പെൺ വഴികൾ

രമ്യ മഠത്തിൽതൊടി

നീ ഒരിക്കലും നടന്നിട്ടില്ലാത്ത
അവൾ മാത്രം
എന്നും നടന്നു തീർക്കുന്ന
വീട്ടിലേക്കുള്ളൊരു
പെൺവഴിയുണ്ട്……

നീ ഒരിക്കലും
കണ്ടിട്ടില്ലാത്തൊരു
ഊടുവഴി…..

ആ വഴികളിൽ മുഴുവൻ
അമ്മിഞ്ഞപ്പാലിന്
കാത്തിരിക്കുന്ന
തന്റെ കുഞ്ഞിന്റെ ക്ഷീണിച്ച
മുഖമായിരിക്കും……

മാസബഡ്ജറ്റിലെ
ചിതറി തെറിച്ചു പോയാ
സംഖ്യകളുടെ മൂർച്ചയുള്ള
ഉരുളൻ കല്ലുകളായിരിക്കും…….

എച്ചിൽ പാത്രങ്ങളുടെയും
അഴുക്കു പറ്റിയ തുണി
കൂമ്പാരങ്ങളുടെയു
ചവറ്റുകൂനകളുണ്ടായിരിക്കും…….

ആ വഴിയതിരുകളിൽ നിങ്ങളുടെ
തെറ്റിപ്പോയ ഭക്ഷണ
ക്രമത്തിന്റെയും
തീർന്നു പോകാറായ
മരുന്ന് കുറിപ്പടികളുടെയും
മുൾവേലി പടർപ്പുകളുണ്ടായിരിക്കും………

ആ വഴികളിൽ പലപ്പോഴും
നാളെയ്ക്കുള്ള പച്ചക്കറി
വിളഞ്ഞുകിടക്കുന്നുണ്ടാവും……

ആ വഴികളിൽ
എപ്പോഴും
കൂട്ടിന് നീ എന്ന
പടർന്നു പന്തലിച്ച തണലും
പതിഞ്ഞൊഴുകുന്ന
കുളിരുമുണ്ടാവും……

ആ വഴികളിൽ അവളുടെ
അമ്മയെയുംഅച്ഛനെയും
കാണാനുള്ളആഗ്രഹത്തിന്റെ
വമ്പൻ പാറ
തുരുത്തുകളുണ്ടായിരിക്കും……

നോക്കൂ, നിങ്ങൾക്ക് ഒരിക്കൽ പോലും
സ്വപ്‌നം കാണാനാവാത്ത
എത്ര എത്ര ഊടുവഴികളിലൂടെ
യാത്ര ചെയ്താണ്
ഓരോ പെണ്ണും വീടെന്ന
മഹാനഗരത്തിലേയ്ക്ക്
ഓരോ തവണയും
തിരികെയെത്തിച്ചേരുന്നത്….