ഉടലുണർവിന്റെ ചോരപ്പാടുകൾ

ഫസൽ റഹ്മാൻ

(അബുബക്കർ ആദം ഇബ്രാഹിമിന്റെ നൈജീരിയൻ സാഹിത്യ പുരസ്‌കാരം നേടിയ പ്രഥമ നോവൽ ‘ചെഞ്ചോരപ്പൂമൊട്ടുകളുടെ കാലം’ എന്ന നോവൽ പരമ്പരാഗത സമൂഹത്തിൽ വൈധവ്യത്തിലെ ഉടലുണർവുകൾ എന്ന വിലക്കപ്പെട്ട വിഷയത്തെ സമകാലിക നൈജീരിയൻ അധോലോക/ രാഷ്ട്രീയ സംസ്‌കൃതിയുടെ പശ്ചാത്തലത്തിൽ പരിശോധിക്കുന്നു)


‘ഇരുണ്ട ചുണ്ടുകളും ചെറു ചിതൽപ്പുറ്റുകളുടെ വയൽ പോലുള്ള ചപ്രത്തലമുടിയുമായി ബൂട്ടുകളും മറ്റും ധരിച്ചു പുരയിടത്തിന്റെ വേലി ചാടിക്കടന്നു തന്റെ ഹൃദയമെന്ന ചെളിക്കുഴിയിലേക്ക് ആ തെമ്മാടി നിപതിച്ച ആ ദിനത്തിലാണ് ഒടുവിൽ, തന്റെ അമ്പത്തിയഞ്ചാം വയസ്സിൽ, ഹാജിയാ ബിൻതാ സുബൈറു പിറവിയെടുത്തത്. അന്ന് വെളുപ്പിന് കൂറകളുടെ ദുസ്സഹ ഗന്ധത്തിൽ കഠിനമായ അസ്വസ്ഥതയോടെ ഉണർന്നപ്പോൾതന്നെ എന്തോ അശുഭകരമായതു സംഭവിക്കാൻ പോകുന്നുവെന്ന് അവൾക്ക് തോന്നിയിരുന്നു. അത് വളരെ മുമ്പൊരു നാൾ, അവളുടെ പിതാവ് അവൾക്കരികിൽ കുതിച്ചെത്തുകയും ഒരപരിചിതന് അവളെ വിവാഹം ചെയ്തു കൊടുക്കാൻ പോകുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്ത അന്നത്തെ അതേ വികാരം ആയിരുന്നു. അല്ലെങ്കിൽ, ആ അപരിചിതൻ, കൊല്ലങ്ങളോളം അവളുടെ ഭർത്താവായിരുന്ന സുബൈറു, വർഗീയ വിദ്വേഷത്തിന് അത്രയ്ക്കും ലജ്ജാരഹിതമായി ഇരയാവുകയും മത്തു പിടിച്ച മതഭ്രാന്തന്മാരുടെ ഒരു കൂട്ടത്തിന്റെ കയ്യിൽ എരിക്കപ്പെടുകയും ചെയ്ത ആ ദിനം പോലെയായിരുന്നു. അല്ലെങ്കിൽ, അവളുടെ ആദ്യമകൻ യാരോ, അവളുടെ അമ്മയുടെ ശാന്തമായ മുഖവും ശാലീന ഭാവവും ഉണ്ടായിരുന്നവൻ, പോലീസിന്റെ വെടിയേറ്റു മരിച്ച ദിനം പോലെ. അതുമല്ലെങ്കിൽ, അവളുടെ മെരുങ്ങാപ്രകൃതക്കാരിയായ മകൾ ഹുറൈറ തന്റെ ഒന്നിനും കൊള്ളാത്തവനായ ഭർത്താവ് തന്നെ മൊഴി ചൊല്ലിയെന്നു കരഞ്ഞുവിളിച്ചു തിരികെയെത്തിയ നാൾ
പോലെ’.

പ്രണയമെന്ന ഉടൽവഴക്കം
ഒരു നോവൽ വായനക്കാർക്ക് എന്താണ് കരുതി വച്ചിരിക്കുന്നത് എന്ന് സുവ്യക്തവും തീവ്രവുമായി ആദ്യഖണ്ഡികതന്നെ ആവിഷ്‌കരിക്കുന്നത് നിങ്ങളെ പുസ്തകത്തിന്റെ ഹൃദയത്തിലേക്ക് അതിവേഗം വലിച്ചടുപ്പിക്കും. ഇതിവൃത്ത കേന്ദ്രത്തിലെ സംഭവങ്ങൾ എന്നതിലേറെ തീക്ഷ്ണമായ ചില ഉത്കണ്ഠകളിലാണ് തന്റെ താത്പര്യം എന്നുകൂടിയാണ്, അത്തരം ഘടകങ്ങൾ ആദ്യമേ ‘തുറന്നുവയ്ക്കുന്ന’തിലൂടെ നോവലിസ്റ്റ് സൂചിപ്പിക്കുന്നത്. മധ്യവയസ്സു കടന്നാൽ പ്രണയമെന്നത് ഒരു പുരുഷമാത്ര വ്യവഹാരമാണ് എന്നത് പരമ്പരാഗത സമൂഹങ്ങളുടെ, വിശേഷിച്ചും മുസ്ലിം പാരമ്പര്യത്തിലെ പുരുഷ മേധാവിത്ത മൂല്യങ്ങൾ ഭരിക്കുന്ന ഹോസാ വിഭാഗത്തിൽ, അത്ര വേഗം മറികടക്കാനാവാത്ത വഴക്കമാണ് എന്നിരിക്കെ, അതിനൊരു മാതൃ-പുതൃ ‘ഈഡിപ്പൽ’ അഗമ്യഗമന തലം കൂടി പകർന്നു നൽകുക, അവിശുദ്ധ രതിയുടെ ‘അരുതാത്ത വിഷയം’ ധീരമായി ആവിഷ്‌കരിക്കുക, അതിൽ തന്നെയും, ഒരു പുരുഷ നോവലിസ്റ്റ് ആയിരിക്കുമ്പോൾത്തന്നെ,സ്‌ത്രൈണ രതിസങ്കല്പങ്ങളുടെ വിമോചനാത്മക ഭാവങ്ങൾ തികഞ്ഞ സംവേദന ക്ഷമതയോടെ പരിശോധിക്കാൻ തയ്യാറാകുക, ഇതിനൊക്കെയൊപ്പം, നാടിന്റെ സങ്കീർണവും ദുരന്തപൂർണവുമായ ഭൂത, വർത്തമാന കാല ചരിത്രത്തിലേക്ക് എല്ലായ്‌പോഴും ഉണർന്നിരിക്കുക – അബുബക്കർ ആദം ഇബ്രാഹിം എന്ന യുവ നൈജീരിയൻ നോവലിസ്റ്റ് തന്റെ പ്രഥമ നോവൽ ‘സീസൺ ഓഫ് ക്രിംസൺ ബ്ലോസംസ്’ എന്ന കൃതിയിലൂടെ ഈ വെല്ലുവിളകളാണ് ഏറ്റെടുക്കുന്നതും വിജയിക്കുന്നതും. വിഖ്യാതമായ നൈജീരിയൻ സാഹിത്യ പുരസ്‌കാരം (2016) നേടിയ പ്രസ്തുതകൃതിയിലൂടെ ‘പ്രകോപനകാരിയായ സാഹിത്യകാരൻ’ എന്ന്
അദ്ദേഹം വിളിക്കപ്പെട്ടതും ഫെമിനിസ്റ്റ് സമീപനങ്ങൾ ഉള്ള എഴുത്തുകാരികൾ പുസ്തകത്തെ ആഹ്ലാദത്തോടെ സ്വീകരിച്ചതുംസ്വാഭാവികമായിരുന്നു.
പ്രണയത്തെ കുറിച്ചുള്ള ഹാജിയ ബിൻത സുബൈറുവിന്റെ ആദ്യ നിലപാട് പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീയുടെ തെരഞ്ഞെടുപ്പെന്ന കേട്ടുകേൾവിയില്ലാത്ത കാര്യം അവരെങ്ങനെയാണ് നിശ്ശബ്ദം അംഗീകരിച്ചത് എന്നതിൽ പ്രകടമാണ്. 2001 സെപ്തംബർ ഏഴ് എന്ന ശപിക്കപ്പെട്ട ദിനത്തിൽ വീട്ടിൽ നിന്ന് പുറത്തു പോകുകയും പിന്നീട് ഒരിക്കലും തിരിച്ചുവരാതിരിക്കുകയും ചെയ്ത സുബൈറുവിനെ പ്രണയപൂർവമാണോ ഓർക്കുന്നത് എന്ന പേരക്കിടാവിന്റെ ചോദ്യത്തിന് ഹാജിയാ ബിൻത സുബൈറു നൽകുന്ന മറുപടിയിൽ അത് വ്യക്തമാണ്:

”പ്രണയം?” ആ വാക്ക് ബിൻതയുടെ നാവിൽ അസാധാരണമാംവിധം കനത്തതായി അനുഭവപ്പെട്ടു. ”എനിക്കറിയില്ല, സത്യമായും. എന്നാൽ നീ ജീവിതകാലം മുഴുവൻ ഒരാളോടൊപ്പം ജീവിച്ചാൽ നീ അയാളെ പ്രണയിക്കുന്നോ ഇല്ലയോ എന്നത് ഒരു വിഷയമേയല്ല”.
”എങ്ങനെയാണ് പ്രണയിച്ചിട്ടേയില്ലാത്ത ഒരാളോടൊപ്പം ജീവിക്കാനാവുക?”
”എന്റെ കാലത്ത്, ഞങ്ങൾ മാതാപിതാക്കൾ പഠിപ്പിച്ചതെന്തോ, അതുപ്രകാരം ജീവിച്ചു. അവർ പറഞ്ഞത് ഞങ്ങൾ അനുസരിച്ചു…”


പരമ്പരാഗത പാപബോധ ചിന്ത ആഴത്തിൽ വേരോടിയത് കൊണ്ടുതന്നെയാണ് റേസയുമായുള്ള ബന്ധം അത്രമേൽ ആത്മനിന്ദ ബിൻതയിൽ ഉളവാക്കുന്നതും.


”പൂക്കാൻ ഒരു ജീവിതകാലം മുഴുവൻ കാത്തു നിൽക്കുന്ന ഏതോ വങ്കൻ പുഷ്പം. മുപ്പതു വർഷം, അവൾ പറഞ്ഞു. എന്നിട്ട് ഇത്രയും വർഷങ്ങൾക്കു ശേഷം അതു സംഭവിക്കുമ്പോഴോ, അത് ഒരു ശവം പോലെ നാറുന്നു”. ഒരായുഷ്‌കാലത്തിന്റെ കാമനകൾ മുഴുവൻ ഉള്ളിലൊതുക്കിപ്പിടിച്ച് പ്രണയശേഷമില്ലാത്ത നിരർത്ഥക ബന്ധങ്ങളിൽ നിരന്തരം ആറാടി ഒടുവിൽ, വാർദ്ധക്യത്തിന്റെ പിടിമുറുക്കം തുട
ങ്ങുന്ന ഘട്ടത്തിൽ തന്റെ നിതാന്ത പ്രണയമായിരുന്ന ഫെർമിന ഡാസായുമായി സന്ധിക്കുന്ന മാർക്കേസിന്റെ ഫ്‌ളോറന്റിനോ അരീസോ (ാമവണ ധഭ ളദണ ൗധബണ മത ഇദമഫണറട) കണ്ടെത്തുന്നതും അതാണ്: ഈ പ്രായത്തിൽ അത് ഒട്ടും ആസ്വാദ്യകരമല്ല.


ചരിത്രത്തിന്റെ കുരുതിപ്പൂക്കൾ
വടക്കൻ നൈജീരിയയിലെ പ്ലാറ്റോ സ്റ്റേറ്റിൽ ജോസ് എന്ന സ്ഥലം നോവലിന്റെ പ്രധാന ‘സംഭവകേന്ദ്ര’മായി (centre of action) നോവലിസ്റ്റ് അടയാളപ്പെടുത്തുന്നുണ്ട്. വടക്കൻ നൈജീരിയ ക്രിസ്ത്യൻ-മുസ്ലിം സംഘർഷങ്ങളിൽ കലങ്ങിമറിഞ്ഞ പുതിയ നൂറ്റാണ്ടാദ്യത്തിൽ സംഭവിക്കുന്ന സുബൈറുവിന്റെ കൊല, പൊതുവേ സമാധാനപൂർണമായിരുന്ന പ്രദേശം ദക്ഷിണ സുഡാനിന്റെയോ റുവാണ്ടയുടെയോ പോലുള്ള ഇതര ആഫ്രിക്കൻ സംഘർഷ മേഖലകളുടെ സ്വഭാവത്തിലേക്കു മാറിയതിന്റെ ചിഹ്നമാണ്. 2001 സെപ്തംബർ മാസത്തിൽ പൊട്ടിപ്പുറപ്പെട്ട, നൂറ്റാണ്ടി
ന്റെ ആദ്യദശകത്തിൽ ഇടയ്ക്കിടെ ചൂടു പിടിക്കുകയും ഇന്നും തുടരുകയും ചെയ്യുന്ന സംഘർഷങ്ങളിൽ ജോസ് പ്രദേശത്തു മാത്രം പതിനായിരത്തിലേറെ പേർ കൊല്ലപ്പെടുകയും അതിലുമെത്രയോ കൂടുതൽ ആളുകൾ പറിച്ചെറിയപ്പെടുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പുകൾ പട്ടാളമോ യുദ്ധപ്രഭുക്കളോ അട്ടിമറിക്കുന്നതും തങ്ങൾക്കിണങ്ങാത്ത ഫലങ്ങൾ ഉണ്ടാകുമ്പോൾ അതംഗീകരിക്കാതിരിക്കുന്നതും പതിവായി സംഭവിച്ചിട്ടുണ്ട്. ഒരർത്ഥത്തിൽ ഹാജിയ ബിൻത, ഒരു യുദ്ധ വിധവയാണ്; അവരുടെ സഹോദരീ പുത്രി ഫായിസ യുദ്ധം സൃഷ്ടിച്ച അനാഥയും. 2010-ലെ ലഹളകളുടെ നേർ ചിത്രങ്ങളാണ് അവളുടെ ഉറക്കം കെടുത്തുന്നതും മനോവിഭ്രാന്തിക്കു കാരണമാകുന്നതും. ചില്ലുകൾ ഉടയുന്നതിന്റെയും ഭയന്ന അലമുറകളും കോപവും പ്രതിഷേധവും യാചനയും കലമ്പുന്ന സ്വരങ്ങളും അവൾ കേട്ടുകൊണ്ടേയിരിക്കുന്നു; അത് ജിന്നുബാധയാണെന്നു ഹുറൈറ പറയുമ്പോഴും ഹാജിയക്കറിയാം അതെവിടെ നിന്ന് വരുന്നുവെന്ന്. സഹോദരന്റെ മുഖം ഓർമിച്ചെടുക്കാൻ കഴിയുന്നില്ല എന്നത് ഒരു വേദനയായി ഫായിസയെ വേട്ടയാടുന്നുണ്ട്. അവൾ വരയ്ക്കുന്ന ചിത്രങ്ങളിൽ വർണങ്ങൾ കൂടിക്കലരുകയും ഇഴപിരിയുകയും ചെയ്യുന്നു. യുദ്ധം അന്നുവരെ ഒരുമിച്ചു കഴിഞ്ഞ മനുഷ്യരെ പോലും പരസ്പരംഒറ്റിക്കൊടുക്കുകയും കൊലയാളികൾ ആക്കുകയും ചെയ്യുന്നതിന് അവൾ സാക്ഷിയായിട്ടുണ്ട്: അവളുടെ പിതാവ് മുവാസു അമീനുവിനെ ചിരപരിചിതനായിരുന്ന അവളുടെ ഗണിത അദ്ധ്യാപകൻ ഉൾപ്പടെയുള്ളവർ വീട്ടിൽ നിന്നു വിളിച്ചിറക്കി കൊന്നുകളയുകയായിരുന്നു. നോവലിസ്റ്റിന്റെ ഭാഷയുടെ കരുത്തും സൗന്ദര്യവും ബോധ്യപ്പെടുത്തുന്ന ഏറ്റവും തീക്ഷ്ണമായ വിവരണം ഇങ്ങനെയാണ്:

”അവർ കുളിമുറിയുടെ വാതിൽ തകർത്തപ്പോൾ ആദ്യം അവളുടെ പിതാവ് കൈകൾ തലയ്ക്കു മുകളിലുയർത്തി മുന്നോട്ടുചെന്നു…
‘എന്റെ കുഞ്ഞുങ്ങളെ വെറുതെ വിടണേ, ദയവായി.’ വീട്ടിൽ അതിക്രമിച്ചുകയറിയആൾക്കൂട്ടത്തിനു മുന്നിൽ മുവാസു മുട്ടുകുത്തി.

”കൊല്ലവനെ! കൊല്ലവനെ! എന്താണ് കാത്തു നിൽക്കുന്നത്?” അതൊരു സ്ത്രീയായിരുന്നു

”ഫായിസക്കറിയാമായിരുന്നു ആ സ്ത്രീയുടെ സ്വരം അവൾ ഒരിക്കലും മറക്കില്ലെന്ന്. അതിലെ വെറുപ്പ് അവളൊരിക്കലും മറക്കില്ല. ആളുകളെ തങ്ങൾ ഒരിക്കലും ഇടപെട്ടിട്ടില്ലാത്ത മനുഷ്യരെ കൊല്ലാൻ പ്രാപ്തരാക്കുന്ന വെറുപ്പിന്റെ പകർച്ച സ്വഭാവം അവളറിഞ്ഞു, അല്ലെങ്കിൽ ഒരേ പാത്രത്തിൽ നിന്ന് ഉണ്ട മനുഷ്യരെ, ഒരുമിച്ചു കരഞ്ഞ, ചിരി പങ്കു വച്ച, ചില സന്ദർഭങ്ങളിൽ ബന്ധുത്വത്തിന്റെ അടുത്തെത്തുന്ന സൗഹൃദത്തിന്റെ തളിർത്ത വള്ളിക്കുടിൽ നനച്ചു വളർത്തിയ മനുഷ്യരെ. എന്നാൽ ആ സ്ത്രീയുടെ സ്വരം, ഒരൊറ്റയടിക്ക്, വള്ളിക്കുടിലിനെ തകർത്തുകളഞ്ഞു,
അതിന്റെ ശകലങ്ങൾ ഛിന്നഭിന്നമായ സസ്യജാലത്തെ പോലെഅവരുടെ കാൽക്കൽ വീണുപോയി.

ഫായിസ മുന്നോട്ടു ചുവടു വച്ചു, തന്റെ ഗണിത അദ്ധ്യാപകൻ ജേക്കബ് ജെയിംസിന്റെ മുഖം കണ്ടു, അയാളെപ്പോഴും വൃത്തിയായി വസ്ത്രം ധരിക്കുമായിരുന്നു – ഷർട്ട് നന്നായി ഇസ്തിരിയിട്ട്, കൃത്യമായി ധരിച്ച ടൈയോടെ.

”അയാളുടെ മുഖം യുദ്ധത്തിന്റെ ചായം പൂശി ക്രൗര്യം വരുത്തിയിരുന്നു, അത് വിയർപ്പും വിദ്വേഷവും കൊണ്ട് തിളങ്ങി, അയാൾ തന്റെ കൊടുവാൾ ഉയർത്തി താഴേക്കു കൊണ്ടുവന്നു. തിളങ്ങുന്ന ചുവപ്പ് ചോര, ചൂടും ഒട്ടലുമുള്ളത്, ഫായിസയുടെ മുഖത്തേക്ക് തെറിച്ചുവീണു, പിതാവ് നൽകിയതായിരുന്ന ചിപ്പിച്ചുവപ്പുള്ള രാത്രിവസ്ത്രത്തിൽ പുള്ളികൾ വീഴ്ത്തി.” നോവലിന്റെ തലക്കെട്ടിലെ ‘ചെഞ്ചോര മൊട്ടുകൾ’ അങ്ങനെയാണ് പിറവിയെടുക്കുന്നത്.


ലളിതമല്ലാത്ത സമവാക്യങ്ങൾ
എന്നാൽ, വംശീയസംഘർഷങ്ങളും മാനുഷികതയും തമ്മിലുള്ള വിനിമയങ്ങളിലെ സങ്കീർണതകൾ സമവാക്യങ്ങളിൽ ഒതുങ്ങുന്നതല്ലെന്നു ബിൻത കണ്ടെത്തുന്നുണ്ട്: ”എന്റെ ഭർത്താവ്… അദ്ദേഹം തൊഴിൽ നൽകിയ ക്രിസ്ത്യൻ യുവാക്കളാൽ കൊല്ലപ്പെട്ടു. അവർ അദ്ദേഹം ഒന്നാം പേരിൽ വിളിച്ച ഇടപാടുകാർ ആയിരുന്നു. എന്റെ സഹോദരിയുടെ ഭർത്താവും മകനും ക്രിസ്ത്യൻ അയൽപക്കക്കാരുടെ കൈകളാൽ കശാപ്പു ചെയ്യപ്പെട്ടു, കാരണം ഒരു സ്ത്രീ അതവരോട് ആവശ്യപ്പെട്ടു. എന്നാൽ എന്റെ സഹോദരിയും പെൺമക്കളും ബലാത്കാരത്തിൽ നിന്നും കൊലയിൽ നിന്നും രക്ഷപ്പെട്ടത് മുസ്ലിം യുവാക്കൾ കൊന്നുകളഞ്ഞ ഭർത്താവുണ്ടായിരുന്ന ഒരു സ്ത്രീ മുഖാന്തരമായിരുന്നു”. ഈ പാഠമാണ് അവൾ റേസയ്ക്കു പകർന്നു നൽകാൻ ശ്രമിക്കുന്നത്: ”… (ഇതാണ്) ഞാൻ മാനുഷികതയിലുള്ള വിശ്വാസം നഷ്ടപ്പെടുത്താത്തത്. ഇതാണ് ഞാൻ നിന്നെ കുറിച്ച് പ്രതീക്ഷ കൈവിടാൻ തയ്യറല്ലാത്തത്”.

‘ഓരോ ദിനവും മോഷ്ടാക്കൾക്ക്’ (‘എവരിഡേ ഈസ് ഫോർദി തീഫ്’ – തേജുകോൽ) എന്ന മട്ടിൽ ക്രിമിനൽ സംഘങ്ങൾ വിളയാടുന്ന ദൈനംദിന ജീവിതാവസ്ഥയുടെ പ്രതീകംതന്നെയാണ് ഹസൻ ‘റേസാ’ ബബാലെയെന്ന ഗുണ്ടാസംഘത്തലവനും അവരുടെ കേന്ദ്രമായ ‘സുഷുപ്തിയിലാണ്ട മൃഗ’മായ സാൻ സീറോചേരിയുടെ രാജകുമാരനും കഞ്ചാവുവലിക്കാരനുമായ ചെറുപ്പക്കാരൻ – ‘റേസർ’ മൂർച്ചയോടെ ഹിംസ നടത്താൻ കഴിയുന്നവനെങ്കിലും സെനറ്റർ ബുബാമൈകുദിയെ പോലുള്ള കൂടുതൽ വലിയ രാഷ്ട്രീയദൈവങ്ങളുടെ പദ്ധതികളിൽ ആവശ്യം കഴിഞ്ഞാൽ കൃമികളെ പോലെ ഒടുക്കിക്കളയാൻ മാത്രം വിധിയുള്ളവൻ. വടക്കൻ ദേശത്തെ ഫുലാനി വിഭാഗക്കാരിൽ നിന്ന് കാലികളെ വാങ്ങി തെക്കൻ നൈജീരിയയിലെ ഇബോ വിഭാഗക്കാർക്കെത്തിച്ചു കൊടുക്കുന്ന ജോലിയായിരുന്നു അവന്റെ പിതാവിന്. ഒരിക്കലുംയോജിക്കാത്ത ബന്ധം ഉപേക്ഷിച്ചു മമ്മ സൗദിയിലേക്ക് പോയത് അവന്റെ കുട്ടിക്കാലത്തെ ഇല്ലാതാക്കി. ‘ആ സൗദി തേവിടിശ്ശി’ എന്ന് മാത്രം മമ്മയെ ഓർക്കുന്നതിന് അവനു കാരണങ്ങൾ ഉണ്ട്; പശ്ചാത്തപിക്കാനും മകനെ രക്ഷപ്പെടുത്താനുമുള്ള അവരുടെ ശ്രമങ്ങൾ അവഗണിക്കാനും. ഒരു പ്രകോപനവുമില്ലാത്ത പതിവ് ഏറ്റുമുട്ടലിൽ പോലീസിന്റെ കൈകളിൽ മരിക്കുന്ന യാരോയുടെ തികച്ചും വിസ്മൃതമായ ഓർമ എങ്ങനെയാണ് റേസാഉണർത്തിയതെന്നത് ഹാജിയാ ബിൻതക്കും നിഗൂഢതയാണ്.


താൻ തന്നെ മറന്നുപോയ ഹസൻ എന്ന യഥാർത്ഥ പേര് ഇപ്പോൾ ബിൻത മാത്രമാണ് തന്നെ വിളിക്കുന്നതെന്നത് റേസാക്കും വിചിത്രമായിത്തോന്നും. അപ്രതിരോധ്യമായ ഒരാകർഷണത്തിൽ ‘പാപം’ ആവർത്തിക്കുമ്പോഴും റേസായുടെ ജീവിതവഴികളിൽ
മാതൃസാന്നിധ്യം ആവാൻ തന്നെയാണ് ബോധപൂർവമെങ്കിലും അല്ലെങ്കിലും ഹാജിയായുടെ ശ്രമം. അത് ഒന്നിലേറെ തവണ ബന്ധത്തിന് ഭീഷണിയാകുന്നുമുണ്ട്. ഒരു ഘട്ടത്തിൽ സ്വയം മറന്നുഹാജിയയെ പ്രഹരിക്കാൻ ഉയർത്തിയ കൈ അവരെ ഞെട്ടിക്കുന്നുണ്ട്. ”അവളുടെ ഹൃദയത്തിന്റെ വന്യമായ മിടിപ്പിനും മുകളിൽ നഗ്‌നമായ ഭീഷണിയുടെ നുരകൾ അവളറിഞ്ഞു, ആസക്തി കൊണ്ടും അവർ പേരു വിളിക്കാൻ വിസമ്മതിച്ച മറ്റു മൃദുല ഭാവങ്ങൾ കൊണ്ടും അവർ ഒരുമിച്ചു തീർത്ത കൂടിനെ അത് പിടിച്ചുലച്ചു”.

റേസായുമായി ബന്ധം പുന:സ്ഥാപിക്കാനും അവനെ അവന്റെ നരകജീവിതത്തിൽ നിന്ന് മോചിപ്പിച്ചു സൗദിയിലേക്ക് കൂട്ടിക്കൊണ്ടുപോകാനും മമ്മ നടത്തുന്ന ശ്രമങ്ങളോട് ഈർഷ്യയോടെ മുഖം തിരിക്കുന്ന യുവാവിനെ അവർ ശാസിക്കുന്നുമുണ്ട്, അത് വിശേഷിച്ച് ഒരു ഗുണവും ഉണ്ടാക്കില്ലെങ്കിലും. ആദ്യ കണ്ടുമുട്ടലിൽ കഴുത്തിൽ മുറിപ്പാടുണ്ടാക്കുന്ന കത്തിമുന അമരുമ്പോഴും ഒരു ആണുടലിനോട് താൻ ചേർന്ന് നിന്നിട്ട് വർഷങ്ങൾ കഴിഞ്ഞുവെന്ന് ബിൻത ഓർമിക്കുന്നു. തുടർന്നുണ്ടാകുന്ന ഓരോ സമാഗമവും അങ്കലാപ്പും പാരമ്പര്യ നിഷേധത്തിന്റെ ഭയപ്പാടും പാപബോധവും കലർന്ന ‘വിലക്കപ്പെട്ട’ ബന്ധത്തിന്റെ (അഠധഭ ഒഴഭസട) സംഘർഷമാണ് ഹാജിയ ബിൻതയിൽ അവശേഷിപ്പിക്കുക. ഹാജി
യ തന്റെ ജീവിതത്തിൽ അത്തരം വിധിവിലക്കുകൾ എന്നും മാനിച്ചു പോന്നവളാണ് എന്നതിന്റെ ശക്തമായ തെളിവാണ് ആദ്യ ആൺസന്തതിയെ പേരു വിളിച്ചുകൂടാ എന്ന കീഴ്‌വഴക്കം അവർ നിഷ്‌കർഷയോടെ അംഗീകരിക്കുന്നതും, പട്ടാള ഭരണാധികാരി മൂർത്തല മുഹമ്മദ് വധിക്കപ്പെട്ട ദിവസം (13 ഫെബ്രുവരി 1976) പിറന്നതിന്റെ ഓർമയ്ക്ക് മുർത്തല സുബൈറു എന്ന് പേരിട്ട മൂത്ത മകനെ ‘യാരോ’ (boy) എന്ന് വിളിക്കുന്നതും. അക്കാര്യത്തിൽ മകൾ ഹദീസയ്ക്ക് വേറെ നിലപാടാണ്: ”ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ്. ഞാൻ എന്നെയും എന്റെ കുട്ടികളെയും
നിങ്ങൾ ചെയ്തപോലെ പഴയ രീതികളുടെ ചങ്ങലയിൽ കുരുക്കില്ല”. അതേസമയം ‘റേസാ’യെന്ന വിളിപ്പേരിനു പകരം ഹസൻ എന്ന ആരും വിളിക്കുന്നില്ലാത്ത പേരിൽ മാത്രമാണ് ബിൻത കാമുകനെ വിളിക്കുക. ബന്ധത്തിലെ ഈഡിപ്പൽ സംഘർഷം അവരെ തുടക്കം മുതലേ മഥിക്കുന്നുമുണ്ട്: ”അവർക്ക് അറിയാനായി, ഒരപരിചിതന്റെ കണ്ണുകളിൽ യാരോയ്ക്കു വേണ്ടിയുള്ള തന്റെ അന്വേഷണം അവരുടെ അത്രയും കാലം അടക്കിനിർത്തിയിരുന്ന അഭിലാഷങ്ങളെ കയറൂരിവിട്ടു, വ്യഭിചാരത്തിന്റെ മനംപിരട്ടുന്ന വാട തന്നിൽ ചുറ്റിപ്പറ്റി നിൽക്കാൻ ഇടയാക്കുകയും ചെയ്തു”. കണ്ണീരൊഴുകുന്ന മുഖവുമായാണ് തന്റെ ഉടലിനുള്ളിൽ അയാൾ തുറന്നുവിടുന്ന ആസക്തിയുടെ രുചികൾ അവർ ഏറ്റുവാങ്ങുക. റേസയാകട്ടെ, കണ്ണീരണിയുക സമാനമായ ഒരു കണ്ടെത്തലിലാണ്: ”അവർക്ക്എന്റെ അമ്മയുടെ കണ്ണുകളുണ്ട്”.

പ്രതീക്ഷയുടെ വഴികൾ
വിദ്യാഭ്യാസമാണ് സ്വതേ പ്രതീക്ഷയറ്റ സാഹചര്യങ്ങളിൽ രക്ഷപ്പെടാനുള്ള ഏക ഉപാധിയെന്നത് പോസ്റ്റ് കൊളോണിയൽ ആഫ്രിക്കൻ തിരിച്ചറിവുകളുടെ ഭാഗമായി ആ ദേശങ്ങളിൽ നിന്നുള്ള സാഹിത്യത്തിൽ ആവർത്തിക്കുന്ന പ്രമേയമാണ്. വടക്കൻ നൈജീരിയയിലെ വഴിതെറ്റിപ്പോകുന്ന യുവത്വത്തിന്റെ പ്രധാന പോരായ്മ വിദ്യാഭ്യാസക്കാര്യത്തിൽ കുടുംബങ്ങളിൽ നിലനിന്ന അലംഭാവം തന്നെയാണെന്നും ഭരണ-രാഷ്ട്രീയ മാഫിയകൾ ഈ ദൗർബല്യത്തെ ആവോളം മുതലെടുത്തിട്ടുണ്ടെന്നും തങ്ങളുടെആവശ്യത്തിന് ഉപയോഗിച്ച് തള്ളാനുള്ള കായികവിഭവം മാത്രമാണ് അവർക്ക് ദൗർഭാഗ്യവാന്മാരായ ഈ ചെറുപ്പക്കാർ എന്നുമുള്ള വസ്തുതയുടെ തികഞ്ഞ മാതൃകയാണ് റേസായും കൂട്ടരും. മൂന്നോ നാലോ കുട്ടികൾ ആയിക്കഴിഞ്ഞതിനു ശേഷം വാശിയോടെ മുതിർന്നവർക്കുള്ള ക്ലാസിൽ പഠിക്കുകയും അധ്യാപികയായി രണ്ടു പതിറ്റാണ്ടു കാലം ജോലി ചെയ്യുകയും ചെയ്ത ബിൻത, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം റേസായെ ബോധ്യപ്പെടുത്താൻ പലവുരു ശ്രമിക്കുന്നുണ്ട്. അവർതന്നെ മുൻകൈ എടു
ത്ത് രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നുണ്ട്. ”അവൾ അയാളുടെ അരികിലിരുന്നു, എന്നിട്ട് സ്വന്തം മകനോടെന്ന പോലെ, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു” എന്ന് നോവലിസ്റ്റ് എഴുതുന്നു. നൈജീരിയൻ സാഹിത്യചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളിൽ ഒന്നായ ‘കാനോ മാർക്കറ്റ് ലിറ്ററേച്ചർ’ പാരമ്പര്യത്തെ കുറിച്ചുള്ള ഒട്ടേറെ സൂചകങ്ങളും നോവലിൽ കടന്നുവരുന്നുണ്ട്. ബിൻതയുടെ പേരക്കിടാങ്ങൾ ഫായിസയും കരീമയും മറ്റും അത്തരം റൊമാൻസ് (ലമസടസസട ഭമവണഫല) നോവലുകളുടെ ആരാധകരാണ്. ഒരു പെൺസുഹൃത്ത് സമ്മാനമായി നൽകിയ സൈപ്രിയൻ എക് വെൻസിയുടെ നോവൽ ‘ദി പ്രൊഫസർ ഓഫ് മലാം ഇലിയ’യുടെ കോപ്പി തന്റെ ഭർത്താവിന്റെ പെട്ടിയിൽ കണ്ടെത്തുന്നതാണ് ഹുറൈറ അയാൾക്കെതിരിൽ ഉപയോഗിക്കുന്ന ഒരായുധം. ഹെമിംഗ്‌വേയുടെ കിഴവന്റെ സഹനവും ദുരന്തവും തന്റെ ജീവിതത്തിലും മാറ്റൊലി കൊള്ളുന്നതായി ആ പുസ്തകം വീണ്ടും വീണ്ടും വായിക്കുന്ന, നല്ല വായനക്കാരിയായ ഹാജിയ ചിന്തിക്കുന്നുണ്ട്. എന്നാൽ, ഇതിനൊക്കെ നേർവിപരീതമായി, ബുബാമൈകുദിയെ പോലുള്ളവർക്ക് വിദേശത്തു മികച്ച യൂണിവേഴ്‌സിറ്റികളിൽ തങ്ങളുടെ മക്കളുടെ ഭാവി സുരക്ഷിതമാണെങ്കിലും റേസായെ പോലുള്ള ചാവേറുകളുടെ കാര്യത്തിൽ വേറെ പദ്ധതികളാണ്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ‘രാഷ്ട്രീയത്തിൽ നിതാന്ത സൗഹൃദങ്ങൾ ഇല്ല, പക്ഷെ നിതാന്ത താത്പര്യങ്ങൾ ഉണ്ട്’ എന്ന നിലപാടുള്ള തികഞ്ഞ മാക്കിയ വെല്ലിയൻ വില്ലൻ ആയ സെനറ്റർ, പാർട്ടിക്കകത്തെ തന്റെ രാഷ്ട്രീയഎതിരാളി അൽ ഹാജിഷേഹു ബകോരിയെ വരുതിയിലാക്കാനുള്ള പദ്ധതിയുടെ നടത്തിപ്പിനായി അയാളുടെ മകനെ തട്ടിക്കൊണ്ടുപോകുകയെന്ന ജോലി റേസയെ ഏല്പിക്കുന്നത് അതിന്റെ ഭാഗമാണ്. അത് കൂട്ടുകാരുടെ പിടിപ്പുകേടിൽ പരാജയപ്പെടുന്നത്അയാളെ ബോസിന്റെ കരിമ്പട്ടികയിലാക്കുന്നു. എന്നാൽ നോവലിസ്റ്റ് ഈ സന്ദർഭത്തെ റേസയുടെ മനസ്സിൽ ഇനിയും വറ്റിയിട്ടില്ലാത്ത മനുഷ്യത്വത്തിന്റെ ഉറവ ഒരിക്കൽകൂടി ചുരത്താനുള്ള അവസരമായാണ് ഉപയോഗിക്കുന്നത്. ആളു മാറി തടവിലാക്കുന്ന പെൺകുട്ടിയോട് തോന്നുന്ന ആകർഷണം ഒരു കീഴടക്കൽ മനോനിലയിലേക്ക് ഒരിക്കലും അയാളെ എത്തിക്കുന്നില്ല.

Cyprian Ekwensi

ലൈലയുടെമുടിയിഴകളുടെ മസൃണതയും ഉടലിന്റെ പേലവ യൗവനവും പ്രായം കടന്ന ഹാജിയയുമായുള്ള സമാഗമ ഘട്ടത്തിൽ അയാളെ മഥിക്കുന്നുണ്ട്; അയാളുടെ എങ്ങോ നഷ്ടപ്പെട്ട ഭാവം പുതിയ ബന്ധത്തിന്റെ തെളിവായി ഹാജിയ മണത്തറിയുന്നുമുണ്ട്. തങ്ങൾ രണ്ടുപേരും പെട്ടുപോയവരാണ് എന്ന് ലൈലയോട് വിവരിക്കുന്ന റേസ പറയുന്നുണ്ട്: ”ചിലയാളുകൾ പുതിയ ഔഷധികൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്, മറ്റുള്ളവർ പുതിയ ആയുധങ്ങൾ തീർക്കുകയും. പിന്നെ വേറെ ചിലരുണ്ട്. തങ്ങളെതന്നെ കൊല്ലാൻ നടക്കുന്നവർ. ശരിക്കും ഭോഗിക്കപ്പെട്ടത്, മനസ്സിലാവുന്നുണ്ടല്ലോ?” ദുരൂഹമായ ചടങ്ങായി ദൈവപ്രീതിക്കു വേണ്ടി മൂന്നുവയസ്സുകാരിയെ കൊന്നു തുണ്ടംതുണ്ടമാക്കിയ കൊലയാളി
യെ കുറിച്ച് പറയുമ്പോൾ ഒളിപ്പിച്ചു വയ്ക്കാൻ ശ്രമിക്കുന്ന ഒരുതുള്ളി കണ്ണീർ അയാളുടെ കണ്ണുകളിൽ പൊടിയുന്നത് അവൾ കാണുന്നുണ്ട്.

ബലിമൃഗത്തിന്റെ അടയാളം
നോവലിലെ കഥാപാത്രങ്ങളെല്ലാം സമൂഹ നിർമിതിയായ സങ്കീർണതകളെ നേരിടുന്നുണ്ടെന്നും ഒരു ‘ചെഞ്ചോരമൊട്ടു’മായി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ടെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Salamatu Sule: “SEASON OF CRIMSON BLOSSOMS”: THE EFFECT OF SOCIETY ON THE HUMAN PERSONALITY IN
ABUBAKAR ADAM IBRAHIM’S DEBUT NOVEL: .wrr.ng/authorpedia).. ഫായിസ യുദ്ധത്തിന്റെ പ്രതിബിംബങ്ങൾ വരയ്ക്കാൻ ശ്രമിക്കുമ്പോൾ ഹുറൈറയ്ക്ക് തന്റെ ഭർത്താവിനെ തിരികെ കിട്ടണം. റേസയുടെ ദുരന്തത്തിനു ശേഷം അയാൾ നൽകിയ പൂമ്പാറ്റകളെ തുന്നിപ്പിടിപ്പിച്ച ലേസുകളിൽ ബിൻതയുടെ പ്രണയം തങ്ങിനിൽക്കും. നിരന്തര പ്രണയാഭ്യർത്ഥനയുമായി ഹാജിയ ബിൻതയെ പിന്തുടരുന്ന മലാം ഹാറൂനയുടെ റേഡിയോയാണ് അയാളുടെ ചെഞ്ചോരമൊട്ട്. ഹാജിയ അതുമാത്രമല്ല; അയാളുടെ പ്രണയത്തെയും നിഷേധിക്കുന്നതാണ് അയാളിൽ പ്രതികാരവാഞ്ചയായി ഉണരുകയും ഉന്നതങ്ങളിൽ പിടിപാടുള്ള ഹാജിയുടെ മകൻ മുൻകൈലയെ റേസയുമായുള്ള മുഖാമുഖത്തിലേക്കും തുടർന്ന് ദുരന്തങ്ങളുടെ അനുസ്യൂതതയിലേക്കുംകൊണ്ടെത്തിക്കുകയും ചെയ്യുക. റേസയിൽ നിരാശനായിപ്പോയസെനറ്ററും ചെറുപ്പക്കാരന്റെ കൂസലില്ലായ്മയിൽ എന്നും പ്രകോപിതനായിരുന്ന പോലീസ് മേധാവി ദോദാ ബലേരിയും അതിൽ കണ്ണിചേരുന്നത് തികച്ചും ഒരു കാനിവുഡ് ത്രില്ലർ ചേരുവ പ്രദാനം ചെയ്യുന്നുമുണ്ട്. റേസയുടെ ദുരന്തം എവിടെയൊക്കെയോമെൽവില്ലിന്റെ ബില്ലിയെ (Billy Budd: the Sailor – Herman Melville) ഓർമിപ്പിക്കുന്നുണ്ട്, ബില്ലിയുടെ നിരുപാധിക നിഷ്‌കളങ്കതയല്ല റേസയുടെ പ്രകൃതം എന്നിരിക്കിലും.

പാപത്തിന്റെ ശമ്പളം മരണമെന്ന പരമ്പരാഗത സമൂഹങ്ങളിൽ രൂഢമായ നിലപാടിനു തികച്ചും ദാരുണമായ ഒരു ഉദാഹരണമായിത്തീരുന്ന നോവലന്ത്യം, മരണത്തേക്കാൾ വലിയ ദുരന്തമാണ് ബിൻതയുടെ വിഹിതമായി കരുതിവയ്ക്കുന്നത്. വിധവയുടെ അടിച്ചമർത്തപ്പെട്ട ഉടൽമോഹങ്ങളുടെ വിമോചനം എന്ന സാധ്യതയ്‌ക്കെതിരെ മതവും ലൈംഗിക അസൂയയും കുടുംബ ബന്ധങ്ങളുടെ കെട്ടുപാടുകളും ഒരുമിച്ചു കൈകോർക്കുമ്പോൾ, രക്ഷപ്പെടാനുള്ള ചെറിയ മനുഷ്യരുടെ മോഹങ്ങളൊന്നും നടക്കാൻ പോകുന്നില്ലെന്നും പശ്ചാത്താപ ബോധത്തിനോ സ്വയം
പരിവർത്തനപ്പെടാനുള്ള സന്നദ്ധതയ്‌ക്കോ ഒരിക്കൽ വാളെടുത്തു പോയ ഇരജന്മങ്ങളെ പുനരധിവസിപ്പിക്കാനാവില്ല എന്നുംറേസായുടെ വിധി സാക്ഷ്യപ്പെടുത്തുന്നു. പ്യൂരിറ്റാനിക്കൽ സാഹചര്യങ്ങളിലെ വിലക്കപ്പെട്ട ലൈംഗികതയുടെ ആവിഷ്‌കാരത്തിൽ നോവൽ നാഥനീൽ ഹോതോണിന്റെ ‘ദി സ്‌കാർലെറ്റ് ലെറ്റർ’ എന്ന ക്ലാസിക്കിനെ ഓർമിപ്പിക്കുന്നുണ്ടെന്നും ബിൻത സുബൈറുവിനെ ഹെസ്റ്റർ പ്രിന്നിന്റെ ഒരു ഹോസാ-മുസ്ലിം പതിപ്പായി കാണാമെന്നും ജോസഫ് ഒമോതായോ (Joseph Omotayo, criticalliteraturereview.blogspot.com) നിരീക്ഷിക്കുന്നതും പ്രസക്തമാണ്.