വീടുമാറി വന്ന വെറ്റിലമണം

സുജാ സൂസൻ ജോർജ്

മരിച്ചിട്ടും മരിച്ചിട്ടും
വല്യുപ്പാപ്പൻ ഇടക്കിടെ
തറവാട്ടിലെ പടികയറി വന്നു.
വല്യമ്മച്ചിയുടെതൊണ്ടയിൽ
കരച്ചിൽ പെരുകുമ്പോഴൊക്കെ
വെറ്റിലയടക്കാമണം ചാറി-
ച്ചാറി വല്യുപ്പാപ്പൻ തിണ്ണയിലെ
ചാരുകസേരയിൽചാരിക്കിടന്നു.

പാളവിശറി വീശിവീശി
വിയർപ്പാറ്റുന്നതിനിടയിലും
ചുടുനെടുവീർപ്പുകളാൽ
വല്യമ്മച്ചി വിങ്ങിവിയർത്തു
വാർവ്വേയിലേക്ക്(1) ചാഞ്ഞുനിന്ന
നാട്ടുമാവിലെതളിരിലകൾ
ചറുപിറുന്നനെ താഴേക്കുതിർന്നു.
പുള്ളിക്കുയിലൊന്ന് കിഴക്കോട്ടു പറന്നു
മയിലാഞ്ചിയിൽ മയങ്ങിയിരുന്ന
മഞ്ഞത്തുമ്പികൾ മയിലാട്ടം നടത്തി.

വെറ്റിലമണം പടികയറി വന്നത്
കുഴിപ്പടക്കണ്ടത്തിനപ്പുറത്തു നിന്ന്
സൂര്യനൊന്ന് പാളിനോക്കി-
കാട്ടൂർക്കടവിൽ മറഞ്ഞു.

വീതംകിട്ടിയചാരുകസേരയിൽ
അപ്പന്റെവീട്ടിലും ചിലനേരം
വെറ്റിലയടക്കാമണംചാറി-
ച്ചാറി ചാഞ്ഞുകിടന്നു.
അമ്മയുടെ നെടുവീർപ്പുകളിൽ
നനവ് പടരുമ്പോഴൊക്കെ
മുറുക്കാൻമണം പടികയറിവന്നു.

ആളിക്കത്തുന്ന ആകാശത്തിന് കീഴെ
തിളക്കുന്ന ചോരിമണലിലൂടെ
മകൾ നടന്നു നീങ്ങിയ നാൾ
പുഴുങ്ങിയ നെല്ല്‌വിയർക്കും പോലെ
അമ്മ വിയർത്തുവിങ്ങിയിട്ടും
വെറ്റിലയടക്കാമണം പടികയറിവന്നില്ല

പിന്നെ ഒരുനാളും
കുമ്പോഴക്കടവിൽ (2)
സൂര്യൻ ഉദിച്ചില്ല.
കാട്ടൂർക്കടവിൽ (3)
സൂര്യൻ അസ്തമിച്ചുമില്ല

അമ്മയുടെ നെടുവീർപ്പുകളിൽ
പിന്നീടെത്ര നനവുപൊടിഞ്ഞിട്ടും
വെറ്റിലയടക്കാമണംചാറി-
ച്ചാറി പടികയറിവന്നില്ല
ചാരുകസേരയിൽചാഞ്ഞുകിടന്നില്ല.

(1) പറമ്പിനും കണ്ടത്തിനും ഇടക്കുള്ളചെറിയചെരിവ് ഭൂമി
(2), (3)അച്ചൻകോവിലാറ്റിലെ രണ്ടുകടവുകൾ