അകമണ്ണ്

സീന ശ്രീവത്സൻ

മണ്ണിന്റെ അതിലോലമായ
അടരുകളിലേക്ക്
അച്ഛനൊരു കിളി വാതിൽ
പണിതിട്ടു.

വേരു പൊട്ടുന്നിടത്ത്
എന്നെ വിളക്കിച്ചേർത്തു
വെള്ളം തണുപ്പിച്ച
മേൽത്തട്ടിലൂടെ
ഞാനൂർന്നിറങ്ങി.

വിരിയാനിരിക്കുന്ന ഇലകൾ
പുറപ്പെടേണ്ട മൊട്ടുകൾ
ഇനി ഉണരേണ്ട ഫലങ്ങൾ
അവയ്ക്കുള്ളിലെ ജീവൻ
അതിനുമുള്ളിലെ കടൽ
അതിന്നാഴങ്ങളിലെ പച്ച
മണ്ണൊളിപ്പിച്ച പൊരുളുകൾ
അച്ഛന്റെ വേദങ്ങൾ
ഉൾക്കനങ്ങൾ
ഞാൻ നീന്തി, മുട്ടുകുത്തി
ഉരുണ്ടുവീണും പിടഞ്ഞെണീറ്റും
പിച്ച വെച്ചും
മണ്ണാഴങ്ങളിൽ മുത്തിയും
അലഞ്ഞു നടന്നു.

ഞാനുണർന്നപ്പോൾ
പെറ്റെണീറ്റ് അച്ഛൻ.
ഒരു ഞൊടിയിടയിൽ കാറായ്
ഉച്ചിയിൽ തൊടും വെയിലായ്
നിറഞ്ഞ് പരന്ന്
പൊക്കിൾ കൊടി പൊഴിക്കാതെ കാലം
എന്റെ ഉള്ളംകൈയിൽ
അകമണ്ണിന്റെ ഗന്ധം.