സ്വാതന്ത്ര്യവും മാതൃത്വവും

നസീർ ഹുസൈൻ

ഡി.എസ്.സി പ്രൈസ് നേടിയ അനുരാധ റോയ് രചിച്ച ഓൾ ദ ലിവ്‌സ് വി നെവർ ലിവ്ഡ്
എന്ന പുതിയ നോവലിനെക്കുറിച്ച്

”ഇംഗ്ലീഷുകാരനോടൊപ്പം ഓടിപ്പോയ അമ്മയുടെ പുത്രൻ എന്നാണ് കുട്ടിക്കാലത്ത് ഞാൻ അറിയപ്പെട്ടിരുന്നത്. അയാൾ വാസ്തവത്തിൽ ജർമനായിരുന്നു. പക്ഷെ ഞങ്ങളുടേതു പോലുള്ള
ചെറിയ പട്ടണങ്ങളിൽ എല്ലാ വിദേശികളും ഇംഗ്ലീഷുകാർ എന്നാണ് അറിയപ്പെട്ടിരുന്നത്. തന്റെ ഭാര്യ അന്യപുരുഷനോടൊപ്പം ഓടിപ്പോയെങ്കിലും ജനങ്ങളുടെ ഈ അജ്ഞത പണ്ഡിതനായ എന്റെ പിതാവിനെ അലോസരപ്പെടുത്തി.”

2016-ലെ ദക്ഷിണേഷ്യൻ സാഹിത്യത്തിനുള്ള ഡി.എസ്.സി പ്രൈസ് നേടിയ ‘സ്ലീപ്പിങ് ഓൺ ജൂപ്പിറ്റർ’ എന്ന കൃതിയുടെ കർത്താവ് അനുരാധ റോയിയുടെ ‘ഓൾ ദി ലിവ്‌സ് വി നെവർ ലിവ്ഡ്’ എന്ന പുതിയ നോവലിലെ മിഷ്‌കിൻ റൊസാരിയോയുടെ ഓർമക്കുറിപ്പുകൾ ആരംഭിക്കുന്നത് ഇങ്ങിനെയാണ്.

വാക്കുകളുടെ പ്രയോഗത്തിൽ മിതത്വം പാലിക്കുന്ന എഴുത്തുകാരിയാണ് അനുരാധ റോയ്. ആദ്യ ഖണ്ഡികയിലൂടെ നോവലിലെ മൂന്ന് പ്രധാന കഥാപാത്രങ്ങളെയാണ് അനുരാധ റോയി വായനക്കാർക്ക് പരിചയപ്പെടുത്തുന്നത് – ഗായത്രി റൊസാരിയോ എന്ന അമ്മ, അവരുടെ ഭർത്താവും കോളേജ് അധ്യാപകനുമായ നെക്ക് ചന്ദ് റൊസാരിയോ, മകൻ മിഷ്‌കിൻ റൊസാരിയോ. ഗായത്രി റൊസാരിയോ എന്ന കലാകാരിയും സ്വാതന്ത്ര്യമോഹിയുമായ സ്ത്രീയാണ് നോവലിലെ പ്രധാന കഥാപാത്രമെങ്കിലും അവരുടെ കഥ പറയുന്നത് മിഷ്‌കിൻ റൊസാരിയോ എന്ന പുത്രനാണ്.

ഇന്ത്യൻ സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടിരിക്കുന്ന 1930കൾ മുതലുള്ള കാലഘട്ടമാണ് അനുരാധ തന്റെ കഥ പറയുന്നതിന് സ്വീകരിച്ചിരിക്കുന്നത്. സ്വാതന്ത്ര്യസമരവും രണ്ടാംലോക മഹായുദ്ധവും നോവലിന്റെ പശ്ചാത്തലമായി വർത്തിക്കുന്നുണ്ടെങ്കിലും നെക്ക്ചന്ദ് റൊസാരിയോ ഒഴിച്ച് മറ്റേതെങ്കിലും ഒരു കഥാപാത്രം ഇക്കാര്യത്തിൽ യാതൊരു താത്പര്യവും പ്രകടിപ്പിക്കുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ജീവിച്ചിരുന്ന ചില മഹത് വ്യക്തികളെ നോവലിൽ കഥാപാത്രങ്ങളായി കൊണ്ടുവരുന്നതിനായിരിക്കണം അനുരാധ റോയ് ഈ കാലഘട്ടം തന്റെ നോവലിൽ സ്വീകരിച്ചത്. രവീന്ദ്രനാഥ ടാഗോർ, ജർമൻ ചിത്രകാരനും ശില്പിയുമായ വാൾട്ടർ സ്‌പൈസ്, ഗവേഷക ഡിസോട്ടെ, ഗായിക ബീഗം അക്തർ, ഉദ്യാന പരിപാലന ശാസ്ത്രജ്ഞൻ അലിക് പെർസി – ലാൻസസ്റ്റർ എന്നിവർ നോവലിൽ കഥാപാത്ര
ങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ ഈ ചരിത്രപുരുഷന്മാരും സ്ത്രീകളും നോവലിസ്റ്റിന്റെ ഭാവനയ്ക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ഉദാഹരണത്തിന് വാൾട്ടർ സ്‌പൈസും ടാഗോറും
തമ്മിൽ നേരിട്ട് കണ്ടുമുട്ടിയതിന്റെ ചിത്രീകരണം നോവലിലുണ്ട്.

എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ രേഖകളൊന്നും തന്റെ ഗവേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് അനുരാധ റോയ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വാൾട്ടർ സ്‌പൈസ് ഇന്ത്യയിൽ വന്നു എന്നത് നോവലിസ്റ്റിന്റെ ഭാവന മാത്രമാണ്. പ്രധാന
കഥാപാത്രമായ ഗായത്രി റൊസാരിയോയുമായി ബന്ധപ്പെടുത്തുന്നതിന് മാത്രമാണ് അനുരാധ റോയ് ഇവരെ നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്.

1992-ലാണ് മിഷ്‌കിൻ റൊസാരിയോ തന്റെ ഓർമകൾ എഴുതുന്നത്. ഇത് അയാൾക്ക് ഒരന്വേഷണമാണ്. ഒമ്പതാം വയസിൽ തന്നെ ഉപേക്ഷിച്ച് എന്തുകൊണ്ട് അമ്മ മറ്റൊരു പുരുഷനുമായി ഓടിപ്പോയി? സ്വതന്ത്ര്യലബ്ധിക്കുശേഷം ജോലി തേടി ഡൽഹിയിലെത്തിയ മിഷ്‌കിൻ സസ്യശാസ്ത്രജ്ഞനായ ലാൻസസ്റ്ററുമായി പരിചയപ്പെട്ടിരുന്നു. ഡൽഹിയെ ഒരു ഹരിത നഗരമാക്കുന്നതിന് പദ്ധതിയിട്ടിരുന്ന ലാൻസസ്റ്റർ ഇക്കാര്യത്തിൽ തന്റെ സഹായിയായി മിഷ്‌കിനെ കൂട്ടുകയായിരുന്നു. എന്നാൽ ചുരുങ്ങിയ കാലയളവിൽ തന്നെ അയാൾക്ക് ഡൽഹിയും തന്റെ ജോലിയും മടുക്കുകയും ഹിമാചൽപ്രദേശിലെ സാങ്കല്പിക നഗരമായ മുംതാസിറിലേക്ക് മടങ്ങുകയും ചെയ്തു. തുടർന്നാണ് അമ്മയെക്കുറിച്ചുള്ള അന്വേഷണം മിഷ്‌കിൻ ആരംഭിക്കുന്നത്. അയാൾ ഒരെഴുത്തുകാരനല്ല. ബാല്യകാലത്തെക്കുറിച്ച് ചിതറിയ ഓർമകളേ അയാൾക്കുള്ളൂ. അയാളുടെ സഹായത്തിന് എത്തുന്നത് പ്രശസ്ത ബംഗാളി സാഹിത്യകാരിയായ മൈത്രേയീദേവിയുടെ ആത്മകഥാപരമായ ഒരു നോവലാണ് (സാങ്കല്പികം). നോവലിലെ അമൃത എന്ന നായികയുടെ സ്വഭാവം തന്റെ അമ്മയ്ക്ക് അയാൾ പകർന്നു നൽകുകയാണ്. നോവലിന്റെ അന്ത്യഭാഗത്ത് അനുരാധ റോയ് അമൃതയുടെ കഥ സംക്ഷിപ്തമായി വിവരിക്കുന്നുണ്ട്.

മിഷ്‌കിൻ റൊസാരിയോ എന്ന ഏകാകിയായ ബാലൻ അനുരാധ റോയിയുടെ മികച്ച കഥാപാത്രമാണ്. അമ്മയെക്കുറിച്ചുള്ള ഓർമകൾ പകർത്തുന്നതിനിടെ 1930കൾ മുതലുള്ള തന്റെ കുടുംബചരിത്രം കൂടി മിഷ്‌കിൻ രേഖപ്പെടുത്തുന്നുണ്ട്. അനുരാധ റോയിയുടെ കാവ്യാത്മക ഭാഷ നോവലിന് പ്രത്യേകം ഊർജം നൽകുന്നുണ്ട്.

ചരിത്രവും ഭാവനയും ഇടകലർത്തി രചിച്ച ‘ഓൾ ദ ലിവ്‌സ് വി നെവർ ലിവ്ഡ്’ എന്ന നോവൽ ശ്രദ്ധേയമാകുന്നത് ഗ്രന്ഥകാരിയുടെ ചരിത്രജ്ഞാനവും ഭൂമിശാസ്ത്രപരമായ അറിവും മൂലമാണ്. ഗായത്രി ബാലിയിൽ ചെലവഴിച്ച നാളുകൾ വിവരിക്കുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കപ്പെടുകതന്നെ ചെയ്യും.

‘ഓൾ ദ ലിവ്‌സ് വി നെവർ ലിവ്ഡ്’ രചിക്കുന്നതിന് ഒട്ടേറെ ഗവേഷണങ്ങൾ നടത്തിയിട്ടുണ്ടെന്ന് അനുരാധ പറയുന്നു. പ്രത്യേകിച്ചും ജീവിച്ചിരുന്ന കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുന്ന ഭാഗങ്ങൾ
എഴുതുമ്പോൾ അവ തികച്ചും വിശ്വസനീയമാകണമെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. ടാഗോറിന്റെ ബാലിയിലേക്കുള്ള കപ്പൽയാത്ര ചരിത്രസത്യമാണ്. ശാന്തിനികേതനിലെ അന്തേവാസികളിൽ ചിലർ അന്ന് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു എന്നതും രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്.

ഗായത്രി സെന്നും ഗായത്രി റൊസാരിയോയും ഗായത്രി എന്ന ബാലികയെ സ്വതന്ത്രയായാണ് പിതാവ് വളർത്തിയത്. അവളുടെ ചിത്രകലാമോഹത്തെ അയാൾ പ്രോത്സാഹിപ്പിച്ചു. നൃത്തപഠനത്തിനായി ശാന്തിനികേതനിൽ ചേർത്തു. പിന്നീട് യൗവനത്തിലെത്തിയ ഗായത്രിയെ പിതാവ് അഗ്നിസെൻ ബാലിയിലേക്ക് കൊണ്ടുപോയി. രവീന്ദ്രനാഥ ടാഗോർ കപ്പലിൽ ബാലിയാത്ര നടത്തുന്നുണ്ടെന്നറിഞ്ഞ് പുത്രി ഗായത്രി സെന്നിനെ അദ്ദേഹവുമായി പരിചയപ്പെടുത്തുന്നതിനായാണ് അയാൾ ഈ യാത്ര സംഘടിപ്പിച്ചത്. ഗായത്രിസെന്നും ടാഗോറുമായി നടത്തുന്ന സംഭാഷണങ്ങൾ നോവലിസ്റ്റിന്റെ ഭാവനാസൃഷ്ടി മാത്രമാണ്. ബാലിയിൽ വച്ചാണ് ഗായത്രിസെൻ ചിത്രകാരനായ വാൾട്ടർ സ്‌പൈസുമായി പരിചയപ്പെടുന്നത്.

അഗ്നിസെന്നിന്റെ വിദ്യാർത്ഥിയായിരുന്ന നെക്ചന്ദ് റൊസാരിയോയുമായുള്ള ഗായത്രിയുടെ വിവാഹം വളരെ പെട്ടെന്നായിരുന്നു. ഇതോടെ തന്റെ ജന്മനാടായ ഡൽഹിയിലെ ജയ്പൂർ വിട്ട്
ഗായത്രിക്ക് ഹിമാചലിലെ മുംതാസിറിലേക്ക് വരേണ്ടിവരികയും ഗായത്രി റൊസാരിയോ ആയിത്തീരേണ്ടി വരികയും ചെയ്യുന്നു.

ജയ്പൂരിലെ ഗായത്രിയുടെ കൂട്ടുകുടുംബ ജീവിതം മിഷ്‌കിന്റെ ഓർമകളിലൂടെ വളരെ മനോഹരമായാണ് അനുരാധ റോയ് ചിത്രീകരിച്ചിരിക്കുന്നത്. മുംതാസിറിലെത്തിയ ഗായത്രിക്ക് തന്റെ കലാകാരിയെന്ന സ്വത്വം ത്യജിക്കാനായില്ല എന്നതാണ് വാസ്തവം. കലാകാരന്റെ/കാരിയുടെ സ്വാതന്ത്ര്യം എന്ന സങ്കല്പം അനുരാധ റോയ് വളരെ വിശദമായിതന്നെ നോവലിന്റെ ആദ്യ ഭാഗങ്ങളിൽ ചർച്ച ചെയ്യുന്നുണ്ട്. ഗായത്രി റൊസാരിയോ ചിത്രരചനയിലേർപ്പെടുന്നതും ഗാനാലാപനം നടത്തുന്നതും ഭർത്താവായ നെക്ചന്ദ് റൊസാരിയോ തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനായിരുന്ന അയാൾ ഗാന്ധിശിഷ്യയായ മുക്തിദേവിയെന്ന രാഷ്ട്രീയ പ്രവർത്തകയുടെ സ്വാധീനവലയത്തിലായിരുന്നു. വളരെ ലളിത ജീവിതം നയിച്ചിരുന്ന മുക്തിദേവിയുടെ പാത പിന്തുടരാൻ നെക് ചന്ദ് ഗായത്രിയെ നിരന്തരം പ്രേരിപ്പിച്ചിരുന്നു. എന്നാൽ അവൾ അത് തീരെ ചെവിക്കൊണ്ടിരുന്നില്ല.

ഗായത്രിയെ കലാകാരിയെന്ന നിലയിൽ അംഗീകരിക്കാൻ അവളുടെ ഭർതൃപിതാവ് ബെറ്റി റൊസാരിയോ മാത്രമേ മുംതാസിറിൽ ഉണ്ടായിരുന്നുള്ളൂ. അയൽപക്കക്കാരും ബന്ധുക്കളും നെക്ചന്ദിന്റെ സഹപ്രവർത്തകരും ഗായത്രിയുടെ ചെയ്തികളെ പുച്ഛത്തോടെയും പരിഹാസത്തോടെയുമാണ് വീക്ഷിച്ചത്.

ഇന്ത്യൻ സ്വാതന്ത്ര്യസമരം ഉച്ചകോടിയിലെത്തിയിരുന്ന കാലത്താണ് മിഷ്‌കിൻ ജനിച്ചത്. മിഷ്‌കിന്റെ ജനനത്തോടെ ഗായത്രിയുടെ സ്വതന്ത്ര ചിന്താഗതികൾക്ക് കൂച്ചുവിലങ്ങ് വീഴുകയായിരുന്നു. നെക്ചന്ദ് മിഷ്‌കിന്റെ വളർച്ചയിൽ അതീവ ശ്രദ്ധാലുവായിരുന്നു. എന്നാൽ ഗായത്രി മിഷ്‌കിനെ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ബെറ്റി റൊസാരിയോയുടെ സുഹൃത്തും അയൽക്കാരിയുമായ ലിസയോടൊപ്പം സമയം ചെലവഴിക്കുന്നതിലായിരുന്നു അവൾക്ക് ഏറെ താത്പര്യം. ലിസയുടെ വീട്ടിൽ നിന്നും മടങ്ങിവരുന്ന അമ്മയെ മദ്യവും പുകയിലയും മണത്തിരുന്നതായി ബാലനായ മിഷ്‌കിൻ ഓർക്കുന്നുണ്ട്. റം കഴിക്കുന്നതിലും പുകവലി
ക്കുന്നതിലും ഗായത്രി സമാധാനം കണ്ടെത്തി. ചിത്രകലയും നൃത്തവും അവൾ പാടെ ഉപേക്ഷിച്ചുകഴിഞ്ഞിരുന്നു. ഉറക്കം തൂങ്ങിയ മിഴികളോടെ താൻ വിദ്യാലയത്തിലേക്ക് സൈക്കിളിൽ പോകുന്നത് വീക്ഷിച്ച് തൂണു ചാരിനിൽക്കുന്ന അമ്മയെ 62-ാം വയസിലും തനിക്ക് വ്യക്തമായി കാണാനാകുന്നുണ്ടെന്ന് മിഷ്‌കിൻ റൊസാരിയോ തന്റെ ഓർമക്കുറിപ്പുകളിൽ പറയുന്നുണ്ട്. മിഷ്‌കിന് അഞ്ചോ ആറോ വയസുള്ളപ്പോഴാണ് മാതാപിതാക്കൾ തമ്മിലുള്ള ബന്ധത്തിലെ അകൽച്ച അവന് മനസിലാകുന്നത്. ഒരിക്കൽ അതിശക്തമായ വാഗ്വാദാനന്തരം പിതാവും മാതാവും തമ്മിലുള്ള സംഭാഷണം മിഷ്‌കിന്റെ ശ്രദ്ധയിൽ പെടുകയുണ്ടായി. ”മിഷ്‌കിൻ, മിഷ്‌കിൻ” എന്റെ അമ്മയുടെ സ്വരം കനത്തു. ”മറ്റൊന്നും കാര്യമല്ലാത്തപോലെ. മിഷ്‌കിൻ വന്നതോടെ ലോകത്തിലെ മറ്റെല്ലാം നിശ്ചലമായിപ്പോയോ?” സാവധാനം പറയൂ എന്ന പിതാവിന്റെ യാചന അമ്മ ചെവിക്കൊണ്ടില്ലെന്നും മിഷ്‌കിൻ ഓർക്കുന്നു. അമ്മയുടെ ഈ വാക്കുകൾ അവനിൽ കനത്ത ആഘാതമാണ് ഏല്പിച്ചത്.

രാഷ്ട്രസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും
രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യമോ വ്യക്തിയുടെ സ്വാതന്ത്ര്യമോ പ്രധാനം എന്ന ചോദ്യവും അനുരാധ റോയ് നോവലിലൂടെ ഉയർത്തുന്നുണ്ട്. വാസ്തവത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ തന്റെ നോവലിന്റെ പശ്ചാത്തലമായി അവർ തെരഞ്ഞെടുത്തത് ഈ ചോദ്യത്തിന് ഊന്നൽ നൽകാൻ വേണ്ടിയാണ് എന്ന് കരുതാം. മുക്തീദേവിയുടെ അനുയായിയായ നെക്ചന്ദ് രാഷ്ട്രസ്വാതന്ത്ര്യത്തിനാണ് കൂടുതൽ വിലമതിക്കുന്നത്. അയാൾ ജാഥകളിൽ പങ്കെടുത്ത് മുദ്രാവാക്യങ്ങൾ മുഴക്കി. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് പൊതുവേദികളിലും തന്റെ ലേഖനങ്ങളിലും വാദിച്ചു. എന്നാൽ സ്വന്തം വീട്ടിൽ അയാൾ ഒരു സ്വേച്ഛാധിപതിയായി
രുന്നു. ഭാര്യയുടെ കലാപ്രവർത്തനങ്ങളിൽ അയാൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഈ വിഷയത്തിൽ ഗായത്രിയുമായി അയാൾ വാദപ്രതിവാദങ്ങളിൽ ഏർപ്പെട്ടു. ‘അവസരവാദി’ എന്നാണ് പിതാവ് ബെറ്റി റൊസാരിയോ ഒരിക്കൽ അയാളെ വിശേഷിപ്പിച്ചത്.

പിതാവ് ഒരിക്കൽ അമ്മയോട് ദേഷ്യപ്പെടുന്നത് ബാലനായ മിഷ്‌കിൻ കേട്ടിരുന്നു: ”മുക്തീദേവിയുടെ യോഗങ്ങളിൽ പങ്കെടുക്കുവാനും അവരുടെ പ്രസംഗങ്ങൾ കേൾക്കുവാനും എത്ര പ്രാവശ്യം ഞാൻ നിന്നോട് പറഞ്ഞു. പുതിയൊരു കാഴ്ചയ്ക്കായി നിന്റെ കണ്ണുകൾ തുറക്കൂ. സ്വാർത്ഥതയില്ലാത്ത രാജ്യത്തിനുവേണ്ടി എല്ലാം ത്യജിക്കുന്ന ആൾക്കാരെ പരിചയപ്പെടൂ. നമ്മുടെ രാജ്യം ഒരു വിഷമഘട്ടത്തിലാണ്. ജനങ്ങൾ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുന്നു. നീയാകട്ടെ നിന്റെ സ്വന്തം ഇഷ്ടം നടന്നുകാണാൻ മാത്രം ആഗ്രഹിക്കുന്നു”.

”നിങ്ങളുടെ ഈ മഹത്തായ രാഷ്ട്ര സ്വാതന്ത്ര്യം എനിക്കെന്താണ് നേടിത്തരിക? അതൊന്ന് പറഞ്ഞുതരൂ. എനിക്ക് എന്റെ ഇഷ്ടപ്രകാരം ജീവിക്കാൻ കഴിയുമോ? എനിക്ക് വാൾട്ടറിനോടൊപ്പം ഒറ്റയ്ക്ക് പുറത്തുപോയി ചിത്രം വരയ്ക്കാൻ കഴിയുമോ? അല്ലെങ്കിൽ തെരുവുകളിലൂടെ ഒറ്റയ്ക്ക് നടന്ന് പാട്ടുകൾ പാടാൻ കഴിയുമോ? മിഷ്‌കിൻ പോലും എന്നേക്കാൾ സ്വതന്ത്രനാണ്. സ്വാതന്ത്ര്യത്തെക്കുറിച്ച് മാത്രം എന്നോടൊരക്ഷരം പറയരുത്”.

ഗായത്രി റൊസാരിയോയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വീക്ഷണമാണ് ഈ സംഭാഷണത്തിലൂടെ നമുക്ക് ലഭിക്കുന്നത്.

ഇതിനിടെ ഗായത്രി ബാലിയിൽ വച്ച് പരിചയപ്പെട്ട വാൾട്ടർ സ്‌പൈസും ബെറിൽ ഡി സോട്ടെയും ഇന്ത്യയിൽ എത്തിയിരുന്നു. ഗായത്രിയെ തേടിയാണ് സ്‌പൈസ് ഇന്ത്യയിലെത്തിയത്. ജയ്പൂരിലെ വസതിയിൽ നിന്നാണ് ഗായത്രി മുംതാസിറിലുണ്ടെന്ന് അയാൾ അറിഞ്ഞത്. സ്‌പൈസിനും ബെറിലിനും ഗായത്രിയുടെ കലാപരമായ കഴിവുകളിൽ വളരെയേറെ വിശ്വാസമുണ്ടായിരുന്നു. കുടുംബത്തിന്റെ കെട്ടുപാടുകളിൽ നിന്ന് അവളെ മോ
ചിപ്പിച്ച് ലോകശ്രദ്ധയിലേക്ക് കൊണ്ടുവരണമെന്ന് സ്‌പൈസ് അതിയായി ആഗ്രഹിക്കുകയും ചെയ്തിരുന്നു.

വിദേശികളുമായുള്ള ഗായത്രിയുടെ കൂട്ടുകെട്ടും അവരുമായുള്ള ചുറ്റിത്തിരിയലും നെക്ചന്ദിനെ കൂടുതൽ ക്ഷുഭിതനാക്കി. ബിറേൻ ചാച്ച എന്ന് മിഷ്‌കിൻ വിളിക്കുന്ന എഴുത്തുകാരനും ഗായകനും അതേസമയം മുഴുമദ്യപാനിയുമായ ബിറേനുമായി ഗായത്രി പുലർത്തിയിരുന്ന ബന്ധവും അയാളെ സംശയാലുവാക്കിയിരുന്നു.

വാസ്തവത്തിൽ ഗായത്രിക്ക് ബിറേനുമായി ചില അവിഹിത ബന്ധങ്ങളുണ്ടായിരുന്നു. ഒരിക്കൽ ബിറേന്റെ ഗൃഹത്തിൽ വച്ച് അവർ ചുംബിക്കുന്നത് മിഷ്‌കിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. എന്നാൽ അവനതൊന്നും കാര്യമായി എടുത്തിരുന്നില്ല. പക്ഷെ തന്റെ ഓർമക്കുറിപ്പുകൾ എഴുതുന്ന ഘട്ടത്തിൽ ബിറേൻ ചാച്ചയുമായി അമ്മയ്ക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് അവൻ വിശകലനം ചെയ്യുന്നുണ്ട്. അമ്മ തന്നെ ഉപേക്ഷിച്ചുപോകുന്നതിന് ഇതും ഒരു കാരണമായി അയാൾ രേഖപ്പെടുത്തിയിട്ടുണ്ട്.

സ്‌പൈസിന്റെയും ബെറിൽ ഡിസോട്ടയുടെയും ആഗമനമാണ് റൊസാരിയോ കുടുംബത്തെ ശിഥിലമാക്കിയത് എന്നാണ് പൊതുവെ വിശ്വസിക്കപ്പെട്ടത്. ഒരിക്കൽ അമ്മ തന്നെ വിളിച്ച് രഹസ്യമായി അടുത്ത ദിവസം കാലത്ത് സ്‌കൂൾ വിട്ട് കൃത്യസമയത്ത് വീട്ടിലെത്തണമെന്നും തങ്ങൾക്കൊരുമിച്ച് ഒരിടത്ത് പോകാനുണ്ടെന്നും പറഞ്ഞു. പക്ഷെ ചില കാരണങ്ങളാൽ അവന് കൃത്യസമയത്ത് വീട്ടിലെത്താൻ കഴിഞ്ഞില്ല. വൈകിയെത്തിയ മിഷ്‌കിൻ അമ്മ വീട് വിട്ട് പോയതായി മനസിലാക്കി. നോവൽ ആരംഭിക്കുന്നത് ഈ വിവരണവുമായാണ്.

ഗായത്രി റൊസാരിയോയുടെ തിരോധാനം നെക്ചന്ദിനെ പൂർണമായും മാറ്റിക്കളഞ്ഞു. മുക്തിദേവിയുമായും രാഷ്ട്രീയപ്രവർത്തകരുമായുള്ള ബന്ധം അയാൾ പൂർണമായും വിഛേദിച്ചു. മൗനിയായി മുറിക്കുള്ളിൽ അടച്ചുപൂട്ടിയിരുന്നു. പെട്ടെന്നാണ് താൻ ഒരു തീർത്ഥാടനത്തിനൊരുങ്ങുകയാണെന്നും പിന്നീട് തിരിച്ചുവരുമെന്നും അയാൾ വെളിപ്പെടുത്തിയത്. ഒരു വർഷത്തിനകം തന്നെ അയാൾ തിരിച്ചെത്തി. പക്ഷെ ഏകനായിരുന്നില്ല. കൂടെ ഒരു സ്ത്രീയും പെൺകുട്ടിയുമുണ്ടായിരുന്നു. അവരെ തന്റെ പുതിയ ഭാര്യ എന്നാണ് അയാൾ പരിചയപ്പെടുത്തിയത്. മകളുടെ പേർ ഇള എന്നാണെന്നും അയാൾ പറഞ്ഞു. മിഷ്‌കിനോട് ലിസിയെഅമ്മയെന്ന് വിളിക്കണമെന്നും ഇളയെ സഹോദരിയായി കാണണമെന്നും അയാൾ ആവശ്യപ്പെട്ടു. എന്നാൽ മിഷ്‌കിൻ ഇതിന് തയ്യാറായില്ല. നോവലിന്റെ അന്ത്യത്തിൽ ഇള മിഷ്‌കിന്റെ സംരക്ഷണയിൽ കഴിയുന്നതായാണ് നാം കാണുന്നത്.

നെക്ചന്ദ് വീണ്ടും സ്വാതന്ത്ര്യസമരത്തിലേക്ക് ആകൃഷ്ടനായി. അയാൾ അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലാക്കപ്പെടുകയും ചെയ്തു. ഇതിനിടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുകയും
മിഷ്‌കിൻ തന്റെ നഗരത്തിൽ ഒരുദ്യാനം നിർമിക്കുന്നതിന് മുനിസിപ്പാലിറ്റിയിൽ നിയുക്തനാകുകയും ചെയ്തു. അയാൾ മുംതാസിറിനെ ഒരുദ്യാന നഗരമാക്കാൻ തീരുമാനിക്കുകയും ചെയ്തു.

വൃക്ഷങ്ങൾ നട്ടും അവയെ പരിപാലിച്ചും അയാൾ ജീവിച്ചു. ഇതിനിടെ ബെറ്റി റൊസാരിയോ മരണപ്പെടുകയും, ഇളയ്ക്ക് ഒരു കുഞ്ഞ് ജനിക്കുകയും ചെയ്തിരുന്നു. വളരെ ചെറിയ സൂചനകളിലൂടെയാണ് ഇതെല്ലാം നോവലിൽ വിവരിക്കുന്നത്. കാലത്തിലൂടെയുള്ള ഒരു കുതിച്ചുചാട്ടമാണ് അനുരാധ റോയ് ഈ ഭാഗങ്ങളിൽ നോവലിൽ നടത്തുന്നത്. ലിസ കാനഡയിലേക്ക് കുടിയേറുന്നതിനെപറ്റി സൂചനകളുണ്ടെങ്കിലും ഇതിന്റെ വിശദാംശ
ങ്ങളിലേക്കൊന്നും അനുരാധ റോയ് കടക്കുന്നില്ല.

‘ഓൾ ദി ലിവ്‌സ് വി നെവർ ലിവ്ഡ്’ ഒരു രാഷ്ട്രീയ നോവലായല്ല എഴുതപ്പെട്ടിട്ടുള്ളത്. സ്വാതന്ത്ര്യത്തെക്കുറിച്ച് ഏറെ ചർച്ച ചെയ്യുന്നുണ്ടെങ്കിലും സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യൻ അവസ്ഥകളെക്കുറിച്ച് ഒരു പരാമർശവും നോവലിലില്ല. അത് അനുരാധ റോയ്
ലക്ഷ്യമായി കണ്ടിരുന്നില്ല എന്നതാണ് വാസ്തവം.

ഏകാകിയായ ബാലൻ
ഏകാന്തത എന്ന ദുരവസ്ഥ ഏറെ അനുഭവിച്ചയാളാണ് മിഷ്‌കിൻ റൊസാരിയോ. ഈ ഏകാന്തതയെ മറികടക്കാനാണ് അയാൾ തന്റെ ഓർമക്കുറിപ്പുകൾ എഴുതാൻ ആരംഭിക്കുന്നത്.
നേരത്തെ കിട്ടിയ പാർസൽ അയാൾ തുറന്നു നോക്കിയിരുന്നില്ല. അതിൽ തന്റെ അമ്മ സുഹൃത്ത് ലിസയ്ക്ക് അയച്ച കത്തുകളായിരുന്നുവെന്ന് അയാൾ പിന്നീടാണ് മനസിലാക്കുന്നത്.

എന്നാൽ അമ്മയുടെ കത്തുകൾക്കായി കാത്തിരുന്ന ഒരു ഭൂതകാലം അയാൾക്കുണ്ടായിരുന്നു. തന്റെ ഗ്രാമമായ മുംതാസിർ എന്നതിന്റെ അർത്ഥം ഉർദുവിൽ ”അക്ഷമയോടെ കാത്തിരിക്കുന്നയാൾ” എന്നാണെന്നത് യാദൃച്ഛികം മാത്രമാകാം. അമ്മ ലിസയ്ക്കയച്ച കത്തുകൾ മിഷ്‌കിൻ വായിക്കുന്നത് ഓർമക്കുറിപ്പുകൾ എഴുതി ഏതാണ്ട് പൂർത്തിയാകാറായപ്പോഴാണ്.

ഈ കത്തുകളിലൂടെയാണ് അമ്മ തന്നെ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നുവെന്നും തന്നെ ബാലിയിലേക്ക് കൊണ്ടുപോകാൻ അവർ അവിടെ എത്രമാത്രം പണിയെടുത്തിരുന്നു എന്നും മിഷ്‌കിൻ മനസിലാക്കുന്നത്. ഗായത്രി റൊസാരിയോ ലിസക്കയച്ച കത്തുകൾ
പൂർണമായും നോവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ഗായത്രിയുടെ ഒരു കലാകാരിയെന്ന നിലയിലുള്ള സ്വാതന്ത്ര്യദാഹം വ്യക്തമാകുന്നുണ്ട്. ബാലിയിൽ ഗായത്രി ഒരു കലാകാരിയെന്ന നിലയിൽ അനുഭവിച്ച ആനന്ദം കത്തുകളിലൂടെ വ്യക്തമാണ്.

അതേസമയം ഒരമ്മയുടെ തേങ്ങലും ഈ കത്തുകളിൽ തെളിഞ്ഞുവരുന്നു. മിഷ്‌കിനെ കൂടെ കൊണ്ടുപോകണമെന്ന് ഗായത്രി അതിയായി ആഗ്രഹിച്ചിരുന്നുവെന്ന് അയാൾ കത്തുകളിലൂടെ മനസിലാക്കി. അമ്മ തന്നെ വെറുപ്പോടെയാണ് കണ്ടിരുന്നതെന്നായിരുന്നു മിഷ്‌കിന്റെ വിശ്വാസം. മാതൃത്വം എന്ന വികാരം എത്രത്തോളം വിലയേറിയതാണ് എന്ന് മിഷ്‌കിൻ മനസിലാക്കുന്നുണ്ട്.

‘സ്ലീപ്പിങ് ഓൺ ജൂപ്പീറ്ററി’ൽ തികഞ്ഞ ഒരു ഫെമിനിസ്റ്റ് എഴുത്തുകാരിയായി പ്രത്യക്ഷപ്പെട്ട അനുരാധ റോയ് അതേ പാതതന്നെ പുതിയ നോവലിലും പിന്തുടരുന്നുണ്ട്. മാതൃത്വത്തിനും സ്വാതന്ത്ര്യത്തിനുമുള്ള ഒരു സ്തുതിഗീതമായും ഈ നോവലിനെ കാണാം. ഗായത്രിയുടെ ഭർത്താവ് നെക്ചന്ദ് റൊസാരിയോയുടെ ഇരട്ടമുഖം അനാവരണം ചെയ്യുന്നതിൽ അനുരാധ റോയ് തികഞ്ഞ ചാരുത പ്രകടിപ്പിക്കുന്നു. സമൂഹമധ്യത്തിൽ മാന്യനായ അയാൾ വീട്ടിൽ എത്രമാത്രം സ്വേഛാധിപതിയാണെന്ന് റോയ് ഊന്നിപ്പറയുന്നു. അയാൾ നിരന്തരം ലേഖനങ്ങളെഴുതി. എന്നാൽ ഗായത്രി ചിത്രം വരയ്ക്കുന്നതിനെ അയാൾ പൂർണമായും എതിർത്തു. ഒരിക്കൽ വളരെ ആഗ്രഹിച്ച് വിദേശത്തുനിന്ന് ഗായത്രി വരുത്തിയ ചായപ്പെൻസിലുകൾ നെക്ചന്ദ് മാറ്റിവച്ചു. ഒരാഴ്ചയ്ക്ക് ശേഷമാണ് അയാൾ അവ ഗായത്രിക്ക് തിരിച്ചുനൽകിയത്. പുരുഷ മേധാവിത്വത്തിന്റെ പ്രതീകമായാണ് അനുരാധ റോയ് നെക്ചന്ദ് റൊസാരിയോയെ നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്.

മിഷ്‌കിന്റെ ഏകാന്ത ജീവിതം ഹൃദയസ്പർശിയായാണ് അനുരാധ റോയ് നോവലിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. കഥ പറയുന്ന 62കാരനായ മിഷ്‌കിനും ഏകാകിയാണ്. നോവലിന്റെ അന്ത്യത്തിൽ തന്റെ ഓർമക്കുറിപ്പുകൾ കടലിലെറിയാൻ കടൽപാലത്തിൽ കുനിഞ്ഞുനിൽക്കുന്ന മിഷ്‌കിനെ പെട്ടെന്നൊന്നും മറക്കാൻ കഴിയില്ല. കടലിന്റെ ആരവം അമ്മ ഗായത്രി റൊസാരിയോയുടെ തേങ്ങലായാണ് മിഷ്‌കിന് അനുഭവപ്പെടുന്നത്.

20-ാം നൂറ്റാണ്ടിനെ പശ്ചാത്തലമാക്കിയാണ് അനുരാധ റോയ് ‘ഓൾ ദ ലിവ്‌സ് വി നെവർ ലിവ്ഡ്’ രചിച്ചിരുന്നതെങ്കിലും നോവലിലെ ഓരോ പരാമർശങ്ങളും കഥാപാത്രങ്ങളും കാലാതിവർ
ത്തിയായി നിലകൊള്ളുന്നു എന്നതാണ് നോവലിന്റെ പ്രത്യേകത.

അനുരാധ റോയിയുടെ നാലാമത്തെ നോവലാണ് ‘ഓൾ ദ ലിവ്‌സ് വി നെവർ ലിവ്ഡ്’. ദ അറ്റ്‌ലസ് ഓഫ് ഇംപോസിബിൾ ലോഞ്ചിങ്, ഫോൾഡഡ് എർത്ത്, സ്ലീപ്പിങ് ഓൺ ജൂപ്പീറ്റർ എന്നിവയാണ് അവരുടെ മറ്റ് കൃതികൾ. സ്‌ലീപ്പിങ് ഓൺ ജൂപ്പിറ്റർ 2014-ലെ മാൻ ബുക്കർ പ്രൈസിന്റെ ലോങ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. സ്വന്തം ചിന്തകളെ എഴുത്തിലൂടെ അനുദിനം തുക്കിക്കൊണ്ടിരിക്കുന്ന ഒരെഴുത്തുകാരിയെയാണ് ‘ഓൾ ദി ലിവ്‌സ് വി നെവർ ലിവ്ഡ്’ എന്ന കൃതിയിലൂടെ നമുക്ക് കാണാൻ കഴിയുന്നത്.