വെയിലിറക്കങ്ങളിൽ ഒരു ഉടൽ

ഡോ. സംഗീത ചേനംപുല്ലി

ഉടൽ ചരടിനെ മറന്ന പട്ടമാണ്
ഉള്ളിൽ കവിത മുളയ്ക്കുമ്പോൾ അത്‌ വ്യാകരണ നിയമങ്ങൾ ലംഘിച്ചു തുടങ്ങും
പിന്നെ കാകളിയും കേകയുമല്ലാത്ത
ഏതോ പ്രാചീന ശീലിലാവും അതിന്റെ നിലവിളികൾ
വേദനകളുടെ വിരിപ്പിൽ ഒരു ചോരപ്പാടായി
അത് സ്വയം അടയാളപ്പെടുത്തും
തിരകളെ നിറച്ചു വയ്ക്കാൻ മാത്രം
വെറുമൊരു കടലാവും
മീൻ കണ്ണുകൾക്ക് കൊത്തിവലിക്കാൻ
ചൂണ്ടയിലേക്ക് തന്നെത്തന്നെ
കൊരുത്തു വയ്ക്കും
കാറ്റത്ത് പറന്നുപോയ ഉടുപ്പായി
ഉടമയെ തിരഞ്ഞു നടത്തിക്കും

വെയിൽ തൊടാത്ത ഇരുൾമൂലകൾ
അതിന്റെ പ്രത്യക്ഷങ്ങൾ
വിരലുകളിൽ തടഞ്ഞുപോയ തലോടലുകൾ
അതിന്റെ രഹസ്യങ്ങൾ
ഒറ്റഞൊടിയിൽ ചീറിയമരും പൊടിക്കാറ്റുകൾ
അതിന്റെ വിശപ്പുകൾ
കണ്ണുകളിൽ കെട്ടിയ അണകൾ
അതിനെ മീൻ വേട്ട കഴിഞ്ഞ കുളമാക്കുന്നു
വെയിൽപ്പാടുകളുടെ ഇരുളിച്ചയിൽ
അത് കാലത്തെ സൂക്ഷിച്ചു വയ്ക്കുന്നു
ഓർമകളുടെ പാഴ്ത്തുണ്ടുകളെ
തൊലിയിൽ അലസം ഞൊറിഞ്ഞിടുന്നു
ഒരിക്കൽ ശമിച്ചുകഴിഞ്ഞ
നിലവിളികളുടെ തീരത്ത്അടിഞ്ഞുപോയ അതിനെ
നാം ഒരുമിച്ച് കണ്ടെടുക്കും, വീണ്ടെടുക്കും.