പോൾ സക്കറിയ: മലയാളത്തിന്റെ നെഞ്ചിടിപ്പ്

ഇമ ബാബു

മലയാളത്തിന്റെ എക്കാലത്തെയും നെഞ്ചിടിപ്പാണ് സക്കറിയ എന്ന പോൾ സക്കറിയ. എഴുത്തിലായാലും പ്രഭാഷണത്തിലായാലും മലയാളിയുടെ മനസ്സാക്ഷിയുടെ ശബ്ദമാണ് സക്കറിയ വിളിച്ചു പറയുന്നത്. തീവ്രദേശീയതയ്‌ക്കെതിരെയും മതതീവ്രവാദത്തിനെതിരെയുമുള്ള സക്കറിയയുടെ ശക്തമായ നിലപാടുകൾ സംഘപരിവാർ സംഘടനകളുടെ രൂക്ഷമായ എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്. പയ്യന്നൂരിൽ വച്ച് ഒരു പുസ്തക പ്രകാശന ചടങ്ങിനിടയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതൃത്വത്തെ പറ്റി നടത്തിയ പരാമർശങ്ങളെത്തുടർന്ന് സി.പി.എം പ്രവർത്തകർ സക്കറിയയെ ചോദ്യം ചെയ്യുകയും ശാരീരികാക്രമണത്തിനു മുതിരുകയും ചെയ്തു. സക്കറിയയുടെ വാക്കിന്റെ ശക്തിയാണ് അദ്ദേഹത്തിനെതിരെയുള്ള പ്രതിഷേധവും എതിർപ്പും നിലനിർത്തുന്നത്. സക്കറിയയാണ് നിലവിലെ സൗവർണപ്രതിപക്ഷം.

1945 ജൂൺ അഞ്ചിന് മീനച്ചിൽ താലൂക്കിലെ പൈകയ്ക്കു സമീപം ഉരുളികുന്നത്താണ് പോൾ സക്കറിയ ജനിച്ചത്. മുണ്ടാട്ടുചുണ്ടയിൽ കുഞ്ഞച്ചനും ത്രേസ്യാക്കുട്ടിയുമാണ് മാതാപിതാക്കൾ. ഉരുളികുന്നം, കുരുവിക്കൂട് കവലയിലെ എസ്.ഡി.എൽ.പി. സ്‌കൂൾ, വിളക്കുമാടം സെന്റ് ജോസഫ് സ്‌കൂൾ എന്നിവിടങ്ങളിൽ പഠനം. തുടർന്ന് ബാംഗ്ലൂർ സെൻട്രൽ കോളേജിൽ നിന്നും പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി കരസ്ഥമാക്കി. ബാംഗ്ലൂർ എം. ഇ എസ് കോളജ്, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് എന്നിവിടങ്ങളിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചു.

ദൽഹിയിൽ കുറെക്കാലം പ്രസാധകൻ, കോളമിസ്റ്റ് എന്നീ നിലകളിൽ. ഏഷ്യാനെറ്റിന്റെ തുടക്കത്തിൽ സജീവമായി മാധ്യമവിമർശം ഉൾപ്പെടെയുള്ള പംക്തികൾ കൈകാര്യം ചെയ്തു. ഇപ്പോൾ തിരുവനന്തപുരത്ത് താമസം.

‘ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും’ എന്ന നോവലെറ്റ് അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ സിനിമ സംവിധാനം ചെയ്തിട്ടുണ്ട് – വിധേയൻ. ജോസഫ് ഒരു പുരോഹിതൻ എന്ന തിരക്കഥ എഴുതിയിട്ടുണ്ട്. യാത്രാവിവരണം, ലേഖനങ്ങൾ, ചെറുകഥാസമാഹരങ്ങൾ എന്നീ വിഭാഗങ്ങളിലും സക്കറിയ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ സാഹിത്യ അക്കാദമി അവാർഡ്, ഒ.വി. വിജയൻ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം, ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം പ്രശംസ പുരസ്‌കാരം ഉൾപ്പെടെ ചെറുതും വലുതുമായ നിരവധി ബഹുമതികൾ സക്കറിയയെ തേടി എത്തിയിട്ടുണ്ട്.

മലയാളം ആദരിക്കുന്ന ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് പോൾ സക്കറിയ എന്ന സക്കറിയ. സലാം അമേരിക്ക, ഒരിടത്ത്, ആർക്കറിയാം, ഒരു നസ്രാണി യുവാവും ഗൗളിശാസ്ത്രവും, ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും, എന്തുണ്ടു വിശേഷം പീലാത്തോസേ?, കണ്ണാടി കാണ്മോളവും, സക്കറിയയുടെ കഥകൾ, പ്രെയ്‌സ് ദ ലോർഡ്, ബുദ്ധിജീവികളെക്കൊണ്ട് എന്ത് പ്രയോജനം?, ഇഷ്ടികയും ആശാരിയും, ഇതാണെന്റെ പേര് ഉൾപ്പെടെ നിരവധി കൃതികൾ. ലൈബ്രറി ഓഫ് കോൺഗ്രസിന്റെ പുസ്തകശേഖരത്തിൽ സക്കറിയയുടെ പതിമൂന്ന് കൃതികൾ ഉൾപ്പെടുത്തി
യിട്ടുണ്ട്.

ഇംഗ്ലീഷിൽ ഭാസ്‌കരപട്ടേലർ ആൻഡ് അദർ സ്റ്റോറീസ് എന്ന ഇംഗ്ലീഷ് പുസ്തകത്തിന് പുറമെ ആദ്യ ഇംഗ്ലീഷ് നോവൽ എ സീക്രട്ട് ഹിസ്റ്ററി ഓഫ് കംപാഷൻ ഏതാനും മാസങ്ങൾക്ക് മുമ്പാണ് പുറത്തെത്തിയത്. ഏറെ ചർച്ച ചെയ്യപ്പെട്ട കൃതിയുമാണിത്.

ഫിക്ഷനിൽ നിന്നും നോൺ ഫിക്ഷനിലേക്ക് മാറാൻ ശ്രമിക്കുന്ന ഒരെഴുത്തുകാരന്റെ കഥ പറയുന്ന ഈ കൃതി സമകാലിക സാഹചര്യത്തിൽ ഏറെ പ്രസക്തമായ ഒരു നോവലാണ്. എന്നും വായനക്കാരെ അതിശയിപ്പിക്കാൻ സക്കറിയയുടെ രചനകൾക്ക് കഴിഞ്ഞിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ രചനകളുടെ സവിശേഷതയാണ്.