ഇവളും കവിതയും

മണമ്പൂർ രാജൻബാബു

എന്റെ കവിത അച്ചടിച്ചുവന്നാലുടൻ
ലൈക്കടിക്കുന്ന, ഷെയർ ചെയ്യുന്ന,
ഫോർവേഡ് ചെയ്യുന്ന, ഫോണിൽ കിന്നരിക്കുന്ന
എല്ലാ പുരുഷകേസരികളും ഒഴിഞ്ഞുപോയി.

കണ്ടുപിടിക്കെപ്പട്ടതിന്റെ ജാള്യമാണു കാരണം.
എന്നെക്കാൾ ഭംഗിയായി കവിത എഴുതുന്ന
എത്രയോ മിടുക്കന്മാരുണ്ട്.

അവർക്കൊന്നും കിട്ടാത്ത
ഈ ലൈക്കുകളുടെ പൊരുളറിയാൻ
പാഴൂർ പടി വരെ പോകേണ്ടിവന്നില്ല.

കാവ്യശരീരത്തെക്കാൾ,
നിസ്സഹായയായ ഇവളുടെ
അല്പകാന്തി മാത്രമുള്ള മേനിയിലാണ്
അവരുടെ കണ്ണെന്നറിയാൻ
ഒരു പാണ്ഡിത്യവും വേണ്ടിവന്നതുമില്ല.

പരസ്പരം പ്രണയിച്ച്,
വിവാഹശേഷവും പ്രണയം പ്രാണനായ
ഒരു ആണിനൊപ്പമാണ്
എന്റെ ജീവിതവും കാവ്യജീവിതവുമെന്ന്
അവരറിഞ്ഞിരുന്നില്ല.

പ്രശംസയുടെ പൊയ്‌വചനങ്ങളാൽ ചതിക്കപ്പെട്ട
അനേകം പുതുകവയിത്രികളുടെ
ആത്മാവിന്റെ മൂകരോഷപ്രതീകമായി
ഈ വൃകോദരന്മാരെ ശിക്ഷിക്കാതെ വയ്യെന്നതിനാൽ
ഇപ്പോൾ, ഞാനും എന്റെ കവിതയും
ശാന്തം, സുന്ദരം, ആനന്ദനിർഭരം..