നിന്റെ ദൈവം തീരെ ചെറിയവൻ ആകുന്നു

മുഞ്ഞിനാട് പത്മകുമാർ

‘നിന്റെ ദൈവം തീരെ ചെറിയവൻ ആകുന്നു’ (Your God is too small) ) എന്നൊരു പുസ്തകമുണ്ട്. ഒരിക്കൽ അപ്പൻ സാർ ഈ പുസ്തകത്തെ ഉദ്ധരിച്ച് ക്ലാസ്സിൽ പറഞ്ഞത് ഇപ്പോൾ ഓർമിക്കുന്നു. തീരെ ചെറിയ ദൈവം എന്ന വിശേഷണം ആദ്യം ഉള്ളിൽ ചിരിയാണ് വിടർത്തിയത്. തീരെ ചെറിയ ദൈവത്തിന് ആകാശത്തോളം വളർന്ന മനുഷ്യനെ എങ്ങനെ ചൊല്പടിക്ക് നിർത്താനാകും എന്നതായി ആലോചന. പിന്നീട് പഴയ നിയമത്തിന്റെ ആവർത്തന വായനയിൽ ദൈവത്തെ ‘സൈന്യങ്ങളുടെ ദൈവം’ എന്നു വിശേഷിപ്പിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. പുതിയ നിയമം
വായിച്ചപ്പോൾ ‘ദൈവം സ്‌നേഹമാകുന്നു’ എന്നു വായിച്ചു. ഇങ്ങനെ ദൈവത്തെ വിശേഷിപ്പിക്കുന്നതിനോടും സ്തുതിക്കുന്നതിനോടും എനിക്ക് യോജിപ്പില്ലായിരുന്നു. ഞാനെന്റെ അഭിപ്രായം നിശിതമായി തന്നെ അവതരിപ്പിക്കാൻ ഒരു സദസ്സിനുവേണ്ടി തക്കം പാർത്തിരുന്നു.

അങ്ങനെയിരിക്കെ ഒരിക്കൽ വലിയ മെത്രോപ്പോലീത്ത തിരുമേനിയെ ഒരു സാംസ്‌കാരികപരിപാടിയിൽ വച്ച് കണ്ടുമുട്ടി. കാണുന്ന കാലത്ത് തിരുമേനിയുടെ കേൾവിക്ക് സാരമായ കുറവ് സംഭവിച്ചിരുന്നു. അതിനാൽ എഴുതിയാണ് ഇക്കാര്യം ഞാൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തിയത്. എന്റെ കുറിപ്പടി വായിച്ച തിരുമേനി വലിയ വായിൽ ചിരിച്ചു. അപ്പോൾ ഭൂമി കുലുങ്ങുന്നതുപോലെ എനിക്ക് തോന്നി. ‘എന്റെ പൊക്കത്തിലും വണ്ണത്തിലും നിറത്തിലും സൗന്ദര്യത്തിലും പദവിയിലും ഉള്ള ദൈവത്തെ മാനിക്കുന്നുണ്ടോ’ എന്ന് ചോദിച്ചു. ആ ചോദ്യ
ത്തിന് ആകാശത്തുവച്ച് പലതായി പൊട്ടുന്ന ഒരു കതിനയുടെ കൗശലമുണ്ടെന്ന് എനിക്കറിയാമായിരുന്നു. ഞാനൊന്നും മിണ്ടിയില്ല. അടുത്ത വലിയ ചിരിക്ക് മുൻപ് അതീവശാന്തതയോടെ തിരുമേനി പറഞ്ഞു ‘എല്ലാവർക്കും ആരാധിക്കാൻ ഒരു സ്വർഗീയ ദൈവം വേണം. താങ്കളെപ്പോലെ ഞാനും ആ ദൈവത്തെ തേടുകയാണ്’. ഇതു പറഞ്ഞു കഴിഞ്ഞെങ്കിലും അത്യുഗ്രമായൊരു പൊട്ടിച്ചിരി എെന്ന വിറപ്പിച്ചുകൊണ്ട് കടന്നുപോയി. തിരുമേനിയുടെ വാക്കുകൾ എന്റെ ജിജ്ഞാസയെ കെടുത്തുകയോ ആളിക്കത്തിക്കുകയോ ചെയ്തില്ല. പകരം അതെന്റെ ഉള്ളിൽ പൊട്ടാതെ കിടന്ന ഒരു വെടിമരുന്നായി. ഇടയ്ക്കിടെ അത് ഉള്ളിൽനിന്ന് പുറത്തേക്ക് തികട്ടിവരും. അതിനു ശമനം കിട്ടാനാണ് ചെറിയ ദൈവത്തെ എന്റേതായ രീതിയിൽ വ്യാഖ്യാനിക്കാൻ ശ്രമിച്ചത്. അതിന് വേദപുസ്തകത്തിന്റെ ദിശാസൂചികൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ യേശുവിന്റെ ഉപമകൾ എനിക്ക് കുറേദൂരം കൂട്ടുവന്നു. അതെന്നെ ആവുംവിധം ശുശ്രൂഷിച്ചു. അതെന്റെ അസ്വസ്ഥതകൾ ക്കുമേൽ തണുത്ത വെള്ളം കോരിയൊഴിച്ചു.

‘നിന്റെ ദൈവം തീരെ ചെറിയവൻ ആകുന്നു’ എന്ന് കസൻദ് സാക്കീസ് ഒരിടത്തും എഴുതിയിട്ടില്ല. പക്ഷേ, ആ മഹാപ്രതിഭ അതു കാണിച്ചു തരുന്നത് അത്ഭുതത്തോടെയാണ് ഞാനനുഭവിച്ചത്. ‘ദൈവത്തിന്റെ നിസ്വാൻ’ (ഏമഢ യമയയണറ) എന്ന കൃതിയിൽ ചെറിതിന്റെ മഹത്വത്തെ സാക്കീസ് ഉദ്‌ഘോഷിക്കുന്നതു കാണാം. വാക്കുകൾക്കതീതമായ ദൃശ്യഭംഗിയോടെയാണ് സാക്കീസ് അത് അവതരിപ്പിക്കുന്നത്. വിദൂരതയിൽ, മേഘപ്പോളകൾക്കുള്ളിലൂടെ തെളിഞ്ഞുവരുന്ന ചാന്ദ്രപ്രഭപോലെ നമുക്കിത് കാണാം. തണുത്ത കാറ്റിൽ ദേവാലയവാതിലുകൾ മെല്ലെ തുറക്കപ്പെടുന്നു. അൾത്താരയ്ക്ക് നടുവിൽ നിറഞ്ഞുതൂവിയ മിഴികളുമായി ഒരു നിസ്വൻ. ഏകാഗ്രസമാധിയിലേക്കൊഴുകുന്ന പ്രയാണം. മനുഷ്യാത്മാവിന് ഒഴുകിയെത്താനാവാത്തവിധം ഘനീഭവിച്ചുപോയ ആ ഇരുളിലും സൂര്യമണ്ഡലം പോലെ ആ ശിരസ്സ് വിളങ്ങുന്നുണ്ടായിരുന്നു. അവൻ ഭൂമിയിലെ എല്ലാ പാപപരിഹാരങ്ങൾക്കുമായിദൈവത്തിനോട് അപേക്ഷിക്കുകയാണ്. തിരുഹൃദയഭക്തിയിലേക്ക് ഒഴുകുന്ന പവിത്രമായ നാദനീലിമ. ദൈവസ്‌നേഹത്താൽ തരളിതമായ ആ ഹൃദയം ഭൂമിയിലുണ്ടായിട്ടുള്ള ഏറ്റവും ചെറുതിനെ ഓർമിപ്പിക്കുന്നു. ആ ഓർമ ഓണവെയിൽപോലെ സുന്ദരമാണ്. കഠിനവിഷാദഛായ കലർന്ന ഒരു നൊമ്പരം അതിലില്ല. സാക്കീസ് ആ വിഷാദത്തെ സ്‌നേഹത്തിന്റെ സത്യപ്പൊരുളാക്കിത്തീർക്കുകയാണ്. അത് സുഗന്ധത്താൽ കോരിയെടുത്ത അനുഭൂതിയാണ്. അത് ഒറ്റ കമ്പിയുള്ള സ്‌നേഹത്തിന്റെ തംബുരുവാണ്.

ഫ്രാൻസീസ് അസീസിയുടെ ആദ്യജീവചരിത്രകാരനായ തോമസ് സൊലാനോ എഴുതിയിട്ടുളളത് പല കാലങ്ങളിൽ മനസ്സിലൂടെ കടന്നുപോയിട്ടുണ്ട്. ആ പുസ്തകത്തിനൊരു മിന്നൽ ചാർത്തിന്റെ ക്ഷണികഭംഗിയാണുള്ളത്. തോമസ് സൊലാനോ ജീവചരിത്രകാരന്മാരുടെ ജീവചരിത്രകാരനായിരുന്നു. ആ വിശേഷണം അദ്ദേഹത്തിന് കാലം നൽകിയ മരണാനന്തരബഹുമതിയായിരുന്നു. പ്രാർത്ഥനകളുടെ കൂടായിരുന്നു ആ ഹൃദയം. ആത്മാവിൽ
സന്തോഷിപ്പിൻ, ആത്മാവിൽ സന്തോഷിപ്പിൻ എന്ന വിളിച്ചുപറഞ്ഞുകൊണ്ട് അയാൾ തെരുവകളെപ്പോലും ശുശ്രൂഷിച്ചിരുന്നു.

സൊലാനായുടെ വിശ്വാസം ദൈവത്തിന്റെ മറുപാതിയിൽ നിന്നുള്ള ഒഴുക്കായിരുന്നു. അത് മനോധർമസംഗീതംപോലെ ശുദ്ധമായിരുന്നു. ഫ്രാൻസീസ് അസീസിയെക്കുറിച്ചെഴുതുമ്പോൾ സൊലാനോയുടെ കല്പനാസ്വരം ഉയർന്നു കേൾക്കാനാകും. അത് ചെറുതിന്റെ മഹത്വത്തെക്കുറിച്ചുള്ള ഉദ്‌ബോധനമാണ്. അന്തരിന്ദ്രിയങ്ങളിൽ നീറിപ്പിടിക്കുന്ന ശ്വാസഗതിയിൽ നിന്ന് ക്ഷണനേരത്തേക്കൊരു വിടുതൽ. അതിനെ അസീസിയുടെ ജീവിതവുമായി ചേർത്തു വച്ച് സൊലാനോ ആനന്ദം എന്നു വിളിക്കുന്നു. അത് ചെറുതിന്റെ ആനന്ദമായിരുന്നു. ആ ആനന്ദാനുഭവത്തെ സൊലാനോ കുറഞ്ഞ വാക്കുകളിൽ അവതരിപ്പിക്കുന്നുണ്ട്. മണ്ണിൽ നിന്ന് മുളപൊട്ടിയ പയർമണിയോട് ഫ്രാൻസീസ് അസീസി ചോദിച്ചു തുടങ്ങുന്നിടത്തുനിന്നാണ് അത് ആരംഭിക്കുന്നത്. ഈ ചെറിയ വിത്തിനുള്ളിൽ നീ ജീവിച്ച ജന്മങ്ങൾ അളന്നെടുക്കാനാകുമോ എന്നാണ് ആ ചെറിയ ചോദ്യം. പയർമണി ഒന്നും പറഞ്ഞില്ല. അതു വെറുതെ നിലകൊണ്ടു. എന്നാൽ കാണെക്കാണെ അത് ആകാശത്തോളം പടർന്നുകയറി. ആ കാഴ്ച ഭൂമിയിലെ എല്ലാ നിസ്വന്റെയും ആനന്ദാതിരേകമായിരുന്നു. അത് ചെറുതിന്റെ, അത്ര ചെറുതല്ലാത്ത ആനന്ദമായിരുന്നു.

സുവിശേഷത്തിൽ പേരില്ലാത്ത ഒരു സമരിയാക്കാരിയെക്കുറിച്ച് പറയുന്നുണ്ട്. യേശു ജീവിച്ച കാലത്തെ പിഴച്ച സന്താനമായിരുന്നു അവൾ. എന്നാലവൾ വിശ്വാസത്തിന്റെ മാർഗേ നടന്ന് ഒരു ദേശത്തെയാകെ പാപവിമുക്തമാക്കുന്നതു കാണാം. അവൾ അത്ഭുതങ്ങൾ കാട്ടിയിരുന്നില്ല. എന്നാൽ അത്ഭുതങ്ങളിൽ ഒളിഞ്ഞിരിക്കുന്ന വിപത്തുക്കളെക്കുറിച്ച് അവൾ ഓർമിപ്പിക്കുന്നുണ്ട്.

ബോദ്രിയാർ എന്ന തത്ത്വചിന്തകന്റെ നിരീക്ഷണം കടമെടുത്തു പറഞ്ഞാൽ അതൊരുതരം ചിത്തവിശ്രാന്തിയായിരുന്നു. അതിലൂടെ സൗന്ദര്യപരമായ വെളിപാടി (Aesthetic revelation) ലേക്ക് കടക്കാൻ അവൾക്ക് എളുപ്പം കഴിഞ്ഞിരുന്നു. എന്നാൽ എന്റെ ആലോചന ആ വഴിക്കായിരുന്നില്ല നീങ്ങിയിരുന്നത്. എന്തേ അവൾ ക്കൊരു പേരില്ലാതെ പോയി എന്നാണ് ഞാനാലോചിച്ചത്. അത് ചിന്തയ്ക്ക് സാദ്ധ്യതയില്ലാത്ത ഒരു വിഷയമായിരുന്നു. എങ്കിലും അതിനൊരു ഇരുതലവാളിന്റെ മൂർച്ചയുണ്ടായിരുന്നുവെന്ന് എനിക്ക് തോന്നി. ഇല്ലാത്ത പേരിന്റെ അഗ്രങ്ങളിൽ അതൊരു സർപ്പംപോലെ ചുരുണ്ടുകൂടിക്കിടന്നു. കുറേക്കാലം ആ പിടച്ചിൽ ഉള്ളിലുണ്ടായിരുന്നു. അതിൽനിന്നൊരു വിടുതൽ നേടിയശേഷം ഉള്ളിൽ ബാക്കിയുണ്ടായിരുന്നത് അവൾ യേശുവുമായി നടത്തിയ സംവാദമായിരുന്നു. അതിനു ഞാൻ നിശബ്ദസാക്ഷിയായിരുന്നു. ഉച്ചവെയിൽവേളകളായിരുന്നു സംവദിക്കാൻ അവർ തെരഞ്ഞെടുത്തിരുന്നത്. അതിനായി അവൾ കിണറ്റിൻകരയിലേക്ക് പോകുകയും വെള്ളം കോരി യേശുവിന് കൊടുക്കുകയും ചെയ്തു.

അവരുടെ ഭക്ഷണത്തിന് ധ്യാനത്തിന്റെ അഴകും ആഴവുമുണ്ടായിരുന്നു. ആരാധനാവേളയിൽ വാനിലേക്കൊഴുകുന്ന ധൂമംപോലെ അത് സത്യാത്മകമായിരുന്നു. ഖേദഹർഷങ്ങളുടെ അതിർത്തിയിൽ നിന്നുകൊണ്ടാണ് അവൾ യേശുവുമായി സംവദിച്ചത്. എന്നാൽ അവളുടെ ചോദ്യങ്ങൾ സങ്കടങ്ങളിൽ കുതിർന്നവയായി രുന്നില്ല. ആണിയടിച്ച ചോദ്യങ്ങൾ എന്ന് റസ്സൽ പറയുംപോലെയായിരുന്നു അവ. സാദ്ധ്യമായ ഉത്തരങ്ങൾക്കപ്പുറമുള്ള സൗന്ദര്യബോധം ആ ചോദ്യങ്ങൾക്കുള്ളിലുണ്ടായിരുന്നു. ആ തന്ത്രം യേശുവിന് അറിയാമായിരുന്നു. അത് എന്നിലെ എന്നെ തിരയുന്നതിന്റെ ഭാഗമായിരുന്നു. എന്നിലെ ഞാൻ എന്നത് ധർമസാരമാണ്. അത് ആദിമസത്യത്തിന്റെ വിവേകമാണ്. അവൾ തേടുന്നതും യേശുവിൽ അനുഭവിക്കുന്നതും അതാണ്. ജറുസേലമിലെയും പർവതസാനുക്കളിലേയും ദേവാലയങ്ങളെ നോക്കി ഇവിടെയെല്ലാം ശുദ്ധശൂന്യങ്ങളെന്ന് യേശു അവളോട് പറയുന്നത് അതുകൊണ്ടാണ്. ആത്മാവിലും സത്യത്തിലും പടുത്തുയർത്തുന്ന ദേവാലയങ്ങളെ കൊടുങ്കാറ്റുകൾ പ്രദക്ഷിണം ചെയ്ത് കടന്നുപോകുമെന്ന് യേശു പറയുന്നുണ്ട്. ഇതു കേൾക്കെകേൾക്കെ അവൾ ക്ക് അവളെതന്നെ നഷ്ടമാകുന്നുണ്ട്. വരാനിരിക്കുന്ന ദൈവപുത്രന്റെ മഹത്തായ ദർശനമായിരുന്നു ഇപ്പോഴനുഭവിക്കുന്നതെന്ന് അവൾക്കറിയാമായിരുന്നു. ഈ അറിവ് നഗ്നനേത്രത്താലും
സൂക്ഷ്മസ്പർശനത്താലും തിരിച്ചറിയാനാകാത്ത ഒന്നായിരുന്നു.

പക്ഷേ, ചെറുതായ ആ അറിവിൽ അവൾ ചുംബിക്കുകയും ചെറുതായ ദൈവത്തിന്റെ മഹത്വം ഞാൻ തിരിച്ചറിയുന്നു എന്നു പറഞ്ഞുകൊണ്ട് സാരള്യത്തിന്റേതായ ആ മന്ദഹാസം ഭൂമി വിട്ടൊഴിയുകയും ചെയ്യുന്നു.