രാജ്യത്തെ തകർക്കുന്ന സാമ്പത്തിക പ്രതിസന്ധി

മോഹൻ കാക്കനാടൻ

ഇന്ത്യ അതിസങ്കീർണമായ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി നേരി ഇട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. മൃഗീയ ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ച കൈപ്പിടിയിലൊതുക്കിയ ഭാരതീയ ജനതാ പാർട്ടി സാമാന്യ ജനതയുടെ അടിയന്തിരാവശ്യങ്ങളേക്കാളുപരി മുദ്രാവാക്യങ്ങൾക്കു പ്രാധാന്യം നൽകി ഭരണം മുന്നോട്ട് തള്ളി നീക്കുമ്പോൾ പ്രതിപക്ഷവും മാധ്യമങ്ങളുമെല്ലാം വെറും നോക്കുകുത്തികളായി വരമ്പത്ത് ഒതുങ്ങി മാറി നിൽക്കുന്നു. വർധിച്ചുവരുന്ന മനുഷ്യാവകാശധ്വംസനങ്ങൾ വേണ്ട രീതിയിൽ ചോദ്യം ചെയ്യപ്പെടാതെ പോകുന്നത് ജനങ്ങളിൽ ഭീതി വളർത്തുന്നു.

കുറച്ചു മാസങ്ങൾക്കു മുൻപ് മഹാരാഷ്ട്രയും തലസ്ഥാന നഗരിയുമെല്ലാം ചുവപ്പണിയിച്ച കർഷകസമരങ്ങൾ മാറ്റത്തിനുള്ള മുറവിളി കൂട്ടുകയായിരുന്നു. ഒറ്റയ്ക്കും തെറ്റയ്ക്കും നടന്നുപോന്ന ആൾക്കൂട്ടകൊലകളും പശുസംബന്ധമായ നരഹത്യകളും മൂലം ജനങ്ങൾ ഭയവിഹ്വലരായിരുന്നു. എന്നാൽ ബാലക്കോട്ടും പുൽവാമയുമൊക്കെ അരങ്ങേറിയപ്പോൾ ജനങ്ങൾ വീണ്ടും ഭരണകക്ഷിക്കൊപ്പം ജയ് വിളിയോടെ നിരന്നു. തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ ഭരണത്തിൽ തിരിച്ചെത്തിയപ്പോൾ ഫാഷിസത്തിന്റെ ക്രൂരമായ ദംഷ്ട്രങ്ങൾ വെളി
യിൽ കാണിച്ചു വീണ്ടും പൊതുജനങ്ങളെ ഭയപ്പെടുത്തുകയാണ് നരേന്ദ്ര മോദി സർക്കാർ ചെയ്യുന്നത്.
ആർട്ടിക്കിൾ 370 തിരസ്‌കരിക്കപ്പെട്ടതോടെ കാശ്മീർ ഒരു തടങ്കൽപാളയമായി മാറിയിരിക്കയാണ്. അവിടുത്തെ പ്രതിപക്ഷനേതാക്കന്മാരും, പൊതുജനങ്ങളുമെല്ലാം വീട്ടുതടങ്കലിലോ കാരാഗൃഹങ്ങളിലോ അടയ്ക്കപ്പെട്ടു കഴി
ഞ്ഞു. സർക്കാരിന്റെ സ്തുതിപാഠകരായ ടി.വി ചാനലുകളിൽ പോലും വിജനമായ തെരുവുകളും അടച്ചിട്ട കടകമ്പോളങ്ങളുമാണ് നമുക്ക് കാണാനാവുന്നത്. ഔദ്യോഗിക കണക്കുപ്രകാരം തന്നെ 114 പ്രായമാകാത്ത കുഞ്ഞുങ്ങൾ കാശ്മീരിൽ ഇപ്പോൾ തടങ്കലിലാണ്. ആസാമിലാകട്ടെ, 19,06,657 പൗരന്മാരെയാണ് ദേശീയ പൗരത്വ പട്ടിക പ്രകാരം പുറത്താക്കിയിരിക്കുന്നത്. ഈ ജനവിരുദ്ധ നടപടികളെല്ലാം നോക്കി മാധ്യമങ്ങൾ കയ്യും കെട്ടി നിൽക്കുന്നു. നേതാവ് രാജിവച്ചൊഴിഞ്ഞ പ്രതിപക്ഷമാകട്ടെ ദിശാബോധം നഷ്ടപ്പെട്ട ഒരു കപ്പലു പോലെ
എവിടെയൊക്കെയോ ചുറ്റിത്തിരിയുന്നു.

ഇതിനിടയിലാണ് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നത്. കാർ നിർമാണം, റിയൽ എസ്റ്റേറ്റ്, തുടങ്ങി പല വമ്പൻ വ്യവസായങ്ങളും ആകെ തകർച്ചയിലാണ്. ലക്ഷക്കണക്കിന് തൊഴിലാളികളാണ് ഓരോ ദിവസവും തോഴിൽ രഹിതരായി തെരുവിലേക്ക് എടുത്തെറിയപ്പെടുന്നത്; തൊഴിലില്ലായ്മസൂചിക എക്കാലത്തെയും ഉയർചയിലേക്കു കുതിച്ചു നീങ്ങുന്നു. കേന്ദ്രസർക്കാരാകട്ടെ രാജ്യത്തെ പ്രമുഖ എണ്ണക്കമ്പനികളുടെയും ഷിപ്പിംഗ് കോർപറേഷന്റെയുമെല്ലാം ഓഹരികൾ വിറ്റഴിച്ച് ബജറ്റ് കമ്മി നികത്താനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ വർഷം 1.05 ലക്ഷം കോടി രൂപ പൊതുമേഖലാ കമ്പനികളുടെ ഓഹരിവില്പനയിലൂടെ സമാഹരിക്കാനുള്ള നടപടികൾ സർക്കാർ ദ്രുതഗതിയിലാക്കിക്കഴിഞ്ഞു. കഴിഞ്ഞ വർഷം
80,000 കോടി രൂപയും 2018-ൽ ഒരു ലക്ഷം കോടി രൂപയുമാണ് ഈ വിധത്തിൽ സർക്കാർ സമാഹരിച്ചത്.

കഴിഞ്ഞ മാസം റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിൽ നിന്നും 1.76 ലക്ഷം കോടി രൂപയും കേന്ദ്രസർക്കാർ എഴുതിയെടുക്കുകയുണ്ടായി. രാഷ്ട്രീയ പ്രതിയോഗികളിൽ അഴിമതിക്കുറ്റം ചാർത്തി ഈ പ്രശ്‌നങ്ങളിൽ നിന്നെല്ലാം ജനങ്ങളുടെ ശ്രദ്ധ മാറ്റുവാനുള്ള ശ്രമമാണ് അധികാരികൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണത്തുടർച്ച മാത്രം പോരാ സുസ്ഥിരമായ ഭരണമാണ് വേണ്ടതെന്ന് സർക്കാരിനെ ഓർമിപ്പിക്കാനെങ്കിലും മാധ്യമങ്ങൾ ശ്രമിച്ചിരുന്നെങ്കിൽ!