പുനരാവിഷ്‌കാരം എന്ന സർഗാത്മകത

വിജയകുമാർ മേനോൻ

ഒരു കലാരചനയുടെ സ്വാധീനത്തിൽ നിന്ന് ഉണ്ടാകുന്ന മറ്റൊരു കൃതി ‘മോഷണം’ ആകണമെന്നില്ല. അതിൽ നിന്ന് പ്രചോദനം കിട്ടിയ വളർച്ചയുമാകാം. ആശ്രിത കൃതിയെ ഒരു കേന്ദ്ര ബിന്ദുവായി കണ്ട് തന്റെ ചിന്തകൾ / വീക്ഷണങ്ങൾ രചയിതാവ് സ്വന്തം കലാനിർമിതിയോട് ചേർക്കുന്നു. അപ്പോൾ കാഴ്ചക്കാർക്ക് രണ്ട് സമാന്തര ഭാവങ്ങൾ ലഭിക്കുന്നു. സാമ്യവും വൈരുദ്ധ്യവും എല്ലാം അതിൽ ഉണ്ടാകും. അതിനെ സങ്കരം (hybrid) എന്ന് വിശേഷിപ്പിക്കാം എന്നാണ് മറ്റൊരു വീക്ഷണം.

ഹാസ്യാനുകരണം ഏവർക്കും പരിചയമാണ്. എന്നാൽ അനുകരിച്ച് ചിഹ്നമാക്കുന്ന അവസ്ഥ 20-ാം നൂറ്റാണ്ടിൽ ആരംഭിച്ചു.
ബൗദ്ധിക കുസൃതിയോടൊപ്പം നിലവിലുള്ളതിനെ ചോദ്യം ചെയ്യുന്ന പ്രവണത ഏറി വന്ന കാലമാണ് അത്. ‘ദാദായിസ’ത്തിൽ ഡ്യൂഷാമപ് ചെയ്ത കുസൃതി മാത്രമല്ല, മോണാലിസയ്ക്ക് മീശവരച്ച ചിത്രം. അത് ചിന്തയുടെ, വീക്ഷണ വിശേഷത്തിന്റെ വളർച്ചയായാണ് കണക്കാക്കുന്നത്. 21-ാം നൂറ്റാണ്ടിൽ എൻ. പുഷ്പമാല രവിവർമചിത്രങ്ങളിലെ നായികമാരെപ്പോലെ വേഷം കെട്ടി അതിന്റെ ഫോട്ടോഗ്രാഫ് എടുത്ത് അത് കലാരൂപമായി അവതരിപ്പിച്ചപ്പോൾ ഉദ്ധരിണിയുടെ നിരവധി തലങ്ങൾ അതിൽ ക്രോഡീകരിച്ചു. സുരേന്ദ്രൻ നായർ കഥകളിമുഖം അസ്വാഭാവിക സന്ദർഭത്തിൽ ഉപയോഗിച്ചപ്പോൾ ഏതോ ഒരു വിചിത്ര ലോകസൃഷ്ടി നടത്തി. പ്രതിഷ്ഠാപന കല(എഭലളടഫഫടളധമഭ അറള)യിൽ സന്ദർഭസൃഷ്ടിയും അതിലൂടെ ലഭിക്കുന്ന ആശയവുമാണ് പ്രധാനം. അവയിൽ ഒപ്പംതന്നെ മാധ്യമവും പ്രധാനമാണ്. കേരള സെക്രട്ടറിയേറ്റിന് മുന്നിൽ കെ.പി. സോമൻ ചെയ്ത ‘സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷിക ശില്പം’ പുരാവസ്തു ഗവേഷണ സ്ഥലം പോലെ തോന്നിപ്പിച്ച ഒരു സ്ഥല സവിശേഷ ശില്പം (site specific sculpture) ആയിരുന്നു. അത് നശിപ്പിക്കുകയും ചെയ്തല്ലൊ. മുകളിലേക്കു നോക്കുക എന്ന ശീലം മാറ്റി താഴേക്കു നോക്കുക എന്ന സവിശേഷ സ്വഭാവം ആണത് കാഴ്ചക്കാരിൽ നിന്നാവശ്യപ്പെട്ടത്. കൂടാതെ പുരാവസ്തു ഗുഹാസ്വഭാവം കൂടി തോന്നിപ്പിക്കുന്ന നിർമിതിയും അതിൽ കണ്ടെടുത്ത രൂപങ്ങളും ചരിത്ര നിർമിതിയുടെ ചിഹ്നമാണ് സൃഷ്ടിച്ചത്. ഈ പുതുമയാണ് തല്ലിത്തകർത്തത്.

ആധുനികോത്തര വീക്ഷണമായ ‘അനുകരണം’ (simulation/simulacrum) എന്ന ചിഹ്നത്തെ തകർത്തത് കലാചരിത്രത്തിലെ ഒരു പ്രധാന അനുഭവമാണ്.

ചിത്രമാധ്യമം
മാധ്യമത്തിന്റെ (ചിത്രശില്പ ഭാഷയുടെ) പരിമിതി എന്നത് സർഗാത്മകതയുടെ സാദ്ധ്യത കൂടിയാണ്. വളരെക്കാലം ലോകത്ത്
എവിടെയും സാഹിത്യത്തിൽ പ്രസിദ്ധമായ വിഷയങ്ങൾക്ക് ചിത്ര പാഠം നൽകുക എന്നത് പ്രധാനമായിരുന്നു. അതാണല്ലൊ
ഇന്നും ‘ചിത്രത്തിന്റെ അർത്ഥം / കഥ’ അന്വേഷിക്കുന്നതിനു കാരണം. കലാരചന ചിത്രവിവർത്തനം അല്ല, പുന:സൃഷ്ടിയും സർഗാത്മക സൃഷ്ടിയും ആണെന്ന കാര്യത്തിൽ സംശയം ഇല്ല. നാടകവും കാവ്യവും ചിത്രശില്പങ്ങളും ഇതിഹാസ / നാട്ടുകഥകളെ ആശ്രയിച്ചാണ് ഫ്രഞ്ച് വിപ്ലവം വരെ എവിടെയും ഉണ്ടായിരുന്നത്. ഭാരതത്തിലും കേരളത്തിലും 19-ാം നൂറ്റാണ്ടിന്റെ അവസാനം വരെ ഈ പ്രവണത കാണാം. ഭാരതീയ ലാവണ്യ ശാസ്ര്തത്തിൽ (നാട്യശാസ്ത്രം ഉൾപ്പെടെ) ഇത്തരം വിഷയങ്ങളെയാണ് പ്രധാനമായി കരുതിയിരുന്നത്. അതിൽ നിന്നു മാറിയ ഏതും വലിയ പരിണാമമായി സാഹിത്യത്തിലും കണ്ടിരുന്നു. അതാണ് കാളിദാസന്റെ ഋതുസംഹാരവും മേഘസന്ദേശവും വിഷയത്തിന്റെ കാര്യത്തിൽ പുതുമ സൃഷ്ടിച്ചത്. കഥയറിഞ്ഞ് ആട്ടം മാത്രമല്ല, ചിത്രവും കാണണം എന്നത് നമ്മുടെ ലാവണ്യബോധവും വീക്ഷണവും ആയിരുന്നു.

ദൃശ്യാഖ്യാന ഭാഷ
കഥാഖ്യാനം / അവതരണം മാത്രമാണ് ഏതു കലയും എന്ന വീക്ഷണം വളരെ ശക്തമായിരുന്നു. ശുദ്ധ സംഗീതം (വാദ്യം) മാത്രമാണ് അതിന് അപവാദമായിരുന്നത്. എന്നാൽ ഇത് രണ്ടും (വാദ്യവും സംഗീതവും) ‘കൂടിയുള്ള’പാട്ട് (sing beside) ആണ് ഏവർക്കും പരിചയമുള്ളതും വേണ്ടതും. എന്നാൽ ‘കൂടാതാട്ട’വും പാട്ടും ചെയ്യുമ്പോൾ പുതിയ തലം സംജാതമാകും. ഒരേ മാധ്യമത്തിൽത്തന്നെയാണ് ആവിഷ്‌കാരം നടത്തുന്നതെങ്കിൽ ഹാസ്യം
(parady), ഗൗരവ പുനരാഖ്യാനം എന്നിങ്ങനെ ഏതാനും ചിലത് മാത്രമാണ് കാണാൻ കഴിയുന്നത്. സാഹിത്യത്തിൽ പുനരാഖ്യാനം പോലെ കലയിൽ വിഗ്രഹലക്ഷണം, ശൈലീലക്ഷണം എന്നിവ അനുസരിച്ചുള്ളവയാണ് ആവർത്തനങ്ങളിൽ ഉള്ളത്. ഒരു പ്രത്യേക ശൈലി (കേരള ചുമർചിത്രം, മധുബനി, വാർളി തുടങ്ങി പലതും) ആവർത്തിക്കുമ്പോൾ വിഷയം, അവതരണം എന്നിവകളിൽ (ഈ വിഭജനം പഠനത്തിനു വേണ്ടി മാത്രം) ‘കാലം’ പ്രകടമായും നിശ്ചലമാണ്. ഏതു കാലത്തെ ശൈലിയും ‘ഒരുപോലെ’ എന്നു തോന്നിക്കും. വിഗ്രഹ ലക്ഷണം കലാപരം മാത്രമല്ല, മതത്തിലും ആചാരത്തിലും വിശ്വാസത്തിലും അടിസ്ഥാനപ്പെട്ടത് കൂടിയാണ്. ഏതു സംസ്‌കാരത്തിലും വിശ്വാസം, മതം,
കല എന്നിവ എന്നും വളരെ സ്വാധീനം ചെലുത്തുന്നു. അതിനാൽ അനശ്വര കാലത്തിന്റെ നിശ്ചലത്വം ((stillnes of eternity) എന്ന തത്ത്വചിന്തയുടെ ദൃശ്യപാഠം ആണ് വിഗ്രഹലക്ഷണം. മതത്തെ ഒരു സംസ്‌കാര / ഫോക് ലോർ / വിഗ്രഹപാഠം ആക്കുന്നത് കല ഉപയോഗിച്ചാണ്. സാഹിത്യത്തിൽ അത് വാങ്മയ ചിത്ര(image)ത്തിലൂടെയും.

ചിഹ്നീകരണം
ആധുനിക / ആധുനികോത്തര / സത്യാനന്തര കാലത്ത് ചിഹ്നീകരണം ആണ് കല എന്നത് വളരെ മാറ്റങ്ങൾ വരുത്തി. കേവല വിശ്വാസത്തെ തള്ളിക്കളഞ്ഞ യുക്തിചിന്ത ((analitical philosophy)) മതത്തെ കാര്യ-കാരണ ബന്ധത്തിൽ മാത്രം കാണാൻ ശ്രമിച്ചു. എന്നാൽ ഫോക് ലോർ / കലാ പഠനങ്ങളിൽ സാമൂഹ്യ/ സാംസ്‌കാരിക / കലാചിഹ്നങ്ങളെ പുനർ വിശകലനം ചെയ്തപ്പോൾ തനത് ചിന്ത(naivity)യുടെ പല തലങ്ങളും പ്രസക്തമായി. ജ്ഞാനശാസ്ത്രം (epistomology) പുതിയ സങ്കേതങ്ങൾ കണ്ടെടുത്തപ്പോൾ പലതും പുതു (പുനർ) പാഠങ്ങളായി. ഫോക് കല ഇന്ന് ‘ഫോക് കലാനന്തരം’ post folk) ആയി മാറുന്നു.

ഇത്ര കാലം ജനതയുടെ സംസ്‌കാര അബോധം എന്നു കരുതിയിരുന്ന തലം ഇന്ന് ബോധതലമായി മാറുകയാണ്. അതോടെ
അത് ബോധപൂർവം ഉപയോഗിക്കുന്ന, രാഷ്ട്രീയ രഹസ്യ അജണ്ടയുള്ള ആചാരം / അനുഷ്ഠാനം ആകും. പിന്നെ ചിന്തിക്കേണ്ട കാര്യം ഇല്ലല്ലൊ. വളരെ പ്രാചീന കാലം മുതലുള്ള ഒരു സംസ്‌കാരത്തിന്റെ (വിശ്വാസവും എല്ലാം) ഘടകങ്ങൾ ഉള്ളി (onion) യുടെ ഓരോ അടരു പോലെ സുതാര്യമാക്കി വായിച്ചാൽ അവയുടെ സമഗ്രത മാത്രമേ ലഭിക്കൂ. ഓരോ അടരും (layer) ഓരോ അവസ്ഥയും ചിന്തയും ആണ്. ഉള്ളിയുടെ ഓരോ അടരും പൊളിച്ചാൽ ലഭിക്കുന്ന അന്തിമഫലം ‘ശൂന്യത’ ആണ്. ഈ ശൂന്യതയാണ് (സർഗാത്മക ശൂന്യതയിലാണ്) ഏതു ഭാഷയും സംവേദനം നടത്തുന്നത്. വളരെ കാലം സംവേദനം ചെയ്ത ആശയം ആവർത്തനം കൊണ്ട് സ്ഥാപിച്ചെടുക്കാം. പണ്ട് ഇതാണ് മതവിശ്വാസവും കലാവിശ്വാസവും. കലയും മതവും രണ്ടായി കാണാൻ തുടങ്ങിയ കാലത്ത് ഇത് ലാവണ്യ മേഖല ആയിരുന്നു.

ഭാരതത്തിൽ വീണ്ടും കലയെ മതമായി മാത്രം ബന്ധപ്പെടുത്തി (വിശ്വാസം) കാണുന്ന പ്രവണത ശക്തമാകുന്നു. ഫോക് കല ജനകലയാണ്. ആവർത്തനം കൊണ്ടാണ് കാലക്രമത്തിൽ അത് മോട്ടീഫ് ആയിത്തീരുന്നത്. അത് ഓരോ സംസ്‌കാരത്തിന്റെ നിറവും രൂപവും സ്വീകരിക്കുന്നു. തെയ്യം സമകാലിക ആധുനികോത്തരം എന്ന പരിഗണന അർഹിക്കുന്നത് അത് മോട്ടീഫ് ആകുന്നതു കൊണ്ടു കൂടിയാണ്. മുച്ചിലോട്ട് ഭഗവതി പോലുള്ള രൂപങ്ങളിലെ അമൂർത്ത ഘടകങ്ങൾ വൃത്തം, ദീർഘചതുരം, ചുമപ്പ് തുടങ്ങിയവയാണ്. വിശ്വാസത്തിൽ അത് ഭഗവതിയും ആധുനികോത്തര ചിന്തയിൽ അത് അമൂർത്ത ജ്യോമട്രിയും വർ
ണവും ആണ്. ഫോക് കല പഴയകാല ഓർമചിഹ്നം (ഛമളധതധ) മാത്രമല്ല, സമകാലികതയിൽ നിലകൊള്ളുന്ന ഭാവിയും ആണ്.