുടങ്ങി. ഗന്ധർവന്റെ അവസാന ഡയലോഗുകളും കാണികൾ വിരസതയോടെ, തെറി കമന്റുകളോടെയാണ് സ്വീകരിച്ചത്. പടം പൊട്ടാൻ പോവുന്നുവെന്ന് മനസ്സിലാക്കിയ ഞാൻ ആ വിരസമായ സീനുകൾ മാറ്റണമെന്ന് ഉറപ്പിച്ചുപറഞ്ഞു. അല്ലെങ്കിൽ ഞാനത് സ്വയം ചെയ്യുമെന്ന് തീർത്തുപറയുകയും ചെയ്തപ്പോൾ പുള്ളി മനസ്സില്ലാമനസ്സോടെ കുറച്ചു ഭാഗങ്ങൾ കട്ട് ചെയ്തു. അതിലും ഫലമുണ്ടായില്ല. എങ്ങനെയും പടം രക്ഷിക്കാൻ ഞാൻ ഒരു അടിയന്തരനടപടിക്കു തുനിഞ്ഞു. നിതീഷ് ഭരദ്വാജിനെ ബോംബെയിൽനിന്ന് വിളിപ്പിച്ചു. അന്ന് മഹാഭാരതം സീരിയലിൽ കൃഷ്ണനായിട്ട് അഭിനയിച്ച പ്രശസ്തിയിലാണ്. ഞാൻ വിളിച്ചപ്പോൾ തിരക്കുകൾ മാറ്റി വച്ച് നിതീഷ് എത്തി.

വടക്കൻജില്ലകളിനിന്ന് ആരംഭിച്ച് ഗന്ധർവൻ കളിക്കുന്ന തിയേറ്ററുകളിൽ ഓരോന്നിലും നിതീഷിനെയുംകൊണ്ട് ഒന്ന് കറങ്ങി അതിലൂടെ പടം കാണാൻ പ്രേക്ഷകരെ പ്രേരിപ്പിച്ചാൽ ചിലപ്പോൾ പടം ഓടിയെങ്കിലോ എന്ന വിചാരമായിരുന്നു മനസ്സിൽ. ഒരു അറ്റകൈപ്രയോഗം.

ഇതറിഞ്ഞപ്പോൾ പത്മരാജനും അതിൽ കൂടണം എന്നായി. ഞാൻ സന്തോഷപൂർവം അത് സമ്മതിച്ചു. അങ്ങനെ തിരുവനന്തപുരത്തുനിന്ന് പത്മരാജൻ എത്തി. ഒപ്പം ഗാന്ധിമതി ബാലനും. കണ്ണൂരായിരുന്നു ഞങ്ങളുടെ ആദ്യത്തെ പരിപാടി. അന്ന് ചാനലുകളുടെ ഘോഷയാത്രകളൊന്നും വന്നിട്ടില്ല. പത്രപ്പരസ്യം കണ്ടു മാത്രം ആയിരക്കണക്കിന് ആളുകൾ ഗന്ധർവൻ പ്രദർശി
പ്പിക്കുന്ന തിയേറ്റർ പരിസരത്ത് തടിച്ചുകൂടി. ഈ ജനങ്ങളെ കണ്ട് പപ്പേട്ടൻ ആഹ്ലാദവാനായി എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു, ‘സ്വാമീ, ഞാൻ നിങ്ങളെ സമ്മതിച്ചുതന്നിരിക്കുന്നു’.

പടം തുടങ്ങിയപ്പോൾ തിയേറ്ററിന്റെ ഉള്ളിൽ മുപ്പതു പേർകൂടി ഇല്ല. ഈ വന്ന ജനമൊക്കെ മഹാഭാരതം സീരിയലിൽ ശ്രീകൃഷ്ണനായി അഭിനയിക്കുന്ന നിതീഷിനെ കാണാൻ മാത്രം വന്നവരായിരുന്നു. പപ്പേട്ടന്റെ കാറ്റു പോയി. സ്വതവേ ഇത്തരം പരാജയങ്ങളെ സമചിത്തതയോടെ കാണുന്നവനായിരുന്നതുകൊണ്ട് എന്റെ കാറ്റ് അവിടെത്തന്നെ നിന്നു.

പടം പൊളിഞ്ഞു എന്ന് മനസ്സിലായതോടെ, സിനിമയിൽ വിജയക്കൊടി നാട്ടിയ ആൾ എന്ന നിലയിൽനിന്നുള്ള പതനം പത്മരാജന്റെ സകല ചൈതന്യവും കെടുത്തി.

ഒരല്പം വിട്ടുവീഴ്ച ചെയ്തിരുന്നുവെങ്കിൽ ആ പടം ഹിറ്റാവുമായിരുന്നു. അത്രമാത്രം പുതുമയുള്ള ഒരു കഥയായിരുന്നു ഞാൻ ഗന്ധർവന്റേത്. ഒരുപാടു സിനിമകളെ കാശു വാരിച്ച സംവിധായകനും തിരക്കഥാകാരനും ആയിരുന്നല്ലോ അദ്ദേഹം.

ഞങ്ങൾ കണ്ണൂരിൽനിന്ന് അന്നുതന്നെ കോഴിക്കോട്ടു വന്ന് മുറികളെടുത്തു. ഞാനും നിതീഷും ഒരു മുറിയിലായിരുന്നു. രാത്രി രണ്ടു ഡ്രിങ്ക് അത്യാവശ്യമാണെന്നു തോന്നിയതിനാൽ ഞങ്ങൾ
അത് തുടങ്ങിയപ്പോൾ ഗാന്ധിമതി ബാലന് പത്മരാജന്റെ സഹധർമിണിയുടെ ഫോൺ വന്നു. ഒരു ഉഴിച്ചിൽ കഴിഞ്ഞ് വിശ്രമിക്കേണ്ട സമയത്താണ് പത്മരാജൻ എത്തിയിരിക്കുന്നത്, ഒരു കാര്യം ശ്രദ്ധിക്കണം, പുള്ളിക്ക് ഡ്രിങ്ക് ഒന്നും കൊടുക്കരുത് എന്നായിരുന്നു ആ സന്ദേശം. എന്നാൽ ഞങ്ങൾ ഓരോ ഡ്രിങ്കുമായിരിക്കുന്നത് കണ്ടപ്പോൾ, മാനസികമായി തളർന്ന അദ്ദേഹവും ഒരു
ഡ്രിങ്ക് വേണമെന്ന് പറഞ്ഞു. ഞാൻ ഒത്തിരി എതിരു പറഞ്ഞിട്ടും പപ്പേട്ടൻ കേട്ടില്ല. ഒന്നിൽ നിന്നില്ലെന്നു പറയേണ്ടതില്ലല്ലോ.

കൂടുതൽ ആവാതെ ഞാൻ ഇടപെട്ടു. അപ്പോൾ പുള്ളി മതിയാക്കി. നിതീഷിനോടും എന്നോടും യാത്ര പറഞ്ഞു പോയി. എന്നാൽ വാതിൽ കടന്ന പപ്പേട്ടൻ തിരിച്ചുവന്നു. എന്റെ കൈക്കു പിടിച്ച്
മുറിയുടെ ഒരു മൂലയിലേക്ക് മാറ്റിനിർത്തി. യുദ്ധത്തിൽ തോറ്റുപിടയുന്നപോലെയായിരുന്നു അദ്ദേഹം. സജലങ്ങളായിരുന്നു ആ നീലക്കണ്ണുകൾ. ആ മുഖത്ത് ചില പ്രത്യേക വെളിച്ചങ്ങളാണ്,
ഞാൻ കണ്ടത്. ‘സ്വാമി ഇനി എനിക്കൊരു പടംകൂടി തരണം. ഒന്നോർത്തോ, പത്മരാജൻ ജീവിതത്തിൽ ആരോടും ഒരു പടം തരാൻ കെഞ്ചിയിട്ടില്ല’. ആ വാക്കുകൾ അദ്ദേഹത്തിന്റെ ചിറകടികളായിരുന്നു  എന്നറിയാതെ ഞാൻ പപ്പേട്ടനെ കെട്ടിപ്പിടിച്ചു.

‘പപ്പേട്ടൻ പോയി കിടക്ക്,’ ഞാൻ അദ്ദേഹത്തിനോടു പറഞ്ഞു.

എന്നിൽനിന്ന് കൈത്തലം പിൻവലിച്ചു പോവുമ്പോൾ വളരെ സ്പഷ്ടമായി മറ്റൊന്നുകൂടി പറഞ്ഞു, ‘സ്വാമിക്ക് ഈ പടം നഷ്ടമായാലും, ഈ പടത്തിന്റെ പേരിൽ ഗുഡ്‌നൈറ്റ് മോഹൻ എന്ന പ്രൊഡ്യൂസർ ഓർമിക്കപ്പെടും എക്കാലവും. തീർച്ചയാണത്’.

പിറ്റേന്ന് രാവിലെ എന്റെ മുറിയുടെ വാതിലിൽ വന്നു മുട്ടിയത് പപ്പേട്ടന്റെ മരണവാർത്തയായിരുന്നു. ആ മരണത്തിന്റെ ഞെട്ടൽ പറഞ്ഞറിയിക്കാനാവാത്തതായി
രുന്നു. ഭീതിദമായ എന്തൊക്കെയോ അതിന്റെ പിന്നാലെ വരുമ്പോലെ തോന്നി. പത്മരാജന്റെ മരണവാർത്ത പിറ്റേന്നാണ് പരക്കേ അറിഞ്ഞത്. ഇന്നത്തെപ്പോലെ ചാനലുകൾ ഒന്നുമില്ലാത്ത കാലമല്ലേ. എറണാകുളം വരെ നിതീഷ് കൂടെ വന്നു. അവിടെ നിന്ന് അയാൾ ബോംബെയ്ക്കു പോയി. ഒരു വിലാപയാത്രയായിട്ടായിരുന്നു പപ്പേട്ടന്റെ ഭൗതികശരീരം മുതുകുളത്തെ തറവാട്ടിൽ എത്തിച്ചത്. അപ്പോഴേക്കും രാത്രി പന്ത്രണ്ടു മണി കഴിഞ്ഞിരുന്നു.

ഞാൻ അന്ന് രാത്രി ചെറിയാൻ കല്പകവാടിയുടെ വീട്ടിൽ തങ്ങി. രാവിലെ ചെറിയാന്റെ അമ്മ എനിക്ക് വിചിത്രമായ ഒരു പ്രാതൽ തന്നിട്ടായിരുന്നു മുതുകുളത്തേക്ക് വിട്ടത്. മുട്ടക്കറിയും
പുട്ടുമായിരുന്നു ആ പ്രാതൽ. രാവിലെ ഒൻപതു മണിക്കുതന്നെ ശവസംസ്‌കാരച്ചടങ്ങുകൾ നടന്നു. പപ്പേട്ടന്റെ ജീവിച്ചിരിക്കുന്ന അമ്മയുടെ നിർവികാരമാർന്ന മുഖം എന്നെ വല്ലാതെ തളർത്തി
ക്കളഞ്ഞു. ഒരിറ്റു കണ്ണീരുമില്ലാതെ, യാത്ര ചൊല്ലിപ്പോയ മകന്റെ മുഖവും നോക്കിയിരുന്ന ആ അമ്മയുടെ രൂപം മറക്കാനാവുന്നില്ല. മുതുകുളത്തുനിന്ന് ഞാനും ഗാന്ധിമതി ബാലനും കൂടി ഒരു
കാറിൽ തിരുവനന്തപുരത്തേക്കു പുറപ്പെട്ടു. എനിക്ക് അവിടെനിന്ന് ബോംബെയ്ക്കു പോകാമല്ലോ. ഞാൻ പിൻസീറ്റിലും ബാലൻ മുന്നിലുമായാണ് ഇരുന്നിരുന്നത്. ഉറക്കക്ഷീണത്താൽ ഞങ്ങൾ പെട്ടെന്നുതന്നെ ഉറങ്ങിപ്പോയി.

എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടുണരുമ്പോൾ ഞാൻ രക്തത്തിൽ കുളിച്ചിരിക്കുന്നു. ഞങ്ങൾ സഞ്ചരിച്ചിരുന്ന കാറ് ഒരു വണ്ടിയുമായി ഇടിച്ചുതകർന്നിരിക്കുന്നു. പുറത്തു ജനക്കൂട്ടമുണ്ട്. സിനിമാക്കാരുടെ കാറാണ് അപകടത്തിൽപ്പെട്ടിരിക്കുന്നതെന്ന് ആരോ പറഞ്ഞറിഞ്ഞ് കാറ് വെട്ടിപ്പൊളിച്ച് എന്നെയും ബാലനെയും നാട്ടുകാർ പുറത്തെടുത്തു. ഗാന്ധിമതി ബാലന് ബോധമില്ല. എന്റെ തലയിൽ മുഴുവൻ ചോരയാണ്. കുപ്പിച്ചില്ലുകൾ തറഞ്ഞിരിക്കുന്നു. തൊട്ടടുത്തുള്ള ഒരു സർക്കാർ പരിപാലനകേന്ദ്രത്തിൽ കൊണ്ടുപോയി. ഞങ്ങൾക്കു പിന്നാലെ നിരനിരയായി മുതുകുളത്തുനിന്ന് വന്ന സിനിമാക്കാർ പലരും ആ അപകടമുണ്ടായിടത്ത് ഇറങ്ങി. ഗുഡ്‌നൈറ്റ് മോഹൻ വന്ന കാറാണ് തകർന്നുകിടക്കുന്നത്, പുള്ളി അപ്പോൾത്തന്നെ മരിച്ചു എന്ന വാർത്തയും പരന്നു. നടൻ ഗണേശനും മേനകാ സുരേഷുമൊക്കെ ഉറക്കെ നിലവിളിച്ചുകൊണ്ടു വന്നപ്പോൾ ഞാൻ ജീവനോടെയുണ്ട്.

ഉടനെ അവർ എന്നെയും ബാലനെയും വെവ്വേറെ വാഹനങ്ങളിൽ കേറ്റി തിരുവനന്തപുരത്തേക്കു പാഞ്ഞു. ഒരു സംഘം കാറുകൾ പുറകെ. അവിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കും മുൻപ് ഞാൻ
ഒരു ഫോൺബൂത്തിൽ കയറി ബോംബെയിലെ വീട്ടിലേക്കു വിളിച്ചു. വിചാരിച്ചപോലെ എന്റെ മരണവാർത്ത അവിടെയും എത്തിയിയിരുന്നു.

ഞാൻ ചത്തിട്ടില്ലെന്ന് ഭാര്യയെ പറഞ്ഞറിയിക്കാൻ ചില്ലറ പാടല്ല പെട്ടത്. അന്ന് എന്റെ അമ്മയും ബോംബെയിലുണ്ട്. അമ്മയുമായും ഞാൻ സംസാരിച്ചു. അവരെയും സമാധാനിപ്പിച്ചിട്ടാണ് ആശുപത്രിയിൽ പ്രവേശിച്ചത്. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു വാർത്തയെത്തി. ബോംബെയിൽ നിന്ന് പൂനെയ്ക്ക് പോകവേ നിതീഷ് ഭരദ്വാജിന്റെ കാറ് അപകടത്തിൽപ്പെട്ടു, ചില്ലറ പരിക്കുകളോടെ രക്ഷപ്പെട്ടെന്ന്. എന്തോ ശാപം പിന്തുടരുന്നപോലെ.

വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും വയ്യാത്ത കാര്യങ്ങളാണ്. ഏറ്റവും വിചിത്രം, ഒരുപാടു നാൾക്കു ശേഷം ഞാൻ ആലപ്പുഴനിന്ന് തിരുവനന്തപുരത്തേക്കു വരുമ്പോൾ അന്ന് അപകടമുണ്ടായ അതേ സ്ഥലത്തുവച്ചുതന്നെ സഞ്ചരിച്ചിരുന്ന കാറിന്റെ ആക്‌സിൽ ഒടിഞ്ഞു.
വിചിത്രമാണോ ഇത്?

സത്യമുണ്ടോ ഈ കാര്യങ്ങളിൽ?

അറിയില്ല. ഒരു സത്യം പറയട്ടെ. ഇന്നും എന്നിൽ ഗന്ധർവൻ റീമേക്ക് ചെയ്യണം എന്ന വലിയ
ആശ വളരുകയാണ്. അത്രമാത്രം അചുംബിതമാണ് അതിന്റെ കഥ. പത്മരാജനല്ലാതെ മറ്റാർക്കും എഴുതാനാവില്ല ഇങ്ങനെ ഒരു കഥ.

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ ‘മോഹന’ത്തിലെ പത്മരാജനെക്കുറിച്ചുള്ള അധ്യായമാണ് ഇത്.)