മുക്കുവൻ

അനിൽകുമാർ ഡി.

അവർക്ക് മുന്നിൽ വഴികളുണ്ടായിരുന്നു
ഒരു മീൻ കടിച്ചാൽ മറുമീൻ കൊണ്ട് വൈദ്യംനോക്കി
ഒരു മുള്ള് കുത്തിയാൽ മറുമുള്ള് കൊണ്ട് വിഷമെടുത്തു
ആഴക്കടലിൽ രാത്രി കണ്ടു
ഊസിപാറയിൽ മീനുകൾക്കൊപ്പം പാർത്തു

തിരമാലയിൽ പാട്ടു കേട്ടു
ശബ്ദം തുടങ്ങിയത് അവിടെനിന്ന്
ഒറ്റയാകൽ അവരുടേത്
ചലനത്തിന്റെ ഒന്നും രണ്ടും മൂന്നും നിയമം അവർതന്നെ

അവർ പോയവഴിയേ കൊളംബസ് അമേരിക്ക കണ്ടെത്തി
വാസ്‌കോഡി ഗാമ കാപ്പാട് കപ്പലിറങ്ങി
കടലിൽ അവർ ഒരു രാജ്യമായി
പല ഭാഷകൾ തൊട്ടു
അതിർത്തികൾ വരുംമുമ്പേ
അതിർത്തി താണ്ടി പോയവരവർ

നിലാവ് ആദ്യം തൊട്ടതവര്
വെറിച്ച വെയിൽ ആദ്യം തൊട്ടതവര്

അവർക്ക് പാല നമ്മുടെ മരമല്ല
അവർക്ക് തുമ്പ നമ്മുടെ പൂവല്ല
അവരുടെ പുന്നാരമീൻ നമ്മുടെ പുന്നാരമല്ല
അവരുടെ മരകെളങ്ക് മരച്ചീനിയല്ല
അവരുടെ കീരി നമ്മുടെ ജീവിയോ
അവരുടെ മുള്ളി നമ്മുടെ ക്രിയയോ അല്ല

നമ്മുടെ ലോകം അവർക്കുണ്ട്
മരങ്ങളും വേരുകളും കൂടെ പോയി
അവർക്ക് പറവകളും നീന്തുന്നു
മീനുകളും പറക്കുന്നു

കടലിലിരുന്നു കര കണ്ട അവരെ
കരയിലിരുന്ന നമ്മളെന്തു കണ്ടു ?
അതുകൊണ്ട് പറയാം
വലയെറിഞ്ഞ മുക്കുവന് ഒന്നും കിട്ടീല്ല
അങ്ങനെയുള്ള മുക്കുവന് കടലമ്മ മുത്തു കൊടുത്തു

* പാലാമീൻ, തുമ്പമീൻ, പുന്നാരമീൻ, മരകെളങ്ക്, കീരി, മുള്ളി എന്നിവ കടൽമീനുകൾ.