ഖയ്യാം: പഹാഡി രാഗത്തെ പ്രണയിച്ച പാട്ടുകാരൻ

കാട്ടൂർ മുരളി

നുറു വയസു കഴിഞ്ഞ ഇന്ത്യൻ സിനിമയിലെ ആദ്യത്തെ സംസാരചിത്രമായ ആലം ആരയ്ക്കിപ്പോൾ 88 വയസുണ്ട്. ഇന്ത്യ
യിൽ ചലച്ചിത്ര സംഗീതത്തിന്റെ അല്ലെങ്കിൽ സംഗീത സംവിധാനത്തിന്റെ തുടക്കവും ഏഴോളം ഗാനങ്ങളുള്ള ആലം ആരയിൽ നിന്നുതന്നെയായിരുന്നു. ഫിറോസ് ഷാ എം. മിസ്ത്രിയും ബി. ഇറാനിയുമായിരുന്നു ആലം ആരയുടെ സംഗീത സംവിധായകർ. ചിത്രത്തിലെ അഭിനേതാക്കൾ കൂടിയായ വസീർ മുഹമ്മദ് ഖാൻ, സുബൈദ, സില്ലു എന്നിവരായിരുന്നു ഗായകർ. അങ്ങനെ 1931-ലെ ആലം ആരയിൽനിന്ന് തുടങ്ങിയ ഇന്ത്യൻ ചലച്ചിത്രസംഗീതത്തിന്റെ പ്രയാണം അതിന്റെ സുവർണകാലമെന്ന് വിളിക്കാവുന്ന മെലഡിയുടെ കാലവും കടന്ന് ഇന്ന് ഇലക്ട്രോണിക്/ഡിജിറ്റൽ യുഗത്തിന്റെ യാന്ത്രികതയിൽ അഭിരമിക്കുമ്പോൾ സ്വച്ഛവും പ്രസാദാത്മകവുമായ ആ സുവർണ കാലത്തിന്റെ ഉപാസകരും സൂക്ഷിപ്പുകാരുമായി വർത്തിച്ച പ്രതിഭാശാലികളായ സംഗീത സംവിധായകരിൽ പലരും പലപ്പോഴായി കാലയവനികയ്ക്കു പിന്നിലേക്ക് നിഷ്‌ക്രമിക്കുകയും ചെയ്തു. ആ ഗണത്തിൽ ഏറ്റവും കൂടുതൽ കാലം ചലച്ചിത്ര രംഗത്ത് സജീവമായി തുടർന്ന
സംഗീതസംവിധായകനായിരുന്നു ഇക്കഴിഞ്ഞ ആഗസ്റ്റ് 19-ന് തന്റെ തൊണ്ണൂറ്റിരണ്ടാം വയസിൽ അന്തരിച്ച പത്മഭൂഷൺ ഖയ്യാം.

1927-ൽ പഞ്ചാബിലെ ജലന്തർ ജില്ലയിലുള്ള രാഹോണിൽ ജനനം. യഥാർത്ഥ പേര് മൊഹമ്മദ് സയൂർ ഖയ്യാം ഹാഷ്മി. ചെ
റുപ്പം മുതൽ സംഗീതത്തിൽ വാസനയും കമ്പവുമുണ്ടായിരുന്നു. അതിനാൽ ഭാവിയിൽ ഒരു കുന്ദൻലാൽ സൈഗാളായിത്തീരാനായിരുന്നു മോഹം. ആ മോഹത്തിന്റെ പ്രേരണയിൽ സിനിമയിൽ അഭിനയിക്കാനുള്ള അവസരം തേടി ചെറുപ്പത്തിൽ തന്നെ നാടുവിട്ടു. ചെന്നെത്തിയത് ഡൽഹിയിലുള്ള അമ്മാവന്റെ വീട്ടിൽ. അവിടെ കഴിയുന്നതിനിടയിൽ പണ്ഡിറ്റ് അമർനാഥിന്റെ കീഴിൽ കുറച്ചുകാലം ശാസ്ത്രീയ സംഗീതത്തിൽ പരിശീലനം നേടാൻ കഴിഞ്ഞു. അധികം വൈകാതെ അവിടെനിന്നും ലാഹോറിലെത്തി. അവിടെ വച്ച് പഞ്ചാബി സംഗീത സംവിധായകൻ ഗുലാം അഹമ്മദ് ചിഷ്ടി എന്ന ബാബ ചിഷ്ടിയെ കണ്ടുമുട്ടുകയും അദ്ദേഹത്തിന്റെ സഹായിയായിത്തീരാൻ അവസരം ലഭിക്കുകയും ചെയ്തു.
എന്നാൽ ശമ്പളമൊന്നും ലഭിക്കാതിരുന്നതിനാൽ അധിക കാലം അവിടെ തുടരാൻ കഴിഞ്ഞില്ല. അങ്ങനെ ലുധിയാനയിലെത്തി.

അപ്പോൾ പ്രായം പതിനേഴ്. തുടർന്ന് 1943-ൽ കുറച്ചുകാലം പട്ടാളക്കാരനായി ലാഹോറിലും റാവൽപിണ്ടിയിലും പുണെയിലും
കഴിഞ്ഞു. അതിനിടയിൽ പട്ടാളത്തിൽ ഖയ്യാമിന്റെ കൂടെയുണ്ടായിരുന്ന സഹപ്രവർത്തകരും മേലുദ്യോഗസ്ഥരും ഖയ്യാമിലെ പാട്ടുകാരനെ തിരിച്ചറിഞ്ഞിരുന്നു. അങ്ങനെ പട്ടാളക്യാമ്പിലെ പരിപാടികളിൽ ഖയ്യാമിന്റെ പാട്ട് ഒരു നിർബന്ധ ഇനമായി മാറി. മൂന്നുവർഷം തുടർന്ന പട്ടാള സേവനത്തിനിടയിൽ വീണ്ടും കുന്ദൻ ലാൽ സൈഗളാകാനുള്ള സ്വപ്‌നം വേട്ടയാടാൻ തുടങ്ങിയപ്പോൾ തിരിച്ച് ബാബ ചിഷ്ടിയുടെ കാൽക്കലെത്തി. ഇത്തവണ ഖയ്യാമിന്റെ കഠിനാധ്വാനവും തൊഴിലിലുള്ള ആത്മാർത്ഥതയും മനസിലാക്കിയ ബാബ ചിഷ്ടി ഖയ്യാമിന് പ്രതിമാസ ശമ്പളം നൽകാൻ തുടങ്ങി. അങ്ങനെ സംഗീതത്തിന് ആദരവ് മാത്രമല്ല പ്രതിഫലവും ലഭിക്കുമെന്ന് മനസിലാക്കിയ ഖയ്യാം 1947 ജനുവരിയിൽ ബാബ ചിഷ്ടിയുടെ മറ്റൊരു സഹായിയായ റഹ്മാൻ എന്ന കൂട്ടുകാരനോടൊപ്പം ബോംബെയ്ക്കു പുറപ്പെട്ടു. ബോംബെയിൽ ഏറെ പരിശ്രമത്തിനുശേഷം ഒരു സിനിമയിൽ ഒരു പാട്ടു പാടാൻ ഖയ്യാമിന് അവസരം ലഭിച്ചു. എന്നാൽ അതിനുശേഷം പിന്നണി പാടാനുള്ള അവസരമൊന്നും ലഭിച്ചില്ല. പകരം നേരിട്ട് സംഗീതസംവിധാനം നിർവഹിക്കാനുള്ള ക്ഷണമാണ് ലഭിച്ചത്. അതൊരു വെല്ലുവിളിയായിരുന്നു. വെല്ലുവിളി സ്വീകരിച്ച ഖയാമും കൂട്ടുകാരൻ റഹ്മാനും ഹീർ രാഞ്ജ എന്ന ചിത്രത്തിനുവേണ്ടി ശർമാജി-വർമാജി എന്ന സാങ്കല്പിക പേരിൽ സംഗീതസംവിധാനം നിർവഹിച്ചു. എന്നാൽ സ്വാതന്ത്ര്യാനന്തര കാലത്തെ വിഭജനത്തെ തുടർന്ന് ആ സംഗീത കൂട്ടുകെട്ടിലെ വർമാജി എന്ന റഹ്മാൻ പാകിസ്ഥാനിലേക്ക് പോകാൻ തീരുമാനിച്ചപ്പോൾ ബോംബെ വിട്ടുപോകാൻ താത്പര്യമില്ലാത്ത ഖയ്യാം എന്ന വർമാജി ഇവിടെതന്നെ തുടർന്നു. പിന്നീട് 1950-ൽ ബീവി എന്ന ചിത്രത്തിനു വേണ്ടി തനിച്ച് വർമാജി എന്ന പേരിൽതന്നെ സംഗീതസംവിധാനം നിർവഹിച്ചു. അതിനുശേഷം ഗാനരചയിതാക്കളായ പല സുഹൃത്തുക്കളുടെയും നിർബന്ധത്തിനു വഴങ്ങി ശർമാജിയിൽനിന്നും തന്റെ യഥാർത്ഥ പേരിന്റെ ഭാഗമായ ഖയ്യാമിലേക്ക് തിരിച്ചു വന്നു. പിന്നെ ഫുട്ട്പാത്ത് എന്ന ചിത്രത്തിലൂടെ ഖയ്യാം എന്ന സംഗീത സംവിധായകൻ ഹിന്ദി സിനിമയിൽ സ്ഥിരപ്രതിഷ്ഠ നേടി.

ഖയ്യാമിന് മുമ്പും ഖയ്യാമിന്റെ സമകാലികരായും എത്തി ചുരുങ്ങിയ കാലംകൊണ്ട് നൂറുകണക്കിന് സിനിമകൾക്ക് സംഗീതം
നൽകി ആ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവർ നിരവധിയുണ്ട്. 1948-ൽ തുടങ്ങി 2016 വരെയുള്ള ആറര പതിറ്റാണ്ടു കാലത്തോളം ഹിന്ദി സിനിമാരംഗത്ത് സജീവമായിരുന്ന ഖയ്യാമിനും ആ മത്സരത്തിൽ പങ്കാളിയാകാമായിരുന്നു. എന്നാൽ ഇത്രയും നീണ്ട ഒരു കാലയളവിനുള്ളിൽ വെറും അമ്പതോ അമ്പത്തഞ്ചോ ചിത്രങ്ങളുടെ മാത്രം സംഗീത സംവിധാനത്തിൽ ഒതുങ്ങിനിൽക്കാൻ ഖയ്യാമിനെ പ്രേരിപ്പിച്ചത് സംഗീതത്തിന്റെ വിശുദ്ധി കളഞ്ഞു കുളിക്കാൻ ഒരിക്കലും തയ്യാറല്ലാതിരുന്ന അദ്ദേഹത്തിലെ ജീനിയസാണ്. ഇങ്ങനെ ജീനിയസ് എന്ന് വിളിക്കപ്പെടാൻ ഹിന്ദി സിനിമയിൽ ഖയ്യാമിനെപ്പോലെ അപൂർവം ചിലർ മാത്രമാണുണ്ടായിരുന്നത്. ആ ജീനിയസിനോടുള്ള ആദരവായിട്ടാണ് പ്രശസ്ത ഷോമാൻ രാജ്കപൂർ തന്റെ ചിത്രങ്ങളുടെ സ്ഥിരം സംഗീതസംവിധായകരായ ശങ്കർ-ജയ്കിഷൻമാരെ ഒഴിവാക്കി ഫിർ സുബഹ് ഹോഗി (1958) എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം ഖയ്യാമിനെ ഏല്പിച്ചത്. എന്നാൽ അവസരങ്ങൾക്കായി ആരുടെ മുന്നിലും തല കുനിക്കുകയോ മറ്റുള്ളവരുടെ അവസരങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കുകയോ ചെയ്യാത്ത ഖയ്യാം ഫിർ സുബഹ് ഹോഗി എന്ന ചിത്രത്തിന്റെ വിജയത്തെത്തുടർന്ന് രാജ്കപൂർ ഒരുക്കിയ ഒരു അത്താഴവിരുന്നിൽ വച്ച് ഈ സംഭവമറിഞ്ഞശേഷമുണ്ടായ മനപ്രയാസവുമായി ആരോടും പറയാതെ അവിടെനിന്നും ഇറങ്ങിപ്പോവുകയാണ് ചെയ്തത്. അതിനുശേഷം പിന്നീടൊരിക്കലും രാജ്കപൂർ തന്റെ സിനിമകൾക്ക് സംഗീതം നൽകാൻ ഖയ്യാമിനെ ക്ഷണിക്കുകയുണ്ടായില്ല.

ശാസ്ത്രീയ സംഗീതത്തിന്റെ ഭാസുരമാർന്ന രാഗശ്രുതികളും ലളിതസംഗീതത്തിന്റെ ഭാവലോലങ്ങളും ഗസലിന്റെ മന്ദ്രധ്വനികളുമുണർത്തുന്ന ഹൃദയസ്പർശിയായ മെലഡികളാണ് ഖയ്യാമിന്റെ സംഗീതമെന്നു ചുരുക്കിപ്പറയാം. അങ്ങനെ സംഗീതത്തിന്റെ ജീവാത്മാവും പരമാത്മാവുമായ മെലഡിയെ പൂവിൽ പൂന്തേൻ എന്നപോലെ കാത്തുസൂക്ഷിച്ചുകൊണ്ട് താൻ പ്രതിനിധീകരിച്ച കാലഘട്ടങ്ങളിലെ ചലച്ചിത്ര ഗാനങ്ങളുടെ വൈവിധ്യമാർന്ന അഭിരുചികൾക്കിടയിലും വേറിട്ട് നിൽക്കാൻ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ വിജയം. 1950-ലെ ബീവി മുതൽ 2016-ലെ ഗുലാം ബന്ധു വരെയുള്ള ചിത്രങ്ങളിലെ ഓരോ ഗാനവും പരിശോധിച്ചാൽ അത് വ്യക്തമാകും. അക്കൂട്ടത്തിൽ എളുപ്പം ചൂണ്ടിക്കാട്ടാവുന്നതും ഏവർക്കും സുപരിചിതങ്ങളുമാണ് ബി.ആർ. ചോപ്രയുടെ കഭീ കഭീ, മുസാഫിർ അലിയുടെ ഉംറാവോ ജാൻ എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ.
ഖയ്യാമിനെ സംബന്ധിച്ചിടത്തോളം ഹിന്ദുസ്ഥാനി സംഗീതത്തിലെ പഹാഡി രാഗത്തോടുള്ള പ്രണയം ഒന്ന് വേറെ തന്നെയായിരുന്നു. അദ്ദേഹം സംഗീതം നൽകിയ പല ഗാനങ്ങളിലും ആ രാഗത്തിന്റെ സ്വച്ഛന്ദമായ ഇടപെടൽ കാണാം. ഉദാഹരണമായി ശഗുൻ എന്ന ചിത്രത്തിലെ പർവതോം കെ പേടോം പർ(റാഫി), ആഖ്രി ഖത്തിലെ ബഹാരോം മേരാ ജീവൻ ഭീ സവാരോ (ലത), കഭീ കഭീ എന്ന ചിത്രത്തിലെ കഭീ കഭീ മേരെ ദിൽമേ
(മുകേഷ്) തുടങ്ങിയ ഗാനങ്ങൾ തന്നെയെടുക്കാം. അതുപോലെതന്നെ ബീഗം അഖ്തറുടെ ഏറ്റവും മികച്ച ഗസലുകളുടെ വിജ
യത്തിനു പിന്നിൽ ഖയ്യാമിന്റെ സംഗീതത്തിനുള്ള പങ്ക് ചോദ്യം ചെയ്യപ്പെടാനാവാത്തതാണ്.

വൈകിയാണെങ്കിലും ഖയ്യാം എന്ന സംഗീത സംവിധായകനെ തേടി എത്തിയിട്ടുള്ള അംഗീകാരങ്ങളാണ് 1977-ൽ കഭീ കഭീ,
82-ൽ ഉംറാവോ ജാൻ എന്നീ ചിത്രങ്ങളിലെ സംഗീതത്തിന് മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയർ അവാർഡുകൾ,
82-ലെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്‌കാരം (ഉംറാവോ ജാൻ), 2007-ൽ സർഗാത്മക സംഗീതത്തിനുള്ള സംഗീത നാടക അക്കാദമി പുരസ്‌കാരം, 2010-ൽ സമഗ്ര സംഭാവനയ്ക്കുള്ള ഫിലിം ഫെയർ അവാർഡ്, 2011-ൽ പത്മഭൂഷൺ, 2018-ൽ ഹൃദയനാഥ് മങ്കേഷ്‌കർ പുരസ്‌കാരം എന്നിവ.

1954-ലാണ് ഖയ്യാം വിവാഹിതനായത്. പഞ്ചാബിലെ സിക്ക് വംശജയും ഗായികയുമായ ജഗജിത് കൗർ ആണ് ഭാര്യ. ഖയ്യാം
– ജഗജിത് കൗർ എന്നിവരുടേത് പ്രണയവിവാഹമായിരുന്നു. ഷഗൂൻ എന്ന ചിത്രത്തിനു വേണ്ടി ജഗജിത് കൗർ പാടിയ തും അപ്‌നാ രൻജോ ഗം എന്ന ഗാനം ഏറെ പ്രസിദ്ധമാണ്. ഖയ്യാം-ജഗജിത് കൗർ ദമ്പതികളുടെ മകനായിരുന്നു ബോളിവുഡ് നടൻ പ്രദീപ് ഖയ്യാം. അദ്ദേഹം 2012-ൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു. അകാലത്തിൽ പിരിഞ്ഞുപോയ ഏക മകന്റെ സ്മരണയിൽ തങ്ങളുടെ സ്വത്തെല്ലാം വിറ്റുകിട്ടുന്ന തുക സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കാലാകാരന്മാർക്കും മറ്റും ഓരോ വർഷവും സഹായമായി നൽകുന്നതിന് ഖയ്യാമും ഭാര്യയും ചേർന്ന് രണ്ടുവർഷം മുമ്പ് ഒരു ട്രസ്റ്റ് രൂപവത്കരിക്കുകയും തങ്ങളുടെ കാലശേഷവും ആ സഹായം തുടരുന്നതിനായുള്ള ഏർപ്പാടുകളുണ്ടാക്കുകയും ചെയ്തിരുന്നു.

വാർധക്യസഹജമായ ചില്ലറ അസുഖങ്ങളുമായി തുടരുമ്പോഴും തൊണ്ണൂറ്റിരണ്ടാം വയസിലും സംഗീതത്തിന്റെ സുവർണകാലത്തെക്കുറിച്ചു വാചാലനാകുമായിരുന്നു ഖയ്യാം. എന്നാൽ കഴിഞ്ഞ ജൂലൈ മാസത്തിൽ ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടശേഷം ആഗസ്റ്റ് 19-ന് എന്നെന്നേക്കുമായി ആ ശ്വാസം നിലയ്ക്കുകയാണ്
ചെയ്തത്.