മീസാൻ കല്ലുകൾക്ക് നാവുമുളപ്പിച്ച പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ചെറുകഥാപ്രപഞ്ചം

റഷീദ്, പാനൂർ

ആഴമില്ലാത്ത സാമൂഹ്യചിത്രങ്ങളെ തിരിച്ചും മറിച്ചും നോക്കികൊണ്ട് ഒരു സാഹിതിക്കും ഏറെക്കാലം കഴിയാനാകുകയില്ല എന്നത് ഒരു സത്യമാണ്. സമൂഹത്തിന്റെ മുഖത്ത് നോക്കി അത്യുച്ചത്തിൽ ചിലത് വിളിച്ചുപറഞ്ഞാൽ സാമൂഹ്യ പരിവർത്തനം വരുമെന്ന് ഇന്നാരും കരുതുന്നില്ല. കേരളീയ സാമൂഹ്യ ജീവിതത്തിന്റെ പ്രശ്‌നങ്ങളെ അനാവരണം ചെയ്യുന്നതിൽ സാമൂഹ്യശാസ്ത്രത്തിന്റെയോ മന:ശാസ്ത്രത്തിന്റെയോ ഉൾക്കാഴ്ചകൾ ഇല്ലാതെ എഴുതിയ തകഴിയുടെയും ദേവിന്റെയും ചെറുകാടിന്റെയും പൊറ്റക്കാടിന്റെയും ചെറുകഥകളിൽ ഏറെയും ചരിത്രപരമായ കൗതുകത്തിനപ്പുറം സൗന്ദര്യശാസ്ത്രപരമായ ഉൾക്കാഴ്ചകൾ നൽകുന്നുണ്ടോ എന്ന ചോദ്യം ഇന്ന് പ്രസക്തമാണ്. ബഷീറിന്റെയും പൊൻകുന്നം വർക്കിയുടെയും രചനകളിൽ കലയുടെ ജൈവവികാസത്തിനാവശ്യമായ സൗന്ദര്യശാസ്ത്രപരമായ മെറ്റബോളിസം ആവശ്യത്തിൽ കൂടുതലുള്ളതു കൊണ്ടാണ് അവയിന്നും നിത്യനൂതനമായി ചർച്ചചെയ്യപ്പെടുന്നത്. മലയാള ചെറുകഥ കലാരൂപമെന്ന നിലയിലുള്ള പ്രഖ്യാപനമായി എം.ടിയുടെയും കമലാസുരയ്യുടെയും ടി. പത്മനാഭന്റെയും കഥകളെ കാണാൻ കഴിയും. വ്യക്തികളിലേക്കും അവനെ ചൂഴ്ന്നു നിൽക്കുന്ന പ്രശ്‌നങ്ങളിലേ
ക്കും യാത്ര തിരിച്ച കമലാസുരയ്യയുടെ കഥകൾ മലയാളത്തിലെ ഏറ്റവും ധീരമായ സത്യകഥനങ്ങൾ എന്ന് എം. തോമസ് മാത്യു വിശേഷിപ്പിച്ചു. മാധവിക്കുട്ടി കഥാശില്പത്തെ ആവുന്നത്ര പരുഷവും ആക്രമാസക്തവുമാക്കി കാല്പനികലാവണ്യത്തികവുകൊണ്ട് അലങ്കരിച്ച എല്ലാ സാമൂഹ്യ സ്ഥാപനങ്ങളെയും ഈ എഴുത്തുകാരി വിവസ്ത്രയാക്കി. ആധുനിക കഥകളിലും നോവലുകളിലും പ്രത്യക്ഷപ്പെട്ട അന്യതാ ബോധവും (അഫധണഭടളധമഭ) അപമാനവീകരണവും (ഉണഒഴബടഭധലടളധമഭ) ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത് മാധവിക്കുട്ടിയുടെ (കമലാസുരയ്യയുടെ) കഥകളിലാണ്. ‘പക്ഷിയുടെ മണം’ പോലുള്ള കമലാസുരയ്യയുടെ കഥകൾ ആധുനിക കഥാകൃത്തുക്കളായ ഒ.വി. വിജയനും, ആനന്ദിനും, കാക്കനാടനും, എം. മുകുന്ദനും, സേതുവിനും, പുനത്തിൽ കുഞ്ഞബ്ദുള്ളയ്ക്കും പ്രേരണയായി. വ്യക്തികളുടെ മാനസിക വ്യാപാരത്തിന്റെ സൂക്ഷ്മചലനങ്ങൾ അന്വേഷിക്കുന്നതാണ് മലയാളത്തിലെ നവീനകഥകൾ. മലയാളനോവൽ സാഹിത്യത്തിൽ ആധുനികതയ്ക്ക് അടിത്തറയിട്ടത് ഒ.വി. വിജയന്റെ ലാൻഡ്മാർക്ക് നോവലായ ഖസാക്കിന്റെ ഇതിഹാസമാണങ്കിൽ ചെറുകഥയിൽ നവീനതയ്ക്ക് അടിത്തറയിട്ടത് കാക്കനാടനാണ്. ആധുനികത വ്യക്തിയുടെ ആന്തരികതയിലും ജീവിതത്തിന്റെ യുക്തി രാഹിത്യത്തിലും ഉന്നതമായ യാഥാർത്ഥ്യം കാണുന്നു. അത് ദാർശനിക സ്വഭാവമുള്ളതും കാല്പനികവിരുദ്ധവുമാണ്.

പുനത്തിൽ കുഞ്ഞബ്ദുള്ള ആശുപത്രികളുടെ പശ്ചാതലത്തിൽ കഥകളെഴുതി അത് മനുഷ്യാസ്ത്വത്തിന്റെ ദാർശനിക പ്രശ്‌നങ്ങളാക്കി മാറ്റിയ മലയാളത്തിലെ ഒരേ ഒരു കഥാകൃത്താണ്. പ്രമേയത്തിൽ ഇത്രയേറെ വൈവിധ്യം പ്രകടിപ്പിച്ച മറ്റൊരു കഥാകൃത്ത് മലയാളത്തിലില്ല. മെഡിക്കൽ സയൻസും, ഇസ്ലാം മതവിശ്വാസത്തിന്റെ ന്യൂക്ലിയസ്സായ ‘ഹദീസു’കളും മുസ്ലിം പുരാവൃത്തങ്ങളും മന്ത്രവാദവും പുനത്തിൽ കുഞ്ഞബ്ദുള്ള കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളത്തിലെ മറ്റ് ആധുനിക കഥാകൃത്തുക്കളെപ്പോലെ ഏത് കാര്യത്തെയും ഒരനാസകതിയോടു കൂടിയാണ് പുനത്തിൽ നോക്കിക്കാണുന്നത്. ഈ അനാസക്തിയിൽനിന്ന് സ്വാഭാവികമായി രൂപം കൊള്ളുന്നതാണ് പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഫലിതം. അത് വല്ലപ്പോഴും ഐറണിയുടെ കരുത്തും വീര്യവും പ്രകടിപ്പിക്കുന്നു. ഫലിതത്തിന്റെ ഇഴകൾ കൂട്ടിച്ചേർത്ത് ജീവിത സമസ്യകളെ പുനത്തിൽ അവതരിപ്പിക്കുന്നു.

അറുപതുകളിലെയും എഴുപതുകളിലെയും മുസ്ലിം സമുദായത്തിലെ ജീർണതകളും, രാഷ്ട്രീയപ്രശ്‌നങ്ങളും മതപരമായ ആശയസംഘട്ടനങ്ങളും നഗരജീവിതത്തിൽ കാണുന്ന ഒറ്റപ്പെടലും ഗ്രാമീണജീവിതത്തിന്റെ ശാലീനതയും പുനത്തിൽ ഹാസ്യത്തിന്റെ ലായനിയിൽ മുക്കി തനിക്ക് മാത്രം എഴുതാവുന്ന ശൈലിയിൽ അവതരിപ്പിച്ചു. ഒ.വി. വിജയനും കാക്കനാടനും ആനന്ദും എഴുതിയ കഥകളിൽ കാണുന്ന ദാർശനികവ്യഥ പുനത്തിലിന്റെ കഥകളിൽ ഇല്ല. പക്ഷേ ആധുനിക മനുഷ്യന്റെ ജീവിതപ്രശ്‌നങ്ങൾ അവതരിപ്പിക്കാൻ ഈ എഴുത്തുകാരൻ എഴുപതുകളിലും എൺപതുകളിലും അസ്തിത്വ ദു:ഖവും, കാഫ്കാസ്‌ക്ക് (ഒടതപടണലരഴണ) രീതിയും ഫാന്റ്‌സിയും മാജിക്കൽ റിയലിസവും പരീക്ഷിച്ചിട്ടുണ്ട്.
മുസ്ലിം ജീവീതരീതികളിലെ ശ്രുതിഭംഗങ്ങൾ ചിത്രീകരിച്ച് കൊണ്ട് കഥാലോകത്ത് ശ്രദ്ധേയനായ പുനത്തിൽ ഒരിക്കലും സാമൂഹ്യപരിഷ്‌കരണത്തിന്റെ ചുമതലയേറ്റെടുക്കുന്ന കമിറ്റ്‌മെന്റ് കഥകൾ എഴുതിയിട്ടില്ല. എഴുപതുകളിൽ ഒരു അഭിമുഖത്തിൽ പുനത്തിൽ പറഞ്ഞത് ‘ഞാൻ ഒരു മുസ്ലിം എന്നതിനേക്കാൾ ഒരു മനുഷ്യനാണ്’ എന്നതായിരുന്നു.

എൺപതുകളിൽ പുനത്തിൽ എഴുതിയ ‘പോക്കർ വക്കീൽ’, ‘പള്ളിക്കുളം’ തുടങ്ങിയ കഥകൾ അതിശക്തമായ സറ്റയറുകളാണ്. വൈക്കം മുഹമ്മദ് ബഷീറിനു ശേഷം മുസ്ലിം തറവാടുകളുടെ തകർച്ച ഇത്രയും നന്നായി വരച്ചു കാണിച്ച അറ്റൊരു എഴുത്തുകാരൻ മലയാളത്തിലില്ല. എൻ.പി. മുഹമ്മദിനെയും കെ.ടി. മുഹമമദിനേയും മറന്നുകൊണ്ടല്ല ഇതെഴുതുന്നത്. ‘പോക്കർ വക്കീൽ’ എന്ന കഥ മലയാളത്തിലെ മികച്ച സറ്റയറുകളിൽ ഒന്നാണ്. കുടുംബമഹിമയുടെ കിരീടം തലയിൽ വച്ച് നിരക്ഷരരായി കഴിയുന്ന ചില വ്യക്തികൾക്ക് സമൂഹത്തിൽ കി
ട്ടുന്ന അംഗീകാരത്തെ അതിരൂക്ഷമായ ഭാഷയിൽ വിമർശിക്കുന്ന ഈ കഥയുടെ തുടക്കം ഇങ്ങനെയാണ്:

‘പോക്കർ വക്കീലിന് തിമിരം ബാധിക്കാത്ത കണ്ണുകളുണ്ട്. തിമിരം ബാധിക്കാത്ത കണ്ണുകൾ ഉള്ളത്‌കൊണ്ട് കാഴ്ചയും ഉണ്ട്. കാഴ്ചയുണ്ടായാലും അയാൾക്ക് വായിക്കാനറിയില്ല. എന്നിട്ടും അയാൾ പോക്കർ വക്കീലായി’.

ഹാസ്യത്തിൽ ചാലിച്ച് സാമൂഹ്യവിഷയങ്ങൾ കൈകാര്യം ചെയ്ത പുനത്തിലിന്റെ ആദ്യകാല കഥകളിൽ ‘പള്ളിക്കുളം’ എടുത്തുപറയേണ്ട ഒരു കഥയാണ്. സാധാരണ മട്ടിൽ തുടങ്ങുന്ന ഈ കഥയവസാനിക്കുന്നത് അസാധാരണമായ രീതിയിലാണ്. മതപുരോഹിതന്മാരുടെ സാങ്കല്പിക ദിവ്യത്വത്തെ പരിഹാസത്തിന്റെ മുൾമുനയിൽ നിർത്തുന്നതാണീ കഥ.

‘എന്റെ നാട്ടിൽ ഒരു കുളമുണ്ട്, ഞങ്ങൾ അതിനെ പള്ളിക്കുളം എന്നാണ് വിളിക്കുക. യഥാർത്ഥത്തിൽ അത് പള്ളിയുടെ വകയുള്ള കുളം തന്നെയാണ്’. ഇതാണ് കഥയുടെ തുടക്കം. പള്ളിയിൽ പുതുതായി വന്ന മുസലിയാർ തന്റെ ദിവ്യത്വം അവകാശപ്പെടുന്നത് ഭക്ഷണം കഴിക്കുന്ന രീതിയിലും. ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ മലമൂത്ര വിസർജനം ഉണ്ടാകില്ല എന്നതാണ് മൗലവിയുടെ പ്രത്യേകത. പള്ളിയിൽ കക്കൂസില്ലാത്തതുകൊണ്ട് സാധാരണ പുരുഷന്മാർ തൊട്ടടുത്തുള്ള കണ്ടത്തിലാണ് രാവിലെ മലമൂത്ര വിസർജനത്തിനിരിക്കുക. പക്ഷേ പുതിയ മൗലവിയെ ഒരിക്കൽ പോലും രാവിലെയോ ഉച്ചയ്‌ക്കോ വൈകുന്നേരമോ മലമൂത്ര വിസർജനം ചെയ്യുന്നത് പള്ളിക്ക് ചുറ്റുമുള്ള ആളുകൾ കിട്ടി
ല്ല. ഈ മൗലവി ദിവ്യൻ തന്നെയെന്ന് എല്ലാവരും പറഞ്ഞു. മൗലവിയുടെ ദിവ്യത്വത്തെ കുറിച്ചുള്ള ഖ്യാതി നാടു മുഴുവൻ പരന്നു. ഇതിനിടയിൽ പള്ളിമുക്രിയുടെ കൊച്ചുമകൾ ദിവ്യത്വത്തിന്റെ താക്കോൽ കണ്ടെത്തി. മുക്രിയുടെ വീട്ടിൽ മൗലവിയെ അത്താഴത്തിന് ക്ഷണിച്ചു. മൗലവിക്ക് ഓട്ടുപത്തിരിയും മുരിങ്ങയിലയിട്ടകറിയും കൊടുത്തു. പിറ്റേ ദിവസം രഹസ്യം പുറത്തായി.

കാലത്ത് സുബ്ഹി നമസ്‌കാരത്തിന് പള്ളിയിൽ പോയവർ അത്ഭുതകരമായ ആ കാഴ്ചകണ്ടു. ‘പള്ളിക്കുളം നിറയെ വെന്ത മുരിങ്ങയിലകൾ’ ദിവ്യത്വത്തിന്റെ പുറകിലെ ശുദ്ധിയില്ലായ്മയെ കുറിച്ചുള്ള താക്കീതും ആക്ഷേപ ഹാസ്യത്തിന്റെ നേരിയ ഇഴകൾ ചേർത്ത് പുനത്തിൽ നൽകുന്നു. കുഞ്ഞബ്ദുള്ളയുടെ ആക്ഷേപഹാസ്യം ഒരു സമൂഹത്തിന്റെ ഒരു സമൂഹത്തിന്റെ ശിരസ്സിൽ പാരകുത്തി കയറ്റലല്ല മറിച്ച് വ്യക്തികളുടെ പോരായ്മകളിലേക്ക് തന്റെ ദൃഷ്ടികൾ കഥാകൃത്ത് ഫോക്കസ് ചെയ്യുന്നു.

രാഷ്ട്രീയ സറ്റയറുകൾ നിർമിക്കുന്നതിലും ഈ എഴുത്തുകാരൻ അസാധാരണ മികവ് പ്രകടിപ്പിക്കുന്നു. ‘വിപ്ലവനേതാവിന്റെ മനയിൽ’ എന്ന കഥ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. വിപ്ലവപ്രസ്ഥാനങ്ങൾ പലതും വന്നിട്ടും അതിന്റെ രാജശില്പികളായ ആളുകളുടെ കുടുംബങ്ങളിൽ പോലും വിപ്ലവത്തിന്റെ സംസ്‌കാരം എത്തിയിട്ടില്ല എന്ന് പരോക്ഷമായി സൂചിപ്പിക്കുന്ന സറ്റയറാണ് ‘വിപ്ലവനേതാവിന്റെ മനയിൽ’. പുനത്തിലിന്റെ സുഹൃത്തും പ്രശസ്ത കഥാകൃത്തുമായ ഇ.വി. ശ്രീധരനാണ് കഥ നറേറ്റ് ചെയ്യുന്നത്.

അന്തരിച്ച എം. ഗോവിന്ദനും ശിഷ്യനായ ഇ.വി. ശ്രീധരനും ഒരു ദിവസം ഇ.എം.എസ്സിന്റെ എലംകുളം മനയിലെത്തി. മന ഭരിക്കുന്നത് ഇ.എം.എസ്സിന്റെ അനുജനായ ഇളയ നമ്പൂതിരിപ്പാടാണ്. അദ്ദേഹം അവർക്ക് സംഭാരം കൊടുത്തു. പക്ഷേ എം. ഗോവിന്ദൻ സംഭാരം കഴിക്കാതിരുന്നപ്പോൾ രണ്ട് ഗ്ലാസ് ചായയുമായി നമ്പൂതിരിയെത്തി. ചായ കഴിച്ച് ഗ്ലാസ് നിലത്ത് വച്ചപ്പോൾ ഇളയ നമ്പൂതിരിപ്പാട് പറഞ്ഞു: ‘ഗ്ലാസ് കഴുകിവയ്ക്കുന്നതാണ് ഇവിടെത്തെ രീതി’. പുനത്തിൽ കഥയവസാനിപ്പിക്കുന്നതിങ്ങനെയാണ്: ‘ഗോവിന്ദൻ ഒരു നിമിഷം ഞെട്ടി. പിന്നെ അനിയൻ നമ്പൂതിരിപ്പാടിനെ പകച്ചുനോക്കി. ഗോവിന്ദന്റെ കണ്ണിൽ നിന്നും പൊന്നീച്ചകൾ പറന്നുയർന്നു. ഗോവിന്ദന്റെ നെഞ്ച് വിരിമാറായി
മാറി. ഗ്ലാസും വാൽക്കിണ്ടിയുമെടുത്ത് മുറ്റത്തേക്ക് ഒരേറുകൊടുത്തു. മണിഞ്ഞും കുലുങ്ങിയും ഗ്ലാസും വാൽകിണ്ടിയും മനയുടെ മുറ്റത്ത് പകിട കളിച്ചു’.

പുനത്തിലിന്റെ സാഹിത്യ ലോകത്തെ കുറിച്ച് പ്രശസ്ത നവീന നീരൂപകൻ കെ.പി. അപ്പൻ പറയുന്നതിങ്ങനെയാണ്. ‘പ്രാഥമിക ഹേതുവാദത്തിൽ നിന്ന് ജീവിതത്തെയും കലയേയും ഉയർത്തിയെടുത്തുകൊണ്ട് പുതിയ ഒരു റിയലിസം പുനത്തിൽ മലയാളനോവലിനും കഥകൾക്കും നൽകുന്നു. റിയലിസം ഇവിടെ മിത്തിന്റെ തലത്തിലേക്ക് വികസിപ്പിച്ചെടുത്ത് ഐതിഹ്യത്തിന്റെ പ്രതീതിയുണ്ടാക്കുന്നു’ (ഭാവിയുടെ ഭാവിയിൽ എന്ന ലേഖനത്തിൽ നിന്ന്). ചികിത്സാലയ സാഹിത്യം വിശ്വാസാഹിത്യത്തിൽ സ്ഥിര പ്രതിഷ്ഠ നേടിയിട്ടുണ്ട്. തോമസ്മാന്റെ ‘മാജിക് മൗണ്ടനും’ ബംഗാളി നോവലിസ്റ്റ് താരാശങ്കർ ബാനർജിയുടെ ‘ആരോഗ്യനികേതനവും’ സോർഷിനിറ്റസന്റെ Cancer Ward എന്ന നോവലും ചികിത്സാലയ സാഹിത്യത്തിലെ എടുത്തു പറയേണ്ട രചനകളാണ്. പുനത്തിലിന്റെ ‘മരുന്ന്’ എന്ന നോവലും വി. രാജകൃഷ്ണൻ മികച്ച ചികിത്സാലയ നോവലിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു.

പുനത്തിലിന്റെ കഥാപാത്രങ്ങൾ പരോക്ഷമായി അനുഭവിക്കുന്നത് സമൂഹത്തിന്റെ രോഗമാണ്. പുനത്തിൽ തന്റെ സൃഷ്ടികളിൽ രാഷ്ട്രീയവും സദാചാരപരവുമായ രോഗാവസ്ഥയെ കലയാക്കി മാറ്റുന്നു. ഡോക്ടർ കൂടിയായ പുനത്തിൽ മനുഷ്യവികാരങ്ങളെ അപഗ്രഥിക്കുമ്പോൾ വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട സംജ്ഞാവലികളും കല്പനകളും ധാരാളം ഉപയോഗിച്ചിട്ടുണ്ട്.

ഫാന്റസിയും മിത്തുകളും ഭ്രമകല്പനകളും ആധുനിക കലകളുടെ വാരിയെല്ലായിരുന്നു.’കൽപാന്തം’ എന്നകഥയിൽ മാജിക്കൽ റിയലിസത്തിന്റ സാധ്യതകളാണ് പുനത്തിൽ പരീക്ഷിക്കുന്നത്. ഈ കഥയിൽ നിസ്സഹായനായ ഒരു കുരങ്ങനാണ് പ്രധാന കഥാപാത്രം. തിമിരം ബാധിച്ച കണ്ണുകളുള്ള കുരങ്ങൻ ഒരമ്പലത്തിന്റെ മുകളിലുള്ള ആൽമരത്തിന്റ കൊമ്പിലിരുന്ന് മുകളിലോട്ട് നോക്കി. ഗോപുരവും ഗോപുരത്തിന്റെ മാറിലെ നാഴിക മണിയും അവൻ കണ്ടു. അപ്പോൾ അവനിൽ പൂർവജന്മ സ്മരണകളുയർന്നു. ഭ്രമകല്പനകളുടെ അറ്റം കാണാത്ത തുരുത്തുകളാണീ കഥയിൽ പുനത്തിൽ പുനത്തിൽ സൃഷ്ടിക്കുന്നത്. ഈ കഥയിൽ കാലത്തെയും, സ്ഥലത്തെയും കുറിച്ചുള്ള മനുഷ്യന്റെ അന്വേഷണങ്ങളെയും മതദർശനങ്ങ
ളെയും ശാസ്ത്രീയമായ അറിവുകളെയും കൂടിക്കലർത്തുന്നു. ‘നസൂഹ’മരണാനന്തരം തുടങ്ങിയ കഥകളിലും പുരാവൃത്തങ്ങളെ ഫാന്റസിയാക്കി മാറ്റുകയാണ് പുനത്തിൽ ചെയ്യുന്നത്. നസൂഹ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇസ്ലാമിക വിശ്വാസപ്രകാരം മുഹമ്മദ് നബിക്ക് ലഭിച്ച ദൈവസന്ദേശങ്ങളാണ് ആയത്തുകൾ മുഹമ്മദിന്റെ വചനങ്ങളാണ് ഹദീസ്സുകൾ നസൂഹ ഒരു ഹദീസ്സാണ്. പുനത്തിൽ ഈ ഹദീസ്സിനെ ഫാന്റസിയുടെ തലത്തിലേക്കുയർത്തി. നസുഹ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള ഇസ്ലാമിക മിത്ത് അദ്ദേഹം വ്യഭിചാരിയും സ്ത്രീലമ്പടനും മോഷ്ടാവും ആയിരുന്നു എന്നാണ്. വളരെ വിചിത്രമായ ഒരു കാര്യവും നസൂഹ ചെയ്തിരുന്നു. ആരെങ്കിലും രമിച്ചാൽ ആ രാത്രിയിൽ അവൻ മരിച്ചവരുടെ ഖബർ തുറന്ന് ശവശരീരം പതുക്കെയിളക്കി പുതുവസ്ത്രം മോഷ്ടിക്കുമായിരുന്നു. ഒരു ദിവസം അബാവായിലെ ഫാത്തിമാബീവി നസൂഹയെ അടുത്ത് വിളിച്ച് ഇങ്ങിനെ പറഞ്ഞു.

ഞാൻ മരിക്കാൻ പോവുകയാണ്, ഈ രോഗത്തിൽ നിന്ന് ഞാൻ രക്ഷപ്പെടില്ല. എന്റെ ഖബർ തുറന്ന് വസ്ത്രം ഊരിയെടുക്കരുത്. ഞാൻ നിങ്ങൾക്ക് ഇപ്പോൾ തന്നെ അതിന്റെ പൈസ തരാം. നസൂഹ ദൈവനാമത്തിൽ പറഞ്ഞു. ‘ഞാൻ വരില്ല’. ഫാത്തിബി അടുത്ത ദിവസം മരിച്ചു. കോടിവസ്ത്രത്തിന്റെ മണം നസൂഹയെ ഭ്രാന്തനാക്കി. അവൻ അർദ്ധരാത്രി ഫാത്തിബിയുടെ ഖബർ തുറന്നു. എന്തൊരു അത്ഭുതം! നീലവെളിച്ചം പരന്നൊഴുകുന്ന ഖബറിനുള്ളിൽ ഫാത്തിബീവി വിശുദ്ധ ഖുറാൻ വായിക്കുന്നു. പക്ഷേ ബീവിയുടെ താടിയുടെ അടിഭാഗത്ത് നിന്ന് ചലവും ചോരയും ഉറ്റി വീഴുന്നു. നസൂഹ ചോദിച്ചു ‘ബീവി ഇതെന്താണ്?’ ഫാത്തിബീ പറഞ്ഞു ‘ഒരു സ്‌നേഹിതയുടെ വീട്ടിൽ പോയപ്പോൾ പനയോല പുതച്ച അവരുടെ വീടിന്റ ഇറയത്ത് നിന്ന് ഒരു ഈർക്കിൽ ഞാൻ പറിച്ചെടുത്തു. പറിച്ചെടുക്കുമ്പോൾ സ്‌നേഹിതയോട് ചോദിച്ചിരുന്നില്ല. അതിനുള്ള ശിക്ഷ പടച്ചവൻ നൽകിയതാണിത്. നസുഹ എനിക്ക് ഒരു ഉപകാരം ചെയ്യണം. ആ വീട്ടിൽ പോയി ഗൃഹനാഥനോട് എനിക്ക് പൊറുത്ത് തരാൻ പറയണം. നസൂഹ പുറത്തുവന്നപ്പോൾ മനസ്സിൽ പേടിയുടെ കടലിരമ്പം. ഇത്രയും പാപിയായ എന്നെ ദൈവം വെറുതെ വിടില്ല. ഇനിയങ്ങോട്ട് ജീവിതരീതി മാറ്റണം. അവൻ പ്രായശ്ചിത്തം ചെയ്യാൻ തുടങ്ങി.

ഈ കഥ ഹദീസ്സ് മോഷ്ടിച്ചു എന്ന പേരിൽ മതവിഭാഗങ്ങൾ പുനത്തിലിനെ വിമർശിച്ചിരുന്നു.

പുനത്തിലിന്റെ കഥകളിൽ ഏറെ പഠനങ്ങൾ വന്ന കുന്തിയും ഒരു ഫാന്റസിയാണ്. കെ.പി. അപ്പൻ മലയാളത്തിലെ ഏറ്റവും
മികച്ച പത്ത് കഥകളിൽ ഒന്നായി ഇതിനെ ചൂണ്ടിക്കാണിക്കുന്നു. അസംതൃപ്തമായ ലൈംഗികവാസനയാണ് കുന്തിയെന്ന കഥ പറയുന്നത്. പെറ്റുവീണ കുഞ്ഞിന്റെ കരച്ചിൽ പാതിരാവിൽ കേട്ടപ്പോൾ ലേബർ റൂമിനോട് ചേർന്നുള്ള ചെറിയ മുറിയിൽ കിടന്നുറങ്ങുന്ന സിസ്റ്റർ അൽഫോൻസ ഞെട്ടിയുണർന്നു. അൽഫോൻസ ഓടിപ്പോയി ചോരക്കുഞ്ഞിനെ വാരിയെടുത്തു. പൊക്കിൾ മുറിച്ച ശേഷം മറുക് വാരിയെടുത്ത് ചവറ്റുകൊട്ടയിലേക്ക് എറിഞ്ഞു. അൽഫോൻസയ്ക്ക് ഒന്നും മനസ്സിലായില്ല. ആരുടെ കുഞ്ഞാണിത്? ഒടുവിൽ മധ്യവയസ്‌കയായ ആശുപത്രി ജീവന
ക്കാരി രാഥ എത്തിയപ്പോൾ അവരോട് കുട്ടിയുമായി കട്ടിലിൽ കിടക്കാൻ സിസ്റ്റർ അൽഫോൻസ പറഞ്ഞു. അല്പസമയം അവർ കിടന്നു. പിന്നെ ഈ സിസ്റ്റർക്ക് ഭ്രാന്താണെന്ന് പറഞ്ഞ് അവർ എന്ത് ചെയ്യണമെന്നറിയാതെ പുറത്തേക്കോടിപ്പോയി സിസ്റ്റർ കുഞ്ഞിനെ വാരിയെടുത്ത് തന്റെ കാലുകൾക്കിടയിലാക്കി രണ്ട് കാലുകളും കവച്ചു വച്ച് അവർ ദയനീയ സ്വരത്തിൽ നിലവിളിക്കാൻ തുടങ്ങി. കർത്താവേ എന്നെ രക്ഷിക്കണേ.

ഒറ്റനോട്ടത്തിൽ മാജിക്കൽ റിയലിസമെന്ന് തോന്നാത്ത വിധം റിയലിസ്റ്റിക്കായി കഥയെ വികസിപ്പിക്കാൻ പുനത്തിലിന് കഴിയുന്നു. ഈ ഭൂമുഖത്ത് പിറന്നുവീഴുന്ന എല്ലാവരും ദൈവപുത്രന്മാരാണ്. അമ്മ ഒരു സത്യ മാണ് അച്ഛൻ വെറുമൊരു വിശദീകരണവും. കന്യാസ്ത്രീകൾ എല്ലാ കുഞ്ഞുങ്ങളുടെയും ലോകമാതാവാണ്. ഈ ദൗത്യമേറ്റെടുക്കുന്ന അൽഫോൻസാ സിസ്റ്റർ ദൈവത്തിന്റ വഴിയിലാണെന്നുള്ള സന്ദേശം നൽകുന്ന കഥയാണിത്. സർപ്പങ്ങളെ കുറിച്ചുള്ള ധാരാളം ഐതിഹ്യങ്ങളിലൊന്നാണ് മാണിക്യക്കല്ലുമായി രാത്രികാലങ്ങളിൽ സർപ്പങ്ങൾ ആകാശത്തിൽ നെടുനീളത്തിൽ പറക്കുമെന്ന മിത്ത്. ഈ മിത്തിനെ അത്യന്തം മനോഹരമായി ചിത്രീകരിക്കുകയാണ് പുനത്തിൽ ‘ചില ജീവിത യാഥാർത്ഥ്യങ്ങൾ’
എന്ന കഥയുടെ സൃഷ്ടിയിലൂടെ ചെയ്യുന്നത്. വിഷവൈദ്യന്റെ വീട്ടിൽ ചികിത്സ തേടിയെത്തിയ ഒരു പാമ്പിന്റെ കഥയാണിത്. തന്റെ കഴുത്തിലെ വ്രണത്തിന് ചികിത്സ തേടിയാണ് പാമ്പ് വിഷവൈദ്യനെ കാണാനെത്തിയത്. ‘വിഷവൈദ്യൻ അതീവ കനിവോടെ പാമ്പിന്റെ മുറിവ് കഴുകി കൂളിർമയുള്ള ധാര ഒത്തിരി നേരം ഒഴിച്ചു. പാമ്പ് തലയുയർത്തി വാ തുറന്നു. തുറന്നു പിടിച്ച വായിൽ എന്തോ തിളങ്ങുന്നു. എന്തോ താഴെ ഇടാൻ പാമ്പ് വെമ്പുന്നു വേണ്ട, വേണ്ട, പ്രതിഫലം വേണ്ട’. പക്ഷേ പാമ്പ് കിണറ്റിൻ കരയിലേക്ക് നീങ്ങി, മാണിക്യക്കല്ല് കിണറ്റിലിട്ടു. വൈദ്യനിൽ നിക്ഷിപ്തമായ കാരുണ്യത്തിന്റെ സന്ദേശമാണീ കഥ നൽകുന്ന പാഠം.

‘ക്ഷേത്ര വിളക്കുകൾ’ എന്ന കഥ റിയലിസത്തിന്റെ ചായക്കൂട്ട് ഉപയോഗിച്ച് രചിച്ച ഒരു കമിറ്റ്‌മെന്റ് കഥയാണ്. പക്ഷേ ആഖ്യാനശൈലിയുടെ മാന്ത്രികത ഈ കഥയെ മലയാളത്തിലെ മികച്ച ആധുനിക കഥകളിലൊന്നായി മാറ്റുന്നു. പുനത്തിലിന്റെ കഥാലോകം അമ്പരപ്പിക്കുന്ന വൈവിധ്യം നിറഞ്ഞതാണ.