വാൾത്തലപ്പുകൊണ്ട് എഴുതിയ ജീവിതം

ജയശീലൻ പി.ആർ.

ഏതെല്ലാം രീതിയിലുള്ള വാദഗതികൾ മുന്നോട്ടു വച്ചാലും വായനയും എഴുത്തും അതിന്റെ ആദ്യഘട്ടത്തിൽ വൈയക്തികവും ആത്മനിഷ്ഠവുമായ അനുഭവങ്ങൾ തന്നെയാണ്. പിന്നീട് അതിലേയ്ക്ക് സാമൂഹികാർത്ഥങ്ങളും ചരിത്രപരമായ തുടർച്ചകളും രാഷ്ട്രീയവും വന്നു ചേരുന്നുണ്ടാവാം. മലയാളത്തിൽ ഈ അടുത്തകാലത്തായി കണ്ടുവരുന്ന പ്രവണത മറ്റൊന്നാണ്. വളരെ ബോധപൂർവം എഴുത്തിനെ സമീപിക്കുകയും, അത് ഏതു രീതിയിലാണ് വായനക്കാരെ സൃഷ്ടിക്കുകയും ചെയ്യുക എന്ന് വ്യാകുലപ്പെട്ട് അതിനനുസരിച്ചുള്ള മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്യുന്ന ഒരവസ്ഥ സംജാതമായിരിക്കുന്നു. ഇതിൽ നിന്നും തികച്ചും വിഭിന്നമാണ് കെ.പി. ഉണ്ണിയുടെ വാൾത്തലപ്പുകൊണ്ടെഴുതിയ ജീവിതം. ഇരുനൂറ്റിമുപ്പത് പേജുകളിലൂടെ ടിപ്പുവിന്റെ ചരിത്രം ഭാവനാപരമായി പുനരാവിഷ്‌കരിക്കുന്ന ഈ പുസ്തകത്തിനകത്ത് ആക്രമണത്തിന്റേയും പിടിച്ചടക്കലിന്റേയും വന്യസഞ്ചാരങ്ങൾ മാത്രമല്ല ഉള്ളത്. ടിപ്പുസുൽത്താൻ എന്ന പേര് കേൾക്കുമ്പോൾ നമ്മിൽ അത് ഉണർത്തുന്ന അനുഭവത്തേയും ഭാവത്തേയും തികച്ചും വ്യത്യസ്തമാക്കുന്ന ഒരു തലം ഇവിടെ അനാവരണം ചെയ്യപ്പെടുന്നു.

രാജ്യാതിർത്തികൾക്കപ്പുറം തന്റെ സാമ്രാജ്യം വികസിപ്പിച്ച രാജാവായും പുരോഗമനചിന്തകളും പരിഷ്‌കാരങ്ങളും കൊണ്ടുവന്ന നിപുണനായ ഭരണപരിഷ്‌കർത്താവായും വെറും നാല്പത്തൊമ്പത് കൊല്ലക്കാലം മാത്രം ജീവിച്ച ഈ മനുഷ്യന്റെ ചരിത്രം അത്യധികം സമ്പന്നവും വൈവിധ്യപൂർണവുമായിരുന്നു. തന്റെ പ്രദേശത്തിന്റെ ഈ വൈവിധ്യം തിരിച്ചറിഞ്ഞതുകൊണ്ടാകാം ഹിന്ദു-മുസ്ലീം എന്ന വേർത്തിരിവുകൾക്കപ്പുറം ഭാരതത്തെ സ്വാനുഭവത്തിലൂടെ ഒന്നായി ദർശിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞത്.

ഈ സമ്പന്നതകളും വൈവിധ്യങ്ങളും ഒഴിവാക്കി ഒരൊറ്റ ശരി കണ്ടെത്താൻ ഭരണകൂടം ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ വാൾത്തലപ്പ് കൊണ്ടെഴുതിയ ജീവിതം ഏറ്റവും പ്രസക്തമാകുന്നു.ടിപ്പുവിനെ കുറിച്ചുള്ള ഈ നോവൽ തികച്ചും ചരിത്രപരം തന്നെയാണ്. ചരിത്രത്തെ നോവലിലേയ്ക്ക് ബോധപൂർവം കൊണ്ടുവന്ന് എഴുതുന്ന ഒരു സമീപനമല്ല ഇവിടെയുള്ളത്. മുൻകൂട്ടി യാതൊരു പരസ്യപ്പെടുത്തലും ഇല്ലാതെ പതിനഞ്ചു കൊല്ലക്കാലമാണ് എഴുത്തുകാരൻ ഈ നോവൽ എഴുതി പൂർത്തിയാക്കാൻ എടുത്തത്.

ഒരു പ്രത്യേക കാലയളവിൽ ഭരണാധികാരിയും സിൽബന്തികളും ജനതയും അവരുടെ അധികാരവും പ്രവൃത്തികളും അട
ങ്ങുന്ന ഒരു സാദ്ധ്യതയാണ് പ്രത്യക്ഷത്തിൽ ഉള്ളതെങ്കിലും, അതു മാത്രമായ ഒരു നിലനില്പല്ല പിൽക്കാലചരിത്രത്തിന് ഉള്ളത്. ഒരു ഗണിതയുക്തിയിൽ പറയുകയാണെങ്കിൽ ചരിത്രവും അതുളവാക്കുന്ന പിൽക്കാലസാദ്ധ്യതകളും എണ്ണമറ്റതാണ്. കാലങ്ങൾക്കുശേഷം ഒരെഴുത്തുകാരൻ രാജാവിനെ കുറിച്ചും ജനതയെ കുറിച്ചും ചരിത്രമെഴുതുമ്പോൾ അതിന് യാഥാർത്ഥ്യത്തിൽ കവിഞ്ഞു നിൽക്കുന്ന ഭാവനയുടെ അവസ്ഥയും കൈവരും. അതൊരു തുടർച്ചയാണ്. അതുകൊണ്ട് ചരിത്രം എങ്ങനെയും ആകാം എന്നല്ല. എഴുത്തുകാരന്റെ യുക്തിയും നീതിയും അവിടെ പ്രവർത്തിക്കുന്നു. ഇത്തരം ഒരു സമാന്തരചരിത്രത്തിന്റെ സത്യാവസ്ഥയെകുറിച്ച് വൈലോപ്പിള്ളി ഇങ്ങനെ പറയുന്നു.

‘അവകൾ കിനാവുകളെന്നാം ശാസ്ത്രം.
കളവുകളെന്നാം ലോകചരിത്രം
അതിലുമേറെ യഥാർത്ഥം
ഞങ്ങടെ ഹൃദയനിമന്ത്രിത സുന്ദരസത്യം’.

പല പല രീതികളിൽ ഖ്യാതിയും അപഖ്യാതിയും ഏറ്റുവാങ്ങിയ ഒരു ഭരണാധികാരി കൂടിയായിരുന്നു ടിപ്പു. താൻ ഭരിക്കുന്ന തന്റെ പ്രവിശ്യകളിൽ ഒരുപാട് ക്ഷേമപ്രവർത്തനങ്ങൾ ചെയ്യുകയും അതേസമയം ആക്രമിച്ചു കീഴ്‌പ്പെടുത്തിയ പ്രദേശങ്ങളിൽ ഭയപ്പെടുത്തുന്ന രൂപവും ഭാവവും ടിപ്പുസുൽത്താന് ഉണ്ടായിരുന്നുവെന്നും കേട്ടിട്ടുണ്ട്. നോവലിൽ കടന്നുവരുന്ന കിർമാനി എന്ന കഥാപാത്രത്തിന് ചരിത്രകാരന്റേയും കാഴ്ചക്കാരന്റേയും മുഖമാണുള്ളത്.

അങ്ങേയ്ക്ക് സൗഖ്യം തന്നെയല്ലേ ചരിത്രകാരാ എന്ന് ടിപ്പു കിർമാനിയെ സ്വാഗതം ചെയ്ത് പറയുന്നു. ‘ജീവിതം എന്ന മഹാത്ഭുതത്തിനു മുന്നിൽ ഓരോരോ തരത്തിൽ അന്തിച്ചു നിൽക്കുകയല്ലേ ഒരർത്ഥത്തിൽ സുൽത്താനായ ഞാനും ചരിത്രകാരനായ അങ്ങും ചെയ്യുന്നത്?’

സുൽത്താനിലെ പണ്ഡിതനേയും കവിയേയും ഭാവനാസമ്പന്നനായ ഭരണാധികാരിയേയും ദീർഘദർശിയായ രാഷ്ട്രതന്ത്രജ്ഞനേയും ക്രൂരനായ മതഭ്രാന്തനേയും പറ്റി അതിദീർഘമായ യാത്രയ്ക്കിടയിൽ സാധാരണ നാട്ടുകാരും വിശ്വസ്തരായ കില്ലേദാർമാരും എതിരാളികളായ അയൽരാജാക്കൻമാരും ബ്രിട്ടീഷ് ജനറൽമാരും കിർമാനിയോട് വാചാലരായിട്ടുണ്ട്. ഓരോരുത്തരും അവരവരുടെ മുൻവിധികളെ ന്യായീകരിക്കുന്ന തരത്തിൽ വാദിക്കുകയും ചെയ്തിട്ടുണ്ട്.
ഇതെല്ലാം കിർമാനിയിൽ നിന്ന് കേൾക്കുന്ന ചരിത്രകാരന്റെ ധർമവും ഭരണാധികാരിയുടെ മർമവും അറിയുന്ന ടിപ്പു സുൽ
ത്താൻ ചരിത്രത്തിലോ നോവലിലോ ഇടെപട്ടുകൊണ്ട് പറയുന്നുണ്ട്. ‘ചരിത്രകാരൻ ചരിത്രകാരന്റെ ധർമം നിർവഹിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. അറിഞ്ഞ കാര്യങ്ങളിൽ സത്യാസത്യങ്ങൾ തേടി കണ്ടെത്തേണ്ടത് പിൽക്കാലജനതയുടേയോ വായനക്കാരുടേയോ ഉത്തരവാദിത്തമാണ്’. ഒരു ജനതയുടെ പിൽക്കാല വായനയുടെ ധർമാധർമ വിവേചനങ്ങളിൽ പോലും ടിപ്പു ശ്രദ്ധാലുവായിരുന്നു എന്ന് വരുന്നു.

ഇനി രേഖപ്പെടുത്തിയ ചരിത്രത്തിലേയ്ക്ക് കടക്കുമ്പോൾ അത് ഇങ്ങനെയാണ് – ടിപ്പു സുൽത്താൻ പതിനെട്ടാം നൂറ്റാണ്ടിലെ
രാജാവായിരുന്നു. അദ്ദേഹം ഒരു രാജവംശത്തിലേയും അംഗമായിരുന്നില്ല. മൈസൂർ പട്ടാളത്തിലെ അംഗമായിരുന്നു പിതാവ്
ഹൈദരാലി. ദിണ്ടിഗലിൽ ഫൗജിദാർ ആയിരുന്ന ദേവരാജവൊഡയാരെ സ്ഥാനഭ്രഷ്ടനാക്കിയാണ് ഹൈദരാലി രാജാവായത്.
വൊഡയാരുടെ ഭരണസംവിധാനവും സൈന്യവും ഒക്കെതന്നെയാണ് ഹൈദരാലിക്കും പിന്നീട് ടിപ്പുവിനും ലഭിച്ചത്. മന്ത്രിമാരും ഉദ്യോഗസ്ഥരുമൊക്കെ അങ്ങനെ ഹിന്ദുക്കളും കൂടിയായി. പതിനെട്ടാം നൂറ്റാണ്ടിലെ രാഷ്ട്രീയ കാലാവസ്ഥയിൽ സെക്കുലറിസം എന്ന രീതിയിൽ ഒരു പദം പോലും ഉപയോഗിക്കാത്ത കാലത്ത് ഈയൊരവസ്ഥ അതിന്റെ നൈസർഗിക മാതൃകയായി പിൽക്കാലത്തെ ചരിത്രത്തിലും എഴുത്തിലും കടന്നു വന്നിട്ടുണ്ട്. ഇത്തരം ഒരവസ്ഥയെ ഈ നോവൽ ഉപയോഗപ്പെടുത്തുന്നിടത്താണ് അത് ഏറ്റവും പുതിയ കാലവുമായി സംവദിക്കുന്നത്.

ഇന്ത്യയിലെ ഒരു ഭരണാധികാരിക്കും ഊഹിക്കാൻ കഴിയാത്ത സംഘർഷങ്ങളിലൂടെയാണ് ടിപ്പു കടന്നുപോയത്. ഓരോരോ ആവശ്യങ്ങൾ, ഓരോരുത്തരുടെ ഇച്ഛകൾ, ഓരോരോ ഉത്തരവാദിത്തങ്ങൾ ഇതൊക്കകൂടി ഓരോരോ വഴിക്ക് വാസ്തവത്തിൽ ടി
പ്പുവിനെ വലിച്ചുകൊണ്ടുപോവുകയായിരുന്നു. കാവേരിയിലെ തണുത്ത കാറ്റിന് സ്വയം കയറി മേയാൻ വിട്ടുകൊടുത്തുകൊണ്ട് അരമതിലിൽ പിടിച്ചുനിൽക്കുമ്പോൾ അതുവരെ ചിന്തിച്ചതും പ്രവർത്തിച്ചതും ജീവിച്ചതുതന്നെയും നിരർത്ഥകമായിരുന്നോ, അതോ ജീവിതം തനിക്കൊരുക്കിത്തന്ന കെണികളായിരുന്നോ എന്നും ടിപ്പുവിന് തോന്നുന്നുണ്ട്. ഇതൊന്നുമല്ലാത്തൊരു തമാശക്കഥയായി ജീവിതത്തെ വ്യാഖ്യാനിക്കാനും ടിപ്പുവിന്റെ മനോഗതി ഒരുക്കമാണ്.
ഇത്തരത്തിലുള്ള മാനസികാവസ്ഥകളിലൂടെ കടന്നുപോകുന്ന നോവലിലെ ചരിത്രനായകൻ ഒരധീശത്വത്തിനും തയ്യാറായി
ല്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ബ്രിട്ടീഷുകാരന്റെ അധികാരമുദ്രകളെ ഒട്ടും അംഗീകരിച്ചില്ല എന്നത് ടിപ്പുവിന് ചരിത്രത്തിൽ ഉന്നതമായ സ്ഥാനം നേടികൊടുക്കുന്നുണ്ട്.

ടിപ്പുസുൽത്താൻ എന്ന വ്യക്തിത്ത്വത്തിലൂടെ കടന്നു പോകുമ്പോൾ പോലും പഴയ രാജ്യാധികാരത്തിന്റെ വഴിവിട്ട അവസ്ഥകളെ നോവൽ ഒട്ടും വാഴ്ത്തിപ്പാടുന്നില്ല.

ബ്രിട്ടീഷ് അധികാരതന്ത്രങ്ങളെ മുഴുവൻ അതിന്റെ സൂക്ഷ്മതലത്തിൽ മനസ്സിലാക്കുവാനും അതിനനുസരിച്ച് പ്രതിരോധിക്കുവാനും ടിപ്പുസുൽത്താൻ ശ്രമിക്കുന്നുണ്ട്. ശ്രീരംഗം ക്ഷേത്രത്തോട് ടിപ്പു പുലർത്തിയ ആദരവ് ചരിത്രപരവും മാതൃകാപരവുമാണ്. ഏക ദൈവവും ഏക ചരിത്രവും ഏക ഫാസിസ്റ്റ് മനുഷ്യനും അരങ്ങു തകർക്കുമ്പോൾ കെ.പി. ഉണ്ണിയുടെ വാൾത്തലപ്പുകൊണ്ട് എഴുതിയ ജീവിതം ശക്തമായ പ്രതിരോധം തീർക്കുന്നു.