ടി.കെ. ശങ്കരനാരായണന്റെ ‘ശവുണ്ഡി’; ഒരു പുനർവായന

ജയശീലൻ പി.ആർ.

കൊറോണ ഭീതിയിൽ എല്ലാം ഒഴിഞ്ഞ് ശൂന്യവും നിശബ്ദവുമായ അഗ്രഹാരത്തിലെ വീട്ടിലിരുന്നുകൊണ്ട് ടി കെ ശങ്കരനാരായണൻ എന്ന എഴുത്തുകാരന്റെ ശവുണ്ഡി എന്ന നോവൽ വായിക്കുന്നത് തികച്ചും വേദനാജനകമായ അനുഭവമാകുന്നു.

ഒരു പ്രത്യേക സമൂഹത്തിന്റെയോ സമുദായത്തിന്റെയോ ആയി മാത്രമല്ല ചിലതിനെ ചരിത്രത്തിന്റെ അനീതികൾ ആയി തന്നെ വിശേഷിപ്പിക്കേണ്ടതുണ്ട്. അത്തരമൊരു മാനത്തിലേക്ക് അവതരണത്തിലേക്ക്ഈ രചന ഉയരുന്നു

ഇനി ആരാണ് ശവുണ്ഡി എന്ന പുതുതലമുറയുടെ ചോദ്യത്തിന് നോവലിൽ തന്നെ അതിനു മറുപടി ഒരുക്കുന്നുണ്ട് എഴുത്തുകാരൻ

നരസിംഹ അയ്യർ മരിച്ച പതിനൊന്നാം പക്കം രാമു വാദ്ധ്യാരും കൂട്ടരും ശൗണ്ഡികരണത്തിന് വിളിച്ചത് അമ്പിയെ ആയിരുന്നു.അമ്മിക്കല്ലിന്റെ ആകൃതിയിൽ കുഴച്ചുവെച്ച നീളൻ ചോറുരളക്കൂ മുന്നിൽ അവർ അമ്പിയെ ഇരുത്തി. ആ ഉരുള ചോറിനെ മൂന്നായി പകുത്തു. ഇടത്തെ കഷണം മാതൃ വർഗ്ഗം. വലത്തേ കഷണം പിതൃവർഗ്ഗം.നടുവിലത്തെ മുഴു കഷണം
പ്രേതവർഗ്ഗം

പിണ്ഡ സംയോജനം

അമ്പി എല്ലാം കണ്ടിരുന്നു. മരണപ്പെട്ട ആളെ പിന്നീട് അമ്പിയിലേക്ക് ആവാഹിച്ചു അമ്പി പ്രേതമായി .പ്രേതം പിന്നെയും എന്തെല്ലാമോ കണ്ടും കേട്ടുമിരുന്നു പ്രത്യേകമായി തയ്യാറാക്കിയ സദ്യ പ്രേതം ആസ്വദിച്ചുണ്ടു. പ്രേതം മുണ്ടും വേഷ്ടിയും വാങ്ങി .വടിയും വിശറിയും വാങ്ങി ദക്ഷിണ വാങ്ങി.

എള്ളും അരിയും ഇട്ട് അമ്പി എന്ന പ്രേതത്തെ യാത്രയാക്കുമ്പോൾ രാമു വാധ്യാർ പറഞ്ഞു.

“എല്ലാരും ഉള്ളുക്ക് പോംകൊ…. ആരും അവനെ പാക്ക കൂടാത്”

ശവുണ്ഡീ യാത്ര പോകുമ്പോൾ ആരും കാണരുത് .എല്ലാവരും മറഞ്ഞുനിന്നു .മുണ്ടും വേഷ്ടിയും എടുത്തു വടിയും വിശറിയുമായി പുറത്തിറങ്ങിയ അമ്പിയെ തൂണിനു മറവിൽ ആഗ്രഹാരം പാളിനോക്കി .അവർ അമ്പിക്ക്‌ ഒരു പേര് ചാർത്തി, ശവുണ്ഡി അമ്പി

അങ്ങനെയാണ് സമൂഹത്തിൽ ഒരു ശവുണ്ഡി ഉണ്ടാവുന്നത്

അമ്പിക്ക് അങ്ങനെ ഒരു പരിവർത്തനം ഉണ്ടായപ്പോൾ അഗ്രഹാര സമൂഹത്തിൽ പ്രശ്നങ്ങൾക്കു തുടക്കമായി.

ഇത്രയും വിശുദ്ധമാന ഒരു ഗ്രാമത്തില് ശവുണ്ഡിക്ക് താമസിക്ക അനുവാതം ഇല്ലെയ്യ്‌

അദ്ദേഹത്തെ പിന്താങ്ങാൻ ഏറെ ശബ്ദങ്ങൾ ഉണ്ടായിരുന്നു

വിശ്വനാഥ അയ്യർ പറഞ്ഞു

ബ്രാഹ്മണർ മട്ടും ജീവിക്ക കൂടിന ഇടത്തല് ഒരു ശവുണ്ഡിയും ഇരുക്കറത് ഗ്രാമത്തുക്ക്‌ അവമാനം

അവമാനമാ…. അശുദ്ധം! നീലകണ്ഠയ്യർ കൂട്ടിച്ചേർത്തു

ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല എന്ന് അമ്പിക്ക്‌ അറിയാമായിരുന്നു. പക്ഷേ അഗ്രഹാരത്തിൽ യോഗം കൂടി. അമ്പിയെ അവർ പുറത്താക്കി. അങ്ങനെ ഒരു വയസ്സായ മകനെയും ജാനകി അമ്മാളെയും വിട്ടു അമ്പി പുറം ഗ്രാമത്തിൽ ദൂരെ എവിടെയോ ശവുണ്ഡികൾ മാത്രം തമ്പടിച്ചിരുന്ന ഒരു ചായ്പ്പിൽ താമസം തുടങ്ങി

അമ്പി എന്ന സാധുമനുഷ്യൻ അനുഭവിച്ച ഭ്രഷ്ടിന് അവിടം കൊണ്ടൊന്നും അറുതി വരുന്നില്ല.

യു ആർ അനന്തമൂർത്തിയുടെ സംസ്കാരയും മലയാറ്റൂരിന്റെ വേരുകളും ഓർമിപ്പിക്കാത്ത ചിലത് ഈ ചെറിയ നോവൽ ഓർമിപ്പിക്കുന്നു.

ഭാര്യയിൽ നിന്നും സ്വന്തം മകനിൽ നിന്നും വേറിട്ട് നിൽക്കുന്ന അമ്പി അവരുടെ ഉപജീവനത്തിനുവേണ്ടിയാണ് ശവു ണ്ഡി ആയി വേഷമിട്ടത്. പക്ഷേ വളർന്നു വരുന്ന മകൻ പോലും അച്ഛനെ വെറുക്കുക തന്നെയാണ് ചെയ്തത്. മാസാമാസം അവരുടെ ജീവിതത്തിനും അവൻറെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള മുഷിഞ്ഞ നോട്ടുകൾ അമ്പി കൈമാറുമ്പോൾ വായനക്കാരന്റെ കണ്ണുകൾ പോലും ഈറനണിഞ്ഞു പോകും. ഒരുനേരത്തെ ഭക്ഷണമോ ഒരു സ്നേഹവാക്കോ ഒരു സ്പർശമോ ഭാര്യയായ ജാനകി യിൽ നിന്നും അമ്പിക്ക്‌ അനുഭവിക്കാൻ ആവുന്നില്ല.

വി ടി യെ പോലെയുള്ള സാമൂഹ്യപരിഷ്കർത്താക്കൾ അതിനു മുമ്പുള്ള ഒരു കാലഘട്ടത്തിൽ നമ്പൂതിരി സമൂഹത്തിലെ പല മാതിരിയുള്ള അനീതികൾക്കെതിരെ ശബ്ദിക്കുമ്പോൾ ന്യൂനപക്ഷ സമൂഹമായ തമിഴ് ബ്രാഹ്മണ സമൂഹത്തിലെ അനീതികളെ കുറിച്ച് പറയാൻ ഒരു സാമൂഹികപരിഷ്കർത്താവും ഉണ്ടായിരുന്നില്ല എന്ന് നാം ഓർക്കേണ്ടതാണ്.

ജീവിക്കുന്ന ഒരു മനുഷ്യനെ പ്രേതമായി മുദ്രകുത്തി സമുദായത്തിൽ നിന്നുതന്നെ പുറംതള്ളുന്ന പ്രവണതയ്ക്കെതിരെ ശക്തമായി ശബ്ദിച്ച നോവലാണ് ശവുണ്ഡി

സവർണ്ണ സമൂഹത്തിലെ ഒരു സവർണനെ ഭ്രഷ്ട് കൽപ്പിക്കുമ്പോൾ അയാൾ യഥാർത്ഥ ദളിത നേക്കാൾ മോശപ്പെട്ട അവസ്ഥയിലേക്കാണ് കൂപ്പുകുത്തി വീഴുന്നത്.

അയാളെ കൈപിടിച്ചുയർത്താൻ പോയിട്ട് ഒരു ആശ്വാസവാക്ക് പറയാൻ പോലും ആരും ഇല്ലാത്ത അവസ്ഥ വന്നുചേരുന്നു

അമ്പതിൽ താഴെ വരുന്ന പേജുകളിൽ ഒരു വാക്കുപോലും മാറ്റി എഴുതാൻ കഴിയാത്ത രീതിയിലാണ് ഈ നോവലിന്റെ രചന

താൻ ഭ്രഷ്ടൻ ആയാലുംസ്വന്തം മകനെ എങ്ങനെയെങ്കിലും ഇത്തരമൊരു അവസ്ഥയിൽ നിന്ന് മോചിപ്പിക്കുക എന്നതായിരുന്നു അമ്പിയുടെ ലക്ഷ്യം. യാതൊരു സാമൂഹിക പിന്തുണയും ഇല്ലാതെ അയാൾ ഇതിനു വേണ്ടി ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

പക്ഷേ നോവലിന് ഒടുവിൽ മകന്റെ ജീവിതവും വ്യത്യസ്തം ആകുന്നില്ല. ചോര ഛർദ്ദിച്ചു മരിക്കുന്ന അമ്പി. ഒരു നിയോഗം പോലെ മകന്റെ ചുമലിൽ ശവുണ്ഡിഎന്ന പ്രേത ജീവിതംതന്നെ വന്നു പതിക്കുന്നു

നോവലിന് ആമുഖം എഴുതിയിട്ടുള്ള എം ടി വാസുദേവൻ നായർ സൂക്ഷ്മമായി ഈ നോവലിനെ വിലയിരുത്തുന്നുണ്ട്

ജാതിഭ്രഷ്ട് ആവട്ടെ സാമൂഹിക ഭ്രഷ്ട് ആവട്ടെ യാഥാസ്ഥിതികത്വം മറ്റൊരു രീതിയിൽ പുതിയകാലത്തും തുടരുന്നൂ എന്ന് ഈ കൊറോണ കാലവും നമ്മെ ബോധ്യപ്പെടുത്തുന്നു .

രണ്ടു സാമൂഹിക സന്ദർഭങ്ങളെ മുൻനിർത്തി പറയുമ്പോൾ തോട്ടിയുടെ മകനിലെ ഇശുക്കു മുത്തുവും ഇവിടുത്തെ അമ്പിയും ഭ്രഷ്ടർ തന്നെ . രണ്ടുപേരും മക്കൾ തങ്ങളെ പോലെ ആവരുത് എന്ന് കരുതി. അതിനു വേണ്ടി ശ്രമിക്കുകയും ചെയ്തു.പക്ഷേ മക്കളുടെ ജീവിതത്തിൽ മാറ്റമൊന്നും സംഭവിച്ചില്ല

ആ കാലത്തിന്റെ വിപ്ലവാഭിമുഖ്യം തോട്ടിയുടെ മകനായ മോഹനന് വർഗ്ഗ ബോധത്തിന്റെ ഊടും പാവും നൽകി. പാവം അമ്പിയുടെ മകനാകട്ടെ മാറിയ കാലത്ത് അത്തരത്തിലുള്ള ആനുകൂല്യവും ലഭിച്ചില്ല.

എക്കാലത്തും വായന അർഹിക്കുന്ന ഒരു നോവൽ.

മൊബൈൽ: 9495579121 /907406098