അമ്പാട്ടു സുകുമാരൻ നായർ: ജനപ്രിയ വായനയുടെ വസന്തകാലം

മണി ജനാർദനൻ

ജനപ്രിയ വാരികകളുടെ ഉപജ്ഞാതാവെന്ന വിശേഷണം. പൈങ്കിളി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരെന്ന വിമർശനം. ജനലക്ഷങ്ങളെ വായനയുടെ ലോകത്തേക്ക് കൈ പിടിച്ചു നടത്തിഎന്ന ആദരം. മലയാള മനസ്സിൽ ക്ഷുദ്രസാഹിത്യത്തിനു വഴിമരുന്നിട്ടു എന്ന ആരോപണം. ഇതെല്ലാം ഒരാളെക്കുറിച്ചാണ്. അമ്പാട്ടു സുകുമാരൻ നായർ.

കേരളത്തിലെ അക്ഷരസ്‌നേഹികളും ബുദ്ധിജീവി നാട്യക്കാരും വ്യത്യസ്ത തലങ്ങളിൽ നിന്ന് ഇദ്ദേഹത്തെ നോക്കിക്കാണുന്നു. ആദരിക്കുന്നവരും വിമർശിക്കുന്നവരും ഒരുപോലെ അംഗീകരിക്കുന്ന ഒരു വസ്തുതയുണ്ട്. മലയാളത്തിലെ ജനപ്രിയ പ്രസിദ്ധീകരണ പ്രസ്ഥാനത്തിന് അസ്തിവാരമിട്ടത് ഇദ്ദേഹമാണ്. ഏതാനും ആയിരങ്ങളിൽ ഒതുങ്ങിനിന്ന പ്രസിദ്ധീകരണങ്ങൾ ലക്ഷങ്ങളിലേക്ക് കുതിച്ചു തുടങ്ങിയത് ഈ പത്രാധിപരുടെ വിരൽസ്പർശത്തോടെയാണ്. മംഗളം, സഖി വാരിക, സുനന്ദ ആഴ്ചപ്പതിപ്പ് എന്നീ പ്രസിദ്ധീകരണങ്ങളെല്ലാം ലക്ഷക്കണക്കിന് കോപ്പികളാണ് പ്രതിവാരം അച്ചടിച്ചിരുന്നത്. മലയാളത്തിൽ ജനപ്രിയ പ്രസിദ്ധീകരണ തരംഗത്തിന് തുടക്കമിട്ടതും അമ്പാട്ടു സുകുമാരൻ നായർ തന്നെ.

വില്പനയിൽ ഏഷ്യയിൽത്തന്നെ റിക്കാർഡു സൃഷ്ടിച്ച മംഗളം വാരികയുടെ ഉപജ്ഞാതാവ് അദ്ദേഹമാണ്. മംഗളം ലക്ഷങ്ങളിലേക്കു കുതിച്ചു. പക്ഷെ ഒരു ഘട്ടത്തിൽ അമ്പാട്ട് മംഗളത്തിെന്റ പത്രാധിപസ്ഥാനം ഒഴിഞ്ഞു. പിന്നീട് എത്തിയത് സഖി വാരികയിലാണ്. ഒരു മഞ്ഞ പ്രസിദ്ധീകരണമായിരുന്ന സഖി വാരികയെ കുടുംബവാരികയാക്കി ലക്ഷങ്ങളിലേക്കെത്തിച്ചു. റോക്കറ്റ് കുതിക്കുമ്പോൾ മാതൃപേടകം അടർന്നു മാറുന്നതുപോലെ ഇവിടെയും സംഭവിച്ചു. സഖി വാരിക ഉയരങ്ങളിലേക്ക് കയറിയപ്പോൾ അമ്പാട്ട് പടിയിറങ്ങി. അക്കാലത്ത് സഖി വാരികയുടെ
അഭൂതപൂർവമായ വളർച്ച കണ്ട് ശ്രീ. എം.പി. നാരായണപിള്ള ‘ഇനി സഖി’ എന്ന പേരിൽ അന്നത്തെ ഏറ്റവും മികച്ച സാഹിത്യ – സാംസ്‌കാരിക വാരികയായ കലാകൗമുദിയിൽ ലേഖനം എഴുതുകപോലും ചെയ്തു.


പ്രസിദ്ധീകരണം വൻ വാണിജ്യ വിജയം നേടുമ്പോൾ മാനേജ്‌െമന്റ് തലത്തിലുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങൾ ഒരു തുടർക്കഥയാകുന്നത് അമ്പാട്ടിനെ വലച്ചു. സ്വന്തമായി ഒരു പ്രസിദ്ധീകരണം എന്ന ചിന്ത ഉടലെടുക്കുന്നതങ്ങിനെയാണ്. അത് സുനന്ദ ആഴ്ചപ്പതിപ്പിന്റെ പിറവിക്കു വഴിതെളിച്ചു. തുടക്കവും തുടർച്ചയും തളർച്ചയും ചരിത്രമായി മാറിയ പ്രസിദ്ധീകരണമാണ് സുനന്ദ എന്നു പറയാം. ഏജന്റുമാരുടെ പണം
കൊണ്ടു തുടങ്ങിയ പ്രസിദ്ധീകരണം, മൂന്നാം ലക്കത്തിൽത്തന്നെ ഒരു ലക്ഷത്തിലേറെ കോപ്പികൾ അച്ചടിച്ച വാരിക, മുക്കാൽ ലക്ഷ
ത്തിലേറെ കോപ്പികൾ വിൽക്കുന്ന സമയത്ത് അവസാനിപ്പിക്കേണ്ട ദുര്യോഗവുമുണ്ടായി. സ്വന്തം പ്രസ്ഥാനത്തിന്റെ തകർച്ചയ്ക്കു
ശേഷം വീണ്ടും അമ്പാട്ട് മലയാളത്തിലേക്ക് ആനയിക്കപ്പെട്ടു എന്നതും ചരിത്രം.

കാലചക്രം പലകുറി കറങ്ങി. അക്ഷരനഗരിയെന്നറിയപ്പെട്ട കോട്ടയത്തിന്റെ പ്രസിദ്ധീകരണ പ്രഭാവം മങ്ങി. കലാകൗമുദി പൈങ്കിളി പ്രസിദ്ധീകരണങ്ങൾ എന്നു വിശേഷിപ്പിച്ച ജനപ്രിയ പ്രസിദ്ധീകരണങ്ങൾ ഒന്നൊന്നായി ചിറകറ്റു വീണു. അച്ചടി മാധ്യമങ്ങളുടെ സ്ഥാനത്ത് ഇലക്‌ട്രോണിക് യുഗം കുടിയേറി. ഒരുകാലത്ത് പതിനാലു ലക്ഷം കോപ്പികൾ പ്രതിവാരം അച്ചടിച്ചിരുന്ന മംഗളം വാരിക ഇന്ന് ഏതാനും ആയിരങ്ങളിലേക്ക് ചുരുങ്ങുന്ന ദയനീയ ചിത്രത്തിനും അക്ഷരനഗരി സാക്ഷി.

പ്രസിദ്ധീകരണ രംഗത്ത് യാഗാശ്വമായിരുന്ന അമ്പാട്ടും ഇപ്പോൾ വിശ്രമത്തിലാണ്. കാലത്തിന്റെയും കാലഘട്ടത്തിന്റെയും മാറ്റം ഉൾക്കൊള്ളുമ്പോഴും അക്ഷരങ്ങളുടെ പ്രസക്തി പൂർണമായും നഷ്ടപ്പെട്ടു എന്നു വിശ്വസിക്കാൻ അദ്ദേഹം തയ്യാറല്ല. രൂപം മാറിയ രൂപത്തിലെങ്കിലും അക്ഷരലോകം നിലനിൽക്കും എന്നുതന്നെ അദ്ദേഹം വിശ്വസിക്കുന്നു. പരിപുഷ്‌കലമായിരുന്ന പ്രസിദ്ധീകരണ കാലഘട്ടത്തെയും തന്റെ ജീവിതത്തെയും മുൻനിർത്തി അമ്പാട്ടു സുകുമാരൻ നായർ സംസാരിക്കുന്നു.

മലയാള പ്രസിദ്ധീകരണ രംഗത്ത് വാണിജ്യ വിപ്ലവം സൃഷ്ടിച്ച പ്രസിദ്ധീകരണമാണല്ലോ മംഗളം. മംഗളത്തിന്റെ തുടക്കം എങ്ങനെയായിരുന്നു?

മംഗളം തുടങ്ങുന്നത് ഞാനല്ല. ശ്രീ. എം.സി. വർഗീസ് മാസികയായി നടത്തിക്കൊണ്ടിരുന്ന പ്രസിദ്ധീകരണമാണത്. അന്ന് ബസ് ടിക്കറ്റ് ഒക്കെ അച്ചടിക്കുന്ന ചെറിയ പ്രസ്സിൽ അച്ചടിച്ചു വിതരണം ചെയ്തിരുന്ന മാസിക ഞാൻ വന്ന ശേഷമാണ് വാരികയാക്കുന്നതും ഘടനയിലും സ്വഭാവത്തിലുമൊക്കെ മാറ്റങ്ങൾ വരുത്തുന്നതും.

അന്ന് എങ്ങനെയാണ് ഒരു രൂപരേഖയുണ്ടാക്കിയത്? മുൻമാതൃകകൾ ഉണ്ടായിരുന്നോ?

ഇല്ല. അന്ന് മലയാള മനോരമ, മനോരാജ്യം എന്നീ പ്രസിദ്ധീകരണങ്ങളാണ് കോട്ടയത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്നത്. ഏതാനും നോവലുകളും ചെറുകഥകളും മാത്രമാണ് അവയിലെ പ്രധാന ഉള്ളടക്കം. ആ രീതി മാറ്റി കുറെക്കൂടി ജനകീയ വിഷയങ്ങൾ ഉൾപ്പെടുത്തണമെന്നെനിക്കു തോന്നി. അങ്ങനെയാണ് ഫീച്ചറുകൾ പ്രസിദ്ധീകരിച്ചു തുടങ്ങിയത്.

അക്കാലത്ത് അത് വലിയ പുതുമായിരുന്നു അല്ലേ? പ്രത്യേകിച്ചും തൊഴിൽമേഖലയെ അടിസ്ഥാനമാക്കിയുള്ള വിഷയങ്ങൾ?

അതെ. അധികമാരും ശ്രദ്ധിക്കാത്ത തോട്ടം തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ എന്നിവരെക്കുറിച്ചൊക്കെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചത് വലിയ ആവേശത്തോടെയാണ് വായനക്കാർ സ്വീകരിച്ചത്. മാത്രമല്ല, അന്ന് വായനക്കാരെ വളരെയേറെ ആകർഷിച്ച മറ്റൊരു വിഷയമായിരുന്നു ആദിവാസികളെക്കുറിച്ചുള്ളത്.

ശരിയാണ്. ‘ആദിവാസികളുടെ നാട്ടിൽ’ എന്ന പരമ്പര വളരെ ശ്രദ്ധേയമായിരുന്നു. മലയാളത്തിൽ ആദ്യമായാണ് ആദിവാസികളെക്കുറിച്ച് ഒരു ലേഖന പരമ്പര പ്രസിദ്ധീകരിക്കുന്നത് അല്ലേ?

ആദ്യമായി എന്നു പറഞ്ഞുകൂടാ. കെ. പാനൂർ എഴുതിയ കേരളത്തിലെ ആഫ്രിക്ക എന്ന ഗ്രന്ഥം ആദിവാസികളെക്കുറിച്ചുള്ളതായിരുന്നു. പക്ഷെ അത് മറ്റൊരു കാഴ്ചപ്പാടിലുള്ളതായിരുന്നു. ഞാനെഴുതിയത് അവരുടെ ആചാരാനുഷ്ഠാനങ്ങൾ, ജീവിതരീതി, നിത്യജീവിതപ്രശ്‌നങ്ങൾ എന്നിവയൊക്കെ അടിസ്ഥാനപ്പെടുത്തിയാണ്. മാത്രമല്ല, സാധാരണക്കാർ വായിക്കുന്ന മംഗളത്തിൽ പ്രസിദ്ധീകരിച്ചതോടെ അത് കൂടുതൽ ജനകീയമായി.

അക്കാലത്ത് അധികമാരും ശ്രദ്ധിക്കാത്ത ആദിവാസികളെക്കുറിച്ച് എഴുതാനുള്ള പ്രചോദനം ലഭിച്ചതെങ്ങനെയാണ്?

പത്രപ്രവർത്തന രംഗത്തു വരുന്നതിനു മുമ്പ് ഞാൻ കുറെക്കാലം അധ്യാപകനായിരുന്നു. വയനാട്ടിലായിരുന്നു അത്. ഇന്നത്തെ വയനാടല്ല, 1965 കാലഘട്ടത്തെ വയനാട്. ഇടതിങ്ങിയ വനപ്രദേശങ്ങളും മുളങ്കാടുകളുമെല്ലാമുള്ള മനോഹരമായ നാട്. അന്നവിടെ ധാരാളം ആദിവാസികളെ കാണാൻ കഴിഞ്ഞിരുന്നു. പുറംലോകത്തുനിന്നും അകന്നു കഴിയുന്ന അവരുടെ ജീവിതം അവതരിപ്പിക്കണമെന്ന ആഗ്രഹമാണ് അത്തരം ലേഖനങ്ങൾക്ക് വഴി തെളിച്ചത്.

ഇങ്ങനെ മികച്ച ജനകീയ വിഷയങ്ങൾ ലേഖനങ്ങളായി അവതരിപ്പിച്ചെങ്കിലും കൊലപാതക ലേഖനങ്ങൾ കൊണ്ടുവന്ന ആളെന്ന ദുഷ്‌കീർത്തിയുമുണ്ടല്ലോ? ഇതെങ്ങനെ സംഭവിച്ചു?

ഒട്ടേറെ പേർ ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചു കേട്ടിട്ടുണ്ട്. വാസ്തവത്തിൽ ഞാൻ അങ്ങനെ ചെയ്തിട്ടില്ല. സാമൂഹിക തിന്മകളെയും ദുരാചാരങ്ങളെയും എടുത്തു കാണിക്കാനായി ഞാൻ ചില കൊലപാതക ലേഖനങ്ങൾ അന്ന് പ്രസിദ്ധീകരിച്ചിരുന്നു. ഉദാഹരണം പറഞ്ഞാൽ നിധി എടുക്കാനെന്ന പേരിൽ ഇടുക്കിയിൽ ഒരു മനുഷ്യക്കുരുതി നടന്നു. ആ വിഷയം ഞാൻ വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു. ഒരു വലിയ സാമൂഹിക വിപത്ത് എന്ന നിലയിലാണ് അതൊക്കെ പ്രസിദ്ധീകരിച്ചത്. പക്ഷെ പിന്നീട് മംഗളത്തിന്റെ ചുവടു പിടിച്ചു വന്ന മറ്റു ജനകീയ പ്രസിദ്ധീകരണങ്ങളിലുള്ളവർ ഈ സാമൂഹിക പ്രസക്തിയൊന്നും നോക്കിയില്ല. ജനങ്ങളെ ആകർഷിക്കാമെന്ന വിശ്വാസത്തിൽ ഏത് കൊലപാതകവും ആത്മഹത്യയും ലേഖനവിഷയമാക്കി. സ്വാഭാവികമായും അത് പൊതുവിമർശനത്തിന് ഹേതുവാകുകയും ചെയ്തു.

ഇന്ത്യയിലാദ്യമായി ഒരു പ്രസിദ്ധീകരണത്തിന്റെ ആഭിമുഖ്യത്തിൽ സ്ര്തീധനമില്ലാത്ത സമൂഹവിവാഹം സംഘടിപ്പിച്ചത് മംഗളമാണല്ലോ. ഏറെ ജന്രശദ്ധ പിടിച്ചുപറ്റിയ ആ ആശയം മംഗളത്തിന്റെ പ്രചരണോപാധി എന്ന നിലയിൽ കണ്ടെത്തിയതല്ലേ?

അല്ല. ഏറെ ശ്രദ്ധേയമായതിനാൽ മംഗളത്തിന്റെ പ്രചാരവർദ്ധനയ്ക്ക് അന്നത് കാരണമായിട്ടുണ്ടാകാം. പക്ഷെ അത് ഞങ്ങൾ ബോധപൂർവം കണ്ടെത്തിയതോ സൃഷ്ടിച്ചതോ അല്ല. സ്വയം ഉരുത്തിരിഞ്ഞു വന്നതാണ്. എങ്ങനെയെന്നു വ്യക്തമാക്കാം. അക്കാലത്ത് ‘ഞാൻ എന്റെ ദു:ഖം’ എന്നൊരു പംക്തി ഞാൻ മംഗളത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. വായനക്കാർക്ക് തങ്ങളുടെ ദു:ഖങ്ങൾ പങ്കുവയ്ക്കാൻ കഴിയുന്ന ആ പംക്തിയിലേക്ക് ഒട്ടേറെപ്പേർ എഴുതുമായിരുന്നു. ഒരിക്കൽ അങ്ങനെയുള്ള ഒരു അനാഥ പെൺകുട്ടിയെ വിവാഹം ചെയ്യാൻ തയ്യാറായി ഒരു ചെറുപ്പക്കാരൻ മുന്നോട്ടുവന്നു. ഞങ്ങൾതന്നെ മുൻകൈയെടുത്ത് ആ വിവാഹം നടത്തിെക്കാടുത്തു. പിന്നീട് പല പ്രാവശ്യം ഇതുപോലുള്ള നിർധനരും നിരാലംബരുമായ യുവതികൾക്ക് ജീവിതം നൽകാൻ ചെറുപ്പക്കാർ മുന്നോട്ടുവന്നു. ഇങ്ങനെ വന്നപ്പോഴാണ് കുറെപ്പേരെ ഒന്നിച്ചിരുത്തി വിവാഹം കഴിപ്പിക്കാം എന്നൊരാശയം ഞങ്ങൾക്കു തോന്നിയത്. വിവാഹച്ചെലവിനൊക്കെ പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന അവർക്കും അതൊരു ആശ്വാസമായിരുന്നു. സ്ര്തീധനമില്ലാത്ത സമൂഹവിവാഹത്തിന്റെ തുടക്കം അങ്ങനെയായിരുന്നു.

പ്രസിദ്ധീകരണം വാണിജ്യപരമായി വൻനേട്ടങ്ങൾ കൊയ്യുമ്പോഴും ക്ഷുദ്രനോവലുകളും മറ്റും പ്രസിദ്ധീകരിക്കുന്നു എന്നൊരു വിമർശനവും വ്യാപകമായുണ്ടായിരുന്നു. പൈങ്കിളി പ്രസിദ്ധീകരണങ്ങൾ എന്ന പേരിൽ അന്ന് ഇത്തരം പ്രസിദ്ധീകരണങ്ങൾ ഒരു രാഷ്ട്രീയപാർട്ടിയുടെ യുവജനസംഘടന തെരുവിൽ വ്യാപകമായി അഗ്നിക്കിരയാക്കിയിരുന്നതും ഓർക്കുമല്ലോ?

ഉവ്വ്. അന്ന് പ്രസിദ്ധീകരണങ്ങൾ പാവം ഏജന്റിന്റെ കൈയിൽ നിന്നും ബലമായി പിടിച്ചുവാങ്ങി തെരുവിലിട്ടു കത്തിച്ചവർ തന്നെ പിന്നീട് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി തെരുവിലിറങ്ങുന്ന കാഴ്ചയും കണ്ടു. അവർതന്നെ ചാനൽ നടത്തി അന്നത്തെ നോവലുകളേക്കാൾ നിലവാരം കുറഞ്ഞ സീരിയലുകളും സിനിമകളും പ്രദർശിപ്പിക്കുന്നതും കാണുന്നു. ഇത്തരം ആത്മവഞ്ചനയ്ക്ക് മറുപടി പറയാതിരിക്കുന്നതാണ് നല്ലത്. എങ്കിലും ഒരു കാര്യം മാത്രം പറയാം. അശ്ലീലമെന്നോ ആഭാസമെന്നോ പറയാവുന്ന ഒരു വാക്കുപോലും ഒരു നോവലിലും പ്രസിദ്ധീകരിച്ചിട്ടില്ല. ചില ആധുനിക സാഹിത്യകാരന്മാരുടെ കൃതികളിൽ ഉള്ളതുപോലെ കഞ്ചാവിനെയോ മയക്കുമരുന്നിനെയോ മഹത്വവത്കരിക്കുന്ന സൃഷ്ടികളും പ്രസിദ്ധീകരിച്ചിട്ടില്ല. അക്കാലത്ത് ഞാൻ മാത്രമല്ല മുട്ടത്തു വർക്കിയും ഒട്ടേറെ ആരോപണങ്ങൾക്കും അവഹേളനങ്ങൾക്കും വിധേയനായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷമാണ് പലരും അദ്ദേഹത്തിന്റെ സൃഷ്ടികളെ അംഗീകരിച്ചു തുടങ്ങിയത്.

സ്വന്തമായി ആരംഭിച്ച സുനന്ദ ആഴ്ചപ്പതിപ്പ് ആദ്യം വൻ വിജയമായിരുന്നല്ലോ? പിന്നീട് എങ്ങനെയാണത് തകർന്നത്?

ഓപ്പറേഷൻ വിജയിച്ചു; പക്ഷെ രോഗി മരിച്ചു എന്നു പറയുംപോലെയാണത്. ഒന്നാമത്തെ ലക്കംതന്നെ അമ്പതിനായിരം കോപ്പികൾക്ക് ഓർഡർ ലഭിച്ച വാരികയാണത്. രണ്ടാം ലക്കം എൺപതിനായിരവും മൂന്നാം ലക്കം ഒരു ലക്ഷത്തിപതിനായിരവുമാണ് അച്ചടിച്ചത്. ഇങ്ങനെ തുടർച്ചയായി മൂന്നു മാസത്തിനകം മൂന്നു ലക്ഷം കോപ്പി അച്ചടിക്കാൻ കഴിഞ്ഞു. പക്ഷെ എഡിറ്റോറിയൽ രംഗത്തെ എന്റെ പ്രവർത്തന പരിചയം കൊണ്ട് ഒരു
പ്രസിദ്ധീകരണം നടത്താൻ കഴിയില്ല എന്നെനിക്ക് ബോധ്യപ്പെട്ടു. എന്റെ ചില അടുത്ത ബന്ധുക്കളെ ഞാൻ സഹായികളായി ഒപ്പം കൂട്ടിയിരുന്നു. അവർ കാര്യമായി ‘സഹായിച്ചതു’ കൊണ്ട് ഏഴു വർഷം കൊണ്ടുതന്നെ ഞാൻ ഹൃദ്‌രോഗിയായി. കൂടുതൽ വിശദീകരിക്കുന്നില്ല. ഒരു ലക്ഷത്തോളം കോപ്പിയുടെ ഓർഡർ ഉള്ളപ്പോഴാണ് മാസിക നിർത്തേണ്ടിവന്നത്. ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. ഒരു സംരംഭകന്റെയോ ബിസിനസുകാരന്റെയോ റോൾ എനിക്കു ചേരില്ല എന്നു ഞാൻ തന്നെ തെളിയിച്ചു.

മലയാളത്തിൽ രണ്ടു പത്രാധിപർമാരെയുള്ളൂ, ഒരാൾ എം.എസ്. മണിയും മെറ്റയാൾ അമ്പാട്ടു സുകുമാരൻ നായരും എന്ന് അക്കാലത്തൊരിക്കൽ ശ്രീ. എം.പി. നാരായണപിള്ള എഴുതിയിരുന്നു. അദ്ദേഹവുമായി നല്ല അടുപ്പമുണ്ടായിരുന്നോ?

സുനന്ദയുടെ അവസാന കാലത്താണ് ഞാൻ പരിചയപ്പെടുന്നത്. രണ്ടുപേരോടും എനിക്ക് സ്‌നേഹവും കടപ്പാടുമുണ്ട്. കലാകൗമുദി പത്രാധിപരും ഉടമയുമായ എം.എസ്. മണി സാർ സാമ്പത്തിക ലാഭം നോക്കാതെ സുനന്ദ കുറെക്കാലം അച്ചടിച്ചുതന്നിരുന്നു. അതുകൊണ്ടൊന്നും നിലനിൽക്കാൻ സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല ഞാൻ. പക്ഷെ അന്ന് സുനന്ദയുടെ പ്രസാധനം ഇവരെ ഏല്പിച്ചുകൊടുത്തിരുന്നെങ്കിൽ ഒരുപെക്ഷ ഇന്നും ആ പ്രസിദ്ധീകരണം ഉണ്ടാകുമായിരുന്നു.

അങ്ങനെ ഉറപ്പിച്ചു പറയാൻ കഴിയുമോ? ജനപ്രിയ പ്രസിദ്ധീകരണങ്ങളെല്ലാം അന്യംനിന്നുപോകുകയല്ലേ? ടി വി പോലുള്ള ഇലക്‌ട്രോണിക് മീഡിയയുടെ കടന്നുകയറ്റം വായനാസംസ്‌കാരം തന്നെ അവസാനിപ്പിച്ചല്ലോ?

അത് പൂർണമായും ശരിയല്ല. ഒരു പ്രസിദ്ധീകരണം എന്നത് ഇരട്ടച്ചിറകുള്ള പക്ഷിയാണ്. ഒന്ന് മേന്മയുള്ള, റീഡബിലിറ്റിയുള്ള മാറ്ററുകൾ. മറ്റൊന്ന് വിദഗ്ദ്ധമായ മാർക്കറ്റിംഗ്. ഈ രണ്ടു ഘടകവും ഒന്നിച്ചു ചേർത്തു കൊണ്ടുപോകാൻ കഴിയാത്തതാണ് പ്രസിദ്ധീകരണങ്ങളുടെ തകർച്ചയ്ക്ക് പ്രധാന കാരണം. വായനക്കാരില്ല എന്ന് പരിതപിക്കുമ്പോൾ ഓർക്കേണ്ടത് നാം വായനക്കാർക്ക് എന്തു കൊടുക്കുന്നു എന്നതാണ്. ഇന്നത്തെപ്പോലെ
ത്തന്നെ വായന തീർത്തും പരിമിതമായ കാലഘട്ടത്തിലാണ് ജനപ്രിയ വാരികകൾ വന്നതും വൻ കുതിച്ചുകയറ്റം നടത്തിയതും.

സ്വാനുകരണം കൊണ്ടും വിലക്ഷണമായ സൃഷ്ടികൾ കൊണ്ടും അവർതന്നെ വായനക്കാരെ വെറുപ്പിച്ചു. ഇന്ന് എല്ലാവരും ടെലിവിഷനു മുന്നിലാണെന്നു പറയുമ്പോൾ ഓർക്കേണ്ട ഒരു കാര്യമുണ്ട്. ഒരാഴ്ചയിൽ ഒരിക്കൽ മാത്രം പുറത്തിറങ്ങുന്ന അമ്പത്തിരണ്ടു പേജുള്ള ഒരു പ്രസിദ്ധീകരണം വായിക്കാൻ വായനക്കാർ ക്ക് രണ്ടു മണിക്കൂർ തികച്ചുവേണ്ട. ഒരാഴ്ചയ്ക്കിടയിൽ ഈ രണ്ടു മണിക്കൂർ കണ്ടെത്താൻ ഒരു വായനക്കാരൻ ശ്രമിക്കുന്നില്ലെങ്കിൽ അതിന്റെ കാരണം അയാൾക്കു രസിക്കാനോ അറിയാനോ വേണ്ടവയൊന്നും ആ പ്രസിദ്ധീകരണത്തിലില്ല എന്നതാണ്. ഇപ്പോഴും ആളുകൾ വായിക്കുന്നുണ്ട്. ഓൺലൈൻ വായന തഴച്ചുവളരുന്നു. മികച്ച എഴുത്തുകാരുടെ കൃതികൾ ഇപ്പോഴും വിറ്റുപോകുന്നുണ്ട്. എം.ടി, കാക്കനാടൻ, മാധവിക്കുട്ടി, സി. രാധാകൃഷ്ണൻ, എം. മുകുന്ദൻ, ഒ.വി. വിജയൻ, എം.പി. നാരായണപി
ള്ള, വി.കെ.എൻ തുടങ്ങി പഴയ തലമുറയിലുള്ള എഴുത്തുകാരുടെ പുസ്തകങ്ങൾ ഇപ്പോഴും വിറ്റുപോകുന്നുണ്ടെന്ന് പ്രമുഖ പ്രസാധകർ പറയുന്നു. അപ്പോൾ നാം എന്താണു മനസ്സിലാക്കേണ്ടത്? ജനങ്ങളെ വായനയിൽ നിന്നകറ്റുന്നത് ആശയദാരിദ്ര്യം സംഭവിച്ച എഴുത്തുകാരും പ്രസിദ്ധീകരണക്കാരുമാണ്. പഴയ കാലം പോലെ ദശലക്ഷക്കണക്കിനു കോപ്പിയൊന്നും വിൽക്കാൻ കഴിയില്ലെങ്കിലും വായനക്കാരുടെ മാറുന്ന അഭിരുചികൾ തിരിച്ചറിഞ്ഞു പ്രവർത്തിച്ചാൽ ഇപ്പോഴും പ്രസിദ്ധീകരണങ്ങൾ നിലനിൽക്കും.

ടി.വിയുടെ അതിപ്രസരം കൊണ്ട് ആദ്യം പൂട്ടിപ്പോകേണ്ടത് ദിനപത്രങ്ങളായിരുന്നു. ഓരോ സെക്കന്റിലും ഉണ്ടാകുന്ന വാർത്തകൾ അപ്പപ്പോൾ ടി.വിയും േസാഷ്യൽ മീഡിയായും നമുക്കു തന്നുകൊണ്ടിരിക്കുകയാണ്. എന്നിട്ടും പ്രമുഖ പത്രങ്ങൾ ലക്ഷക്കണക്കിന് കോപ്പികൾ പ്രതിദിനം വിൽക്കുന്നില്ലേ! വായനക്കാരുടെ അഭിരുചി തിരിച്ചറിയുന്നതിന്റെ പ്രതിഫലനമാണത്. വെറുതെ വാർത്തകൾ മാത്രം അച്ചടിച്ചാൽ പത്രം വിൽക്കില്ല എന്നവർ ക്കറിയാം.

ചുരുക്കിപ്പറഞ്ഞാൽ വായന ഒരു സംസ്‌കാരമാണ്. ദൃശ്യമാധ്യമങ്ങളൊന്നും അതിനു പകരമാകില്ല. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ വായനയെ തോല്പിക്കുന്നത് വായനക്കാരല്ല, പ്രസാധകരും എഴുത്തുകാരുമാണ്. മാറുന്ന കാലത്തിനൊപ്പം വായനാ സംസ്‌കാരം മാറ്റാൻ തയ്യാറാകാത്തതവരാണ്. അതിനു വായനക്കാരെയോ ഇതര മാധ്യമങ്ങളെയോ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.

Mob: 9495222753