ഇത്തിരിവട്ടത്തിലെ കടൽ

അനീസ് സലീം

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന അനീസ് സലീമിന്റെ ഇത്തിരിവട്ടത്തിലെ കടൽ എന്ന പുസ്തകത്തിൽനിന്ന്. പരിഭാഷ: സ്മിത മീനാക്ഷി)

വാപ്പ മരിച്ചത് മഴയുള്ളൊരു രാത്രിയിലായിരുന്നുവെങ്കിൽ, ഞാൻ ജനിച്ചത് വെയിലുള്ളൊരു പകലിലാണ്. അതിന് ഈ കഥയിൽ പ്രത്യേകിച്ച് പ്രാധാന്യമൊന്നുമുണ്ടായിട്ടല്ല. പ്രാധാന്യമുള്ള സംഗതി ഇതാണ്: ഞാൻ ജനിച്ച് ഏതാനും മണിക്കൂറുകൾക്കു ശേഷം തൊട്ടിൽ മെല്ലെയിളക്കിക്കൊണ്ട് എന്റെ മേലേക്കു കുനിഞ്ഞുനിന്ന് വാപ്പ ഒരു പ്രഖ്യാപനം നടത്തി. അല്ലെങ്കിലൊരു പ്രവചനമെന്നു പറയാം. ഞാനൊരു വലിയ കഥപറച്ചിലുകാരനാകുമെന്ന്. എന്റെ കണ്ണുകളുടെ ആഴത്തിലേക്കു നോക്കി അദ്ദേഹം പറഞ്ഞു. ഇടുങ്ങിയ ആ ആശുപത്രിമുറിയിൽ ഞങ്ങൾ മൂന്നു പേർ മാത്രമാണുണ്ടായിരുന്നത്. അനസ്‌തേഷ്യയുടെ മയക്കത്തിൽ നിന്ന് മെല്ലെയുണർന്നു വരുന്നതേയുണ്ടായിരുന്നുള്ളൂ എന്നതുകൊണ്ട് ആ വാക്കുകളുടെ അർത്ഥം മനസ്സിലാക്കുന്നതു പോയിട്ട്, പറഞ്ഞതെന്താണെന്ന് ശരിയായി കേൾക്കുവാൻപോലും ഉമ്മയ്ക്കായില്ല. അതുകൊണ്ട്, വാപ്പയുടെ പ്രവചനം വ്യക്തമായി കേൾക്കുകയും അതിൽ തികഞ്ഞ അഭിമാനമനുഭവിക്കുകയും ചെയ്ത ഒരേയൊരാത്മാവായി ഞാൻ.

വാപ്പയുടെ പ്രവചനത്തെപ്പറ്റി പറഞ്ഞപ്പോഴെല്ലാം ഉമ്മ എന്റെ നേരേ നെറ്റിചുളിച്ചു. ഓരോ തവണയും ഒരേ വസ്തുതകൊണ്ടാണ് എന്റെ അവകാശവാദത്തെ ഉമ്മയെതിർത്തത്: എന്തെങ്കിലും അമാനുഷികശക്തിയുണ്ടെങ്കിൽ മാത്രമേ ജനിച്ച ദിവസം മുതലുള്ള കാര്യങ്ങൾ ഓർമിക്കുവാൻ കഴിയൂ. പക്ഷേ, അതുതന്നെയായിരുന്നു എന്റെ വാദവും; പൂർണമായും മനുഷ്യാതീതമല്ലെങ്കിലും. അസാധാരണമായ ചില ശക്തികൾ എനിക്കുണ്ട്. ആ തർക്കത്തെ എന്നെന്നേക്കുമായി അവസാനിപ്പിക്കുവാൻ കഴിയുമായിരുന്ന വാപ്പ പക്ഷേ, ഒരിക്കലുമതിൽ ഇടപെട്ടില്ല. ഒരു പുഞ്ചിരിയായിരുന്നു ആകെയുള്ള പ്രതികരണം. വാപ്പയുടെ പുഞ്ചിരികൾ എല്ലായ്‌പോഴും പാതിമാത്രം വിടർന്നവയുമായിരുന്നു. പിന്തുണയുമായി കടന്നുവരാത്തതിന്റെ പേരിൽ ചിലപ്പോഴൊക്കെ എനിക്കദ്ദേഹത്തോടു വെറുപ്പു തോന്നി. പ്രവചനത്തെപ്പറ്റി ഇപ്പോഴത്ര ഉറപ്പു തോന്നാത്തതിനാലാവാം സംസാരിക്കാനാഗ്രഹിക്കാത്തത് എന്ന് മറ്റു ചിലപ്പോൾ സംശയിക്കുകയും ചെയ്തു.

മിസ്റ്റർ അൺവിൻ, നിങ്ങൾക്ക് മനസ്സിലാക്കാവുന്നതുപോലെ, ഒരു പ്രവചനത്തിന്റെ ഭാരം പേറിയാണു ഞാൻ വളർന്നത്. ആയതിനാലാണ് ഈ കത്ത് അഥവാ ഒരു കഥ പറയുന്നതിനുവേണ്ടിയുള്ള ഈ ശ്രമം. ഞാനിപ്പോൾ ജീവിക്കുന്നതും ഈ പുസ്തകത്തിന് അതിന്റെ തലക്കെട്ടു തന്നതും ഈ കഥയ്‌ക്കൊരു പശ്ചാത്തലമൊരുക്കിയതുമായ ചെറുപട്ടണത്തിൽനിന്ന് നമുക്കീ കഥയാരംഭിക്കാം.

വാപ്പയുടെ അന്ത്യാഭിലാഷങ്ങളിലൊന്ന് സഫലീകരിക്കുവാനാണ് ജനത്തിരക്കുള്ള മഹാനഗരത്തിൽനിന്ന് മ്ലാനമായ ഈ ചെറുപട്ടണത്തിലേക്ക് ഞങ്ങൾ വന്നത്. വാസ്തവത്തിൽ അദ്ദേഹത്തിന് രണ്ട് അന്ത്യാഭിലാഷങ്ങളാണുണ്ടായിരുന്നത്. ഒരിക്കൽ വെറുക്കുകയും അവിടെനിന്ന് രക്ഷപ്പെടണമെന്നാഗ്രഹിക്കുകയും ചെയ്ത ജന്മനാട്ടിലേക്ക് മടങ്ങി, അവസാനദിനങ്ങൾ കടലോരത്ത് ചെലവഴിക്കണമെന്നതായിരുന്നു ഒന്ന്. രണ്ടാമത്തേത് കൂടുതലായും ഒരു തമാശതന്നെ. കൂടുതൽ പ്രചാരം കിട്ടിയ മെട്രോ ട്രെയിൻ ഗതാഗതം, തന്റെ ഇഹലോകവാസമവസാനിക്കുന്നതിനു
മുൻപ് തുടങ്ങണമെന്നതായിരുന്നു അത്. വാസ്തവത്തിൽ ഈ രണ്ടാമത്തെ മനോവികാരം, ഏറക്കുറെ നഗരത്തിലെ എല്ലാ യുവാക്കളും നർമരൂപത്തിൽ, ഒരു കൃത്രിമ നെടുവീർപ്പോടെ പ്രകടിപ്പിച്ചിരുന്നതാണ്. മെട്രോ സർവീസിനെപ്പറ്റിയുള്ള ചർച്ചകൾ ഏറെക്കാലം മുൻ
പ് തുടങ്ങിയതാണെങ്കിലും മൂന്നുനാലു വർഷം മുൻപു മാത്രമാണ് അധികാരികൾ അതിന്റെ നിർമാണജോലികൾ ആരംഭിച്ചത്.
മെട്രോയുടെ ജോലികൾ നഗരത്തെ ആകമാനം വിശാലമായ ഒരു പിൻമുറ്റമാക്കി മാറ്റി. തെരുവുകൾ പൊടിപടലത്തിന്റെ സുതാര്യതിരശ്ശീലയാൽ ആവൃതമാവുകയും അന്തരീക്ഷം ഉരുക്കുപാളികൾ തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ മുഴക്കങ്ങളാൽ മുഖരിതമാവുകയും ചെയ്തു. പണികൾ കാലങ്ങളോളം വൈകി നീണ്ടുപോവുകയും ഇടയ്ക്കിടെ പാളം തെറ്റുകയും ചെയ്തപ്പോൾ, ജനങ്ങൾ അതവരുടെ അന്ത്യാഭിലാഷമാക്കി ചിത്രീകരിച്ച് അതിൽ നേരമ്പോക്കു കണ്ടെത്തി. വാപ്പയുടെ അന്ത്യാഭിലാഷം സംസാരവിഷയമാകുമ്പോഴൊക്കെ മെട്രോ നിർമാണം വേഗതയാർജിച്ച സമയത്ത് അപ്പാർട്‌മെന്റ് വിൽക്കുകയും ഒരു ചെറുപട്ടണത്തിലേക്ക് മാറിത്താമസിക്കുകയും ചെയ്യുന്നതിനെതിരേ ശക്തമായ ഉപദേശങ്ങൾ ഞങ്ങൾക്കു
ലഭിച്ചിരുന്നു. ഒന്നോ രണ്ടോ വർഷത്തിനകം വെളുത്തുമെലിഞ്ഞ ട്രെയിനുകൾ, ഞങ്ങളുടെ ജാലകങ്ങൾക്കപ്പുറം പാഞ്ഞുപോവുകയും സ്ഥലത്തിന്റെ വില കുതിച്ചുയരുകയും ചെയ്യും. പക്ഷേ, വാപ്പ വഴങ്ങിയില്ല. ജീവിതത്തിന്റെ അന്ത്യനാളുകൾക്കുള്ള പശ്ചാത്തലം വാപ്പ തിരഞ്ഞെടുത്തു കഴിഞ്ഞിരുന്നു. റിയൽ എസ്റ്റേറ്റ് വിലക്കയറ്റം അദ്ദേഹത്തിന്റെ തീരുമാനത്തെ ഉലച്ചതുമില്ല. മാത്രമല്ല, അതദ്ദേഹത്തെ ക്ഷുഭിതനാക്കുകയും ചെയ്തു. ‘ഇതെന്റെ അന്ത്യാഭിലാഷമാണ്,’ മറ്റെല്ലാവർക്കും യാതൊരു പ്രയാസവും കൂടാതെ കേൾക്കാൻ പാകത്തിൽ അദ്ദേഹം തന്നോടുതന്നെയായി ഉറക്കെപ്പറഞ്ഞു.

‘എന്റെ മുടിഞ്ഞ അന്ത്യാഭിലാഷം’.

ഉയരുന്ന സ്ഥലവിലയെയും അന്ത്യാഭിലാഷത്തിന്റെ മൂല്യത്തെയും പറ്റിയുള്ള അടക്കിപ്പിടിച്ച വിവാദങ്ങൾ അങ്ങനെ അവസാനി
ച്ചു. വലിയ തുറമുഖനഗരത്തിൽനിന്നും ചെറിയ കടലോരപട്ടണത്തിലേക്ക് പാതി പൂർത്തിയായ ഒരു പാലത്തെ അഭിമുഖീകരിച്ചു
നിൽക്കുന്ന അപ്പാർട്‌മെന്റിൽനിന്നും കടലിലേക്കു നോക്കിനിൽക്കുന്നൊരു കടലോരക്കുന്നിന്റെ വിളുമ്പിലെ ചെറിയ വീട്ടിലേക്ക് താമസം മാറുന്നതിനുള്ള അവസാന ഒരുക്കങ്ങൾക്ക് ഞങ്ങൾ തയ്യാറായി.

നഗരം വിടേണ്ടിവന്ന സാഹചര്യം എന്നിലൊരു പുതിയ സ്വഭാവത്തിനു തുടക്കംകുറിച്ചു. ഞാൻ അന്ത്യാഭിലാഷങ്ങളെക്കുറിച്ച്, എന്റെയും മറ്റുള്ളവരുടെയും, ആലോചിച്ചുതുടങ്ങി. എനിക്കിനിയുമൊരന്ത്യാഭിലാഷമില്ല. ഒരു കെട്ടിടത്തിനടിയിൽപ്പെട്ട് ചതഞ്ഞരയുകയോ ട്രക്കിനടിയിൽപ്പെടുകയോ ചെയ്താൽ ഒരഭിലാഷം രൂപീകരിക്കുന്നതിനു മുൻപ് ഞാൻ തീർന്നിരിക്കും. പക്ഷേ, അന്ത്യാഭിലാഷങ്ങൾ മാരകമായ രോഗം ബാധിച്ചവർക്കോ വൃദ്ധർക്കോ ഉള്ളതാണ്. അല്ലാതെ, തനിക്കു മരിക്കാൻ പ്രായമാകും മുൻപ് മരണത്തിനു ചികിത്സ കണ്ടെത്തുമെന്നു കരുതുന്ന എന്നെപ്പോലെയുള്ളവർക്കുള്ളതല്ല. എങ്കിലും എന്താകണം എന്റെ അന്ത്യാഭിലാഷം? എത്ര കഠിനമായി ആലോചിച്ചിട്ടും ഈ പട്ടണ
ത്തിൽ താമസം തുടങ്ങുന്ന നാൾവരെ എനിക്കങ്ങനെയൊന്നു കണ്ടെത്താനായില്ല. പുതിയ വാടകവീടിന്റെ ജീർണഗന്ധം ശ്വസിച്ച നിമിഷംതന്നെ എനിക്കൊരു അന്ത്യാഭിലാഷം കൈവന്നു;

ഞാൻ വളർന്ന അപ്പാർട്‌മെന്റിലേക്ക് മടങ്ങിപ്പോകണം. പാതി പണിത മെട്രോ ബ്രിഡ്ജിനെ അഭിമുഖീകരിക്കുന്ന ജനാലകൾ തള്ളിത്തുറന്ന്, ആ ഭീമൻതൂൺ അവസാനമായി കാണണം. ഞാനും ശിവനും ചേർന്ന് ഒരു മധ്യാഹ്നം മുഴുവൻ ചെലവിട്ട് കരി കൊണ്ടു വരച്ച അമ്പടയാളം മാഞ്ഞുപോയോയെന്നു നോക്കണം. ആ തൂണിന്റെ നമ്പർ 366 എന്നതിൽനിന്നും മറ്റെന്തെങ്കിലും ആക്കി മാറ്റിയോയെന്നു നോക്കണം. ഇതായിരുന്നു എന്റെ അന്ത്യാഭിലാഷം.

‘പില്ലർ നമ്പർ 366’ എന്നത് മാതാപിതാക്കൾ ഞങ്ങളുടെ വീട്ടിലേക്കുള്ള വഴി ആളുകൾക്കു പറഞ്ഞുകൊടുക്കുമ്പോൾ പരാമർശിക്കുന്ന ഒരു അടയാളമായി മാറിയിരുന്നു. എന്നിട്ടും അതിഥികൾക്ക് തെറ്റുപറ്റി. ഹൈവേയിലേക്ക് നോക്കിനിൽക്കുന്ന തൂണിന്റെ രണ്ടു ഭാഗത്തും 366 എന്നെഴുതിയിരുന്നതിനാൽ, അവർ റോഡിന്റെ മറുവശത്ത് കൂടുതൽ വ്യക്തമായി കാണാവുന്ന കെട്ടിടത്തിലേക്ക് പോവുകയും അവിടെയുള്ള അതേ നമ്പർ വീടിന്റെ വാതിലിൽ മുട്ടുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് ഞങ്ങളുടെ വീടിന്റെ ഭാഗത്തേക്ക് വഴിചൂണ്ടുന്ന ഒരടയാളം വരച്ചുവയ്ക്കാമെന്ന് ഞാൻ തീരുമാനിച്ചത്. സൂര്യൻ പാർക്കിനു പിന്നിൽ മറയുകയും വീട്ടിൽനിന്ന് ഞങ്ങൾക്കുള്ള വിളി വരികയും ചെയ്യുന്നതുവരെ കരിക്കട്ടകൾ ഒന്നിനു പിറകേ ഒന്നായി ഉപയോഗിച്ച് പെയിന്റ് ചെയ്യാത്ത ആ തൂണിൽ വരച്ചുകൊണ്ടിരുന്നപ്പോൾ, ആ
അടയാളം ആവശ്യത്തിലധികം വലുതും അനാവശ്യമായ ശ്രദ്ധപിടിച്ചുപറ്റുന്നതുമായാണ് കാണപ്പെട്ടത്. പക്ഷേ, എന്റെ ജനാലയിലൂടെയുള്ള കാഴ്ചയിൽ അത് വേണ്ടത്ര വലുതായി തോന്നിയില്ല. ഞങ്ങളേക്കാൾ മൂന്നു നില ഉയരത്തിൽ താമസിച്ചിരുന്ന ശിവന് അവന്റെ ജനാലയിൽനിന്നു നോക്കുമ്പോൾ ഒരു വഴിചൂണ്ടിയായിട്ടല്ല, ഏതോ കാറിന്റെ പുകക്കുഴൽ തുപ്പിയ കരിയുടെ പാടായി മാത്രമാണതു കാണപ്പെട്ടത്.

വാപ്പുമ്മയ്ക്ക് ഒരു അന്ത്യാഭിലാഷമുണ്ടായിരുന്നോ? എനിക്കതു ചോദിക്കുവാനുള്ള ധൈര്യമൊരിക്കലുമുണ്ടായില്ല. നടക്കുമ്പോൾ അല്പം വേച്ചുപോകുമെന്നതിനപ്പുറം പൂർണാരോഗ്യവതിയായിരുന്നു അവർ. പക്ഷേ, ഒരന്ത്യാഭിലാഷമുണ്ടാവുക എന്നത് നിർബന്ധിതമായിരുന്നെങ്കിൽ, അങ്ങനെയൊന്നുണ്ടാകാവുന്ന പ്രായത്തിലായിരുന്നു വാപ്പുമ്മ.

ശിവൻ എല്ലായ്‌പോഴും ഒരാഗ്രഹം സൂക്ഷിച്ചിരുന്നു. ഒരു വിമാനം പറത്തണം. അന്ത്യാഭിലാഷമൊന്നുമായിരുന്നില്ലെങ്കിലും അതവന്റെ സ്വപ്നമായിരുന്നു. പക്ഷേ, പൂർത്തീകരിക്കപ്പെടാത്ത സ്വപ്നങ്ങൾ നിങ്ങളുടെ ജീവിതസായന്തനത്തിൽ അന്ത്യാഭിലാഷങ്ങളായി, അസാധ്യങ്ങളായ അന്ത്യാഭിലാഷങ്ങളായി മടങ്ങിവരാം. പാതി പണിത പാലത്തിനു പിന്നിലെ പാർക്കിൽ കവാടത്തിനരികിലായി തകരത്തിൽ നിർമിച്ച ഒരു വലിയ യുദ്ധവിമാനമുണ്ടായിരുന്നു. ഒരു ഇരുമ്പുതൂണിലായിരുന്നു അതുറപ്പിച്ചിരുന്നത്. പ്രഭാതനടത്തക്കാർ അതിന്റെ ചിറകിലെത്തിപ്പിടിക്കുവാൻ ചാടിയിരുന്നു. സായാഹ്നങ്ങളിൽ കുട്ടികൾ അതിനു കീഴിലെ തണലിൽ കളിച്ചു. ഒരിക്കൽ സ്‌കൂൾ പ്രോഗ്രസ് കാർഡിലുള്ള അതൃപ്തി മൂലം ശിവന്റെ അമ്മ അവനെ പുറത്തു കളിക്കുന്നതിൽനിന്നും വിലക്കിയപ്പോൾ, എനിക്ക് പാർക്കിൽ തനിയെ ഇരിക്കേണ്ടിവന്നു.
നിരോധനമവസാനിച്ച് മടങ്ങിയെത്തിയപ്പോൾ, ഒരു യഥാർത്ഥ വിമാനം പറത്തുന്നതിനു പകരം ഒരുപക്ഷേ, അവൻ ഈ വിമാനമാതൃക പറത്തിയേക്കാമെന്ന് അതിനു കീഴിലിരുന്നുകൊണ്ട് ഞാൻ പറഞ്ഞു. അവനെ പൊട്ടിച്ചിരിപ്പിക്കുവാനാണതു പറഞ്ഞത്. പക്ഷേ, എഴുന്നേറ്റ് നേരേ വീട്ടിലേക്ക് പോവുകയാണവൻ ചെയ്തത്. വീണ്ടുമൊരാഴ്ചകൂടി എനിക്ക് പാർക്കിൽ തനിച്ച് ഇരിക്കേണ്ടിയും വന്നു.

അപ്പാർട്‌മെന്റ് വാങ്ങാനൊരാളെ കണ്ടെത്തിയ ദിവസം, ഒരന്ത്യാഭിലാഷമുണ്ടോ എന്നു ഞാൻ ഉമ്മയോടു ചോദിച്ചു. പാർക്കിലെ മരങ്ങൾക്കു പിന്നിൽ മറയുന്ന ഉരുകിയ സൂര്യനെ അലക്ഷ്യമായി നോക്കിനിൽക്കുകയായിരുന്നു അപ്പോഴവർ. പെട്ടെന്നുതന്നെ പാർക്ക് ഇരുളുകയും വിജനമാവുകയും ചെയ്യും, സീസോകളും ഊഞ്ഞാലുകളും അനക്കമറ്റു നിശ്ശബ്ദമാകും, ചീവീടുകളും തവളകളും ശബ്ദമുണ്ടാക്കി പുറത്തുവരും. എനിക്കു കരയാൻ തോന്നി, ആ സായാഹ്നത്തിൽ ഞാനത്രയ്ക്ക് ദു:ഖിതനായിരുന്നു.

കാരണമൊന്നുമില്ലാതെ കരയാൻ തോന്നിയപ്പോൾ, സൂര്യോദയത്തിനു മുൻപ് തൂക്കിക്കൊല്ലപ്പെട്ട തടവുകാരുടെ കഥകൾ എനിക്കോർമ വന്നു. അവ കഥകളല്ലായിരുന്നു എന്നു മാത്രം. ഉമ്മയുടെ അമ്മാവൻ ഒരിക്കൽ ജയിൽവകുപ്പിൽ ജോലി ചെയ്തിരുന്നു.

അതിനാൽ, വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരുടെയും അവരുടെ അന്ത്യാഭിലാഷങ്ങളുടെയും കഥ കേട്ടാണ് ഉമ്മ വളർന്നത്. മിക്കവാറും അന്ത്യാഭിലാഷങ്ങൾ, അവസാനഭക്ഷണത്തിനുള്ള കല്പനകളല്ലാതെ മറ്റൊന്നുമായിരുന്നില്ല. പക്ഷേ, ചിലർക്ക് കഴുമരത്തിലേക്ക് നടക്കുന്നതിനു മുൻപ് പൂർത്തീകരിക്കേണ്ടത് വ്യത്യസ്തങ്ങളായ ചില ആഗ്രഹങ്ങളായിരുന്നു. അത്തരത്തിലൊരാൾ ഒരു ഗാനമാണാവശ്യപ്പെട്ടത്. അയാൾ തിരഞ്ഞെടുത്ത പൂർണചന്ദ്രനെക്കുറിച്ചുള്ള ഒരു ഗാനം. ജയിലധികൃതർ പണം കൊടുത്തു കൂട്ടിക്കൊണ്ടുവന്ന തെരുവുഗായകനാവട്ടെ, പാടിയതിലേറെ വാക്കുകൾ വിഴുങ്ങുകയാണു ചെയ്തത്. ഏതാനും വരികളായപ്പോഴേക്കും കുറ്റവാളിയായ മനുഷ്യൻ, ആധികാരികമായ രീതിയിൽ
കൈകളുയർത്തി പാട്ടു നിർത്തുവാനാവശ്യപ്പെട്ടു. പ്രിയഗാനത്തിന്റെ അത്ര വികലമായൊരാലാപനം കേട്ടുകൊണ്ട് ആരാച്ചാരെ അഭിമുഖീകരിക്കുവാൻ അയാളാഗ്രഹിച്ചില്ല. നിരീശ്വരവാദിയായ മറ്റൊരാൾ, പ്രാർത്ഥനയ്ക്കു മുട്ടുകുത്തുവാനൊരു വിരിപ്പും നിസ്‌കരിക്കുവാൻ സഹായിക്കുന്നൊരു മാർഗദർശിയെയുമാണാവശ്യപ്പെട്ടത്. ആ കാരാഗൃഹത്തിലെ ഒരേയൊരു മുസ്ലിം വാർഡനായ അമ്മാവനെയാണവർ അതിനായി തിരഞ്ഞെടുത്തത്. അദ്ദേഹം മനസ്സോടെ തന്റെ വിരിപ്പു കൊടുക്കുകയും തന്റെ മസല്ല ആയി ഒരു പത്രക്കടലാസ് ഉപയോഗിക്കുകയും ചെയ്തു. ജയിലഴിയുടെ നിഴലുകൾ കളം വരയ്ക്കുന്ന തടവുമുറിയിൽ, പരലോകത്തേക്കു പോകുവാൻ ഏതാനും മണിക്കൂറുകൾ മാത്രമുള്ള ആ തടവുപുള്ളിക്ക്, ഉമ്മയുടെ അമ്മാവൻ വിശ്വാസത്തിന്റെ പാഠങ്ങൾ ചൊല്ലിക്കൊടുത്തു.

അന്ത്യാഭിലാഷമെന്തെന്ന് ഉമ്മയോടു ചോദിക്കുമ്പോൾ, ആദ്യത്തെയും അവസാനത്തെയും നമാസ് ഒരുമിച്ചു ചൊല്ലിയ ആ മനുഷ്യനെപ്പറ്റിയായിരുന്നു ഞാൻ ചിന്തിച്ചത്. ആ ചോദ്യം ഉമ്മയെ കരയിക്കുകയോ ദേഷ്യം പിടിപ്പിക്കുകയോ ചെയ്യുമെന്നായിരുന്നു ഞാൻ പ്രതീക്ഷിച്ചത്. പക്ഷേ, വിഷാദത്തോടെ തിരിഞ്ഞുനോക്കി പുഞ്ചിരിക്കുകയാണു ചെയ്തത്. അതൊരു പൂർണതയുള്ള പുഞ്ചിരിയായിരുന്നില്ല, ഉറപ്പ്. ആ ദിവസങ്ങളിലെല്ലാം ഉമ്മയ്ക്ക് ഒരേതരം പുഞ്ചിരിയേ ഉണ്ടായിരുന്നുള്ളൂ, മരണവീട്ടിൽ കാണുന്നതരം പുഞ്ചിരി, വിലപിക്കുന്നവർ പരസ്പരം നൽകുന്ന പുഞ്ചിരി.

ആകാശത്തുനിന്ന് സൂര്യവെളിച്ചത്തിന്റെ അവസാന അടയാളവും ഇല്ലാതാകുമ്പോൾ പാർക്ക് വിജനമാക്കിക്കൊണ്ട് കറങ്ങുന്ന ഗേറ്റിലൂടെ ആളുകൾ പുറത്തേക്കിറങ്ങുന്നത് അവർ നോക്കി നിന്നു. എന്നിട്ട് വീണ്ടും തിരിഞ്ഞുനോക്കി, ലിറ്റിൽ, ഒരു വധുവാകാൻ പ്രായമാകുന്നതുവരെ മരിക്കരുതെന്നാണ് തന്റെ അന്ത്യാഭിലാഷമെന്ന് പറഞ്ഞു.

‘ഒരനാഥ വധുവായി അവൾ വളർന്നുവരണമെന്ന് ഞാനാഗ്രഹിക്കുന്നില്ല’. നഗരത്തോടു വിടപറയുന്നവർ ഞങ്ങൾ മാത്രമല്ലെന്ന അറിവ് വിചിത്രമായ ഒരാശ്വാസമാണ് പകർന്നുതന്നത്. വാപ്പയുടെ ജന്മസ്ഥലത്തേക്ക് പോകുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപ്, നഗരത്തിലെ ഏറ്റവും പുരാതന കെട്ടിടങ്ങളിലൊന്നിനെപ്പറ്റിയുള്ള വാർത്ത പത്രങ്ങളുടെ മുൻപേജിൽത്തന്നെയുണ്ടായിരുന്നു.

കുതിരലാടത്തിന്റെ ആകൃതിയിൽ ഉയരമുള്ള ‘സാംസ്’ എന്നു വിളിക്കപ്പെടുന്ന ആ കെട്ടിടം വാർത്താപ്രാധാന്യം നേടിയത്, അധികം താമസിയാതെ ഒരു മാൾ നിർമിക്കുവാൻവേണ്ടി തകർക്കപ്പെടുമെന്നതുകൊണ്ടു മാത്രമായിരുന്നു. ഈ പാർപ്പിടത്തിന്റെ ആസന്നമരണം വാപ്പയെ സ്പർശിച്ചതായി തോന്നി. ആ കെട്ടിടം, റിപ്പോർട്ടുകളനുസരിച്ച് പ്രശസ്തരും സമ്പന്നരുമായ പലർക്കും, അവർ പ്രശസ്തരും സമ്പന്നരുമാകുന്നതിനു മുൻപ് ആഹാരവും അഭയവും നൽകിയതായിരുന്നു. ഒരുകാലത്തത്, വളർന്നുവരുന്ന കലാകാരന്മാരുടെയും സാഹിത്യസഞ്ചാരികളുടെയും ഇടമായിരുന്നു.

സാംസ് വെറുമൊരു ചരലുകൂനയും ചുറ്റുമുള്ള സസ്യജാലങ്ങളിലെല്ലാം നേർത്ത തവിട്ടുചായം പൂശുന്ന ധൂമപടലവുമായി മാറുന്നതിനു തൊട്ടു മുൻപുള്ള ദിവസം, നിശ്ശബ്ദമായ നീളൻ ഇടനാഴികളും അക്കമിട്ട വാതിലുകളുമുള്ള, കൃത്യമായ നിർമാണക്രമമൊന്നുമില്ലാത്ത ആ കെട്ടിടത്തിലേക്ക് ഞാൻ വാപ്പയോടൊപ്പം പോയിരുന്നു. എല്ലാവരും അവിടം വിട്ടു പോയിരുന്നു. തള്ളിനിൽക്കുന്ന റബ്ബർമൂക്കുള്ള ഒരു വൃദ്ധനൊഴികെ അവിടം വിജനമായി കാണപ്പെട്ടു. വെളിച്ചമില്ലാത്ത വരാന്തയിൽ സാംസിന്റെ സ്ഥാപകന്റെ ഗാംഭീര്യമുള്ള ചിത്രത്തിനു താഴെ ഇരിക്കുകയായിരുന്ന അയാളുടെ കൈയിൽ ചരിത്രത്തിൽ ആ കെട്ടിടത്തിനുള്ള സ്ഥാനവും അതിന്റെ ആസന്നനാശവും വിവരിക്കുന്ന വാർത്ത പ്രസിദ്ധീകരിക്കപ്പെട്ട, രണ്ടു ദിവസം പഴയ പത്രവുമുണ്ടായിരുന്നു. അയാൾക്കു പിന്നിൽ നിരനിരയായി നീളൻ തടിക്കട്ടയിൽ താക്കോലുകൾ തൂക്കിയിട്ടിരുന്നു. കലമ്പുന്ന ഒരു സീലിങ് ഫാനിന്റെ കീഴിലും അവ തികച്ചും നിശ്ചലമായിരുന്നു.

വാപ്പ, കൗണ്ടറിലേക്കു ചാരിനിന്ന്, കെട്ടിടം കാണാൻ അനുമതി ചോദിച്ചു വിളിച്ച ആളായി സ്വയം പരിചയപ്പെടുത്തി. വൃദ്ധൻ ചുവരിൽനിന്നും ഒരു താക്കോലെടുത്ത് ഒരു പഴയ ലിഫ്റ്റിനടുത്തേക്ക് ഞങ്ങളെ കൈയാട്ടി വിളിച്ചു. ഞരങ്ങിയും കടകടാശബ്ദമുണ്ടാക്കിയും ഏഴ് ഇരുണ്ട നിലകൾ പിന്നിട്ട് ഒടുവിലത് ഏറ്റവും മുകളിൽ ഒരു കുലുക്കത്തോടെ നിന്നു. വിശാലമായ മട്ടുപ്പാവിലേക്ക് ഞങ്ങളെ നയിച്ചതിനു ശേഷം താക്കോൽ വാപ്പയെ ഏല്പിച്ചു. പിന്നീട് ലിഫ്റ്റ് താഴേക്ക് ചലിപ്പിച്ചു മടങ്ങി. അതിന്റെ മുഴക്കമുള്ള കടകടാശബ്ദം, കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള സംവിധാനങ്ങൾ അവയുടെ പണി ആരംഭിച്ചുവോ എന്നു സംശയിപ്പിക്കുന്നതായിരുന്നു.

‘സാംസി’ന്റെ മട്ടുപ്പാവിൽ നിന്നാണ് ഞാൻ ആദ്യമായി മഴവില്ലു കണ്ടത്. നിറങ്ങളുടെ എത്ര അനാകർഷകമായ ഉപയോഗം, ഞാനോർത്തു. പ്രകൃതിയുടെ ഈ ചിത്രത്തിന് മനുഷ്യർ നൽകിയിരിക്കുന്ന മൂല്യം എത്രയധികം അമിതമാണ്? നേഴ്‌സറിപ്പാട്ടുകൾ ഞങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചതിന്റെ പകുതി ഭംഗിപോലുമില്ല യഥാർത്ഥത്തിൽ.

‘നീ ഇതിനു മുൻപ് എപ്പോഴെങ്കിലും മഴവില്ലു കണ്ടിട്ടുണ്ടോ?’വാപ്പ ചോദിച്ചു.

‘ഇല്ല’.

‘ഞാനും,’ വാപ്പ പറഞ്ഞു.

അങ്ങനെയിതാ, ഇവിടെ ഞങ്ങൾ മൂന്നു ദശകത്തിന്റെ വ്യത്യാസത്തിലുള്ള രണ്ടുപേർ, നിലനില്പിന്റെ അവസാനത്തെ ദിവസം കഴിച്ചുകൂട്ടുന്ന ഒരു കെട്ടിടത്തിന്റെ മുകൾത്തട്ടിൽ ഒരുമിച്ചു നിന്ന്, ഞങ്ങളുടെ ജീവിതത്തിലെ ആദ്യമഴവില്ലു നോക്കിക്കാണുന്നു. പുസ്തകങ്ങൾക്കും സിനിമകൾക്കുമപ്പുറം ഒരു യഥാർത്ഥ മഴവില്ലു കാണാതെയാണ് നാല്പതു വർഷം വാപ്പ ജീവിച്ചതെന്നു വിശ്വസിക്കുക എനിക്ക് ദുഷ്‌കരമായിരുന്നു. വാൽനക്ഷത്രങ്ങൾപോലെ, പ്രത്യക്ഷപ്പെടുവാൻ പ്രയാസമുള്ളതാണോ മഴവില്ലുകൾ? അതോ, വാപ്പ എഴുത്തിൽനിന്നു തലയുയർത്തിനോക്കുന്ന നിമിഷംതന്നെ അപ്രത്യക്ഷമാകണമെന്നു തീരുമാനിച്ചിരുന്നോ അവ?

ഭീമൻ ക്രെയിനുകൾ ആകാശത്തേക്കുയർന്നു നിൽക്കുന്നതും ഉപേക്ഷിക്കപ്പെട്ടതുപോലെ കാണപ്പെട്ട പാതി പൂർത്തിയായ മെട്രോ സ്റ്റേഷനുകളുമുള്ളതുമായ നഗരത്തിന്റെ ഒരറ്റംമുതൽ മറ്റേയറ്റംവരെ നീണ്ട്, ആകാശപാതയിൽ ഒരു വലിയ ഹെയർ ബാൻഡുപോലെ കാണപ്പെട്ട ഞങ്ങളുടെ ആദ്യ മഴവില്ല് മാഞ്ഞുപോകുവാൻ യാതൊരു തിടുക്കവുമില്ലെന്ന മട്ടിൽ ആകാശത്തു തങ്ങി നിന്നു. ഒരുപക്ഷേ, ഇങ്ങനെയൊന്നു കാണുവാനുള്ള വാപ്പയുടെ അവസാനത്തെ അവസരമാണതെന്ന് അതിനറിയാമായിരിക്കും.

പിന്നീട്, മെല്ലെ മഴ പെയ്തുതുടങ്ങി.

‘ഓടൂ,’ അതു പറഞ്ഞ് വാപ്പ കൂറ്റൻ വാട്ടർ ടാങ്കുകളെ മറികടന്നോടി. സാംസിൽ താമസക്കാർ തിങ്ങിനിറഞ്ഞിരുന്ന കാലത്ത് അവർക്ക് വെള്ളം നൽകിയിരുന്ന ടാങ്കുകൾ. അവ എന്നേ ഉണങ്ങി വരണ്ടിരിക്കുന്നു. അവയുടെ അടിയിൽ തവിട്ടുനിറത്തിലുള്ള ഇലകൾ പറ്റിപ്പിടിച്ചിരിക്കുന്നു, ചുവരുകളിൽ പതുപതുത്ത പായൽപ്പച്ച. ടെറസിന്റെ മറ്റേയറ്റത്ത്, രണ്ടു വാതിലുകളിലേക്കു ചെന്നെത്തുന്ന ഒരു ചെറിയ ഇടനാഴിയുണ്ടായിരുന്നു. അവിടെ നിന്നുകൊണ്ട്, ഏതാണ്ടൊരു മൈൽ ദൂരം ഓടിവന്നതുപോലെ വാപ്പ കിതച്ചു. ശ്വാസം ഒരുവിധം നേരേയായപ്പോൾ, അതിലൊരു വാതിൽ തുറന്ന് ചുവരിൽ ഈർപ്പത്തിന്റെ പാടുകളും തറയിൽ പൊടിയുടെ ആവരണവുമുള്ള ഒരൊഴിഞ്ഞ മുറിയിലേക്ക് ഞങ്ങൾ കയറി. ജീർണത ബാധിച്ച ആ മുറിക്ക് അറക്കപ്പൊടിയുടെ ഗന്ധമായിരുന്നു. വാപ്പ ഒരു ജനാലയുടെ അടുത്തേക്കു ചെന്ന് അത് തള്ളിത്തുറന്നു. ചാറ്റൽ, ഒരുവിധം ശക്തമായ മഴയായി മാറിയിരുന്നു.

‘എന്റെ എഴുത്തുമേശ ഇവിടെയായിരുന്നു,’ ചുവരിലെ ഈർപ്പം ഒരു താടിയുടെ രൂപമാർജിക്കുന്നതിൽ ഏതാണ്ട് വിജയിച്ച മൂലയിലേക്ക് ചൂണ്ടിയാണ് അദ്ദേഹം അതു പറഞ്ഞത്. ‘എന്റെ കസേരയും’.

ഒപ്പം, തീർച്ചയായും അദ്ദേഹത്തിന്റെ കൂടുതൽ ചെറുപ്പമായ ഒരു രൂപവും.

‘ഞാനെന്റെ ആദ്യ മൂന്നു പുസ്തകങ്ങൾ ഈ മുറിയിലിരുന്നാണെഴുതിയത്,’ വാപ്പ പറഞ്ഞു. ‘ഓരോ തവണ കൈയെഴുത്തുപ്രതി പൂർത്തിയാകുമ്പോഴും ഞാനത് അൺവിന് അയച്ചുകൊടുത്തു. എന്നിട്ട്, പിന്നീടുള്ള ദിവസങ്ങളിൽ വാതിലിൽ ആരെങ്കിലും മുട്ടുമ്പോൾ അതയാളായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു, പൂർണമായിട്ടല്ലെങ്കിലും’ അദ്ദേഹം ഉറപ്പില്ലാത്ത ചിരി ചിരിച്ചു.

‘ആരാണ് അൺവിൻ?’ ഞാൻ ചോദിച്ചു.

‘ഒരു ലിറ്റററി ഏജന്റ്,’ വിഷാദമൂറുന്ന ശബ്ദത്തിൽ വാപ്പ പറഞ്ഞു. ‘അയാളൊരിക്കലും മറുപടി എഴുതിയില്ല’.

മിസ്റ്റർ അൺവിൻ, നിങ്ങളുടെ പേരു ഞാൻ പല തവണ കേട്ടിരുന്നുവെങ്കിലും അതാദ്യമായിരുന്നു മറുപടി എഴുതാതെ ആളുകളെ വിഷമിപ്പിക്കുവാൻ മാത്രം പ്രധാനപ്പെട്ട ഒരാളായി നിങ്ങൾ കടന്നുവന്നത്. ഞാനൊരു ജനാലയ്ക്കടുത്തു ചെന്ന് പുറത്തേക്ക് ഉറ്റുനോക്കി; ഞങ്ങളുടെ ജീവിതത്തിലെ ആദ്യ മഴവില്ല് മാഞ്ഞുപോയിരിക്കുന്നു. തീർത്തും ശൂന്യമായ ആ മുറിയിൽ ഏകദേശം ഇരുപതു മിനിറ്റ് ഞങ്ങൾ ചെലവഴിച്ചിരിക്കണം; എന്തുകൊണ്ടാണ് അദ്ദേഹമിത്ര നിസ്സഹായനും അതേസമയം സംതൃപ്തനുമായി കാണപ്പെടുന്നതാലോചിച്ച് ഞാനൊരു ജനാലപ്പടിയിൽ ഇരുന്നപ്പോൾ, മുറിയിലൂടെ നടക്കുകയും ചുവരുകളിൽ തൊട്ടുനോക്കുകയും ജനാലയിലൂടെ പുറത്തേക്കു നോക്കുകയും എഴുത്തുമേശയും കസേരയും കിടന്ന മൂലയിൽ വെറുതേ നിൽക്കുകയുമായിരുന്നു വാപ്പ. ഒടുവിൽ, പുരാതനമായ ലിഫ്റ്റ് മുകളിലേക്ക് ആടിയുലഞ്ഞു വരുന്നതിന്റെ ശബ്ദമാണ് അദ്ദേഹത്തിന്റെ മനോരാജ്യത്തെ ഭഞ്ജിച്ചത്. റബ്ബർമൂക്കുള്ള വൃദ്ധൻ ടെറസിന്റെ അങ്ങേയരികിൽ പ്രത്യ
ക്ഷപ്പെട്ടപ്പോഴേക്കും ഞങ്ങൾ, മഴയിലൂടെ സാവധാനം വെള്ളം നിറഞ്ഞുതുടങ്ങുന്ന വാട്ടർ ടാങ്കുകളെ മറികടന്ന് മങ്ങിയ വെളിച്ചമുള്ള ലിഫ്റ്റിനടുത്തേക്ക് ഓടുകയായിരുന്നു.

അടുത്ത ദിവസം പ്രഭാതത്തിൽ സാംസ്, നഗരത്തിന്റെ ഭൂദൃശ്യത്തിൽനിന്നും അപ്രത്യക്ഷമായി. രണ്ടു ദിവസം കഴിഞ്ഞ് ഞങ്ങളും. ഒരു ടാക്‌സിയിൽ ഗ്രാമങ്ങളിലൂടെ, പട്ടണങ്ങളിലൂടെ, നഗരങ്ങളിലൂടെ ഞങ്ങൾ കാലവർഷത്തെ പിന്തുടർന്നു. മഴ റോഡുകളെ കഴുകി വെടിപ്പാക്കിയിരുന്നു, മരങ്ങളെ കൂടുതൽ പച്ചപ്പുള്ളതാക്കിയിരുന്നു, ഇഷ്ടികച്ചുവരുകളെ തവിട്ടിന്റെ പുതുനിറത്തിലാക്കിയിരുന്നു. ഒരു ഗ്രാമത്തിലെ ലെവൽക്രോസ്സിൽ കാത്തുനിന്നപ്പോൾ, ഒരു സ്ത്രീ ചേമ്പില ചൂടി താഴേക്കുള്ള വഴിയിലൂടെ അപ്രത്യക്ഷയാകുന്നതു ഞാൻ കണ്ടു. അതൊരു ശരിയായ കുടയാണെന്ന മട്ടിൽ വളരെ അന്തസ്സോടെയാണവർ അതു ചൂടിയിരുന്നത്. ഒരു ചെറിയ പട്ടണത്തിലൂടെ പാഞ്ഞുപോരുമ്പോൾ, ഓലമേഞ്ഞ ഒരെളിയ ഭക്ഷണശാലയുടെ അടുക്കളയിൽനിന്നും പുകച്ചുരുളുകൾ ഉയരുന്നതു ഞാൻ കണ്ടു. യാത്രയിലുടനീളം എല്ലാവരും ഇടവിട്ട് ഉറക്കത്തിലേക്ക് വഴുതിവീണുകൊണ്ടിരുന്നുവെങ്കിലും അവസാന മൈൽ വരെ, അതായത് കടലിന്റെയും ഒരു പാറക്കെട്ടിന്റെ തുഞ്ചത്തേക്ക് വീണ്ടുമല്പനേരത്തെ യാത്രയ്ക്കു ശേഷം ഞങ്ങളുടെ പുതിയ വീടിന്റെയും ദൃശ്യം കണ്ണിലെത്തുന്നതുവരെയും ഞാൻ ഉണർന്നുതന്നെയിരുന്നു. വാപ്പ നെറ്റിചുളിച്ചുകൊണ്ട് ഉണരുകയും താൻ മരിക്കാനായി തിരഞ്ഞെടുത്ത വീടിനെ തുറിച്ചുനോക്കുകയും ചെയ്തു.

‘മദാമ ലെയ്ൻ’ എന്നു വിളിക്കപ്പെട്ട ഒരു മൺപാതയുടെ അരികിലായിരുന്നു വീടിരുന്നത്. തടികൊണ്ടുള്ള ഗേറ്റിനു മുകളിലായി ബൊഗൈൻവില്ല ഒരു കമാനമാതൃകയിൽ വളച്ചുനിർത്തിയി രുന്നു. കമാനത്തിൽനിന്നു പുറത്തേക്ക് നീണ്ടുവളർന്നു നിന്ന ശാഖകൾ കടന്നുകയറി, ഗേറ്റിന്റെ ഉള്ള വീതിയെ കുറച്ച് ഇടുങ്ങിയതായി കാണിച്ചു. ആ ഗേറ്റിന്റെ വീതി, പിന്നീടു വന്ന ദിനങ്ങളിൽ വാപ്പയും അദ്ദേഹത്തെ നഗരത്തിലെ ചികിത്സകൾക്കായി – അവയുടെ പേരുകൾ എഴുതുവാനോ പറയുവാൻതന്നെയോ ദുഷ്‌കരമായിരുന്നു – കൂട്ടിക്കൊണ്ടുപോകാൻ വന്ന ടാക്‌സി ഡ്രൈവർമാരുമായുള്ള തർക്കത്തിനു കാരണമായി. ഗേറ്റിൽ ‘ബൊഗൈൻവില്ല’ എന്നെഴുതിയ ഒരു ചെറിയ ബോർഡ് ആണിയടിച്ചുറപ്പിച്ചിരുന്നു.
വെളുത്ത ചുവരുകളും മങ്ങിയ നീല ജാലകങ്ങളും ഇണക്കമില്ലാത്ത മുൻവാതിലുമായിരുന്നു വീടിന്റേത്. വീട്ടുടമസ്ഥൻ വരാന്തയിൽ ഞങ്ങളെ കാത്തുനിന്നിരുന്നു. മെലിഞ്ഞ ഒരു വൃദ്ധൻ, അദ്ദേഹത്തിന്റെ മുടി കറുപ്പിക്കാനുപയോഗിച്ച ചായം, മുടി പകുക്കുന്ന ഇടത്തേക്കും വ്യാപിച്ചു കാണപ്പെട്ടു. താക്കോൽക്കൂട്ടം അതിന്റെ ഇരുമ്പുവളയത്തിൽ പിടിച്ച് ആചാരപരമായി, വാപ്പയുടെ കൈക്കുമ്പിളിലേക്ക് ഇട്ടുകൊടുത്തപ്പോൾ, എത്ര കാലമാണ് ഞങ്ങളവിടെ താമസിക്കുവാൻ പോകുന്നതെന്ന് അദ്ദേഹം ചോദിച്ചു.

‘മരണംവരെ’ എന്ന മറുപടി ഒരു നിമിഷം ഞാൻ വാപ്പയിൽനിന്നും പ്രതീക്ഷിച്ചു. പകരം, ‘നോക്കാം’ എന്നാണ് അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞത്. കടലോരത്തെ മിക്കവാറും റോഡടയാളങ്ങൾ പറഞ്ഞത് പട്ടണം അഞ്ചു മൈൽ അകലെയാണെന്നാണ്. പക്ഷേ, ചിലവ പട്ടണവും ബീച്ചും തമ്മിലുള്ള അകലം തികച്ചും ആറു മൈൽ ആണെന്നറിയിച്ചു. വാപ്പ വളർന്ന വീട്, നഗരചത്വരത്തിനപ്പുറം മൂന്നു റെയിൽവേ ലൈനുകൾക്കരികിലായിട്ടായിരുന്നു. കടലോരത്തെ ഈ വാടകവീടിനു പകരം, ആ വീട്, വാപ്പ അന്ത്യദിനങ്ങൾക്കായി തിരഞ്ഞെടുത്തിരുന്നുവെങ്കിൽ അത് കൂടുതൽ അർത്ഥവത്തായി എല്ലാവർക്കും തോന്നുമായിരുന്നു. ഇനിയുള്ള ജീവിതം അവിടെ ജീവിക്കണമെന്ന് വാപ്പുമ്മ നിർബന്ധിക്കുകയും ചെയ്തതാണ്. ഒരാൾക്ക് മരിക്കുവാൻ തന്റെ പൈതൃകഭവനത്തിലും മെച്ചപ്പെട്ട ഒരിടമില്ലെന്നായിരുന്നു അവർ ഉദ്ദേശിച്ചത്. പക്ഷേ, വാപ്പ വഴങ്ങിയില്ല; തന്റേതായ സ്ഥലമാണാവശ്യമെന്ന് അദ്ദേഹം പറഞ്ഞു. കടലിന്റെ അവ്യക്തദൃശ്യം തരുന്ന പാറക്കെട്ടിനു മുകളിലെ ഈ ചെറിയ വീടായിരുന്നു അദ്ദേഹത്തിന്റെതായ ഇടം.

വീട്ടുടമസ്ഥനും ടാക്‌സിഡ്രൈവറും സ്ഥലം വിട്ടയുടനെ ആ ടാക്‌സിഡ്രൈവർ ഞങ്ങളെക്കുറിച്ച്, പ്രത്യേകിച്ചും എന്നെക്കുറിച്ച് വിഷമത്തോടെ ചിന്തിക്കുന്നുണ്ടെന്ന് ഞാൻ സങ്കല്പിച്ചു. അയാൾ കാറോടിക്കുന്നത് നോക്കിക്കൊണ്ട് ഏകദേശം ആറു മണിക്കൂർ നേരം ഞാനിരുന്ന ആ സീറ്റിലേക്ക് അയാളിടയ്ക്കിടെ നോക്കുന്നതു ഞാൻ കണ്ടു. ഞങ്ങൾ വീണ്ടും യൂരി, അല്ലെങ്കിൽ യേരീലിന്റെ കുടുംബംപോലെയായി. യൂരി അല്ലെങ്കിൽ യേരീലിന്റെ വീടിനെ ചുറ്റി ഏക്കറുകളോളം മഞ്ഞുണ്ടെന്നു മാത്രം. ഞങ്ങളുടെ വീടിനു പിന്നിൽ ഒരു തെങ്ങിൻതോപ്പും മുൻഭാഗത്ത് കടലും.
യൂരിക്ക് വീടിനു ചുറ്റും ഓടിനടക്കുന്ന രണ്ടു നായകളുണ്ടെങ്കിൽ, ഞങ്ങൾക്ക് മുറ്റത്ത് കാട്ടുപ്രാവുകളുടെ ഒരു കൂട്ടമാണുണ്ടായിരുന്നത്. മറ്റോരോന്നും ഒരേപോലെതന്നെ, ഏകദേശം.

മിസ്റ്റർ അൺവിൻ, ഒന്നാമത്തെ അധ്യായത്തിന്റെ തുടക്കത്തിൽ ഈ ചെറുപട്ടണത്തിന്റെ ഒരു മാപ്പ് ചേർക്കുന്നതിനെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം? വാപ്പയുടെ ശേഖരത്തിലെ പല വലിയ പുസ്തകങ്ങളിലും തുടക്കത്തിൽ മാപ്പുകളുണ്ട്.

അവയിൽ ചിലതെല്ലാം എഴുത്തുകാരന്റെ തലയിൽ മാത്രമുള്ള സ്ഥലങ്ങളുടേതുപോലുമാണ്. ചില പുസ്തകങ്ങൾ കുടുംബവൃക്ഷങ്ങളുമായി തുടങ്ങുന്നു. പേരുകളിൽനിന്നു പുറപ്പെടുന്ന ശാഖപ്പേരുകൾ, കളങ്ങളിൽനിന്നും വീണ്ടും കളങ്ങൾ. ചിലവയിൽ താങ്കളതു ശ്രദ്ധിച്ചിട്ടുണ്ടാകുമോയെന്നറിയില്ല, ആ പുസ്തകം അച്ചടിക്കുവാനുപയോഗിച്ചിരിക്കുന്ന അക്ഷരമാതൃകയെക്കുറിച്ചുപോലുമുണ്ടാകും. മിസ്റ്റർ അൺവിൻ, എന്റെ അഭിപ്രായത്തിൽ ഒരു മാപ്പ് നന്നായിരിക്കും. കടൽ ഒരു ഭാഗത്തും നഗരചത്വരം മറുഭാഗത്തുമായി അവയ്ക്കു മധ്യേയുള്ള ഭാഗത്ത് പ്രധാന ഭൂവടയാളങ്ങളായ സ്‌കൂളുകൾ, ജലസംഭരണികൾ, അമ്പലങ്ങൾ, ചന്തകൾ, പള്ളികൾ, റെയിൽവേസ്റ്റേഷൻ, പോസ്റ്റോഫീസ്, ഈ പുസ്തകത്തിലെ കഥാപാത്രങ്ങൾ, മറ്റൊരു കാലത്തിൽനിന്നുള്ള പ്രേതങ്ങളെപ്പോലെ ഓരോ ദിവസവും നടക്കുന്ന റോഡുകൾ.