15. അക്ഷരലോകം

ബാലകൃഷ്ണൻ

പ്രശസ്ത സാഹിത്യകാരനായ ബാലകൃഷ്ണന്റെ ഓർമക്കുറിപ്പുകൾ.
നഗരത്തിന്റെ മുഖം, മൃഗതൃഷ്ണ, കുതിര, ഫർണസ്, ആൽബം, ഭാഗ്യാന്വേഷികൾ, ആയിരം സൂര്യന്മാർ തുടങ്ങി നിരവധി നോവലുകളും ചെറുകഥകളും രചിച്ചിട്ടുള്ള ബാലകൃഷ്ണന് കുങ്കുമം നോവൽ മത്സരത്തിൽ പ്രത്യേക സമ്മാനം ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ ഏത് കൃതികളോടും ഒപ്പം നിൽക്കുന്ന ബാലകൃഷ്ണന്റെ കഥകൾ കന്നഡയിലേക്കും തെലുങ്കിലേക്കും മറാഠിയിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.

ജീവിതത്തിൽ ഏഴു പതിറ്റാണ്ടുകൾ പിന്നിട്ട എന്നെ ഓർമകളുടെ വഴിത്താരയിലേക്ക് കൈ പിടിച്ച് നടത്തിയത് ഞങ്ങളുടെ കൊച്ചുമകൾ പൂജയാണ്. ബാല്യ കൗതുകം തുളുമ്പി നിന്ന അവളുടെ അന്വേഷണങ്ങൾക്കുള്ള മറുപടികൾ കണ്ടെത്തുവാൻ വേണ്ടിയാണ് ഞാൻ എന്റെ ജീവിത
ത്തിന്റെ പുസ്തകത്താളുകൾ പുറകോട്ട് മറിച്ചത്. ഓർമകൾ ചികഞ്ഞ് ഞങ്ങൾ ആദ്യമെത്തുന്നത് എന്റെ ഗ്രാമത്തിലെ പ്രാഥമിക വിദ്യാലയത്തിന്റെ അക്ഷരമുറ്റത്തുതന്നെയായത് യാദൃച്ഛികമാവാം. ഭാഷയുടെ ആദ്യാക്ഷരങ്ങൾ സ്ലേറ്റിൽ എഴുതി പഠിച്ച പഴയ ബെഞ്ചുകളിലൊന്നിൽ
ചെന്നിരുന്നപ്പോൾ ഞാനൊരു അഞ്ചുവയസ്സുകാരനായതു പോലെ തോന്നി.

എന്റെ തൊട്ടടുത്തിരിക്കാറുള്ള ചുരുളൻ മുടിയുള്ള വേലായുധനും അവൻ എഴുതാറുള്ള കുനുകുനുന്നനെ മനോഹരമായ കയ്യക്ഷരവും എന്റെ കൺമുന്നിൽ തെളിഞ്ഞു വന്നു. സ്ലേറ്റിൽ കണക്കുകൾ ചെയ്ത് കഴിഞ്ഞാൽ അത് കാണിച്ചു കൊടുക്കാൻ വേണ്ടി എനിക്ക് ജീരകമിട്ടായികൾ
സമ്മാനിക്കാറുള്ള ഔസേപ്പിനേയും ഒരു കാക്കി ട്രൗസർ മാത്രം ധരിച്ച്, കാലിന് മുടന്തുള്ളതുകൊണ്ട് ഞൊണ്ടി ദേവസ്സി എന്ന് കുട്ടികൾ വിളിക്കാറുള്ള സതീർത്ഥ്യനേയും മുഖച്ഛായകൾ നഷ്ടപ്പെട്ട മറ്റ് നാല്പതോളം സഹപാഠികളേയും ഞാൻ ആ ബഞ്ചിലിരുന്ന് കണ്ടു. അവരൊക്കെ
ഇന്ന് എവിടെയാണെന്ന് അറിഞ്ഞുകൂടാ. അതിൽ എത്ര പേർ ജീവിക്കുന്നുണ്ടെന്നും എത്ര പേർ മരിച്ചുവെന്നും അറിഞ്ഞുകൂടാ. കാലത്തിന്റെ ഒരു മഹാസമുദ്രം ഞങ്ങളെ വേർതിരിക്കുന്നു. അപരിചിതരാക്കുന്നു. കാലസാഗരത്തിന്റെ ഇരമ്പൽ എനിക്കവിടെയിരുന്നപ്പോൾ കേൾക്കുമാറാ
യി…

ഞങ്ങളുടെ കുഗ്രാമത്തിലെ ആ വിദ്യാലയം തുടങ്ങിയത് എന്റെ മുത്തച്ഛനാണെന്നും അച്ഛൻ തന്റെ അവസാന ദിവസം വരെ ജോലി ചെയ്തത് അവിടെയാണെന്നും കേട്ടപ്പോൾ പൂജയുടെ കണ്ണുകളിൽ അത്ഭുതവിളക്കുകൾ കത്തി.ആഡംബരങ്ങളോ ആധുനിക സൗകര്യങ്ങളോ ഇല്ലാത്ത ആസ്‌കൂൾ പൂജയ്ക്ക് വല്ലാതെ ഇഷ്ടപ്പെട്ടതു പോലെ തോന്നി.

അതെന്നെ അത്ഭുതപ്പെടുത്തി. അക്ഷരങ്ങളെ സ്‌നേഹിക്കുന്ന തലമുറകൾ ഞങ്ങൾക്ക് പിൻഗാമികളായുണ്ടെന്നത് ആശ്വാസമാണ്. പൂജ ഏറ്റവും ആധുനിക സൗകര്യങ്ങളുള്ള സ്കൂളുകളിൽ പഠിച്ചതുകൊണ്ടാവാം അവൾക്ക് പ്രശസ്തമായ സർവകലാശാലയിൽ തന്നെ എത്തിപ്പെടാൻ കഴിഞ്ഞത്.
ഓർമകളുടെ ഉറവ മനുഷ്യന്റെ അന്ത്യശ്വാസം വരെ മനസ്സിൽ വറ്റുന്നില്ലെങ്കിലും അത് എഴുതി വയ്ക്കുമ്പോൾ എവിടെയെങ്കിലും പൂർണവിരാമചിഹ്നം ഇടേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു. വായനക്കാരെ വലപ്പിക്കുന്ന വിധം എഴുതിക്കൊണ്ടിരിക്കുന്നതിൽ അർത്ഥമില്ലെന്ന്
എനിക്ക് ഉറച്ച വിശ്വാസമുണ്ട്. അതേസമയം എവിടെ വച്ച് നിറുത്തണമെന്ന ആശയക്കുഴപ്പവുമുണ്ട്. വളരെ ദിവസത്തെ ആലോചനയ്ക്ക് ശേഷം എനിക്ക് ഒരു വഴി തെളിഞ്ഞു. അക്ഷരമുറ്റത്ത് നിന്ന് തുടങ്ങിയ എന്റെ കുറിപ്പുകൾ ഏതാണ്ട് അക്ഷരങ്ങളോട് ബന്ധപ്പെട്ടുതന്നെ അവസാനിപ്പിക്കുന്നത് അനുചിതമാവില്ല എന്ന ഒരു തോന്നൽ. ജീവിതത്തെ വികസ്വരമാക്കുന്ന, അതിന് ആസ്വാദ്യത നൽകുന്ന പല ബന്ധങ്ങളും നിലനിർത്തിക്കൊണ്ടാണ് നാമൊക്കെ ജീവിക്കുന്നത്. ആ ബന്ധങ്ങൾ പലപ്പോഴും ഉരുത്തിരിഞ്ഞു വരുന്നത് യാദൃച്ഛികമായിട്ടാണ്.

ഉദ്യോഗത്തിൽ നിന്നും വിരമിച്ച് സ്വസ്ഥജീവിതം നയിച്ചിരുന്ന ഞാൻ എങ്ങിനെയോ വീണ്ടും എന്റെ മാതൃഭാഷയുടേയും അക്ഷരങ്ങളുടേയും ലോകത്ത് ചെന്നു പെട്ടിരിക്കുന്നത് കേവലം യാദൃച്ഛികമാവാം. 2011-ലാണെന്ന് ഓർമ. അന്ന് മുംബൈയിലെ നോർക്ക ഓഫീസറായ ജോസ്‌കോ പണിക്കരുടെ ഒരു ഫോൺ. അദ്ദേഹത്തിന് എന്നെ ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്. എപ്പോഴാണ് സൗകര്യപ്പെടുക. ജോസ്‌കോ പണിക്കരെ അതിന് മുമ്പ് ഞാൻ കണ്ടിട്ടില്ല. പരിചയപ്പെട്ടിട്ടില്ല. എന്തായാലും ഉടനെപോയി അദ്ദേഹത്തെ കാണാവുന്ന ചുറ്റുപാടിലായിരുന്നില്ല, ഞാൻ.
അതുകൊണ്ട് ഒരാഴ്ചകഴിഞ്ഞാൽ തമ്മിൽ കാണാമെന്ന് പറഞ്ഞു. എന്റെ അസൗകര്യത്തിന്റെ കാരണം അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കി.
പിന്നീട് അദ്ദേഹം എന്നെ വിളിക്കുകയോ ഞങ്ങൾ തമ്മിൽ കാണുകയോ ഉണ്ടായില്ല. ഞാൻ അത് സൗകര്യപൂർവ്വം മറക്കുകയും ചെയ്തു.

വളരെ നാളുകൾക്ക്‌ശേഷം നവിമുംബൈയിലെ ചില സാമൂഹ്യപ്രവർത്തകരും സംഘടനാപ്രവർത്തകരും എന്നെ കണ്ടുമുട്ടി. അവരാണ് കേരളാ ഗവൺമെന്റ് മറുനാടൻ മലയാളികളുടെ കുട്ടികളെ അവരുടെ മാതൃഭാഷയായ മലയാളം പഠിപ്പിക്കുവാനുള്ള ഒരു പദ്ധതി ആവിഷ്‌കരിച്ചി
രിക്കുന്നതായി അറിയിച്ചത്. മലയാളം മിഷൻ എന്നറിയപ്പെടുന്ന അത് മലയാളഭാഷയും കേരളചരിത്രവും സംസ്‌കാരവുമായുള്ള ഇഴയടുപ്പം മനസ്സിലാക്കുവാനും നമ്മുടെ ഭാഷയെ അതിന്റെ സ്വാഭാവികമായ അപചയങ്ങളിൽ നിന്നും മൃത്യുവിൽ നിന്നും രക്ഷിക്കുവാനും മലയാളഭാഷയുടെ മധുരം വരും തലമുറകളിലേക്ക് സംക്രമിപ്പിക്കുന്നതിനുംഅനുയോജ്യമായ വിധത്തിലാണ് രൂപം നൽകിയിരിക്കുന്നതെന്ന് അവർ ബോദ്ധ്യപ്പെടുത്തി. ബഹുമാന്യനായ സഖാവ് വി.എസ്. അച്യുതാനന്ദനായിരുന്നു അന്ന് മുഖ്യമന്ത്രി. കെ. സുരേഷ് കുമാർ ഐ.എ.എസ്. മലയാളം മിഷൻ ഡയറക്ടറും.

അദ്ദേഹം അതിനിടെ മുംബൈ സന്ദർശിക്കുകയും നോർക്ക ഓഫീസറായ ജോസ്‌കോ പണിക്കരെ മുംബൈ മലയാളം മിഷന്റെ പ്രാരംഭ നടപടികൾക്കായി അധികാരപ്പെടുത്തുകയും ചെയ്തു. മുംബൈയിൽ മലയാളം മിഷന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി കേരളാ ഹൗസിൽ
ചില യോഗങ്ങൾ ചേർന്നിരുന്നുവെങ്കിലും ഞാനതറിഞ്ഞില്ല. പങ്കെടുത്തതുമില്ല. ഇതിനിടയ്ക്ക് എന്നോ മുംബൈയിലെ എനിക്ക് പരിചയമുള്ള ചില സാമൂഹ്യപ്രവർത്തകർ മുംബൈ മലയാളം മിഷന്റെ അദ്ധ്യക്ഷനായിരിക്കാൻ എന്നോട് ആവശ്യപ്പെടുകയുണ്ടായി. സംഘടനാപ്രവർത്തനങ്ങളിൽ പരിചയമൊന്നും ഇല്ലാതിരുന്ന ഞാൻ ആ രംഗത്ത് ശോഭിക്കില്ലെന്ന് തുടക്കത്തിൽതന്നെ പറഞ്ഞു നോക്കി. അങ്ങനെ ഒഴിഞ്ഞു മാറരുതെന്ന്
അവർ നിർബന്ധിച്ചെങ്കിലും ഞാനത് കാര്യമായെടുത്തില്ല. രാഷ്ട്രീയപ്രേരിതമോ വ്യക്ത്യധിഷ്ഠിതമോ ആയ താത്പര്യങ്ങളില്ലാത്ത, ഭാഷയെ മാത്രം സ്‌നേഹിക്കുന്ന ഒരാളെയാണ് അധികാരികൾ അന്വേഷിക്കുന്നതെന്നും അവർ പറഞ്ഞു. നഗരത്തിൽ അരനൂറ്റാണ്ടുകാലം ജീവിച്ച ഞാൻ സംഘടനാപ്രവർത്തന പാരമ്പര്യമൊന്നും ഇല്ലാത്തവനാണെന്ന് പറഞ്ഞ് ഒഴിയാൻ ശ്രമിച്ചു. എന്നാൽ പിന്നീട് കേരളാ ഹൗസിൽ മലയാളം മിഷൻ ഡയറക്ടറുടേയും രജിസ്ട്രാറുടേയും സാന്നിദ്ധ്യത്തിൽ നടന്ന മലയാളം മിഷൻ പ്രവർത്തക യോഗത്തിൽ വച്ച് മുംബൈ മലയാളം മിഷൻ
അദ്ധ്യക്ഷനായി എന്നെ തിരഞ്ഞെടുത്ത വിവരം പിറ്റേ ദിവസത്തെ മലയാളപത്രങ്ങളിൽ നിന്നാണ് ഞാനറിയുന്നത്. ഇത് എന്നെ സന്തോഷിപ്പിക്കുന്നതിലധികം ഉത്കണ്ഠാകുലനാക്കുകയാണുണ്ടായത്. ഗവൺമെന്റ്‌ജോലിയുടെ സുരക്ഷിതത്വത്തിൽ ഒതുങ്ങിക്കൂടി ജീവിച്ചിരുന്ന എനിക്ക് നമ്മുടെ ഭാഷയുടെ അദ്ധ്യയനവും പഠനകേന്ദ്രങ്ങളുടെ സുഗമമായ നടത്തിപ്പും എത്രത്തോളം ഫലവത്തായി നടപ്പാക്കാനാകും എന്ന ആശങ്ക എന്നെ അലട്ടാൻ തുടങ്ങി. എന്നാൽ എന്നോട് വളരെ സഹകരണവും സ്‌നേഹവും തുടക്കം മുതലേ പ്രകടിപ്പിച്ച മലയാളം മിഷൻ പ്രവർത്തകർ എന്റെ ഉത്കണ്ഠകളെ മയപ്പെടുത്തുകയും വേണ്ടത്ര ആത്മവിശ്വാസം നൽകുകയുമുണ്ടായി എന്ന് വളരെ നന്ദിയോടെ സ്മരിക്കുന്നു. എന്റെ എല്ലാ പോരായ്മകളേയും സഹിച്ചും പൊറുത്തും എനിക്കൊപ്പം നിൽക്കുന്ന അവരാണ് വാസ്തവത്തിൽ മലയാളം മിഷന്റെ ചാലകശക്തി.

അതുപോലെ സ്വന്തം സുഖസൗകര്യങ്ങളെ അവഗണിച്ച് മുടക്ക ദിവസങ്ങളിൽ മറുനാടൻ മലയാളികളുടെ കുട്ടികളെ പഠിപ്പിക്കാൻ സേവനസന്നദ്ധരായി മുന്നോട്ട് വന്ന അദ്ധ്യാപകരും. അവരിൽ ഭൂരിപക്ഷവും സ്ത്രീകളായിരുന്നു എന്നതും ശ്രദ്ധേയമാണ്. കാലാകാലങ്ങളായി മുംബൈയിൽ ജീവിതായോധനത്തിൽ ഏർപ്പെട്ടിരിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുടെ കുട്ടികൾക്ക് മലയാള ഭാഷയുടെ മധുരം പകർന്നുകൊടുക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ കഴിയുന്നു എന്നുള്ളത് എന്റെ വാർദ്ധക്യജീവിതത്തിന് അർത്ഥവും ഉദ്ദേശ്യവും നൽകുന്നു എന്നുളളതിൽ എനിക്ക് സന്തോഷമുണ്ട്. പ്രായത്തിനൊപ്പം വന്നുചേരുന്ന ആരോഗ്യപ്രശ്‌നങ്ങളും ശാരീരിക ദൗർബല്യങ്ങളും എന്നെ പിന്നോട്ട് വലിക്കുന്നുണ്ടെന്നുള്ള ഭയാശങ്കകളും അലട്ടുന്നുണ്ട്. അതുകൊണ്ട് ഇതൊക്കെ എത്രനാൾ എവിടംവരെ എന്നുള്ള ചോദ്യങ്ങൾ ഞാൻ എന്നോടുതന്നെ ഉറക്കെ ചോദിച്ചുകൊണ്ടിരിക്കുന്നു. ഉത്തരങ്ങൾ തേടിക്കൊണ്ടിരിക്കുന്നു.

ഒരാളുടെ പ്രായം അയാളുടെ മനസ്സിലാണെന്ന് പലരും ഉപദേശരൂപേണ പറയാറുണ്ട്. ഇതിനോട് ഞാൻ ഒട്ടും യോജിക്കുന്നില്ല. കാരണം മനസ്സിൽ നാം എന്ത് പ്രായം വിചാരിച്ചാലും ശരീരവും അതിനെ അംഗീകരിക്കണം. മനസ്സ് എത്തുന്നേടത്ത് ശരീരം എത്താത്ത ഒരവസ്ഥയിൽ
മനസ്സിൽ വിചാരിക്കുന്ന പ്രായത്തിന് ഒരു പ്രസക്തിയുമില്ല.

കഴിഞ്ഞ ആറു കൊല്ലമായി മുംബൈ മലയാളം മിഷന്റെ മലയാളം ക്ലാസുകൾ മുംബൈയിൽ ഏതാണ്ട് 120 പഠനകേന്ദ്രങ്ങളിലായി നടക്കുന്നു. 2011 ജൂലൈ 31ന് മുംബൈ മലയാളം മിഷൻ ക്ലാസുകളിലേക്കുള്ള ആദ്യത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചു. തുടക്കത്തിൽ ഏതാണ്ട് ഏഴായിര
ത്തോളം കുട്ടികൾ മലയാളം പഠിക്കാൻ എത്തി എന്നത് ആവേശജനകമായിരുന്നു. പിന്നീട് വർഷങ്ങളുടെ ഒഴുക്കിൽ കുട്ടികളുടെ എണ്ണം കുറയുന്നത് ഞങ്ങളെ ഉത്കണ്ഠാകുലരാക്കി. എന്നാൽ അടുത്ത കാലത്ത് കേരള ഗവൺമെന്റ് സ്‌കൂളുകളിൽ പഠനമാദ്ധ്യമം മലയാളമായിരിക്കണമെന്ന് നിർബന്ധമാക്കിയതിന് ശേഷം മലയാളം ക്ലാസുകളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചിരിക്കുന്നു എന്നത് പ്രതീക്ഷയ്ക്ക് വക നൽകുന്നു.

ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ അമിതാഹ്ലാദത്തിന് വകയില്ലെങ്കിലും മിതമായ ചാരിതാർത്ഥ്യം അനുഭവപ്പെടുന്നുണ്ട്. ഒരുകാലത്ത് മറുനാട്ടിൽ ജോലി ചെയ്യുന്നവർ വേനൽ ഒഴിവുകളിൽ കുടുംബത്തോടൊപ്പം നാട്ടിൽ വരുമ്പോൾ അവരുടെ കുട്ടികളുമായി ആശയവിനിമയം ചെയ്യാൻ കഴിയാത്ത ഒരു ബാല്യം എന്റെ ഓർമയിലുണ്ട്. ആ കുട്ടികൾ മുന്തിയ ഉടുപ്പുകളിട്ട് ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കുമ്പോൾ അപകർഷബോധത്താൽ തലതാഴ്ത്തി നിൽക്കേണ്ടിവന്ന ഒരു കാലം. അക്കാലത്ത് ഉപജീവനം തേടി അന്യനാടുകളിലെത്തിയവർ അമ്മയുടെ മുലപ്പാലിലൂടെ നുണഞ്ഞ് ഉള്ളിലാക്കിയ ഭാഷയെ നിർദയം മറന്നു. അവരുടെ കുട്ടികളെക്കൊണ്ട് ഇംഗ്ലീഷോ ഹിന്ദിയോ മാത്രം സംസാരിപ്പിച്ചു. മലയാളം പറയുന്നത് എന്തോ മഹാപരാധമാണെന്ന ബോധം കുഞ്ഞുങ്ങളിൽ വളർത്തിയെടുത്തു. ഇതൊക്കെ കണ്ടും അനുഭവിച്ചും വളർന്ന എനി
ക്ക് ഇന്ന് പൊതുവേദികളിൽ മുംബൈയിൽ മലയാളം പഠിക്കുന്ന കുട്ടികൾ, കുഞ്ചന്റേയും ഇടശ്ശേരിയുടേയും ചങ്ങമ്പുഴയുടേയും വൈലോപ്പിള്ളിയുടേയും കവിതകൾ മാത്രമല്ല, സുഗതകുമാരി, ഒ.എൻ.വി., വയലാർ, പി. ഭാസ്‌കരൻ, ബാലചന്ദ്രൻ ചുള്ളിക്കാട് വരെയുള്ളവരുടെ കവിതകൾ ഉച്ചാരണ ശുദ്ധിയോടെ ചൊല്ലുന്നത് കേൾക്കുമ്പോൾ നമ്മുടെ ഭാഷയെ പുനരുജ്ജീവിപ്പിക്കാൻ സജ്ജരായ ഒരു തലമുറ പുറകേ വരുന്നു എന്നുള്ള ബോധം അഭിമാനം വർദ്ധിപ്പിക്കുന്നു. അക്ഷരം പഠിക്കലും കവിത ചൊല്ലലും മാത്രമായി കുട്ടികൾ അവരുടെ ഭാഷാപഠനം പരിമിതപ്പെടുത്തുന്നില്ല. അവർ മലയാളം നാടകങ്ങൾ അഭിനയിച്ചും പാട്ടകൾ പാടിയും മലയാളത്തെ നെഞ്ചിലേറ്റുന്ന
ഒരു തലമുറയുടെ പുറപ്പാട് അറിയിക്കുന്നു. അവരുടെ വരവിന്റെ കോലാഹലം മുൻകൂട്ടിയറിഞ്ഞ മുംബൈയിലെ മലയാളം പത്രങ്ങൾ കുട്ടികളുടെ ഭാഷാപഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പത്രങ്ങളിൽ സ്ഥലമൊരുക്കുന്നു എന്നതിൽ അവരോട് എനിക്ക് അളവറ്റ ആദരവുണ്ട്.
ആറ് വർഷംകൊണ്ട് മലയാളം ക്ലാസുകളിൽ കുട്ടികൾ നേടിയ അറിവിനെ തുലോം നിസ്സാരമായി കാണുന്നവരുണ്ടാവാം. എന്നാൽ ഈ കുട്ടികൾ മറ്റു ഭാഷകൾ പഠിക്കുകയും കടുത്ത മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുകയും ചെയ്യുന്നതിനിടയിലാണ് ഈ നേട്ടം കൈവരിച്ചതെന്ന് ഓർക്കുക. നമ്മുടെ ഭാഷയെ ജഡതയിൽനിന്നും ക്രമാനുഗതമായ തിരോധാനത്തിൽ നിന്നും രക്ഷിക്കുവാൻ മലയാളം മിഷന് കഴിയുമെന്നാണ് എന്റെ വിശ്വാസം. ഈ വിശ്വാസം ഉറപ്പിക്കുന്നത് മുംബൈയിൽ മലയാളം മിഷന് വേണ്ടി പ്രവർത്തിക്കുന്ന അദ്ധ്യാപകരുടേയും മറ്റു പ്രവർത്തകരുടേയും നിസ്വാർത്ഥതയും സേവന താത്പര്യവും വിലയിരുത്തുമ്പോഴാണ്. മുംബൈയിലെ മലയാളം മിഷൻ പ്രവർത്തനങ്ങളിൽ നിന്ന് ശാരീരികമായി പിൻവാങ്ങിയാലും മാനസികമായി ജീവിതാവസാനം വരെ അവരോടൊപ്പമുണ്ടാവും. അവരുടെ ദൗത്യത്തിനും മലയാളഭാഷയ് ക്കും മഹത്തായ വിജയങ്ങൾ നേർന്നുകൊണ്ട്, ഓർമകളിലൂടെയുള്ള യാത്രയിൽനിന്ന് ഞാൻ വിരമിക്കുന്നു.

(കഴിഞ്ഞ അഞ്ചു പതിറ്റാണ്ടു കാലമായി മലയാള സാഹിത്യത്തിൽ തന്റേതായ ഒരു വഴി സൃഷ്ടിച്ചെടുത്ത ബാലകൃഷ്ണൻ ഇപ്പോഴും മുംബയിൽ വാഷിയിലുള്ള തന്റെ വീട്ടിലിരുന്നു ആ സാഹിത്യസപര്യ തുടരുകയാണ്. ബാലകൃഷ്ണന്റെ ഓർമക്കുറിപ്പുകൾ ഈ ലക്കത്തോടുകൂടി അവസാനിക്കുന്നു).

മൊബൈൽ: 932223301