ഹസ്തരേഖയും മരണപത്രവും: കഥയില്‍ ഉറപൊഴിക്കുന്ന ജീവിത യാഥാര്‍ഥ്യങ്ങള്‍

രഘുനാഥന്‍ പറളി

സമകാലിക ജീവിതത്തിലേക്കും സാഹിത്യത്തിലേക്കും ‘തുറുകണ്ണു’പായിക്കുന്ന ഒരാള്‍ക്കു മാത്രമേ ഏതു കാലഘട്ടത്തിലും ശ്രദ്ധേയനായ ഒരു എഴുത്തുകാരനായിത്തീരാനും ഭാവിയുടെകൂടി രചയിതാവായി നിലനില്‍ക്കാനും കഴിയൂ. ഈ ഒരു അനിവാര്യഗുണം കൊണ്ട് മലയാള കഥയില്‍ സ്വയം കണ്ണിചേരാനുളള കരുത്ത്, എറെ പ്രകാശമാനമായ രീതിയില്‍ നമ്മെ ബോധ്യപ്പെടുത്തിയിട്ടുളള, കഥാകൃത്താണ് സന്തോഷ് ഏച്ചിക്കാനം.

ജൈവികമായ ആഖ്യാനവും ആഴമേറിയ ‘റിയലിസ’വും ഈ എഴുത്തുകാരന്‍റെ പ്രമുഖ എഴുത്തു മുദ്രകളാണ്. കഥാകൃത്ത് തന്‍റെ കാലത്തെ കലര്‍പ്പില്ലാതെ കാണുകയും അതിനേക്കാള്‍ കലര്‍പ്പില്ലാതെ എഴുതുകയും ചെയ്യുന്നുവെന്നത്, രണ്ടു ദശാബ്ദം മുമ്പ് പുറത്തു വന്ന അദ്ദേഹത്തിന്‍റെ ‘ഒറ്റവാതില്‍’ എന്ന ആദ്യസമഹാരം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുളളതാണ്. അതുകൊണ്ടുതന്നെ മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പുതിയ ജീവിതത്തിന്‍റെ എല്ലാ കലര്‍പ്പുകളും ഈ എഴുത്തുകാരന്‍റെ രചനകളില്‍ നിഴലിക്കുന്നുണ്ട്. റിയലിസത്തെ (യഥാർഥ്യത്തെ) നിത്യമായി നവീകരിക്കുന്ന ഒരു രചനാതന്ത്രം അഥവാ അവസാനമില്ലാത്ത ഒരു പുതിയ റിയലിസം കഥാകൃത്ത് പലപ്പോഴും വിദഗ്ദമായി പ്രയോഗിക്കുന്നതുകൊണ്ടു കൂടിയാണ്, അത് പക്ഷേ പുതിയ കഥയായി മാറുന്നത്. നമ്മുടെ ജീവിതത്തിലുണ്ടായ ഉഴമറിച്ചിലുകള്‍, തന്‍റെ എഴുത്തിലെ നേരനുഭവങ്ങളാക്കുകയാണ് കഥാകൃത്ത്. അങ്ങനെ ഉണ്ടായിട്ടുളളവയാണ് കൊമാല, പന്തിഭോജനം, റോഡില്‍ പാലിക്കേണ്ട നിയമങ്ങള്‍, കൃഷിപാഠം, ആട്ടം, ബിരിയാണി തുടങ്ങി ഒട്ടുമിക്ക പ്രധാന കഥകളും. നിത്യജീവിതത്തിലെ പരസ്പരവ്യവഹാരം പോലെ സ്വാഭാവികമായ, അല്ലെങ്കില്‍ അതുപോലെ നമ്മളിലേക്കു കടന്നു വരുന്ന ഒരു ക്രാഫ്റ്റാണ് സന്തോഷ് എപ്പോഴും സ്വീകരിക്കുന്നത് എന്നത് പ്രധാനമാണ്.

സന്തോഷ് ഏച്ചിക്കാനം
‘കൃഷിപാഠം’ എന്ന കഥയിലെ നിരക്ഷരനും, എന്നാല്‍ പ്രകൃതിയുടെ ലിപി നന്നായി വായിച്ചയാളുമായ പ്രേമചന്ദ്രന്‍റെ കര്‍ഷകനായ അച്ഛന്‍, വാസ്തവത്തില്‍ സന്തോഷ് കഥകളുടെ ആകെ പ്രതീകവും ആഴത്തിലുളള ബോധവുമാണെന്ന് നമുക്ക് തിരിച്ചറിയേണ്ടിവരും. കഥയില്‍ അച്ഛന്‍ വലിക്കുന്ന ബീഡി, ഇന്നത്തെ ‘പൊതുലഹരിബോധ’ ത്തിനു നിരക്കുന്നതല്ലെങ്കിലും, ആ ജീവന്‍റെ കനല്‍ അവസാനമായി ഒന്നുകൂടി ആഞ്ഞു വലിക്കാന്‍ ആത്മാര്‍ത്ഥമായി അഭിലഷിക്കുന്ന, മുതിരുന്ന പരിഷ്കാരിയും വിദ്യാസമ്പന്നനുമായ മകന്‍ കൂടിയാണ് കൃഷിപാഠത്തിലെ പ്രേമചന്ദന്‍. ഇവിടെയാണ് കഥ ഒരു എതിര്‍ ലോകവിചാരവും പുനര്‍വിചാരണയും സൃഷ്ടിക്കുന്നത്. ഈ വിധം നാഗരികതയേയും സാക്ഷരതയേയും (വിദ്യാഭ്യാസം) ഉപഭോഗപരതയേയും പരിഷ്കാരപ്രമത്തതയേയും ദയാരഹിതമായി വിചാരണ ചെയ്യാനും അതിന്‍റെ ചെടിപ്പുകളേയും ജീര്‍ണ്ണതകളേയും സൂക്ഷ്മമായി ശസ്ത്രക്രിയ ചെയ്യാനുമുളള മികച്ച ശസ്ത്രമായി അല്ലെങ്കില്‍ ഉപകരണമായി സന്തോഷ് ഏച്ചിക്കാനം തന്‍റെ കഥയെ ഉപയോഗിക്കുകയാണ് എന്നതാണ്, ഏച്ചിക്കാനം കഥകളെ വ്യത്യസ്തവും വിമോചനാത്മകവുമാക്കുന്നതെന്ന് എളുപ്പത്തില്‍ തിരിച്ചറിയാനാകും. ആന്തരികവും ബാഹ്യവുമായ കണ്ണുകള്‍ സന്തോഷ് കഥകളുടെ പ്രത്യേകതയാണ്. ഒരിക്കലും വെറും കാഴ്ചകളായി അവ ഒടുങ്ങുന്നില്ല. അഥവാ അകത്തേക്കും പുറത്തേക്കും കരയുന്ന ഒരു കണ്ണ് സൂക്ഷ്മ വായനയില്‍ എല്ലാ സന്തോഷ് കഥകളിലും നാം നിശ്ചയമായും കണ്ടെത്തുക തന്നെ ചെയ്യും. അതുപക്ഷേ ആകസ്മികമായ അലങ്കാരമായല്ല, മറിച്ച് ആത്മരോദനത്തിന്‍റെ അനിവാര്യശ്രുതിയായാണ് ഈ എഴുത്തുകാരന്‍റെ കഥകളില്‍ നിറയുന്നത് എന്നത് ഒപ്പം അറിയേണ്ടി വരുന്നു. അങ്ങനെയാണ് ഈ കഥകള്‍ അനുവാചകനെ തന്‍റെ ഹസ്തരേഖ (വര്‍ത്തമാനകാലം) സൂക്ഷ്മമായി വായിക്കാനും മരണപത്രം (നശ്വരബോധം) വിവേകപൂര്‍വ്വം എഴുതാനും ഒരുപോലെ ഓര്‍മപ്പെടുത്തുകയും ഉണര്‍ത്തുകയും ചെയ്യുന്നതെന്നു പറയാം. അതേസമയം ഭൗതികവും ആഖ്യാനപരവുമായ തലങ്ങളില്‍ മാത്രം തറഞ്ഞുപോകുന്നവായാണ് സന്തോഷിന്‍റെ കഥകള്‍ എന്ന മട്ടിലുളള ന്യൂനീകൃതമായ ഒരു വായനയിലേക്കും, നിരീക്ഷണത്തിലേക്കും നമ്മള്‍ പെട്ടെന്നു തെന്നിപ്പോകാനുളള സാധ്യതകള്‍ പലപ്പോഴും ഈ കഥകളിലുണ്ടെങ്കിലും, അതില്‍ മാത്രം നമ്മുടെ വായന കുരുങ്ങിപ്പോകരുതെന്ന വിനീതമായ ഒരു താക്കീതിന് ഈ കുറിപ്പില്‍ ഞാന്‍ മുതിരുകയാണ്.

ദാര്‍ശനിക തലത്തില്‍, ജീവിതവും മരണവും തമ്മിലുളള നിതാന്തവും ദു:ഖഭരിതവുമായ സംഘര്‍ഷത്തെ, പ്രത്യക്ഷത്തില്‍/ഭൗതികതലത്തില്‍, സമ്പന്നതയും ദാരിദ്യവും തമ്മിലുളള കഠിന കേളിയായി പരാവര്‍ത്തനം ചെയ്യുക കൂടിയാണ് സന്തോഷ് കഥകള്‍ ചെയ്യുന്നത്. ജീവിതത്തിന്, പ്രത്യക്ഷ ഉത്തരവും പരോക്ഷ ഉത്തരവും ഒരുമിച്ച് നല്‍കേണ്ടുന്ന, സരളവും എന്നാല്‍ സങ്കീര്‍ണ്ണവുമായ ഒരു ആന്തരിക മൂല്യനിര്‍ണ്ണയമാക്കി കഥാകൃത്ത് തന്‍റെ കഥകളെ മാറ്റുന്നത്, പ്രക്ഷുബ്ധമാകുന്ന തന്‍റെ ആത്മവിലാപത്തെ ഉദാത്തവത്കരിക്കാനും അങ്ങനെ സ്വയം ആ വേദനയില്‍ നിന്നു രക്ഷപ്പെടാനുമുളള സര്‍ഗതന്ത്രമെന്ന നിലയില്‍ കൂടിയാണ്. ഇത് നമ്മള്‍ കൃത്യമായി തിരിച്ചറിയുന്ന രചന ‘ഉഭയജീവിത’മാണ്. വേട്ടക്കാരനായി ഭവിക്കുന്ന പാമ്പും ഇരയായി നിലകൊള്ളുന്ന തവളയും, ഒരുമിച്ച് ഒരു പൊട്ടക്കിണറ്റില്‍ പതിക്കുന്നതാണ് കഥയുടെ ആദ്യ തലത്തില്‍ നാം കാണുന്നതെങ്കിലും, ഏകാന്തതയും മരണവും അനിശ്ചിതത്വവും അസാധാരണത്വവും ഏകീഭവിക്കുന്ന ഒന്നായി കഥ പെട്ടെന്ന് മാറുന്നു. ‘തണുത്തുറഞ്ഞ പാതിരാത്രിയില്‍ ഉഭയജീവിതം എന്ന കഥ എഴുതിക്കഴിഞ്ഞതും തല്‍ക്കാലത്തേക്കെങ്കിലും മരണത്തെ കീഴടക്കിയതിന്‍റെ സന്തോഷത്താല്‍ (മരണഭയം അധികരിച്ച ഘട്ടത്തില്‍, തന്‍റെ അന്തകനായ പാമ്പിന്‍റെ തല സ്വന്തം വായിനുള്ളിലാക്കുന്ന തവളയെ സൃഷ്ടിച്ച ശേഷം എന്നര്‍ഥം) തന്‍റെ ഉറകുത്തിയ നാലുകെട്ടിലെ നീളന്‍ വരാന്തയില്‍ കമിഴ്ന്നു കിടന്നു പൊട്ടിക്കരഞ്ഞു’ എന്ന് അതേക്കുറിച്ച് കഥാകൃത്ത് എഴുതിയിട്ടുണ്ട്. ഇരയും വേട്ടക്കാരനും തമ്മിലുളള, മരണവും ജീവിതവും തമ്മിലുളള ഈ വിരാമമില്ലാത്ത ഏറ്റുമുട്ടലിന്‍റെ വിവിധതരം ആഖ്യാനങ്ങളാണ് തന്‍റെ കഥകള്‍ എന്ന സാക്ഷ്യപ്പെടുത്തല്‍ കൂടിയാണത്. ഇരയേയും ജീവിതത്തേയും മോചിപ്പിക്കാനുളള ‘ഹതാശമെങ്കിലും പ്രതീക്ഷാനിര്‍ഭരമായ സൈനികനീക്കങ്ങള്‍’ കൂടിയാണ് ആ അര്‍ഥത്തില്‍ കഥാകൃത്തിന് അയാളുടെ എഴുത്ത് എന്നത്.

ഇല്ലായ്മയുടെ ലോകത്തിന്‍റെ – ദാരിദ്ര്യത്തിന്‍റെയും വിശപ്പിന്‍റെയും അപകര്‍ഷതയുടേയും പരാജയഭീതിയുടെയും അധികാരരാഹിത്യത്തിന്‍റെയും – പലപാടുളള തീക്ഷ്ണാവിഷ്കാരങ്ങള്‍ സന്തോഷിന്‍റെ കഥാലോകത്തെ സജീവമാക്കുന്നുണ്ട്. ഭക്ഷണത്തിന്‍റെ ചരിത്രവും വര്‍ത്തമാനവും സംസ്കാരവും ഭിന്നതലങ്ങളില്‍ കടന്നുവരുന്ന പ്രമുഖ രചനകളാണ് ‘പന്തിഭോജന’വും ‘ബിരിയാണി’ യും. ഭക്ഷണത്തെ അതു പലരീതിയില്‍ പ്രശ്നവത്കരിക്കുക കൂടി ചെയ്യുന്നു എന്നത് ഒട്ടും വിസ്മരിക്കാന്‍ കഴിയുകയില്ല. വിശപ്പിന്‍റെ രാഷട്രീയത്തില്‍ നിന്ന് സംസ്കാരത്തിന്‍റെ രാഷ്ട്രീയത്തിലേക്കും തിരിച്ചും സന്തോഷ് ഏച്ചിക്കാനം കഥാവത്കരിക്കുന്ന ഭക്ഷ്യവസ്തുക്കള്‍- അവിയലും താറാവ് മപ്പാസും കൂട്ടുകറിയും പോര്‍ക്കു വരട്ടിയതും ചേറ്റുമീനും മാമ്പഴ പുളിശ്ശേരിയും ഓലനും പഴപ്രഥമനും എല്ലാം (പന്തിഭോജനം)-സഞ്ചരിക്കുകയാണ്. ആദ്യത്തെ വിശപ്പ് ജീവശാസ്ത്രപരമാണെങ്കില്‍, പിന്നീട് അത് സാമൂഹികവും സാംസ്കാരികവും അധികാരപരവുമായി പരിണമിക്കുന്നുണ്ട് ഈ എഴുത്തുകാരന്‍റെ രചനകളില്‍..! പന്തിഭോജനത്തില്‍ രുക്മിണി എന്ന ദളിത് അഭിഭാഷക അഭിമുഖീകരിക്കുന്ന സമത്വത്തിന്‍റെയും സാമൂഹികമായ ഒരു ഇടത്തിന്‍റെയും ഇല്ലായ്മയല്ല, ബിരിയാണിയിലെ ബീഹാറുകാരനായ ഗോപാല്‍ യാദവ് അനുഭവിക്കുന്ന ഇല്ലായ്മ എന്നു സാരം. ദളിത് യുവതിയായ രുക്മിണിക്ക് ഉണ്ടെന്ന് കഥയില്‍ പരാമര്‍ശിക്കുന്ന ‘സവര്‍ണ്ണോന്മുഖത’ പോലും, ആദ്യകാല മതപരിവര്‍ത്തനം പോലെ ഉപരിപ്ലവമായ ഒരു രക്ഷോപായം മാത്രമാണെന്നും, അല്ലാതെ പ്രശ്നപരിഹാരമല്ലെന്നും കഥ അസന്ദിഗ്ദമായി വെളിപ്പെടുത്തുന്നുണ്ട്. (വെള്ളക്കാര്‍ക്കൊപ്പം നില്‍ക്കുന്ന ഇന്ത്യക്കാരുണ്ടാകുമ്പോഴും സ്വാതന്ത്ര്യസമരം തുടരുകയായിരുന്നുവല്ലോ?!) യഥാര്‍ത്ഥത്തില്‍, സവര്‍ണ്ണ-അവര്‍ണ്ണബോധവും വിവേചനവും കഥയെ ഗ്രസിക്കുന്നത് വര്‍ത്തമാന സാമൂഹികപ്രതിഫലനമായിത്തന്നെയാണുതാനും. അതിനാല്‍ ‘പന്തിഭോജന’ ത്തിനകത്ത് ചിലര്‍ കണ്ടെത്തുന്നതുപോലെ ഏതെങ്കിലും തരത്തിലുളള ദളിദ് വിരുദ്ധതയല്ല, മറിച്ച് വലിയ ചില രാഷട്രീയ-സാംസ്കാരിക അന്വേഷണങ്ങള്‍ക്കും ചിന്തകള്‍ക്കും നാന്ദികുറിക്കുന്ന, അത്തരം സാമൂഹിക വായനകള്‍ അനിവാര്യമാക്കുന്ന ശക്തമായ ദളിത് വിചാരമാണ് പ്രസ്തുത കഥയുടെ കാതലായി നിലകൊള്ളുന്നത് എന്നു പറയേണ്ടി വരുന്നു. അത് കഥയില്‍, തീന്‍മേശയില്‍ നിന്ന് വാഷ്ബേസിനിലേക്കുളള ‘ജാതീയ’മായ ദൂരം കൂടിയായി മാറുന്നതു നോക്കുക-ഇല്ലെന്നു പരസ്പരം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടും തികട്ടി വരുന്ന ഒന്ന്. സസ്യാഹാര-മാംസാഹാര വ്യതിരിക്തതകളുടെ ലളിതയുക്തികളല്ല പന്തിഭോജനത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്നതു തന്നെയാണ് ആ കഥയുടെ വലിയ രാഷട്രീയമായി മാറുന്നതും. തന്‍റെ ഗ്രാമം പോലും മറ്റൊരു നാട്ടിലേക്ക് മാറിയത് അറിയാത്ത-ലാല്‍ മാത്തിയ ഗ്രാമം ബീഹാറില്‍ നിന്ന് ഝാര്‍ഖണ്ഡിലായത് അറിയാത്ത-ഗോപാല്‍ യാദവ് പക്ഷേ തീര്‍ച്ചയായും ഇന്ത്യയുടെ ദയനീയമായ മറ്റൊരു മുഖമത്രേ..! സമ്പന്നതയുടെ പ്രതിരൂപമായ കലന്തന്‍ഹാജിയുടെ, ബാക്കിവന്ന ‘ബസ്മതി’ അരിയുടെ ബിരിയാണി കുഴിവെട്ടി മൂടുമ്പോള്‍ ഫലത്തില്‍ അത് ഗോപാല്‍ യാദവിന്, ബസ്മതി എന്ന മകളെക്കുറിച്ചുളള ഓര്‍മ്മകൂടിയാകുന്നു. മാത്രമല്ല, വിശപ്പുകൊണ്ടു മരിച്ചുപോയ തന്‍റെ മകളുട രണ്ടാമത്തെ ശവമടക്കുപോലെയായിത്തീരുന്ന പ്രസ്തുത സന്ദര്‍ഭം അയാള്‍ക്കുമാത്രമല്ല, കഥവായിക്കുന്നവര്‍ക്കും കഠിനദു:ഖദായകമായിത്തീരുകയാണ് എക്കാലത്തും.

നേരത്തേ സൂചിപ്പിച്ചതുപോലെ, എല്ലാ അതിരുകളും ലംഘിക്കുന്ന ഉപഭോഗസംസ്കൃതിയുടേയും പെരുകുന്ന യാന്ത്രികതയുടേയും നിരാര്‍ദ്രവും നിശ്ചേഷ്ടവുമായ കിരാത സാന്നിധ്യം സന്തോഷിന്‍റെ പല കഥകളുടേയും കേന്ദ്രപ്രമേയം തന്നെയാണ്. ‘ചൂണ്ട’ എന്ന കഥയില്‍ നാഗരിക ജീവിതം ഒരു ചൂണ്ടയായി നമുക്കു നേരെ നീണ്ടു വരുന്നത് പ്രത്യേകം ഓര്‍ക്കാം. അതിലെ പീതാംബരന്‍ ഭാവിയുടെ ദൂതനായിത്തന്നെയാണ് നിലനില്‍ക്കുന്നത്. നിഷ്കളങ്ക സൗഹൃദം എന്ന ഒന്നില്ലെന്ന് അയാളിലൂടെ നമ്മള്‍ അിറയുന്നു. കാരണം ‘ഈ നഗരത്തില്‍ മനുഷ്യന്‍മാര്‍ക്ക് കാറിന്‍റെ ഹൃദയം വെച്ചാലും ജീവിച്ചോളു’ മെന്ന് പീതാംബരന്‍ പറയുന്നുണ്ട്. ‘നേരേനോക്യാ ഞാനൊനു തുള്ളി നഗരം തന്ന്യാ രാമകൃഷ്ണാ’ എന്ന ആ കഥാപാത്രത്തിന്‍റെ ഏറ്റുപറച്ചിലില്‍ നിന്ന് ‘കൊമാല’ എന്ന കഥയിലേക്കും അനുഭവത്തിലേക്കും അധികം ദൂരമില്ലെന്ന് കാണാന്‍ പ്രയാസമില്ല. ആക്ഷേഹഹാസ്യരൂപത്തില്‍ മാധ്യമവിചാരണകൂടി ഉള്‍ക്കൊള്ളുന്ന ‘കൊമാല’ എന്ന ശക്തമായ രചന, ജപ്തിഭീഷണിയെത്തുടര്‍ന്നുളള ആത്മഹത്യാപ്രഖ്യാപനത്തില്‍നിന്ന്, കുണ്ടൂര്‍ വിശ്വന്‍ എന്ന കഥാപാത്രം, പതുക്കെ പ്രത്യുല്പാദനപരമായ ഒരു ആത്മബോധത്തിലേക്ക് പരിവര്‍ത്തനപ്പെടുന്ന മികച്ച രചനകൂടിയാണ്. ‘നരകത്തിന്‍റെ വായ’ പോലെ മനുഷ്യത്വരഹിതവും യാന്ത്രികവുമായിത്തീര്‍ന്ന തന്‍റെ നാടുതന്നെ താണ്ടിക്കടക്കേണ്ടിവരുന്നുണ്ട് അയാള്‍ക്ക് ഈ തിരിച്ചറിവിലെത്താന്‍. മരണാസന്നനായ ഒരാള്‍ക്കു സ്വയം പകര്‍ന്നു നല്‍കിയ രണ്ടു തുള്ളി വെള്ളത്തിനോളം കടം തന്‍റെ ജീവിതത്തില്‍ മറ്റൊന്നുമില്ലായിരുന്നുവെന്ന ദീപ്തബോധം കൂടിയാണത്. ജീവിതത്തെ ജീവിതവ്യമാക്കുന്ന സര്‍ഗാത്മകമായ ഒരു ജൈവ-ആത്മീയത മലയാള കഥ രൂപപ്പെടുത്തുന്ന സവിശേഷ സന്ദര്‍ഭം കൂടിയാണിത്. ബഷീറില്‍ നിന്ന് കുറെക്കൂടി മുന്നോട്ടും മുകളിലോട്ടും ഇവിടെ കഥ സഞ്ചരിക്കുകയാണ് എന്ന് തീർച്ചയായും തോന്നും.

വാസ്തവത്തില്‍ ‘നായിക്കാപ്പ്’ പോലുളള ആത്മകഥാംശമുളള കഥകളിലെ ജീവിതാനുഭവങ്ങളും ആഖ്യാന സഞ്ചാരങ്ങളും തന്നെയാണ് സന്തോഷിന്‍റെ കഥകളെ കൂടുതല്‍ മാനവികവും ഹൃദയദ്രവീകരണക്ഷമവുമാക്കുന്നത്. ജീവിതം പല രീതിയില്‍ കുടഞ്ഞിട്ട തീര്‍ഥന്‍റെ അറുതിയില്ലാ വേദന, അയാളിലെ ആക്രമണോത്സുകതയും സ്നേഹവുമായി മാറിമാറിത്തെളിയുന്നത് ‘നായിക്കാപ്പി’ല്‍ കാണാം. ‘ആടിവേലൻ’ എന്ന കുട്ടിത്തെയ്യം കെട്ടാന്‍ ആളില്ലാതെ വരുന്നതിന്‍റെ നേര്‍ചിത്രീകരണമാണ് ‘ആട്ടം’ എന്ന കഥ. സ്വത്വവും സംസ്കാരവും മിത്തും അന്യമാകുന്നതിന്‍റെ മാത്രമല്ല ‘നവസമ്പന്നത’ പതുക്കെ ‘റീപ്ലേസ്’ ചെയ്യുന്ന പലതിന്‍റെയും സൂചനകള്‍കൂടി ഈ കഥയെ നിര്‍ണ്ണയിക്കുന്നുണ്ട്. വിശക്കുന്നവനേ ആടാന്‍ പറ്റൂ എന്നും വേദനിക്കുന്നവനേ ലോകം നന്നായിക്കാണണമെന്ന് തോന്നൂ എന്നുമുളള ബാലന്‍ പണിക്കരുടെ
വാചകങ്ങള്‍ പലതും ധ്വനിപ്പിക്കുന്നുമുണ്ട്. ബംഗാളി പയ്യനായ ബബ്ലു വേണ്ടിവരുന്നു ഇവിടുത്തെ ആചാരാനുഷ്ഠാനങ്ങളുടെ വീഡിയോ ഡോക്യുമെന്‍റേഷനുപോലും എന്നത് പുതിയ ഒരു സാംസ്കാരിക വായനയും വിചാരവും രൂപപ്പെടുത്തുന്നുണ്ട്. ബാലന്‍ പണിക്കര്‍ക്ക്, ബബ്ലു ദൈവമാകുന്ന ഘട്ടം കൂടിയാണത്..!


സ്ത്രീ-പരിസ്ഥിതി സത്തകളെ ഗാഢമായി പുല്‍കുക കൂടി ചെയ്യുന്നവയാണ് സന്തോഷ് ഏച്ചിക്കാനത്തിന്‍റെ കഥകള്‍ എന്നത് ഇവിടെ ചേര്‍ത്തു പറയട്ടെ. ‘റോഡില്‍ പാലിക്കേണ്ട നിയമങ്ങൾ’ എന്ന കഥയില്‍ വഴിപിരിയാന്‍ നില്‍ക്കുന്ന രവിചന്ദ്രന്‍-അഖില ദമ്പതിമാരാണുളളത്. ആണധികാര ധാര്‍ഷ്ട്യങ്ങളില്‍ നിന്ന് കഥ, സഹാനുഭൂതിയുടേയും സ്ത്രീപക്ഷ ചിന്തകളുടെയും തലങ്ങളിലേക്ക് പതുക്കെ ഒഴുകുന്നത്, ഈ കഥയുടെ സവിശേഷതയാണ്. ‘ഒറങ്ങിക്കിടക്കണ ഭാര്യേടെ മോത്തേക്ക് നോക്യാ ആര്‍ക്കും അവരെ ഉപേക്ഷിക്കാന്‍ പറ്റില്ല്യ’ എന്ന ഡ്രൈവിംഗ് പരിശീലകന്‍ രാമകൃഷ്ണന്‍റെ നിരീക്ഷണം, തുടര്‍ന്ന് ഈ കഥയുടെ ഹൃദയം തന്നെയായിത്തീരുകയാണ്. ആദിമതയുടെ നിഷ്കളങ്കതയിലാണ് പരിസ്ഥിതി ഏറ്റവും സുരക്ഷിതമായിരുന്നത് എന്ന് നമ്മെ പുതിയ രീതിയില്‍ പഠിപ്പിക്കുകയാണ് ‘വംശാവലി’ എന്ന കഥ. ഏതോ മരത്തിന്‍റെ പിരിയന്‍ തായ് വേരിനെ-കാതല്‍ക്കറുപ്പില്‍ അനന്തമായ പൗരാണികതയും പ്രകാശവും ശോഭിക്കുന്ന തായ് വേരിനെ- തങ്ങളുടെ ‘ഉമ്പത്താമ്പടി’ എന്ന ദൈവമായി ശിലാപീഠത്തില്‍ പ്രതിഷ്ഠിച്ചിട്ടുളള ചേറൂട്ടി, യഥാര്‍ത്ഥത്തില്‍ കഥയിലെ പരിഷ്കാരികളും സമ്പന്നരുമായ കൂട്ടുകാരെ, പ്രകൃതിയെയും ദൈവത്തേയും പുതിയ രീതിയില്‍ വായിക്കാന്‍ തന്നെയാണ് പ്രേരിപ്പിക്കുന്നത്. കോടികള്‍ മറിയുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസിനു നടുവില്‍, നഷ്ടപ്പെട്ട വീടിന്‍റെ പറമ്പില്‍ നിന്നു ശേഖരിച്ച ഒരു പിടി വിത്തുമായി ജീവിക്കുന്ന, ക്രിക്കറ്റര്‍ ഡേവിഡ് ബൂണിന്‍റെ ഛായയുളള ബാര്‍ വെയ്റ്ററെ, നമ്മള്‍ ’52×32′ എന്ന കഥയില്‍ കാണുന്നുണ്ട്. ‘വംശാവലി’ യിലെ ചേറൂട്ടിയുടെ ഒരു പുതുകാല തുടര്‍ച്ച എന്നതുപോലെയാണ് ’52×32′ ലെ ഈ കഥാപാത്രം നില്‍ക്കുന്നത്. നിസ്സഹായ മനുഷ്യര്‍ ഒന്നിനും വേണ്ടിയല്ലാതെ, ലാഭമേതുമില്ലാതെ പ്രകൃതിയെ-വേരിനേയും വിത്തിനേയും-നെഞ്ചോടു ചേര്‍ത്തുവെക്കുന്നത് എഴുത്തുകാരന്‍ തന്‍റെ കഥയില്‍ ബാക്കിവെക്കുന്ന ജൈവപാഠങ്ങള്‍ തന്നെയാണ്. അങ്ങനെത്തന്നെയാണ് സന്തോഷ് ‘ശ്വാസം’എന്ന കഥയെഴുതിയിട്ടുളളതും. ആസ്ത്മ അഥവാ ശ്വാസരാഹിത്യം ഒരു രൂപകം പോലെ പ്രത്യക്ഷമാകുന്ന കഥയില്‍, സ്ത്രീ-പരിസ്ഥിതി-രാഷ്ട്രീയ വിവക്ഷകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. (കോവിഡ് കാലത്ത് കഥയിലെ ‘ശ്വാസതടസ്സം’ എന്നത് പുതിയ വായനകൾക്കും വഴിവെച്ചേക്കാം) പാര്‍ട്ടി സെക്രട്ടറി വികാസ് റോയ്-അരുണ ദമ്പതികള്‍ക്കിടയിലെ വൈയക്തിക സംഘര്‍ഷങ്ങളും നന്ദിഗ്രാം പോലുളള രാഷ്ട്രീയ സംഘര്‍ഷങ്ങളും ശ്വാസതടസ്സംപോലെ ഈ കഥയില്‍ വായനക്കാരെ മുറുക്കുന്നു. തൊഴിലാളി പയ്യനായ ഭൂപന്‍, റബ്ബര്‍ തലയിണയില്‍ കാറ്റു നിറച്ചുകൊടുക്കുമ്പോള്‍ അത് ഏതു നിമിഷവും ചുഴലിക്കാറ്റാകാവുന്ന ഒരു ജനതയുടെ ശ്വാസമാണെന്നാണ് വികാസ് റോയിക്കു തോന്നുന്നത്..! ഭാവി, ഒരു ‘രാഷട്രീയ ഭീതി’ യായി പരിണമിക്കുന്ന ദയനീയ സന്ദര്‍ഭം, കഥ നിസ്സംഗമായി ആവിഷ്കരിക്കുമ്പോള്‍ അതിന്‍റെ ശക്തി വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ചരിത്രത്തിന്‍റെ ദയാരഹിതമായ തിരിച്ചടികളെക്കുറിച്ച് കഥ എത്ര ഉച്ചത്തിലാണ് ഇവിടെ മുന്നറിയിപ്പു നല്‍കുന്നത് എന്ന് പ്രത്യേകം പറയേണ്ടല്ലോ! ദാര്‍ശനികമായ ചോദ്യങ്ങള്‍ മാത്രമല്ല പാരിസ്ഥിതികവും രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സ്ത്രീവാദപരവുമായ നിരവധി സംവാദങ്ങള്‍ക്ക് സന്തോഷ് ഏച്ചിക്കാനത്തിന്‍റെ കഥകള്‍ വേദിയാകുന്നുണ്ടെന്നതാണ് ഈ കുറിപ്പ് ഉപസംഹരിക്കുമ്പോള്‍ പ്രത്യേകം പറയാനുളളത്-അതാകട്ടെ, കാലത്തിനൊപ്പം സഞ്ചരിച്ചുകൊണ്ട് തന്‍റെ എഴുത്തിലെ മരണത്തെ അതിജയിക്കാന്‍ യത്നിക്കുന്ന ഒരു എഴുത്തുകാരനുമാത്രം സാധിക്കുന്നതാണെന്നും സന്തോഷപൂര്‍വ്വം ഇവിടെ സൂചിപ്പിക്കട്ടെ.

മൊബൈല്‍-9447799017.
ഇ-മെയില്‍-reghunathan@gmail.com