പുറത്തു കടക്കാനുള്ള നല്ല വാതിൽ

സി. ഗണേഷ്

വിവിധ കാലങ്ങളിൽ നോവൽ തന്ന അനുഭവം വിവരിച്ച് ഖസാക്കിന്റെ ഇതിഹാസം മികച്ച നോവലാണെങ്കിലും അതിൽ നി
ന്ന് പുറത്തുകടക്കാനാണ് ശ്രമിക്കുകയെന്ന് തുറന്നുപറയുന്നു.

വെയിലിന്റെ മധ്യാഹ്ന വിജനതയിൽ
നിറ നിറയെ തുമ്പികൾ
പാലക്കാടൻ വയലുകളിലെ തുമ്പികൾ
രാത്രിയിൽ ഏകാന്തമായ രാത്രിയിൽ
മനസ്സോർക്കുമ്പോൾ
ഓരോ തുമ്പിയും ഓരോ ഓർമയെ സ്പർശിക്കുന്നു.
എഴുത്തച്ഛൻ ബാക്കിവച്ച
ഏതാനും ചില പനയോലകൾ
പറന്നു പറന്നു പറന്ന്
പാലക്കാടെത്തി എന്നൊരു ഐതിഹ്യമുണ്ട്.
അതിൽ എഴുതിയയാളെ
ശങ്കയില്ലാതെ വിളിക്കാം: ഒ.വി. വിജയൻ
(ഷെൽവി)
1990-കളിൽ ഒരു ദിനം. ഭാഷാപോഷിണിയുടെ പഴയ കോപ്പി
കളിലൊന്നിൽ ആഷാമേനോന്റെ ലേഖനത്തിൽ ഖസാക്ക് എന്ന
നാമം വായിച്ചപ്പോൾ ഒരു ഇംഗ്ലീഷ് കൃതി ആണെന്നാണ് വിചാരിച്ചത്. ഓ, നമുക്കൊന്നും വായിക്കാൻ പോയിട്ട് കാണാനുള്ള ഭാഗ്യം പോലും ഉണ്ടാവില്ല എന്ന് കരുതി. (അത് എൺപതുകളിലെ
ഭാഷാപോഷിണിയായിരുന്നു. ജേഷ്ടത്തിയുടെ സാഹിത്യപഠനത്തെ പ്രോത്സാഹിപ്പിക്കാനായി മനോരമ ഏജന്റിനോട് പറഞ്ഞ്,
പ്രത്യേകം വരുത്തിച്ചതായിരുന്നു ആ മാസിക. ഉള്ളടക്കപേജ് തന്നെ കവർ ആയി നൽകുകയായിരുന്നു ഭാഷാപോഷിണിയുടെ
അക്കാലത്തെ രീതി). പ്രധാന കഥാപാത്രം രവി ആണെന്ന് മനസ്സിലാക്കിയപ്പോൾ കൗതുകമായി. നോവലിലെ നായകന് രവി എന്ന് പേരിടാമോ? അനന്തപത്മനാഭൻ പടത്തലവൻ, കേശവപിള്ള
എന്നൊക്കെയാവണ്ടേ പേര്? അയാളെപ്പറ്റി കൂടുതലൊന്നും അറിയില്ല. എന്നാൽ അള്ളാപ്പിച്ച മൊല്ലാക്കയെപ്പറ്റിയും മൈമൂനയെപ്പറ്റിയും പാലക്കാടൻ ഭാഷയെപ്പറ്റിയും അറിഞ്ഞതോടെ വായി
ക്കണമെന്നു തോന്നി. മാത്തൂര് അന്ന് വായനശാലയില്ല. കോട്ടായി പൊതുജന വായനശാലയിലേക്ക് നടത്തം. ‘ഖസാക്കിന്റെ ഇതിഹാസം’ പഴയ കോപ്പി കിട്ടി. തീരെ മഴയില്ലാത്ത ദിവസമായി
രുന്നു. ഉഷ്ണത്തിന്റെ പെരുംപൊള്ളലുകൾക്കിടയിലൂടെ കൗമാരക്കാരൻ ഖസാക്കിലേക്ക് കടന്നു.
തൊണ്ണൂറുകളുടെ തുടക്കമാണ്. കൗമാരക്കാരനാണ്. സത്യം
പറയാമല്ലോ, പാലക്കാടൻ ഭാഷയിലെ കുറേ വാചകങ്ങൾ മാത്രമാണ് അവന് മനസ്സിലായത്. ‘കൂമൻകാവിൽ ബസ്സിറങ്ങിയപ്പോൾ
ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല’ എന്ന വാച
കത്തിന് യാതൊരു ഭംഗിയും ഉണ്ടെന്ന് തോന്നിയില്ല. കൗമാര
ക്കാരൻ ഖസാക്കിന്റെ ഊടുവഴികളിലേക്ക് കടന്നു. കുളങ്ങൾ. ചെ
റുതോടുകൾ. പനകൾ. ഓർമത്തെറ്റുകൾ. ദിനോസർ. ഓന്ത്. കാറ്റുകൾ. കനാലുകൾ. ഏട്ടമീൻ. ചായക്കട. ഏറുമാടം. നാടൻ വാറ്റ്. സ്‌കൂൾ. ഷ്‌കോള്. നിങ്ങ. പുഗ്ഗീ… പതുക്കെ അന്തരീക്ഷം എന്നെ തൊട്ടു. പരമമായ ജീവകാരുണികത എന്നെ സ്പർശിച്ചതേയില്ല. പകരം കൗമാരക്കാരന്റെ ലൈംഗികകാഴ്ചയാണ് ഖസാക്കിൽ
ഞാൻ അനുഭവിച്ചത്. പെൺശരീരങ്ങൾ രവിയുടെ കാമനയെ തി
രിച്ചറിയുന്ന വിധം. മൈമുനയുടെയും നാനാതരം പെണ്ണുങ്ങളുടെയും നഗ്‌ന ശരീരങ്ങൾ എന്നെ കൗതുകത്തിലേക്കും നേരിയ
പശ്ചാത്താപത്തിലേക്കും പറഞ്ഞയച്ചു. (അതിനാൽ കൗമാരക്കാരോട് എന്നിലെ സാരോപദേശി പറയും. ഇപ്പൊ നിങ്ങൾ വായി
ക്കേണ്ടത് ഖസാക്കിന്റെ ഇതിഹാസമല്ല. അല്പം കഴിഞ്ഞോട്ടെ,
നിങ്ങൾ തനിയേ ഖസാക്കിലേക്കെത്തും!)
പാതി വായിച്ച ഖസാക്കുമായി ഉറങ്ങാൻ കിടന്നു. ഉറക്കം വരുന്നില്ല. രവി എന്ന ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകൻ പെണ്ണുങ്ങളുടെ അടുത്തിടപഴകിയത് എന്നിലുണ്ടാക്കിയ ഭയത്തിന് കാരണമുണ്ടായിരുന്നു. എന്റെ അച്ഛൻ തലശ്ശേരിക്കടു
ത്ത് ഇരിട്ടി എന്ന സ്ഥലത്ത് ഏകാധ്യാപക വിദ്യാലയം നടത്തിയ
ആളായിരുന്നു. എപ്പോഴൊക്കെയോ അച്ഛൻ തലശ്ശേരിയിലെയും
ഇരിട്ടിയിലെയും കഥകൾ പറഞ്ഞുതന്നിട്ടുണ്ട്. അവിടത്തെ ഒറ്റമുറി, സുഹൃത്തുക്കൾ, ക്രൈസ്തവരായ ചേട്ടത്തിമാർ, രാഷ്ട്രീയ
നേതാക്കന്മാർ, അനധികൃത വാറ്റ്, രാഷ്ട്രീയ സംഘട്ടനങ്ങൾ, ക
ത്തിക്കുത്ത്, ചായക്കടകൾ, ചോറ്റ് പൊതി, വെടിയിറച്ചി. അച്ഛനും
രവിയെപോലെ ആയിരിക്കും എന്നായിരുന്നു എന്റെ ഭയം, വെറുപ്പ് . തലശ്ശേരി കഥകളിൽനിന്ന് അച്ഛൻ എന്തൊക്കെയോ എഡിറ്റ്
ചെയ്താണ് പറഞ്ഞുതന്നത് എന്നായി എന്റെ സംശയം. അടു
ത്ത രണ്ടുമൂന്നു ദിവസം അച്ഛനെ നിരീക്ഷിച്ച് സ്വഭാവ സർട്ടിഫി
ക്കറ്റ് കൊടുക്കാനായി എന്റെ ശ്രമം! അടുത്ത വീട്ടിലെ ചേച്ചി വെള്ളമെടുക്കാൻ വീട്ടിലേക്ക് വന്നപ്പോൾ ഞാൻ ജാഗരൂകനായി. അ
ച്ഛൻ രവിയായി മാറുന്നുണ്ടോ? ഉണ്ടോ? അച്ഛൻ തത്കാലം നല്ലവൻതന്നെ. എങ്കിലും ഏകാധ്യാപക വിദ്യാലയകാലത്തെക്കുറി
ച്ച് എന്നെങ്കിലും ഒരു കുറ്റാന്വേഷണം വേണമെന്ന് തോന്നി. ഖസാക്ക് വായന എന്നിൽ നിറച്ച അറിവ് ബാധ്യത ഇതായിരുന്നു.
അല്പവർഷം കഴിഞ്ഞ് ജീവിതം ‘യൗവനയുക്തവും പ്രേമസുരഭില’വുമായിരിക്കുമ്പോൾ ഖസാക്ക് വീണ്ടും കൈയിലെടുത്തു.
അന്നേരം അത് എന്നോട് കുറച്ചുകൂടി സംവദിച്ചു. രവിയുടെ വി
ഷാദമാണ് എന്നെ ഇത്തവണ പിടികൂടിയത്. ‘പാപചിന്ത’ എന്നൊക്കെ ലേഖനങ്ങളിൽ വായിച്ചെങ്കിലും കറുത്ത വിഷാദവും അകാരണമായ ഖേദവും എന്നെ ആഴത്തിൽ ഉലച്ചു. ഒടുവിൽ സർപ്പശിരസ്സിലേക്ക് വലതുകാൽ വച്ചു കൊടുക്കുന്ന ആ വ്യക്തിത്വത്തെ
എനിക്ക് മനസ്സിലായില്ല. എന്തിനാണ് രവി അങ്ങനെ ചെയ്തത്?
പശ്ചാത്താപത്തിന്റെ ഭാവഗണിതവും ജന്മാന്തരങ്ങളിലെവിടെനിന്നോ പുറപ്പെട്ട ഖേദവും ദുരൂഹസൗന്ദര്യമായി. പക്ഷേ, രവി
അതല്ല ചെയ്യേണ്ടിയിരുന്നത് എന്ന് അന്നും ഇന്നും തോന്നുന്നു.
അത് നോവലിന്റെ അന്ത്യഭാഗം മാത്രമാണെന്നും നമ്മുടെയൊക്കെ ഉള്ളിലെ രവി മരിക്കുന്നില്ല എന്നും ജീവിച്ചുകൊണ്ടിരിക്കുകയാണ് എന്നും അറിഞ്ഞു.
സാഹിത്യം പഠിക്കേണ്ടി വന്നപ്പോൾ, ‘ഖസാക്ക്’ നോവലുകളിലെ ഇതിഹാസമാണെന്നും വിജയന്റെ ഭാഷ അനുകരണത്തി
നപ്പുറമാണെന്നുമൊക്കെ അധ്യാപകർ പഠിപ്പിച്ചു. അധ്യാപകൻ
പ്രഭാഷിച്ചു: ഖസാക്കിന്റെ ഇതിഹാസത്തിന്റെ രംഗപ്രവേശത്തോടെ മലയാള നോവലിൽ ഒരു വിഘടനം സംഭവിച്ചു. മലയാള നോവൽ ഖസാക്കിന് മുമ്പ്, ഖസാക്കിന് ശേഷം എന്നിങ്ങനെ വേർ
തിരിക്കാവുന്ന രീതിയിൽ ‘ഖസാക്ക്’ സ്തംഭമായി. മലയാളത്തിൽ
അതിനുമുമ്പോ പിമ്പോ സംഭവിക്കാത്ത രീതിയിൽ അസാമാന്യ
പരിവേഷം കിട്ടി. ബംഗർവാടിയുടെ അനുകരണമാണെന്ന ദുർ
ബലവാദം തുടക്കത്തിൽ ഉണ്ടായെങ്കിലും അതെല്ലാം വിഗണിക്കാനാവുംവിധം അത് വളർന്നു. പല സത്തിയങ്ങൾ പുലർന്നു.
തസ്രാക്കിൽ ഒതുങ്ങാത്ത തസ്രാക്കിന്റെ കഥയാണ് ഖസാക്ക്.
പാലക്കാടൻ ഗ്രാമങ്ങളുടെ സാധാരണതയെ അസാധാരണനിലയിലേക്ക് ഉയർത്താൻ വിജയഭാവന വേണ്ടിവന്നു. ശിവരാമൻ നായരുടെ ചായപ്പീടിക ഓർക്കൂ. അപ്പുക്കിളി വന്ന് ‘തൊത്തികെത്തി
ത്താത മാതവേത്താ’ എന്ന് ദൈവനിഷ്‌കളങ്കതയിൽ വന്ന് പറ
ഒടടപപട മഡളമഠണറ 2019 ഛടളളണറ 07 2
യുമ്പോൾ ഉരുക്ക്ദർശനങ്ങൾ തെങ്ങിൻകള്ളുപോലാവുകയാണ്.
ഇരുപത്തി രണ്ടാം അധ്യായത്തിലെ വാചകം വായനയുടെ മറ്റൊരു ഘട്ടത്തിൽ എന്നെ ആവേശിച്ചു. ഈ വാചകം എഴുതാനായാണ് ഖസാക്ക് തന്നെയും എഴുതിയത് എന്ന് തോന്നിപ്പോയി. ‘രവി
ഉറങ്ങാൻ കിടന്നു. ജനാലയിലൂടെ ആകാശം മിന്നുന്നു, തുടിക്കുന്നു, ഈശ്വരാ ഒന്നുമറിയരുത് ഉറങ്ങിയാൽ മതി ജന്മത്തിൽനി
ന്ന് ജന്മത്തിലേക്ക് തലചായ്ക്കുക. അനന്തരാശിയിൽ നിന്ന് ഏതോ സാന്ദ്രതയുടെ കിനിവുകൾ അയാളുടെ നിദ്രയിലിറ്റു വീണു.
ആ മനുഷ്യനെ സ്‌നാനപ്പെടുത്തി’.
ഖസാക്ക്‌വായനയുടെ അപൂർവ അനുഭവത്തെക്കുറിച്ച് ഒരി
ക്കൽ വി.ആർ. സുധീഷ് പറഞ്ഞു: സായംസന്ധ്യയുടെ ദു:ഖമറി
യാൻ, അസ്തമയത്തിന്റെ സുഖജ്വരമറിയാൻ സഹായിക്കുന്ന പുസ്തകമെന്ന്. എനിക്കെന്തായാലും ഇത്രത്തോളം ആണ്ടിറങ്ങാൻ
കഴിഞ്ഞിട്ടില്ല. എപ്പോൾ വായിക്കുമ്പോഴും എന്തോ മിസ്സിംഗ് ആണെന്ന തോന്നലാണ്. എന്റെ വായനാഭിരുചിയെ കുറ്റപ്പെടുത്തി
ക്കൊണ്ട് ആ മിസ്സിംഗ് തിരിച്ചുപിടിക്കാനായി വീണ്ടും ഒന്നുകൂടി
വായിക്കുന്നു. ഒന്നു മാത്രം എനിക്ക് തോന്നിയിട്ടുണ്ട്, എം.എൻ.
വിജയൻ പറഞ്ഞ കാര്യം, പാടുന്ന പിശാചാണ് രവിയെന്ന്.
വീടിന്റെ അടുത്തായി കേലൻ എന്നൊരാൾ ഉണ്ടായിരുന്നു. കൂലിപ്പണിക്കാരൻ. കറുത്ത ശരീരത്തിൽ ഒരു തോർത്തുമുണ്ട്. ആ
മനുഷ്യനെ ഷർട്ടിട്ട് കണ്ടിട്ടില്ല. ആൾ പാവമാണ്. പണിയെടുക്ക
ണം, വല്ലപ്പോഴും ചെറുതായി കള്ളുകുടിച്ച്, ജീവിച്ചു പോകണം
ഇത്രയേ ഉള്ളൂ. കേലൻ വലിയ ജീവിതദർശനം പറഞ്ഞു തരുന്നത് പോലെ തോന്നിയിട്ടുണ്ട്. ഖസാക്കിലൊരിടത്ത് മറ്റൊരു കേലനെ ഞാൻ കണ്ടു. വക്രബുദ്ധിയുള്ള കേലൻ. കുടില ബുദ്ധിക്കാരനായ കേലൻ. അയാൾക്ക് കേലൻ എന്ന പേര് ചേരുന്നില്ലെന്ന്
എനിക്ക് തോന്നി.
കുപ്പുവച്ചനെ ഓർമവരുന്നു. ചാരായം വാങ്ങാൻ പല വിദ്യകളും പ്രയോഗിക്കുന്ന കുപ്പുവച്ചൻ. അവണീശ് എന്നാണ് ചാരായ
ത്തിന് കുപ്പുവച്ചന്റെ നിഘണ്ടുവിലെ വാക്ക്. കുട്ടാടൻപൂശാരിയുമായുള്ള കുപ്പുവച്ചന്റെ വ്യവഹാരങ്ങൾ ശ്രദ്ധിക്കൂ. മദ്യത്തിൽ സൾ
പേറ്റ് (സൾഫേറ്റ് ) ഏറെ ചേർക്കാൻ മടിക്കുന്നില്ല അയാൾ. രൗദ്രത ഉള്ളിൽ പേറുന്ന ശാന്തമായ മദ്യപാനമാണ് കുപ്പുവച്ചനെ മ
ണ്ണിന്റെ വേരുകളിൽ നിന്ന് ആധുനികതയുടെ കലർപ്പ് രസത്തി
ലേക്ക് എത്തിക്കുന്നത്. അത് ഖസാക്കിന്റെ പരിണാമം തന്നെയാണ്. കരിമ്പനകളിൽ നിന്ന് വിരമിച്ച വീരരസം, ലോഹദ്രവത്തി
ലേക്ക് പരിണമിച്ചതിന്റെ ചരിത്രം. കണ്ണുകൾ നഷ്ടപ്പെട്ട്, ഒടുവിൽ
അന്ധതയിലേക്ക് നീങ്ങുന്ന അയാൾ എന്തിന്റെയെല്ലാം പ്രതിനി
ധാനമല്ല.
നാട്ടുഭാഷ സാഹിത്യത്തിൽ ഉപയോഗിക്കാനാവില്ല എന്നാണ്
രംഗത്തേക്ക് കടന്നു വരുന്ന എഴുത്തുകാരൊക്കെ തുടക്കത്തിൽ
കരുതുക. എന്നെ ആദ്യം തന്നെ അങ്ങനെ കരുതാൻ വിജയൻ
അനുവദിച്ചില്ല! എന്നിലെ എഴുത്തുകാരന് അദ്ദേഹം തന്ന ആത്മബലം ചെറുതല്ല.അകത്ത് നിലവിളിയുടെ ലഹരി.
വരമൊഴിയെ അദ്ദേഹം സ്വന്തം വരുതിയിലാക്കി ത്രസിപ്പിച്ചു.
ആ പദാവലികൾ ഇന്നും മലയാളത്തെ ഭരിക്കുന്നു. വാമൊഴിയും
വരമൊഴിയും സമന്വയിപ്പിച്ച് അദ്ദേഹം നെയ്‌തെടുത്ത ഇന്ദ്രജാലം, കരിംചൂടിന്റെ ദ്രാവിഡ ഗൗരവം.
പനകയറ്റം ഒരു തൊഴിൽ തന്നെയായിരുന്നു എന്ന് വിജയൻ
ശരിവയ്ക്കുന്നു. പനകയറ്റക്കാരൻ നാകന്റേയും കെട്ടിയവൾ തായമ്മയുടെയും മകളായ കുഞ്ചുവെള്ള അഞ്ചാം വയസ്സിൽ മരി
ക്കുകയും കണ്ണമ്മയുടെ മകളായി പുനർജനിക്കുകയും ചെയ്യുന്നു.
ഇപ്പോൾ അവളുടെ പേര് ദേവകി. അവൾ പൂർവജന്മത്തിലെ പുര കാണുമ്പോഴുള്ള ആഹ്ലാദം വാമൊഴിയിൽ പകർത്തിയ പ്രതി
ഭ. ദാ… എന്ന പാലക്കാടൻ സ്വരം കൊണ്ട് അഭൗമികാന്തരീക്ഷം
അദ്ദേഹം കൊണ്ടുവന്നു. മൈമുന പലപ്പോഴും ‘പൊയ്’ എന്ന് പറയുന്നു. തനിക്ക് ആരുമില്ലെന്ന് രവി പറയുമ്പോഴും മൈമൂന പറയുന്നത് ‘പൊയ്’ എന്നാണ്. നിനക്കു ഞാൻ ഉണ്ട് എന്നാണ് അതിന്റെ അർത്ഥം. പാലക്കാടിന്റെ ഏതെങ്കിലും നായർ തറയിൽ
ചെന്നാൽ ശിവരാമൻ നായരേയും മാധവൻ നായരേയും കണ്ടുമുട്ടിയേക്കാം. അവരെയൊക്കെ ദാർശനികവെളിച്ചത്തോടെ സാഹിതീയതയിലേക്ക് പിടിച്ചുകയറ്റുന്ന എഴുത്തുകാരൻ…
കുഞ്ഞുനൂറു, ചാന്തുമുത്തു, നാച്ചി, കോച്ചി, പാച്ചി, കാളി, നീ
ലി, ചൊലയുമ്മ, കല്യാണി, കോടച്ചി, തിത്തിബിയുമ്മ, ചാന്തുമ്മ… അരികുപാത്രങ്ങളായ ഇവർ എനിക്കേറെ പ്രിയപ്പെട്ടവർ….
ചില മരണങ്ങൾ നമ്മെ കൊളുത്തി വലിക്കും. മരിക്കുന്നതാണ് പുണ്യം എന്ന് തോന്നും. മുങ്ങാങ്കോഴിയുടെ അന്ത്യം. ആൾമറമേൽ ഇരുന്ന് അപസ്വരത്തിൽ അവസരത്തിൽ മുങ്ങാങ്കോഴി
പാടുന്നു. തലമൂത്ത മീനേ/എന്റെ ചേറമ്മീനേ…. എന്റെ കുട്ടി
കോൾക്ക് ഒരു മണി കൊണ്ട്‌വായോ…. അയാൾ കിണറ്റിലേക്ക്
കൂപ്പുകുത്തി. കിണറു കടന്ന്… ഉൾക്കിണറിലേക്ക്… വെള്ളത്തി
ന്റെ വില്ലീസുപടുതകളിലൂടെ അയാൾ നീങ്ങി. മരണത്തിലും അടുത്ത ഭാവിയെ മുന്നിൽ കാണുന്ന കഥാപാത്രം. ലോകസാഹി
ത്യത്തിലെ തന്നെ അപൂർവമായ മരണ സന്ദർഭമാണിതെന്ന് മനസ്സിലായത് പിന്നീട്.
ഖസാക്കിനെതിരെയുള്ള ശബ്ദങ്ങൾ വൈകിയാണെങ്കിലും കേട്ടു. സമ്പദ് വ്യവസ്ഥയെപ്പറ്റി എൻ.എസ്. മാധവന്റെ വിമർശനം
വന്നു. അതിന്റെ അടഞ്ഞ വ്യവസ്ഥയെപ്പറ്റിയാണ് എതിർപ്പ്. ഒന്നും ഉല്പാദിപ്പിക്കാത്ത സമ്പദ്‌വ്യവസ്ഥ ആ പ്രദേശത്തെ നിർമി
തിയെ അസംബന്ധമാക്കി എന്നാണ് മാധവന്റെ കണ്ടെത്തൽ. ഗുരുനാഥന്മാരുടെ പഴുതുകൾ ഇങ്ങനെ വലുതാക്കി തന്നെ വേണം
ഇനി വരുന്ന എഴുത്തുകാർ മുന്നോട്ടുപോവാൻ എന്ന് കൽപ്പറ്റ
നാരായണൻ ഇതേപ്പറ്റി എഴുതി. ഇ.പി. രാജഗോപാലനും
കെ.എം. നരേന്ദ്രനും ഷൂബ കെ.എസ്സും ഒടുവിൽ വിയോജിച്ചവരാണ്. ഇവരൊന്നുംതന്നെ വിയോജിക്കാൻ വേണ്ടി വിയോജിച്ചവരായിരുന്നില്ല. അവരുടെയൊക്കെ ലോജിക്കിൽ വാസ്തവമുണ്ട്
എന്ന് നല്ലൊരു ഖസാക്ക്‌പ്രേമിക്ക് സമ്മതിക്കാതെ വയ്യ. വിജയൻ
ഉണ്ടായിരുന്നെങ്കിൽ നിരാനന്ദത്തിന്റെ ഒരു ചിരിയായിരിക്കും മറുപടിയായി നൽകുക എന്ന് തോന്നുന്നു. ഭാവുകത്വഘടികാരം
പോസ്റ്റ് ട്രൂത്ത് സമയം കാണിക്കുന്നു. വായനയുടെ സർജിക്കൽ
ടേബിളിൽ ഇനി ഖസാക്കുമുണ്ടാവും.
ഇതിഹാസത്തെ എത്രമേൽ അകത്ത് നിർത്തിയോ, അത്രയും
പുറത്തു നിർത്തിക്കൊണ്ടു കൂടിയാണ് എന്റെ എഴുത്ത് മുന്നോട്ടു പോയത്. ഭാഷയിൽ വല്ലാതെ സ്വാധീനിക്കുന്നുവെന്ന് തോന്നി
യാൽ പിന്നെന്ത് ചെയ്യും? ഉത്തരാധുനികതയുടെ തുടക്കത്തിൽ
പല നോവലിസ്റ്റുകളും ഇത് ചെയ്തിരുന്നെങ്കിൽ നമ്മുടെ പല നോവലുകളുടേയും ഖസാക്ക്ഛായ മാറിക്കിട്ടുമായിരുന്നുവെന്നതാണ്
വാസ്തവം. ബോധപൂർവമുള്ള വികർഷണമാണ് നമ്മുടെ അസ്സൽസാഹിത്യം.
പുതിയ തലമുറയുമായി ഖസാക്കിനെക്കുറിച്ച് സംവദിക്കാനി
രുന്നപ്പോൾ ചിലത് ബോധ്യമായി. എന്റെ തലമുറയെപ്പോലെ വി
നീതരൊന്നുമല്ല അവർ. അഹംബോധത്തോടെ അവർ ഖസാക്കി
ലേക്ക് കുറെ ചോദ്യങ്ങൾ എയ്തുവിടുന്നു. ടി ടി സി പോലും തുടങ്ങാത്ത കേരളസാഹചര്യത്തിൽ ഉപരിപഠനത്തിനായി ജർമനി
യിലേക്ക് പോയത് കോമഡി ആണോ എന്ന് ചോദിക്കുന്നു. രവി
യുടെ സഞ്ചിയിൽനിന്ന് മുട്ടത്തുവർക്കിയെയും തിരുവാങ്കുളത്തേ
യും കണ്ടെടുത്ത് ഇതെങ്ങിനെ ഇവിടെ വന്നു എന്ന് ചോദിക്കുന്നു. മാഷേ, നിങ്ങൾക്ക് അതിനൊന്നും മറുപടി ഉണ്ടാവില്ല… ഞ
ങ്ങൾ വായിക്കുകയാണ്.. അവർ പറയുന്നു. പഴുതുകളിലൂടെ ഏണി വച്ച് ഭാവിമലയാളം ഖസാക്കിൽ നിന്ന് പുറത്തു കടക്കട്ടെ.