രക്ഷാവിധി

ജോൺ സാമുവൽ

ഒരുനാട് ഒന്നോടെയാണ് രക്ഷാവിധിക്കായി ഒത്തുകൂടിയത്. മുൻപ് വരൾച്ചയുടെ കാലത്തും, പിന്നീട് പ്രളയത്തിന്റെ കാല
ത്തും ഇതുപോലെയുള്ള ഒത്തുകൂടലിന് നാട് സാക്ഷ്യം വഹിച്ചിരുന്നു. യാഗപീഠങ്ങൾ പണിത് ഇഷ്ടദേവന്മാരെ പ്രീതിപ്പെടുത്താ
ൻ ജനം ഒന്നോടെ എത്തുമ്പോൾ ഒരുമയുടെ സന്ദേശം അവിടമാകെ അലയടിച്ചിരുന്നു. ഏതു പ്രശ്‌നത്തെയും ഒറ്റക്കെട്ടായി നേരി
ടുമെന്ന പ്രതിജ്ഞ ചൊല്ലിയാണ് രണ്ടു പ്രാവശ്യവും അവർ പിരിഞ്ഞുപോയത്.

ഇക്കുറി വ്യത്യസ്തമായിരുന്നു ലക്ഷ്യം. ഒത്തുകൂടലിന്റെ സ്വഭാവത്തിലുമുണ്ടായിരുന്നു വ്യത്യാസം. മുൻകാലങ്ങളിൽ ഒത്തുകൂടലിന് നേതൃത്വം നൽകിയത് ജനനേതാക്കളായിരുന്നെങ്കിൽ ഇക്കുറി ഒരു വചനപ്രഘോഷകന്റെ നേതൃത്വം അംഗീകരിച്ചാണ് നാട് ഇളകിമറിഞ്ഞത്. ജാതിമതഭേദങ്ങൾ കൂടാതെ സോദരത്വേന കഴിയുന്നൊരു നാടിന്റെ ഒരുമ വെളിവാക്കുന്ന ജനമുന്നേറ്റമെന്നു വേണമെങ്കിൽ അതിനെ വിശേഷിപ്പിക്കാവുന്നതാണ്.
വചനപ്രഘോഷകന്റെ ശാന്തഗംഭീരമായ ഉദ്‌ഘോഷണങ്ങളുടെ ഇടവേളകളിൽ പ്രധാന സഹായി ആമേൻ, ആമേൻ, ആമേൻ എന്ന് ഉറക്കെ പ്രതിവചിച്ചപ്പോൾ അതേറ്റു പറയുക എന്ന ധർമം ജനം കൃത്യമായി പാലിച്ചുകൊണ്ടിരുന്നു. വിളഞ്ഞു പഴുത്തു പാകമായ നന്മയുടെ ഫലങ്ങളും കൊഴുത്തുരുണ്ട് വിളഞ്ഞു നിൽക്കുന്ന കവർപ്പു നിറഞ്ഞ തിന്മയുടെ ഫലങ്ങളും തമ്മിലുള്ള രുചിഭേദങ്ങളെ താരതമ്യം ചെയ്തുകൊണ്ടുള്ള ഉദ്‌ഘോഷണങ്ങൾക്കിടയിലും സഹായി ആമേൻ ചൊല്ലുകയും ജനം ഒന്നോടെ അതേറ്റു പറയുകയും ചെയ്തു.

പെട്ടെന്നാണ് പ്രഘോഷകന്റെ മുഖം ഗൗരവം കൊണ്ടത്. ഇരുകൈകളുമുയർത്തി മുന്നിൽ മുട്ടിേന്മലിരിക്കുന്നവരുടെ മുഖത്തേക്ക് മാറിമാറി നോക്കിക്കൊണ്ട് പ്രഘോഷകൻ പറഞ്ഞു:

“നീയും ഞാനും നേരിടുന്ന വലിയൊരു വിപത്തിനെ ഞാനിതാ ഉന്മൂലനം ചെയ്യാൻ പോകുന്നു. അതിനായി എന്റെ കരങ്ങൾക്ക് ശക്തി പകരാൻ നിങ്ങൾ മുട്ടിപ്പായി അപേക്ഷിക്കുക”.

വിശ്വാസപ്പന്തലിൽ ആമേൻ വിളികൾ മുദ്രാവാക്യം പോലെ ഉയർന്നു. ഇക്കുറി പ്രഘോഷകന്റെ ശബ്ദം മുഴക്കമുള്ള പ്രവാചകശബ്ദത്തിനു സമാനമായി:

“വീഞ്ഞ് പരിഹാസിയും മദ്യം കലഹക്കാരനും ആണെന്നത് നിങ്ങൾ അറിയുന്നില്ല എന്നുണ്ടോ? വീഞ്ഞ് ചുവന്ന പാത്രത്തിൽ തിളങ്ങുന്നതും, രസമായി ഇറക്കുന്നതും കണ്ണിൽ പെടുന്നുവെങ്കിൽ അതിലേക്ക് ദൃഷ്ടി പായിക്കരുത്. നോക്കിയാൽ ഒടുക്കം അത് സർപ്പം പോലെ നിന്നെ പൊതിയും. അണലി പോലെ കൊത്തും. നിന്റെ കണ്ണ് പരസ്ത്രീകളിലേക്ക് പായും. നിന്റെ ഹൃദയം വക്രത പറഞ്ഞുതുടങ്ങും. നീ നടുക്കടലിൽ ശയിക്കുന്നവനെപ്പോലെയും, പാമരത്തിന്റെ ചരിവിൽ ഉറങ്ങുന്നവനെപ്പോലെയും ആയിത്തീരും. നീ പറയും… അവർ എന്നെ അടിച്ചു, എനിക്കു
നൊന്തില്ല… അവർ എന്നെ തല്ലി, ഞാനറിഞ്ഞില്ല… ഞാൻ എപ്പോൾ ഉണരും…? ഞാൻ ഇനിയും അതുതന്നെ തേടും…”

ആമേൻ, ആമേൻ, ആമേൻ എന്ന് പ്രധാന സഹായിയുടെ ശബ്ദം. അവർ അതേറ്റു ചൊല്ലി.

“ഇപ്പോൾ, ഇതാ ഞാൻ നിങ്ങളെ ഉണർത്താൻ പോകുന്നു. എന്നെന്നേക്കുമായൊരു വിടുതലിനു വേണ്ടി നിങ്ങൾക്കായി ഞാൻ ഉയരങ്ങളിലേക്കു നോക്കുന്നു. ഭൂമിയുടെ അതിരുകൾക്കപ്പുറത്തുനിന്നും ആകാശവിതാനത്തിന്റെ കോണുകളിൽ നിന്നും എന്റെ സഹായമെത്തും…. നിങ്ങൾ ഒരു കാരണവശാലും ഭ്രമിക്കരുത്… ചഞ്ചലചിത്തരാവരുത്…”

ആമേൻ വിളികൾ ഉയരവെ പ്രഘോഷകൻ ജനതയ്ക്കു മേൽ കൈകൾ നീട്ടി. അവർ നിശ്ശബ്ദരായി. അപ്പോൾ പ്രഘോഷകൻ
പറഞ്ഞു:

“ഈ ലോകത്തിൽ നിർമിക്കപ്പെടുന്ന വീഞ്ഞു മുഴുവൻ… അങ്ങ് അമേരിക്കയിലെയും ഇസ്രായേലിലെയും ഇറ്റലിയിലെയും മുതൽ ഇങ്ങ് നമ്മുടെ സോളനിലും കമ്പത്തും തേനിയിലുമുള്ള മുന്തിരിപ്പാടങ്ങളിൽ നിന്ന് ഉല്പാദിപ്പിക്കപ്പെടുന്ന വീഞ്ഞു മുഴുവനും ഇതാ കന്നാസുകളോടെ പമ്പാനദിയിൽ ഞാനൊഴുക്കിക്കളയുന്നു….

പ്രധാന സഹായി ഉച്ചത്തിൽ ആമേൻ വിളിക്കുകയും വിശ്വാസിസമൂഹം അതേറ്റു പറയുകയും ചെയ്തു. പ്രഘോഷകൻ തുടർ
ന്നു:

“പത്തും പതിനഞ്ചും വർഷം പഴക്കമുള്ള സ്‌കോട്ട്‌ലണ്ടിലെയും ഇംഗ്ലണ്ടിലെയും വിസ്‌കിയും, ഫ്രാൻസിലെ ഗോഡൗണുകളിൽ അട്ടിയടുക്കിയിരിക്കുന്ന ബ്രാണ്ടിയും കോണിയാക്കും അതേപോലെ ഒഴുക്കിക്കളയുന്നതിന് അടിയന് ശക്തി തരണമേയെന്ന് ഇതാ ഞാനപേക്ഷിക്കുന്നു.

ജനങ്ങളുടെ ഒന്നടങ്കമുള്ള ആമേൻ വിളിയിൽ സഹായിയുടെ ശബ്ദം മുങ്ങിപ്പോകുന്നതു ശ്രദ്ധിച്ച പ്രഘോഷകൻ തുടർന്നു:

“കരീബിയൻ നാടുകളിലെ റമ്മും, റഷ്യൻ നിർമിത വോഡ്കയും വിശിഷ്ട പാനീയങ്ങളെന്നല്ലേ വിശേഷിപ്പിക്കപ്പെടുന്നത്? ജർമനിയിലും ഓസ്‌ട്രേലിയയിലും ഇങ്ങ് ബംഗലുരുവിലും കുപ്പികളിലും ടിന്നുകളിലും നിറച്ചുവച്ചിരിക്കുന്ന ബീയർ എന്ന വിശിഷ്ട പാനീയവും അവയ്‌ക്കൊപ്പം ഞാൻ ഒഴുക്കിക്കളയുകയാണ്.

ധാരാവിയിലും പഹാർഗഞ്ചിലും അഗസ്ത്യകൂടത്തിന്റെ താഴ്‌വാരങ്ങളിലെ കാട്ടറകളിലും സൂക്ഷിച്ചിരിക്കുന്ന തിളപ്പിച്ചാറ്റിയ കോടയ്ക്കു മേലും ഇതാ എന്റെ ഉഗ്രകോപം പതിച്ചിരിക്കുന്നു.

കുറെക്കൂടി ഉച്ചത്തിൽ പ്രഘോഷകൻ നിറഞ്ഞാടി…- ഇനി പ്രളയത്തിന്റെ നിമിഷങ്ങളാണ്… നിങ്ങൾ ആർത്തുല്ലസിക്കുവിൻ…
ഇനിയൊന്നും അവശേഷിക്കുന്നില്ലെന്ന മട്ടിൽ പ്രധാന സഹായി എഴുന്നേറ്റ് ആമേൻ, ആമേൻ, ആമേൻ എന്ന് മൂന്നു പ്രാവശ്യം ഉറക്കെ പറഞ്ഞു.
ജനം ഒന്നടങ്കമെഴുന്നേറ്റ് കൈകൾ വീശി ആമേൻ, ആമേൻ, ആമേൻ എന്ന് ഏറ്റുചൊല്ലി.

അപ്പോൾ വചനപ്രഘോഷകന്റെ മുഖത്തേക്ക് സഹായി പാളിനോക്കി. പ്രഘോഷകന്റെ കണ്ണുകൾ സൗമ്യമായി സഹായിയോട് എന്തോ പറയുന്നത് സൂക്ഷ്മദൃഷ്ടികൾക്ക് ഗോചരമായിരുന്നു.

സഹായിയുടെ കൈകൾ ജനത്തിനു മേൽ നിഴലായി വീശി. ജനം നിശ്ശബ്ദരായി. സഹായി ജനത്തോട് പറഞ്ഞു:

“നദിയുടെ ഉറവുകളിൽ നിന്ന് ജീവജലം കോരിക്കുടിച്ച് ഉന്മത്തരാവാം എന്ന കീർത്തനം പാടി നമ്മൾക്ക് ഈ കൂട്ടായ്മ അവസാനിപ്പിക്കാം. ആമേൻ… ആമേൻ, ആമേൻ, ആമേൻ എന്ന് അവർ ആർത്തുവിളിച്ചു.

പിന്നെ വിളികൾ ഒരു കീർത്തനമായി മാറി… അതേറ്റു ചൊല്ലിക്കൊണ്ട് ജനക്കൂട്ടം നദിക്കരയിലേക്കു പാഞ്ഞു..