ആഗോളകലയിലെ തദ്ദേശീയ രാഷ്ട്രീയ ശബ്ദങ്ങൾ

ഡോ. ജോൺ സേവ്യർ

ബിനാലെയിലൂടെ കൊച്ചി സ്വയം കണ്ടെത്തി, മുൻ കായികതാരവും ഇപ്പോൾ ഒരു അന്താരാഷ്ട്ര സ്‌പോർട്‌സ് ലേഖകനുമായ ഫോർട് കൊച്ചി സ്വദേശിയായ ഒരു സുഹൃത്ത് എന്നോടു പങ്കുവച്ചതാണ് ഈ വെളിപ്പെടുത്തൽ.

ബിനാലെയിലൂടെ കൊച്ചി സ്വയം കണ്ടെത്തുന്നതിന് രണ്ട് അർത്ഥമുണ്ട്. ഒന്ന്, ആഗോള സാംസ്‌കാരിക ഭൂപടത്തിൽ കൊച്ചി സ്വയം കണ്ടെത്തി. രണ്ട്, ലോകകലയുടെ പശ്ചാത്തലത്തിൽ ബിനാലെ ഒരുക്കിയ െധെഷണിക മണ്ഡലത്തിൽ കൊച്ചി ഒരു ആത്മപരിശോധനയ്ക്ക് വിധേയമായി.

ഈ ആത്മപരിശോധനയിൽ രണ്ട് ഘടകങ്ങൾ ഉണ്ട്. ഒന്ന്, കൊച്ചിയുടെ, േകരളത്തിന്റെ മതനിരപേക്ഷതയും ലോകപൗരത്വവും കലാ-വിനോദ സഞ്ചാരികളിലുണ്ടാക്കിയ കൗതുകം, കൊച്ചിയെതന്നെ അതിലേറെ അത്ഭുതപ്പെടുത്തി. ജഗൻ മൈത്രിയുടെ മറ്റ് ഈറ്റില്ലങ്ങളായ് ഇസ്താൻബുൾ, വെനീസ്, ഷാൻഹായ് തുടങ്ങിയ വൻനഗരങ്ങൾക്കു മാത്രം അവകാശപ്പെടാൻ കഴിയുന്ന ഒരു സാർവലൗകികത്വം കൊച്ചിയെപോലെ ഒരു ചെറിയ തുറമുഖപട്ടണത്തിന് അവകാശപ്പെടാൻ കഴിയുമോ എന്നതായിരുന്നു കൊച്ചിയുടെ അത്ഭുതവും സ്വയം കണ്ടെത്തലും.

പക്ഷെ അതിലും പ്രധാനമായി, ലോകകലയുടെ പശ്ചാത്തലത്തിൽ തങ്ങളുടെ സമകാലീനകലയുടെ ഭാഷയെ എങ്ങനെ പരുവപ്പെടുത്തും, അഥവാ ഒരു അന്തർദേശീയ കലാസംവാദത്തിലേക്ക് എങ്ങനെ സ്വന്തം സൃഷ്ടികളെ മുന്നോട്ടുവയ്ക്കും എന്ന വെല്ലുവിളി കലർന്ന ആത്മപരിശോധന കൂടിയാണ് ബിനാലെ എന്ന ധൈഷണിക മണ്ഡലം തദ്ദേശീയരായ മലയാളി കലാകാരന്മാർക്കും കലാകാരികൾക്കും മുന്നിൽ അവതരിപ്പിച്ചത്.

2012-ലെ ബിനാലെയിൽ പങ്കെടുത്ത ഉപേന്ദ്രനാഥ് ടി.ആർ. എന്ന കൊച്ചി സ്വദേശിയായ കലാകാരന്റെ സൃഷ്ടിയിലൂടെയും 2018-ലെ ബിനാലെയിൽ പങ്കെടുത്ത വി.വി. വിനു എന്ന മറ്റൊരു കൊച്ചി സ്വദേശിയായ കലാകാരന്റെ സൃഷ്ടിയിലൂടെയും, അന്തർദേശീയമായ സമകാലീനകലയുടെ തട്ടകത്തിൽ എങ്ങനെ തദ്ദേശീയ കലാകാരൻ സ്വന്തം അന്വേഷണങ്ങളിൽ ഏർപ്പെടുന്നു എന്ന ഒരു അന്വേഷണം നടത്താം.

വി.വി. വിനു പങ്കെടുക്കുന്ന രണ്ടാമത്തെ ബിനാലെ ആയിരുന്നു കൊച്ചി-മുസിരിസ് ബിനാലെ 2018-19; ആദ്യത്തേത്, Raqs Media Collective ക്യുറേറ്റ് ചെയ്ത ഷാൻഹായ് ബിനാലെ ആയിരുന്നു. ഷാൻഹായ് ബിനാലെയിൽ വിനു സൃഷ്ടിച്ച പ്രതിഷ്ഠാപനം വളരെയധികം കലാവിമർശകരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഒരു വലിയ മരക്കൊമ്പിൽ ഒത്തിരി അരിവാളുകൾ തറച്ചുവച്ചിരിക്കുന്ന ദൃശ്യമാണ് വിനു തന്റെ പ്രതിഷ്ഠാപനത്തിലൂടെ ആവിഷ്‌കരിച്ചത്. അരിവാൾ എന്ന അതിശക്തമായ രൂപകത്തെ കേരളത്തിൽ നിന്നുള്ള ഈ കലാകാരൻ ഒരു ചൈനീസ് വൻനഗരത്തിൽ അതിന്റെ കാർഷിക ജീവിത സാഹചര്യങ്ങളിലേക്ക് തിരിച്ചു കൊണ്ടുപോകുകയായിരുന്നു. കാർഷിക തൊഴിലാളികൾ തങ്ങളുടെ വിശ്രമവേളയിൽ അരിവാളുകൾ മരങ്ങളിൽ തറച്ചുവയ്ക്കുന്നു എന്ന നാടൻ ശീലങ്ങളെയാണ് വി.വി. വിനു സമകാലീന ശില്പകലയുടെ ഭാഷയിലേക്ക് ഷാൻഹായ് എന്ന ചൈനീസ് വൻ നഗരത്തിന്റെ പശ്ചാത്തലത്തിൽ ആവിഷ്‌കരിച്ചത്.

ആഗോളതലത്തിൽ തദ്ദേശീയതയുടെ അതിശക്തമായ ചിഹ്നവിന്യാസങ്ങൾക്ക് കളമൊരുങ്ങുന്നു എന്നതാണ് ബിനാലെ എന്ന പ്രതിഭാസത്തിന്റെ പ്രത്യേകത. അത് സമകാലീനതയെ ചരിത്രത്തിലേക്കും ക്ഷീരപഥങ്ങളിലേക്കും ഇതിഹാസങ്ങളിലേക്കും പുരാതന തത്വചിന്തകളിലേക്കും ഗണിതശാ്രസ്തത്തിലേക്കും കാവ്യഭാവങ്ങളിലേക്കുമെല്ലാം വൻനഗരങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നു. ഒരുകാലത്ത് അതിപ്രൗഢമായിരുന്ന തുറമുഖ നഗരങ്ങൾ പലതും ഇന്ന് അന്താരാഷ്ട്ര ബിനാലെകൾക്ക് ആതിഥേയത്വം വഹിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് ഷാൻഹായ്, വെനീസ്, ഇസ്താൻബുൾ എന്നിവ. എന്നാൽ ഒട്ടനവധി ആധുനിക പട്ടണങ്ങളും ബിനാലെകൾക്ക് ആതിേഥയത്വം വഹിക്കുന്നുണ്ട്. സിംഗപ്പൂർ, ഡിസ്‌നി തുടങ്ങിയ നഗരങ്ങൾ ഒത്തിരി പഴമ അവകാശപ്പെടാനില്ലാത്ത ബിനാലെ നഗരികൾ ആണെങ്കിലും, ബിനാലെ നൽകുന്ന ധൈഷണിക മണ്ഡലത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് സമകാലീനതയെ പുനർവ്യാഖ്യാനം ചെയ്യാൻ ശ്രമിക്കാറുണ്ട്. ഒരു ബിനാലെ അണിനിരത്തുന്ന കലാകാരന്മാരുടെയും കലാകാരികളുടെയും ദേശീയ പ്രാതിനിധ്യത്തിൽ പുലർത്തുന്ന ജാഗ്രതയിൽ പോലും ബിനാലെ രാഷ്ട്രീയം കടന്നുവരാറുണ്ട്. മാമി കാട്ടയോക്ക ക്യുറേറ്റ് ചെയ്ത സിഡ്‌നി ബിനാലെയിൽ ശോശാ ജോസഫ് എന്ന കൊച്ചിയിൽ പ്രവർത്തിക്കുന്ന കലാകാരി പങ്കെടുത്തതും, അതേസമയം വരുന്ന സിഡ്‌നി ബിനാലെ ക്യുറേറ്റർ ബ്രൂക് ആൻഡ്ര്യൂസ് കൊച്ചിയിൽ കലാകാരനായി എത്തി എന്നതും ബിനാലെ എന്ന പ്രതിഭാസം ഒരുക്കുന്ന അന്തർദേശീയ പ്രാതിനിധ്യങ്ങളുടെ സമവാക്യങ്ങൾ ഒരുക്കുന്ന കൗതുകങ്ങൾ കൂടിയാണ്.

An installation by V V Vinu.

ഇത്തരത്തിലുള്ള ഒരു അന്തർദേശീയ കലാധൈഷണികമണ്ഡലത്തിൽ എങ്ങനെ സ്വന്തം ശബ്ദം കേൾപ്പിക്കാം എന്നതാണ് തദ്ദേശീയ കലാകാരന്റെ മുന്നിലുള്ള വെല്ലുവിളി. നാലാമത്തെ കൊച്ചി മുസിരിസ് ബിനാലെയിൽ വി.വി. വിനു അണിയിച്ചൊരുക്കിയ ശില്പപ്രതിഷ്ഠാപനത്തിന്റെ പേര് ‘ഒച്ചകൾ എന്നായിരുന്നു. സമൂഹത്തിൽ അരികുവത്കരിക്കപ്പെട്ട മനുഷ്യരുടെ നിശ്ശബ്ദമായ ഒച്ചകളാണോ ഓതളമരത്തിൽ തീർത്ത മനുഷ്യരൂപങ്ങൾ പുറപ്പെടുവിക്കുന്നത് എന്ന സംശയം അനുവാചകരിൽ ഉണ്ടാക്കുന്നുണ്ട് വിനുവിന്റെ ‘ഒച്ചകൾ’ എന്ന പ്രതിഷ്ഠാപനം. ഓതളമരത്തിൽ തീർത്ത മനുഷ്യരൂപങ്ങൾ അന്യസംസ്ഥാന തൊഴിലാളികൾ, സ്വവർഗരതിയിൽ ഏർപ്പെടുന്ന ഇണകൾ, കറുത്ത തുണികൊണ്ട് തലമറയ്ക്കപ്പെട്ട കുറ്റാരോപിതർ തുടങ്ങിയ അരികുവത്കരിക്കപ്പെട്ടവരുടെ ശില്പപ്രതിനിധാനങ്ങളാണ്. അതിൽ ഓതളമരം എന്ന മാധ്യമം ശില്പത്തിനായി തിരഞ്ഞെടുത്തത് അർത്ഥഗംഭീരമാണ്. ഓതളം എന്ന മരം ഒരു വിഷക്കായ ഉല്പാദിപ്പിക്കുന്നതുകൊണ്ട് അശുഭകരം എന്നതുകൊണ്ട് വേലികളിലും അരികുകളിലും മാത്രം കണ്ടുവരുന്നതാണല്ലോ. അപ്പോൾ ഓതളമരത്തിന് സാമുദായികമായ അരികുവത്കരണങ്ങളെ സൂചിപ്പിക്കാനുള്ള ഒരു topological സാംഗത്യം ഉണ്ട്. കൂടാതെ, പരമ്പരാഗതമായ ശില്പത്തിനായ് ഉപയോഗിക്കുന്ന മരങ്ങൾ തേക്ക്, മഹാഗണി തുടങ്ങിയവ ആണ്. അത്തരം പാരമ്പര്യങ്ങളെ ഉപേക്ഷിച്ചുകൊണ്ട് ഓതളമരത്തിന്റെ തടി ശില്പനിർമാണത്തിനായ് തിരഞ്ഞെടുത്തതിൽ ഒരു വസ്തുനിഷ്ഠമായ രാഷ്ട്രീയം ഉണ്ട് (object oriented politics).

അതിനേക്കാൾ ഉപരിയായ് കേരളത്തിലെ സാമൂഹിക നവോത്ഥാനത്തിൽ ഊന്നിയ ചില പ്രതീകങ്ങളുടെ വിന്യാസവും വിനു തന്റെ പ്രതിഷ്ഠാപനത്തിലൂടെ നടത്തുന്നുണ്ട്. ഒരു കാളവണ്ടിയുടെ ചക്രത്തിൽ ഒരു ഡൈനാമോ പോലെ നിൽക്കുന്ന ഒരു മനുഷ്യരൂപത്തെ വിനു സൃഷ്ടിച്ചു. പ്രശസ്ത കലാചരിത്രകാരൻ സന്തോഷ് സദാനന്ദൻ ആ ശില്പത്തെ വ്യാഖ്യാനിക്കുന്നത് അയ്യങ്കാളിയുടെ വില്ലുവണ്ടി സമരത്തോട് കൂട്ടിവായിച്ചുകൊണ്ടാണ്. ചാതുർവർണ്യത്തിന് എതിരായ ഒരു സമരത്തിന്റെ ഊർജം വിനുവിന്റെ സൃഷ്ടികളിൽ ഉണ്ടെന്നും അതിന് കാരണം പരമ്പരാഗത വേർതിരിവുകൾക്ക് അതീതമായ, അതായത് മൂർത്തത, അമൂർത്തത, മതപരം, മതനിരപേക്ഷം, ചരിത്രപരം, ഐതിഹ്യം, യുക്തിബോധം, വിശ്വാസം തുടങ്ങിയ ദ്വന്ദ്വങ്ങൾക്ക് അതീതമാണ് വിനു സൃഷ്ടിക്കുന്ന ശില്പപ്രപഞ്ചം എന്നും അദ്ദേഹം പറയുന്നു.

വിനുവിന്റെ പ്രതിഷ്ഠാപനം ആസ്പിനവാൾ സമുച്ചയത്തിന്റെ ഒരു വലിയ മുറിയിൽ നിറഞ്ഞുനിൽക്കുന്നു. അതിന്റെ നേർനടുവിൽ മൂന്നു വലിയ തെങ്ങുംതടികളിൽ മുന്നൂറോളം ചെറിയ മനുഷ്യരൂപങ്ങൾ വലിയ ആണികളാൽ തറച്ചുനിൽക്കപ്പെടുന്നു. ചോറ്റാനിക്കര ക്ഷേത്രത്തിലെ എന്തോ ആചാരത്തിനെ അനുസ്മരിപ്പിക്കുന്ന ആ ശില്പം പക്ഷെ ലിംഗനിർണയപരമായ ഒരു സന്ദേശം മുന്നോട്ടുവയ്ക്കുന്നുണ്ട്. വലിയ ആണികളാൽ തറയ്ക്കപ്പെട്ട ആൾരൂപങ്ങൾ പുരുഷരൂപങ്ങളാണെന്നതാണ് പ്രത്യേകത.

അരികുവത്കരിക്കപ്പെട്ട ജീവിതം തദ്ദേശീയ കലാകാരന്മാർ മാത്രമാണോ ബിനാലെയിൽ രേഖപ്പെടുത്തുന്നത് എന്ന ചോദ്യത്തിന് മറുപടിയാണ് കോപ്പർഹേഗനിൽ നിന്നുമെത്തിയ ഇറ്റ്‌സോ (E.B.Itso) എന്ന കലാകാരൻ. 2018 കൊച്ചി ബിനാലെയിൽ ഇറ്റ്‌സോ കാഴ്ചവച്ച മൂന്നു സൃഷ്ടികളിൽ ഒന്ന് യൂറോപ്പിലെ ഭവനരഹിതരുടെയും നാടോടികളുടെയും ജീവിതത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ്. കോപ്പൻഹേഗനിലെ ഒരു റെയിൽവെ സ്റ്റേഷനിൽ ആരും ശ്രദ്ധിക്കാത്ത ഒരു ഭൂഗർഭ അറയിൽ പൂർണ സജ്ജീകരണങ്ങളോടു കൂടിയ ഒരു ജീവിത സാഹചര്യം ഒരുക്കുന്നതിന്റെ വീഡിയോ ഡോക്യുമെന്റേഷൻ ആണ് ഇറ്റ്‌സോയുടെ ആ സൃഷ്ടി. റെയിൽവെ സ്റ്റേഷൻ പരിസരത്തു നിന്ന് കളഞ്ഞുകിട്ടുന്ന സാമഗ്രികൾ ഏകോപിപ്പിച്ച് പാചകം ചെയ്യാനും ശൈത്യകാലത്ത് ചൂടുപിടിക്കാനും മറ്റുമുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയാണ് ഇറ്റ്‌സോയും സുഹൃത്തും റെയിൽവെസ്റ്റേഷന്റെ ഒരു കോണിൽ നാലു കൊല്ലത്തോളം ആരും അറിയാതെ ജീവിച്ചത്. 2007-ൽ റെയിൽവെസ്റ്റേഷൻ പുനർനിർമിക്കുന്നതിന് ഇടയ്ക്ക് ഈ ഇടം കണ്ടെത്തപ്പെടുകയും നശിപ്പിക്കപ്പെടുകയും ഉണ്ടായി. യൂറോപ്പിലെ അപരജീവിതം ചിത്രീകരിക്കപ്പെടുന്നതിലൂടെ അരികുവത്കൃത ജീവിതങ്ങളുടെ ഒരു സാർവലൗകികമാനം ഇറ്റ്‌സോയുടെ Kobenhavn # എന്ന 2008-ലെ ബ്ലാക് ആന്റ് വൈറ്റ് വീഡിയോ ആർട് രൂപം വരച്ചുചേർക്കുന്നു.

പൊതുവെ, ആഗോള സമകാലീന കലാേലാകം ആരോപണങ്ങൾ ഏറ്റുവാങ്ങുന്നത്, അത് ഒരു വരേണ്യ കലാധികാരം കൈവശം വയ്ക്കുന്നു എന്നതാണ്. എന്നാൽ അത്തരം കലാധികാരങ്ങൾക്ക് ഏൽക്കുന്ന പ്രഹരങ്ങളാണ് ബിനാലെ ഇടങ്ങളിൽ വി.വി. വിനു, ഇ.ബി. ഇറ്റ്‌സോ തുടങ്ങിയ കലാകാരന്മാരുടെ അതിശക്തമായ കലാരാഷ്ട്രീയ ഇടപെടലുകൾ.

ജിതീഷ് കല്ലാട്ട് എന്ന മുംബൈ മലയാളി കലാകാരൻ ക്യുറേറ്റ് ചെയ്ത 2014 കൊച്ചി മുസിരിസ് ബിനാലെയുടെ ആദ്യത്തെ ആഴ്ചയിൽ ബിനാലെയുടെ ആശയവുമായി ബന്ധപ്പെടുത്തി ഒരു കോൺഫറൻസ് സംഘടിപ്പിക്കാൻ വിഖ്യാത കലാനിരൂപക ഗീത കപൂറിനെ ക്ഷണിക്കുകയുണ്ടായി. അന്ന് ഗീത ക്ഷണിച്ച പ്രഗത്ഭരിൽ ഒരാളായിരുന്നു ഡോ. സനൽ മോഹൻ. കേരളത്തിലെ അടിമത്തത്തിന്റെ ചരിത്രം ആഖ്യാനം ചെയ്തതിലൂടെ കൊച്ചി മുസിരിസ് ബിനാലെയുടെ ഭൂമികയെ തല കീഴായ് മറിക്കുകയായിരുന്നു സനൽ മോഹൻ തന്റെ പ്രഭാഷണത്തിലൂടെ. അത്തരത്തിൽ ഒരു രാഷ്ട്രീയ ധൈഷണികതയുടെ പിൻബലത്തോടെ ചിന്തിക്കുമ്പോഴാണ് വി.വി. വിനുവിന്റെ ‘ഒച്ചകൾ’ എന്ന ശില്പപ്രതിഷ്ഠാപനത്തിന് അതീവ ഗൗരവമാർന്ന ചരിത്രപ്രാധാന്യം െകെവരുന്നത്. കലാചരിത്രകാരൻ സേന്താഷ് സദാനന്ദൻ അഭിപ്രായപ്പെട്ടത്, വിനുവിന്റെ സൃഷ്ടികളിൽ വൈശേഷികമായതിന് (particular) സാർവലൗകിക (universal) മാനം കൈവരുന്നു എന്നാണ്. ആ അർത്ഥത്തിലാണ് കോപ്പൻഹേഗനിലെ അരികുവത്കൃത ജീവിതം ജീവിക്കുകയും അത് ഒരു വീഡിയോ ആർടിലൂടെ ഒപ്പിയെടുത്ത ഇ.ബി. ഇറ്റ്‌സോ എന്ന ഡാനിഷ് കലാകാരന്റെ സൃഷ്ടിപരതയുമായ് ബിനാലെ എന്ന പ്രതലത്തിലൂടെ വി.വി. വിനുവിന്റെ സർഗരാഷ്ട്രീയവുമായ് കൂട്ടിവായിക്കുവാൻ കഴിയുന്നത്.

ആഗോളകലാധികാരത്തിന് ഏൽക്കുന്ന പ്രഹരങ്ങളാണ് തദ്ദേശീയ കലാകാരന്മാരുടെ സൂക്ഷ്മമായ സർഗരാഷ്ട്രീയത്തിലൂന്നിയ കലാസൃഷ്ടികൾ എന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. അതിനുള്ള ഉത്തമമായ ഉദാഹരണം, ആദ്യത്തെ കൊച്ചി മുസിരിസ് ബിനാലെയിൽതന്നെ ഉണ്ടായിരുന്നു. കൊച്ചിയിൽതന്നെ ഒരു മെക്കാനിക് ആയി ജോലിനോക്കവെ കലാലോകത്തിലേക്ക് ക്രമേണ എത്തിച്ചേർന്ന് ഔപചാരികമായ കലാവിദ്യാഭ്യാസം ഇല്ലാതെതന്നെ കലയുടെ ധൈഷണികമായ കൊടുമുടികൾ കീഴടക്കിയ ഒരു ഒറ്റയാനാണ് ഉപേന്ദ്രനാഥ് ടി.ആർ. തന്റെ കലാപരമായ കയ്യൊപ്പ് ഒരു മെക്കാനിക്കിന്റെ ജീവിതക്രമത്തിൽ നിന്നും രൂപപ്പെടുത്തി എടുത്തതായിരുന്നു ഉപേന്ദ്രനാഥ്. Stamp wrenching machine-ൽ കേടുപാടുകൾ വന്നാൽ നന്നാക്കാൻ അറിയാവുന്ന ഈ തൊഴിലാളി കലാകാരൻ തന്റെ കലാസൃഷ്ടികളിൽ stampography എന്ന സങ്കേതം ഉപയോഗിച്ചതിൽ അത്ഭുതപ്പെടാനില്ലല്ലോ. മാത്രമല്ല, കലാസാമഗ്രികൾക്കു വേണ്ടി ഉപേന്ദ്രനാഥ് േപായിരുന്നത് സ്റ്റേഷനറി മാളുകളിൽ അല്ലായിരുന്നു. മറിച്ച് scrap yard-കളിൽ നിന്ന് ശേഖരിച്ച വർണക്കടലാസുകൾ ചേർത്ത് കൊളാഷുകൾ ചെയ്തതിലൂടെയാണ് ഉപേന്ദ്രനാഥ് തൊണ്ണൂറുകളിൽ കൊച്ചിയിലെ കലാവൃത്തങ്ങളിൽ സുപരിചിതൻ ആയത്. മിന്നുന്ന വർണക്കടലാസുകൾ കലാസാമഗ്രികൾ ആയി സ്വരുക്കൂട്ടുന്ന ശീലത്തിൽ നിന്നായിരിക്കാം ആദ്യ കൊച്ചി മുസിരിസ് ബിനാലെയിലേക്ക് ക്ഷണം ലഭിച്ചപ്പോൾ ആഗോള കലാധികാരത്തിന്റെ സൂചികയായ ആർട് ഫോറം തുടങ്ങിയ മാസികകളുടെ മിന്നുന്ന കടലാസുകളിലേക്ക് സ്വന്തം നഗ്നമേനിയുടെ ഛായാചിത്രങ്ങൾ അച്ചടിച്ചു പ്രദർശിപ്പിച്ചത്.

An installation by Upendranath.

തെങ്ങുംതൈ പിടിച്ചുകൊണ്ട് നിൽക്കുന്ന ഒരു തദ്ദേശീയ കലാകാരെന്റ നഗ്നശരീരത്തിന്റെ ഛായാചിത്രം ഒരു ആഗോളകലാധികാരത്തിന്റെ പ്രതലമായ മാസികയിൽ സ്വയം അച്ചടിക്കുമ്പോൾ, ഉപേന്ദ്രനാഥ് പരിഹസിക്കുന്നത് ആഗോള കലാധികാരത്തിനെ മാത്രമല്ല, ഒരുപക്ഷെ പാശ്ചാത്യ കലാചരിത്രത്തിലെ ഒരു ശാസ്ര്തീയമായ അഥവാ ക്ലാസിക്കൽ കലാസങ്കേതമായ ന്യൂഡ്, നഗ്നത എന്ന ആശയത്തെതന്നെ ആയിരിക്കാം. എന്നാൽ തെങ്ങുകയറ്റം തൊഴിലായ് സ്വീകരിച്ച ഒരു സമുദായത്തെ ആണ് തന്റെ ബ്രൗൺ സ്‌കിൻ പ്രദർശിപ്പിക്കുന്നതിലൂടെ ഉപേന്ദ്രനാഥ് സൂചിപ്പിക്കുന്നതെങ്കിൽ, അതിന് സാമുദായിക ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ധൈഷണികശരങ്ങളുടെ ശക്തി ഉണ്ട്. നേരത്തെ സൂചിപ്പിച്ച ഡോ. സനൽ മോഹന്റെ അടിമത്ത ചരിത്രത്തിൽ നിന്ന് മാറ്റിവായിക്കാവുന്നവയല്ല, ഏതൊരു കീഴാള സമുദായ ചരിത്രവും സാമൂഹിക മുന്നേറ്റങ്ങളും. ‘ഒരു ജാതി ഒരു മതം’ എന്നു ചൊല്ലിയ സാമൂഹിക പരികർത്താവിന്റെ ഛായാചിത്രത്തിൽ ‘ലോകം മാറിയോ?’ എന്ന് ആലേഖനം ചെയ്ത ഉപേന്ദ്രനാഥിന്റെ post-conceptual സൃഷ്ടി ഒരു സാമുദായിക രാഷ്ട്രീയ സംഘടനയെ എന്തുകൊണ്ട് ചൊടിപ്പിച്ചു എന്നുകൂടി ചിന്തിക്കുമ്പോഴാണ് എത്തരം സാമൂഹിക പശ്ചാത്തലത്തിലാണ് ബിനാലെ പോലുള്ള ആഗോള കലാമാമാങ്കം അരങ്ങേറുന്നത് എന്ന് പുനർവിചിന്തനം ചെയ്യേണ്ടിവരുന്നത്.

‘കേരള മോഡേർണിറ്റി’ എന്ന ആശയം കേന്ദ്രീകരിച്ച് സതീഷ് ചന്ദ്ര ബോസ് എന്ന മഹാരാജാസ് കോളേജിലെ രാഷ്ട്രീയ മീമാംസ അദ്ധ്യാപകൻ, കേരളത്തിലെ സാമൂഹിക മുന്നേറ്റങ്ങളെ കുറിച്ച് പ്രബന്ധങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ വി.വി. വിനു, ഉപേന്ദ്രനാഥ് തുടങ്ങിയ സമകാലീന കലാകാരന്മാരുടെ സർഗരാഷ്ട്രീയത്തിൽ നിന്നും ഉരുത്തിരിയുന്ന ചോദ്യം, കേരളം ഇനിയും മോഡേൺ ആയിട്ടുണ്ടോ എന്നാണ്. സാമൂഹിക ശാസ്ര്തജ്ഞന്മാർക്കോ രാഷ്ട്രീയശബ്ദങ്ങൾക്കോ അപ്രാപ്യമായ ഒരു ദ്രവ്യജ്ഞാനം ഉല്പാദിപ്പിക്കാൻ കഴിയുന്നു എന്നിടത്താണ് സമകാലീന കല വ്യത്യസ്തമാകുന്നത്. ആ ദ്രവ്യജ്ഞാനത്തിന്റെ തലം ആേഗാളമായ ഒരു ധൈഷണിക മണ്ഡലത്തിലേക്ക് ഉയർത്തുന്നു എന്നിടത്താണ് വി.വി. വിനു, ഉപേന്ദ്രനാഥ് ടി.ആർ തുടങ്ങിയ കലാകാരന്മാർ കൊച്ചി മുസിരിസ് ബിനാലെ പോലുള്ള ഒരു ആഗോള കലാപ്രതിഭാസത്തെ ഓജസുള്ള ഒരു തദ്ദേശീയ രാഷ്ട്രീയ അനുഭവമാക്കി മാറ്റുന്നത്.