കൊറോണയും ആസന്നമായ പട്ടിണി മരണങ്ങളും

മോഹൻ കാക്കനാടൻ

മഹാമാരിയുടെ ദിനങ്ങൾ അനന്തമായി നീളുന്നത് കണ്ട് ലോക ജനതയാകെ സ്തബ്ധരായി നിൽക്കുകയാണ്. ഒരു സൂക്ഷ്മ വൈറസ് മനുഷ്യരാശിയുടെ ഭാഗധേയം നിർണയിക്കുന്നതിൽ ഇത്രയേറെ സ്വാധീനം ചെലുത്തുമെന്നു ആരും വിചാരിച്ചിരുന്നില്ല. മനുഷ്യൻ നേരിടാനിടയുള്ള ഏറ്റവും വലിയ ദുരന്തം അണുബോംബിലൂടെയാണെന്നു പരക്കെ വിചാരിച്ചിരിക്കുമ്പോഴും ചില ശാസ്ത്രജ്ഞന്മാർ ജൈവായുധങ്ങളും തന്മൂലമുണ്ടാകുന്ന രോഗങ്ങളും മനുഷ്യന് വിനാശം വരുത്തിവെക്കുമെന്നു സൂചിപ്പിച്ചിരുന്നു. സദ്ദം ഹുസ്സൈന്റെ കയ്യിൽ ജൈവായുധശേഖരം ഉണ്ടെന്നു പറഞ്ഞായിരുന്നു അമേരിക്ക ആക്രമണം അഴിച്ചുവിട്ടത്. ഈ ഭൂതത്തെ ആരെങ്കിലും മനപ്പൂർവം തുറന്നു വിട്ടതാണോ അതോ ആപ്ത്കാരിയായ ഈ വൈറസ് സ്വമേധയാ പുറത്തു ചാടിയതാണോ അതുമല്ലെങ്കിൽ മനുഷ്യകണ്ടുപിടിത്തങ്ങളുടെ ഏതെങ്കിലുമൊരു ഘട്ടത്തിൽ അറിയാതെ ഇവ രൂപം കൊണ്ടതാണോ എന്നൊന്നും ആർക്കും പറയാറായിട്ടില്ല. എന്തായാലും അത്യധികം ആപത്ക്കരമായി അവ ലോകം മുഴുവൻ വ്യാപിച്ചു. എല്ലാ ഭൂഖണ്ഡങ്ങളിലെയും ശാസ്ത്രജ്ഞർ അവയ്ക്കെതിരെ ഒരു മരുന്ന് കണ്ടുപിടിക്കാനാവാതെ പകച്ചു നിൽക്കുന്നു. ലോകത്തിലെ വികസിത രാജ്യങ്ങളെല്ലാം ആ വൈറസ് ആക്രമണത്തിന് മുന്നിൽ നിസ്സഹായരായി. സാമൂഹ്യവ്യാപനമാണ് ഈ വൈറസിനെ കൂടുതൽ പേരിലെത്തിക്കുന്നതെന്നു മാത്രം എല്ലാവരും പറഞ്ഞു. അത് നിയന്ത്രിക്കാനായി ലോകമെമ്പാടും അടച്ചിടുക മാത്രമേ രക്ഷയുള്ളുവെന്ന് ലോകാരോഗ്യ സംഘടനയും മറ്റു വിദഗ്ദ്ധന്മാരും ജനങ്ങളെ പറഞ്ഞു പഠിപ്പിച്ചു. അങ്ങനെ ജനങ്ങൾ സ്വയം തങ്ങളുടെ വീടുകൾക്കുള്ളിൽ അടച്ചിരിക്കാനും തുടങ്ങി.

മഹാഭാരതത്തിൽ തക്ഷകനെ പേടിച്ചു മുറിയിൽ അടച്ചിരിക്കുന്ന അർജുനന്റെ പേരക്കുട്ടിയായ പരീക്ഷിത്തിനെ പോലെയാണിപ്പോൾ എല്ലാവരും. പരീക്ഷിത്തിന് സംഭവിച്ചത് തന്നെ ഇവിടെയും സംഭവിക്കില്ലെന്ന് ആർക്കും ഒരുറപ്പുമില്ലാതെ പേടിയോടെ ഓരോ ദിവസവും തള്ളി നീക്കുന്നു. ഇതൊന്നു കഴിഞ്ഞു കിട്ടിയാൽ പിന്നീടൊരിക്കലും മരിക്കില്ലെന്ന രീതിയിലാണ് പലരുടെയും പ്രവർത്തികൾ.

എന്നാൽ ലോകത്തെ 650-കോടിയോളം വരുന്ന ജനങ്ങളിൽ ബഹുഭൂരിപക്ഷവും പട്ടിണിപ്പാവങ്ങളാണെന്ന യാഥാർഥ്യം സൗകര്യപൂർവം മറന്നുകൊണ്ടാണ് ലോകമെങ്ങുമുള്ള അധികാരികൾ ഈ ലോക്ഡൗൺ മാർഗം കൈക്കൊണ്ടത്. മാസങ്ങൾ പിന്നിട്ടിട്ടും ലോക്ഡൗൺ അവസാനിക്കാതെ നീളുമ്പോൾ ആസന്നമാകുന്ന പട്ടിണി മരണങ്ങൾ മനുഷ്യരാശിയെ തുറിച്ചു നോക്കുകയാണ്. തിരക്കേറിയ നഗരങ്ങളിൽ സാമൂഹ്യ അകലം പാലിക്കാനാവുമെന്നു ആർക്കും പ്രതീക്ഷയില്ല. പക്ഷെ എത്ര നാൾ കൊറോണയെ പേടിച്ചു ഇപ്പോഴത്തെ സ്ഥിതി തുടരാനാവും? മരണത്തെ പേടിക്കുന്നതിനേക്കാൾ മറ്റു ഫലപ്രദമായ പോംവഴികൾ കണ്ടുപിടിക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത്. പോലീസും അധികാരവുമുപയോഗിച്ചു ഏറ്റവും എളുപ്പം ചെയ്യാവുന്ന ഒരു കാര്യമാണ് ലോക്ഡൗൺ.

പല പഠനങ്ങളും സൂചിപ്പിക്കുന്നത് കൊറോണ വൈറസ് 6 മാസം മുതൽ 2 വര്ഷം വരെ ഈ ഭൂമിയിൽ ഉണ്ടായിരിക്കുമെന്നാണ്. ഒരു വാദത്തിനു വേണ്ടി ആദ്യ രണ്ടാഴ്ചത്തെ ലോക്ഡൗൺ ജനങ്ങളിൽ കൊറോണയുടെ ഭീകരതയെക്കുറിച്ചു ഒരു ബോധം വളർത്താൻ ഉപകരിച്ചു എന്ന് സമ്മതിക്കാം. എന്നാൽ ഇനിയും അത് തുടരുന്നത് ആത്മഹത്യാപരമായ പ്രവർത്തിയായിരിക്കുമെന്നു വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. കാലക്രമേണ നമ്മൾ ആർജിക്കുന്ന ഹേർഡ് ഇമ്മ്യൂണിറ്റിയിലൂടെ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാനാവുമെന്നാണ് ഇക്കൂട്ടർ അഭിപ്രായപ്പെടുന്നത്.

മാർച്ച് 25-നു ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ മൂന്നു മരണം മാത്രമായിരുന്നു. ഏപ്രിൽ 13 -നു ആദ്യ ലോക്ഡൗൺ അവസാനിക്കുമ്പോഴേക്കും അത് 370-ൽ എത്തി. ഇന്ന് ഏപ്രിൽ 25 ആയപ്പോഴേക്കും മരണം 710-ൽ നിൽക്കുന്നു (ലോക്ഡൗൺ ഇല്ലായിരുന്നെങ്കിൽ മരണ സംഖ്യ ഇതിലും പതിന്മടങ്ങു ഉയരുമായിരുന്നു എന്ന് വാദിക്കാം). മരണ നിരക്ക് ഉയർന്നു വരുമ്പോൾ ഇനി ലോക്ഡൗൺ പിൻവലിക്കാൻ പറ്റില്ലല്ലോ. അപ്പോൾ ഇനിയും ഇത് എത്ര നാൾ? ധാരാളം പ്രകൃതി ദുരന്തങ്ങളും പ്ലേഗും യുദ്ധക്കെടുതികളുമെല്ലാം മനുഷ്യൻ അതിജീവിച്ചത് അതിനോട് മല്ലിട്ടു തന്നെയാണ്. 1918-ലെ സ്പാനിഷ് ഫ്ളൂ മൂലം മരിച്ചവർ അഞ്ചു കോടിയോളം വരുമെന്നാണ് കണക്കുകൾ പറയുന്നത്.

കൊറോണ വൈറസ് മൂലമുണ്ടാകാവുന്ന മരണത്തേക്കാൾ കൂടുതലായി പട്ടിണി മരണം ഉണ്ടാകാനുള്ള സാധ്യതയാണ് മുന്നിൽ കാണുന്നതെന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. മുംബയിലെ തകര ഷീറ്റിട്ടു മറച്ച ഷെഡ്ഡുകളിൽ കഴിയുന്ന ലക്ഷക്കണക്കിന് മനുഷ്യജീവീതങ്ങൾ ഇപ്പോൾ തന്നെ മരണത്തിന്റെ നൂൽപ്പാലത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. വർക് ഫ്രം ഹോമോ സർക്കാർ ഉദ്യോഗമോ ഇല്ലാത്ത അർത്ഥ പട്ടിണിക്കാർ. ഇവിടെയാണ് ലോക്ഡൗൺ മാത്രമേയുള്ളോ ഈ വൈറസിനെ ചെറുക്കാനുള്ള പോംവഴി എന്ന കാര്യമാണ് നമ്മൾ പുനർവിചിന്തനം നടത്തേണ്ടത്.