ആറ്റൂർക്കവിത: ചില കുറിപ്പുകൾ

ബാലചന്ദ്രൻ വടക്കേടത്ത്

ആറ്റൂരിന്റെ ‘സംക്രമണ’ത്തിന് ആർ. നരേന്ദ്രപ്രസാദ് എഴുതിയ ഉപന്യാസം സുദീർഘമാണ്. ‘കലാകൗമുദി’യുടെ നിരവധി പേജുകളിൽ അത് നിവർന്ന് കിടന്നു. ഇതുപോലുള്ള ഒരു പഠനം മറ്റൊരു കവിതയ്ക്കും മലയാളത്തിൽ ഉണ്ടായിട്ടുണ്ടാവില്ല. നിരൂപകൻ എന്തുകൊണ്ട് ഇത്രയും വലിയ ഒരു നിരൂപണം. ഒരു ചെറുകവിതയ്‌ക്കെഴുതി? ആകെ അറുപത്തിരണ്ട് വരികൾ! ഒരുപക്ഷെ ആസ്വാദനത്തെ ജാ്രഗത്താക്കുന്ന ഭാവപരമായ കരുത്തുള്ള വേറൊരു കവിത നിരൂപകന്റെ ശ്രദ്ധയിൽ പെട്ടിരിക്കാനിടയില്ല. ഇന്ന് വായിക്കുമ്പോഴും ‘സംക്രമണ’ത്തിന്റെ ഭാവക്കരുത്ത് കുറഞ്ഞതായി അനുഭവപ്പെടുന്നില്ല. അത് ഒരു അത്ഭുത കവിതയായി നമ്മുടെ പ്രത്യക്ഷത്തിൽ നിൽക്കുന്നു. വേറൊരർത്ഥത്തിൽ പറഞ്ഞാൽ ഈ കവിത പോലെ ഉൾക്കനവും ഭാവശുദ്ധിയുമുള്ള മറ്റൊരു കവിത ആറ്റൂരിന്റേതായിട്ടുമില്ല.

‘സം്രകമണം’ എഴുതപ്പെടുന്നത് 1974-ലാണ്. ആധുനികതയുടെ ഉച്ചയിൽ കുരുക്ഷേത്രവും ആത്മഗീതയും ബംഗാളുമൊക്കെ പരക്കെ ചർച്ച ചെയ്തുകൊണ്ടിരുന്ന കാലം! പാരമ്പര്യത്തിന്റെ അളിഞ്ഞ അവസ്ഥയോടുള്ള പ്രതികരണമായി സംക്രമണത്തെ വിലയിരുത്തിയവരുമുണ്ട്.

”ഒരുത്തിതൻ ജഡം അളിഞ്ഞു നാറുന്നു” എന്ന ബിംബപ്രയോഗമാണല്ലോ ഈ കവിതയുടെ കേന്ദ്രം. ഒരു തലത്തിൽ ചിന്തിച്ചാൽ ജീർണമായ ഒരു ഗന്ധബിംബം ആ കവിതയിലുണ്ട്. അത് ആറ്റൂർക്കവിതയുടെ ഒരു പ്രത്യേകത കൂടിയാണ്. ആനന്ദബിംബങ്ങൾ ധാരാളമായി ഉപയോഗിക്കുന്ന ശൈലി ആറ്റൂരിനില്ല. അത് ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്റെ മറുവശവും അദ്ദേഹം കാണുന്നു. തന്റെ കവിതയെക്കുറിച്ച് പറയുന്ന ഒരു സന്ദർഭത്തിൽ ആറ്റൂർ എഴുതുന്നു: ”കുറെക്കാലമായി ഉള്ളിൽ പിടയ്ക്കുന്ന ഒരു
ഭീതി, പാപം, അറപ്പ്, കയ്പ് എന്നിവയെ വാക്കുകൾ കൊണ്ട് പുറത്ത് ചാടിക്കുക. അങ്ങനെയൊരു കർമമാണ് എനിക്ക് എഴുത്ത്!”

ഉള്ളിലുള്ളതിനെ പുറത്ത് കളയുന്ന ഈ ആഖ്യാനരീതി രണ്ടു പ്രധാന കാര്യങ്ങൾ വിസ്തരിക്കുന്നു. സാമൂഹ്യവും വ്യക്തിനിഷ്ഠവുമായ അറപ്പുകൾ ഇല്ലാതാക്കാൻ വാക്കുകളെ കാവ്യവത്കരിക്കലാണ് അവയിലൊന്ന്.

‘സംക്രമണം’ ആഖ്യാനത്തിലെ ഒരു ആഭിചാരക്രിയയാണ് എന്നതാണ് ഒരു വാദപക്ഷം. സ്ര്തീ എന്ന ബിംബത്തിലൂടെ കൊണ്ടുവരുന്ന ശവം ഒരു സായൂജ്യപ്രശ്‌നമായി മാറുന്നുണ്ടോ?

നമ്മുടെ ഒരു സ്ര്തീവാദിയും ഈ ബിംബത്തിൽ ഇടപെട്ടതായി കണ്ടിട്ടില്ല. അത് ഒരു സ്ര്തീപക്ഷ കവിതയാണ് എന്നും പറഞ്ഞുകേട്ടിട്ടില്ല. പക്ഷെ അത് ഒരു ഉച്ചാടന ബിംബമാണ്. രൂക്ഷമായ ഗന്ധം പ്രസരിപ്പിക്കുന്ന പാരമ്പര്യത്തെ ഒരു സ്ര്തീയുടെ ജഡമായി സങ്കല്പിച്ചും ഉചിതമായ രീതിയിൽ അടയാളപ്പെടുത്തുകയാണ്.

പാരമ്പര്യവിരുദ്ധനാണ് ആറ്റൂർ എന്ന് ഇതിനർത്ഥമില്ല. ദുഷിച്ച, അളിഞ്ഞ പഴമകളെ തിരസ്‌കരിക്കാനുള്ള ഉദ്‌ബോധനമാണ് ഇവിടെയും കവിത. ആ നിലയ്ക്ക് നിരൂപകന്റെ വിശകലനം ദീർഘദീർഘമായതിൽ എന്താണ് തെറ്റ്? ആധുനികതയിൽ നിന്ന് ഇങ്ങനെയൊരു കവിത കണ്ടെടുക്കാൻ അക്കാലത്ത് കഴിഞ്ഞില്ല എന്ന് കരുതാം.

ഹിംസയുടെയും ക്രൗര്യത്തിന്റെയും ഇമേജറികൾ ആറ്റൂരിന്റെ മറ്റുകവിതകളിലുമുണ്ട്. ആറ്റൂർ രവിവർമക്കവിതയുടെ ഘടന അതിസങ്കീർണമല്ല എന്ന് തോന്നാം. നാടൻപദങ്ങളും പറച്ചിൽവാക്കുകളും ധാരാളം ഉപയോഗിക്കുന്നതുകൊണ്ടാവാം. എന്നാൽ കവിതയുെട അർത്ഥപക്ഷത്തേയ്ക്ക് നീങ്ങുമ്പോൾ അനുഭവഘടന തീക്ഷ്ണമാണോ എന്ന സേന്ദഹം സ്വാഭാവികമായും വരാം. കുറച്ച് വാക്കുകൾ മാത്രം പ്രയോജനപ്പെടുത്തുന്ന കവിയാണ് ആറ്റൂർ. അതിലുപരി വൈകാരികവും സങ്കീർണവുമായ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. ഏതാനും വാക്കുകൾ കൊണ്ട് വലിയ ഭാവലോകം നിർമിക്കുക എന്നത് ഒരു പ്രത്യേകതയായി ചൂണ്ടിക്കാണിക്കാതെ വയ്യ. നഗരത്തിൽ ഒരു യക്ഷൻ, അവൻ ഞാനല്ലൊ, എത്ര ഞരുക്കം തുടങ്ങിയ കവിതകൾ നോക്കുക. രചനയുടെ സൂക്ഷ്മതലത്തിലേക്ക് ഈ കവിതകളുടെ വായന നമ്മെ കൊണ്ടുപോവുന്നു. ഭാവസൂക്ഷ്മത കവിതയുടെ ഗുരുത്വം മാത്രമല്ല, ജീവിതനിരീക്ഷണത്തി ന്റെ സൂക്ഷ്മത കൂടിയാണ്. ആ സൂക്ഷ്മത ഇരുളുമായി ബന്ധപ്പെട്ടു കിടക്കുന്നു.

ആറ്റൂരിന്റെ മിക്കവാറും കവിതകളിൽ ഒരിരുട്ട് ഒളിഞ്ഞിരിക്കുന്നു. ഇരുട്ട് പലപ്പോഴും പ്രകാശത്തിലേക്കുള്ള ഒരു പടരൽ തന്നെയാണ്. അവൻ ഞാനല്ലൊ എന്ന കവിതയിൽ ഇരുളിന്റെ ഒരു
ലോകം ആവിഷ്‌കാരവിഷയമാവുന്നു. ‘ഇല്ല’ എന്ന ഒരു പദപ്രയോഗത്തിലൂടെ ഒരു വ്യക്തിയുടെ നിസ്സഹായതയിലേക്ക് ചുഴിഞ്ഞിറങ്ങുന്ന കവിത ഒപ്പം ജീവിതത്തെയും സമൂഹത്തെയും അഭിസംബോധന ചെയ്യുന്നു. ഇതൊരു കവിശീലമാണ്. തന്റെ കവിതകളിൽ നിഷേധാത്മക മനസ്സ് നിലനിർത്തി ഒരു പദനിഷ്ഠരൂപപ്പെടുത്തുന്നു. യാതൊരു ആകർഷണീയതയുമില്ലാത്ത വാക്കുകളും പദപ്രയോഗങ്ങളും കൊണ്ട് ഒരുതരം വെറുപ്പ് ഈ കവി സൃഷ്ടിക്കുന്നു. ആ വെറുപ്പാണ് വാസ്തവത്തിൽ ആറ്റൂർക്കവിതയുടെ ആത്മബോധത്തിെന്റ അടയാളപ്പെടുത്തൽ.

അളിഞ്ഞ പാരമ്പര്യത്തെ തിരസ്‌കരിക്കുന്ന മനസ്സിനെക്കുറിച്ച് നാം നേരത്തെ പറഞ്ഞു. എന്നാൽ നല്ല പാരമ്പര്യത്തെ തള്ളിക്കളയുന്നില്ല. ആറ്റൂർക്കവിത പിറക്കുന്നത് ഒരു തിരിഞ്ഞുനടത്തത്തിൽ നിന്നാണ്. അത് സമകാലികതയിൽ നിന്നുള്ള ഒരു വേർതിരിയലായി എനിക്ക് തോന്നുന്നു. ആറ്റൂർ എഴുതിത്തുടങ്ങുന്നത് ആധുനികതയുടെ കാലത്താണ്. സം്രതാസവും ശൂന്യതയുമൊക്കെ ഈ കവിയും കേട്ടിരിക്കാം. അനുഭവിച്ചിരിക്കാം. എന്നാൽ ഇതൊക്കെ സ്വയം പരിശോധിച്ചുകൊണ്ടേ ആറ്റൂർ സ്വീകരിച്ചിട്ടുള്ളൂ. ഓട്ടോവിൻ പാട്ട്, മേഘരൂപൻ തുടങ്ങിയ കവിതകളിലെത്തുമ്പോൾ, കവിയുടെ രചനയുടെ സവിശേഷമായ പരിണാമമായിരിക്കും നാം നേരിടുക. രചനാശില്പം രൂപപരമായി ഭംഗിയുള്ളതല്ല. ആന്തരിക ശില്പഭംഗി മറ്റൊരു കവിതയിലും കാണാത്തതുമാണ്. ഒരു വികാരം, ഒരു അനുഭവം, പരുക്കൻ വാക്കുകളിൽ ചേർത്തുവയ്ക്കുന്ന രീതിയാണ് ശ്രദ്ധേയം. ആ രീതിയിൽ നാം കവിതയുടെ അർത്ഥം കണ്ടെത്തുന്നു. ഒരു നാട്ടുകഥ പറയുന്ന രീതിയിൽ നർമൗത്സുക്യത്തോടെ ആവിഷ്‌കരിക്കുന്ന ഓട്ടോവിൻപാട്ടിലെ പതിഞ്ഞ അർത്ഥം തന്നെയാണ് കവിതയിലെ ജീവിതവും.
അതിന്റെ തുടർച്ചയും കവിതയിൽ വരുന്നു. ഒരു വ്യക്തിയിലേക്ക് ചെന്ന് അവനിൽ തിടം വച്ചു നിൽക്കുന്ന പഴയതും പുതിയതും തമ്മിലുള്ള സംഘർഷത്തിലേക്ക് കാവ്യാർത്ഥത്തെ കവി പരി
ഭാഷപ്പെടുത്തുന്നു. മേഘരൂപൻ എന്ന കവിതയിൽ ഗൃഹാതുരത വിട്ടുനിൽക്കുന്നില്ല.

കവിതയ്ക്കകത്ത് ഒരു ഗൃഹം പണിയുകയാണ് ആറ്റൂർ രവിവർമ. കാല്പനികനാണ് കവി. ഓരോ കവിതയും വായിച്ചുനോക്കുക.ഒരു തടസ്സവുമില്ലാതെ കവിതകളുടെ അകത്ത് കടന്നിരുന്ന് നമു
ക്ക് വിശ്രമിക്കാം. അതിനുള്ള ഇടം ആറ്റൂർക്കവിതകൾ നൽകുന്നു. രണ്ടുതരം ഗൃഹാതുരത കവിതയ്ക്കുണ്ട് എന്നാണ് എന്റെ വിശ്വാസം. അകത്തേക്ക് വായനക്കാരെ വിളിച്ചിരുത്തി ആനന്ദിപ്പിക്കുന്നവ. അവിടെ ചെന്നാൽ പിന്നെ പുറത്തുകടക്കാനാവില്ല. ആറ്റൂർ വായനക്കാരെ ക്ഷണിച്ച് കവിതയ്ക്കകത്ത് ഇരുത്തുന്നു. മറ്റു ചില കവികൾ വായനക്കാരെ ക്ഷണിച്ചിരുത്തുമെങ്കിലും അകത്തിരി
ക്കാനാവാതെ പുറത്തുകടക്കുന്നു. ആദ്യത്തെ കവിതയിൽ വികാരത്തോടൊപ്പം ഒരു വിചാരലോകവുമുണ്ട് എന്നാണ് നാം മനസ്സിലാക്കേണ്ടത്. കാല്പനികകവിത സൂക്ഷ്മമായി പരിശോധിക്കുമ്പോൾ, ഈ വിചാരവ്യവസ്ഥയെ മറികടക്കേണ്ടതില്ല എന്ന് നമുക്ക് തോന്നും. ആശാൻകവിതയിലെ കാല്പനികതയല്ലല്ലോ ചങ്ങമ്പുഴയുടെ കാല്പനികത. ആശാൻകവിതയിലെ കാല്പനികാസ്തിത്വം തത്ത്വനിരീക്ഷണ കൗശലമടങ്ങിയതാണ്. ഈ കാല്പനികതയെ തിരിച്ചറിഞ്ഞ കവിയാണ് ആറ്റൂർ രവിവർമ. കവി ശാലീന റൊമാന്റിക് ആവരുതെന്ന പാഠം ഇവിടെ പുന:സൃഷ്ടിക്കപ്പെടുന്നു. ആയർത്ഥത്തിൽ ആറ്റൂർക്കവിത ആശാൻപക്ഷത്തെ കാല്പനികതയെ
സ്വാംശീകരിക്കുന്നു.

മേഘരൂപനിൽ ഒരു കാളിദാസീയതയില്ലെ? കാളിദാസ-ആശാൻ പാരമ്പര്യങ്ങളിലെ ഭാവസത്തയെ സ്വീകരിച്ചാദരിച്ച കവിയാണ് ആറ്റൂർ.

രവിവർമയുടെ ചില കവിതകളെ പേടിക്കവിതകൾ എന്ന് എം. ഗംഗാധരൻ വിവരിക്കുന്നുണ്ട്. പേടി മനസ്സിന്റെ സ്വച്ഛന്ദത തെറ്റിയ അവസ്ഥയാണ്. എല്ലാ മനുഷ്യരിലും ഒരു പേടിയുണ്ട്. അത് സാമൂഹ്യമോ വ്യക്തിനിഷ്ഠമോ ആകാം. അത് ചിലപ്പോൾ പേരിട്ട് വിളിക്കാൻ പറ്റാത്ത, അവ്യക്തമായ ഒരു മനോഭാവമായും വരുന്നു. നാലുകെട്ടുകൾ തകരുന്നതും ഗ്രാമീണത അസ്തമിക്കുന്നതും ഭയത്തോടൊണ് ഒരുകാലത്ത് ചിലർ നോക്കിക്കൊണ്ടിരുന്നത്. അത് സാമൂഹ്യമായ ഒരു പരിണാമത്തിന്റെ ഫലമായിരുന്നു. ഇന്നങ്ങിനെയല്ല. പേടി ഒരു രാഷ്ട്രീയപ്രശ്‌നമാണ്.

വേഗത്തിൽ നടക്കുവാനായീല,
പതുക്കെയും
ആരിവൻ?
വഴിയിലെൻ പിന്നാലെ
കൂടീടുന്നു!

‘പേടി’ എന്ന കവിത സമാരംഭിക്കുന്നത് ഇങ്ങനെയാണ്. ആരിവൻ? എന്ന ചോദ്യത്തിന്, അതെഴുതുമ്പോൾ കവിക്ക് ഒരു ഉത്തരമുണ്ടായിരുന്നു. നരച്ചുതൂങ്ങും ……ത്തിലും തുരുമ്പിച്ച ഗൃഹ
ത്തിലും സർപ്പം പോലെ വളഞ്ഞ നിരത്തിലും അവനെക്കണ്ടു. ഇന്നും അവൻ നമ്മുടെ മുറ്റത്തും ഗൃഹത്തിലും നിരത്തിലുമൊക്കെ പതുങി വന്ന് നിൽക്കുന്നു. ജാലകമടച്ചിരുന്ന് ഉറക്കെ വായി
ക്കുമ്പോൾ മൂകത പരക്കുന്നു.

അറുപതുകളിലാണ് ഈ കവിത എഴുതുന്നതെങ്കിലും ഇന്നത്തെ ഇന്ത്യൻ അന്തരീക്ഷത്തിൽ അർത്ഥയുക്തമാണ് ഈ കവിത എന്ന് തോന്നുന്നു. ഭ്രാന്ത് എന്ന കവിതയിൽ ഈ പേടി മറ്റൊരു രീതിയിൽ പ്രവേശിക്കുന്നത് കാണാം.

‘ഉണ്ണുമ്പോൾ ഉരുളയിൽ ചോര’ എന്നു സമാരംഭിക്കുന്ന കവിതയിൽ ഇങ്ങനെ ചില വരികൾ കാണാം.

ട്രിഗറിൻ താളം കാതിൽ മൂളുന്നു
മൂക്കിൽ രക്ത……….. ശരീരങ്ങൾ
പെട്രോളിലാളും ഗന്ധം
തൊട്ടുവോ ശവത്തിേന്മൽ!
………………………
ഉറക്കത്തിലെപ്പോഴും ഞെട്ടീടുന്നു.
ഇന്നത്തെ ഒരിന്ത്യൻ പൗരൻ നേരിടുന്ന അവസ്ഥതന്നെയല്ലേ ഇത്. ‘കൊല്ലലും മരിക്കലും’ നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. ആൾക്കൂട്ടകൊലപാതകങ്ങളും ദളിത് കൊലകളും സ്ര്തീപീഡനങ്ങളും വർദ്ധിച്ച ഒരു രാഷ്ട്രീയ സംസ്‌കാരത്തിന്റെ ആദ്യസൂചനകൾ ഉള്ളടങ്ങുന്ന ഒരു കവിതയായി നമുക്ക് ‘ഭ്രാന്തി’നെ വായിക്കാം.

1965-ലെ ഈ കവിത 2019-ലെ കവിതയായും വായിക്കാമെന്നാണ് സൂചന. നിശ്ശബ്ദത കലർന്ന ഒരുതരം ഭയം നമ്മുടെ വർത്തമാനകാല സമൂഹത്തിൽ വ്യാപിച്ചു കിടക്കുന്നു. മൃത്യുവിന്റെ പ്രത്യക്ഷത കൊണ്ട് ഹിംസാത്മകത നിറഞ്ഞുനിൽക്കുന്നു. മൃത്യു എവിടെയും പ്രതീക്ഷിക്കാം. ബസ്സു കാത്തു നിൽക്കുമ്പോഴും പള്ളിയിൽ പോകുമ്പോഴും ക്ഷേത്രത്തിൽ പ്രാർത്ഥിക്കാനെത്തുമ്പോഴും കൊല്ലൽ നടക്കുന്നു. ഈ വ്യവസ്ഥയെ എന്തു പേരിട്ട് വിളിച്ചാലും വിരോധമില്ല; ഇന്ത്യൻ പൗരൻ പറയുന്നു, ”ചോരപ്പാടാണെന്തൊരാളായ്‌പ്പോയി ഞാൻ” എന്ന്.

മാത്രവുമല്ല, ‘ഭ്രാന്ത്’ ഒരു രാഷ്ട്രീയ സത്യം കൂടി നമ്മെ ബോധ്യപ്പെടുത്തുന്നു. ദേശപ്പേരുകൾ, വംശപ്പേരുകൾ എല്ലാം ഇല്ലാതാവുന്നു. അെല്ലങ്കിൽ, ഒരു പുതിയ വംശം പിറന്ന് ഇതര ദേശവംശങ്ങളെ ഇല്ലാതാക്കുന്നു.

ആറ്റൂർക്കവിതകളിൽ പ്രത്യക്ഷ രാഷ്ട്രീയമൊന്നുമില്ല. ആഴമുള്ള വിമർശനാത്മകമായ ചില രാഷ്ട്രീയ ധ്വനികൾ ആ കവിത ഉൾപ്പേറുന്നു. ആ രാഷ്ട്രീയം പൊതുബോധവുമായി ഉരസി ഉണ്ടാകുന്നതാണ്. ‘അവൻ ഞാനല്ലൊ’ എന്ന കവിതയുടെു ഉൾവാസനയുമായി ബന്ധപ്പെടുത്തി വീണ്ടും പരിശോധിക്കേണ്ട ഒരു ആശയമാണിത്. ഏകാകിയായി കടൽത്തീരത്തിരിക്കുന്ന ഒരാൾക്ക്
ഉള്ളിലേക്ക് കടന്നുവരുന്ന ഭാവരൂപങ്ങൾ ദൃശ്യങ്ങളായി നിഴലിക്കുന്നു. നിത്യം കടലെടുത്തീടുന്ന ജന്മത്തിന്റെ ഇരുളാഴത്തിൽ ഓരോരുത്തരും അകപ്പെട്ടിരിക്കുന്നു. പിറവിയിൽ നിന്നാണ് ഭാവചിന്ത രൂപപ്പെടുന്നതും ദുർഘടമായ ജീവിതപ്പാതകളെക്കുറിച്ച് ഓർമപ്പെടുത്തുന്നതും.

ഒറ്റയ്ക്കാണ് ആറ്റൂർ. എപ്പോഴും കൂടെ പേടിപ്പെടുത്തുന്ന ഒരു നിഴലുമുണ്ട്. ആ നിഴലാണ് ഓരോ യാത്രയിലും പിന്തുടരുന്നത്. എഴുപതുകളിലെ ഒരു കവി അനുഭവിച്ച ക്ഷോഭവും വിങ്ങലും ആറ്റൂ
ർക്കവിതയായി രൂപാന്തരപ്പെടുത്തുന്നു. ആ ക്ഷോഭത്തോടൊപ്പം സ്വയം ഗൃഹാതുരമാവുന്ന ഒരു കാവ്യവ്യവസ്ഥ സൃഷ്ടിച്ചുകൊണ്ടാണ് ആറ്റൂർ കവിയായത്. മലയാളിയുടെ കാവ്യാനുശീലത്തെ
യും ആ കവിത പരിവർത്തിപ്പിച്ചിരിക്കുന്നു.