മാമ, എന്റെയും അമ്മ

ടി.ഡി. രാമകൃഷ്ണൻ

2014-ൽ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി പ്രസിദ്ധീകരിച്ച് അഞ്ച് വർഷങ്ങൾക്ക് ശേഷം എന്റെ നാലാമത്തെ നോവൽ മാമ ആഫ്രിക്ക ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. മാധ്യമം ആഴ്ചപ്പതിപ്പിൽ സീരിയലൈസ് ചെയ്യുമ്പോഴും കഴിഞ്ഞ ഏപ്രിൽ അവസാനം പുസ്തകമായി പ്രസിദ്ധീകരിച്ചതിന് ശേഷവും വായനക്കാരിൽ നിന്ന് വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നുത്.

ഒരു കൃതി കഥയോ, നോവലോ, കവിതയോ എന്തായാലും എഴുതിക്കഴിഞ്ഞാൽ പിന്നെ വായനക്കാരുടേതാണ്. അവരുടെ വായനയിലൂടെയാണ് ആ സൃഷ്ടി പൂർണമാകുന്നത്. വാസ്തവത്തിൽ ഓരോ വായനക്കാരന്റെ വായനയിലും അത് മറ്റൊരു കൃതിയായി മാറുകയാണ് ചെയ്യുന്നത്. സർഗാത്മകമായ വായനകൾ
പലപ്പോഴും കൃതിയെ സ്രഷ്ടാവിന്റെ സങ്കല്പങ്ങൾക്കപ്പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്യും. എഴുത്തുകാരന് ആ വായനകളെ അത്ഭുതത്തോടെ നോക്കിനിൽക്കാനേ കഴിയൂ. കൃതിയുടെ പുതിയ അർത്ഥതലങ്ങളും രാഷ്ട്രീയമാനങ്ങളും അത്തരം വായനകളിലൂടെയാണ് പുറത്ത് വരിക. അവ സൗന്ദര്യശാസ്ത്രപരമായ പുതിയ ദർശനങ്ങൾ മുതൽ രാഷ്ട്രീയവും ഘടനാപരവുമായ വിമർശനങ്ങൾ വരെയാകാം. എന്തായാലും അത്തരം വായനകൾ കൃതിയെ സംവാദങ്ങൾക്കുമുള്ള ഒരു ഭൂമികയായി മാറ്റും. ആദ്യ നോവലായ ആൽഫ മുതൽ മാമ ആഫ്രിക്ക വരെയുള്ള കൃതികൾ വായനക്കാരുടെ സർഗാത്മകമായ ഇടപെടലുകളിൽക്കൂടി അത്ത
രം സംവാദങ്ങൾക്കുള്ള ഭൂമികകളായി മാറുന്നതിൽ വലിയ സന്തോഷമുണ്ട്. എന്റെ കൃതികൾ ഗൗരവമായി വായിക്കുന്ന വായനക്കാരോട് ഏറെ നന്ദിയും.

എഴുതിക്കഴിഞ്ഞ കൃതിയെക്കുറിച്ച് ഗ്രന്ഥകർത്താവ് തന്നെ കൂടുതൽ വിശദീകരിക്കുന്നതിൽ വലിയ ശരികേടുണ്ടെന്ന് കരുതുന്നയാളാണ് ഞാൻ. കാരണം അത് വായനക്കാരന്റെ ഭാവനയുടെ ജനാലകളെ അടച്ചു കളഞ്ഞേക്കാം. അതുകൊണ്ടാണ് മാമാ ആഫ്രിക്കയെപ്പറ്റി കൂടുതൽ വിശദീകരിക്കാതെ അതിന്റെ രചനയെ സംബന്ധിക്കുന്ന ചില കാര്യങ്ങൾ മാത്രം ഇവിടെ പറയാമെന്ന് കരുതുന്നത്. അത് വായനയിൽ സംഭവിക്കാനിടയുള്ള ചില തെറ്റിദ്ധാരണകളെ തിരുത്താൻ വേണ്ടി കൂടിയാണ്. ഒന്നാമതായി ഈ നോവലിൽ താരാ വിശ്വനാഥിന്റെ രചനകൾ എഡിറ്റ് ചെയ്ത് അവതരിപ്പിക്കുന്നത് ടി ഡി രാമകൃഷ്ണൻ തന്നെയാണെന്ന് വായനക്കാർ ധരിക്കാനിടയുണ്ട്. അത് പൂർണമായി ശരിയല്ല.

ആ എഡിറ്റർ ഒരു കഥാപാത്രമാണ്. ആ കഥാപാത്രത്തിലെ ചെറിയൊരു അംശം മാത്രമേ ഞാനുള്ളൂ. 1980-ൽ ആലുവ യു സി കോളേജിൽ രണ്ടാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോൾ മിറർ മാസികയിലെ പെൻപാൾസ് പേജിൽ നിന്ന് അഡ്രസ് ശേഖരിച്ച് മെക്കരെറെ യൂണിവേഴ്‌സിറ്റിയിലെ ഒരു പെൺകുട്ടിക്ക് (അവളുടെ പേര് താരയെന്നല്ല) എന്റെ മുറി ഇംഗ്ലീഷിൽ ഒരു കത്തയച്ചുവെന്നതും അതിനവൾ ഇനി കഷ്ടപ്പെട്ട് ഇംഗ്ലീഷിൽ കത്തെഴുതണമെന്നില്ല, മലയാളത്തിൽ എഴുതിയാൽ മതി എന്ന് പറഞ്ഞ് നല്ല മനോഹരമായ മലയാളത്തിൽ മറുപടി അയച്ചുവെന്നതും മാത്രമേ സത്യമായിട്ടുള്ളൂ. അതിന് ഞാനയച്ച മറുപടിയോടെ ഞങ്ങൾ തമ്മിലുള്ള തൂലികാസൗഹൃദം അവസാനിച്ചു. മറുപടി വന്നില്ല. എന്താണതിന് കാരണമെന്ന് എനിക്കിപ്പോഴുമറിയില്ല. ഷാർജാ പുസ്തകോത്സവത്തിൽ വച്ച് ഒരു ആഫ്രിക്കൻ പെൺകുട്ടിയെ പരിചയപ്പെടാനിടവന്നപ്പോൾ ഭാവനയിൽ തോന്നിയതാണ് ബാക്കി കാര്യങ്ങളെല്ലാം.

രണ്ടാമതായി, താരാ വിശ്വനാഥിന്റേതായി ഉൾപ്പെടുത്തിയിരിക്കുന്ന രചനകൾ എഴുതപ്പെടുന്ന കാലമാണ് അല്പം വിശദീകരണം ആവശ്യപ്പെടുന്നത്. 1979 മുതൽ 1989 വരെയുള്ള പത്തു വർഷങ്ങളിലാണ് താര ആ കൃതികൾ രചിച്ചിരിക്കുന്നത്. രാഷ്ട്രീയമായും ദാർശിനകമായും സാമൂഹികമായും താര സ്വീകരിക്കുന്ന നിലപാടുകൾ ആ കാലഘട്ടത്തിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. സോവിയറ്റ് യൂണിയൻ ആടിയുലയാൻ തുടങ്ങിയ കാ
ലം. അടിയന്താരവസ്ഥയ്ക്ക് ശേഷം കേരളത്തിൽ ഇടതുപക്ഷം പ്രതീക്ഷയർപ്പിക്കാവുന്ന തരത്തിൽ മുന്നോട്ട് വരുന്നുവെന്ന് തോന്നിച്ച കാലം. എന്നാൽ ആഗോളതലത്തിൽ വിപ്ലവ പ്രസ്ഥാനങ്ങളിലുൾപ്പെടെ സമൂഹത്തിലെ പുരുഷമേൽക്കോയ്മയെ സ്ത്രീ തിരിച്ചറിയാനും അതിനെതിരെ ശക്തിയായി പ്രതികരിക്കാനും തുടങ്ങിയ കാലം. ആഫ്രിക്കൻ സാഹിത്യത്തിൽ ബ്ലാക്ക് ലിറ്ററേച്ചർ അതിശക്തമായി മുന്നോട്ട് വരുന്ന കാലം. വളരെ സങ്കീർണമാ
യ ആ കാലത്തിലാണ് താരയുടെ രചനകൾ സംഭവിക്കുന്നത്.

യൂഗാണ്ടയിൽ ഇദി അമിന്റെ പതനത്തിന് ശേഷം രാഷ്ട്രീയ അസ്ഥിരതയുടെ, ഒരേസമയം പ്രതീക്ഷയുടേയും നിരാശയുടേയും, കാലമാണത്. എയ്ഡ്‌സ് എന്ന മഹാമാരി ആഫ്രിക്കയെ വിഴുങ്ങാൻ തുടങ്ങിയ കാലം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രാഷ്ടട്രീയശരികൾ വച്ച് താരയുടെ അക്കാലത്തെ എഴുത്തിനേയും
നിലപാടുകളേയും മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ പ്രശ്‌നങ്ങൾതോന്നാം.

കാലത്തെപ്പോലെ താരയെന്ന വ്യക്തിയേയും എഴുത്തുകാരിയേയും രൂപപ്പെടുത്തുന്നതിൽ കുടുംബത്തിലെ സാഹചര്യങ്ങളും വലിയ പങ്കുവഹിക്കുന്നുണ്ട്. 80 കൊല്ലം മുമ്പ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ കേരളത്തിലെ ഒരു സവർണ കുടുംബത്തിൽ നിന്ന് ആഫ്രിക്കയിലേക്ക് പോയ മുത്തച്ഛന്റെ, മലയാളഭാഷയോടൊപ്പം കേരളീയ സവർണ ആചാരാനുഷ്ഠാനങ്ങളേയും മുറുകെ പിടിക്കുന്ന ഒരു കുടുംബാന്തരീക്ഷത്തിലാണ് അവൾ വളരുന്നത്. രാമായണം കാണാതെ ചൊല്ലുന്നതും ലളിതാസഹസ്രനാമവും പൂജാമുറിയുമെല്ലാം അതിന്റെ ഭാഗമാണ്. ആഫ്രിക്കയിലാണ് ജീവിക്കുന്നതെങ്കിലും അവളുടെ ദൈവീകമായ സങ്കല്പങ്ങൾ ഭാരതീയമാണ്. അവളുടെ സ്വപ്‌നങ്ങളും അവൾ തന്റെ രക്ഷയ്ക്കായി സൃഷ്ടിക്കുന്ന മാമ എന്ന ദേവീസങ്കല്പവുമെല്ലാം അതിൽ നിന്നാണ് രൂപം കൊള്ളുന്നത്. എന്നാൽ വീട്ടിൽ നിന്ന് പുറത്ത് കടന്നാൽ താരയ്ക്ക് പൊള്ളുന്ന ആഫ്രിക്കൻ യാഥാർത്ഥ്യത്തിലാണ് ജീവിക്കേണ്ടി വരുന്നത്. താരയുടെ അച്ഛനമ്മമാരും മുത്തച്ഛനുമെല്ലാം ആ സങ്കീർണതയെ അഭീമുഖീകരിക്കേണ്ടി വരുന്നവരാണ്. താരയുടെ ഭാവനതന്നെ പ്രവർത്തിക്കുന്നത് ഈയൊരു വിചിത്ര പശ്ചാത്തലത്തിലാണ്.

താരയുടെ മുത്തച്ഛൻ കോമ്രേഡ് പണിക്കർ എന്തിനാണ് കേരളീയ സവർണബോധം കൂടെ കൊണ്ടുനടക്കുന്നത് എന്ന ചോദ്യം സ്വാഭാവികമാണ്. അത് ആ കാലഘട്ടത്തിലെ കിഴക്കനാഫ്രിക്കൻ സാമൂഹ്യസാഹചര്യങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്താൽ മാത്രമേ വ്യക്തമാകൂ. അവിടെ റെയിൽവെ ജോലിക്കാരായെത്തിയ ഇന്ത്യക്കാർക്ക്, അവരെ സംബന്ധിച്ചിടത്തോളം വളരെ പ്രാകൃതമെന്ന് തോന്നിയ, ആഫ്രിക്കൻ ഗോത്രപാരമ്പര്യ
ങ്ങൾ ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. ബ്രിട്ടീഷ് രീതികളോട് ചേർന്നുപോകാനും കഴിയില്ല. അത്തരമൊരു സാഹചര്യത്തിൽ തങ്ങളുടെ പാരമ്പര്യത്തേയും ആചാരങ്ങളേയും പിന്തുടരുക എന്നതല്ലാതെ അവരുടെ മുന്നിൽ മറ്റ് വഴികളൊന്നുമുണ്ടായിരുന്നില്ല. അവരിൽ ഭൂരിപക്ഷം വരുന്ന ഗുജറാത്തികളും സിക്കുകാരും ഈ വഴിതന്നെയാണ് സ്വീകരിക്കുന്നത്. ഇന്ത്യൻ വംശജരുടെ ഈ മനോഭാവമാണ് അവരെ ആഫ്രിക്കക്കാരിൽ നിന്ന് അകറ്റുന്നതും ശത്രുപക്ഷത്തെത്തിക്കുന്നതും. രാഷ്ട്രീയമായി കമ്മ്യൂണിസം ഒരു മോചനമാർഗമായി സ്വീകരിക്കുമ്പോഴും സാമൂഹികമായ ആചാരാനുഷ്ഠാനങ്ങളെ കോമ്രേഡ് പണിക്കർക്ക് ഉപേക്ഷിക്കാൻ കഴിയുന്നില്ല. ലോകത്തിലെ പല ഭാഗങ്ങളിലും കമ്മ്യൂണിസമെന്ന പ്രത്യയശാസ്ത്രം പ്രായോഗികതലത്തിൽ ഈ വൈരുധ്യത്തെ അഭിമുഖീകരിക്കുന്നുണ്ടല്ലോ. വീട്ടിനകത്ത് കേരളീയ സവർണ ആചാരാനുഷ്ഠാനങ്ങളുടേയും പുറത്ത് ആഫ്രിക്കൻ ഗോത്രനീതികളുടേയുമിടയിൽ വിടർന്ന് കരിഞ്ഞുപോവുന്ന വിപ്ലവസ്വപ്‌നങ്ങളാണ് കോമ്രേഡ് പണിക്കർ മുതൽ താരാ വിശ്വനാഥ് വരെയുള്ള തലമുറകളുടേത്. സ്വാഭാവികമായും അവക്ക് ദാർശനികവും വൈകാരികവുമായ ദുരന്തങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു.

താരയുടെ ഭാഷയുടേയും എഴുത്തിന്റേയും സാധ്യതകളേയും പരിമിതികളേയും ഈയൊരു പശ്ചാത്തലത്തിൽ വേണം മനസ്സിലാക്കാൻ. ഇംഗ്ലീഷിലും സ്വഹിലിയിലും സ്വീകരിക്കപ്പെടുമ്പോഴും മലയാളത്തിൽ അവ പ്രസിദ്ധീകരിക്കാൻ ശ്രമിച്ച് പരാജയപ്പെടുന്നത് അതുകൊണ്ടാണ്. മലയാള സാഹിത്യത്തിൽ ഈ കാലഘട്ടത്തിൽ സംഭവിക്കുന്ന ഭാവുകത്വ പരിണാമങ്ങളോടൊപ്പമെത്താൻ താരയ്ക്ക് കഴിയുന്നില്ല. അല്ല, താരയുടെ ഭാവുകത്വപരി
സരങ്ങളിലേക്കെത്താൻ മലയാള സാഹിത്യതത്തിന് കഴിയുന്നില്ല. എഴുതുന്ന ഭാഷ മലയാളമാണെങ്കിലും സമകാലിക മലയാള സഹിത്യവുമായി അവൾക്ക് അത്ര അടുത്ത ബന്ധമില്ല. എഴുത്തച്ഛനിലും രാമായണത്തിലും രൂപംകൊണ്ട താരയുടെ സെൻസിബിലിറ്റി എംടിയുടെ മഞ്ഞ് വരെ മാത്രമേ വളരുന്നുള്ളൂ. എന്നാൽ
ആഫ്രിക്കൻ സാഹിത്യത്തിലെ മാറ്റങ്ങളെ പിന്തുടരാനും അതിനനുസരിച്ച് തന്റെ എഴുത്തിനെ നവീകരിക്കാനും അവൾ ശ്രമിക്കുന്നുണ്ട്.

പക്ഷേ അതും സൈദ്ധാന്തികവും ഭാവുകത്വപരവുമായ കലഹമായി അവസാനിക്കുകയാണ്. കറുത്തവനും വെളുത്തവനുമിടയിൽ ജീവിക്കേണ്ടി വരുന്ന ഇന്ത്യക്കാരന്റെ സ്വത്വപ്രതിസന്ധി അവളുടെ സർഗാത്മകതയെ കാര്യമായി ബാധിക്കുന്നുണ്ട്. താരയ്ക്ക് തന്റെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന ദുരന്തങ്ങളും ദുരിതങ്ങളുമാണ് അവളുടെ എഴുത്തിന്റെ സ്വഭാവത്തെ നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന മറ്റൊരു ഘടകം. അവൾ തന്റെ രചനകളിലൂടെ സ്വന്തം ജീവിതത്തെ സത്യസന്ധമായി രേഖപ്പെടുത്തുകയാണെന്ന് നമുക്കുറപ്പിക്കാൻ കഴിയില്ല. എഡിറ്റർ തിരഞ്ഞെടുത്ത ആത്മകഥാ സ്വഭാവമുള്ള രചനകളിൽ നിന്ന് നമ്മൾ അവളുടെ ജീവിതം വായിച്ചെടുക്കാൻ ശ്രമിക്കുകയാണ്. ആ രചനകളിൽ തീർച്ചയായും ഭാവന ഒരു പ്രധാന പങ്ക് വഹിച്ചിരിക്കാം. അതുപോലെ തനിക്ക് വെളിപ്പെടുത്താൻ താത്പര്യമില്ലാത്ത യാഥാർത്ഥ്യങ്ങൾ പലതും അവൾ മറച്ച് വയ്ക്കാനും
സാധ്യതയുണ്ട്. കാരണം ഭാവിയിൽ തന്റെ രചനകൾ മറ്റാരെങ്കിലുമെടുത്ത് അതിൽ നിന്ന് തന്റെ ജീവിതം വായിച്ചെടുക്കാൻ ശ്രമിക്കുമെന്ന് പ്രതീക്ഷിച്ചിട്ടായിരിക്കില്ല അവ എഴുതിയിരിക്കുക. കറുപ്പിനും വെളുപ്പിനുമിടയിൽ എന്ന അപൂർണമായ കൃതിയൊഴികെ മറ്റൊന്നും ആത്മകഥാംശമുള്ളതാണെന്ന് അവൾ അവകാശപ്പെടുന്നുമില്ല. അങ്ങിനെ നോക്കുമ്പോൾ ഈ രചനകളിലൂടെ നമ്മൾ കാണുന്നത് താരാ വിശ്വനാഥിന്റെ യാഥാർത്ഥ്യവും ഭാവനയും കലർന്ന ഒരു ജീവിതമാണെന്ന് മനസ്സിലാവും.

താരാ വിശ്വനാഥിന്റെ വ്യത്യസ്ത രചനകളിൽക്കൂടി കടന്നുപോകുമ്പോൾ പല സന്ദർഭങ്ങളിലും വിഷയങ്ങളിലും അവൾ സ്വീകരിക്കുന്ന നിലപാടുകളിലെ വൈരുദ്ധ്യങ്ങൾ വായനക്കാരെ അത്ഭുതപ്പെടുത്തിയേക്കാം. ആ രചനകൾ വ്യത്യസ്ത കാലഘട്ടങ്ങളിൽ എഴുതപ്പെട്ടവയാണെന്നതാണ് അതിന് കാരണം. ആ കാലത്തിനിടയിൽ അവളുടെ നിലപാടുകളെ മാറ്റിമറിക്കുന്ന പല സംഭവങ്ങളും നടക്കുന്നുണ്ട്. ആ അനുഭവങ്ങളുടെ പശ്ചാത്തലത്തി
ൽ അവൾ സമൂഹത്തിലേയും പ്രസ്ഥാനത്തിന്റേയുമകത്തെ സ്ത്രീവിരുദ്ധത തിരിച്ചറിയുന്നുണ്ട്. അതിജീവനത്തിനായി തന്റെ ശരീരവും മനസ്സും രണ്ടാണെന്ന വിചിത്രമായൊരു നിലപാടിൽ അഭയം പ്രാപിക്കേണ്ടി വരുന്നുണ്ട്. ശരീരം ഒരു ബാധ്യതയല്ല സാധ്യതയാണ് എന്ന് തിരിച്ചറിയുന്നുണ്ട്. തന്റെ ആദ്യപ്രണയത്തെ
സ്വാർത്ഥലാഭത്തിനായി വലിച്ചെറിയുന്നുണ്ട്. താരയുടെ കഥകളിലെ കഥാപാത്രങ്ങൾക്കും പല അവസരങ്ങളിൽ ഇത്തരം ചാഞ്ചാട്ടം സംഭവിക്കുന്നത് കാണാം. എന്തുകൊണ്ടാണ് അങ്ങിനെയാകുന്നത്?

മനുഷ്യനെന്ന ജന്തുവിഭാഗത്തിന്റെ വ്യക്തിപരവും സാമൂഹ്യവുമായ ജീവിതപരിസരങ്ങൾ തമ്മിൽ നിരന്തരമായി സംഭവിക്കുന്ന സംഘർഷങ്ങളുടെ ഫലമാണത്. മതത്തിന്റേയോ ജാതിയുടേയോ വർണത്തിന്റേയോ ലിംഗത്തിന്റേയോ ലളിതസമവാക്യങ്ങളുപയോഗിച്ച് നിർദ്ധാരണം ചെയ്യാൻ കഴിയാത്ത വിധം അതീവ സങ്കീർണമാണ് ഈ സംഘർഷങ്ങളുടെ സാമൂഹിക ബലതന്ത്രം. ഓരോരോ കാലത്തിലും സമൂഹത്തിലും നന്മതിന്മകളെക്കുറിച്ച് നിലനിൽക്കുന്ന മൂല്യബോധങ്ങൾ വ്യക്തിപരമായ താത്പര്യങ്ങൾക്കനുസരിച്ചോ അധികാരത്തിന്റെ നിർബന്ധങ്ങൾക്ക് വഴങ്ങിയോ നിരന്തരമായി ലംഘിക്കപ്പെടുന്നുണ്ട്. അപ്പോൾ നന്മതി
ന്മകളെക്കുറിച്ചുള്ള സങ്കല്പനങ്ങൾ തന്നെ വളരെ ആപേക്ഷികമായി മാറുന്നു. അ തുപോലും ഓരോ വ്യക്തിയിലും പല രീതിയിലും, പലയളവിലും പ്രവർത്തിക്കുന്നു. ഒരു പ്രത്യേക സന്ദർഭത്തിൽ ഒരു വ്യക്തി സ്വീകരിക്കുന്ന നിലപാട് അവന്റെ അല്ലെങ്കിൽ അവളുടെ സ്വാർത്ഥത, ആർത്തി, അതിജീവിനം എന്നിങ്ങനെ നി
രവധി ഘടകങ്ങളാൽ സ്വാധീനിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു. അങ്ങിനെ നോക്കുമ്പോൾ എല്ലാതരം ലളിത സമവാക്യങ്ങൾക്കുമപ്പുറത്താണ് മനുഷ്യജീവിതത്തെ സംബന്ധിക്കുന്ന യാഥാർത്ഥ്യങ്ങളെന്ന, നമുക്കംഗീകരിക്കാൻ താത്പര്യമില്ലാത്ത സത്യത്തെ അഭിമുഖീകരിക്കേണ്ടി വരുന്നു. ആ വൈരുദ്ധ്യങ്ങളാണ് താരയുടെ ജീവിതത്തിലൂടെയും രചനകളിലൂടെയും ആവിഷ്‌കരിക്കപ്പെടുന്നത്.

മാമ ആഫ്രിക്കയുടെ എഴുത്തനുഭവം മുൻ കൃതികളുടേതിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു. താര ഒരു എഴുത്തുകാരിയാണെന്നതുതന്നെയായിരുന്നു അതിന് പ്രധാന കാരണം. എന്റെ മുൻനോവലുകളിലെ നായികമാരേക്കാൾ എനിക്കവൾ വ്യക്തിപരമായി പ്രിയപ്പെട്ടവളാണെന്നതാണ് അതുപോലെ പ്രധാനപ്പെട്ട
മറ്റൊരു കാരണം. നോവലെഴുതി തുടങ്ങി മൂന്നോ നാലോ അദ്ധ്യായങ്ങൾ കഴിയുന്നതോടെ അതിലെ പ്രധാന കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്ന മനുഷ്യരെപ്പോലെ നമ്മളോട് സംസാരിക്കാനും അടുത്തിടപഴകാനും തുടങ്ങുന്നത് ഇതിനുമുമ്പും എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. എന്നാൽ അതിലുപരി താര രചനയുടെ ഓരോ ഘട്ടത്തിലും കുസൃതി പറഞ്ഞും പിണങ്ങിയും കലഹിച്ചും കരഞ്ഞും ഒപ്പമുണ്ടായിരുന്നു. ഇദി അമിനെ തോക്കെടുത്ത് വെടിവച്ച് കൊല്ലാൻ ശ്രമിക്കുന്ന ഒരു ഭാഗമുണ്ട് ഈ നോവലിൽ. അതെഴുതുമ്പോൾ, ”വേണ്ട, എനിക്കാരേയും കൊല്ലാൻ കഴിയില്ല” എന്നു പറഞ്ഞ് താര എന്റെ മുന്നിലിരുന്ന് കരഞ്ഞത് ഞാനിപ്പോഴുമോർക്കുന്നു.

മനുവിനെക്കുറിച്ചെഴുതുമ്പോൾ അവളുടെ കണ്ണ് നിറയുന്നതും അച്ഛനേയും അമ്മയേയും പറ്റിയെഴുതുമ്പോൾ വിതുമ്പിപ്പോകുന്നതും ഇവാനെക്കുറിച്ചെഴുതുമ്പോൾ മുഖം സന്തോഷംകൊണ്ട് ചുവന്ന് തുടുക്കുന്നതും ഞാൻ നേരിട്ട് കണ്ടതാണ്. എഴുത്തിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് അവളെന്നോട് ഏറെ കലഹിച്ചിട്ടുണ്ട്. ഒടുവിൽ മരണത്തിലേക്ക് നടന്നു നീങ്ങുമ്പോൾ,”നീയൊരു ദുഷ്ടനായ എഡിറ്ററാണ്, എന്റെ ഭാവനാസൃഷ്ടികളെ
മുഴുവനുപേക്ഷിച്ച് ജീവിതത്തെ മാത്രം തേടി നടന്നവൻ” എന്ന് ആക്ഷേപിച്ചിട്ടുണ്ട്. ആ കുറ്റബോധം എനിക്കിപ്പോഴുമുണ്ട്.

ആരോഗ്യപരമായി വലിയ പ്രതിസന്ധികളിലൂടെ കടന്നുപോയൊരു കാലത്താണ് ഞാൻ മാമ ആഫ്രിക്കയെഴുതുന്നതെന്ന് നോവലിന്റെ ആമുഖത്തിൽ സൂചിപ്പിച്ചുണ്ടല്ലോ. പലപ്പോഴും ഇതെന്റെ അപൂർണ കൃതിയായി അവശേഷിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു. അതുകൊണ്ട് നോവലിന്റെ അവസാനഭാഗങ്ങളിൽ കുറച്ചു കൂടി വിശദീകരിക്കേണ്ട ചില കാര്യങ്ങൾ ചുരുക്കിയെഴുതിയോ എന്നൊരു സംശയം ഇപ്പോൾ തോന്നുന്നുണ്ട്. എന്നാൽ എഴുത്തിൽ അത്തരം സംശയങ്ങൾക്കൊന്നും യാതൊരു പ്രസക്തിയുമില്ല. ഒരിക്കലും പൂർണതൃപ്തിയോടെ ഒരു കൃതിയും എഴുതി പൂർത്തിയാക്കാൻ കഴിയില്ല. ജീവിതത്തിലെഴുതിയ എല്ലാ പരീക്ഷകളും അവസാനത്തെ ബെല്ലടിക്കുന്നതുവരെ എഴുതി ടീച്ചർ ഉത്തരക്കടലാസ് പിടിച്ചുവാങ്ങിക്കൊണ്ടുപോയ അനുഭവമാണ് എനിക്കുള്ളത്.

ഒരു വ്യക്തിപരമായ കാര്യം കൂടി പറഞ്ഞ് ഈ ചെറിയ കുറിപ്പ് അവസാനിപ്പിക്കുകയാണ്. നോവലിലെ രാമായണം കാണാതെ ചൊല്ലുന്ന താരയുടെ അമ്മ എന്റെ അമ്മയാണ്. അമ്മ രാമായണം കാണാതെ ചൊല്ലുന്നനത് കേട്ടാണ് ഞാൻ വളർന്നത്. ഇരുട്ടിലൂടെ ഒറ്റയ്ക്ക് നടക്കേണ്ടി വരുമ്പോൾ ലളിതാസഹസ്രനാമം ചെല്ലിയാൽ മതി, ദേവി എല്ലാ അപകടങ്ങളിൽ നിന്നും രക്ഷിക്കുമെന്നെന്നോട് പറഞ്ഞു തന്നത് അമ്മയാണ്. അതുകൊണ്ടെന്തെങ്കിലും പ്രയോജനമുണ്ടാകുമോയെന്ന് ചിന്തിക്കാനുള്ള പ്രായമൊന്നും അന്നെനിക്കുണ്ടായിരുന്നില്ല. ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ സെറിബ്രൽ ഹെമറേജ് വന്ന് അമ്മ മരി ച്ചുപോയി. പക്ഷേ ജീവിതത്തിലെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും തുണയായി അമ്മ മനസ്സിലേക്കോടിയെത്താറുണ്ട്. താങ്ങും തണലുമാകാറുണ്ട്. ആ അമ്മതന്നെയാണ് ഈ നോവലിൽ താര സൃഷ്ടിക്കുന്ന മാമയും. എന്റെ ജീവിതത്തിലെപ്പോഴും തുണയായിരിക്കുന്ന അമ്മയുടെ ഓർമ്മകൾക്ക് മുമ്പിൽ തലകുനിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.