ഇ.ഐ.എസ്. തിലകന്റെ കവിതകൾ

ഡോ. പി. ഹരികുമാർ

മലയാള കവിതയ്ക്ക്, മുംബൈ മലയാളിയുടെ സവിശേഷ സംഭാവനയാണ് ഇ.ഐ.എസ്. തിലകൻ. അദ്ദേഹത്തിന്റെതന്നെ കവിതയിൽ സൂചിപ്പിക്കുന്നതുപോലെ; ഒരു ‘ചുവന്ന മുത്ത്’. ചുവപ്പിന്റെ രാഷ്ട്രീയ വീക്ഷണവും, മുത്തിന്റെ വ്യക്തിവൈശിഷ്ട്യവും ഒത്തിണങ്ങിയ ഒരു കവി.

1959 തൊട്ട് ഇന്നുവരെയുള്ള അറുപതിലേറെ വർഷങ്ങൾ നീണ്ട മുംബൈ ജീവിതത്തിനിടയിൽ, മലയാളികളുടെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ ജീവിതത്തിൽ സക്രിയമായി ഇടപെട്ടുകൊണ്ടിരിക്കുന്നുണ്ട് തിലകൻ. കവിതയിലൂടെയും, ലേഖനങ്ങളിലൂടെയും, പ്രഭാഷണങ്ങളിലൂടെയും, സംഘടനാപ്രവർത്തനത്തിലൂടെയും, ഇടതുപക്ഷ നൈതികതയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന തിലകൻ അക്ഷരാർത്ഥത്തിൽ, മുംബൈ മലയാളികളുടെ ചുവന്ന മുത്തുതന്നെയാണ്.

1995ൽ അദ്ദേഹത്തിന്റെ ആദ്യ കവിതാസമാഹാരം (ശവനിലം) പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് 2019 മാർച്ചിൽ, അദ്ദേഹത്തിന്റെ 295 കവിതകളുടെ ഒരു സമാഹാരം (ഇ.ഐ.എസ്. തിലകന്റെ കവിതകൾ) കോട്ടയം കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്.

കമലാദാസ്, പാലൂർ, കൃഷ്ണൻ പറപ്പള്ളി, പാപ്പനംകോട്ട് പ്രഭാകരൻ, ശ്രീമാൻ, ഹരിഹരൻ പൂഞ്ഞാർ എന്നിവരിൽ തുടങ്ങി
ഇന്ന് വരെ, കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടയിൽ ഏതാണ്ട് 200-ഓളം മലയാളകവികൾ മുംബൈയിൽ ജീവിച്ചെഴുതിയിട്ടുണ്ട്. മുംബൈജീവിതമെഴുതിയിട്ടുണ്ട്. നഗരാനുഭവങ്ങൾ കവിതയിലൂടെ പകർന്നു തരാൻ ശ്രമിച്ചു പോന്നിട്ടുള്ള ഇവരിൽ മുൻപന്തിയിൽ നിൽക്കുന്ന കവിയാണ് തിലകൻ.

ഇരുപത്തിയൊന്നാം വയസ്സിൽ, കേരളത്തിലെ തന്റെ കൊച്ചുഗ്രാമത്തിൽ നിന്ന്, ഇടതുപക്ഷ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ആവേശവും ഗാന്ധിസാഹിത്യത്തിന്റെ വായനാനുഭവവും പേറി, ഉപരിപഠനത്തിനായി നഗരത്തിലെത്തിയതാണ് തിലകൻ. സ്വാതന്ത്ര്യ സമരത്തിന്റെയും രണ്ടാം ലോകയുദ്ധത്തിന്റെയും ദുരിതങ്ങളനുഭവിച്ചു വന്ന ഇന്ത്യൻ സമൂഹം, ജനാധിപത്യത്തിന്റെ പേരിൽ ഫ്യൂഡൽ ഭൂപ്രഭുത്വത്തിലേക്ക് വഴുതുകയാണെന്ന് മനസിലാക്കിയ യുവത തീവ്ര ഇടതുപാതയിലേക്ക് തിരിയുന്ന 1960കളിൽ വളരെ വേഗം തന്നെ, തിലകൻ മുംബൈനഗരത്തിന്റെ കോളിളക്കത്തിലേക്ക് വലിച്ചെറിയപ്പെട്ടു. അന്നുതൊട്ടിന്നുവരെ, നഗരസാഗരത്തിന്റെ ഉപ്പുകാറ്റും വെയിലും ഉൾക്കൊണ്ട് കരുവാളിച്ച കവിയുടെ നേർചിത്രം, ‘ചുവന്ന മുത്ത്’ എന്ന കവിതയിൽ വായിക്കാൻ കഴിയും.

”മുറിവേറ്റ സ്വപ്‌നങ്ങളുടെ കുതിരപ്പുറത്തുനിന്ന്
അയാൾ എടുത്തെറിയപ്പെട്ടത്,
വൻ തിരകളും, കൂറ്റൻ സ്രാവുകളും
നീരാളികളും നിറഞ്ഞ
നടുക്കടലിലേക്കായിരുന്നു.”
അവിടെനിന്ന് ബോധരഹിതനായി ചെറുതുരുത്തിലടിഞ്ഞ അയാളെ പരിചരിച്ച് പരിരക്ഷിച്ച കരിഞ്ഞുണങ്ങിയ മനുഷ്യർ പഠി
പ്പിച്ച അതിജീവന മന്ത്രം, ഒരു സാധാരണ മുംബൈമലയാളിയുടെ ജീവനതന്ത്രം തന്നെയാണ്.
”തിരകൾ മുറിച്ചുകടക്കാനും,
പ്രത്യേക തരത്തിൽ ശബ്ദമുണ്ടാക്കി
സ്രാവുകളെയും നീരാളികളെയും
തുരത്തിയോടിക്കാനും” അയാൾ പഠിച്ചു.
”കടലിലേക്കു വലിച്ചെറിയപ്പെടുന്ന മനുഷ്യരെ
ചുമലിലേറ്റി, തിരമുറിച്ചു നീന്തി
തുരുത്തിലെത്തിക്കുന്നത്
ജീവിതദൗത്യമായി അയാൾ ഏറ്റെടുത്തു.”
രക്ഷപ്പെടുത്തിയ ഓരോരുത്തരെയും, തിര മുറിച്ചു നീന്താനും, കടൽ ജന്തുക്കളെ നേരിടാനും അയാൾ പരിശീലിപ്പിച്ചു. പരിശീലനം നേടി ശക്തരായവർ പക്ഷെ, അയാളുടെ നെഞ്ചിൽ ചവിട്ടിക്കുതിച്ച് കടന്നു പോവുകയാണുണ്ടായത്.
ഓരോ ചവിട്ടിനും അയാളുടെ ഹൃദയത്തിൽ നിന്നും ഒരല്പം ചോര കടലിലേക്കിറ്റു. ചെറുകക്കകൾ ആ ചോര നക്കിയെടുത്ത്
പകരം ഓരോ മുത്ത് അയാൾക്ക് സമ്മാനിച്ചു.ഒരു മനുഷ്യായുസ്സുകൊണ്ട് സമ്പാദിച്ച നൂറു മുത്തുകൾ കോർത്ത മാല അയാൾ ഒടുവിൽ കടലിനു നൽകി. അതെടുത്ത് കഴുത്തിലണിഞ്ഞ് കരയിലെത്തിയ ദൈവം, അയാളുടെ ഹൃദയം ചോദിച്ചു വാങ്ങി മാലയിൽ പതക്കമായി കൊരുത്തിട്ടശേഷം പറഞ്ഞു;
”ഈ ഹൃദയമാണ് നിന്റെ ശത്രു;
ഞാനതെടുക്കുന്നു.
ഇനിമേൽ നിനക്ക് ദുഖിക്കേണ്ടി വരില്ല;
ചവിട്ടുകൊള്ളേണ്ടി വരില്ല.”
പക്ഷെ, അയാൾക്ക് അത്തരമൊരു അനായാസ സുഖത്തേ
ക്കാൾ പ്രിയം, മുറിവേറ്റ ഹൃദയവും പേറി, സഹജീവികളുടെ രക്ഷകനായി ചവിട്ടു കൊണ്ടു ജീവിക്കാൻ തന്നെയാണ്.
”അമ്മേ, ഈ ഹൃദയമാണ്
എന്നെ ഞാനാക്കുന്നത്.
ദയവായി എനിക്കെന്റെ ഹൃദയം തിരിച്ചു തരൂ!
എനിക്കു ഞാനായാൽ മാത്രം മതി.”

ഈ വരികളിൽ മുഴങ്ങുന്ന ആർജവദർശനം തിലകന്റെ മിക്കവാറും എല്ലാ കവിതകളിലും, തെളിഞ്ഞും ഒളിഞ്ഞും ദർശിക്കാനാകും. ഇതേ കവിതയിൽ, ഇഷ്ടവരം നൽകാൻ തയാറാവുന്ന ദൈവത്തോട് കവി പറയുന്നത്;
”സ്വീകരിക്കുന്നതിലല്ല, കൊടുക്കുന്നതിലാണ് താത്പര്യ”മെന്നാണ്. താൻ ജീവിക്കുന്ന സമൂഹത്തിൽനിന്ന്, എക്കാലവും, സ്വീകരിക്കുന്നതിനേക്കാളേറെ, കൊടുക്കുവാൻ ശ്രദ്ധിച്ചു പോന്നിട്ടുള്ള കവിയാണ് തിലകൻ.

1950കളിൽ വിദ്യാർത്ഥിയായിരിക്കെത്തന്നെ, കേരളത്തിലെ ഇടതുപക്ഷ കർഷക തൊഴിലാളി സംഘടനയിൽ അംഗമായിരുന്ന തിലകൻ ബോംബെ നഗരത്തിലെത്തി, ഉപരിപഠനം കഴിഞ്ഞ ശേഷം, കൂടുതൽ വേതനം ലഭിക്കാവുന്ന, മഫത്‌ലാൽ പോലൊരു സ്വകാര്യ കമ്പനിയിലെ ജോലിയിൽ ചേർന്നെങ്കിലും, വേഗംതന്നെ അതുപേക്ഷിച്ച്, ചൂഷണമില്ലാത്തതും കൂടുതൽ സ്വതന്ത്രാന്തരീക്ഷം ഉറപ്പ് നൽകുന്നതുമായ ഒരു കേന്ദ്ര ഗവണ്മെന്റ് സ്ഥാപനത്തിലെ ജോലി സ്വീകരിക്കുന്നിടത്ത് തിലകന്റെ, നിസ്വാർത്ഥ ജീവിതവീക്ഷണം പ്രകടമാകുന്നുണ്ട്.

1965 മുതൽ, ജലത്തിലേക്ക് മത്സ്യമെന്നപോൽ, ബോംബെയിലെ സാംസ്‌കാരിക പ്രവർത്തനത്തിലേക്ക്, തിലകൻ തുഴഞ്ഞിറ
ങ്ങുകയാണുണ്ടായത്. തീവ്ര ഇടതുപക്ഷാഭിമുഖ്യമുണ്ടായിരുന്ന, ഡക്കോറയെന്ന സംഘടനയുടെ പ്രവർത്തനവും, ‘സംഘഗാനം’, ‘സമന്വയം’ എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപത്യവും അദ്ദേഹത്തിന്റെ പ്രവർത്തനമേഖലകളായി. വജ്രത്തൊഴിലാളികൾ, റെഡിമെയ്ഡ് വസ്ത്ര തൊഴിലാളികൾ, നെയ്ത്ത് തൊഴിലാളികൾ, ഹോട്ടൽ ജീവനക്കാർ, പേരി കച്ചവടക്കാർ, എഞ്ചിനീയറിങ്ങ് തൊഴിലാളികൾ, ഗൾഫിലേക്കുള്ള യാത്രക്കാർ എന്നിങ്ങനെ അസൗകര്യങ്ങളനുഭവിക്കുന്ന ആയിരക്കണക്കിന് മലയാളികൾക്ക് വേണ്ടിയായി തിലകന്റെ കവിതയെഴുത്ത്. അതോടൊപ്പം, അക്കാലത്ത് ബല്ലാഡ്പിയറിലെ തന്റെ ജോലിസ്ഥലത്ത്, വിശ്രമവേളകളിൽ അനേകം യുവാക്കൾ തിലകന്റെ നേതൃത്വത്തിൽ ഒരുമിച്ചു കൂടി ചർച്ചകൾ നടത്തിയിരുന്നു (‘ബല്ലാഡ് പിയറിന്റെ ഇതിഹാസം’ എന്ന കവിത നോക്കുക). അവരിലേറെപ്പേരും പിന്നീടിന്നോളം മുംബൈ മലയാള സാംസ്‌കാരിക മണ്ഡലത്തിലെ സജീവ സാന്നിദ്ധ്യങ്ങളായി തുടരുന്നുണ്ട്. നഗരത്തിന്റെ യാന്ത്രികതയ്ക്കും, അപമാനവീകരണത്തിനും, നിസംഗതയ്ക്കും, തൊഴിലിടങ്ങളിലെ ചൂഷണങ്ങൾക്കുമെതിരെ ആവേശവും ആശയങ്ങ
ളും മുഴക്കുന്നവയായിരുന്നു തിലകന്റെ അക്കാലത്തെ കവിതകൾ. നിലവിലിരുന്ന ആശയപരവും രചനാപരവുമായ കാല്പനി
ക അഭിരമിക്കലുകൾക്കും ആധുനികതയുടെ ഒളിച്ചോട്ട പ്രവണതകൾക്കുമെതിരെ, ശക്തമായ പ്രതികരണങ്ങൾ ആ കവിതകളിൽ ഇടം പിടിച്ചിരുന്നു. ‘അഗ്‌നിമേഘം’ എന്ന കവിത ഉദാഹരണം.

”അഗ്‌നിമേഘമേ, ജ്വലിച്ചുയരൂ, എന്നാത്മാവിൻ
ശക്തിദുർഗത്തിൽ നിന്നുമിനി നീ കുതി കൊള്ളൂ.
കുങ്കുമാഭമാം നിന്റെ ജ്വാലയാൽ ഇരുട്ടിന്റെ
കുംഭഗോപുരങ്ങൾ നീയാകവേ ദഹിപ്പിക്കൂ”
”ഗതഭാഗ്യങ്ങൾ ചൊല്ലി കേഴുവാനല്ലെൻ വ്യക്തി-
ഗത ദുഖത്തിൻ പച്ചത്തുരുത്തു തേടാനല്ല”
”അലറിത്തിളയ്ക്കുന്ന രോഷമായ്, ഒടുങ്ങാത്ത
ശക്തിയായ്, ആവേശമായ്, ആത്മവീര്യമായ്, കത്തി-
ക്കത്തിയേറിടും പ്രളയാഗ്‌നിയായ് വളരുവാൻ”
”മർത്യനെ വിപണന വസ്തുവായ് തരംതാഴ്ത്തും
ദുസ്ഥിതിയുടെ രക്ത സിക്തമാമദ്ധ്യായങ്ങൾ
കത്തിച്ചു വെണ്ണീറാക്കിയട്ടതിൽ പുതിയൊരു
വിത്തിറക്കുവാൻ സ്വർണ മുത്തുകൾ വിളയിക്കാൻ
……………………..
ജ്വലിക്കും വിമോചന സന്ദേശം വഹിക്കുവാൻ അഗ്‌നിമേഘമേ കുതിച്ചുയരൂ!”

വൃത്തബദ്ധവും, പ്രാസസമന്വിതവുമായിരുന്നെങ്കിലും, ആദ്യകാല കവിതകൾ രാജ്യത്താകമാനം അലതല്ലിയിരുന്ന പ്രക്ഷുബ്ധമായ രാഷ്ട്രീയ ചലനങ്ങൾക്കൊപ്പം സംവദിക്കുന്നവയായിരുന്നു. നഗര വീട്ടിലെ ബാൽക്കണിയുടെ ഇത്തിരി ഇടത്തിൽ വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം പൂവിടുന്ന ചെടികൾപോലെ അനേകം തീവ്രരാഷ്ട്രീയ പ്രവർത്തകർ, തിലകൻ നീട്ടിയ ആതിഥ്യത്തണലിൽ വന്നിരുന്ന് രാഷ്ട്രീയാശയങ്ങൾ പങ്കുവച്ചിരുന്നു. 1970-കാലങ്ങളിലെഴുതിയ ‘തൂവൽ’, ‘ഗാണ്ഡീവം’, ‘പ്രഭാതം’, ‘കണ്ണുകൾ’, ‘ചൈത്രരഥം’, ‘ഖണ്ഡാലയിലെ പാറക്കെട്ടുകൾ’, ‘സൂര്യനിലേക്ക് പറക്കുന്ന പക്ഷി’, ‘ശവഘോഷയാത്ര’ എന്നീ കവിതകൾ ഇക്കാലചിന്തയുടെ നിദർശനങ്ങളായി ചൂണ്ടിക്കാട്ടാം. അക്കാലത്ത്, നഗരത്തിലെ മലയാളകവിതയിൽ നിറഞ്ഞിരുന്ന കാല്പനിക മസൃണ സമ്പ്രദായങ്ങളെ അപലപിച്ചുകൊണ്ട്, മാമൂൽ മാനദ
ണ്ഡങ്ങൾക്കനുസരിച്ച് എഴുതില്ല താനെന്ന് പ്രഖ്യാപിക്കുന്ന കവിതകളാണ് ‘ഞാൻ കവിയല്ല’, ‘ഇനിയും മുഴുമിക്കാത്ത കവിത’ എന്നിവ. കാലാകാലങ്ങളിൽ ലോകരാഷ്ട്രീയത്തിലും, ശാസ്ത്രസാങ്കേതിക വഴികളിലും, കാവ്യരചനയിലും വരുന്ന മാറ്റങ്ങൾ കണ്ടറിയുവാനും, തന്റെ ആശയ വിനിമയങ്ങളിൽ അവ പ്രകടിപ്പിക്കുവാനും തിലകൻ നിരന്തരം ജാഗ്രത പുലർത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ, താരതമ്യേന ചെറുപ്പക്കാരായ കവികളെപ്പോലും തിലകൻ ഇപ്പോഴും പിന്നിലാക്കുന്നത് കാണാം. 1980കളോടെ കവിതയിൽ ഛന്ദോമുക്തതയും, മാജിക്കൽ റിയലിസവും, ഹൈപ്പർ റിയലിസവും തിലകൻ വ്യാപകമായി പ്രയോഗിക്കാൻ തുടങ്ങിയിരുന്നു. 1995ൽ പ്രസിദ്ധീകരിച്ച ‘ശവനിലം’ എന്ന ആദ്യസമാഹാരത്തിൽത്തന്നെ ‘പ്രസാദം’ എന്ന കവിത, മാജിക്കൽ റിയലിസം ഉപയുക്തമാക്കിയിരിക്കുന്നു. രചനയിൽ അത്തരമൊരു ധീരമായ കാൽവയ്പ് നടത്തിയ ആദ്യ നഗരകവിതയാണ് ‘പ്രസാദം’ എന്ന് തോന്നുന്നു. ഭക്തി, ദൈവസങ്കല്പം, അന്ധവിശ്വാസങ്ങൾ എന്നീ അസംബന്ധങ്ങൾക്കെതിരെ, തിലകനെടുക്കുന്ന ധീരമായ നിലപാടാണ് ഈ കവിതയിൽ തിലകൻ വ്യക്തമാക്കിയിരിക്കുന്നത്.

ഞാനെന്ന ശാന്തിക്കാരൻ
”—- ശ്രീകോവിൽ കൊട്ടിയടച്ചു
ഭഗവതിതൻ
കൃഷ്ണശിലാരൂപത്തിൽ
അവളുടെ മുലകളിൽ
——– ശ്യാമമനോഹര തനുവിന്നോരോ
തന്മാത്രയിലും, തീവ്ര-
സ്‌നേഹത്തിന്റെ വിളക്കിൽ നിന്ന്
കൊളുത്തിയെടുത്തൊരു കൈത്തിരിപോലെ-
യെരിഞ്ഞു പടർന്നു.
ഒടുവിൽ, രതിമൂർഛയിൽ
ഭഗവതി അതുവരെയറിയാ സുഖസാരത്തിൽ
മുങ്ങി മയങ്ങി;
അവളുടെ കാൽക്കീഴിൽ ഞാൻ
ആളിക്കത്തിയ തിരിയുടെ ഇത്തിരി
ചാരംപോലെ ഉടഞ്ഞു കിടപ്പൂ!
വീണ്ടും കോവിൽ തുറക്കേ
ഭക്തജനങ്ങൾ
ശാന്തിക്കാരനു കൈ നീട്ടുന്നു!”
പ്രസാദം വാങ്ങാൻ.

പിൽക്കാലത്ത്, ‘മത്സ്യകന്യക’, ‘ചുവന്ന മുത്ത്’,’ ‘ഗോണ്ടനാമോ’ എന്നിങ്ങനെ അനേകം കവിതകളിൽ യാഥാർത്ഥ്യാതീത ചിത്രങ്ങളിലൂടെ സവിശേഷമായ ആശയ പ്രകാശനം തിലകന് സാധിക്കുന്നുണ്ട്. പ്രണയം, ഗൃഹാതുരത്വം, ജീവിതത്തോടുള്ള പരാതികൾ തുടങ്ങിയ വൈയക്തിക വിഷയങ്ങൾ അത്യപൂർവമായി മാത്രമേ തിലകന്റെ ചിന്തയിൽ വന്നിട്ടുള്ളു. അതിന് പ്രധാന കാരണം, സ്വജീവിതത്തെ സമൂഹത്തിന്റെ ഭാഗമായല്ലാതെ കണ്ടിട്ടില്ല ഈ കവി എന്നതാണ്. ‘ചുള്ളിപ്പൂക്കൾ’ എന്ന കവിതയിൽ സംതൃപ്തമായ തന്റെ കുടുംബ ജീവിതത്തിന്റെ ആർജവത്തോടെയുള്ള ചിത്രീകരണമാണ് കാണുന്നത്. തന്റെ യൗവനകാലത്ത് എഴുതപ്പെട്ട ആ കവിതയുടെ ആശയവും രചനാരീതിയും പ്രകടമാക്കുന്നത് എത്രയോ വർഷങ്ങൾക്കു മുമ്പേതന്നെ, തിലകൻ, ജീവിതത്തിൽ തികഞ്ഞ പക്വത നേടിക്കഴിഞ്ഞിരുന്നു എന്നതാണ്. ഇതുപോലെ പക്വവും, ശാസ്ത്രാവബോധവും വ്യക്തമാക്കുന്ന ഒരു കവിതയാണ് ‘കാത്തുനിൽപ്പ്’. മനുഷ്യജന്മത്തോടൊപ്പംതന്നെ, മരണത്തിന്റെ ജനിതക രഹസ്യം, കോശങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട് (അയമയളമലധല) എന്ന പുത്തൻ ശാസ്ത്രീയ ആശയവും, മരണമെന്ന അനിവാര്യതയെ നേരിടുന്നതിലുള്ള സമചിത്തതയും ഈ കവിതയിൽ പ്രകടമാണ്.

”പിറവിയുടെ വേദനക്കൊപ്പമെൻ കാലിൽ നീ (മരണം)
നിഴലായി ചുറ്റിക്കിടന്നൂ;”
”വിജയങ്ങൾ ചൂടിച്ചൊരെൻ കിരീടത്തിൽ നീ
ഒരു കൊച്ചു തൂവലായ് കാവൽ നിന്നൂ;
——— മരണമേ നിന്നെ ഞാനറിയുന്ന പോലെ, നീ
അറിയുന്നു ഞാൻ തിന്ന കയ്പ്പും,
ചകിതമാം ഹൃദയത്തിൽ ഞാനൊളിപ്പിക്കുന്ന
മിഴിനീർ കുറുക്കിയയുപ്പും.”

വർഷങ്ങൾക്കു മുമ്പ് താൻ വിട്ടു പോന്ന ജന്മഗ്രാമത്തെയും (എന്റെ ഗ്രാമം), തിലകൻ നോക്കിക്കാണുന്നത് അവിടെ വന്നു ഭവിച്ചിരിക്കുന്ന നീതിനഷ്ടങ്ങളെ വിമർശിക്കാനാണ്. അവതാരികയിൽ കെ ജി എസ് പറയും പോലെ, ”പറയുന്നത് താൻ, പക്ഷെ പറയുന്നതിൽ താനില്ല” എന്നതാണ് തിലകമതം. കവിതയിൽ അങ്ങോളമിങ്ങോളം ഒരു സ്വയം ഓഡിറ്റിങ് നടത്തുന്നുണ്ട് ഈ കവി എന്ന കെ ജി എസ്സിന്റെ നിരീക്ഷണം അക്ഷരാർത്ഥത്തിൽത്തന്നെ ശരിയാണ്. കവിതയിൽ മാത്രമല്ല, സാമൂഹ്യ ജീവിതത്തിലും ഇത്തരമൊരു ഓഡിറ്റിങ്ങ് തിലകൻ പുലർത്തുന്നുണ്ട് എന്നതാണ് അദ്ദേഹത്തെ അടുത്തറിയുന്ന ആരും സാക്ഷ്യപ്പെടുത്തുന്ന കാര്യം. ഇതിന്റെതന്നെ ഭാഗമായി കാണാം തിലകനിലെ സ്വയംവിമർശനം, സ്വയംപരിഹാസം, പക്ഷപാതപരമല്ലാത്ത പരപരിഗണനകൾ, വിനയം എന്നിവയൊക്കെ. തിലകന്റെ കവിതകളിലും ഇടപെടലുകളിലും നമുക്ക് ധാരാളമായി കണ്ടെത്താനാവും, മേല്പറഞ്ഞ സവിശേഷതകൾ. ഇത്തരുണത്തിൽ സംഗതമായ മറ്റൊരു കാര്യം, വിട്ടുവീഴ്ചയില്ലാത്ത സ്വാതന്ത്ര്യബോധമുള്ളപ്പോഴും സാമൂഹ്യകൂട്ടായ്മകൾക്ക് വേണ്ടി, വ്യക്തിസ്വാതന്ത്ര്യത്തിന് തടയിടാൻ,തിലകൻ മടിക്കുന്നില്ലയെന്നതാണ് (‘കരിമ്പുലി’യെന്ന കവിത). കവിയെന്ന നിലയിൽ നിസ്വാർത്ഥമായ സമീ
പനത്തിന് ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്, ‘തൂവൽ’ എന്ന കവിതയ്ക്ക് നൽകിയിരിക്കുന്ന തലക്കെട്ട്.

”രക്തസിക്തമാം തൂവൽ പിന്നെ പതുക്കെയെടുത്തു ഞാൻ,
അതിന്റെ മുനകൂർപ്പിച്ചെഴുതാൻ ശ്രമിക്കയാ-
ണീ നിഷാദനെ വീണ്ടും വിലക്കി നിർത്തും മന്ത്രം.”

സ്വാർത്ഥത മറക്കാത്ത കവിയായിരുന്നെങ്കിൽ, കുറച്ചുകൂടി കവിനിഷ്ഠമായ തലക്കെട്ട് ഉപയോഗപ്പെടുത്തുമായിരുന്നു.
തിലകനിൽ, പ്രവാസ ജീവിതത്തെക്കുറിച്ച് പരിവേദനം കാണാത്തതിന് കാരണം, ഈ നിസ്വാർത്ഥ ജീവിതവീക്ഷണം തന്നെയാവണം. അദ്ദേഹത്തിന്, നീതി നിഷേധത്തോട് മാത്രമാണ് പരാതി. നീതിയില്ലാത്തിടമാണ് തിലകന് പ്രവാസയിടം. അഥവാ, നീതി നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ, ജന്മനാട്ടിലും മറുനാട്ടിലും ഒരുപോലെ പ്രവാസിയാണ് തിലകൻ! തിലകന്റെ കവിതയുടെ സ്വദേശം നീതിയെന്ന്, കെ ജി എസ്.

തിലകൻകവിതകളിൽ, വിരുദ്ധോക്തിയും (ഞാൻ കവിയല്ല, പക്ഷിപ്പനി, ഓങ്കാരം, ചെകുത്താന്റെ സർവകലാശാല), സ്വയംവിമർശനവും (ഒരാടാവുന്നതെങ്ങനെ, ചൈത്രരഥം), കറുത്ത ഫലിതവും (കമ്പിവേലികൾ, പറക്കും തളിക, മൂങ്ങ, ഇത്തിക്കാട്ട് കാളിയും ആഗോളീകരണവും, പുലി, പേൾ ഹാർബർ, വിജയരഹസ്യം, അറുപത്തിനാലടിയകലെ), അയഥാർത്ഥ്യ ഭാവനകളും (പ്രസാദം, പുല്ലും പയ്യും, പേക്ക്, മത്സ്യകന്യക, സ്വർണമത്സ്യങ്ങൾ, ഗോണ്ടനാമോ, സർവേശ്വരൻ അന്ധനായതെങ്ങിനെ, സിംഹം) ധാരാളമായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ‘പ്രമേഹം’ എന്ന കവിത അവസാനിക്കുന്നത്
”അവളുടെ വായിൽനിന്ന്
പുറന്തള്ളപ്പെടുന്ന തെറിയുടെ
മാധുര്യം, പ്രമേഹരോഗികളായ
ഞങ്ങൾക്ക് താങ്ങാവുന്നതല്ല”
എന്ന സ്വയം വിമർശത്തിലാണ്.
എന്തിനും തയ്യാറായ ഒരു വർഗത്തിന്റെ മുഴുവൻ രോഷവും
കത്തിനിൽക്കുന്നതിനാൽ,
”എന്റെ ഉച്ഛിഷ്ടങ്ങൾ
അകലെ നിന്ന്
നിനക്കിപ്പോൾ, ഞാൻ
എറിഞ്ഞു തരുന്നു”
എന്ന വരികളിലും
‘ചെറുത്തു നില്പി’ലെ
”പെറ്റ നാടിനെ താലികെട്ടിയ കൈകൾ തന്നെ
തച്ചു കൊല്ലുമ്പോൾ തട്ടിമാറ്റുവാനുയരുന്ന
കൊച്ചു(പെങ്ങളുടെ) കൈകളെൻ കള്ളയുറക്കം കെടുത്തുന്നു”,
”അവളി(ഭാര്യ)പ്പോൾ
എന്നെ എങ്ങിനെ അഭിസംബോധന ചെയ്യുമെന്ന്
എനിക്കൂഹിക്കാവുന്നതേയുള്ളൂ!”
എന്നിവയിലും
ഇതേ ആത്മപുച്ഛം വായിക്കാവുന്നതാണ്.
തിലകന്റെ രാഷ്ട്രീയ കവിതകളിൽ ശക്തമായ വിമർശനം ക
ത്തി നിൽക്കുന്നുണ്ട്.
”പുനർവാർത്തെടുക്കുവാനാവില്ലെങ്കിൽ
ചരിത്രമൊരുക്കുന്ന ചാണകക്കുഴിയിൽ നിങ്ങളഴുകുക”
”എന്റെ തേർച്ചക്രങ്ങളിൽ വീണരയാതെ മാറുക!”
”എവിടെയോ നിന്നുള്ളിൽ പൊട്ടാത്ത മുട്ടകൾ-
ക്കടയിരുന്നന്നും വിഷപ്പാമ്പുകൾ, നിന്റെ
പകലുറക്കങ്ങളിൽ അവ പൊട്ടി, ഇരുളിന്റെ
നിറമുള്ള ജീവികൾ നിന്റെ തലച്ചോറുണ്ടു, —–”
”സ്വാതന്ത്ര്യം ഒരു ജനതയ്ക്കും
ഇഷ്ടദാനമായി കിട്ടിയിട്ടില്ല
പിടിച്ചെടുക്കപ്പെട്ടിട്ടേയുള്ളൂ”
”തീ കൊളുത്താനുള്ള കീഴാളന്റെ പ്രേരണ
സൃഷ്ടിയുടെ പ്രേരണയാണ്.”
”വാലും, പൂണൂലും മുറിക്കുന്ന
അവർണന്റെ കാരുണ്യമാ(കവിത)ണെന്ന്
ആത്മത്യാഗത്തിന്റെ ചോരയാണു കവിതയെന്ന്”

”വെട്ടിയിട്ട നഖത്തിനുപോലും വിലപേശുന്നവർ എന്നാണറിയുകയെന്ന്”എന്നിവ ഉദാഹരണം.

ചിതലുകൾക്കുമുമ്പേ, കെ ജി എസ്, അമൂല്യഗ്രന്ഥങ്ങൾ തിന്നു തീർക്കുന്നു എന്നും, പട്ടിക്ക് പ്രതിസന്ധികളിൽ കോണകമാ
ക്കാവുന്ന വാൽ എന്നും, ശത്രുക്കൾപോലും (രോഗിയെ) സന്ദർശിച്ച് പക പോക്കും എന്നും, കല്ലോ കന്നാലിയോ ആയാൽപോലും ദൈവങ്ങൾ നന്ദിയുള്ളവരാണെന്നുമൊക്കെ ഫലിതവുമുണ്ട് മിക്ക കവിതകളിലും.

ഇരവും പകലും, ഇരുപത്തിനാലു മണിക്കൂറും സമൂഹത്തിലേക്ക് തുറന്നു വച്ച ആന്റെനയും കോളാമ്പിയുമാണ് തിലകൻ
കവിതകൾ. 1960കൾ തൊട്ടിന്ന് വരെ, മുതലാളിത്ത ചൂഷണങ്ങൾക്കെതിരെയും, നവസാമ്രാജ്യത്വത്തിനെതിരെയും, ആഗോളീകരണത്തിനെതിരെയും, മതിമറന്ന കമ്പോളവത്കരണത്തിനും, ഉപഭോഗത്വരയ്ക്കുമെതിരെയും സന്ധിയില്ലാതെ പോരാടുകയാണ് ഈ കവി ചെയ്തുപോന്നിട്ടുള്ളത്. വാക്കുകളിലൂടെ മാത്രമല്ല, നഗരത്തിലെ മലയാള തിയേറ്റർ സംരംഭങ്ങൾ, സമാന്തര പ്രസാധനങ്ങൾ തുടങ്ങിയ ആക്ടിവിസ്റ്റ് രീതികൾക്കൊപ്പവും തിലകൻ എക്കാലത്തും സജീവമായിരുന്നു. മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചു പോരുന്ന അനേകം നഗരകവികളെ വായനക്കാരിലെത്തിച്ചത് തിലകൻ പത്രാധിപരായിരുന്ന ‘സംഘഗാനം’, ‘സമന്വയം’, ‘വിശാല കേരളം’, ‘നഗര കവിത’ എന്നീ പ്രസിദ്ധീകരണങ്ങളാണ്.1980കളിൽ മുംബൈ നഗരത്തിന്റെ മുക്കിനും മൂലയിലും നവനാടക തരംഗവുമായി എത്തിയ ഡെക്കോറയെന്ന സംഘടനപ്രവർത്തിച്ചിരുന്നത് തിലകനെന്ന സാമൂഹ്യ പരിഷ്‌കർത്താവിന്റെ നടുനായകത്വത്തിലാണ്. തിലകനെപ്പോലെ, പ്രൊ-ആക്ടീവായി കവിതയെയും കവികളെയും പരിപോഷിപ്പിക്കാൻ അനവരതം ശ്രമിച്ച് പോന്നിട്ടുള്ള മറ്റൊരു സാഹിത്യ പ്രവർത്തകനെയും മുംബൈയിൽ ഇന്നോളം കണ്ടെത്താനായിട്ടില്ല എന്ന് നിസ്സംശയം പറയാം.

ഇതിന് പുറമെ, ഏതാണ്ട് എട്ടോളം കാവ്യ സമാഹാരങ്ങൾക്ക് തിലകൻ പഠനങ്ങളും അവതാരികകളും എഴുതി കൊടുക്കാൻ സാവകാശം കണ്ടെത്തിയിട്ടുണ്ട്. ഇടതുപക്ഷസൗന്ദര്യ മീമാംസയിൽ, പി. ഗോവിന്ദപ്പിള്ള, ഹരിഹരൻ പൂഞ്ഞാർ
എന്നിവർക്ക് സമശീർഷ്യനായി തിലകൻ എക്കാലവും നിലകൊണ്ടിട്ടുണ്ട്. മലയാളത്തിൽ പുതുതായിറങ്ങുന്ന സാഹിത്യ ഗ്രന്ഥങ്ങളെ അപ്പപ്പോൾ കണ്ടറിഞ്ഞ്, വായിച്ച്, നിരൂപണത്തിന്റെ പുതുപുത്തൻ മേച്ചിൽ പുറങ്ങളിലെത്താൻ, തിലകനൊപ്പമെത്താൻ മുംബൈയിൽ മറ്റൊരാൾക്കും സാധിച്ചിട്ടില്ല.

പരമ്പരാഗതാർത്ഥത്തിലുള്ള ഗൃഹാതുരത്വം തിലകനിൽ കാണില്ല എന്ന് പറഞ്ഞല്ലൊ. തന്റെ, ഗൗരവപൂർണമായ ജീവിതജ
നനംതന്നെ നഗരത്തിലാണുണ്ടായത് എന്നതാവാം അതിന് ഒരു കാരണം. തിലകന്റെ ഏതാണ്ട് എല്ലാ കവിതകളിലും നഗരജീവിതത്തിനനുസൃതമായ വിഷയ സ്വീകരണവും, രചനാരീതിയുമുണ്ട്. അതിന്റെ ഭാഷ പരുഷവും, രൂപം ശിഥിലവുമാണ്. വശ്യതയും, മൃദുലതയും കുറവ്. തുറന്നു പറച്ചിലും, കാർക്കശ്യവും ധാരാളം എവിടെയും. ആദ്യകാലങ്ങളിൽ ഛന്ദോബദ്ധമായ ഈണക്കവിതകളായിരുന്നെങ്കിൽ, മാറിവരുന്ന കാലത്തിനനുസരിച്ച് പൊതുവെ, കഥ പറയുന്ന ഗദ്യവും, കുറെ ഫ്രീവെഴ്‌സുമായി. അദ്ദേഹത്തിന്റെ കവിതയിലെ ആത്മകഥയിലും, ദേശകഥയിലുമുണ്ട് നഗരം, വിഷയമായി (ശവനിലം, പ്രമേഹം, പുല്ലുംപയ്യും, മൂങ്ങ, സ്‌കേനിങ്, കമ്പിവേലികൾ, പറക്കും തളിക, തൂവൽ, നഗര
ത്തിൽ പറഞ്ഞ സുവിശേഷം ), പശ്ചാത്തലമായി (ഗോവണ്ടി, തെരുവുപട്ടി, സിംഹം, ഭ്രാന്തി, നിശാഗന്ധി, പേൾ ഹാർബർ, മഴ ഒഴുക്കിക്കൊണ്ടു പോയാലും, ഓങ്കാരം, ഗോണ്ടനാമൊ, ഖണ്ഡാലയിലെ പാറക്കെട്ടുകൾ, സാമ്പത്തിക ശാസ്ത്രം, സിക്‌സ് തെർട്ടി ഫാസ്റ്റ്, മഹാനഗരത്തിൽ ഒരു ദിവസം, ബല്ലാഡ്പിയറിന്റെ ഇതിഹാസം, പൂജ), ശൈലിയായി (പക്ഷിപ്പനി, ന്യൂസ് പേപ്പർ ബോയ്, സിംഹവാലൻ, ചെകുത്താന്റെ സർവകലാശാല, മുത്തുച്ചിപ്പി, വിത്ത്). തൂവൽ എന്ന കവിതയിലെ വിപ്ലവകാരി സൈ്വര്യസംഭാഷണം നടത്തുന്നത് നഗരഫ്‌ളാറ്റിലെ ബാൽക്കണിയുടെ ഇത്തിരി ദീർഘചതുരത്തിലാണ്. കൃഷ്ണാ നദിക്കരയിൽ നിന്ന് ഉപജീവനം തേടിയെത്തിയിരിക്കുന്ന പറക്കും തളികക്കാരി (പറക്കും തളികകൾ) നഗരത്തിലെ അംബരചുംബികൾക്കിടയിലാണ്. വിപ്ലവം വിട്ട് വിസയിലഭയം (വിസ വിപ്ലവം) തേടിയ തീവ്രവാദിയുടെയും മനം തുറക്കൽ നഗര ഫ്‌ളാറ്റിൽ. നാറും നിരത്തിലൂടെ കശാപ്പു കേന്ദ്രത്തിലേക്ക് തെളിക്കപ്പെടുന്ന അറവുപശുക്കളും, ഗോരക്ഷകസംഘ നേതാവും, മുദ്രാവാക്യത്തൊഴിലാളികളും, പോലീസുകാരുമൊക്കെ വ്യാപരിക്കുന്ന ‘ഗോവണ്ടി’, മുംബൈനഗര
ത്തിന്റെ പ്രാന്തപ്രദേശമാണ്. ദൈനംദിനമെന്നോണം, പാളങ്ങൾക്കും ചക്രങ്ങൾക്കുമിടയിൽ വിശ്ലേഷണം ചെയ്യപ്പെടുന്ന ജന്മങ്ങളുടെ കൂനകൂട്ടിയ ശവം (ശവനിലം) കാണുന്നത് നഗരത്തിലെ മുഖ്യ റെയിൽവെ സ്റ്റേഷനായ വിക്ടോറിയ ടെർമിനസിലാണ്. പിള്ളേരുണരും മുമ്പെഴുന്നേറ്റ്, ഫാസ്റ്റ് ട്രെയിനിന്റെ താളത്തിനൊത്തോടിത്തളർന്ന് പിള്ളേരുറങ്ങിക്കഴിഞ്ഞ് മാളത്തിൽ തിരിച്ചെത്തുന്ന അത്ഭുത ജീവി മഹാനഗരത്തിലെ മലയാളിയാണ് (മഹാനഗരത്തിൽ ഒരു ദിവസം). ‘നഗരത്തിൽ പറഞ്ഞ സുവിശേഷ’ത്തിലെ തീവണ്ടി, ചുരുക്കെഴുത്തുകാരി, ധൃതിയിൽ പായുന്ന നഗര
ത്തിന് ശ്രദ്ധിക്കാൻ കഴിയാത്ത വെള്ളക്കോളർ ശവം, കുപ്പത്തൊട്ടിയിൽ ഭക്ഷണം പരതുന്ന മനുഷ്യ കീടങ്ങൾ, ഞരക്കം വറ്റിയഭോഗയന്ത്രമായ വേശ്യ ഒക്കെ നഗര ഫിറ്റിങ്ങുകൾതന്നെ.

സാമൂഹ്യനീതിയും, ഇടതുപക്ഷ രാഷ്ട്രീയാഭിമുഖ്യവും എന്ന അടിസ്ഥാന വിഷയത്തിൽത്തന്നെ ഉറച്ചു നിൽക്കുമ്പോഴും, വൃ
ത്തനിബദ്ധവും, വൃത്തമുക്തവും, ആധുനികവും, ഉത്തരാധുനികവും, സ്വപ്‌ന-യാഥാർത്ഥ്യ മിശ്രവുമായിട്ടുള്ള വ്യത്യസ്ത ശൈലികൾ, തുല്യക്ഷമതയോടെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട് തിലകന്.

ഇ ഐ എസ് തിലകന്റെ കവിതകളിൽ ആദ്യന്തം വിട്ടുവീഴ്ചയില്ലാത്ത നീതിബോധത്തിന്റെയും, കറകളഞ്ഞ ഇടതുപക്ഷ ചി
ന്തയുടെയും ഊർജ സംക്രമണം നിറഞ്ഞു നിൽക്കുന്നു എന്ന്, കെ ജി എസ് അവതാരികയിൽ വിശദീകരിച്ചിട്ടുണ്ട്. അറുപതുകൾ തൊട്ടിന്നുവരെ മുംബൈ നഗരം അനുഭവിച്ചു പോന്നിട്ടുള്ള വർഗരാഷ്ട്രീയത്തിന്റെയും വർഗീയ രാഷ്ട്രീയത്തിന്റെയും പരിണാമ ദശകൾ വിമർശനാത്മകമായി വിചിന്തനം ചെയ്യുന്നുണ്ട് തിലകന്റെ കവിതയിലെന്ന് ഡോ. കെ.എസ്. രവികുമാർ (ഗ്രന്ഥാലോകം, നവംബർ 2019) നിരീക്ഷിച്ചിട്ടുണ്ട്.

കവിയുടെ സ്വന്തം വാക്കുകളിൽ
”ഞാൻ കവിയല്ല-
പിശുക്കാതെ സ്വപ്നം കാണുന്ന,
തീയിലൂടെ ചിന്തകളെ കൈപിടിച്ചു നടത്തുന്ന,
ദു:ഖത്തിന്റെ കനലുകൾ
മനസ്സിൽ സൂക്ഷിച്ചു പൊള്ളലേൽക്കുന്ന
ഭൂമിയുടെ ഉപ്പും വിയർപ്പും രുചിക്കുന്ന,
സാധാരണ മനുഷ്യനാകുന്നു ഞാൻ.
എന്റെ വാക്കുകൾ
ആദ്യമഴയുടെ ആർദ്രതയും,
വിത്തിനെ തടവിയുണർത്തുന്ന സ്‌നേഹവും,
ശത്രുവിന്റെ കവചങ്ങൾ തുളയ്ക്കുന്ന
അമ്ലവും തേടുന്നു.
…………………….
ഭയസംഭ്രമങ്ങളുള്ള,
സങ്കടങ്ങളും, കണ്ണീരുമുള്ള,
വിതുമ്പലുകൾക്കിടയിൽ പൊട്ടിത്തെറിക്കുന്ന,
അപകടങ്ങൾ ഒരുനിമിഷം മറന്നുകളയുന്ന
ഒരു സാധാരണ മനുഷ്യനാകുന്നു, ഞാൻ-
ഞാൻ കവിയല്ല.”
തനിക്കു ചുറ്റുമുള്ള മനുഷ്യരിൽ മാത്രമല്ല, ചരാചരങ്ങളിലാകെ
വ്യാപിക്കന്നതാണ് തിലകന്റെ അനുതാപവും സ്‌നേഹവുമെന്ന് അദ്ദേഹത്തിന്റെ വാക്കുകളും, കർമങ്ങളും എക്കാലവും സാക്ഷ്യപ്പെടുത്തിപ്പോന്നിട്ടുണ്ട്.

‘ഗോവണ്ടി’യെന്ന കവിത നോക്കുക.

”വട്ടംപിടിക്കും (അറവിന് തെളിക്കപ്പെടന്ന കാളകൾ) ചെവി
കൾ, തിളച്ചുരുകി-
യിറ്റുവീഴും കണ്ണുനീരിന്റെ പാടുകൾ,
കാണാം കഴുത്തിൽ പുകപ്പാടുകൾ, ചാട്ട-
വാറിന്റെ വീര്യം കിണർ ക്കുന്ന മേനിയിൽ
കീറക്കുടയിൽ വലിയുന്ന കമ്പിപോ-
ലാകെത്തെറിച്ചുനിൽക്കും വാരിയെല്ലുകൾ
———————————————–
ചിരിക്കുന്ന കത്തി തൻ സാന്ത്വനം!
മൂന്നു മൊഴിയിൽ ചൊരിയുമനുഗ്രഹം
——————————————–
എല്ലാം വിഗണിച്ച കത്തു കടക്കാതെ
നിന്നൊരേ നില്പിളകാതെ കാളകൾ-
ഏതു ഗന്ധങ്ങൾ ദുരന്ത ബോധത്തിന്റെ
കാണാക്കരുത്തു തുറന്നതീ വേളയിൽ!
————————————
സ്വന്തം കുരുതിക്കു മുമ്പിൽ പരസ്പരം
കൊമ്പുകുത്തിക്കാനവ തുനിഞ്ഞില്ല പോൽ!”
മർത്യനേക്കാൾ നന്മയുള്ള മൃഗജന്മമെന്ന് വ്യംഗ്യം!
ഇത്തരമൊരാർജവം ‘തെരുവുപട്ടി’യിലും കാണാം.
ഗട്ടറിൽനിന്ന്, ആറ് കുഞ്ഞുങ്ങളും രണ്ടുവരി വീർത്ത മുലകളുമായ കയറിവന്ന തെരുവുപട്ടിയെ അനുതാപത്തോടെ നോക്കുന്ന കവിയെ ഇതിൽ ദർശിക്കാം.
”ആട്ടിയോടിച്ചവരുടെ വീടുകൾക്ക്
ഇരുണ്ട രാത്രികളിൽ
നീ സ്വയം കാവൽ നിന്നു.
—————————
നിന്റേതല്ലാത്ത സ്വത്തു കാക്കാൻ
നിന്റേതല്ലാത്ത വീടു കാക്കാൻ
നീ യുദ്ധം ചെയ്തു.
നീ ആർക്കും വേണ്ടാത്ത
വെറും ഒരു തെരുവുപട്ടി!
ഗട്ടറിൽ നിന്നും
നീയിതാ ഇപ്പോൾ
കയറി വന്നിരിക്കുന്നു
നിന്റെ നോട്ടത്തിൽ
എന്തിനും തയ്യാറായ ഒരു വർഗത്തിന്റെ
മുഴുവൻ രോഷവും കത്തിനിൽക്കുന്നു.”

മുംബൈ മലയാളിക്ക്, തിലകൻ, അരനൂറ്റാണ്ടിലേറെയായി, തങ്ങളുടെ സാഹിത്യ, സാംസ്‌കാരിക, തിയേറ്റർ വേദികളിലെല്ലാം, പക്വതയാർന്ന നിസ്വാർത്ഥ സ്‌നേഹ വിമർശനരൂപമായി അവതരിക്കാറുള്ള ‘ചുവന്ന മുത്താ’ണ്.
സാഹിത്യലോകത്ത് അപൂർവമായി മാത്രം കാണാറുള്ള ഒരു ജനുസ്സ്;

വാക്കുകൊണ്ടും കർമം കൊണ്ടും കവി.