മിഷൻ ഫാക്‌ലാന്റ് റോഡ്

കാട്ടൂർ മുരളി

ബ്രിട്ടീഷുകാർ ഉപേക്ഷിച്ചുപോയ പലതും മുംബൈ നഗരത്തിന്റെ അലങ്കാരങ്ങളും ചരിത്രസാക്ഷ്യങ്ങളുമായി ഇന്നും നിലവിലുണ്ട്. നഗരം നെറ്റിക്കുറി ചാർത്തുന്ന വിവിധ സ്ഥലനാമങ്ങൾ പോലും അവയിൽ ചിലതാണ്. അക്കൂട്ടത്തിൽ ഒന്നാണ് ബ്രിട്ടീഷുകാരനായ ഫാക്‌ലാന്റ് പ്രഭുവിന്റെ (Lord Falkland) പേരിലുള്ളതും തെക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഫാക്‌ലാന്റ് ദ്വീപുകളെ ഓർമിപ്പിക്കുന്നതുമായ ഒരു തെരുവ്. അതായത്, ദക്ഷിണ-മധ്യ മുംബൈയിലെ ഗ്രാന്റ് റോഡിനടുത്തുള്ള ഫാക്‌ലാന്റ് (Falkland) മാർഗ് അഥവാ ഫാക്‌ലാന്റ് റോഡ്. ലോകതലത്തിൽ കുപ്രസിദ്ധമാണാ തെരുവ്. അതിനു കാരണം ബ്രിട്ടീഷുകാർ നൽകിയ ആ പേരല്ല, മറിച്ച് നഗരത്തിന്റെ സദാചാര
വിഴുപ്പുകൾ അലക്കി വെളുപ്പിക്കുന്ന ഒരിടം എന്ന നിലയിലാണ്. എന്നുവച്ചാൽ മുംബൈയിലെത്തുന്ന ഏതൊരാളും ഒരിക്കലെങ്കിലും കാണാനാഗ്രഹിക്കുന്ന ഇവിടത്തെ വിസ്മയങ്ങളിലൊന്നായ ചുവന്ന തെരുവാണത്. സംസാര ഭാഷയിൽ പിന്നീടത് ‘ഫക്ക്’ലാന്റ് (Fuckland) റോഡ് ആയി മാറിയത് സ്വാഭാവികം. സമീപകാലത്ത് മഹാരാഷ്ട്ര സർക്കാർ ആ തെരുവിന് പ്രശസ്ത മറാഠി കവിയും ഗായകനുമായിരുന്ന പട്ടെ ബാപ്പുറാവുവിന്റെ പേര് ഔദ്യോഗികമായി നൽകിയെങ്കിലും നഗരവാസികളുടെ നാവിൽ ഇന്നും അത് ‘ഫക്ക്’ലാന്റ് റോഡ് തന്നെ. യാദൃച്ഛികമായി ട്ടാണെങ്കിലും ആ അവിശുദ്ധ തെരുവിലൂടെ ആദ്യമായി കടന്നു പോകാനിടയായത് തൊഴിലിന്റെ ഭാഗമായുള്ള ഒരു യാത്രയിലായിരുന്നു. ചുവന്ന തെരുവ് എന്തായിരിക്കുമെന്നും എങ്ങനെയിരിക്കുമെന്നും വിസ്മയം കൊണ്ടിരുന്ന ഒരു കാലം കൂടിയായിരുന്നു അത്. അങ്ങനെ ആ തെരുവിൽ ആദ്യമായി കാല് കുത്തിയപ്പോഴുണ്ടായ അനുഭവം അതുവരെ ചുവന്ന തെരുവിനെക്കുറിച്ച് മനസ്സിൽ സൂക്ഷിച്ചിരുന്ന എല്ലാ വിചിത്രകല്പനകളും മാറ്റി മറിക്കാൻ പര്യാപ്തമായി. ഒന്നാമതായി ആ തെരുവിന്റെ നി
റം തന്നെ ഒരിക്കലും ചുവപ്പായിരുന്നില്ല എന്നുള്ളതാണ്.

ഫാക്‌ലാന്റ് റോഡിലെ വിസ്മയങ്ങൾ
വാടിയ ജമന്തിപ്പൂക്കളുടെയും വിലകുറഞ്ഞ പൗഡറിന്റെയും അത്തറിന്റേയും മനുഷ്യവിയർപ്പിന്റെയും ഉച്ഛ്വാസവായുവിന്റെയും കുതിരച്ചാണകത്തിന്റെയും ഓടവെള്ളത്തിന്റെയും ഒരുതരം ബീഭത്സഗന്ധം ചൂഴ്ന്നുനിൽക്കുന്ന ആ തെരുവോരങ്ങളിൽ ഏതോ ജീർണ സംസ്‌കാരത്തിന്റെ വിമൂകസ്മാരകങ്ങൾ കണക്കെ പരസ്പരം തൊട്ടുരുമ്മി നിൽക്കുന്ന കുറെ പഴയ കെട്ടിടങ്ങൾ. അവയിലും അവയ്ക്കിടയിലെ ഗൂഢപഥങ്ങളായ ‘ഗല്ലി’കളിലും പെൺവാണിഭ മാഫിയയുടെ ബിനാമികളായ ‘ഘർവാലി’കൾ താക്കോൽസൂക്ഷിപ്പുകാരായുള്ള ‘പിഞ്ജറ’ (കിളിക്കൂട്) എന്ന ഓമനപ്പേരിലറിയപ്പെടുന്നതും അക്ഷരാർത്ഥത്തിൽ കിളിക്കൂടുപോലുള്ളതുമായ അഴിയിട്ട കുടുസുമുറികളോടുകൂടിയ എണ്ണമറ്റ വ്യഭിചാരശാലകൾ. വർണവസ്ത്രങ്ങളണിഞ്ഞും ചായം തേ
ച്ച മുഖങ്ങളുമായി പരസ്പരം ചിരിച്ചും കളിച്ചും കലഹിച്ചും കരഞ്ഞും ശാപമന്ത്രങ്ങളുരുവിട്ടും ആരെയൊക്കെയോ പുലഭ്യം പറഞ്ഞും ആക്രോശിച്ചും ഏതോ കളിയരങ്ങിലെ കഥാപാത്രങ്ങളെപ്പോലെ ആ കുടുസുമുറികളിൽ കുറെ നിഴൽരൂപങ്ങൾ. മുഖച്ഛായ നഷ്ടപ്പെട്ട ആ രൂപങ്ങൾക്ക് വിലപേശാനെത്തുന്ന ‘ഗിരാക്ക്’ അഥവാ ‘കസ്റ്റംബർ’ എന്ന ഉപഭോക്താക്കൾ. ഹിന്ദിയിലെ ഗ്രാഹക് എന്ന പദവും ഇംഗ്ലീഷിലെ കസ്റ്റമർ എന്ന പദവുമാണ് അവർക്കിടയിൽ ഗിരാക്കും കസ്റ്റംബറുമായി മാറിയത്. പ്രലോഭനങ്ങളുമായി ആ ഗിരാക്കുകളെ പിന്തുടരുന്ന ‘ബഡുവ’ എന്ന കൂട്ടി
ക്കൊടുപ്പുകാർ. ഒളിസങ്കേതം തേടുന്ന ക്രിമിനലുകൾ. തെരുവിന്റെ ബീഭത്സ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന സ്വപ്‌നസഞ്ചാരികൾ. മറയില്ലാത്ത മയക്കുമരുന്ന് കേന്ദ്രങ്ങൾ. പരസ്യമായ ചൂതാട്ട കേന്ദ്രങ്ങൾ. ദന്തരോഗം മുതൽ ലൈംഗിക രോഗങ്ങൾക്കുവരെ ചികിത്സ നടത്തുന്ന വ്യാജ ഡോക്ടർമാരുടെ ക്ലിനിക്കുകൾ. സിനിമാതാരങ്ങളുടെ ചിത്രങ്ങൾ തൂങ്ങുന്ന ഫോട്ടോ സ്റ്റുഡിയോകൾ. അശ്ലീല ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന വീഡിയോ പാർലറുകൾ. ഒരിക്കലും അടയ്ക്കാത്ത ഭക്ഷണശാലകൾ.

അവയ്ക്കുള്ളിലെ ജൂക്‌ബോക്‌സുകളിൽനിന്ന് തെറിച്ചുവീഴുന്ന ഹിന്ദി സിനിമാപ്പാട്ടുകൾ. ഏതോ പടയോട്ടത്തിന്റെ ഓർമയുണർത്തിക്കൊണ്ട് ഇടയ്ക്കിടെ കടന്നുപോകുന്ന വണ്ടിക്കുതിരകളുടെ കുളമ്പടികൾ. വണ്ടിക്കാരന്റെ കയ്യിൽ പുളയുന്ന ചാട്ടവാറിന്റെ മുഴക്കം. ഇവയെല്ലാം ചേർന്ന് രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഒരുതരം കാർണിവൽ പ്രതീതിയുളവാക്കുന്നതായിരുന്നു ആ തെരുവിന്റെ മുഖചിത്രവൈചിത്ര്യങ്ങൾ. ആധുനിക റിയൽ എസ്റ്റേറ്റ് വിപ്ലവത്തിന്റെ കടന്നുകയറ്റം ഫാക്‌ലാന്റ് റോഡിലെ ആ വിസ്മയങ്ങൾക്ക് കുറച്ചൊക്കെ മാറ്റം വരുത്തിയിട്ടുണ്ടെന്നാലും ഇന്നും ഏറെക്കുറെ അതുതന്നെയാണാവസ്ഥ.

ഫാക്‌ലാന്റ് റോഡ് എന്ന ചുവന്ന തെരുവിലെ മറ്റൊരു പ്രധാന ആകർഷണമാണ് അവിടത്തെ നിരവധി സിനിമാതിയേറ്ററുകൾ. വെറും നാനൂറു മീറ്റർ ദൈർഘ്യമുള്ള ആ തെരുവിനുള്ളിൽ മാത്രമായി ആൽഫ്രഡ്, ന്യൂ റോഷൻ, ഗുൽഷൻ, സിൽവർ എന്നീ നാല് തിയേറ്ററുകളാണുള്ളത്. അതേസമയം തെരുവിന് പുറത്തെ ചുറ്റുവട്ടത്തിലും നിരവധി തിയേറ്ററുകളുണ്ട്. മിനർവ, അപ്‌സര, നോവെൽറ്റി, ഷാലിമാർ, സൂപ്പർ, ദൗലത്, താജ്, റോയൽ, നിഷാത്, മോത്തി, അലങ്കാർ, നാസ്, സ്വസ്തിക്, ഇംപീരിയൽ എന്നിങ്ങനെ നീണ്ടുപോകുന്നതാണ് ആ പട്ടിക. അവയിൽ അപൂർവം ചിലതൊഴികെ ബാക്കിയെല്ലാം ഇന്നും സജീവമാണ്. നഗരത്തിലെ മറ്റു തിയേറ്ററുകളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കിൽ പഴയതും പുതിയതുമായ ഏത് സിനിമയും അവയി
ലേതെങ്കിലുമൊന്നിൽ കാണാൻ കഴിയുമെന്നുള്ളതാണ് അവയുടെ സവിശേഷത.

ഒരേ തൂവൽപ്പക്ഷികൾ
ഫാക്‌ലാന്റ് റോഡിലെ പിഞ്ജറകളിൽ നിർബന്ധ വേശ്യാവൃത്തിക്ക് വിധേയരായി കഴിയുന്നത് അല്ലെങ്കിൽ കഴിഞ്ഞിരുന്നത് രാജ്യത്തിന്റെ നാനാ ഭാഗങ്ങളിലുമുള്ള ഗ്രാമങ്ങളിൽനിന്നെത്തിയ വിവിധ പ്രായക്കാരായ സ്ത്രീജന്മങ്ങളാണ്. കടബാധ്യത, ദാരിദ്ര്യം, തൊഴിൽ, പ്രണയം, വിവാഹം, സിനിമാക്കമ്പം, ദേവദാസി സമ്പ്രദായം തുടങ്ങി വിവിധ സാഹചര്യങ്ങളുടെ പ്രലോഭനങ്ങൾക്ക് ബലിയാടുകളായും, തട്ടിക്കൊണ്ടുവന്നും മാടുകളെപ്പോലെ പെൺവാണിഭമാഫിയയുടെ ആജ്ഞാനുവർത്തികളായ ഘർവാലികൾക്ക് വിൽക്കപ്പെട്ടശേഷം കൂട്ടിലടയ്ക്കപ്പെട്ട ഒരേതൂവൽപക്ഷികളാണവർ. ആ ഘർവാലികളും ഒരുകാലത്ത് ഇതുപോലെ തന്നെ ഇവിടെ എത്തിയവരാണ്. അതിനാൽ അവർക്ക് മറ്റുള്ളവരുടെ അവസ്ഥകളിൽ സഹതാപമോ അനുകമ്പയോ തോന്നാറില്ല. അതേസമയം അവർക്കെല്ലാം പറയാൻ വ്യത്യസ്തങ്ങളും കരളലിയിക്കുന്നതുമായ നിരവധി കഥകളാണുള്ളത്.

രോഗശയ്യയിലായാലും മാസമുറ സമയത്തായാലും രാപ്പകലെന്ന വ്യത്യാസമില്ലാതെ എത്തുന്ന ഉപഭോക്താക്കളുടെ
കാമവെറി പൂണ്ട ക്രൂരവിനോദങ്ങൾക്ക് മൂകസാക്ഷികളാകാൻ വിധിക്കപ്പെട്ട ആ തൊഴിലാളികൾ ഓരോ ദിവസവും ഘർവാലിക്ക് നല്ലൊരു തുക നേടിക്കൊടുക്കുമ്പോൾ അവർക്കു ലഭിക്കുന്ന കൂലി ആ തുകയുടെ ഏറ്റവും നേരിയ ഒരംശവും മൂന്നു നേരം ഘർവാലിയുടെ ചെലവിൽ ലഭിക്കുന്ന ‘ഡാൾബാത്തും’ (പരിപ്പും ചോറും) മാത്രമാണ്. മറ്റു യാതൊരു വക തൊഴിൽനിയമങ്ങളും മാനുഷിക പരിഗണനകളും അവർക്കു ബാധകമല്ല. നാടും വീടും സ്വന്തബന്ധങ്ങളെയും പിരിഞ്ഞ വേദനയോടൊപ്പം ശാരീരികാസ്വാസ്ഥ്യങ്ങൾക്കു പുറമെ പീഡനങ്ങളും ഏറ്റുവാങ്ങി കഴിയുമ്പോൾ മോചനത്തെക്കുറിച്ചു സ്വപ്‌നം കാണാൻ പോലും അർഹതയില്ലാത്ത അവർക്ക് ഒരു ഒളിച്ചോട്ടം മാത്രമാണ് രക്ഷാമാർഗം. എന്നാൽ ഭൂകമ്പമുണ്ടായാൽപോലും പെൺവാണിഭമാഫിയയുടെ കഴുകൻകണ്ണുകളെ വെട്ടിച്ച് ആർക്കും അതിനു കഴിയാറില്ല. പിന്നെയുള്ള ഏക മാർഗം ആത്മഹത്യയാണ്. ചുരുക്കം ചിലർ അതിനും ശ്രമിക്കാറുണ്ട്. ഇന്നത്തെപ്പോലെ ലൈംഗിക തൊഴിലാളികളുടെ മോചനത്തിനും ഉന്നമനത്തിനും മറ്റുമായി പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന സന്നദ്ധ സംഘടനകളൊന്നും ഇല്ലാതിരുന്ന ഒരു കാലം കൂടിയായിരുന്നു അത്. അന്ന് ബോംബെ നഗരത്തിന് മുംബൈ എന്ന പേരും ലഭിച്ചിരുന്നില്ല. അതുപോലെതന്നെ പറങ്കിപ്പുണ്ണ് അഥവാ ഉഷ്ണപ്പുണ്ണ് എന്ന സിഫിലിസ്, ശുക്ലസ്രാവം അഥവാ ഗൊണോറിയ തുടങ്ങിയ ചില പൈങ്കിളി രോഗങ്ങളല്ലാതെ എയ്ഡ്‌സ് പോലുള്ള ഉത്തരാധുനിക മാരകരോഗങ്ങളൊന്നും മുംബൈയിലെ ചുവന്ന തെരുവുകളിൽ കടന്നുകയറ്റം നടത്തിയിരുന്നില്ല.

ചുവന്ന തെരുവിൽ പൂത്ത പ്രണയം
ഫാക്‌ലാന്റ് റോഡിൽ പിഞ്ജറകൾ നടത്തുന്ന നിരവധി ഘർവാലികളിൽ ഒരുവളായിരുന്നു ആന്ധ്രക്കാരിയായ നല്ലമ്മ. നല്ലമ്മയുടെ പിഞ്ജറയിലെ പൊന്മുട്ടയിടുന്ന കിളികളായിരുന്നു കസ്തൂരിയും ലക്ഷ്മിയും സത്യവതിയും വിജയയും രാജശ്രീയും മങ്കയുമൊക്കെ. അവരും ആന്ധ്രയിലെ തന്നെ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ളവരായിരുന്നു. ഏതൊരു ചുവന്ന തെരുവിലും അപൂർവം ചിലരൊഴികെ ഭൂരിഭാഗം ലൈംഗിക തൊഴിലാളികളുടെയും പേരുകൾ അവരുടെ സ്വന്തമല്ലെന്നുള്ളത് പരസ്യമായ ഒരു രഹസ്യമാണ്. പകരം തെരുവിലെ വ്യഭിചാര കേന്ദ്രങ്ങളുടെ നടത്തിപ്പുകാരായ ഘർവാലികളും മറ്റും നൽകുന്ന വ്യാജ പേരുകളിലാണ് ആ തൊഴിലാളികളിൽ പലരും അറിയപ്പെടുകയോ വിളിക്കപ്പെടുകയോ ചെയ്യുന്നത്. എന്നാൽ നല്ലമ്മയുടെ വളർത്തുകിളികളെല്ലാം എന്തുകൊണ്ടോ അവരുടെ യഥാർത്ഥ പേരുകളിൽ തന്നെയാണ് വിളിക്കപ്പെട്ടിരുന്നത്. ആ
പിഞ്ജറയിലെ ഒരു സ്ഥിരം സന്ദർശകനായിരുന്നു ആന്ധ്രയിലെ (ഇന്നത്തെ തെലങ്കാന) നിസാമാബാദ് സ്വദേശിയായ ഗംഗാധരറാവു. ഗംഗാധരറാവുവും ഈ ലേഖകനും മുംബൈയിലെ ഒരു ഹിന്ദി സിനിമാ പ്രസിദ്ധീകരണത്തിൽ സഹപ്രവർത്തകരും അടുത്ത സുഹൃത്തുക്കളുമായിരുന്നു. തെലുങ്ക് വിപ്ലവകവികളായ ഗദ്ദർ, വരവരറാവു എന്നിവരെക്കുറിച്ചും അവരുടെ കവിതകളെക്കുറിച്ചും ഞാൻ അടുത്തറിഞ്ഞത് ഗംഗാധര റാവുവിലൂടെയാണ്. അങ്ങനെയാണ് ഞങ്ങൾ അടുത്ത സുഹൃത്തുക്കളായതും. നഗരത്തിൽ സ്വന്തബന്ധങ്ങളെന്നു പറയാൻ ആരുമില്ലാത്ത ഗംഗാധരറാവു ധാരാവിയിലെ ഒരു ഝോപ്പഡയിൽ (ചാള) തനിച്ചായിരുന്നു താമസം. അതിനാൽതന്നെ നഗരവാസിയായ ഒരു ശരാശരി ബാച്ചിലറുടെ ജീവിതശൈലികൾ അവനും തുടർന്നുപോന്നു. ഒറ്റപ്പെട്ട ആ ജീവിതത്തിനിടയിൽ അവൻ നല്ലമ്മയുടെ പിഞ്ജ്‌റയിലെ ഒരു സന്ദർശകനായത് സ്വാഭാവികം മാത്രം. എന്നാൽ ആ സന്ദർശനം പിന്നീട് അവിടത്തെ ലൈംഗിക തൊഴിലാളിയായ കസ്തൂരിയുമായുള്ള പ്രണയമായി മാറിയതാണ് വിസ്മയകരം. കാരണം, വെറും ഉപഭോഗവസ്തുവും ഉപഭോക്താവും തമ്മിലുള്ള ബന്ധത്തിൽക്കവിഞ്ഞ വൈകാരിക-കാവ്യസങ്കല്പങ്ങൾക്കൊന്നും ആ തെരുവിലെ സ്ത്രീ-പുരുഷ ബന്ധത്തിനു സ്ഥാനമില്ല. എന്നിരുന്നാലും നീലക്കുറിഞ്ഞി പോലെ വല്ലപ്പോഴുമൊക്കെ അവിടെയും പ്രണയം പൂക്കാറുണ്ട്. പക്ഷേ ആ പ്രണയബന്ധങ്ങൾ അധികകാലം നീണ്ടുനിൽക്കാതെ അവിടെത്തന്നെ പട്ടുപോകാറാണ് പതിവ്.

അതുകൊണ്ടാണ്, ‘പൈസേ കി പെഹ്ച്ചാൻ യഹാം ഇൻസാൻ കി കീമത് കോയി നഹി, ബച്ച് കെ നിക്കൽ ജാ ഇസ് ബസ്തീ മെ കർത്താ മൊഹബത് കോയി നഹി’ എന്നും ‘ഔരത് ബൻകർ ഇസ് കൂച്ചേ മെ രഹതീ ഔരത് കോയി നഹി’ എന്നും കവി നീരജ് ഇതേ തെരുവിലേക്കുറ്റുനോക്കിക്കൊണ്ട് പാടിയത്. എന്നാൽ ഗംഗാധരറാവുവും കസ്തൂരിയും തമ്മിലുള്ള പ്രണയം അതിൽനിന്നെല്ലാം വ്യത്യസ്തവും വിശുദ്ധവുമായിരുന്നു. കസ്തൂരിയുടെ പേര് തന്റെ നെഞ്ചിൽ ഇംഗ്ലീഷിൽ പച്ച കുത്തിക്കാനും അതുപോലെ തന്നെ കിഷോർകുമാറിന്റെ ‘ഓ സാഥീരേ… തേരേ ബിനാ ഭീ ക്യാ ജീനാ’ എന്ന ദു:ഖഗാനം എപ്പോഴും മൂളിനടക്കാനും അവനെ പ്രേരിപ്പിച്ചത് അതിന്റെ തെളിവാണ്. കസ്തൂരിയെ ജീവിതപങ്കാളിയാക്കി അവൾക്കൊരു ജീവിതം നൽകാൻ ദൃഢനിശ്ചയമെടുത്ത ഗംഗാധരറാവു അതിനായി എന്തും ത്യജിക്കാൻ തയ്യാറായി. അവൻ വിളിച്ചാൽ ഏതുനിമിഷവും ഇറങ്ങിപ്പോരാൻ അവളും തയ്യാറായിരുന്നു. ഒരു ലൈംഗിക തൊഴിലാളിയെ തന്റെ ജീവിതപങ്കാളിയാക്കാൻ അവനെ പ്രേരിപ്പിച്ച വികാരത്തെയും ഹൃദയവിശാലതയെയും ഞാൻ ഇന്നും ആദരിക്കുന്നു. കാരണം എത്രതന്നെ രോഗമനവാദിയായാലും ആരും ധൈര്യപ്പെടാത്ത ഒരു ചുവടുവയ്പായിരുന്നു അത്. പക്ഷേ, പെൺവാണിഭ മാഫിയയുടെ വലയിൽനിന്ന് കസ്തൂരിയെ മോചിപ്പിക്കുകയെന്നതുമാത്രം എളുപ്പമുള്ള കാര്യമായിരുന്നില്ല. അതിനായി എത്ര ആലോചിച്ചിട്ടും ഒരു വഴി കണ്ടെത്താൻ ഗംഗാധരറാവുവിനായില്ല. അങ്ങനെയിരിക്കെയാണ് ഒരുദിവസം ഒരു വെളിപാട് പോലെ ഈ ലേഖകന്റെ മനസിൽ ഒരു പദ്ധതിയുടെ ആശയമുദിച്ചത്. സൂചിപ്പിച്ചപ്പോൾ ഗംഗാധരറാവുവിനും അത് സ്വീകാര്യമായി തോന്നി. മാത്രമല്ല, ശ്രമകരവും സാഹസികവുമായ ആ പദ്ധതി നടപ്പാക്കാൻ അവൻ എന്റെ സഹായം അഭ്യർത്ഥിക്കുക കൂടി ചെയ്തു.


ദൗത്യയാത്ര

അങ്ങനെ 1980 നവംബർ 30 ഞായറാഴ്ച നല്ലമ്മയുടെ പിഞ്ജറയിൽനിന്നും കസ്തൂരിയെ മോചിപ്പിക്കുകയെന്ന സാഹസിക ദൗത്യവുമായി ഞാനും ഗംഗാധരറാവുവും അടങ്ങുന്ന രണ്ടാൾ സംഘം കാമാഠിപുരയിലെ അലക്‌സാണ്ടറ തിയേറ്ററിനടുത്ത് ബസ്സിറങ്ങി. സമയം രാത്രി എട്ടരയോടടുത്തിരുന്നു. കാമാഠിപുര പോലെത്തന്നെ കുപ്രസിദ്ധമാണ് സെക്‌സിന്റെ അതിപ്രസരമുള്ള സിനിമകൾ മാത്രം കളിക്കാറുള്ള ആ തിയേറ്ററും. അന്ന് പക്ഷേ ‘ദ മാൻ വിത്ത് ദ ഗോൾഡൻ ഗൺ’ എന്ന ജെയിംസ് ബോണ്ട് ചിത്രമായിരുന്നു അവിടെ ഓടിക്കൊണ്ടിരുന്നത്. ബോണ്ട് ചിത്രങ്ങളോട് മുമ്പേതന്നെ കമ്പമുണ്ടായിരുന്നെങ്കിലും കാണാൻ കഴിയാതെ പോയ ചില ചിത്രങ്ങളിലൊന്നായിരുന്നു റോജർ മൂർ, ക്രിസ്റ്റഫർ ലീ, ബ്രിറ്റ് എക്ലാൻഡ് എന്നിവരഭിനയിച്ച ആ ചിത്രം.
അതിനാൽത്തന്നെ ആ ചിത്രത്തിന്റെ അവസാനത്തെ ഷോയ്ക്കുള്ള ടിക്കറ്റെടുത്തു. കാരണം, ദൗത്യം പൂർത്തിയാക്കുന്നതിനായി ഞങ്ങൾക്ക് അന്നു രാത്രി ഗിരാക്കുകൾ ചമഞ്ഞ് നല്ലമ്മയുടെ പിഞ്ജറയിൽ അന്തിയുറങ്ങേണ്ടതുണ്ടായിരുന്നു. എന്നാൽ ചുവന്ന തെരുവുകളിലെ പിഞ്ജറകളിൽ അന്തിയുറങ്ങാനെത്തുന്നവർക്ക് ഒരുമണിക്ക് ശേഷം മാത്രമാണ് പ്രവേശനം നൽകാറ്. അതിനാൽ അതുവരെ സമയം പോക്കാനുള്ള ഒരു മാർ
ഗമെന്ന നിലയിലാണ് സിനിമ കാണാൻ തീരുമാനിച്ചത്.

ഞങ്ങൾ ചെല്ലുമ്പോൾ ലാസ്റ്റ് ഷോയ്ക്കു മുമ്പുള്ള ഷോ അവസാനിച്ചിരുന്നില്ല. അതിനാൽ അടുത്തുള്ള ബാറിൽ കയറി ഓരോ പെഗ് കഴിക്കാമെന്ന് ഗംഗാധരറാവു പറഞ്ഞു. എന്നാൽ രാത്രി പൂർത്തിയാക്കാനുദ്ദേശിക്കുന്ന ദൗത്യത്തിലെ പ്രധാന ഘടകം മദ്യമാണെന്നതിനാൽ തത്കാലം ഓരോ ബിയർ മാത്രമാകാമെന്ന് ഞാൻ പറഞ്ഞു. അങ്ങനെ ബാറിൽ കയറി ഓരോ ബിയറും ഒപ്പം ബ്രെഡ് ഓംലെറ്റും ഓർഡർ ചെയ്തു. അതു കഴി
ച്ചു പുറത്തിറങ്ങിയപ്പോഴേക്കും തിയേറ്ററിൽ ലാസ്റ്റ് ഷോ തുടങ്ങാനുള്ള മണിയടിച്ചു. മറ്റുള്ളവർക്കൊപ്പം ഞങ്ങളും തിയേറ്ററിനകത്തു കടന്ന് ഇരിപ്പുറപ്പിച്ചു.

പരസ്യങ്ങൾക്കുശേഷം സിനിമ ആരംഭിച്ചു. ബിയറിന്റെ നനുത്ത ലഹരി തേരട്ടയെപ്പോലെ സിരകളിൽ അരിച്ചു നടക്കാൻ തുടങ്ങിയിരുന്നു. അതിനാൽ രണ്ടുപേരും എപ്പോഴോ മയങ്ങിപ്പോയി. തിയേറ്ററിലെ ജീവനക്കാർ വിളിച്ചുണർത്തിയപ്പോഴാണ് സിനിമ അവസാനിച്ച കാര്യം മനസിലായത്. ഒരു നടുക്കത്തോടെ ഉണർന്ന ഞാൻ പോക്കറ്റിലെ പണവും മറ്റും ഭദ്രമല്ലേ എന്ന് പരിശോധിക്കാൻ ഗംഗാധരറാവുവിനോട് പറഞ്ഞു. കാരണം ഭൂരിഭാഗവും ആ പ്രദേശത്തെ പോക്കറ്റടിക്കാരും മറ്റുമായ ക്രിമിനലുകളാണ് തിയേറ്ററിൽ ലാസ്റ്റ് ഷോ കാണാൻ എത്തിയിരുന്നത്. ഭാഗ്യവശാൽ എല്ലാം ഭദ്രമാണെന്ന് റാവു പറഞ്ഞു.

തിയേറ്ററിൽനിന്നും പുറത്തുവന്ന ഞങ്ങൾ തിയേറ്ററിനോട് ചേർന്നുള്ള ശുക്ലാജി സ്ട്രീറ്റിലേക്ക് പ്രവേശിച്ചു. അതുവഴി ഫോറസ് റോഡിലേക്ക് നടക്കുമ്പോൾ ഇരുവശത്തുമുള്ള പിഞ്ജറകളിൽനിന്ന് പ്രലോഭനത്തിന്റെ കിളിമൊഴികൾ ഞങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടായിരുന്നു. ശുക്ലാജി സ്ട്രീറ്റും ഫോറസ് റോഡും
കാമാഠിപുരയുടെ സിരാകേന്ദ്രങ്ങളാണ്. ആ തെരുവുകളിൽ അപ്പോഴും തിരക്കവസാനിച്ചിരുന്നില്ല. അവിടത്തെ കെട്ടിടങ്ങളിലെ ‘കോട്ട്ഠ’കളിൽനിന്ന് ഹർേമാണിയത്തിന്റെയും സിത്താറിന്റെയും സരോദിന്റെയും തബലയുടെയും രാഗതാളങ്ങൾക്കൊപ്പം ‘മുജ്ര’ നൃത്തത്തിന്റെ ചുവടുകൾ വയ്ക്കുന്ന ‘തവായ്ഫു’കളുടെ (ആട്ടക്കാരികൾ) കാൽച്ചിലമ്പൊലികൾ കേൾക്കാമായിരുന്നു. അവിടത്തെ രാക്കാഴ്ച്ചകളിൽ ആകൃഷ്ടരാകാതെ മുന്നോട്ട് നീങ്ങിയ ഞങ്ങൾ ഫാക്‌ലാന്റ് റോഡിനോട് ചേർന്നുള്ള ‘പിലാ ഹൗസ്’ ജംഗ്ഷനിലെത്തി. മുമ്പ് സൂചിപ്പിച്ച പോലെ അടുത്തടുത്തായി നിരവധി സിനിമാതിയേറ്ററുകളുള്ള ഒരു പ്രദേശമാണ് പിലാ ഹൗസ് ജംഗ്ഷൻ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിൽ ഇവിടെയുണ്ടായിരുന്ന നിരവധി പാഴ്‌സി നാടകശാലകളെയും അതുപോലെതന്നെ മറാഠി തമാശ തിയേറ്ററുകളെയും പ്ലേഹൗസ് എന്ന് വിളിച്ചിരുന്നതിനാൽ ആ പ്രദേശം പ്ലേഹൗസ് എന്ന പേരിലറിയപ്പെടുകയും പിന്നീടത് ലോപിച്ച് പിലാഹൗസ് ആയിത്തീരുകയുമാണ് ചെയ്തത്. അങ്ങനെയുള്ള പ്ലേഹൗസുകളിൽ പലതുമാണ് പിന്നീട് സിനിമാതിേയറ്ററുകളായി മാറിയത്.

അവിടെയെത്തിയപ്പോൾ മറാഠിയിലെ പ്രശസ്ത കവിയും ഒരുകാലത്ത് ബാൽ താക്കറെയുടെ ശിവസേനയ്ക്കുള്ള മറുപടിയായി അമേരിക്കയിലെ ബ്ലാക്ക് പാന്തർ പാർട്ടിയുടെ മാതൃകയിൽ മുംബൈയിൽ രൂപംകൊണ്ട ദളിത് പാന്തേഴ്‌സ് എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകനുമായ നാംദേവ് ഢസാളിനെ ഓർത്തുപോയി. നാംദേവ് ഢസാളിന്റെ ബാല്യ-കൗമാരങ്ങളും യൗവനത്തിന്റെ നല്ലൊരു ഭാഗവും പിന്നിട്ട പ്രദേശമാണത്. വെറുമൊരു ടാക്‌സി
ഡ്രൈവറായിരുന്ന ഢസാളിനെ കവിയാക്കി മാറ്റിയത് ഈ പ്രദേശമാണ്. അദ്ദേഹത്തിന്റെ കാമാഠിപുര, ഗോൾപ്പീട്ട, ഗാണ്ടു ബഗീച്ച തുടങ്ങിയ കവിതകൾ അതിനു തെളിവാണ്. ഗദ്ദറിനെപ്പോലെ ആയുധധാരികളായ അംഗരക്ഷകരുടെ അകമ്പടിയിൽ സഞ്ചരിച്ചിരുന്ന മറ്റൊരു കവിയുണ്ടെങ്കിൽ അത് നാംദേവ് ഢസാൾ മാത്രമായിരുന്നു.

പിലാഹൗസ് ജംഗ്ഷനിൽനിന്നുമാണ് ഫാക്‌ലാന്റ് റോഡ് ആരംഭിക്കുന്നത്. ഞങ്ങൾ പിലാഹൗസ് ജംഗ്ഷനിലെത്തിയപ്പോഴേക്കും ആ പ്രദേശത്തെ സിനിമാതിയേറ്ററുകളിലും ലാസ്റ്റ് ഷോ കണ്ട് ആൾക്കാർ പുറത്തിറങ്ങിക്കഴിഞ്ഞിരുന്നു. ആൽഫ്രഡ് തിയേറ്ററിനോട് ചേർന്നുള്ള കിംഗ് ഫാൽക്കൺ ബാർ അടയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. അവിടെനിന്നും മൂന്നു ക്വാർട്ടർ ഹെർക്കുലീസ് റം വാങ്ങി പോക്കറ്റിൽ വച്ചു. പിന്നെ മുന്നോട്ടു നടന്ന് സിൽവർ തിയേറ്ററിനടുത്തെത്തി. തിയേറ്ററിനെതിരെ അധികം വെളിച്ചമില്ലാത്ത കോംബ്ഡി ഗല്ലി എന്നറിയപ്പെടുന്ന ഊടുവഴിയുടെ വലതുവശം ചേർന്ന മൂന്നുനില കെട്ടിടത്തിലാണ് നല്ലമ്മയുടെ പിഞ്ജറ. ആ ഗല്ലി അപകടകാരിയാണ്. ഹിജഡകളെന്നും ഭിന്നലിംഗക്കാരെന്നും വിളിക്കപ്പെടുന്ന സുന്ദരികളായ ട്രാൻസ്‌ജെൻഡേഴ്‌സ് ഇര പിടിക്കാൻ പരസ്പരം മത്സരിച്ചു നിൽക്കാറുള്ള കോംബ്ഡി ഗല്ലിയുടെ അടുത്തുകൂടി പോകുന്നത് പോലും സൂക്ഷിച്ചു വേണം. അല്ലെങ്കിൽ അവർ പൊക്കിയടുത്ത് കൊണ്ടുപോയെന്നിരിക്കും. പിന്നെ ഉടുതുണിയെങ്കിലും തിരിച്ചു കിട്ടിയാൽ ഭാഗ്യം. കോംബ്ഡി എന്നാൽ കോഴി എന്നാണർത്ഥം. ട്രാൻസ്‌ജെൻഡേഴ്‌സിനോടൊപ്പം പ്രകൃതിവിരുദ്ധമായ ലൈംഗിക ബന്ധത്തിലേർപ്പെടാൻ താത്പര്യമുള്ളവർ എത്തുന്നതിനാലായിരിക്കാം ആ ഗല്ലിക്ക് ആ പേര് ലഭിച്ചത്.

ഗംഗാധരറാവുവിനെ അനുഗമിച്ച് കോംബ്ഡി ഗല്ലിയിലേക്ക് പ്രവേശിക്കുമ്പോൾ ട്രാൻസ്‌ജെൻഡറുകളെന്ന് വിശ്വസി
ക്കാൻ കഴിയാത്ത മൂന്നു സൗന്ദര്യശില്പങ്ങൾ അവിടെ നില്പുണ്ടായിരുന്നു. മുഖപരിചയംകൊണ്ട് ഗംഗാധരറാവുവിനെ തിരിച്ചറിഞ്ഞ അവർ അവനെ വിട്ട് പിന്നിലുള്ള എന്നെ പ്രലോഭിപ്പിക്കാനായി അടുത്തുകൂടി. എന്നാൽ ആരെയും കൂസാത്ത എന്റെ മട്ടും മാതിരിയും കണ്ട് ഒരുനിമിഷം അവർ സംശയിച്ചുനിന്നു.

അപ്പോഴേക്കും ഗംഗാധരറാവു പിന്തിരിഞ്ഞ് എന്റെ ചുമലിൽ കൈ വയ്ക്കുക കൂടി ചെയ്തപ്പോൾ അവർ ഒഴിഞ്ഞുമാറി. അതിനിടയിൽ അശ്ലീലച്ചുവയുള്ള ഏതോ ഫലിതം പറഞ്ഞ് അവരിലൊരുവൾ എന്റെ രഹസ്യഭാഗത്ത് സ്പർശിക്കാനൊരു ശ്രമം നടത്തിയെങ്കിലും ഞാനവളുടെ കൈ തട്ടി മാറ്റി. വലതുവശത്തുള്ള കെട്ടിടത്തിന്റെ തേഞ്ഞുപഴകിയ മരക്കോണികൾ ചവിട്ടിക്കയറി ഞങ്ങൾ രണ്ടാംനിലയിൽ നല്ലമ്മയുടെ പിഞ്ജറയ്ക്കു മുന്നിലെത്തി. മാസാവസാനമായതിനാൽ കെട്ടിടത്തിൽ സന്ദർശകർ പൊതുവെ കുറവായിരുന്നു. മുറുക്കി ചുവപ്പിച്ച ചുണ്ടുകളുടെ കോണിൽ ഒരു ഗൂഢ മന്ദഹാസവുമായി നല്ലമ്മ വാതുക്കൽത്തന്നെ ഒരു കസേരയിട്ട് ഇരിപ്പുണ്ടായിരുന്നു.

ഗംഗാധരറാവുവിനെ കണ്ട നല്ലമ്മ ചിരിച്ചുകൊണ്ട് ‘ബാഗുന്നവാ ഗംഗാധരഗാരു’ (സുഖം തന്നെയല്ലേ സാറെ) എന്ന് തെലുങ്കിൽ കുശലം ചോദിച്ചു. പിന്നെ അകത്തേക്ക് നോക്കി കസ്തൂരിയെ നീട്ടി വിളിച്ചുകൊണ്ട് ‘ഗംഗാധരഗാരു ഒച്ചിണ്ടു’ എന്നറിയിച്ചു. കാരണം കസ്തൂരിയുടെ സ്ഥിരം സന്ദർശകനായ ഗംഗാധരറാവു അവളുടെ അടുത്തല്ലാതെ മറ്റാരുടെയും അടുത്ത് പോകാറില്ല. പൊതുവെ ചുവന്ന തെരുവുകളിലെത്തുന്നവരിൽ രണ്ടു തരക്കാരാണുള്ളത്. പല പൂക്കളിൽ മാറി മാറി പറന്നിരിക്കുന്ന വണ്ടുകളെപ്പോലുള്ളവരും ഒരേ പൂവിൽ മാത്രം ആനന്ദം കണ്ടെത്തുന്നവരും. അതിൽ രണ്ടാമത്തെ ഗണത്തിലുള്ള ആളാണ് ഗംഗാധരറാവുവെന്ന് നല്ലമ്മയ്ക്കറിയാം. അല്ലാതെ അവനും കസ്തൂരിയും തമ്മിലുള്ള ഹൃദയബന്ധത്തെക്കുറിച്ച് അറിവുള്ളതുകൊണ്ടോ ആ ബന്ധം അംഗീകരിച്ചു കൊടുക്കുന്നതുകൊണ്ടോ ആയിരുന്നില്ല. നല്ലമ്മയുടെ വിളി കേട്ട് അകത്തുനിന്നും പുഞ്ചിരിച്ചുകൊണ്ട് കടന്നുവന്ന കസ്തൂരി ഒരുതരം അധികാരത്തോടെ അവന്റെ കൈ പിടിച്ച് അകത്തേക്കാനയിച്ചു.
അന്നേരം മറ്റു പെൺകുട്ടികളും അവനോട് കുശലം ചോദിച്ച് നവാഗതനായ ഞാൻ ആരെ തിരഞ്ഞെടുക്കുമെന്നറിയാനായി ഒരു പരേഡിലെന്ന പോലെ നിരന്നുനിന്നു. ഞാൻ മന:പൂർവം ലക്ഷ്മിയുടെ കയ്യിൽ പിടിച്ചു. കാരണം കസ്തൂരിയോടൊപ്പം അവളെയും നല്ലമ്മയുടെ തടവറയിൽനിന്നും രക്ഷപ്പെടുത്താമെന്ന് ഗംഗാധരറാവു ഏറ്റിരുന്നു. അന്നേരം മറ്റു പെൺകുട്ടികളെല്ലാം അകന്നു മാറി.

കഷ്ടിച്ച് 400 ചതുരശ്ര അടിയോളം വിസ്തീർണം വരുന്ന ദീർഘചതുരാകൃതിയിലുള്ള ഒരു മുറിയായിരുന്നു നല്ലമ്മയുടെ പിഞ്ജറ. മുറിയുടെ ഭിത്തികൾ നിറയെ വിവിധ ഹിന്ദു ദേവീദേവന്മാരുടെ ചില്ലിട്ട ഫോട്ടോകൾ തൂക്കിയിട്ടിരുന്നു. തെരുവിലെ എല്ലാ പിഞ്ജറകളിലും ഇത്തരം ഫോട്ടോകൾ കാണാം. നല്ലമ്മയുടെ പിഞ്ജറയ്ക്കുള്ളിൽ രണ്ടുപേർക്കു കിടക്കാവുന്ന ഓരോ കട്ടിലോടുകൂടിയ നാല് ചെറിയ കേബിനുകൾക്കു പുറമെ ആ കേബിനുകൾക്ക് മുകളിലായി മരപ്പലക നിരത്തിയുറപ്പിച്ച തട്ടിൻ പുറത്ത് വേറെ രണ്ട് കേബിനുകൾ കൂടിയുണ്ടായിരുന്നു.

സമയം രാത്രി ഒരുമണിയായിക്കാണും. പുറത്ത് തെരുവിലെ വെളിച്ചങ്ങൾ പലതും അണഞ്ഞു. അതുപോലെതന്നെ
ആൾത്തിരക്കും ബഹളങ്ങളും ഏതാണ്ടവസാനിച്ചിരുന്നു. മാസാവസാനങ്ങളിൽ അങ്ങനെയാണ്. കാരണം ആ തെരുവിലെത്തുന്നവരിൽ ഭൂരിഭാഗവും മാസശമ്പളത്തിൽ പലവിധ തൊഴിലുകൾ ചെയ്യുന്നവരാണ്. മാസാവസാനങ്ങളിൽ അവരുടെ പോക്കറ്റ് ശൂന്യമായിരിക്കും. അതിനാൽ ഇനിയും സന്ദർശകരെ
ത്താൻ സാധ്യതയില്ലെന്നു കണ്ട് നല്ലമ്മയും തന്റെ പിഞ്ജറ അടയ്ക്കാനൊരുങ്ങി. അതിനു മുമ്പായി എല്ലാവർക്കും ബിയറും ഭക്ഷണവും ഓർഡർ ചെയ്യാൻ പറഞ്ഞ് ഗംഗാധരറാവു അതിനുള്ള പണം നല്ലമ്മയെ ഏല്പിച്ചു. പിഞ്ജറകളിൽ അന്തിയുറങ്ങാനെത്തുന്ന ചിലരെങ്കിലും ഇടയ്‌ക്കൊക്കെ ഇത്തരം സ്‌നേഹ സൽക്കാരങ്ങൾ നൽകുക പതിവാണ്. അങ്ങനെ നല്ലമ്മയുടെ ആജ്ഞ പ്രകാരം താഴെയുള്ള മലബാറി ഹോട്ടലിലെ ബാബുഭായ് എന്ന ബാർവാല (പുറത്തെ സപ്ലൈയർ) ഭക്ഷണസാധനങ്ങളും ബീയർക്കുപ്പികളുമായി വന്നു. അവയെല്ലാം വാങ്ങി അകത്തു വച്ച നല്ലമ്മ പിഞ്ജറയുടെ മുൻവശത്തെ ഇരുമ്പുഗ്രില്ലും പിന്നെ അകത്തെ മരവാതിലും ഭദ്രമായി അടച്ചുപൂട്ടി താക്കോൽക്കൂട്ടം അരയിൽ തിരുകി. തെരുവിലെ എല്ലാ ഘർവാലികളും രാത്രികാലങ്ങളിൽ അതുതന്നെയാണ് ചെയ്യാറ്. ഇനി നല്ലമ്മ അറിയാതെ ഒരാൾക്കും ആ പിഞ്ജറയ്ക്കകത്തുനിന്നും പുറത്തു പോകാനോ അകത്തേക്ക് വരാനോ കഴിയുകയില്ല. അതിനിടയിൽ നല്ലമ്മയുടെ വളർത്തുകിളികളെല്ലാം കയ്യും മുഖവും കഴുകി ഭിത്തിയിലെ ദൈവങ്ങൾക്ക് മുമ്പിൽ ഭക്ത്യാദരങ്ങളോടെ നിരന്നു കഴിഞ്ഞിരുന്നു.
വിചിത്രമായ അനുഷ്ഠാനം പെട്ടെന്ന് മുറിയിലെ ഇലക്ട്രിക് ബൾബുകളെല്ലാം അണഞ്ഞു.

യെല്ലമ്മദേവിയുടേതെന്ന് കരുതപ്പെടുന്ന ഒരു ഫോട്ടോവിന് മുകളിൽ മുനിഞ്ഞു കത്തുന്ന ചെറിയ അലങ്കാര ബൾബിന്റെ അരണ്ട ചുവന്ന വെളിച്ചം മാത്രം ബാക്കിയായി. അതിനിടയിൽ അകത്തെ മുറിയിൽനിന്ന് ആരോ കനലുകളെരിയുന്ന ഒരു മൺചട്ടി കൊണ്ടുവച്ചു. അതിൽ കുറെ കുന്തിരിക്കവും ഏതോ ചില മരച്ചീളുകളും വിതറി. മുറിയിലാകെ സുഗന്ധമുള്ള പുകച്ചുരുളുകൾ പടർന്നു. അന്നേരം മുറിക്കുള്ളിലുള്ളവരെല്ലാം ഒരുതരം നിഴൽരൂപങ്ങളായി മാറി. അപ്പോഴേക്കും നല്ലമ്മ വാതിലും പൂട്ടിയെത്തി. ദൈവചിത്രങ്ങൾക്കു മുന്നിൽ നെയ്‌വിളക്കും ചന്ദനത്തിരികളും കത്തിച്ച നല്ലമ്മ കൈകൂപ്പി കണ്ണടച്ച് പ്രാർത്ഥിച്ചു. മറ്റുള്ളവരും നല്ലമ്മയെ അനുകരിച്ചു. തുടർന്ന് എല്ലാവരും കുന്തിരിക്കം പുകയുന്ന ചട്ടിക്കു ചുറ്റും വട്ടമിട്ടു നിന്നു. പിന്നെ ഓരോരുത്തരായി ഏതോ ആഭിചാര പ്രക്രിയയ്‌ക്കെന്നോണം അവർ ധരിച്ചിരുന്ന സാരി മുട്ടിനു മീതെവരെ തെറുത്തുയർത്തി ചട്ടിയിൽനിന്നുയരുന്ന ചൂടും പുകയും തങ്ങളുടെ യോനിയിലേക്കാവാഹിക്കുന്ന തരത്തിൽ മാറിമാറി ചട്ടിക്കു മുന്നിൽ കാലുകൾ കവച്ചു നിന്നു. ഏതാനും നിമിഷങ്ങളോളം തുടർന്ന ആ അനുഷ്ഠാനത്തിനുശേഷം മുറിക്കുള്ളിലെ ബൾബുകൾ വീണ്ടും തെളിഞ്ഞു.

വാസ്തവത്തിൽ സന്ധ്യയ്ക്കും രാത്രി അത്താഴത്തിനു മുമ്പും തെരുവിലെ എല്ലാ പിഞ്ജറകളിലും മുടങ്ങാതെ അനുവർത്തിച്ചു പോരുന്ന ഒരു അനുഷ്ഠാനമാണത്. ഭക്തിയുടെ മറവിലാണെങ്കിലും രോഗാണുക്കളെ പുകച്ച് നശിപ്പിക്കുന്ന ശാസ്ത്രീയമായ ഫ്യൂമിഗേഷൻ പ്രക്രിയ കൂടിയാണ് വാസ്തവത്തിൽ ആ അനുഷ്ഠാനത്തിലൂടെ നിർവഹിക്കപ്പെടുന്നത്.

അതു കഴിഞ്ഞതോടെ തീറ്റയും കുടിയും ആരംഭിച്ചു. ഗംഗാധരറാവു എല്ലാവർക്കും ഓരോ ഗ്ലാസ് ബീയർ ഒഴിച്ചുകൊടുത്തു. കസ്തൂരിയും ലക്ഷ്മിയും മന:പൂർവം ബീയർ വേണ്ടെന്നു പറഞ്ഞ് എല്ലവർക്കും ഭക്ഷണം വിളമ്പിക്കൊണ്ടിരുന്നു. ബിയറിന്റെ ആദ്യറൗണ്ടിനിടയിലെപ്പോഴോ നല്ലമ്മ ടേപ്പ് റെക്കോർഡർ ഓൺ ചെയ്ത് ഏതോ തെലുങ്ക് പാട്ടിന്റെ കാസറ്റിട്ടു. രണ്ടാം റൗണ്ട് തുടങ്ങും മുമ്പ് ഞാൻ ഹെർക്കുലീസ് റമ്മിന്റെ ക്വാർട്ടർക്കുപ്പികൾ തുറന്ന് ആരും കാണാതെ ബീയർക്കുപ്പികളിൽ മിക്‌സ് ചെയ്തു. അപ്പോഴേക്കും നല്ലമ്മയുടെ കാലുകൾ പതുക്കെ ചലിക്കാൻ തുടങ്ങിയിരുന്നു. പിന്നീടത് ചെറിയ ചുവടുകളായി. ടേപ്പ് റെക്കോർഡറിൽ പാട്ടിന്റെ ഈണവും താളവും മുറുകി. ഒപ്പം നല്ലമ്മയുടെ ചുവടുകളും. അങ്ങനെ മൂന്നാംറൗണ്ടിൽ താനൊരു നല്ല നർത്തകിയാണെന്നു തെളിയിച്ചുകൊണ്ട് നല്ലമ്മയുടെ ചുവടുകളും അംഗചലനങ്ങളും ചടുലമായി.

അതുകണ്ട് മറ്റുള്ളവരുടെ കാലുകളും ചലിക്കാൻ തുടങ്ങി. ഞാനും ഗംഗാധരറാവുവും അവരെ പ്രോത്സാഹിപ്പിച്ചു. ഗംഗാധരറാവുവിനെയും എന്നെയും നൃത്തം ചെയ്യാൻ നല്ലമ്മ പ്രേരിപ്പിച്ചു. അവളെ തൃപ്തിപ്പെടുത്താനായി ഞങ്ങളും ചില ചുവടുകൾ വച്ചു. അന്നേരം രംഗം കൊഴുത്തു. ഒച്ചയും ആർപ്പുവിളികളും ഉയർന്നു. ഒരിക്കൽ കൂടി ബീയർ ഗ്ലാസുകൾ നിറഞ്ഞു.

പക്ഷെ ആ റൗണ്ട് പൂർത്തിയാക്കാൻ നല്ലമ്മയ്ക്കു പോലും കഴിഞ്ഞില്ല. അവരുടെ ചുവടുകൾക്ക് താളം പിഴച്ചു. അതിനിടയിൽ ചിലർ ഛർദിച്ചു. മറ്റുചിലർ എന്തിനെന്നില്ലാതെ പരസ്പരം പുലഭ്യം പറഞ്ഞു. ഒടുവിൽ ഉറയ്ക്കാത്ത ചുവടുകകളോടെ നിലത്തും ഒഴിഞ്ഞുകിടന്ന ക്യാബിനുകളിലെ കട്ടിലുകളിലുമായി ഓരോരുത്തർ ചെന്നു വീണു. വാസ്തവത്തിൽ കസ്തൂരിയും ലക്ഷ്മിയും ചേർന്ന് അവരെയെല്ലാം പിടിച്ചുകൊണ്ടുപോയി കിടത്തുകയായിരുന്നു. നല്ലമ്മയെ രണ്ടാമത്തെ ക്യാബിനിലാണ് മന:പൂർവം കിടത്തിയത്. അതിനിടയിൽ നല്ലമ്മയുടെ
അരക്കെട്ടിൽനിന്നും താക്കോൽകൂട്ടം കൈക്കലാക്കി ഗംഗാധരറാവുവിനെ ഏല്പിക്കാൻ അവർ മറന്നില്ല.

സാഹസിക നിമിഷങ്ങൾ
സൽക്കാരവും നൃത്തവുമെല്ലാം കഴിയുമ്പോൾ സമയം മൂന്നരയോടടുത്തിരുന്നു. ജനലിലൂടെ നോക്കിയപ്പോൾ തെരുവിലെ ഒന്നുരണ്ട് ഹോട്ടലുകളുടെ ഷട്ടറുകൾ അപ്പോഴും പകുതി തുറന്നു കിടന്നിരുന്നു. അവയിൽനിന്നുള്ള വെളിച്ചം നിരത്തിൽ തളംകെട്ടിക്കിടന്നിരുന്നതല്ലാതെ ആളനക്കമൊന്നുമില്ലായിരുന്നു.

ഇനിയാണ് ദൗത്യത്തിന്റെ ഏറ്റവും സാഹസികവും നിർണായകവുമായ നിമിഷഘട്ടങ്ങൾ. അതിനുള്ള തയ്യാറെടുപ്പിൽ അവശേഷിച്ച റം ഞാനും ഗംഗാധരറാവുവും പെട്ടെന്നുതന്നെ അകത്താക്കി. സൽക്കാരത്തിനിടയിൽ അവരെ ബോധ്യപ്പെടുത്താൻ വേണ്ടി ഓരോ ഗ്ലാസ് ബീയർ മാത്രമാണ് ഞങ്ങൾ കുടിച്ചിരുന്നത്. പിന്നെ കാത്തുനിന്നില്ല. ഭിത്തിയിലെ ദൈവങ്ങളുടെ ഫോട്ടോകൾക്ക് മുമ്പിൽ കത്തുന്ന ചുവന്ന സീറോ ബൾബടക്കം മുറിയിലെ എല്ലാ ലൈറ്റുകളും ഓഫാക്കി. അങ്ങനെ ആ ദൈവങ്ങളെയും ഇരുട്ടിനെയും സാക്ഷിയാക്കി ഞാൻ ഗംഗാധരറാവുവിൽനിന്നും താക്കോൽക്കൂട്ടം ഏറ്റു വാങ്ങി നല്ലമ്മയുടെ പിഞ്ജറയുടെ വാതിലും ഇരുമ്പുഗ്രില്ലും തുറന്നു. അടുത്തുള്ള പിഞ്ജറകളെല്ലാം അടഞ്ഞുതന്നെ കിടപ്പാണെന്നു ഉറപ്പു വരുത്തിയ
ഗംഗാധരറാവു ആദ്യം പുറത്തു കടന്നു. പിന്നാലെ ലക്ഷ്മിയെ ഒരു രോഗിയെ എന്നപോലെ കമ്പിളികൊണ്ടു തലയട
ക്കം മൂടി പുതപ്പിച്ചശേഷം താങ്ങിപ്പിടിച്ച് കസ്തൂരിയും. അതിനു മുമ്പുതന്നെ അവരുടെ ഏക സമ്പാദ്യമായ ഏതാനും വസ്ത്രങ്ങൾ ഒരു പഴയ സാരിയിൽ പൊതിഞ്ഞ് ഭാണ്ഡക്കെട്ടാ ക്കി ലക്ഷ്മിയുടെ കക്ഷത്തിൽ വച്ചുകൊടുത്തിരുന്നു. നല്ലമ്മയുടെ പിഞ്ജറയുടെ വാതിൽ പതുക്കെ ചാരി ഞാനും പുറത്തു കടന്നു. വരാന്തയിലെ വെളിച്ചം അണഞ്ഞിരുന്നതിനാൽ കോണിപ്പടികൾ വ്യക്തമായി കാണാൻ കഴിയുമായിരുന്നില്ല. അതിനാൽ കോണിപ്പടിയിറങ്ങാൻ ഗംഗാധരറാവുവും ഞാനും അവരെ സഹായിച്ചു. അങ്ങനെ ഒരുവിധം ഞങ്ങൾ താഴെയെത്തി.

പിന്നെ അവരെ മൂന്നു പേരെയും കോംബ്ഡി ഗല്ലിയിൽ നിർത്തിയശേഷം ഞാൻ നിരത്തിലേക്കിറങ്ങി. എതിർവശത്ത് സിൽവർ തിയേറ്ററിന്റെ മുന്നിലായി ഒരു ടാക്‌സി കിടപ്പുണ്ടായിരുന്നു. പുറത്ത് ഒരുവിധം നല്ല തണുപ്പുണ്ട്. ഞാൻ ടാക്‌സിക്കരികിലെ ത്തി. ടാക്‌സിയുടെ ഡോർഗ്ലാസുകളുയർത്തിയിട്ട് ഡ്രൈവർ നല്ല
ഉറക്കത്തിലാണ്. അയാളെ വിളിച്ചുണർത്താൻ ഏറെ പാടുപെട്ടു. എന്നാൽ എന്തെങ്കിലും പറയും മുമ്പേതന്നെ പെട്രോളില്ലെന്നു പറഞ്ഞ് അയാൾ വീണ്ടും ഡോർഗ്ലാസുയർത്തി. അന്നേരം അല്പം അകലെ പാതി ഷട്ടറിട്ട ഹോട്ടലിനു മുന്നിൽ മറ്റൊരു ടാക്‌സി കിടക്കുന്നതു കണ്ട് അങ്ങോട്ടു നടന്നു. ആ ടാക്‌സിക്കാരനും ആദ്യം വഴങ്ങിയില്ല. ഒരു രോഗിയെ ആശുപത്രിയിൽ കൊണ്ടുപോകാനാണെന്നറിയിച്ചപ്പോൾ അയാൾ മെരുങ്ങി.
‘കോൻസാ… നായർ ഹോസ്പിറ്റൽ ജാനാഹേ ക്യാ?’ കണ്ണുതിരുമ്മിക്കൊണ്ടയാൾ ആരാഞ്ഞു.

ഹോസ്പിറ്റലിന്റെ പേര് മുൻകൂട്ടി തീരുമാനിച്ചിരുന്നില്ലെങ്കിലും അയാളുടെ ചോദ്യത്തിന് മറുപടിയായി പെട്ടെന്ന് അതെ എന്നറിയിച്ചപ്പോൾ ”തീസ് റുപ്പയ ലേഗാ” എന്നായി പ്രതികരണം. അതായത്, മുപ്പതു രൂപയാകുമെന്ന്. ഒരു വിലപേശലിനു നിൽക്കാതെ അയാളുടെ ഇടതുവശത്തെ സീറ്റിൽ കയറിയിരുന്ന ഞാൻ ടാക്‌സി കോംബ്ഡി ഗല്ലിയുടെ ഓരത്തേക്ക് റിവേഴ്‌സെടുക്കാൻ അഭ്യർത്ഥിച്ചു. അയാൾ അനുസരിക്കുകയും ചെയ്തു. രോഗം
നടിച്ച ലക്ഷ്മിയെ താങ്ങിപ്പിടിച്ച് ടാക്‌സിയുടെ പിൻസീറ്റിലിരുത്താൻ ശ്രമിക്കുന്നതിനിടയിൽ പെട്ടെന്നൊരു അലർച്ച കേട്ട് ഞങ്ങൾ നടുങ്ങിപ്പോയി. നോക്കിയപ്പോഴുണ്ട് ഒരു സ്ത്രീരൂപം ഞങ്ങൾക്കു നേരെ ഓടിവരുന്നു ഹെർക്കുലീസ് റം നൽകിയ ധൈര്യം അന്നേരം ചോർന്നുപോയി. എന്നാൽ ആ സ്ത്രീരൂപം ഞങ്ങളെ ഗൗനിക്കാതെ അടുത്തുള്ള ഒരു ഗല്ലിയിലേക്ക് മറയുകയാണ് ചെയ്തത്. മനസിന്റെ സമനില തെറ്റിയതിനാൽ ഏതോ പിഞ്ജറയിൽനിന്ന് പുറത്താക്കപ്പെട്ട് തെരുവിലലയുന്ന ഒരു ലൈംഗിക തൊഴിലാളിയാണവരെന്നും അവരുടെ ആ ഓട്ടവും
അലർച്ചയും പതിവുള്ളതാണെന്നും കസ്തൂരി പതുക്കെ പറഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത്. എങ്കിലും ആ സ്ത്രീയുടെ അലർച്ച കേട്ടുണർന്ന ആരെങ്കിലും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടാകുമോ എന്നായി പിന്നത്തെ ഭയം. എന്തും നേരിടാനുള്ള തയ്യാറെടുപ്പിലായിരുന്നല്ലോ ഈയൊരു ദൗത്യത്തിനായി ഇറങ്ങിത്തിരിച്ചത്. ഇനി നേരിടുക തന്നെ എന്ന് മനസ് പറഞ്ഞു. അതിനാൽ കസ്തൂരിയേയും ഗംഗാധരറാവുവിനേയും ലക്ഷ്മിയോടൊപ്പം ടാക്‌സിയുടെ പിൻസീറ്റിലിരുത്തി ഞാൻ വീണ്ടും മുൻസീറ്റിൽ ഡ്രൈവറുടെ അടുത്തായി ഇരുന്നു.

ഫാക്‌ലാന്റ് റോഡിൽനിന്നും പിലാഹൗസ് ജംഗ്ഷനിലൂടെ ടാക്‌സി ബോംബെ സെൻട്രലിലെ നായർ ഹോസ്പിറ്റൽ ലക്ഷ്യം വച്ച് പാഞ്ഞു. റോഡിലെ സിഗ്‌നലുകളിൽ മഞ്ഞവെളിച്ചമൊഴികെ മറ്റെല്ലാം നിശ്ചലമാണ്. അതിനർത്ഥം എല്ലാ ദിശകളിൽനിന്നും എപ്പോൾ വേണമെങ്കിലും വാഹനങ്ങൾക്ക് കടന്നുപോകാം. മിനർവ തിയേറ്ററിനടുത്തെത്തിയപ്പോൾ പിന്നിൽനിന്നും ഒരു വാഹനം ഞങ്ങളുടെ ടാക്‌സിയെ പിന്തുടരുന്നപോലെ അമി
തവേഗത്തിൽ വരുന്നതായി കണ്ണാടിയിലൂടെ കണ്ട ടാക്‌സിക്കാരൻ പെട്ടെന്ന് വേഗത കുറച്ച് സൈഡൊതുക്കിയപ്പോൾ ഒരിക്കൽ കൂടി മനസ് പതറി. പെൺവാണിഭ മാഫിയകളുടെ ഗുണ്ടകൾ
തന്നെയായിരിക്കാം പിന്തുടർന്നു വരുന്നതെന്നും ഏതാനും നിമിഷങ്ങൾക്കകം അവർ ഞങ്ങളെ നടുറോഡിലിട്ട് വകവരുത്തുമെന്നും ഉറപ്പിച്ച ഞാൻ ഉള്ളിലെ ഭയാശങ്കകൾ പുറത്തറിയി ക്കാതെ ധ്യാനത്തിലെന്നോണം ഒരുനിമിഷം കണ്ണടച്ചിരുന്നു. അനധികൃത വാറ്റുചാരായം കടത്തുന്ന വാഹനമായിരുന്നു അതെന്ന് ടാക്‌സിക്കാരൻ പറഞ്ഞപ്പോഴാണ് ഞാൻ കണ്ണു തുറന്നത്. അതിനിടയിൽ ആ വാഹനം ഞങ്ങളുടെ ടാക്‌സിയെ തൊട്ടുരുമ്മിയപോലെ കടന്ന് നവജീവൻ സൊസൈറ്റി ജംഗ്ഷനിൽനിന്നും ഇടത്തോട്ട് താർദേവ് ഭാഗത്തേക്കുള്ള വഴിയേ പോയിക്കഴിഞ്ഞിരുന്നു. ഇങ്ങനെ അഗ്‌നിപരീക്ഷയുടെ മറ്റൊരു കടമ്പ കൂടി കടന്നപ്പോൾ വാസ്തവത്തിൽ ഒരു ത്രില്ലാണ് തോന്നിയത്.

ഏതാനും നിമിഷങ്ങൾക്കകം ഞങ്ങളുടെ ടാക്‌സി ബോംബെ സെൻട്രലിലെ നായർ ഹോസ്പിറ്റലിന്റെ പടിക്കൽ ചെന്നുനിന്നു. സമയം നാല് കഴിഞ്ഞിരുന്നു. ഒന്നുരണ്ട് ടാക്‌സികൾ അവിടെ യാത്രക്കാരെയും കാത്ത് കിടപ്പുണ്ടായിരുന്നു. ഞാൻ മുപ്പതുരൂപയെടുത്ത് ടാക്‌സിക്കാരനു നൽകി. അതിനിടയിൽ ഗംഗാധരറാവുവും കസ്തൂരിയും ചേർന്ന് ലക്ഷ്മിയെ ടാക്‌സിയിൽ നിന്നിറക്കി. അതിനുശേഷം ടാക്‌സിക്കാരൻ ബോംബെ സെൻ
ട്രൽ റെയിൽവെസ്റ്റേഷൻ ഭാഗത്തേക്ക് ടാക്‌സിയോടിച്ചു പോവുകയും ചെയ്തു. നായർ ഹോസ്പിറ്റലിനു മുന്നിലിറങ്ങിയെങ്കിലും രക്ഷപ്പെട്ടുവെന്നു കരുതാൻ കഴിയുമായിരുന്നില്ല. കാരണം പോലീസുമായി അവിഹിത ബന്ധമുള്ള പെൺവാണിഭ മാഫിയയുടെ കരങ്ങൾ അത്രയും ശക്തമാണ്. ആ കരങ്ങൾ ഏതുനിമിഷവും ബോംബെ നഗരത്തിന്റെ ഏതു കോണിലേക്കും നീണ്ടു ചെന്നേക്കാം. അതിനാൽ അല്പം അകലെയായി കിടന്നിരുന്ന പോലീസ് വാനിലെ പോലീസുകാരുടെ ശ്രദ്ധയിൽ പെടാതെ പെട്ടെന്നു തന്നെ ആസ്പത്രിപ്പടിക്കൽ കിടന്നിരുന്ന മറ്റൊരു ടാക്‌സിക്കാരനെ സമീപിച്ച് ധാരാവിയിലേക്ക് പോകാമോ എന്ന് ചോദിച്ചു. ഒരു നീണ്ട യാത്രയായതിനാൽ അയാൾ വിസമ്മതിച്ചില്ല.

ധാരാവിയിൽ ഗംഗാധരറാവുവിന്റെ ജോപ്പഡയിലെത്തുമ്പോൾ സമയം അഞ്ചരയായി. നഗരം ഉണർന്നുകഴിഞ്ഞിരുന്നു. അതിനാൽ കുറച്ചെങ്കിലും ആശ്വാസമായി. ഞങ്ങളെ ജോപ്പഡയിലിരുത്തിയശേഷം ഗംഗാധരറാവു പോയി കുറെ ചൂടുള്ള ഇഡ്ഡലിയും വടയും ചായയുമായെത്തി. അതു കഴിച്ച ഞങ്ങൾ നാലുപേരും അധികം സൗകര്യങ്ങളില്ലാത്ത ആ ജോപ്പഡയ്ക്കുള്ളിൽ രണ്ട് ജവുക്കാളങ്ങൾ വിരിച്ച് തത്കാലം വിശ്രമിക്കാൻ കിടന്നു. രാത്രി മുഴുവൻ ഉറക്കമിളച്ചതാണല്ലൊ. എങ്കിലും പതിനൊന്നുമണിയോടെ ബാന്ദ്രയിലെ വിവാഹക്കോടതി
യിൽ എത്താനായിരുന്നു പ്ലാൻ.

പത്തുമണിയോടെ ഉണർന്ന ഞങ്ങൾ കുളിയും മറ്റും കഴിഞ്ഞ് ഒരു ടാക്‌സിയിൽ ബാന്ദ്രയിലെ വിവാഹക്കോടതിയിലേക്കു പുറപ്പെട്ടു. പൊതുവേ തിരക്കുള്ള അവിടെ അന്ന് തിങ്കളാഴ്ചയായിരുന്നതിനാൽ തിരക്ക് കൂടുതലായിരുന്നു. എങ്കിലും ഒരു ഇടനിലക്കാരനെ പിടിച്ച് അയാളുടെ പരിചയത്തിലുള്ള വക്കീൽ
മുഖാന്തിരം ഗംഗാധരറാവുവിന്റെയും കസ്തൂരിയുടെയും രജിസ്റ്റർ വിവാഹത്തിനുള്ള ഏർപ്പാട് ചെയ്തു. കസ്തൂരിയുടെ
ഭാഗത്തുനിന്ന് ഞാനും ലക്ഷ്മിയുമാണ് സാക്ഷികളായി ഒപ്പിട്ടുകൊടുത്തത്. ഗംഗാധരറാവുവിന്റെ ഭാഗത്തുനിന്ന് രണ്ട് വാടക സാക്ഷികളും ഒപ്പിട്ടു. അങ്ങനെ ഗംഗാധരറാവുവും കസ്തൂരിയും വിവാഹിതരായി. എല്ലാം കഴിയുമ്പോൾ മണി മൂന്നരയോടടുത്തിരുന്നു.

ഇനി ഒരു ദിവസം പോലും ബോംബെയിൽ തുടരുന്നത് അപകടമാണെന്ന് ഗംഗാധരറാവുവിനറിയാമായിരുന്നു. അതിനാൽ ലക്ഷ്മിയെ അവളുടെ നാടായ ഗൂട്ടിയിൽ കൊണ്ടുവിട്ടശേഷം കസ്തൂരിയോടൊപ്പം നിസാമാബാദിലേക്കു പോകാനായിരുന്നു റാവുവിന്റെ പരിപാടി. അതനുസരിച്ച് അന്നു വൈകുന്നേരം തന്നെ അവൻ പോയി പിറ്റേന്നത്തെ ജയന്തി ജനതയിൽ ഗൂട്ടിയിലേക്കുള്ള മൂന്നു ടിക്കറ്റുകൾ സംഘടിപ്പിച്ചു കൊണ്ടുവന്നു. കൂടാതെ കസ്തൂരിക്കും ലക്ഷ്മിക്കും വേണ്ടി കുറച്ചു തുണിത്തരങ്ങളും. രാത്രി ധാരാവിയിലെ ഒരു തമിഴന്റെ ഹോട്ടലിൽ
നിന്ന് അത്താഴം കഴിച്ച ഞങ്ങൾ ഉറങ്ങാൻ കിടന്നു.

പിറ്റേന്ന് സയണിലെ മണീസ് ലഞ്ച് ഹോമിൽനിന്ന് ഉച്ചഭക്ഷണം കഴിച്ച ഞങ്ങൾ അവിടെനിന്നും ടാക്‌സി പിടിച്ച് നേരത്തെ തന്നെ ദാദർ സ്റ്റേഷനിലെത്തി. വണ്ടി വരാൻ പിന്നെയും സമയം ബാക്കിയുണ്ടായിരുന്നു. അതുവരെ ശൂന്യമായി കിടന്നിരുന്ന പ്ലാറ്റ്‌ഫോമിൽ യാത്രക്കാരുടെ തിരക്കേറിവന്നു. പിന്നീടെപ്പോഴോ വണ്ടി വരുന്നതിന്റെ അറിയിപ്പുണ്ടായി. അന്നേരം യാത്രക്കാരെല്ലാം പെട്ടിയും പ്രമാണവുമായി ഞാനാദ്യം എന്ന നിലയിൽ
വണ്ടിയിൽ കയറിപ്പറ്റാനുള്ള തത്രപ്പാടിലായി. അതിനിടയിൽ കസ്തൂരിയും ലക്ഷ്മിയും ധാരാവിയിലെ ഒരു പൂക്കടയിൽനിന്നും വാങ്ങി കരുതിവച്ചിരുന്ന പൊതിയിലെ കുറച്ചു പൂക്കളെടുത്ത് എന്റെ കാല്പാദങ്ങളിൽ വച്ച് തൊട്ടു വന്ദിച്ചു. കൂടാതെ തെലുങ്കിൽ എന്തൊക്കെയോ പറഞ്ഞ് കരയാനും തുടങ്ങി. സംഭവമെന്തെന്നറിയാതെ ഞാൻ കാലുകൾ പിൻവലിച്ചു. വാസ്തവത്തിൽ നല്ലമ്മയുടെ പിഞ്ജറയിൽനിന്ന് രക്ഷപ്പെടാൻ സഹായിച്ചതിന്റെ നന്ദിപ്രകടനമായിരുന്നു അത്. അപ്പോഴേക്കും വണ്ടിയെത്തി. തിരക്കിനിടയിലൂടെ ഗംഗാധരറാവു അവരെ ഒരുവിധം വണ്ടിയിൽ കയറ്റിയിരുത്തി. ഏതാനും നിമിഷങ്ങൾക്കുശേഷം വണ്ടി പുറപ്പെടാനായി ചൂളം വിളിച്ചു. വേർപാടിന്റെ നൊമ്പരം ഞങ്ങൾ ക്കിടയിൽ മൗനത്തിന്റെ മതിലുകൾ തീർത്തതിനാൽ ആർക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. തീവണ്ടി നിസംഗതയോടെ നീങ്ങാൻ തുടങ്ങിയപ്പോൾ ജനൽക്കമ്പിക്കിടയിലൂടെ ഗംഗാധരറാവു കൈ വീശി. പ്ലാറ്റ്‌ഫോമിൽ നിന്നുകൊണ്ട് യാന്ത്രികമായി ഞാനും. നഗരം വിട്ടു പോകുന്നതിന്റെ വിഷമം അവന്റെ മുഖത്ത് പ്രകടമായിരുന്നു. ജനലിനരികിലെ സീറ്റുകളിലിരുന്നുകൊണ്ട് കസ്തൂരിയും ലക്ഷ്മിയും നന്ദിസൂചകമായി ഒരിക്കൽ കൂടി കൈകൾ കൂപ്പി തൊഴുതു. ഫാക്‌ലാന്റ് റോഡിൽ നല്ലമ്മയുടെ പിഞ്ജറയിലെ നരകയാതനയിൽനിന്ന് ഒരിക്കലും രക്ഷപ്പെടാനാവില്ലെന്നു കരുതിയിരുന്ന അവരപ്പോൾ മാത്രമാണ് സ്വാതന്ത്ര്യത്തിന്റെ പ്രാണവായു ശ്വസിച്ചത്.