ഇന്ത്യയ്ക്കുമേൽ പടരുന്ന കരിനിഴൽ

മോഹൻ കാക്കനാടൻ

മോഡി സർക്കാർ രണ്ടാം വരവിൽ ഉറഞ്ഞു തുള്ളുകയാണ്. ആദ്യ വരവിൽ നോട്ടു നിരോധനവും മറ്റുമായി ജനതയെയാകെ വീർപ്പുമുട്ടിച്ചെങ്കിൽ അടുത്ത വരവിൽ ജനാധിപത്യത്തിനും മതേതരത്വത്തിനും വമ്പിച്ച ഭീഷണിയാണ് ഉയർത്തിയിരിക്കുന്നത്. പൗരത്വ ഭേദഗതി ബില്ലിന്റെ മറവിൽ ജനതയെ വിഭജിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. രാജ്യമെമ്പാടും അതിനെതിരെ പ്രക്ഷോഭങ്ങൾ ഉയരുമ്പോഴും അതിനെ അടിച്ചമർത്താനല്ലാതെ ഒരു തുറന്ന ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ മുന്നിട്ടിറങ്ങുന്നില്ലെന്നതാണ് ഏറ്റവും പരിതാപകരം. ഭരണകൂട ഫാഷിസത്തിനെതിരെയാണ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളും പൊതുബോധമുള്ള ജനങ്ങളും നിരത്തിലിറങ്ങിയിരിക്കുന്നത്. രാജ്യത്തെയാകെ ഉൾക്കൊള്ളുന്ന ഈ രീതിയിലുള്ള ഒരു പ്രക്ഷോഭത്തിന് സ്വാതന്ത്ര്യ സമര കാലത്തെ വീറും വാശിയുമാണ് കാണാനാവുന്നത്. പെൺകുട്ടികളും സ്ത്രീകളുമടങ്ങുന്ന യുവജനത നിരത്തിലിറങ്ങുന്ന സമാനതയില്ലാത്ത ഒരു സമരത്തിനാണ് രാജ്യം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. പക്ഷെ കുടില തന്ത്രങ്ങളിലൂടെ സമരത്തെ ദേശീയവിരുദ്ധമെന്നു മുദ്ര കുത്താൻ അധികാരികൾ ശ്രമം തുടങ്ങിക്കഴിഞ്ഞു. സമരത്തിന് മുൻപന്തിയിൽ നിൽക്കുന്ന യുവാക്കളുടെയും വിദ്യാർത്ഥികളുടെയും വീടുകളിൽ ഭീഷണിയുമായി പോലീസ് കയറിത്തുടങ്ങി.

പൗരത്വ ഭേദഗതി ബിൽ ആരെയും ബാധിക്കില്ല എന്ന സർക്കാർ ഭാഷ്യം അതേപടി വിഴുങ്ങാൻ ഒരു കടുത്ത ഹിന്ദുത്വവാദിക്കു മാത്രമേയാകൂ. കഴിഞ്ഞ ആഗസ്ത് 31-ന് നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസി(െ്രഇ)ന്റെ ഡ്രാഫ്റ്റ് പുറത്തിറക്കിയപ്പോൾ അതിൽ ഉൾപ്പെടാതെ പോയ ലക്ഷങ്ങളിൽ ഇന്ത്യയുടെ അഞ്ചാമത്തെ പ്രസിഡന്റ് ആയിരുന്ന ഫഖ്‌റുദിൻ അലി അഹമ്മദിന്റെ കുടുംബാംഗങ്ങളും കാർഗിൽ യുദ്ധത്തിൽ പ്രസിഡന്റിന്റെ വിശിഷ്ട സേവാ മെഡൽ വാങ്ങിയ സൈനികനും ഉണ്ടായിരുന്നു.
ഈ അനിശ്ചിതത്വമാണ് തെരുവിലിറങ്ങാൻ ഇന്ത്യൻ ജനതയെ പ്രേരിപ്പിക്കുന്നത്.

ഗീബൽസിയൻ തന്ത്രങ്ങളാണ് ബി ജെ പി പിന്തുടരുന്നതെന്ന് അവരുടെ പ്രസ്താവനകളിൽ നിന്നുതന്നെ കാണാം. രാജ്യത്തു പലേടത്തും പൗരത്വമില്ലാത്തവരെ താമസിപ്പിക്കാൻ വിശാലമായ തുറന്ന തടവറകൾ നിർമിക്കുന്നുവെന്നു പറഞ്ഞ സർക്കാരാണ് അത്തരം തടവറയുടെ കാര്യം ആലോചിച്ചിട്ടേയില്ലെന്ന പച്ചക്കള്ളം പറഞ്ഞത്. ഉടൻതന്നെ പല മാധ്യമങ്ങളും അത് തുറന്നു കാട്ടി. ഇങ്ങനെ സ്വന്തം ജനതയോട് നുണ പറയാൻ മടിയില്ലാത്ത ഒരു ഭരണകൂടം എന്തും ചെയ്യാൻ മടിക്കില്ലെന്നത് വളരെ വ്യക്തമാണ്.

എന്തായാലും കേരള നിയമസഭ കക്ഷിരാഷ്ട്രീയം മറന്ന് പൗരത്വ ബില്ലിനെതിരെ പ്രമേയം കൊണ്ടുവന്നത് ശ്രദ്ധേയമായി. രാജ്യമെമ്പാടും സമരം ചെയ്യുന്ന ജനതയ്ക്ക് ഈ സമീപനം ആവേശം പകരുമെന്നതിൽ സംശയമില്ല. അഗാധമായ മനുഷ്യത്വമാണ് ഈ പ്രക്ഷോഭത്തിലുള്ളതെന്ന് കെ ജി എസ് ചൂണ്ടിക്കാണിക്കുന്നു. അതെ, അതുകൊണ്ടുതന്നെ ഈ സമരം വിജയിക്കുമെന്നതിൽ ഒരു സംശയവുമില്ല.