വിശ്വാസികളെ ഒറ്റുകൊടുക്കുന്ന പുരോഹിതാധിപത്യം

റ്റി.റ്റി. മാത്യു തകടിയേൽ

യേശുവിന്റെയും യേശുവിന്റെ പേരിലുണ്ടായ ക്രൈസ്തവ മതത്തിന്റെയും ചരിത്ര പശ്ചാത്തലമന്വേഷിച്ചു ചെല്ലുമ്പോൾ യഹൂദരിലും യഹൂദ മതത്തിലും ചെന്നെത്തിച്ചേരും. ബാബിലോണിലെ ഗോത്രവർഗത്തിൽ നിന്നും രൂപം കൊണ്ട ഒരു സെമറ്റിക് മതമാണ് യഹൂദമതം. ഇത് ബി.സി. 1200-ൽ രൂപം കൊണ്ടു എന്നു പറയപ്പെടുന്നു. സെമറ്റിക് ഗോത്രത്തലവനായ അബ്രഹാമായിരുന്നു അവരുടെ പൂർവ പിതാവ്. യഹൂദരുടെ ഇടയിൽത്തന്നെ പല ദൈവങ്ങളുണ്ടായിരുന്നു. എന്നാൽ അബ്രഹാമിന്റെ ദൈവം ‘യഹോവാ’ ആയിരുന്നു. യഹോവായുടെ അതി വിശ്വസ്തനും ആ ജ്ഞാനുവർത്തിയുമായിരുന്ന അബ്രാഹത്തിന്റെ പ്രിയ പുത്രനായ ഇസഹാക്കിനെ യഹോവായ്ക്ക് ബലി കൊടുക്കുവാൻ വരെ അബ്രാഹം സന്നദ്ധനായിരുന്നു. ഈ ഉറച്ച വിശ്വാസം പിൻതലമുറകളിലേക്ക് പകർന്നു കൊടുത്തുകൊണ്ടിരുന്നു.

അബ്രാഹത്തിന്റെ പൗത്രനാണ് യോക്കോബ്. ഒരു ദിവസം യഹോവാ ആൾമാറാട്ടം നടത്തി ഒരു നദിക്കരയിൽ വച്ച് യോക്കോബുമായി മൽപിടിത്തം നടത്തി. യഹോവായ്ക്ക് യാക്കോബിനെ തോല്പിക്കാനായില്ല. ഇതേ തുടർന്ന് യഹോവാ യാക്കോബിനോടു പറഞ്ഞു. ‘ഇനി മുതൽ നീ ഇസ്രായേൽ’ എന്നറിയപ്പെടും. അന്നു മുതൽ അബ്രാഹത്തിന്റെ വംശ പരമ്പര ‘ഇസ്രായേൽ’ എന്നറിയപ്പെടുവാൻ തുടങ്ങി. യഹോവയുടെയും ഇസ്രായേലിന്റെയും ഇതേപോലുള്ള മിത്തുകളും, കഥകളും ബാബിലോണിൽ നിന്നാരംഭിച്ച് ബി.സി. 500-ാമാണ്ടോടുകൂടി യഹൂദരുടെ എഴുതപ്പെട്ട വേദ പുസ്തകവും വിശ്വാസവുമായി മാറി. യഹൂദ ക്രൈസ്തവമതവിഭാഗക്കാർ ഇതിനെ ‘പഴയ നിയമം’ എന്നു പറയുന്നു. ബാബിലോണിൽ പ്രചാരത്തിലിരുന്ന ഐതിഹ്യകഥയുടെ മാതൃകയിലാണ് പഴയ നിയമ വിത്തുകൾ.

ഇസ്രായേലിന്റെ ദൈവമായ യഹോവാ അസഹിഷ്ണുതയുള്ളവനും കർക്കശക്കാരനും പ്രതികാരദാഹിയും അന്യ ദൈവങ്ങ
ളെ വെറുക്കുന്നവനുമായിരുന്നു. ഇന്നത്തെ സാമൂഹ്യ നീതിക്ക് ഒട്ടും നിരക്കാത്ത അധാർമികവും അസന്മാർഗികവും നിഷ്ഠൂരവും
ക്രൂരവുമായ പ്രവർത്തനങ്ങൾ തനിക്കുവേണ്ടി ചെയ്യണമെന്ന് ഇസ്രായേൽ ജനത്തെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. പ്രത്യേകിച്ചും അന്യ ദൈവങ്ങളോടുള്ള പ്രതികാരത്തിനുവേണ്ടി. അന്യ ദൈവങ്ങളുടെ അനുയായികളെയും അവരുടെ രാജ്യത്തെയും നശിപ്പിക്കുന്നതിനുവേണ്ടി എന്തു ഹീനകൃത്യങ്ങളും ചെയ്യുവാൻ ഇസ്രായേൽ ജനത്തോട് ആവശ്യപ്പെട്ടു. തനിക്കുവേണ്ടി ബലികളും പൂജാദികർമങ്ങളും നടത്തണമെന്ന് കർക്കശമായിട്ടുതന്നെ യഹോവ ഇസ്രായേൽ ജനത്തോട് ആവശ്യപ്പെട്ടു. യുദ്ധങ്ങളിൽ നിന്നു കിട്ടുന്ന കൊള്ളമുതലിന്റെ വീതംവരെ വേണമെന്നും നിർദേശിച്ചു. ഇവിടെയൊന്നും മനുഷ്യസ്‌നേഹത്തിന് പ്രസക്തിയില്ലായിരുന്നു.

ഈ മത സങ്കല്പത്തെയും ദൈവസങ്കല്പത്തെയും തിരുത്തിക്കുറിച്ചു കൊണ്ടാണ് യേശു യഹൂദരിൽ ഒരുവനായിത്തന്നെ ജറുസലേമിൽ പ്രത്യക്ഷപ്പെട്ടത്. ദൈവം സ്‌നേഹമാണെന്നും മനുഷ്യർ തമ്മിൽ തമ്മിൽ സ്‌നേഹിക്കണമെന്നും പരസ്‌നേഹത്തിൽ കവിഞ്ഞ ഒരു ദൈവപ്രമാണത്തിനും പ്രസക്തിയില്ലെന്നും യേശു പ്രസംഗിച്ചു. പരസ്‌നേഹത്തെ ദൈവസ്‌നേഹത്തോളം ഉയർത്തിക്കാട്ടി. വിശന്ന്, ദാഹിച്ച്, നഗ്നനായി, പരദേശിയായി വന്നവർക്ക് ഭക്ഷണവും വസ്ത്രവും പാർപ്പിടവും നിങ്ങൾ കൊടുത്തപ്പോൾ അതൊക്കെ ദൈവത്തിനു നൽകിയതായി കണക്കാക്കും എന്ന ഒരു പുതിയ സുവിശേഷം യേശു അവതരിപ്പിച്ചു. സ്‌നേഹത്തിന് പരിധി വയ്ക്കാതെ ശത്രുക്കളെയും സ്‌നേഹിക്കുവാൻ നിർദേശിച്ചു. യഹൂദരുടെ പ്രധാന പ്രമാണമായ ശാബത്തിന് മങ്ങലേല്പിച്ചുകൊണ്ട് പറഞ്ഞു – ‘ശാബത്ത് മനുഷ്യനുവേണ്ടിയാണ്, മനുഷ്യർ ശാബത്തിനുവേണ്ടിയല്ല’. ‘നിങ്ങളിൽ പാപമില്ലാത്തവർ കല്ലെറിയട്ടെ’ എന്നു പറഞ്ഞ് പാപത്തിന് പുതിയ പ്രമാണ വ്യാഖ്യാനം കൊടുത്തു. ഇതൊക്കെ യഹോവയുടെ സ്വന്തം ജനം എന്ന് അവകാശപ്പെട്ട് അഹങ്കരിച്ചിരുന്ന യഹൂദരായ ഇസ്രായേൽ ജനത്തിന്, പ്രത്യേകിച്ച് പുരോഹിതർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

അന്നത്തെ ജറുസലേമിന്റെ ഭരണാധികാരിയായിരുന്ന റോമൻ ചക്രവർത്തിയുടെ അനുമതിയോടെ യഹൂദനായ യേശുവിനെ യഹൂദ പുരോഹിതർതന്നെ കുരിശിലേറ്റി. ഇങ്ങനെ കുരിശിലേറ്റപ്പെട്ട യേശുവിന്റെ പേരിൽ ‘ക്രിസ്ത്യാനികൾ’ എന്ന ഒരു പുതിയ വിശ്വാസ സമൂഹം രൂപപ്പെട്ടു. ആദിമ കാലങ്ങളിൽ യേശുവിന്റെ ഉപദേശങ്ങളിൽ ഉറച്ചു നിന്ന ക്രിസ്ത്യാനികൾ റോമൻ ഭരണാധികാരികളിൽ നിന്നും, യഹൂദ പുരോഹിതരിൽ നിന്നും ഏറെ പീഡനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരുന്നു. ഒട്ടേറെപ്പേർ രക്തം ചിന്തി രക്തസാക്ഷികളായി. എന്നാൽ ക്രിസ്ത്യാനികളെ എത്ര കൊന്നുകൊണ്ടിരുന്നിട്ടും അവരുടെ വിശ്വാസത്തെ തകർക്കുവാൻ ഭരണാധികാരികൾക്ക് പറ്റാതെവന്നു. ക്രിസ്ത്യാനികളുടെ അഭൂതപൂർവമായ ഈ വളർച്ചയെ പീഡനങ്ങൾകൊണ്ട് ഇല്ലായ്മ ചെയ്യുവാൻ സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞ അന്നത്തെ റോമൻ ചക്രവർത്തി കോൺസ്റ്റൻറ്റൈൻ തന്ത്രപൂർവം ഒരു അടവുനയമെടുത്തു. ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്നതുപോലുള്ള ഒരു രാഷ്ട്രീയക്കളി. മതപ്രീണനനയം. ഒരു മത രാഷ്ട്രീയം കളി. അതനുസരിച്ച് കോൺസ്റ്റൻറ്റൈൻ ചക്രവർത്തി ക്രിസ്തീയ സഭയുമായി ഒത്തുതീർപ്പുണ്ടാക്കി.
സഭയെ അംഗീകരിച്ചു.

എ.ഡി. 313-ൽ ‘മിലാൻ’ വിളംബര പ്രകാരം ക്രിസ്ത്യാനികൾ ക്ക് രാജ്യത്ത് പൂർണ മതസ്വാതന്ത്ര്യം അനുവദിച്ചു. ക്രിസ്ത്യാനി
കളുടെ രക്ഷാകർതൃത്വം ചക്രവർത്തി ഏറ്റെടുത്തു. ലാറ്ററാനിലെ ഫൗസ്റ്റ എന്ന കൊട്ടാരം റോമിലെ സഭാ ഭരണാധികാരിയായിരുന്ന മെത്രാന് നൽകി ആദരിച്ചു. ഇവിടെ യേശു എതിർത്ത് തള്ളിപ്പറഞ്ഞ അധികാരവും സമ്പത്തും സഭാനേതൃത്വം ചക്രവർത്തിയിൽ നിന്ന് ദാനമായി ഏറ്റുവാങ്ങി. ഒരു പേഗൻ മതവിശ്വാസിയായിരുന്ന കോൺസ്റ്റൻറ്റൈൻ 314-ൽ തന്റെ സ്വന്തം ഭാര്യയെയും മകനെയും ഒരു അജ്ഞാത കേന്ദ്രത്തിൽ വധിച്ചതായും ചരിത്രം പറയുന്നു. ക്രിസ്ത്യാനികളുടെ രക്ഷകനും നേതാവുമായി വന്നയാളിന്റെ സ്വഭാവ ഗുണങ്ങൾ ഇവിടെ സൂചിപ്പിച്ചെന്നു മാത്രം. ഇവിടെയൊക്കെ ആത്മീയത എത്രമാത്രം പ്രസരിക്കും.?

എ.ഡി. 325-ൽ നിക്യാ പട്ടണത്തിൽ വച്ച് ഒരു പേഗൻ മത വിശ്വാസിയായിരുന്ന കോൺസ്റ്റൻറ്റൈനിന്റെ നിയന്ത്രണത്തിലും അദ്ധ്യക്ഷതയിലും ക്രിസ്ത്യാനികളുടേതായ ഒരു സൂനഹദോസു നടന്നു. ഈ സൂനഹദോസിൽ ‘ആരിയാസ്’ തുടങ്ങിയ പല വേദപണ്ഡിതന്മാരുടെയും അനുയായികളും പങ്കെടുത്തിരുന്നു. വിശ്വാസസംബന്ധമായ പല വിഷയങ്ങളിലും വിയോജിപ്പു പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നുംതന്നെ അംഗീകരിച്ചില്ല. പഴയ നിയമത്തിലെ ദൈവസങ്കല്പത്തെ തള്ളിപ്പറഞ്ഞ മാർസിയോൺ, മാനിക്കേയൻ, അനുഷ്ഠാന കർമങ്ങൾക്കും പ്രതിമാ വണക്കത്തിനും എതിരു നിന്നിരുന്ന ഗ്നോസ്റ്റിസ്റ്റുകൾ എന്നിവർക്കൊന്നും സൂനഹദോസിൽ സ്ഥാനമില്ലായിരുന്നു.

റോമൻ ചക്രവർത്തിയുടെ സ്വാധീനത്തിൽ രൂപം കൊണ്ടതായിരുന്നു സൂനഹദോസ് തീരുമാനങ്ങൾ ഒക്കെത്തന്നെയും. അരിസ്റ്റോട്ടിലിന്റെ ഗ്രീക്ക് പേഗൻ ദൈവശാസ്ത്രവും റോമൻ ഭരണഘടനാ സമ്പ്രദായവും കൂട്ടിക്കലർത്തിയ ഒരു മത സംഘടനയ്ക്കാണ് സൂനഹദോസ് രൂപം നൽകിയത്. ആദിമസഭയിൽ ആഴ്ചയുടെ അവസാന ദിവസമായ ശനിയാഴ്ചയായിരുന്നു ശാബത്ത് ആചരിച്ചിരുന്നത്. അതു മാറ്റി റോമൻ ദേവന്റെ ദിവസമായ ഞായറാഴ്ച ശാബത്തു ദിവസമാക്കി മാറ്റി. യേശുവിന്റെ ജന്മദിനം സൂര്യദേവന്റെ ജന്മദിനമായ ഡിസംബർ 25 ആക്കി മാറ്റി.

ഇവിടെ യേശുവിന്റെ ദർശനങ്ങളിൽ നിന്നും, പഠനങ്ങളിൽ നിന്നും വിട്ടകന്ന് ക്രൈസ്തവ സഭ സ്ഥാപനവത്കരിക്കപ്പെട്ട, ഘടനാപരമായി വ്യവസ്ഥാപിതമായ ഒരു മത സംഘടനയായി മാറി. 1700 കൊല്ലമായിട്ട് വലിയ വ്യത്യാസം കൂടാതെ, യേശുവിന് എതിർ സാക്ഷ്യം പറഞ്ഞു കൊണ്ടും പ്രവർത്തിച്ചുകൊണ്ടും ഈ സഭ ഇന്നും തുടരുകയാണ്. രാജാക്കന്മാരുടെയും ഭരണാധികാരികളുടെയും സംരക്ഷണത്തിൽ പുരോഹിതാധിപത്യത്തിൽ കത്തോലിക്കാസഭ വളർന്നുകൊണ്ടേയിരുന്നു. ഇവിടെ ആത്മീയ നൈർമല്യത്തിന്റെയും ദൈവവരപ്രസാദത്തിന്റെയും ശക്തിയിലും പിൻബലത്തിലുമല്ല സഭ വളർന്നുകൊണ്ടിരുന്നത്. വാളിന്റെയും അധികാരത്തിന്റെയും ശക്തിയിലായിരുന്നു എന്ന് ചരിത്രം സാക്ഷി
ക്കുന്നുമുണ്ട്. രാജകൊട്ടാരത്തിൽ ചെങ്കോലും കിരീടവും ധരിച്ച് സമ്പത്തിന്റെയും അധികാരത്തിന്റെയും പ്രൗഢിയിൽ ഒരു രാജാവിനെപ്പോലെയോ ചക്രവർത്തിയെപ്പോലെയോ മതാനുയായികളെ നയിക്കുവാനും ഭരിക്കുവാനുമുള്ള അധികാരാവകാശങ്ങൾ റോമിലെ മാർപ്പാപ്പാ എന്ന കത്തോലിക്കാ സഭാധികാരിക്ക് റോമൻ ചക്രവർത്തിയിൽ നിന്നും കിട്ടി. ഒരു മത ഏകാധിപതിയാകുവാനുള്ള ഭൗതീകവും ആത്മീയവുമായ എല്ലാ അവസരങ്ങളുമുണ്ടായി.

യേശു വചനങ്ങളുടെയും പുതിയ സുവിശേഷത്തിന്റെയും സന്ദേശങ്ങൾക്ക് കടകവിരുദ്ധമായ പഴയനിയമവും അതിൽ പ്രതിപാദിക്കുന്ന യഹോവ എന്ന ദൈവസങ്കല്പവും നിലനിർത്തിക്കൊണ്ടുതന്നെയാണ് നിക്യാ കൗൺസിൽ കത്തോലിക്കാസഭാ വിശ്വാസത്തിന് രൂപം നൽകിയത്. ‘ശുദ്ധമാന കത്തോലിക്കാ സഭയിൽ വിശ്വാസിക്കുന്നു’ എന്ന ദൃഢ പ്രതിജ്ഞ സൂനഹദോസിലെ പ്രധാന പ്രമാണമാണ്. ഈ പ്രതിജ്ഞ എടുത്തതിനുശേഷമേ ആരെയും സഭാവിശ്വാസിയായി പ്രഖ്യാപിക്കുകയുള്ളു. സ്വന്തം നിലനില്പിനും അധികാരത്തിനും സമ്പത്തിനുമൊക്കെ വേണ്ടി വെറും
മനുഷ്യനായ ചക്രവർത്തിയും അന്നത്തെ പുരോഹിതരും കൂടി അവരവരുടെ താത്പര്യങ്ങൾക്കുവേണ്ടി രൂപം കൊടുത്ത ഒരു മതസംഘടനയെ അതിന്റെ ഭാവി പ്രവർത്തനങ്ങൾ എന്തായിരുക്കുമെന്ന് ചിന്തിക്കുകയോ ഭാവിയിൽ എന്തായി തീർന്നാലും അതിലും വി
ശ്വസിച്ചു പ്രവർത്തിച്ചു കൊള്ളാമെന്ന ഒരു വിശ്വാസ പ്രമാണം അംഗീകരിക്കുന്നതിലെ ശരി എന്താണ്? ഇതിനൊക്കെ ഉപോത്ബലമായ ചരിത്ര സത്യങ്ങളാണ് സഭയുടെ പേരിൽ എഴുതി ചേർത്തിട്ടുള്ളത്.

17 ശദാബ്ദകാലമായി ലോക ചരിത്രത്തിൽ കത്തോലിക്കാസഭയുടെ നേതൃത്വത്തിൽ ചെയ്തു കൂട്ടിയ ക്രൂരതകളും രക്തച്ചൊരിച്ചിലും എല്ലാ മതക്കാരെയും കടത്തിവെട്ടുന്നതായിരുന്നു. ചരിത്രം പഠിച്ചിട്ടുള്ളവർ ആരുംതന്നെ ഇതിനെ എതിർക്കുന്നില്ല. മന:സാക്ഷിയും ക്രൈസ്തവ ആത്മീയതയുമുള്ള മാർപ്പാപ്പാമാർ ഇതൊക്കെ അംഗീകരിച്ച് ലോകത്തോട് സഭയ്ക്കുവേണ്ടി മാപ്പു പറഞ്ഞിട്ടുള്ളതുമാണല്ലോ? യേശുവിനെ ഉൾക്കൊള്ളാതെ യേശുവിൽ നിന്ന് വിട്ടകന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന സഭയെ വിശ്വസിക്കണമെന്നു പറയുന്നതുതന്നെ വിശ്വാസ വഞ്ചനയാണ്. അതുകൊണ്ട് നിക്യാസൂനഹദോസിൽ വിശ്വാസികളെ കബളിപ്പിച്ച്, പിടിച്ചു നിർത്തുവാൻ വേണ്ടി എഴുതിപ്പിടിപ്പിച്ചിരിക്കുന്ന ‘ശുദ്ധമാന
കത്തോലിക്കാസഭയിലും വിശ്വസിക്കുന്നേൻ’ എന്ന വിശ്വാസ പ്രമാണം തിരുത്തി വായിക്കണം. അതിപ്രകാരമാകട്ടെ ‘യേശുവിലും
യേശുവിന്റെ വചനങ്ങളിലും വിശ്വസിക്കുന്നേൻ’. ഈ വിശ്വാസപ്രമാണം കാലത്തെ അതിജീവിച്ച് ലോകാന്ത്യം വരെ പ്രശോഭിച്ച് നിലനിൽക്കും.

ഇവിടെ ഏതൊരു മതമാകട്ടെ, രാഷ്ട്രീയ പ്രത്യയ ശാസ്ത്രമാകട്ടെ, മറ്റേതെങ്കിലും സിദ്ധാന്തങ്ങളാകട്ടെ, ഇതൊക്കെ ചരിത്രത്തിൽ എന്തൊക്കെയാണ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇതിനെയൊക്കെ വിലയിരുത്തുന്നതും അംഗീകരിക്കുന്നതും. അങ്ങനെയെങ്കിൽ കത്തോലിക്കാ സഭയുടെ ഇന്നലെകളെ എങ്ങനെ വിലയിരുത്തണം? ശുദ്ധമാന കത്തോലിക്കാ പള്ളിയെന്നും, ‘മുടി ചൂടി നിൽക്കുന്ന സഭ’ എന്നും
വിശേഷിപ്പിക്കുവാൻ പറ്റുമോ? വിശുദ്ധവും ശ്രേഷ്ഠവുമായ അലങ്കാര വിശേഷങ്ങൾ കൂട്ടിച്ചേർത്ത് ആവർത്തനത്തോടെ പറഞ്ഞുകൊണ്ടേയിരുന്നാൽ മാത്രം ശ്രേഷ്ഠവും വിശുദ്ധവുമാകുമോ?

കേവലം വാക്കുകൾ കൊണ്ടോ വിശേഷണങ്ങൾ കൊണ്ടോ മാത്രം ധന്യമാകേണ്ടതല്ല യേശുവിന്റെ സഭയും സഭയുടെ പ്രവർത്തനങ്ങളും. കാരണം യേശുവിന്റെ സന്ദേശം തന്നെയായിരുന്നു യേശുവിന്റെ ജീവിതവും. മനുഷ്യസ്‌നേഹത്തിൽ അധിഷ്ഠിതമായ ഒരു സ്‌നേഹക്കൂട്ടായ്മ. അതാണ് യേശു വിഭാവനം ചെയ്ത സ്വർഗരാജ്യം. അതു ഭൂമിയിലാണെന്നും യേശു പറയുന്നു. യേശുവിന്റെ ഈ സന്ദേശങ്ങൾ ഉൾക്കൊണ്ടുള്ള ഒരു വിശ്വാസ സമൂഹമായിരുന്നു ആദിമ ക്രൈസ്തവ സഭ. ആചാരാനുഷ്ഠാനങ്ങളോ പൂജാദികർമങ്ങളോ കൂടാതെ സത്യത്തിലും അരൂപിയിലും ദൈവത്തെ ആരാധിച്ചിരുന്ന ഒരു സഭ. ഇവിടെ സമ്പത്തോ അധികാരികളോ അനുശാസനങ്ങളോ നിയമനിയന്ത്രണങ്ങളോ ഹൈരാർക്കി സിസ്റ്റമോ ഇല്ലായിരുന്നു. കാരണം സ്‌നേഹബന്ധത്തിൽ രൂപം കൊള്ളുന്ന സമൂഹത്തിൽ നിയമ നിയന്ത്രണങ്ങൾ ആവശ്യമില്ലാതെ വരുന്നു. ഗാന്ധി
സവും ബുദ്ധിസവും ഒക്കെ നിലനിൽക്കുന്നതുപോലെ. തിന്മകളില്ലാത്ത, നന്മകൾ മാത്രം കളിയാടുന്ന ഒരു സമൂഹം, ഇവിടെയാണ് സ്വർഗം താണിറങ്ങിവന്നതോ എന്ന് കവി പാടിയത്.

യഹൂദമത സങ്കല്പത്തെയും ദൈവസങ്കല്പത്തെയും തിരുത്തിക്കുറിച്ച യേശുവിനെ, അന്നത്തെ റോമൻ ചക്രവർത്തിയുടെ പിന്തുണയോടെ യാഥാസ്ഥിതിക പുരോഹിതർ കുരിശിലേറ്റി. പിന്നീട് മൂന്നു നൂറ്റാണ്ടുകൾക്കു ശേഷം മറ്റൊരു റോമൻ ചക്രവർത്തിയായിരുന്ന കോൺസ്റ്റൻറ്റൈനിന്റെ പിന്തുണയോടെ ക്രൈസ്തവ പുരോഹിതർ തന്നെ യേശുവിന്റെ ദർശനങ്ങളും കുരിശിലേറ്റി.

1700 വർഷക്കാലമായി ഈ ക്രൈസ്തവ സഭ പുരോഹിതരുടെ പിടിയിൽ അമർന്നിരിക്കുകയാണ്. ഇവിടെ ഒരു വിമോചന ദൈവശാസ്ത്രം ഇന്നത്തെ ഫ്രാൻസീസ് മാർപ്പാപ്പായിൽ കൂടി ഉയർന്നു വരുമെന്ന് പ്രതീക്ഷിക്കുകയാണ്.