വീട്

മനോജ് പറയറ്റ

വീട് ഒരു കൂടാണ്, ഒറ്റമുറിയും അടുക്കളയും വരാന്തയും മാത്രമുളള ഒരു തീപ്പെട്ടിക്കൂട്. പിന്നീട് പലപ്പോഴായി ഒന്നിൽ നിന്ന് ഒന്നിലേക്ക് തുറക്കുന്ന നാല് കുഞ്ഞുമുറികൾ കൂടി അവിടവിടെയായി കൂട്ടിച്ചേർക്കപ്പെട്ട്, ജ്യാമിതിരൂപങ്ങളുടെ കേവലപരിമിതിക്ക് ഒരിക്കലും ഘടന ചേർക്കാൻ സാധിക്കാത്ത കണ്ടംപററി സ്‌റ്റൈലിലാണ് ഇപ്പോൾ നിലകൊള്ളുന്നത്. വെട്ടുകല്ല് ചെത്തിതേക്കാതെ, ഏങ്കോണിച്ച നാല് സെന്റിന്റെ വക്രതലങ്ങളൊപ്പിച്ച് തീർത്ത ആ നിർമിതിയുടെ വാസ്തുശില്പി താനാണെന്നത്, പക്ഷേ, പുഴയരികിൽ മണൽ വാരുന്നവർക്ക് സോഡാ സർബത്തും സിഗരറ്റും ചായയും കച്ചവടം ചെയ്യുന്ന, അദ്രുമാനെന്ന് വിളിക്കപ്പെടുന്ന എഴുപതുവയസ്സുകാരൻ ഓർക്കാറ് തന്നെയില്ല.

അഞ്ചൽക്കാരനും മീറ്റർ റീഡിെങ്ങടുക്കാൻ വരുന്ന ഇലക്ട്രിസിറ്റി ജീവനക്കാരനുമൊക്കെ വളരെ ദൂരെ നിന്നേ തിരിച്ചറിയാൻ കഴിയുന്ന ഒരു സവിശേഷ ഗന്ധം, ചൂളപ്പുരയുടെ മൂർധാവിലമർന്ന കാറപ്പുക പോലെ എക്കാലവും വീടിനെ വലയം ചെയ്തു നിന്നിരുന്നു. സമ്പന്നവും വൈവിധ്യപൂർണവുമായ ആ ഗന്ധസന്നിവേശത്തിലേക്ക്, ഇടത്തിണ്ടിനും വേലിപ്പടർപ്പിനുമിടയിലെ മുക്കാൽച്ചാൺ മണ്ണിനെ ഭാഗപത്രം ചെയ്ത്, വിവിധ താവഴിവേരുകളിലായി കുടിപാർക്കുന്ന ആട്, താറാവ്, മുയൽ, പ്രാവ്, കാട തുടങ്ങിയ ജൈവവൈവിധ്യങ്ങളോടൊപ്പം, കുഞ്ഞുകുട്ടിപരാധീനങ്ങളും തങ്ങളുടെ ഭാഗധേയം വിസർജിച്ചു പോന്നു.

രഹസ്യങ്ങൾക്ക് നിലനില്പില്ലാത്ത ആ വീട്ടിൽ എമ്പാടും സഞ്ചാര സ്വാതന്ത്ര്യമുണ്ടായിരുന്നത് ശബ്ദങ്ങൾക്ക് മാത്രമായിരുന്നു. അഷ്ടകം തികയ്ക്കാൻ വെമ്പുന്ന ഇലക്ട്രോണുകളെപ്പോലെ, പ്രഭവസ്ഥാനത്ത് മാത്രമായി ഒതുങ്ങിക്കൂടാനാവാതെ ചുവരുകൾക്കിടയിലെ ദ്വാരങ്ങളിലൂടെയും വിള്ളലുകളിലൂടെയും പോലും മണ്ടി നടന്ന് ചുറ്റുപാടുമുള്ളവരുടെ കർണപുടങ്ങളിൽ കയറിക്കൂടിയുള്ള അലോസര പ്രസരണത്തിലായിരുന്നു അവയ്ക്ക് താത്പര്യം.

സ്വരസ്ഥാനങ്ങളുടെ ഈയൊരു സ്വാച്ഛന്ദ്യത്തേക്കാൾ നല്ലത് ചൂരൽ മുനയിലെ ക്ലാസ്സ്മുറിയുടെ ആറിയ നിശ്ശബ്ദതയാണെന്ന്, ഇളമുറക്കാർക്ക് നിയമപരമായുള്ള അവകാശത്തിന്റെ പേരിൽ അനാമികയായി തുടരാൻ അനുവാദം കൊടുക്കാവുന്ന പ്രായക്കാരിയായ ആ പെൺകുട്ടി വിചാരിച്ചിരിക്കണം. സ്‌കൂൾ വിട്ടു വന്ന ഒരു സായാഹ്നത്തിന്റെ ബഹളത്തിൽ മുങ്ങിയമർന്ന്, യൂണിഫോം മാറ്റാൻ പോലും മിനക്കെടാതെ ജനാലയ്ക്കരികിലെ വെളിച്ചമുള്ള ഒരു മൂലയിൽ വെറും നിലത്ത് ചമ്രം പടിഞ്ഞിരുന്ന് പാഠപുസ്തകം തുറക്കുകയായിരുന്നു അവൾ.

‘ദ് ജ്ജെട്‌ത്തോ പെണ്ണേ, കുട്ട്യോള്ട്ത്ത് എന്നും ചാർജ് കുത്തി ബെച്ച്ട്ട് ഞ്യെന്തിനാ? ഇതില്ക്ക് ഒരു ബിളി വന്ന്ട്ട് ഇപ്പൊ മാസം എട്ടൊമ്പതായി, അങ്ങട്ട് ബിളിച്ചാൽ കിട്ടാതായിട്ട് അതിലേറീം!”

ശബ്ദങ്ങളുടെ സർവതന്ത്ര സ്വതന്ത്ര സഞ്ചാരം വെളിപ്പെടുത്താനെന്ന പോലെ, കൂടിനുള്ളിലെ ഏതോ മുറിയിൽ നിന്ന് ഒരു നിഴൽ രൂപം തല നീട്ടി, ഒരു തുടർച്ചയുടെ കഥ അവളിലേക്ക് നീട്ടി.

ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകളിലെ നസീറിനെയും ഷീലയെയും ഓർമിപ്പിക്കുന്ന, ഒരു ‘നോകിയ’ ഫോൺ! വിവാഹം നിശ്ചയിക്കപ്പെട്ട ഒരു പെൺകുട്ടിക്ക് നൽകപ്പെട്ട ആദ്യ പാരിതോഷികം. തുടർച്ചകളെ ഇടവേളകൾ കൊണ്ട് പകുത്ത് ശ്രേണി പൂർത്തിയാക്കുന്ന ഹോംവർക്ക് ചെയ്യുന്നതിനിടയിൽ, കെയ്‌സുപൊട്ടി ബാറ്ററിയുടെ ഒരു വശം പുറത്തു കാണുന്ന ആ ഫോൺ കയ്യിൽ വന്നപ്പോൾ, അവൾ മൂളിക്കൊണ്ടിരുന്ന ഒരു പാട്ട് പൊടുന്നനെ ഗതി നിലച്ചു. തലേന്ന് സ്‌കൂൾ വിട്ട് വരുമ്പോൾ, കടയ്ക്കു പുറത്ത് വഴിയിൽ കാത്തുനിൽക്കുകയായിരുന്ന ബാപ്പ, ചങ്ങാതിക്കൂട്ടത്തിൽ നിന്ന് അവളെ മാത്രം പേര് വിളിച്ച് വരുത്തി, തോളിൽ കൈവച്ച് കടയിലേക്ക് കൂട്ടിക്കൊണ്ടുപോയതും, അവിടെ ചായയും മാൽപ്പൂരിയും കഴിച്ചു കൊണ്ടിരുന്ന രണ്ടപരിചിതർക്ക് തന്നെ പരിചയപ്പെടുത്താൻ ഉമ്മ ഉത്സാഹിച്ചതും ഒരു പൊരുളായി ഇപ്പോൾ അവളിൽ തെളിഞ്ഞു. അവിടുന്ന് തിരിച്ച് പോന്നപ്പോൾ തിന്നാൻ കിട്ടിയ പഞ്ചാരമടക്കിന്റെ മധുരം കനലായി ഉള്ളിൽ തികട്ടി. മൊബൈൽ ഫോൺ, പാഠപുസ്തകം എന്നീ രൂപകങ്ങളെ പകുത്ത്, ജീവിതം തുടർച്ച കണ്ടെത്താനാവാതെ ഒരു ചോദ്യചി
ഹ്നം പോലെ വളഞ്ഞ് അവളിലേക്ക് നീണ്ടു.

‘കന്നടം പഠ്ച്ചാൻ ന്തെള്പ്പാ, അവ്‌ടെച്ചെന്ന് രണ്ട്വാസം കൊണ്ട് ഞാൻ പറ്യാൻ പഠ്ച്ചീലേ? അല്ലേൽ ഓനോട് മലയാളം പഠ്ച്ചാൻ പറ! എന്നും ഞാന്ങ്ങനെ ങ്ങളെ എടേല് നിന്നാ, അടക്കം പറ്യേണ്ടതൊന്നും ങ്ങക്ക് പറ്യാൻ പറ്റൂല!’ കൂടിനുളളിലെ മറ്റൊരു നിഴൽ രൂപം തല നീട്ടി, ഭാഷാവ്യവഹാരങ്ങളുടെ പുനരനുഭവങ്ങളിലൂടെ ചാക്രികമായാണ്, രേഖീയമായല്ല ഭാഷ സ്വായത്തമാകുന്നതെന്ന് അവളെ ശീലിപ്പിച്ചു.
അലക്കും തറതുടപ്പും അടുക്കള ക്ലാസ്സും ദാമ്പത്യ രഹസ്യങ്ങളുടെ കുതൂഹലങ്ങളുമടങ്ങുന്ന ഒരു തുടർച്ച, കൃത്യമായ ഇടവേളകളിൽ സിലബസ്സിൽ ഉൾച്ചേർന്ന് അവളുടെ മുഖം തുടുത്തു.

സ്‌കൂളിൽ, പുറത്തുവിടാൻ ബെല്ലടിക്കുമ്പോൾ ബെഞ്ചുകൾക്കിടയിലൂടെ തിരക്കിട്ടിറങ്ങി, ഐസ് വില്പനക്കാരന്റെ പെട്ടിസൈക്കിളിനെ ലക്ഷ്യം വച്ച് എന്നത്തെയും പോലെ ധൃതിയിൽ ഓടാൻ, ഇപ്പോൾ അവൾക്ക് നാണം തോന്നി. പഴയ നോട്ടുപുസ്തകത്തിൽ നിന്ന് വീണ്ടെടുത്ത ഒരു മയിൽപ്പീലിത്തുണ്ടിലെ നിറങ്ങൾ അവളെ വിസ്മയിപ്പിച്ചു.

‘പോകുമ്പോ താത്താന്റെ ബേഗ് ഞാന്ട്ക്കട്ടെ, ന്റെത് കീറീക്ക്ണ് – – വരല്ലാത്ത നോട്ടുക്ക് ച്ച് മേണട്ടോ – – ന്നാ ഇൻസ്ട്രമെൻറ് ബോക്‌സ് ച്ച് – – കൊട ഞാന്ട്ക്കും, ന്റെത് പോയിട്ടാ – യൂണിഫോമ് ച്ച് പാകാണല്ലോ…’ കൂടിനുള്ളിൽ കിളിക്കുഞ്ഞുങ്ങൾ കലപില കൂട്ടി, അവളുടെ ഭൗതിക സ്വത്തുക്കളുടെ അവകാശ ഉടമ്പടി പത്രത്തിൽ തങ്ങളുടെ വിരലടയാളം രേഖപ്പെടുത്തി.

സ്‌കൂൾ വിട്ടു വന്നാൽ പുസ്തക ബാഗ് വയ്ക്കാറുണ്ടായിരുന്ന ഇരുമ്പുപെട്ടിയുടെ മുകൾപ്പരപ്പും, അവൾ സ്ഥിരമായി കിടക്കാറുണ്ടായിരുന്ന ജനലരികിലെ മൂലയുമടക്കം, ഇടങ്ങളുടെ ഭാഗം വയ്പും കഴിഞ്ഞു. അവളുടെ ഹൃദയകോശത്തിൽ തുന്നിച്ചേർത്ത, പഞ്ഞിക്കെട്ടുപോലെ നനുനനുത്ത രോമങ്ങളുള്ള ഒരു പൂച്ചക്കുഞ്ഞിന്റെ സ്‌നിഗ്ധതയ്ക്കും, ഇളം ചുവപ്പും റോസും മഞ്ഞയും നിറങ്ങളുള്ള പനിനീർച്ചെടികളുടെ സാരള്യത്തിനും അവകാശവാദം ഉന്നയിച്ച് ആരും വന്നില്ല. ഉമ്മയുടെ തുണിപ്പെട്ടിയുടെ ഉള്ളറയിലെങ്ങോ, ചുമമരുന്നിന്റെ ഒഴിഞ്ഞ കുപ്പിയിലിട്ട് ഒളിച്ച് വ
ച്ചിരുന്ന ചില്ലുവളപ്പൊട്ടുകളെക്കുറിച്ചും, പഴയ ഒന്നുരണ്ട് പുരാണചിത്രകഥകളെക്കുറിച്ചും അവൾ തന്നെയും മറന്ന് പോവുകയും ചെയ്തിരുന്നു.

ഒരു തട്ടിൽ സാധനങ്ങളും മറു തട്ടിൽ തൂക്കക്കട്ടിയുമെന്ന തുലാസിന്റെ സാമാന്യ ഘടന, മുറിത്തൂക്കങ്ങളുടെ കാര്യത്തിൽ ലംഘിക്കപ്പെടാറാണ് പതിവ്. പറ്റ് ബുക്കിൽ പതിപ്പിച്ച്, കുഞ്ഞുതൂക്കങ്ങളിൽ പലചരക്ക് വാങ്ങുമ്പോൾ സാധനതട്ടിലും കട്ടികൾ വയ്ക്കപ്പെടുന്നത് കൃത്യതയ്ക്ക് വേണ്ടിയാണെങ്കിലും, അത് ഒരു ശ്രേണീബന്ധത്തിലെ ന്യൂനത്തുടർച്ചയാണെന്നാണ് അവൾക്ക് തോന്നാറുള്ളത്. പക്ഷേ, ഇരു തട്ടിലും കനമൊപ്പിച്ച് കട്ടികൾ സ്ഥാപിച്ച് തൂക്കമൊപ്പിക്കുമ്പോഴാണ്, ജീവിതം ഒരാൾക്ക് പങ്കാളിയെ കണ്ടെത്തുന്നതെന്ന് താമസംവിനാ അവൾക്ക് ബോധ്യമായി.

‘അന്റെ മുണ്ടാത്ത താത്താനെ കെട്ടിച്ചത് ഈടെ അട്ത്ത്‌ക്കെയ്‌നു! പറഞ്ഞ കായി അന്റെ ബാപ്പ കൊടുക്കാഞ്ഞിട്ടാ ബെന്ധം ഒയ് വായത് ന്നാ ഓല് പറേണ്. ഒറപ്പിച്ച കായി മുയോനെ കിട്ടണട്ടോ*!’ (*പരിഭാഷ -മൂലം കന്നടം) സമോവറിന്റെ ചൂട് ഇരുകയ്യിലും പുരട്ടി പുലർച്ചെ മൂന്നരമണി
യോടെയാണ് അദ്രുമാന്റെ ഒരു ദിവസം തുടങ്ങുന്നത്. ചൂടു തട്ടിയാൽ ശ്വാസം കോച്ചലിനും വലിവിനും ഒരാക്കമുണ്ടാവും. മണലുകാരിൽ ചിലരൊക്കെ അപ്പോഴേക്കും പുഴയിൽ നിന്ന് മുങ്ങിക്കയറിയിട്ടുണ്ടാവും. നനഞ്ഞൊലിച്ചും, തണുത്തു വിറച്ചും, പല്ലു കിടുത്തും വരുമ്പോൾ അവരുടെ ചായയ്ക്ക് തൊണ്ട പൊള്ളുന്ന ചൂടു വേണം. അപ്പോഴേക്കും മൂട്ടവിളക്ക് തെളിയിച്ചു വച്ചിരിക്കും.

ആദ്യം ബീഡി, പിന്നെ കട്ടനും അരിമുറുക്കും. ഇടയ്ക്ക് മണൽക്കടവിൽ പോലീസ് റെയ്‌ഡെങ്ങാനും വന്നാലോ, മൂന്നു നാലു ദിവസത്തേക്ക് പിന്നെ ആളനക്കവും ഒച്ചപ്പാടും ഒട്ടുണ്ടാവുകയും ഇല്ല. അനധികൃത കടവാണ്. ഒരിക്കൽ പോലീസേമാന്റെ ഭീഷണിയെ ഭയന്ന് അദ്രുമാന് ചില പേരുകളൊക്കെ പറഞ്ഞു കൊടുക്കേണ്ടി വന്നു. ഓ! അന്നുണ്ടായ ഒരു പുകില്! കട കത്തിക്കാനായിരുന്നു മണലുകാരുടെ തീരുമാനം. പിന്നെ മഹല്ലു കമ്മറ്റീം വാർഡ് മെംബറും പ്രമാണിമാരും ആരൊക്കെ ഇടപെട്ടാണ് ഒന്ന് ഒത്തുതീർപ്പാക്കിയത്? എന്തായാലും അതിന്റെ പി
റ്റേന്ന് ഇടറോഡിന്റെ മറുവശത്ത് പുതിയൊരു ചായക്കട പൊന്തി.

കുറച്ചു കാലത്തേക്ക് അവരാരും തിരിഞ്ഞു നോക്കാത്ത സ്ഥിതിയായിരുന്നു. പിന്നെ പുതിയ കടക്കാരന് രക്തവാതം മൂർച്ഛിച്ച് പുലർച്ചെ കട തുറക്കാൻ പറ്റാതായി. ആ കട പൂട്ടിപ്പോവുകയും ചെയ്തു. ഇപ്പോ റെയ്ഡിനു വന്ന് ഏമാന്മാര് എന്തു ചോദിച്ചാലും ഒരേയൊരുത്തരം: വയറ്റിപ്പെഴപ്പ് മുട്ടിക്കല്ലേ സാറേ! അന്നുതൊട്ടിന്നോളം ദെണ്ണം വന്ന് കമ്പിളിക്കീഴിൽ ചുരുണ്ടപ്പോൾ പോലും കട മുടക്കീട്ടുമില്ല. കേസും പുകിലും ഒഴിവാക്കാൻ ഓരോരുത്തരായി ഗൾഫിലും മറ്റും പോയി വിരലിലെണ്ണാവുന്നവരേ ഇപ്പോൾ മണൽപ്പണിക്കുള്ളൂ. പോരാത്തതിന് ചെളിമണലൊഴിവാ
ക്കി ആളുകൾക്കൊക്കെ ഇപ്പോൾ എം. സാന്റാണ് താത്പര്യം എന്നും പറയുന്നുണ്ട്. ആളുകൾ വന്നാലും ഇല്ലെങ്കിലും താനുള്ള കാലം കടയും തുറക്കും എന്നാണ് അദ്രുമാന്റെ പക്ഷം.

‘ഡേറ്റാവണീന്റെ മുന്നേ കായി ചോയ്ച്ച്വാ? വെളവെറക്കാനാണെങ്കി പെണ്ണിനെ കിട്ടൂല്ലാന്ന് ഓനോടൊന്ന് പറഞ്ഞ്‌കൊടുത്താളാ. ബാപ്പാന്റെ നീരടക്കം വറ്റി നിക്ക്വാ. ഞ്ഞി വെല്ല കല്യാണത്തട്ടിപ്പെറ്റെ ആണോ ആവോ?’ മറ്റൊരു ചോദ്യമുഖം കൂടി, ഇപ്പോൾ കൂട് തുറന്ന് പുറത്ത് വരുന്നു. വേവടങ്ങാതെ തള്ളപ്പക്ഷി ചിലയ്ക്കുന്നു: ‘ബാപ്പയ്ക്കാണെങ്കി വയസ്സും പ്രായോം ആയി. മൈസൂരംവരെ ഒന്ന് പോയി ഓന്റെ കൂടും കൂട്ടക്കാരേം ഒന്നന്വേഷ്ച്ചു വരാൻ ഇബ്ടാരും ല്ലാണ്ടായല്ലോ? ഒരാൺതരീള്ളത് ങ്ങനീം ആണല്ലോ… പടച്ചതമ്പുരാനേ!’

തുടർച്ചകളെ ഇടവേളകൾ കൊണ്ട് പകുക്കുന്ന ഒരു സംഖ്യാശ്രേണി പോലെ, ഒമ്പത് മക്കളുളള ആ വീട്ടിൽ നാലു സഹോദരിമാരെ വീതം ഇരുവശത്തും പകുത്ത്, അഞ്ചാമനായ ആൺതരി, മജി, ഒരിടത്ത് തന്നെ ഇളകാതിരുന്ന്, അപശബ്ദങ്ങൾ പുറപ്പെടുവിക്കുകയും കടവായിലൂടെ തേനൊലിപ്പിക്കുകയും ചെയ്തു. പകലന്തിയോളം, മുഖം ഇടതു വശത്തു നിന്ന് വലത്തേക്കും അവിടുന്ന് തിരിച്ചും കറക്കി ഒരു പ്രൊട്രാക്ടറിന്റെ മുഴുവൻ കോണളവുകളും രേഖപ്പെടുത്തുന്ന പോലെ, പതിനാല് പേരക്കുട്ടികളുളള ആ വീട്ടിൽ, അയാൾ സ്വന്തം നിയോഗം അടയാളപ്പെടുത്തി!
അദ്രുമാന് ഒരു വെള്ള ഷർട്ടുണ്ട്. പഴയ ഫാഷനിൽ വലിയ കോളറോടു കൂടിയ ഒരു ഷർട്ട്. വെളളിയാഴ്ചകളിൽ ജുമുഅ നമസ്‌കാരത്തിന് പള്ളിയിൽ പോകാൻ മാത്രമേ, സ്ഥിരം വേഷമായ കീറിയ ബനിയനും കൈലിയുമൊഴിവാക്കി അയാളെ ഷർട്ട് ധരിച്ചു കാണാറുളളൂ. അതു പക്ഷേ, ഇളം നീല നിറത്തിലുള്ളതാണ്. വെള്ള ഷർട്ട് ആദ്യമായി ധരിച്ചത് സ്വന്തം നിക്കാഹിനാണെന്ന് അയാൾ ഓർക്കുന്നുണ്ട്. അന്ന് ഭാര്യ കുഞ്ഞായിശ അലക്കിത്തേച്ച് പെട്ടിയിൽ വച്ചത് പിന്നെ, മൂത്ത മകൾ സീനത്തിന്റെ നിക്കാഹിനാണ് ആദ്യമായി പുറത്തെടുത്തത്. നീണ്ടുപോയ ഇടവേളയിലെ ഒരു കൊച്ചു തുടർച്ച.

അവളുടെ വിവാഹത്തിനും ആ തുടർച്ചയിൽ തന്നെയാണ് അദ്രുമാൻ നിലകൊണ്ടത്. ബാപ്പയുടെ എല്ലിച്ചു നീണ്ട കഴുത്തിലെ ഞരമ്പോടുന്ന നീലനിറം, ആ വലുങ്ങനെയുള്ള കോളറിനുള്ളിൽ വെളുത്തു തെളിഞ്ഞതായി അവൾക്ക് തോന്നി. അതിഥികളുടെ വെളുക്കച്ചിരി, പന്തലിന്റെ ശുഭ്രത, മുല്ലപ്പൂ നിറം, തലേക്കെട്ടിലും വെണ്മ നിറച്ച് മൊല്ലാക്ക, അങ്ങനെയങ്ങനെ എല്ലാം വെളുത്ത് വെളുത്ത്…

‘ഒന്യൊന്ന് ബിളിച്ചോക്ക്യാ, നേരം പോയല്ലോ. ബിര്യാണി ചൂടാറിത്തൊടങ്ങി! ഇദ്‌നൊക്കെ ഒരു നേരോം കാലോം ഇല്ലേ?’ അക്ഷമയോടെ, കൂടിനുള്ളിലേക്ക് ഇരുൾനിറമുള്ള ഒരു ഘനരൂപം തിരക്കിക്കയറുന്നു. മജി, ബിരിയാണിച്ചെമ്പിൽ കയ്യിട്ട് വാരിത്തിന്നത് കണ്ട ക്ഷോഭപ്രകടനമാണ്. പുസ്തക ബാഗിൽ നിന്ന് പുറത്തെടുക്കപ്പെട്ട നോക്കിയ ഫോണിനും നിറം കറുപ്പാണ്. പഴകിപ്പഴകി അതിന്റെ സ്‌ക്രീനിൽക്കൂടി ഒരു കരിനിറം വ്യാപിച്ചിരിക്കുന്നു. വിളിച്ചു. പക്ഷേ, ആൾ വിളിപ്പുറത്തില്ലത്രേ. ഇന്നലെ മുതൽ കിട്ടിയിട്ടില്ല. ഔട്ട് ഓഫ് റേഞ്ച്, പരിധിക്കു പുറത്ത്!

നമസ്‌കാര സമയമായപ്പോൾ ആളുകൾ പള്ളിയിലേക്ക് നീങ്ങിത്തുടങ്ങി. പള്ളി പിരിഞ്ഞിട്ടും കവലയിൽത്തന്നെ വട്ടമിട്ടുനിന്ന് ജുഗുപ്‌സയോടെ സംസാരം തുടർന്നു. വടക്കെങ്ങാണ്ടൊരു വിവാഹത്തട്ടിപ്പുവീരൻ ജയിലഴിക്കുള്ളിലായ ഒരു ചെറുകോളം വാർത്ത അവരുടെ ചർച്ചകൾക്ക് ചൂടും നിറവും പകർന്നു. ഒട്ടുനേരം കൂടി കാത്ത് മടുത്ത്, പുയ്യാപ്ല വന്നാൽ വിളിക്കാൻ പറഞ്ഞേല്പിച്ച് മൊല്ലാക്കയും പുറത്തേക്കിറങ്ങിയപ്പോൾ ഹിപ്പിക്കോളറുള്ള ആ വെള്ള ഷർട്ട് ആദ്യമായി, അദ്രുമാന് ഒരനാവശ്യമായി തോന്നി.

അയാളതൂരി വട്ടത്തിൽ ചുറ്റി വിയർപ്പാറ്റി, ഒട്ടു ശമിച്ചപ്പോൾ കഴുക്കോൽ വിട്ടത്തിൽ കൊളുത്തിയിട്ടു. പിന്നെ ഇളം തിണ്ണയിലിരുന്ന് നെഞ്ച് തിരുമ്മി. അതിഥികൾ ഒന്നൊന്നായി അയാളുടെ കരം ഗ്രഹിച്ചും അല്ലാതെയും ഒഴിഞ്ഞ് പോവാൻ തുടങ്ങി. വേനൽച്ചൂടിൽ വിങ്ങി വീട്, ഒരു കനൽക്കൂടായി!

ഇരുളും ഒരു തണലാണ്. രണ്ടു നിശ്വാസങ്ങളെപ്പോലും വേർതിരിക്കാൻ അതൊരു മറയായി ഇടയിൽ നിൽക്കും. കൂടിനുള്ളിലെ ഇത്തിരിയിടത്തിൽ ചുരുണ്ട് കൂടി നിശ്ശബ്ദമായി അവനവനിലേക്കു സഞ്ചരിക്കാനൊരു താങ്ങായി, ഇടവേളകൾക്കിടയിലെ ഇളംതുടർച്ച പോലെ, അനന്തരം ഇരുളെത്തി. പൂമുഖത്തു മാത്രം പ്രസരിച്ച ഒരു മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെട്ടത്തിൽ ക്രമം തെറ്റിയ നിശ്വാസങ്ങൾ അവിടവിടെ ഊർന്നു പൊങ്ങിയത്, ചീവീടുകളുടെ ശബ്ദഘോഷത്തിൽ നിലയറ്റ് വീണു.

‘പോട്ടെ മോളേ, സാരല്ല! നിക്കാഹിന് ഓൻ വരാഞ്ഞത് ഒരുകണക്ക്‌ന് നന്നായി. ബിരിയാണി ബെച്ചത് കുയികുത്തി തട്ടീന്ന് മാത്രല്ലേള്ളൂ. ന്റേതുപോലെ ഒരാഴ്ച താമസ്ച്ച് ഇട്ട്‌പോയില്ലല്ലോ?’

കൂടിന്റെ ഉള്ളറയിലെവിടെയോ മറ്റൊരു നിഴൽ രൂപം, അവളെ നെഞ്ചിലേക്ക് ചേർക്കുന്നു. പരിക്ഷീണിതനായി പടിയിലേക്ക് ചാഞ്ഞ് അദ്രുമാനെന്ന വൃദ്ധൻ ചുമയ്ക്കാൻ തുടങ്ങുന്നു. നെഞ്ചിനകത്തെ സമോവറിനുളളിൽ തീയടരുകൾ ഒന്നിൽ നിന്ന് ഒന്നിലേക്ക് പകർന്ന് ചുമ, കഫം തുപ്പിത്തുടങ്ങുന്നു: ‘ഞ്ഞി കല്യാണത്തട്ടിപ്പാണെങ്കിലും ബേണ്ട് ല്ല, ബന്ന് ഓൾക്കൊര് കുട്ട്യാവ്ണ വരേങ്കിലും കൂടെപ്പാർത്ത് പോയീനെങ്കിൽ, ഓള് അയ്‌നേം നോക്കി കാലം കയ്‌ച്ചേനേ… ഇത്‌പ്പോ കൊട്ത്ത നാൽപ്പതിനായിരോം പോയി…’

കിതപ്പടക്കാനാവാതെ അയാൾ നെഞ്ച് തിരുമ്മുന്നു: ‘ഓള്‌ടെ താഴെ ഞ്ഞി ഒന്നുംകൂടി ണ്ടല്ലോ, റബ്ബേ?’

ഇപ്പോൾ, ഇരുളിലേക്ക് തുറന്നിട്ട ജാലക വാതിലുകളിലൂടെ നിശാരൂപങ്ങൾ ഒന്നൊന്നായി വന്ന് പൊതിഞ്ഞ്, വീട് ഒരു കടന്നൽക്കൂടാവുന്നു.