കടലിനുള്ളിലെ കടപ്പെറ കവിതകൾ

രാജേഷ് ചിറപ്പാട്

‘ഓരോ ജനസമൂഹത്തിന്റെയും ഭൗതിക ജീവിത സാഹചര്യം വ്യത്യസ്തമായ തരത്തിലാണ്. അതാണ് അവരെ അതിജീവിപ്പിക്കുന്നത്. അതുകൊണ്ടാണ് ഓരോ ഭാഷാസമൂഹവും തങ്ങളുടെ ഭാഷയിലൂടെ വ്യത്യസ്തമായ യാഥാർത്ഥ്യങ്ങളെ നിർമിക്കുന്നത്’
എന്ന് ഭാഷാ ശാസ്ത്രകാരനായ ഗാബർ ഗ്യോരി (Gabor Gyori, Language as Cognitive Adaptation, From Language Evolution to Language Change) പറയുന്നുണ്ട്. ഡി. അനിൽ കുമാറിന്റെ കവിതകളെ മുൻനിർത്തി അദ്ദേഹത്തിന്റെ കവിതയിലെ ഭാഷയെയും ആ ഭാഷയുൾപ്പെടുന്ന സമൂഹത്തെക്കുറിച്ചുമുള്ള ഭാഷാശാസ്ത്രപരമായ അന്വേഷണം പ്രസക്തമാണ്. അതിനു സഹായകമാവുന്ന വിധത്തിൽ കടപ്പെറപാസ എന്ന ഒരു ലഘു നിഘണ്ടുവും അനിൽകുമാർ നിർമിച്ചിട്ടുണ്ട്.

തന്റെ ഭാഷാസമൂഹത്തിനു പുറത്തുള്ള മലയാളികൾക്ക് തന്റെ തുടർന്നുള്ള കവിതകൾ ആസ്വദിക്കുന്നതിനും പഠിക്കുന്നതിനും
കൂടി സഹായകമാകും എന്ന ആലോചനയും ഈ നിഘണ്ടുനിർമാണത്തിലുണ്ടാവാം. ഗാബർ ഗ്യോരിയുടെ നിരീക്ഷണം അനി
ലിന്റെ കവിതകൾക്കും ബാധകമാണ്. പൊഴിയൂർ മുതൽ അഞ്ചുതെങ്ങ് വരെയുള്ള തെക്കൻ കേരളത്തിന്റെ തീരദേശങ്ങളിൽ വ്യ
വഹരിക്കപ്പെടുന്ന ഭാഷയിലാണ് അനിൽ കൂടുതലായും കവിതകൾ എഴുതുന്നത്. കേരളത്തിന്റെ പൊതുമണ്ഡലത്തിന് അപരിചിതമായ ഭാഷാനുഭവങ്ങളും അത് സൃഷ്ടിക്കുന്ന സവിശേഷമായ യാഥാർത്ഥ്യങ്ങളുമാണ് കവി ആവിഷ്‌കരിക്കുന്നത്. ഇത് മലയാള കവിതയുടെ നാളിതുവരെയില്ലാത്ത ചില അനുഭവ-സംവാദമേഖലകളെ തുറക്കുന്നുണ്ട്.

ഇവിടെ കവിത കടൽപ്പേച്ചുകളാവുന്നു. കടലിന്റെ ഈമ്പാരികളിലെ (പരിസരങ്ങളിലെ) ജീവിതങ്ങളെയും വാക്കുകളെയും കാവ്യാനുഭവമാക്കി മാറ്റുകയാണ് കവി. തന്റെ കവിതകളെക്കുറിച്ച് അനിൽകുമാർ ഇങ്ങനെ എഴുതി: ”ഇത് കവിതകളല്ല, കുറെ പള്ളുകളാണ്. ഏലം പോടുന്നതിനിടയിൽ ഒരുത്തൻ ഉച്ചരിച്ചത്. മീൻ വിൽക്കുന്നതിനിടയിൽ വേറൊരുത്തി കൊണച്ചത്” (ചങ്കൊണ്ടോ പറക്കുണ്ടോ. പേജ് 8). പാഠപുസ്തകം തന്ന ഉദാത്തമായ ഭാഷ പൊള്ളയാണെന്ന തിരിച്ചറിവിൽനിന്നാണ് കവി പള്ളുകളെ കവിതയിലേക്ക് വലവീശിയടുപ്പിക്കുന്നത്. പള്ളുകൾ തുറകളിലെ ജീവിതത്തെ തുറക്കുന്നു. അത്, തീരദേശത്തിനു പുറത്തുള്ള പോളീഷ് ജീവിതങ്ങളുടെ കപടനാട്യങ്ങൾക്കെതിരെയയുള്ള പ്രതിഷേധമായി പ്രവർത്തിക്കുകയും ചെയ്യുന്നു.

ഇവിടെ കണ്ടുമുട്ടുന്ന മനുഷ്യരെ നോക്കുക, അമ്മ, അപ്പൻ, പെങ്ങൾ, അനിയൻ കൂട്ടുകാർ എന്നിവരാകാം. അവർ നമ്മുടെ നടപ്പു ജീവിതസങ്കല്പങ്ങളെ ആദർശാത്മകമായി പിന്തുടരുന്നവരല്ല. കടലിരമ്പുന്ന മണൽക്കരയിൽ തെളിയുന്ന പല ജീവിതചിത്രങ്ങളാണ് കവി തന്റെ കവിതയിലൂടെ വരച്ചുവയ്ക്കുന്നത്. മരടി എന്ന കവിതയിൽ അറവാണിച്ച് (ലൈംഗിക തൊഴിലാളി) പെറന്തവൻ നടുക്കടലിൽ താന്ത് പോവാതെ പിന്നെയും കയറിവരുന്നു. മിണ്ടാപ്പൂച്ചി (മിണ്ടാപ്രാണി) എന്ന കവിതയിൽ,

മന്താരിപ്പോല എണീറ്റ്
മുക്കരി നുള്ളി
പല്ല് തീട്ടി
കാട്ടീപ്പോയിതൂറി
ബക്കറ്റും തുണിയും
ഇളിയിലിരുത്തി
വരിവരിയായി പോണ പെണ്ണുങ്ങൾ, (മന്താരിപ്പോല എന്നാൽ
അതിരാവിലെ. മുക്കരിയെന്നാൽ ഉമിക്കരിയെന്നർത്ഥം)

ആത്താമ്മ എന്ന കവിതയിൽ
കൂരിരുട്ടത്ത്
മൂടിപ്പൊതച്ചിരിക്കും
ആത്താമ്മയ്ക്ക്
നടയാണ് കിടപ്പറ (ആത്താമ്മ എന്നാൽ അമ്മൂമ്മ) എന്നിങ്ങനെ നിരവധി മനുഷ്യരെ കണ്ടെത്താനാവും. പള്ളുകളും പ്രാർത്ഥനകളും അവിടെ നിറയുന്നുണ്ട്. കടലിനു മീതെ നടന്നുവന്നവനും അന്തോനിയാര് എന്ന് കടലോര മനുഷ്യർ വിളിക്കുന്ന അന്ത്യോണീസ് പുണ്യാളനും അവിടെയുണ്ട്.
സെന്റ് ആൻഡ്രൂസ് കടെപ്പെറത്ത്
ബോട്ട് ഇടിച്ചേറി
ഒടമ കടപ്പെറത്ത്
മുട്ടാങ്കിയിട്ടിരുന്നു
പള്ളിയെ നോക്കി
മണിക്കൂറിൽ നന്നാല് വട്ടം
ചിലുവ വരച്ചു. (ചിലുവ എന്നാൽ കുരിശ് എന്നർത്ഥം)

സെന്റ് ആൻഡ്രൂസ് എന്ന ഈ കവിതയിൽ കരയ്ക്കടിഞ്ഞുപോയ ഒരു ബോട്ടിന്റെ ജീവിതം കൂടിയുണ്ട്. അവിയങ്കോര, ചങ്ക്, കടൽക്കുതിര, കൊളുവ, കൊമളി തുടങ്ങിയ കടൽ ജീവികളും അനിലിന്റെ കവിതയിൽ പാർക്കുന്നു. ഈ കവിത യഥാർത്ഥത്തിൽ അത് നൽകുന്ന സവിശേഷമായ ഭാഷാനുഭവങ്ങളിലൂടെ മാത്രമാണോ ജീവിക്കുന്നത്? അഥവാ വ്യത്യസ്തമായ ഒരു ഭാഷാനുഭവത്തിന്റെ കൗതുകം മാത്രമാണോ
ഈ കവിതയെ നിലനിർത്തുന്നത്? തീർച്ചയായും ഈ കവിതകളിലെ ഭാഷ പുതിയൊരു കാവ്യഭാവുകത്വത്തെ സംഭാവന ചെയ്യുന്നുണ്ട്. എന്നാൽ ഈ ഭാഷ നൽകുന്ന ജീവിതയാഥാർത്ഥ്യവും അതിന്റെ രാഷ്ട്രീയപരിസരവും കാണാതെപോകാനാവില്ല. ഇന്നും കടലിൽ പോവുകയും മീൻ പിടിച്ച് കരയിലണയുകയും ചെയ്യുന്ന ഒരു ഭാഷയാണിത്. ഒരു മൃതഭാഷയല്ല കടപ്പെറപാസ എന്നർത്ഥം. സംസ്‌കൃതം പോലെയോ മറ്റേതെങ്കിലും മൃതഭാഷ പോലെയോ കവിതയിൽ മാത്രം കണ്ടെടുക്കാനാവുന്ന വരേണ്യതയിലല്ല ഈ ഭാഷ നിലനിൽക്കുന്നത്. ഇവിടെ അദ്ധ്വാനവും അതിന്റെ ഭാഷയും കവിതയിലേക്ക് ചൊരിഞ്ഞിടുകയാണ് അനിൽ കുമാർ ചെയ്യുന്നത്. കവിതയെന്നത് ഇവിടെ ഭാഷയുടെ മ്യൂസിയമല്ല. ഇന്നും ജീവിതത്തോട് സമരം ചെയ്തുകൊണ്ടിരിക്കുന്ന പാര് തേടിപ്പോകുന്ന വലക്കാരുടെയും വള്ളക്കാരുടെയും ആഴമുള്ള അരകമാണത് (അരകം എന്നാൽ അസ്വസ്ഥമായ ശബ്ദം). ഈ അരകമാണ് പള്ളുകളും പരിയേടുകളുമായി (പുലഭ്യങ്ങൾ) തുറകളിൽ നിറയുന്നത്. അവിടെ ജനിച്ച ഒരു കവിക്ക് അപരിചിതമായ മറ്റ് വാക്കുകൾ തേടിപ്പോകേണ്ടതില്ല. ഇതാണ് ഡി. അനിൽ കുമാറിന്റെ കവിതയിൽ സംഭവിച്ചത്.

ഒറത്ത എന്ന മീനിനെപ്പോലെ ഈ കവി കടലിലേക്കുതന്നെ തിരിച്ചുപോകാൻ ചാടുകയാണ് (കണവാമൊശട്). കടൽ മുഴുവൻ കവിത നിറഞ്ഞിരിക്കുന്നതായി അവൻ കണ്ടു. കവിതയുടെ പാര് (കടലിലെ മത്സ്യ-ജൈവ വൈവിധ്യം നിറഞ്ഞ ഇടം) തേടിയുള്ള സാഹസികയാത്രകളായിരുന്നു അവന് ഓരോ കവിതയും. അവന്റെ കവിതയിൽ കയറി ചില വാക്കുകൾ തീരദേശത്തിനുമപ്പുറം പോയി. വല്ലപ്പോഴും വിനോദത്തിനായി കടലു കാണാൻ പോകുന്നവരുടെ കണങ്കാൽ നനയ്ക്കലിനെ അവന്റെ കവിത പള്ളുപറഞ്ഞു. കടലും കാല്പനികതയും സമം ചേർത്ത് കവിതയും സിനിമയും കഥയും മെനഞ്ഞവരോട് ഇടയുന്നതാണ് ഈ കവിതകൾ.

ഓഖിയിൽ അനാഥരായിപ്പോയ വീടുകൾക്ക് സമർപ്പിക്കപ്പെട്ട കാറ്റ് കൊണ്ടുപോയവർ എന്ന കവിതയിൽ അനിൽകുമാർ ഇങ്ങനെ എഴുതുന്നു:
കാറ്റുകൊണ്ടുപോയവർ
ഉപ്പുവെള്ളത്തിലലിഞ്ഞ്
മീൻ തെവിളകളിൽ വസിക്കുന്നു
പെണമായോ പ്രേതമായോ
കടലിന്നടിത്തട്ടിൽ ഒഴുകിനടക്കുന്നു
ഞണ്ടിന്റെ മണമുള്ള സൂര്യവെട്ടമായ്
നമ്മെ തൊടുന്നു.

ആത്മാവ് പ്രേതങ്ങൾ എന്നിവയുടെ ബിബ്ലിക്കൽ അനുഭവങ്ങളും തീട്ടം മൂത്രം പോലുള്ള വിസർജന വസ്തുക്കളും അനിൽ കുമാറിന്റ കവിതയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. തൂറൽ മുള്ളൽ എന്നിവ ജീവിതത്തിലെ പ്രധാന സംഭവമായി കവിതയിൽ രേഖപ്പെടുത്തപ്പെടുന്നു. മലയാള കവിത അഭാവത്തിൽ നിർത്തിയ ഈ പരിസരങ്ങളെ വല്ലാത്തൊരു വാശിയോടെ പള്ളുരിക്കലിന്റെ കലിപ്പോടെയാണ് കവി ആവിഷ്‌കരിക്കുന്നത്.
കക്കൂസില്ലാത്ത വീട്ടിൽ നിന്നുള്ളവൾ വെളുപ്പാങ്കാലത്ത് തൂറാൻ കാട്ടിൽ പോകുന്നു
(വെളുപ്പാങ്കാലം)
അങ്ങനെയിരിക്കേ
ഊട്ടിപ്പുറത്തേറി
ഞാനും അവളും കാട്ടിലേക്ക് പോയി
പെണ്ണുങ്ങൾ തൂറുന്നത് അവിടെയാണ്
(ഊട്ടികൾ)
(ഊട്ടികൾ എന്നാൽ പന്നികൾ)
ഇപ്പോഴും ഞങ്ങൾ
തൂറാൻ പോകുന്നത്
കടപ്പെറത്താണ്
(കക്കൂസ്)

ഇങ്ങനെയുള്ള സന്ദർഭങ്ങൾ നിരവധിയുണ്ട് അനിൽകുമാറിന്റെ കവിതകളിൽ. ഭാഷയുടെ സദാചാരത്തെ എന്നും സൂക്ഷിച്ചുവയ്ക്കാൻ വിധിക്കപ്പെട്ട കാവ്യപരിസരത്തേക്ക് മീൻ മൊസടും മൊച്ചയും പോലെ (മീൻ മണവും ഉളുമ്പും പോലെ) ഇത്തരം കവിതകൾ കടന്നുവരുന്നു. തീർച്ചയായും ഈ കവിതകളുടെ ദേശം കടലോരമല്ല. കടൽ തന്നെയാണ്. തിളച്ചുമറിയുന്ന കടലിനുള്ളിലാണ് കടപ്പെറം നിലനിൽക്കുന്നത്. അതിനാൽ കടലിന്റെ ആഴങ്ങളിൽനിന്നാണ് ഈ കവിതകൾ തിരയടിച്ചുയരുന്നത്.