ദേശങ്ങളിൽ നിന്നും ബഹിഷ്‌കൃതരാകുന്ന മനുഷ്യർ

രാജേഷ് കെ. എരുമേലി

അതത് ദേശത്തെ അടിത്തട്ട് സമൂഹങ്ങളുടെ ജീവിതം മലയാള സിനിമയിലേയ്ക്ക് സവിശേഷമായി പ്രവേശിക്കുന്നത് രണ്ടായിരത്തിന് ശേഷമാണ്. ഡോ. ബിജുവെന്ന ചലച്ചിത്ര സംവിധായകൻ സിനിമാരംഗത്തേക്ക് വരുന്നതും ഇതേ കാലയളവിലാണ്. 2005ലാണ് അദ്ദേഹത്തിന്റെ സൈറ എന്ന ആദ്യ സിനിമ പുറത്തിറങ്ങുന്നത്. 2019ൽ വെയിൽമരങ്ങൾ വരെ എത്തുമ്പോൾ പത്ത് സിനിമകൾ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങി. എല്ലാ സിനിമകൾക്കും അന്താരാഷ്ട്ര രംഗത്ത് ഉൾപ്പെടെ വ്യത്യസ്ത പുരസ്‌കാരങ്ങളും ലഭിച്ചു. കാൻ മുതൽ ഷാങ്ഹായ് വരെ പുരസ്‌കാരങ്ങളുടെ പട്ടിക
നീളുന്നു. അടൂർ, അരവിന്ദൻ, കെ.ജി. ജോർജ്, ഷാജി എൻ. കരുൺ എന്നിവരെപ്പോലെ ലോകം അറിയുന്ന ചലച്ചിത്ര പ്രവർത്തകനാണ് ഡോ. ബിജു. വെയിൽമരങ്ങൾ എന്ന സിനിമയെ മുൻനിർത്തി ബിജുവിന്റെ സിനിമകളെയും സാമൂഹിക കാഴ്ചപ്പാടുകളെയും വിശകലനം ചെയ്യുകയാണിവിടെ. സമാന്തര സിനിമയുടെ ഇടത്തെ ഗൗരവമായി സമീപിക്കുകയും സിനിമയെന്നത് കച്ചവടത്തിന്റെ ഭാഗം മാത്രമല്ലെന്നും സാമൂഹിക പ്രതിബദ്ധതയുടെ ഉദാത്തമായ കാഴ്ചപ്പാട് കൂടി ചേർന്നതാണെന്നും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ചലച്ചിത്ര പ്രവർത്തകനാണ് ഡോ.ബിജു.

ഡോ. ബിജുവിന്റെ സിനിമയും സാമൂഹിക കാഴ്ചപ്പാടുകളും സമൂഹത്തിന്റെ അതിസൂക്ഷ്മമായ ചലനങ്ങൾ തിരിച്ചറിയുകയും അത് ക്യാമറയിൽ പകർത്തുകയും ചെയ്യുമ്പോഴാണ് ഒരു ചലച്ചിത്രകാരന്റെ സൂക്ഷ്മരാഷ്ട്രീയത്തിന്റെ ഉൾക്കാഴ്ചകൾ തിരി
ച്ചറിയാൻ കഴിയുന്നത്. ഈ അർത്ഥത്തിൽ ഡോ. ബിജുവിന്റെ സിനിമകളെല്ലാം സമൂഹത്തിന്റെ കാണാത്ത കാഴ്ചകളിലേക്കും
അടയാളപ്പെടാത്ത മനുഷ്യരെക്കുറിച്ചുമുള്ളതാണ്. അടിച്ചമർത്തൽ നേരിടുന്ന സമൂഹത്തിന്റെ വിഹ്വലതകളും ചെറുത്തുനില്പുകളും നിസ്സഹായതകളുമാണ് അദ്ദേഹം നിരന്തരം ആവിഷ്‌കരിക്കുന്നത്. ഇന്ത്യയിലെ കീഴാള സമൂഹങ്ങൾ പലതരം ആക്രമണങ്ങളെ നേരിടുന്നുണ്ടെങ്കിലും ജാതിവ്യവസ്ഥയിലധിഷ്ഠിതമായി രൂപപ്പെട്ട ചാതുർവർണ്യവും തൊട്ടുകൂടായ്മയുമാണ് യഥാർത്ഥപ്രശ്‌നമെന്ന് തിരിച്ചറിയുകയും അത്തരം വിഷയങ്ങളെ അഡ്രസ് ചെയ്യാതെ കലാകാരന് എങ്ങനെ പോകാൻ കഴിയുമെന്നുമുള്ള പ്രശ്‌നമാണ് ഡോ. ബിജു അത്തരം കാഴ്ചപ്പാടിലൂടെ നടത്തുന്നത്.

അടിസ്ഥാന മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങൾ ലളിതമായ ആഖ്യാനത്തിൽ ആവിഷ്‌കരിക്കുക എന്നത് ബിജുവിന്റെ സി
നിമകളുടെ പ്രത്യേകതയാണ്. കാഴ്ചയുടെ കലയായ സിനിമയുടെ ആന്തരിക സത്തയെ ചോർത്തിക്കളയാൻ ചിലപ്പോഴൊക്കെ
സോദ്ദേശ്യപരമായ സിനിമകൾ ഇടവരുത്തുന്നു എന്ന വിമർശനം നിലനിൽക്കെതന്നെയാണ് ബിജു വ്യത്യസ്ത സമീപനം പുലർത്തുന്നത്. ചില സിനിമകൾ സാമൂഹികപരതയിൽ സൂക്ഷ്മത പുലർത്തുമ്പോൾ ദൃശ്യത്തോട് അകലുന്നതായും കാണാം.
എന്നാൽ ചലച്ചിത്രകാരന്റെ നിലപാടുകൾതന്നെയാണ് സൃഷ്ടിയായി പുറത്തു വരുന്നത് എന്നതാണ് ബിജുവിന്റെ സിനിമകളുടെ രാഷ്ട്രീയം.

സ്ത്രീയെ കർതൃത്വപരമായി അടയാളപ്പെടുത്തുന്ന സിനിമയാണ് സൈറ. സാമ്രാജ്യത്വ അധിനിവേശം സൃഷ്ടിക്കുന്ന നാശോന്മുഖതയെയാണ് രാമനിലൂടെ ആവിഷ്‌കരിക്കുന്നത്. വീട് നഷ്ടപ്പെടുന്ന സമൂഹത്തെക്കുറിച്ചാണ് വീട്ടിലേക്കുള്ള വഴി പറയുന്നത്. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം നേടിയതിനൊപ്പം കെയ്‌റോ അടക്കം ദേശീയ ചലച്ചിത്രമേളകളിൽ സൈറ ചർച്ചയുമായി. നിലവിലെ സാമൂഹിക കാഴ്ചപ്പാടുകളെ പുതുക്കിപ്പണിയുകയാണ് ആകാശത്തിന്റെ നിറം. പൊതുസമൂഹത്തിന്റെ അബോധങ്ങളിൽ കയറിക്കൂടിയിരിക്കുന്ന വരേണ്യതയെ നിരന്തരം ചോദ്യം ചെയ്യലുകൾക്ക് വിധേയമാക്കുകയും കീഴാള സമൂഹങ്ങളുടെ കർതൃത്വത്തെ ഉറപ്പിക്കാനുള്ള ശ്രമവുമാണ് ബിജുവിന്റെ സിനികൾ.

പരിസ്ഥിതിയുടെ രാഷ്ട്രീയവും ബിജുവിന്റെ സിനിമകൾ മുന്നോട്ട് വയ്ക്കുന്നുണ്ട്. അത് കേവലമായ പരിസ്ഥിതി വാദത്തി
നപ്പുറം യഥാർത്ഥത്തിൽ ഭൂമിയിൽനിന്നും പിന്തള്ളപ്പെടുന്ന മനുഷ്യരുടെ ജീവിതത്തെക്കുറിച്ചാണ് പറയുന്നത്. പേരറിയാത്തവർ അത്തരം ആശയത്തെയാണ് ആവിഷ്‌കരിക്കുന്നത്. ഭൂമിയെ തുടച്ച് വൃത്തിയാക്കുന്നവർ പേരില്ലാത്തവരാണ്. അവരുടെ പേര് നഷ്ടപ്പെടുന്നത് പൊതുബോധത്താൽ നിർമിക്കപ്പെടുന്ന സാംസ്‌കാരിക യുക്തിയാണ്. ജൈവികതയെ നശിപ്പിക്കുമ്പോൾ അത് മനുഷ്യന്റെ നിലനില്പിനെതന്നെ ബാധിക്കുന്നു എന്ന ഓർമപ്പെടുത്തലാണ് ഈ സിനിമ.

വലിയ ചിറകുള്ള പക്ഷികൾ മനുഷ്യനിർമിത ദുരന്തത്തിന് ഇരയാകേണ്ടി വന്ന മനുഷ്യരുടെ ജീവിതമാണ്
പറയുന്നത്. മെഡിക്കൽ എത്തിക്‌സിന്റെ കാഴ്ചപ്പാടാണ് ഈ സിനിമയുടെ മറ്റൊരു പാഠം. എൻഡോസൾഫാൻ പോലുള്ള കീടനാശിനി എങ്ങനെയാണ് ഒരു പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ കാർന്നുതിന്നുന്നതെന്ന് സിനിമയിലൂടെ പറയുന്നു. കാടു പൂക്കുന്ന നേരം ഭരണകൂട ഭീകരത എങ്ങനെയാണ് ആദിവാസി സമൂഹങ്ങളെ വേട്ടയാടുന്നത് എന്നതിന്റെ അന്വേഷണമാണ്. സാമൂഹിക പ്രശ്‌നങ്ങളോട് പ്രതികരിക്കുന്നവരെയെല്ലാം മാവോയിസ്റ്റുകളാക്കുന്ന പ്രവണത വർധിച്ചുവരികയാണ്. ഏറ്റുട്ടൽ കൊലപാതകങ്ങളും മാവോയിസ്റ്റുകൾ എന്നു മുദ്രകുത്തി നടത്തുന്ന വേട്ടകളും അതിന്റെ ഭാഗമാണ്. എങ്ങനെയാണ് ഒരാൾ മാവോയിസ്റ്റ് ആയി മാറുന്നത് എന്ന ചോദ്യമാണ് സിനിമ മുന്നോട്ട് വയ്ക്കുന്നത്. സമകാലിക വിഷയങ്ങളോടുള്ള പ്രതികരണമായി ഈ സിനിമ മാറുന്നു.

സൂക്ഷ്മരാഷ്ട്രീയത്തിന്റെ ഇടങ്ങൾ
വീടും നാടും നഷ്ടപ്പെട്ടതോടെ കേരളത്തിൽ നിന്ന് ഹിമാചൽ പ്രദേശിലേക്ക് പലായനം ചെയ്യപ്പെട്ട/നിരന്തരം പലായനം ചെയ്തുകൊണ്ടിരിക്കുന്ന ദളിത് കുടുംബത്തിന്റെ കഥയാണ് വെയിൽമരങ്ങളുടെ പ്രമേയം. അതിജീവനം, ഭൂമി, വീട്, അധികാരം, ഭരണകൂടം, നിയമം, പോലീസ്, ആൾക്കൂട്ട ആക്രമണം എന്നിങ്ങനെ മനുഷ്യനുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളെല്ലാം ഏത് സമൂഹത്തോടാണ് ചേർന്നുനിൽക്കുന്നത് എന്നതിനെ പ്രശ്‌നവത്കരിക്കുകയാണ് സിനിമ. പലായനം പുതിയ നൂറ്റാണ്ട് അനുഭവിക്കുന്ന വലിയ പ്രശ്‌നമാണ്. പ്രകൃതിദുരന്തങ്ങൾ, ഭരണകൂടത്തിന്റെ ദേശവിരുദ്ധ നിലപാടുകൾ, യുദ്ധങ്ങൾ, വംശീയ ആധിപത്യങ്ങൾ, ഇത്തരത്തിൽ നിരവധി കാരണങ്ങളാൽ ഇന്ന് പലായനം ചെയ്യുന്നവരുടെ എണ്ണം കൂടുന്നുണ്ട്. പലായനത്തിന്റെ മുറിവുകൾ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന ഇടത്തേക്കാണ് ഇത്തരമൊരു സിനിമ എത്തുന്നത്. പൊതുമണ്ഡലത്തിൽനിന്നും നിരന്തരം ബഹിഷ്‌കൃതരാകുന്ന സമൂഹത്തെ പ്രതിനിധാനപരമായി എങ്ങനെ
അടയാളപ്പെടുത്താൻ കഴിയുമെന്ന അന്വേഷണമാണ് സിനിമ.

മുൻവിധികളാലും സവർണ നിർമിത സൗന്ദര്യശാസ്ത്രത്താലും നിരന്തരം വേട്ടയാടപ്പെടുന്നവരാണ് കീഴാളർ. പൗരസമൂഹം എന്ന സങ്കല്പനത്തിന് പുറത്തായിരിക്കും അവരുടെ ജീവിതം. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തോട് സംവദിക്കുന്നു എന്നതാണ്
ഈ സിനിമയുടെ പ്രസക്തി. പൗരത്വ ഭേദഗതി ബില്ലും അത് ഉയർത്തുന്ന നൈതികതയുടെ പ്രശ്‌നങ്ങളും വളരെ സൂക്ഷ്മമായി
വെയിൽമരങ്ങളിൽ കണ്ടെത്താവുന്നതാണ്. വേരുകൾ നഷ്ടപ്പെട്ട കുടുംബം ജോലി തേടി വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുകയാണ്. ഒരിടത്തും അവർക്ക് താമസിക്കാൻ കഴിയുന്നില്ല. കേരളത്തിലുണ്ടായിരുന്ന വീട് നഷ്ടപ്പെടുമ്പോൾ കുടുംബം അയൽ സംസ്ഥാനത്തേക്ക് പോകുന്നു. തകരാത്ത ഇന്ത്യൻ ഫ്യൂഡൽ മൂല്യങ്ങളാൽ നിർമിതമാണ് ഇന്ത്യൻ ഗ്രാമങ്ങൾ. അതിന്റെ അനുഭവങ്ങൾ ഈ കുടുംബവും ഏറ്റുവാങ്ങുന്നു. നാല് ഋതുക്കളിലൂടെ കഥ പറയുന്ന ചിത്രത്തിന്റെ മൂന്നൂ കാലങ്ങൾ ഹിമാചലിലും മഴക്കാലം കേരളത്തിലുമാണ് ചിത്രീകരിച്ചത്.

എപ്പോഴും വെയിലത്ത് നിൽക്കാൻ വിധിക്കപെട്ട ചില മനുഷ്യരുടെ അതിജീവനത്തിന്റെയും പലായനത്തിന്റെയും കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. മഴയും മഞ്ഞും ഇഴചേരുന്ന പ്രകൃതിയുടെ ദൃശ്യങ്ങൾ മനോഹരമായി ആവിഷ്‌കരിക്കാൻ ചിത്രം ശ്രമിക്കുന്നുണ്ട്. ഓരോ ഷോട്ടിലും അത്തരം സൂക്ഷ്മതകൾ തിരിച്ചറിയാം.

പലായനത്തിന്റെ മുറിവുകൾ
മൺറോ തുരുത്തിൽ ജീവിക്കുന്ന കുടുംബം ഭർത്താവ് (ഇന്ദ്രൻസ്), ഭാര്യ (സരിതാ കുക്കു), മകൻ (മാസ്റ്റർ ഗോവർധൻ) എന്നിവരുടെ അതിജീവനത്തിന്റെ കഥായാണ് വെയിൽമരങ്ങൾ. നിരന്തരമായി ഉണ്ടാകുന്ന ശക്തമായ മഴയെത്തുടർന്ന് തുരുത്തിലെ ഒറ്റമുറി വീട്ടിൽ വെള്ളം കയറിയതോടെ മൂന്നംഗ കുടുംബത്തിന് അവിടെ താമസിക്കാൻ കഴിയാതെയാകുന്നു. ജീവിതത്തിന്റെ ഭാഗമായിരുന്ന തുരുത്തിനെ ഉപേക്ഷിക്കാൻ അവർക്ക് മനസില്ലെങ്കിലും വീടു മുഴുവൻ വെള്ളത്തിൽ മുങ്ങുന്നു. ഇതോടെ അവിടെയുണ്ടായിരുന്ന കുടുംബങ്ങളെല്ലാം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറുന്നു. തുരുത്തുകളിൽ താമസിക്കുന്നവരിലധികവും ഭൂമിയും വീടുമില്ലാത്ത മനുഷ്യരാണ്. വെയിൽമരങ്ങളിലെ കുടുംബങ്ങൾക്ക് പേരുകളില്ല. പേരില്ലാത്ത മനുഷ്യർ എന്നത് ഒരു പ്രതീകമാണ്. അതായത് ഇന്ത്യൻ ദേശീയതയ്ക്ക് പുറത്തു നിൽക്കുന്നവരാണിവർ. അവർ സ്വന്തമായി പേരിട്ടാൽപോലും അവരുടെ സ്വത്വത്തെ അംഗീകരിക്കാൻ പൊതുബോധം തയ്യാറാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

ഭൂമിയും വീടും എന്നത് ഏതൊരു സമൂഹത്തിന്റെയും അടിസ്ഥാന ആവശ്യമാണ്. ഭൂമി എന്നത് അതിജീവനത്തിന്റെയും ഉപജീവനത്തിന്റെയും രാഷ്ട്രീയപ്രശ്‌നമാണെന്ന് ആദിവാസി-ദലിത് സമൂഹങ്ങൾ ഇന്ന് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. പുറമ്പോ
ക്കിലും കോളനികളിലും ലക്ഷംവീടുകളിലും പാറകളും മലകളും നിറഞ്ഞ വനങ്ങളിലും കഴിയുന്ന ആദിവാസി, കീഴാള സമൂഹങ്ങൾ സ്വന്തമായി ഭൂമിക്കുവേണ്ടി കേരളത്തിൽ സമരം ചെയ്യുന്ന സവിശേഷ സന്ദർഭം കൂടിയാണിത്. ഇവിടെയും ഭൂമി ഒരു പ്രശ്‌നം തന്നെയാണ്. അഭയാർത്ഥി ക്യാമ്പിൽ കഴിയുന്ന കുടുംബത്തിന് ഭൂമി നൽകണമെങ്കിൽ ആധാർ കാർഡ് വേണെമന്നാണ് അധികാരികൾ പറയുന്നത്. അങ്ങനെ അവിടെയും ആരും അവർക്ക് ആശ്രയം ഇല്ലാതാകുന്നു. മറ്റെന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാമെന്ന് കരുതി ഹോട്ടൽ ജോലിക്ക് പോകുമ്പോൾ വീട്ടിലേക്കുള്ള ബസ്‌യാത്രയ്ക്കിടെ പഴ്‌സ് പോയെന്ന മോഷണക്കുറ്റമാരോപിച്ച് ആൾക്കൂട്ടമർദനത്തിന് ഇരയാവുകയും തുടർന്ന് ജയിലിലാവുകയും ചെയ്യുന്ന പിതാവിന് (ഇന്ദ്രൻസ്) ഒരു ദിവസം ലോക്കപ്പിൽ കിടക്കേണ്ടി വരുന്നു. വേഷവും ശരീരവുമാണ് അയാളുടെ
മേൽ കുറ്റമാരോപിക്കാൻ ഇടയാക്കുന്നത്. മുഷിഞ്ഞ വസ്ത്രങ്ങളും കറുത്ത മെലിഞ്ഞ ശരീരവും ചുരുട്ടിപ്പിടിച്ച പ്ലാസ്റ്റിക് കവറും ചെയ്യാത്ത കുറ്റത്തിന് അയാളെ പ്രതിയാക്കുന്നു. ആൾക്കൂട്ടം എങ്ങനെയാണ് അടിസ്ഥാന സമൂഹങ്ങളെ വളരെവേഗം കുറ്റവാളി
യായി പ്രഖ്യാപിക്കുന്നത് എന്നതും സിനിമ പറയുന്നു. കീഴാള ശരീരങ്ങൾ എങ്ങനെയാണ് എപ്പോഴും പൊതുബോധത്തിന് അസ്വസ്ഥത സൃഷ്ടിക്കുന്നത് എന്നതാണ് ഇവിടെ പ്രശ്‌നം.

ആൾക്കൂട്ട ആക്രമണങ്ങളിലെല്ലാം എപ്പോഴും ഇരയാക്കപ്പെടുന്നത് അപര മനുഷ്യരാണ് എന്ന യാഥാർത്ഥ്യം ഇന്ന് എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് വിധേയമാകുമ്പോൾ ഭിത്തിയിൽ കാണുന്നത് അംബേദ്കറുടെ ചിത്രമാണ്. സാധാരണ മനുഷ്യർക്ക് നീതി ലഭിക്കേണ്ടയിടങ്ങളിലെല്ലാം അത് എങ്ങനെയാണ് നഷ്ടമാകുന്നത് എന്ന പാഠം
കൂടിയാണ് സിനിമ. ഭിത്തിയിലെ ചിത്രവും അതാണ് സൂചിപ്പിക്കുന്ന്. മാത്രമല്ല, ഭരണഘടനയുടെ അന്ത:സത്ത ഏത് തരത്തിലാണ് ഇന്ത്യയിൽ ചോദ്യം ചെയ്യപ്പെടുന്നത് എന്നത് അതിലൂടെ തിരിച്ചറിയാനും സാധിക്കുന്നു. മോഷണം ആരോപിച്ചയാളുടെ പഴ്‌സ് നഷ്ടമായിട്ടില്ലെന്നും പരാതി പിൻവലിച്ചു എന്നും പറയുമ്പോൾ പരാതി കൊടുത്തയാൾക്ക് ഒരു താക്കീതുപോലും നൽകാൻ പോലീസ് തയാറാകുന്നില്ല. കീഴാള സമൂഹങ്ങൾ എക്കാലവും വികസിക്കാതെ തങ്ങളുടെ അടിയാളരായി കഴിഞ്ഞാൽ മതിയെന്ന ബോധമാണ് അധികാരികളെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്. ആധുനിക സമൂഹത്തിലും കീഴാളർ ഇരയാക്കപ്പെടുകയാണ്.

അധ്വാനത്തിന്റെ രാഷ്ട്രീയം
തിക്താനുഭവങ്ങളിൽനിന്നും രക്ഷപ്പെട്ട് ഹിമാചൽപ്രദേശിൽ എത്തുമ്പോഴും അതേ അവസ്ഥയിലേക്കുതന്നെയാണ് കുടുംബം
നീങ്ങുന്നത്. ജമീന്ദാറുടെ ആപ്പിൾതോട്ടത്തിൽ പണിയെടുക്കുമ്പോൾ അയാളുടെ അടിയാളരായാണ് അവർ അവിടെ ജീവിക്കുന്നത്. അയാൾ പറഞ്ഞു വിട്ടാൽ അവിടെനിന്നും പോകാം. കൂലി അയാളാണ് നിശ്ചയിക്കുന്നത്. അതിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. പ്രകൃതിയോടും മറ്റ് ജീവജാലങ്ങളോടും സാധാരണ മനുഷ്യർ പുലർത്തുന്ന സ്‌നേഹവും സഹാനുഭൂതിയും തുറന്നു കാട്ടുന്ന നിരവധി സന്ദർഭങ്ങൾ സിനിമയിലുണ്ട്. ആരുമില്ലാതെ ഒറ്റപ്പെട്ടു പോകുന്ന നായയെ വീട്ടിൽ വളർത്തുന്നതും ജമീന്ദാറുടെ തോട്ടത്തിലെ വീട്ടിൽ കാണുന്ന ചെമ്മരിയാടിനെ കൂടെ കൂട്ടുന്നതും അതിനെ ജമീന്ദാറുമായി നടത്തുന്ന വെല്ലുവിളികളും ഇതിന് ഉദാഹരണമാണ്. അധ്വാനിക്കുന്ന സമൂഹത്തിന് ഭൂമിയിന്മേൽ അവകാശങ്ങളൊന്നുമില്ല എന്നതാണ് ഇവിടെ പ്രസക്തം. പകൽ അധ്വാനിച്ചും കാട്ടുമൃഗങ്ങളെ ഭയന്നും ജീവിച്ച്
ജമീന്ദാറിനുവേണ്ടി ജീവിച്ചിട്ടും ഒരു ദിവസം ഈ കുടുംബത്തെ അയാൾ പുറത്താക്കുകയാണ്. ഭൂമി നിങ്ങളുടേതാണെങ്കിലും അവിടെ അധ്വാനിച്ച് എല്ലാം വിളയിച്ചത് ഞങ്ങളാണല്ലോ എന്നാണ് പിതാവ് ജമീന്ദാർക്ക് മറുപടി നൽകുന്നത്. അധ്വാനത്തെ സംബന്ധിച്ച മാർക്‌സിന്റെ വീക്ഷണമാണ് ഈ മറുപടിയിലൂടെ വ്യക്തമാകുന്നത്. ഇന്ത്യയിലെ അധ്വാനവർഗം ഇവിടുത്തെ അടിത്തട്ട് മനുഷ്യരാണ് എന്ന ബോധ്യപ്പെടുത്തലു കൂടി ഇതിലൂടെ മനസിലാക്കാം. ഇത്തരത്തിൽ നിരവധി രാഷ്ട്രീയ മുന്നറിയിപ്പാണ് വെയിൽമരങ്ങൾ.

കൃഷ്ണൻ ബാലകൃഷ്ണൻ, പ്രകാശ് ബാരെ, അശോക് കുമാർ, നരിയാപുരം വേണു, മെൽവിൻ വില്യംസ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. എം.ജെ. രാധാകൃഷ്ണന്റേതാണ് ക്യാമറ. ശബ്ദമിശ്രണം പ്രമോദ് തോമസ്, ലൊക്കേഷൻ സിങ്ക് സൗണ്ട് ജയദേവൻ ചക്കാടത്ത്, സ്മിജിത് കുമാർ പി.ബി., എഡിറ്റിങ് ഡേവിസ് മാനുവൽ, സംഗീതം ബിജിബാൽ, കലാസംവിധാനം ജോതിഷ് ശങ്കർ, ചമയം പട്ടണം ഷാ, കോസ്റ്റ്യൂംസ് അരവിന്ദ് കെ.ആർ എന്നിവർ നിർവഹിച്ചിരിക്കുന്നു. ഷാങ്ഹായ് മേളയിൽ ബെസ്റ്റ് ആർടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി മാറിയ വെയിൽ മരങ്ങൾ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിൽ (2019) മലയാള സിനിമയ്ക്കുള്ള നാറ്റ്പാക്ക് പുരസ്‌കാരത്തിനും അർഹമായി.