വഴി മാറി നടക്കുന്ന കവിതകൾ

ഫാ. ബോബി ജോസ് കട്ടിക്കാട്

ലോകം നമ്മുടെ തെരുവിനേക്കാൾ ചെറുതാണ്. അതുകൊണ്ടുതന്നെ നമുക്ക് പലതിനേയും അഭിമുഖീകരിക്കേണ്ടതായി വരുന്നു. മനുഷ്യനെ, മൃഗങ്ങളെ, ദൈവത്തെ കാണേണ്ടി വരും. ഈ വാഴ്‌വിലെ ആരുടെയും ഒരു പ്രശ്‌നം ഏതെങ്കിലുമൊരു ഘട്ടത്തിൽ ദൈവത്തെ അഭിമുഖീകരിക്കേണ്ടിവരിക എന്നുള്ളതുതന്നെയാണ്. അതിനുള്ള ഓർമപ്പെടുത്തൽ ചുറ്റിലും നടക്കുന്നുണ്ട്. പുലരിയിൽ കരിമുണ്ടൊക്കെയുടുത്ത് മനുഷ്യൻ നഗ്നപാദരായി തെരുവിൽ നടന്നുപോകുന്നുണ്ട്. കടകളിൽ നിസ്‌കാരത്തഴമ്പുള്ളവരുണ്ട്. ഏതോ ഒരു ഉപദേശി തെരുവിൽനിന്ന് യേശു സ്‌നേഹിക്കുന്നു എന്ന് വിളിച്ചുപറയുന്നുണ്ട്. സ്വാഭാവികമായും ഓരോ സെക്കന്റിലും ദൈവം ഓർമിക്കപ്പെടുന്ന ഒരു ചെറിയ തെരുവ്. ദൈവത്തെ ബൈപ്പാസ് ചെയ്ത് അധികം മുമ്പോട്ടുപോകാൻ കഴിയില്ല. ഞാനൊരു ഭക്തൻ എന്ന നിലയിലല്ല, കാവ്യത്തിൽ താത്പര്യമുള്ളയാൾ എന്ന നിലയിലാണ് പറയുന്നത്.

എവിടെയെങ്കിലും വച്ച് ദൈവത്തെ അഭിമുഖീകരിച്ചേ പറ്റൂ. അതിന് മൂന്നു മാർഗങ്ങളുണ്ട്. ഒന്ന് നിങ്ങൾ വലിയൊരു സമർപ്പണത്തിലേക്ക് വരിക. എന്തിലും ഏതിലും ദൈവത്തെ നമസ്‌കരിച്ചും അർപ്പിച്ചും കുറച്ചൊക്കെ അവനവന്റെ വ്യഥകൾക്ക് ഒരു കരുതലെന്ന നിലയ്ക്ക് ദൈവത്തെ കാണുകയും ചെയ്യുക. രണ്ട്, നിഷേധിക്കുക. അതൊരു മോശം കാര്യമൊന്നുമല്ല. ദൈവത്തെ നിഷേധിച്ചതുകൊണ്ട് ദൈവത്തിനോ ഭൂമിക്കോ ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. ദൈവത്തെ നിഷേധിച്ചവരൊക്കെ ഭേദപ്പെട്ട മനുഷ്യരായിരുന്നു. നിഷേയുടെ കാര്യമെടുക്കുക. നിഷേയ്ക്ക് ഭ്രാന്ത് പിടിക്കുന്നത് തെരുവിൽ ഒരു കുതിരയെ വണ്ടിക്കാരൻ അടിക്കുന്നത് കണ്ടിട്ടാണ്. അതയാൾക്ക് താങ്ങാൻ കഴിഞ്ഞില്ല. പക്ഷെ പ്രശ്‌നം അതുതന്നെയാണ്. ദൈവം സംരക്ഷിക്കുമെന്ന് കരുതി വിട്ടുകൊടുക്കാവുന്ന കാര്യങ്ങളുടെ മീതെ ഇവർ വല്ലാതെ ഉരുകിത്തീരുന്നു.

ഭക്തനായിരിക്കുകയെന്നത് വലിയൊരു ആനുകൂല്യമാണ്. അയാൾക്ക് ചില കാര്യങ്ങൾ ദൈവത്തിന് വിട്ടുകൊടുത്ത് ജീവിക്കാൻ പറ്റും. സത്യം പറഞ്ഞാൽ ഒരു ഏത്തിസ്റ്റാണ് കൂടുതൽ ഉരുകുന്നത്. അയാളോളം ഒരാളും ജീവിതത്തെ ഒരു കഠിനവ്യഥയായി എണ്ണിയിട്ടില്ല. സ്വാഭാവികമായും ഇതിനകത്ത് ഒരു അലസമാർഗം സ്വീകരിക്കുന്നവരുണ്ട്. ആഗ്നോസിസ് എന്നാണ് അവരെക്കുറിച്ച് പറയുന്നത്. ദൈവമുണ്ടെങ്കിലെന്ത്? ഇല്ലെങ്കിലെന്ത്? ഉള്ളകാലം പരമാവധി ഭംഗിയിൽ പോവുക.

മോൻസി ജോസഫ് എന്ന കവി ഇതിനകത്ത് മൂന്നിലും പെടുന്നില്ല. അതാണ് പ്രശ്‌നം. മോൻസി വാസ്തവത്തിൽ ദൈവം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുകയാണ്. അത് വലിയൊരു ഗതികേടാണ്. ദൈവം ഉണ്ടാകണമെന്ന് ആരോടാണ് പ്രാർത്ഥിക്കേണ്ടത്? ആ ആന്തരികസംഘർഷം ഈ പുസ്തകത്തിലെ മുഴുവൻ കവിതകളിലുമുണ്ട്. ദൈവമുണ്ടായിരുന്നെങ്കിൽ എത്ര നല്ലതായിരുന്നു. ഒരു കവിതയ്ക്കകത്ത് ആന്തരികസാധ്യതയെ തെളിഞ്ഞുകിട്ടുന്നുമുണ്ട്. അതിങ്ങനെയാണ്: ഉള്ളിൽ ദൈവമില്ലാതിരുന്നിട്ടും എനിക്ക് കുരിശ് വരയ്ക്കാൻ തോന്നുന്നു. ചിലരൊക്കെ സഹായിച്ചിരുന്നെങ്കിലെന്ന്
ആഗ്രഹിക്കുന്ന ഒരാൾ ഇതിനകത്ത് കിടപ്പുണ്ട്.

കടൽ ആരുടെ വീടാണ് എന്നു പേരിട്ട സമാഹാരത്തിലെ ഒന്നുരണ്ടു കവിതകൾ വല്ലാതെ ഭാരപ്പെടുത്തുന്നുണ്ട്. വിശേഷി
ച്ചും ‘യേശു കൺട്രിബാറിൽ’ എന്ന കവിത. എല്ലാവരും ഒരു നാട്ടുമദ്യശാലയിൽ വന്നിരിക്കുകയാണ്. അവിടെ കാലങ്ങളൊക്കെ മാറിവരുന്നുണ്ട്. നമുക്ക് പരിചയമുള്ള, ഇഷ്ടമുള്ള, ഒരു യേശു അതിനകത്തുനിന്ന് രൂപപ്പെടുന്നുണ്ട്. ഒരു ബൊഹീമിയൻ യേശു.

നമ്മുടെ സാമ്പ്രദായിക വിചാരങ്ങളുടെ കള്ളിയിൽപെടാത്ത ഒരു യേശു. നമുക്കിഷ്ടം തോന്നുന്ന ഒരേശുവാണത്. ഒരുകാലത്ത് നമ്മുടെ തെരുവോരത്ത് പരിചയമുള്ള ജോൺ ഏബ്രഹാം ഉൾപ്പെടെയുള്ളവർ കയറിവരുന്നുണ്ട്. എല്ലാം കഴിഞ്ഞ് നാട്ടുമദ്യശാലയിൽ നടക്കുന്ന ചെറിയ സംഘർഷങ്ങൾക്കുശേഷം പരുക്കുപറ്റിയ യേശുവിനടുത്തേക്ക് മാർക്‌സ് വരുന്നു. രണ്ടു മനുഷ്യർ പരസ്പരം പുറത്തേക്ക് പോകുമ്പോൾ യേശു പറയാനായി ശ്രമിക്കുന്നത് ഇതാണ് – ഒരു ദൈവം ഉണ്ടായിരുന്നെങ്കിൽ എത്ര നല്ലതായിരുന്നു.

കവിതയുടെ നടപ്പുരീതികളിൽനിന്ന് മാറിനടക്കുന്ന, മുൻമാതൃകകളില്ലാത്ത പുസ്തകമാണ് മോൻസിയുടേത്. ഈ സമാഹാരത്തിലെ 33 കവിതകളും ഒന്നിച്ചു വായിച്ചുതീർക്കാമെന്ന തെറ്റിദ്ധാരണ വേണ്ട. വല്ലപ്പോഴുമൊന്ന്. അത് കുറച്ചുകൂടി നമ്മളെ ഭേദപ്പെട്ട മനുഷ്യനായി ജ്ഞാനസ്‌നാനപ്പെടുത്തും. കവിതകളിൽ ഉടൽ ഒരു നിരന്തരപ്രമേയമാണ്. എനിക്കു തോന്നുന്നു, മനുഷ്യന്റെ ഏറ്റവും വലിയ ഒബ്‌സഷനിൽ ഒന്നാണ് ഉടൽ. ചിലർ അതിനെ കൈവിട്ട് വാഴ്ത്തുന്നു. വേറെ ചിലർ അതിന്റെ കുറ്റബോധവും പാപഭാരവും അനുഭവിക്കുന്നു. ഒരു സമഗ്രമായ ഒരുടൽബോധം മോൻസിയുടെ വരികളിൽനിന്നും ഉണരുന്നുണ്ട്. അത് വളരെ വ്യത്യാസമുള്ള ഒരു പ്രമേയമാണ്. അല്പംപോലും കുറ്റബോധമില്ലാതെ ശരീരത്തെക്കുറിച്ച് പറയുകയും ഇതാണ് ശരീരമെന്ന് വാഴ്ത്തുമ്പോൾതന്നെ ഇത്രയേയുള്ളൂ ശരീരമെന്ന് ഏറ്റുപറയുന്ന ഒന്നുണ്ട്. ഒരു വാക്കുണ്ട്. രതി. ഒന്നിനും പരിഹാരമല്ല. പിന്നെയും അലച്ചിലുകൾ നീണ്ടുകിടക്കുകയാണ്. ഒരു വരിയിൽ പോർബന്തറിലേക്കുള്ള യാത്രയിൽ വീഥികൾ നീണ്ടുകിടക്കുകയാണ്.

ചുറ്റിലും സ്ഥലങ്ങളാണ്. എന്റേതുകണക്ക് പ്രത്യേകിച്ച് ഒന്നും പറയാനോ ചെയ്യാനോ ഇല്ലാത്ത സ്ഥലങ്ങൾ…. ഒരു വലിയ അല
ച്ചിലിന്റെ ഓർമക്കുറിപ്പുകളാണിത്.

‘കടൽ ആരുടെ വീടാണ്’ എന്നതുതന്നെയാണ് പ്രശ്‌നം. ഓരോ മനുഷ്യർക്കും അവരുടെ സ്വർഗത്തെക്കുറിച്ച് ചില വീക്ഷണ
ങ്ങളുണ്ട്. ബൈബിളിൽ സ്വർഗത്തെക്കുറിച്ചുള്ള വീക്ഷണത്തിൽ പറയുന്നതിങ്ങനെയാണ് – ഇവിടെയുള്ളതെല്ലാം അവിടെയുണ്ടാവും. പക്ഷെ അവിടെ ഇല്ലാത്ത ഒറ്റക്കാര്യമുണ്ട്. അത് കടലാണ്. അവിടെ കടലുണ്ടായിരിക്കില്ലെന്ന് പറഞ്ഞാണ് ഈ പുസ്തകം അവസാനിക്കുന്നത്. കാരണം കടൽ പ്രക്ഷുബ്ധമാണ്. ഒരിക്കലും ശാന്തമാകാത്ത, ആവർത്തനങ്ങളില്ലാത്ത ഒന്ന്. ഒരു തിരയും മറ്റൊരു തിരയും തമ്മിൽ ഒരു സാമ്യവുമില്ല. മനുഷ്യനായിരിക്കുന്നതിനുവേണ്ടി നമ്മൾ കൊടുക്കുന്ന ഒരു കപ്പം കൂടിയാണിത്. തിരപിന്നെയും പിന്നെയും അലയടിയടിച്ചുകൊണ്ടേയിരിക്കും. എങ്ങുമെത്താത്ത, എത്തേണ്ട ആവശ്യമില്ലാത്ത, ഒരു തിടുക്കവുമില്ലാത്ത യാത്രകൾക്കും ഈ വാഴ്‌വിൽ ഇടമുണ്ടാകണം.