റെയിൽവേസ്റ്റേഷൻ ശുചീകരണവുമായി ഡോംബിവ്‌ലി ഹോളി ഏഞ്ചൽസ്

ശുചീകരണ സന്ദേശം പകർന്നു നൽകി ഗാന്ധി ജയന്തി ദിനത്തിൽ ഹോളി ഏഞ്ചൽസ് സ്കൂൾ ആൻഡ് ജൂനിയർ കോളേജിലെ മാനേജ്‌മെന്റും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഡോംബിവ്‌ലി സ്റ്റേഷനും പരിസരവും ഇന്ന് വൃത്തിയാക്കി. ഡയറക്ടർ ഡോക്ടർ ഉമ്മൻ ഡേവിഡിന്റെ നേതൃത്വത്തിൽ ഏകദേശം 150 ഓളം ആൾക്കാർ രാവിലെ തന്നെ സ്റ്റേഷൻ പരിസരത്തു ശുചീകരണത്തിന് എത്തുകയായിരുന്നു.


നഗരത്തിന്റെ അഴുക്കുചാലുകൾ വൃത്തിയാക്കാൻ ഇത്തരം പദ്ധതികൾ ഉപകരിക്കുമെന്ന് ഉമ്മൻ ഡേവിഡ് പരിപാടി ഉദ്‌ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ശുചീകരണപ്രവർത്തനങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി പുതിയ തലമുറ ഇതിനായി മുന്നിട്ടിറങ്ങുമെന്നു തൻ പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന് ഡോംബിവ്‌ലി സ്റ്റേഷൻ മാനേജർ മലയാളിയായ കെ.ഓ. എബ്രഹാം, റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥരായ എം. ചന്ദ്, ജി.കെ. സാഷ, എസ.ബി. സിംഗ്, യാദവ്, പവാർ എന്നിവരെ ആദരിച്ചു.


ബാനറും പ്ലക്കാർഡുമുയർത്തി സന്ദേശം നൽകിയ കുട്ടികൾ മാലിന്യ നിർമ്മാർജ്ജനത്തിന്റെയും, പ്ലാസ്റ്റിക് വിമുക്ത നഗരത്തിന്റെയും പ്രതിജ്ഞ എണീറ്റു ചൊല്ലി. തൂടർന്നു കുട്ടികൾ അവതരിപ്പിച്ച ശുചീകരണ സന്ദേശം പകർന്നാടിയ നാടകവും കാഴ്ചക്കാരുടെ മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റി.