ഗേറ്റ് വേ ലിറ്റ് ഫെസ്റ്റ്: 17 ഭാഷകളിൽ നിന്ന് 50 എഴുത്തുകാർ

കാക്ക ത്രൈമാസികയുടെ ആഭിമുഖ്യത്തിൽ പതിനേഴു ഇന്ത്യൻ ഭാഷകളില് നിന്നായി 50 എഴുത്തുകാർ പങ്കെടുത്ത സീ-ഗേറ്റ് വേ (Zee Gateway) ലിറ്റ് ഫെസ്റ്റ് എൻ. സി. പി. എ-യിൽ ഫെബ്രുവരി 13-14 തീയതികളിൽ അരങ്ങേറി. ഇന്ത്യൻ പ്രാദേശിക ഭാഷകള്ക്കായുള്ള രാജ്യത്തെ ഏറ്റവും വലിയ സാഹിത്യോത്സവം എന്ന് ഇതിനകം പേരു നേടിയ ലിറ്റ് ഫെസ്റ്റിന്റെ ഉദ്ഘാടനം പ്രഖ്യാത ചലചിത്രകാരനും ലിറ്റ് ഫെസ്റ്റ് ഉപദേശക സമിതി ചെയര്മാനുമായ അടൂർ ഗോപാലകൃഷ്ണൻ നിർവഹിച്ചു. സഹൃദയര്ക്കും സാഹിത്യ വിദ്യാര്ഥികള്ക്കും ഒരു പോലെ പ്രയോജനകരമായ 11 സെഷനുകളാണ് രണ്ടു ദിവസങ്ങളിലായി നടന്നത്.

ഗേറ്റ് വേ ലിറ്റ് ഫെസ്റ്റിന്റെ ആയുഷ്കാല നേട്ടത്തിനുള്ള അവാര്ഡ് പ്രസിദ്ധ മറാത്തി എഴുത്തുകാരി ഊര്മ്മിള പവാറിന് ജ്ഞാന പീഠ ജേത്രി പ്രതിഭാ റേ ഉദ്ഘാടനച്ചടങ്ങിൽ സമ്മാനിച്ചു. സീതാംശു യശഛന്ദ്ര, കെ.ശിവറെഡ്ഢി, സുബോധ് സര്ക്കാര്, ആരംബം ഓങ്കി മെംഛൗബി, ബല്ദേവ് സിംഗ് സടക് നാമ എന്നിവരുടെ സാന്നിധ്യം വേദിയിലുണ്ടായി.

Balashankar, Adoor Gopalakrishnan, Sasikumar, Girish Kuber
റൈറ്റേഴ്സ് ബ്ളോക്കിനെക്കുറിച്ച് അടൂരിന്റെ അധ്യക്ഷതയിൽ നടന്ന ആദ്യ സെഷനിൽ ബാലശങ്കര്, ഗിരീഷ് കുബേര്, ശശികുമാര് എന്നിവരാണ് പങ്കെടുത്തത്. തുടര്ന്ന് അസമീസ്, മണിപ്പുരി, ബെംഗാളി, ഒഡിയ ഭാഷകൾ കേന്ദ്രീകരിച്ച് 2025 ലെ ഇന്ത്യൻ സാഹിത്യം-പ്രവണതകൾ, മാറ്റങ്ങൾ, ലക്ഷ്യങ്ങൾ എന്ന വിഷയത്തിൽ നടന്ന ചര്ച്ച പ്രസിദ്ധ ബംഗാളി കവി സുബോധ് സര്ക്കാർ നയിച്ചു. മൊണി കുണ്ടല ഭട്ടാചാര്യ (അസമീസ്) , തൃദീപ് കുമാർ ചതോപാധ്യായ (ബംഗാളി), ആരംബം മേംഛൗബി (മണപുരി), പരാമിത സത്പതി (ഒഡിയ) എന്നിവരായിരുന്നു പാനലിസ്റ്റുകൾ.

ജീത് തയ്യിലിന്റെ പുതിയ പുസ്തകമായ ‘ലോ ‘ കേന്ദ്രമാക്കി ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യത്തിലെ പുതിയ പ്രവണതകൾ എന്ന വിഷയത്തിൽ എസ് പ്രസന്നരാജൻ നോവലിസ്റ്റുമായി നടത്തിയ ആശയ വിനിമയമായിരുന്നു അടുത്തത്. ഭാഷാ വൈവിധ്യം-പരിണാമത്തിന്റേയും തിരോധാനത്തിന്റേയും കഥ എന്ന വിഷയം കേന്ദ്രീകരിച്ചു നടന്ന സംവാദമായിരുന്നു ഉദ്ഘാടന ദിനത്തിലെ സമാപന പരിപാടി. ഗണേശ് ദേവി നയിച്ച ചർച്ചയിൽ അന്വിതാ അബ്ബി, ആരംബം മെംഛൗബി, ദാമോദർ മൗസോ എന്നിവർ പങ്കെടുത്തു.

ശനിയാഴ്ച കാലത്ത് 10.30 ന് പശ്ചിമ തീര ഭാഷകളായ ഗുജറാത്തി, കൊങ്കണി, മറാത്തി ,സിന്ധി എന്നിവ കേന്ദ്രീകരിച്ച് 2025 ലെ ഇന്ത്യൻ സാഹിത്യം-പ്രവണതകൾ, മാറ്റങ്ങൾ, ലക്ഷ്യങ്ങൾ എന്ന വിഷയത്തിൽ ചർച്ച നടന്നു. തുടർന്ന് ഭാഷയുടെ അതിരുകൾ തകർക്കുന്നു: പരിഭാഷയിലെ പ്രവണതകളും ഉത്തരവാദിത്തങ്ങളും ഉപകരണങ്ങളും എന്ന തലക്കെട്ടിൽ കവി എ. ജെ. തോമസിന്റെ നേതൃത്വത്തിൽ നടന്ന സംവാദത്തിൽ ആനന്ദ് നീലകണ്ഠൻ, ചന്ദ്രപ്രകാശ് ദേവൽ, മീനാക്ഷി താക്കൂർ, രവി ഡിസി , വസുമതി ബദ്രി നാഥൻ എന്നിവർ നിലപാടുകൾ വിശദീകരിച്ചു.

ഉച്ചതിരിഞ്ഞ് 2025 ലെ ഇന്ത്യൻ സാഹിത്യം പരമ്പരയിൽ പഞ്ചാബി, ഉർദു, ഹിന്ദി ഭാഷകൾ കേന്ദ്രീകരിച്ചു നടന്ന ചർച്ചയിൽ ജമീല് ഗുല്റേയ്സ്, ബല്ദേവ് സിംഗ് സഡക് നാമ, രാജ്കുമാർ കെസ്വാനി എന്നിവർ പങ്കെടുത്തു. ശാന്താ ഗോഖലെയുടെ സൃഷ്ടികളും ജീവതവും എന്ന വിഷയത്തിൽ എഴുത്തുകാരിയുമായി ജെറി പിന്റോ നടത്തിയ സംഭാഷണമായിരുന്നു പിന്നീട് നടന്നത്. നാടകവേദിയുടെ ഭാവിയെക്കുറിച്ചുളള സംവാദത്തിൽ സുഷമാ ദേശ്പാണ്ഡേ, പത്മാ ദാമോദരൻ, ഷൈലജ കെജ്രിവാൾ, ഷീന ഖാലിദ്, വിമൽ മഹാഗാവോങ്കർ എന്നിവർ പങ്കെടുത്തു.

ഇന്ത്യൻ സാഹിത്യം 2025 ശ്രേണിയിൽ മലയാളം, തമിഴ്, കന്നഡ, തെലുഗു രചനകളെക്കുറിച്ചുള്ള ആശയ സംവാദമായിരുന്നു സമാപന ദിനത്തിലെ പ്രധാന ചർച്ചകളിലൊന്ന്. തെലുഗു എഴുത്തുകാരൻ കെ. ശിവ റെഡ്ഢിയുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ മലയാളത്തിൽ നിന്ന് കഥാകൃത്ത് ഉണ്ണി ആർ, തമിഴിൽ നിന്ന് എസ്.രാമകൃഷ്ണൻ, കന്നഡ ഭാഷയിൽ നിന്ന് എഛ്. എസ്. ശിവപ്രകാശ് എന്നിവർ പങ്കെടുത്തു.

സമാപന സെഷനായ കവിതയും രാഷ്ട്രീയവും എ, ജെ, തോമസിന്റെ നേതൃത്വത്തിലാണ് നടന്നത്. മേനകാ ശിവദാസാനി, സി.പി. സുരേന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കവിയരങ്ങിൽ അനുരാധാ പാട്ടീൽ, അഞ്ജലി പുരോഹിത്, ആരംബം മെംഛൗബി, മിഹിർ ചിത്രെ, ടി കെ മുരളീധരൻ, പിപി രാമചന്ദ്രൻ, വിമ്മി സാദരംഗാനി എന്നിവർ കവിതകൾ ആലപിച്ചു.