പ്രണയഗ്രന്ഥം തുറക്കുമ്പോൾ

സോണി ഡിത്

രാത്രി അതിന്റെ ആകാശത്തിൽ
നക്ഷത്രങ്ങളെ തെളിയിച്ചു കൊണ്ടിരിക്കുന്നു
ഞാനോ നമ്മുടെ ഇണയോർമകളുടെ
നനുത്ത മുല്ലമണത്തെ
ഉറക്കത്തിന്റെ അങ്ങേ പടവിലിരുന്നു
കോർത്തുകൊണ്ടിരിക്കുകയായിരുന്നു.

ഇരുള് വടിച്ചു കഴുകി വെളിച്ചം മെഴുകിയ
ഒരു ദിനത്തിെന്റ ഉമ്മറത്തിണ്ടിൽ
പാരിജാതം മണക്കുന്ന നിറകൂടയായിരുന്നു
ഇന്നെന്റെ കണി.

ഞാനോ
ശരത്കാലമോ വസന്തമോ എന്നൊളിപ്പിച്ചു
നീലാമ്പലുകളുടെ കണ്ണുപൊത്തുന്ന
നിഴലുകൾ വിരിഞ്ഞിറങ്ങിയ മുറ്റത്തെ
ശാന്തത രുചിച്ചു നിന്നുപോയ് ഇരുനിമിഷം.
മാമ്പൂക്കൾക്ക് താഴെ
മയിൽപ്പിടയുടെ ഒച്ചയിലേയ്ക്ക് പറന്നിറങ്ങിയ
നീളൻ പീലിക്കണ്ണന്റെ തൂവലുകൾ
എന്റെ മഞ്ഞ മന്ദാരങ്ങൾക്കും മേലെയപ്പോൾ
നീണ്ടുവിടർന്നു.

അവന്റെ ഓരോ പീലികളിലും
പ്രണയത്തിന്റെ വാതിൽമണികൾ
കൊളുത്തിയിട്ടെന്ന വണ്ണം ഇളകിയാടുന്ന ഒച്ചകൾ
ഈ പ്രഭാതത്തിൽ കലരുന്നു.

ഹ!
പ്രണയം കൊണ്ട് ആരോ
ഹൃദയത്തിൽ തൊടുമ്പോൾ
പൂക്കുന്നതാണീആകാശവും ഭൂമിയും!
രാവിലും പകലിലും
ഇരുളുകൊണ്ടും വെളിച്ചം കൊണ്ടും
തമ്മിൽ തൊടുന്നവരത്രേ
പ്രണയത്തിന്റെ മന്ത്രവാദികൾ!

അവർ,
ശൂന്യതയിൽ നിന്ന് ഒരുറവയെ സൃഷ്ടിക്കുന്നു
അതിന്റെ വഴികളിൽ വസന്തം കൊണ്ട് തോരണമിടുന്നു.
കാലമവർക്ക് മുൻപേ പാഞ്ഞോടുന്ന
ഒറ്റക്കൊമ്പൻ കുതിരയെപ്പോലെയാണ്.

ചിറകുകൾ മുളയ്ക്കുന്ന ഓരോ സ്വപ്‌നങ്ങളിലും
രൂപം മാറുന്നതോ അവരുടെ ഇഷ്ട ദേവതകൾ.
പ്രണയത്തിൽ ആയിരിക്കുമ്പോൾ
വിഷാദത്തിന്റെ തുടലുകൾ കുരുങ്ങി വീഴുന്ന
ഇടവഴികളെ
വീണ്ടും വീണ്ടും നാം കണ്ടുമുട്ടുന്നു,
സന്തോഷവും വേദനകളും
ഒന്നിച്ചു പൂത്തു പടർന്ന വേലികളും
ഓരോ വളവിലും ചാഞ്ഞു നിൽക്കുന്നു.

പ്രണയമോ
എന്നും പണിതീരാത്ത വീടുപോലെ
നമ്മുടെ ഹൃദയത്തെ അനുഗമിക്കുന്നു
കാല്പനികതയുടെ കുടമുല്ലപ്പൂവള്ളികളിൽ
കുരുങ്ങിപ്പോകുന്ന കുരുവിക്കൂടുപോലെ നാം
ശേഷിക്കുകയും ചെയ്യുന്നു.

കൂട്ടിലെക്കിളിയെ തുറന്നു വിടുമ്പോൾ
ആകാശമോ അതിന്റെ കിളിക്കൂട്ടമോ
അപരിചിതമെന്നപോലെ അതിനെ
കടന്നുപോകുന്നല്ലോ,
പ്രണയത്തിൽ നിന്നും ഉണരുമ്പോൾ
ദാഹിക്കുന്ന വേനലുള്ള തൊണ്ടക്കുഴികളുമായി
കണ്ണുവരണ്ടിരിക്കുന്നല്ലോ നമ്മളും!

നീട്ടിപ്പിടിച്ച നീളൻ വേവലാതികളുമായി
പ്രണയമടർന്ന ഹൃദയമപ്പോൾ ജീവിതത്തെ
ഞെരുക്കിക്കൊണ്ടിരിക്കും
ആത്മാവിന്റെ സുഗന്ധങ്ങളിൽ അവ
മായം കലർത്തുകയും
വിഷാദത്തിന്റെ മുഖച്ഛായയിൽ നമ്മെ
ഞെളുക്കി എടുക്കുകയും ചെയ്യും.

പ്രണയം
ചുറ്റുമുള്ളതെല്ലാം പ്രിയപ്പെട്ടപ്പെട്ടതാക്കുന്നു.
കാറ്റോ കടലോ കുഞ്ഞു പൂവോ കാക്കപ്പറക്കലോ
സ്‌നേഹപ്പുല്ലോ സ്വർഗം കൊണ്ടുവരുന്നു.
പ്രണയം പറിഞ്ഞു പോകുമ്പോഴൊക്കെയും
ചോരവിയർക്കുന്ന ഉടലുകളുമായി
നീറുന്നു നാം നിരന്തരം.

നോക്കൂ, ഈ കടുകു പാടങ്ങൾക്കു നടുവിൽ
ഒരു ഇരുണ്ട പെൺകുട്ടി ചിരിക്കുന്നു
അവളുടെ മുടിപ്പിന്നലിന്നറ്റത്തെ
ഒരിളം നീലപ്പൂവിന്റെ ചന്തം പോലെയവൾ
ചുണ്ടിളക്കുന്നു

അതെ,
ആത്മാവിൽ പ്രണയം കൊണ്ടെന്നപോലെ
അവൾ ചിരിക്കുന്നു.
എത്ര മധുരമീസത്യം,
പ്രണയം കൊണ്ട് നിറഞ്ഞ
തായ് വേരുകളുടെ ആനന്ദം
സമൃദ്ധമായ് ചില്ലകളെ
ആകാശത്തിലേയ്ക്ക് ഉയർത്തുമ്പോൾ
ജീവിതം അതിന്റെ ഇണപ്പക്ഷികളുമായി
അതിൽ ചേക്കേറുന്നു എന്നത്!

അപ്പോഴും ഇപ്പോഴും
പ്രണയം കൊണ്ട് വിശുദ്ധരും
അശുദ്ധരുമാക്കപ്പെട്ടവരുടെ ശ്വാസങ്ങൾ
പ്രണയം കൊണ്ട് മുറികൂടുകയും
മുറിവേൽക്കുകയും ചെയ്തവരുടെ പ്രതിരൂപങ്ങൾ
ഒരേ ഭൂമിയിലങ്ങനെ
ചിതറിപ്പോകുകയും ഇടകലരുകയും
ചെയ്തുകൊണ്ടേയിരിക്കുന്നു.

വീണ്ടും ഒരു രാവതിന്റെ ആകാശത്ത്
നക്ഷത്ര വിളക്കുകൾ തെളിയിച്ചു വരുമ്പോൾ
ഞാനെന്റെ പ്രണയത്തിന്റെ ഗ്രന്ഥം തുറന്നടയ്ക്കുന്നു
പിന്നെയാ ഉറക്കത്തെ
അപ്പോൾ വിടർന്ന മുല്ലമണം ചേർത്ത്
മെടഞ്ഞെടുക്കുന്നു.